കോടിയേരി ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോടിയേരി ബാലകൃഷ്ണൻ

നിയോജക മണ്ഡലം തലശ്ശേരി
ജനനം (1953-11-16) നവംബർ 16, 1953 (വയസ്സ് 64)[1]
കേരളം
രാഷ്ട്രീയപ്പാർട്ടി
സി. പി ഐ (എം)

കേരളത്തിലെ സി.പി.എമ്മിലെ ഒരു നേതാവും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമാണ് കോടിയേരി ബാലകൃഷ്ണൻ (ജനനം: നവംബർ 16, 1953 - ).[2] സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും പാർലമെന്ററി പാർട്ടി ഉപാദ്ധ്യക്ഷനുമാണ്. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, ടൂറിസം മന്ത്രിയായി പ്രവർത്തിച്ചു. പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്. 2015 ഫെബ്രുവരി 23-ന് ആലപ്പുഴയിൽ നടന്ന പാർട്ടിയുടെ 21ആം സംസ്ഥാനസമ്മേളനമാണ് ഇദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആദ്യ ഒരു വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാരിന് അഴിമതി, കെടുകാര്യസ്ഥത, ധൂർത്ത് ഇവയില്ലാത്ത ഭരണത്തിനു തുടക്കം കുറിക്കാനായി എന്നതു പ്രകടമായ മാറ്റമാണ്. [3]

ജീവചരിത്രം[തിരുത്തുക]

കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്ലറ തലായി എൽ.പി. സ്കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബർ 16-ന് ബാലകൃഷ്ണൻ ജനിച്ചു.[4] മാഹി മഹാത്മാഗാന്ധി ഗവ.കോളജ്‌, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മാഹി കോളേജ് യൂണിയൻ ചെയർമാനായിരുന്നു. ബിരുദധാരിയാണ്. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, എന്നീ സ്ഥാനങ്ങൾ വഹിച്ചു. അടിയന്തരാവസ്ഥയിൽ 16 മാസം മിസ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ അടക്കപ്പെട്ടു. 1982 ൽ ആദ്യമായി തലശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1988 ൽ സി.പി.എം. സംസ്ഥാന സമിതിയിലും 1994 ൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2003 ൽ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്കും 2008 ൽ പോളിറ്റ്ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം വഹിച്ചു.

വ്യക്തി ജീവിതം[തിരുത്തുക]

കണ്ണൂർ ജില്ലയിൽ തലശ്ശേരിയ്ക്കടുത്ത് കോടിയേരിയിൽ പരേതരായ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും പുത്രനായി 1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണൻ ജനിച്ചത്. കണ്ണൂർ ജില്ലയിലെ കല്ലറ തലായി എൽ പി സ്‌കൂൾ അദ്ധ്യാപകനായിരുന്നു അച്ഛൻ കുഞ്ഞുണ്ണിക്കുറുപ്പ്. സിപിഐ എം നേതാവും തലശേരി മുൻ എം എൽ എയുമായ എം വി രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റർ ജീവനക്കാരിയും ആയ എസ് ആർ വിനോദിനിയാണ് ഭാര്യ. മക്കൾ ബിനോയ്(കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർ 1998 മുതൽ), ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്. ഓനിയൻ ഹൈസ്‌കൂൾ, മാഹി മഹാത്മാഗാന്ധി ഗവ.കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ കോടിയേരി, ബിരുദധാരിയാണ്. ചൈന, ക്യൂബ, ഒമാൻ, യു.എ.ഇ., ബഹറിൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

രാഷ്ട്രീയ ചരിത്രം[തിരുത്തുക]

എസ്.എഫ്.ഐ.യുടെ വിദ്യാർത്ഥിസംഘടനാപ്രവർത്തനത്തിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം മിസ തടവുകാരനായി ജയിൽ‌വാസം അനുഭവിച്ചിട്ടുണ്ട്. സ്‌കൂൾ പഠന കാലത്താണ് കോടിയേരി ബാലകൃഷ്ണൻ തന്റെ സംഘടനാ ജീവിതം ആരംഭിക്കുന്നത്. ഓനിയൻ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അവിടെ കെ എസ് എഫിന്റെ യൂണിറ്റ് രൂപീകരിച്ച് യൂണിറ്റ് സെക്രട്ടറിയായി. തുടർന്ന് തലശേരി താലൂക്ക് ജോയിന്റ് സെക്രട്ടറിയായി. വൈകാതെ സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയെ തെരഞ്ഞെടുത്തു. കെ എസ് എഫിന്റെ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. 1970ൽ തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ രൂപീകരണ സമ്മേളനത്തിൽ കോടിയേരിയും പങ്കെടുത്തു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ നാട്ടിലെ സി.പി.ഐ(എം) പ്രവർത്തകനായിരുന്നു കൊടിയേരി. 1970ൽ പാർട്ടി അംഗമായി. 1971ൽ ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ആ സമയത്ത് മാഹി എം ജി കോളേജിൽ വിദ്യാർത്ഥിയാണ് അദ്ദേഹം. കോടിയേരി ബാലകൃഷ്ണൻ.1973ൽ കോടിയേരി ലോക്കൽ കമ്മറ്റി സെക്രട്ടറിയായത് തന്റെ ഇരുപതാമത്തെ വയസിൽ. എസ് എഫ് ഐയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം ഒഴിയുന്നത്. എസ് എഫ് ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി കോടിയേരി പ്രവർത്തിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സിപിഐ എം തലശേരി മുനിസിപ്പൽ ലോക്കൽ കമ്മറ്റി സെക്രട്ടറി, തലശേരി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയന്റെ സെക്രട്ടറി, സി ഐ ടി യുവിന്റെ തലശേരി ഏരിയാ സെക്രട്ടറി, കർഷക സംഘത്തിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1987ൽ സിപിഐ എം ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി തുടങ്ങി നിരവധി പദവികൾ കൊടിയേരി ബാലകൃഷ്ണൻ വഹിച്ചിട്ടുണ്ട്. 1988ൽ ആലപ്പുഴയിൽ വെച്ച് നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ് സിപിഐ എം സംസ്ഥാന കമ്മറ്റി അംഗമാവുന്നത്. 1995ൽ സിപിഐ എം സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പറായി. 2003ലെ പാർട്ടി കോൺഗ്രസിൽ വെച്ച് സിപിഐ എം കേന്ദ്രകമ്മറ്റിയംഗമായും 2008ലെ പത്തൊമ്പതാം പാർട്ടി കോൺഗ്രസിൽ പോളിറ്റ്ബ്യൂറോയിലേക്കും കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 തലശ്ശേരി നിയമസഭാമണ്ഡലം കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
2006 തലശ്ശേരി നിയമസഭാമണ്ഡലം കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
2001 തലശ്ശേരി നിയമസഭാമണ്ഡലം കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
1987 തലശ്ശേരി നിയമസഭാമണ്ഡലം കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
1982 തലശ്ശേരി നിയമസഭാമണ്ഡലം കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.

അധികാരങ്ങൾ[തിരുത്തുക]

കോടിയേരി ബാലകൃഷ്ണൻ
 • 2006 മേയ്‌ 18 മുതൽ 2011 മേയ് 18 വരെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരം, വിജിലൻസ്, ജയിൽ, അഗ്നിശമനം, സംയോജനം, ടൂറിസം എന്നീ വകുപ്പുകൾ വഹിച്ചു.
 • 2002-ൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം.
 • 2001 മുതൽ 2006 വരെ കേരള നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു.
 • 1995ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി.
 • 1990 മുതൽ 95 വരെ സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി.
 • 1988ൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിലെത്തി.
 • 1980-1982 വരെ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി.
 • എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു.
 • തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയായിരിക്കെ 1973ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി.
 • 1973 മുതൽ 1979 വരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജോയിൻറ് സെക്രട്ടറിയായും പ്രവർത്തിച്ചു.
 • 1970 ൽ 17ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി.എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിൻെറ പ്രവർത്തകനായി തുടക്കം.
 • മാഹി ഗവൺമെൻറ് കോളജ് യൂണിയൻ ചെയർമാനായി പ്രവർത്തിച്ചു.

വിമർശനങ്ങൾ[തിരുത്തുക]

കാടാമ്പുഴ ക്ഷേത്രത്തിൽ പൂമൂടൽ എന്ന ചടങ്ങ് ഇദ്ദേഹത്തിന്റെ പേരിൽ നടത്തി എന്നൊരു വിവാദമുണ്ടായിട്ടുണ്ട്. പിന്നീട്, മറ്റൊരു ബാലകൃഷ്ണനാണ് ചടങ്ങ് നടത്തിയത് എന്നു പുറത്തുവന്നതോടെയാണ് ഈ വിവാദം അവസാനിച്ചത്[അവലംബം ആവശ്യമാണ്]. മന്ത്രിയായി ചുമതലയെടുത്ത ആദ്യകാലത്ത് പോലീസ് നടപടികളിൽ നിരവധി പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വിമർശനങ്ങളുയർന്നിരുന്നു.[അവലംബം ആവശ്യമാണ്] ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ അക്രമാസക്തമായ രാഷ്ട്രീയ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു.[അവലംബം ആവശ്യമാണ്] ഐസ്‌ക്രീം, ലോട്ടറി, ലാവലിൻ കേസുകൾക്കായി പുറത്തുനിന്നും അഭിഭാഷകരെ കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് മൂന്നുകോടി രൂപ നഷ്ടമുണ്ടായെന്ന പരാതി അന്വേഷണത്തിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് [6]

അവലംബം[തിരുത്തുക]

 1. പി.പി.ശശീന്ദ്രൻ (2015-02-23). "പിണറായിയിൽ നിന്ന് കോടിയേരിയിലേക്ക്‌". മാതൃഭൂമി. യഥാർത്ഥ സൈറ്റിൽ നിന്ന് 2015-02-23-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-02-23. 
 2. http://niyamasabha.org/codes/members/kodiyeribalakrishnan.pdf
 3. http://specials.manoramaonline.com/News/2017/ldf-government-anniversary/index.html
 4. http://www.niyamasabha.org/codes/members/kodiyeribalakrishnan.pdf
 5. "Basu, Surjeet out of CPI(M) Politburo". ശേഖരിച്ചത് 2008-04-05. 
 6. "വി എസ്, പിണറായി, കോടിയേരി എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്‌". The Indian Reader. 11 ജൂലായ് 2013. ശേഖരിച്ചത് 16 ജൂലായ് 2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.kerala.gov.in/government/kodibalan.htm


"https://ml.wikipedia.org/w/index.php?title=കോടിയേരി_ബാലകൃഷ്ണൻ&oldid=2690371" എന്ന താളിൽനിന്നു ശേഖരിച്ചത്