Jump to content

ഹർകിഷൻ സിംഗ് സുർജിത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹർകിഷൻ സിംഗ് സുർജിത്
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), മുൻ ജനറൽ സെക്രട്ടറി
ഓഫീസിൽ
1992-2005
മുൻഗാമിഇ.എം.എസ്. നമ്പൂതിരിപ്പാട്
പിൻഗാമിപ്രകാശ് കാരാട്ട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1916-03-23)23 മാർച്ച് 1916
ജലന്ധർ, പഞ്ചാബ്
മരണംഓഗസ്റ്റ് 1 2008 (വയസ് 92)
നോയ്ഡ, ദില്ലി
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്
വസതിനയി ദില്ലി
As of January 27, 2007
ഉറവിടം: [1]

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലെ പിളർപ്പിനു ശേഷം ഉണ്ടായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ന്റെയും ഒരു പ്രധാന നേതാവായിരുന്നു ഹർകിഷൻ സിംഗ് സുർജിത്ത് (ജീവിതകാലം: മാർച്ച് 23, 1916- ഓഗസ്റ്റ് 1, 2008). 1964-ലെ സി.പി.ഐ. (എം)-ന്റെ ആദ്യ പൊളിറ്റ് ബ്യൂറോ മുതൽ 2008-ൽ പൊളിറ്റ് ബ്യൂറോയിൽ വരെ അംഗമായിരുന്നു അദ്ദേഹം. 2008-ൽ ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം പൊളിറ്റ് ബ്യൂറോയിൽ നിന്ന് വിരമിച്ചത്. 1992 മുതൽ 2005 വരെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.[1][2]

2008 ഓഗസ്റ്റ് 1-ന് 92ആം വയസ്സിൽ നോയിഡയിലെ മെട്രോ ഹോസ്പിറ്റലിൽ ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ മൂലം അദ്ദേഹം അന്തരിച്ചു [3].

ജീവിതരേഖ

[തിരുത്തുക]

1916 മാർച്ച് 23-ന് പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ബഡാലയിൽ ആണ് ഹർകിഷൻ സിംഗ് സുർജിത്ത് ജനിച്ചത് [4].

രാഷ്ട്രീയജീവിതം

[തിരുത്തുക]

ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം ചെലുത്തിയ സ്വാധീനമാണ് ഹർകിഷൻ സിംഗ് സുർജിത്തിനെ വിപ്ലവജീവിതം തിരഞ്ഞെടുക്കുവാൻ സ്വാധീനിച്ചത്. 1932-ൽ തന്റെ പതിനാറാമത്തെ വയസ്സിൽ ഹോഷിയാർപൂർ കോടതിക്കുമുന്നിൽ ത്രിവർണ്ണ പതാക ഉയർത്തി. ഇതിനെ തുടർന്ന് അദ്ദേഹത്തെ ബാലകുറ്റവാളികൾക്കുള്ള ദുർഗ്ഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു. പുറത്തിറങ്ങിയ നാളുകളിൽ പഞ്ചാബിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരുമായി സമ്പർക്കത്തിലേർപ്പെട്ടു. 1934-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ 1935-ൽ അംഗത്വം തേടുകയും ചെയ്തു. 1938-ൽ പഞ്ചാബ് സംസ്ഥാനത്തിലെ കിസാൻ സഭയുടെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വർഷം തന്നെ പഞ്ചാബിൽ നിന്ന് നാടു കടത്തപ്പെടുകയും, ഉത്തർപ്രദേശിലെ സഹ്‌റാൻപൂറിൽ നിന്ന് ചിങ്കാരി (തീപ്പൊരി)[4] എന്ന പേരിൽ ഒരു മാസികപത്രം തുടങ്ങുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട നാളുകളിൽ അദ്ദേഹം ഒളിവിൽ പോവുകയും 1940-ൽ അറസ്റ്റിലാവുകയും ചെയ്തു. ലാഹോറിലെ കുപ്രസിദ്ധമായ റെഡ് ഫോർട്ടിലാണ് അദ്ദേഹത്തെ മൂന്ന് മാസത്തെ ഏകാന്ത തടവിന് ശിക്ഷിക്കപ്പെട്ടത്. പിന്നീട് ദിയോളി തടവുകേന്ദ്രത്തിലേക്ക് മാറ്റി. 1944 വരെ അവിടെ തുടർന്നു. ആകെ പത്ത് വർഷം സുർജിത്ത് ജയിലിൽ കിടന്നിട്ടുണ്ട്. ഇതിൽ എട്ട് വർഷം സ്വാതന്ത്ര്യപൂർവ്വകാലത്തായിരുന്നു.[5].

1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് അദ്ദേഹം സിപിഐയുടെ പഞ്ചാബ് സംസ്ഥാന സെക്രട്ടറി ആയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും നാല് വർഷത്തേക്ക് ഹർകിഷൻ സിംഗ് സുർജിത്തിന് ഒളിവിൽ പോകേണ്ടിവന്നു [4]. പിന്നീട് പഞ്ചാബിലെ കൃഷിക്കാരോടൊപ്പം പ്രവർത്തിച്ച സുർജിത് ഓൾ ഇന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ സിപിഐയുടെ മൂന്നാം പാർട്ടി കോൺഗ്രസ്സിൽ കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു [5]. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ലേക്ക് പോയി. സി.പി.ഐ.(എം)-ന്റെ ആദ്യ പോളിറ്റ് ബ്യൂറോയിലെ ഒമ്പത് അംഗങ്ങളിൽ ഒരാളായിരുന്നു സുർജിത് [1].

പഞ്ചാബ് നിയമസഭയിലേക്ക് രണ്ട് തവണയും രാജ്യസഭയിലേക്ക് ഒരു തവണയും തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു [5].

1992-ലാണ് സുർജിത് സി.പി.ഐ.(എം)-ന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2005-ൽ വിരമിക്കുന്നതുവരെ അദ്ദേഹം ഈ സ്ഥാനത്തു തുടർന്നു. ആരോഗ്യപരമായ കാരണങ്ങളാൽ 2008-ലെ 19-ആം പാർട്ടി കോൺഗ്രസ്സിൽ തിരഞ്ഞെടുത്ത പുതിയ പോളിറ്റ് ബ്യൂറോയിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല. എങ്കിലും അദ്ദേഹം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.[1].

വാർദ്ധക്യസഹജമായ അവശതകളെത്തുടർന്ന് ദീർഘകാലമായി കിടപ്പിലായിരുന്ന സുർജിത് 2008 ഓഗസ്റ്റ് 1-ന് ഉച്ചക്ക് 1.30 മണിയോടെ നോയിഡയിലെ മെട്രോ ആശുപത്രിയിൽവെച്ച് ശ്വാസകോശസംബന്ധിയായ അസുഖം കാരണം [1] അന്തരിച്ചു[6]. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമറ്റികളോടെ ദില്ലിയിൽ യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ സംസ്കരിച്ചു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Nine to none, founders' era ends in CPM". The Telegraph. 2008-04-03. Archived from the original on 2018-07-03. Retrieved 19 January 2012.
  2. "പാർട്ടി കോൺഗ്രസ്സുകൾ". സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012. Archived from the original on 2012-01-18. Retrieved 2012-01-19.
  3. Vinay Kumar (2008-08-02). "Harkishan Singh Surjeet passes away". The Hindu. Archived from the original on 2008-11-04. Retrieved 2012-01-19.
  4. 4.0 4.1 4.2 "Harkishan Singh Surjeet - nationalist to Communist and then kingmaker". Hindustan Times. 2008-08-01. Archived from the original on 2012-10-12. Retrieved 2012-01-19.
  5. 5.0 5.1 5.2 "Navaratnas: Nine members elected to Polit Bureau in Seventh Congress, 1964". CPI(M) - West Bengal unit. Archived from the original on 2016-03-05. Retrieved 19 January 2012.
  6. http://in.rediff.com/news/2008/aug/01sur.htm

പുറം കണ്ണികൾ

[തിരുത്തുക]

അണയാത്ത സൂര്യതേജസ് - ദേശാഭിമാനി

"https://ml.wikipedia.org/w/index.php?title=ഹർകിഷൻ_സിംഗ്_സുർജിത്&oldid=3895938" എന്ന താളിൽനിന്ന് ശേഖരിച്ചത്