കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി കോൺഗ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
20ആം പാർട്ടി കോൺഗ്രസ്സിന്റെ ലോഗോ
Cpim state conference 2.JPG

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ന്റെ അഖിലേന്ത്യാ സമ്മേളനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി കോൺഗ്രസ്സ്. ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങൾ ഇതിന് മുന്നോടിയായി നടക്കുന്നു. ജനാധിപത്യപരമായി നടക്കുന്ന ഈ സമ്മേളനങ്ങളിലൂടെയാണ് സി.പി.ഐ.എമ്മിന്റെ ഓരോ തലത്തിലുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് [1]. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവമാണ് പാർട്ടി കോൺഗ്രസ്സ് എന്ന കരുതപ്പെടുന്നു. കോൺഗ്രസ്സ് എടുക്കുന്ന തീരുമാനങ്ങളായിരിക്കും ഒരു നിർദ്ദിഷ്ട കാലയളവിലേക്കുള്ള പാർട്ടിയുടെ ലക്ഷ്യങ്ങളും മാർഗ്ഗവും നിർണ്ണയിക്കുന്നത്.

സി.പി.ഐ. (എം)-ന്റെ ഭരണഘടന പ്രകാരം പാർട്ടിയിൽ ഇന്ത്യയിലെ പരമോന്നത ഘടകം അഖിലേന്ത്യാ പാർട്ടി കോൺഗ്രസ്സാണ്. സാധാരണ ഗതിയിൽ മൂന്ന് വർഷത്തിലൊരിക്കൽ ആണ് പാർട്ടി കോൺഗ്രസ്സുകൾ നടത്തുന്നത്. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയാണ് അഖിലേന്ത്യാ സമ്മേളനം വിളിച്ചു കൂട്ടേണ്ടത്. പാർട്ടി കോൺഗ്രസ്സിന്റെ കർത്തവ്യങ്ങളും അധികാരങ്ങളും താഴെ പറയുന്നവയാണ്.[2]

 • നിലവിലെ കേന്ദ്ര കമ്മിറ്റിയുടെ രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ചകളും തീരുമാനങ്ങളും എടുക്കുക
 • പാർട്ടി പരിപാടിയുടെയും ഭരണഘടനയുടെയും പുനഃപരിശോധനയും ഭേദഗതികളും
 • ആനുകാലിക സ്ഥിതിയെക്കുറിച്ചുള്ള പാർട്ടി നയപരിപാടികൾ നിശ്ചയിക്കുക
 • രഹസ്യ ബാലറ്റ് വഴി പുതിയ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കുക.

1943 ൽ മുംബൈയിലാണ് ആദ്യത്തെ പാർട്ടി കോൺഗ്രസ് ചേർന്നത്. മെയ് 28 മുതൽ ജൂൺ ഒന്നുവരെയാണ് ചേർന്നത്. 14 അംഗങ്ങളാണ് കേന്ദ്രകമ്മറ്റിയിലുണ്ടായിരുന്നത്. പി.സി. ജോഷി, ജി. അധികാരി, ബി.ടി. രണദിവെ എന്നിവരായിരുന്നു ആദ്യ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ. ഇത് വരെ നടന്നിട്ടുള്ള 19 പാർട്ടി കോൺഗ്രസ്സുകളിൽ മൂന്നെണ്ണം കേരളത്തിൽ വെച്ചാണ് നടത്തിയിട്ടുള്ളത്. പാലക്കാട് വെച്ച് 1956-ലും, കൊച്ചിയിൽ വെച്ച് 1968-ലും, തിരുവനന്തപുരത്ത് വെച്ച് 1989-ലും ആണ് ഇതിന് മുമ്പ് പാർട്ടി കോൺഗ്രസ്സുകൾ നടന്നിട്ടുള്ളത്. ഏറ്റവും കൂടുതൽ പാർട്ടി കോൺഗ്രസ്സുകൾ നടന്നിട്ടുള്ളത് കൊൽക്കത്തയിലാണ്. അവിടെ നാലു തവണ പാർട്ടി കോൺഗ്രസ്സുകൾ നടന്നിട്ടുണ്ട് [1]. 1964 ലെ ഏഴാം പാർട്ടി കോൺഗ്രസ്സിനെ സി.പി.ഐ(എം)ന്റെ ഒന്നാം കോൺഗ്രസ്സായി പരിഗണിച്ചുവരുന്നു. ജനകീയ ജനാധിപത്യം എന്ന ലക്ഷ്യത്തോടെ ഒരു പുതിയ പാർട്ടി രൂപീകരണം നടന്നത് ഏഴാം പാർട്ടി കോൺഗ്രസ്സിലാണ്.

ഇരുപതാം പാർട്ടി കോൺഗ്രസ്സ് 2012 ഏപ്രിൽ 4 തൊട്ട് 9 വരെ കോഴിക്കോട് വച്ചു നടന്നു. [3] [4].

പാർട്ടി കോൺഗ്രസ്സുകൾ[തിരുത്തുക]

ഒന്നാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

1943 മെയ്‌ 28 തൊട്ട് ജൂൺ 1 വരെ ബോംബെയിൽ വെച്ചാണ് ഒന്നാം പാർട്ടി കോൺഗ്രസ്സ് നടന്നത്. പി. സി. ജോഷിയെ ജനറൽ സെക്രട്ടറിയായും, ജി. അധികാരി, ബി.ടി. രണദിവെ എന്നിവരെ പൊളിറ്റ് ബ്യൂറോ മെമ്പർമാരായും കേന്ദ്രകമ്മിറ്റിയിലേക്ക് 14 അംഗങ്ങളെയും ഈ സമ്മേളനത്തിൽ തിരഞ്ഞെടുത്തു [5].വിവിധ പ്രദേശങ്ങളിലെ മൂന്നുലക്ഷം തൊഴിലാളികളെ പ്രതിനിധീകരിച്ച് 22 തൊഴിലാളി പ്രവർത്തകരും, നാലുലക്ഷം കർഷകരെ പ്രതിനിധീകരിച്ച് 25 കർഷകരും വൻകിട ജന്മി വിഭാഗത്തിൽപ്പെട്ട മൂന്നുപേരും, ചെറുകിട ജന്മി വിഭാഗത്തിൽപ്പെട്ട രണ്ടുപേരും, ഒരു കച്ചവടക്കാരനും പങ്കെടുത്തു. എഴുന്നൂറു വനിതാ അംഗങ്ങളെ പ്രതിനിധീകരിച്ച് 13 സ്ത്രീകൾ പങ്കെടുത്തു.[6]

ബോംബെയിലെ കാംഗർ മൈതാനത്തിനടുത്തുള്ള എം.ആർ.ഭട്ട് സ്കൂൾ ഹോളിലാണ് കോൺഗ്രസ്സ് ചേർന്നത്. മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി പോരാടാൻ അണികളോടായി കോൺഗ്രസ്സ് ആഹ്വാനം ചെയ്തു. ജപ്പാന്റെ ആക്രമണവും, രാജ്യത്തു വളർന്നുവരുന്ന ആഭ്യന്തരപ്രശ്നങ്ങളും വൻവിപത്തു സൃഷ്ടിച്ചിരിക്കുന്നുവെന്നും ദേശീയസുരക്ഷക്കുവേണ്ടി നിലകൊള്ളുന്ന നമ്മുടെ പാർട്ടിയെ മറ്റു പാർട്ടികൾ ഒറ്റപ്പെടുത്തിയിരിക്കുന്നതായും കോൺഗ്രസ്സിൽ അവതരിപ്പിച്ച് പ്രമേയത്തിൽ പറയുന്നു.

ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ഹാരിപോളിറ്റ്, രജനിപാംദത്ത്, വില്യം റസ്സ്, വില്യം ഗല്ലാക്കർ എന്നിവർ ഒപ്പിട്ടയച്ച സന്ദേശങ്ങളും, ചിറ്റഗോങ് വീരന്മാരുടെ അമ്മമാർ അയച്ച സന്ദേശങ്ങളും കോൺഗ്രസ്സിൽ വായിച്ചു. ദേശീയസുരക്ഷ, നേതാക്കളുടെ മോചനം, ഭക്ഷ്യപ്രതിസന്ധി, ഉല്പാദനവർദ്ധനവ്, രാജ്യരക്ഷ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ജനങ്ങളെ സംഘടിപ്പിക്കുന്നതിന് പ്രചാരണപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. [7]

കേന്ദ്ര കമ്മറ്റി[തിരുത്തുക]

പോളിറ്റ് ബ്യൂറോ അംഗങ്ങൾ[തിരുത്തുക]

രണ്ടാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

1948 ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ കൽക്കട്ടയിൽ വെച്ചാണ് രണ്ടാം പാർട്ടി കോൺഗ്രസ്സ് നടന്നത്. ബി.ടി. രണദിവെയെ സെക്രട്ടറി ആയും, ഭവാനി സെൻ, സോമനാഥ്‌ ലാഹിരി, ജി. അധികാരി, അജയ്‌ഘോഷ്‌, എൻ. കെ. കൃഷ്‌ണൻ, സി. രാജേശ്വരറാവു, എം. ചന്ദ്രശേഖരറാവു, എസ്‌. എസ്‌. യൂസഫ്‌ എന്നിവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായും ഈ സമ്മേളനം തിരഞ്ഞെടുത്തു. ഇതോടൊപ്പം പാർട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് 31 അംഗങ്ങളേയും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി [5]. രണ്ടാം ലോകമഹായുദ്ധത്തിൽ ആഗോളതലത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളുമായി ഇന്ത്യൻ സ്വാതന്ത്ര്യമരത്തേയും ചേർക്കേണ്ടതുണ്ടെന്ന ശരിയായ തീരുമാനം കൈക്കൊണ്ടത് രണ്ടാം പാർട്ടി കോൺഗ്രസ്സായിരുന്നു. അതുപോലെ തന്നെ ഈകാലഘട്ടത്തിൽ ദേശീയ തലത്തിൽ നടന്ന സമരങ്ങൾക്ക് ഊർജ്ജം പകരുവാൻ പാർട്ടിക്കു കഴിയാതെപോയി. അന്താരാഷ്ട്ര തലത്തിൽ നടന്ന മുന്നേറ്റങ്ങളിൽ ശ്രദ്ധപതിപ്പിക്കേണ്ടതുകൊണ്ടായിരുന്നു ഇത്. ക്വിറ്റ് ഇന്ത്യാ സമരത്തോടെടുത്ത തെറ്റായ നിലപാടുകാരണം ദേശീയതലത്തിൽ പാർട്ടി ഒറ്റപ്പെടുകപോലുമുണ്ടായി.

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി 632 പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ 1950 മേയ് മാസത്തിൽ കൂടിയ കേന്ദ്രകമ്മിറ്റി യോഗം കേന്ദ്രകമ്മിറ്റിയേയും പൊളിറ്റ് ബ്യൂറോയെയും പുനസംഘടിപ്പിക്കുകയുണ്ടായി. കൽക്കട്ടാ തീസിസ് നിരാകരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത് സംഭവിച്ചത്. ഈ കൂടിച്ചേരലിൽ കേന്ദ്രക്കമ്മിറ്റി അംഗങ്ങളെ 9 ആയി ചുരുക്കി. ട്രോട്സ്കി-ടിറ്റോ നയങ്ങൾ പിന്തുടരുന്നു എന്ന ആരോപണത്തിനു വിധേയനായ ബി.ടി,രണദിവെക്കു പകരം പുതിയ സെക്രട്ടറി ആയി സി. രാജേശ്വരറാവുവിനെയും, പൊളിറ്റൂ ബ്യൂറോ അംഗങ്ങളായി എം. ബസവപുന്നയ്യ, ബിമേഷ്‌ മിശ്ര എന്നിവരെയും തിരഞ്ഞെടുക്കുകയുണ്ടായി. [5] രണ്ടാം പാർട്ടി കോൺഗ്രസ്സിൽ പ്രധാനമായും മൂന്നു രേഖകൾ അവതരിപ്പിക്കപ്പെട്ടു. ബി.ടി.രണദിവെ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം, ഭവാനിസെൻ അവതരിപ്പിച്ച പാകിസ്താൻ റിപ്പോർട്ട്, പോയ അഞ്ചു വർഷക്കാലത്തെ പാർട്ടി നയങ്ങളുടെ സ്വയം വിമർശനരേഖ എന്നിവയായിരുന്നു അത്.

കേന്ദ്ര കമ്മറ്റി[തിരുത്തുക]

[8]

പോളിറ്റ് ബ്യൂറോ[തിരുത്തുക]

മൂന്നാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

1953 ഡിസംബർ 27 മുതൽ ജനുവരി 4 വരെയാണ് മൂന്നാം പാർട്ടി കോൺഗ്രസ്സ് നടന്നത്. തമിഴ്നാട്തമിഴ്നാട്ടിലെ മധുരയിൽ വെച്ചായിരുന്നു ഇത്. അജയ്ഘോഷിനെ ജനറൽ സെക്രട്ടറി ആയും, ഹർകിഷൻ സിംഗ് സുർജിത്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എസ്‌. എ. ഡാങ്കെ, പി. രാമമൂർത്തി, രണേൻ സെൻ, സി. രാജേശ്വരറാവു, പി. സുന്ദരയ്യ, സെഡ്‌. എ. അഹമ്മദ്‌ എന്നിവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായും 39 പേരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായും ഈ സമ്മേളനം തിരഞ്ഞെടുത്തു [5].

നാലാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

1956 ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട് വെച്ചാണ് നാലാം പാർട്ടി കോൺഗ്രസ്സ് നടന്നത്. ഈ സമ്മേളനത്തിൽ അജയ്ഘോഷിനെ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കുകയുണ്ടായി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായി ഇ.എം.എസ്. നമ്പൂതിരിപ്പാട്, എസ്‌. എ. ഡാങ്കെ, പി. രാമമൂർത്തി, ഹർകിഷൻ സിംഗ് സുർജിത്, ഭൂപേഷ്‌ ഗുപ്‌ത, പി. സുന്ദരയ്യ, സി. രാജേശ്വരറാവു, സെഡ്‌. എ. അഹമ്മദ്‌ എന്നിവരെയും തിരഞ്ഞെടുത്തു [5].

അഞ്ചാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

1958 ഏപ്രിൽ 6 മുതൽ 13 വരെ അമൃത്സറിൽ വെച്ചാണ് അഞ്ചാം പാർട്ടി കോൺഗ്രസ്സ് നടന്നത്. നാഷണൽ കൌൺസിലിൽ 101 അംഗങ്ങളെയും, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 25 അംഗങ്ങളെയും ഈ സമ്മേളനം തിരഞ്ഞെടുത്തു. പാർട്ടി സെക്രട്ടേറിയറ്റിലേക്ക് എസ്‌. എ. ഡാങ്കെ, ഭൂപേഷ്‌ ഗുപ്‌ത, സെഡ്‌. എ. അഹമ്മദ്‌, ബി.ടി. രണദിവെ, പി. സി. ജോഷി, എ. കെ. ഗോപാലൻ, എം. ബസവപുന്നയ്യ എന്നിവരെയും ജനറൽ സെക്രട്ടറി ആയി അജയ്‌ഘോഷിനേയും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി [5].

ആറാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

1961 ഏപ്രിൽ 7 മുതൽ 16 വരെ വിജയവാഡയിൽ വെച്ചാണ് ആറാം പാർട്ടി കോൺഗ്രസ്സ് നടന്നത്. നാഷണൽ കൌൺസിലിലേക്ക് 110 അംഗങ്ങളെയും, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 24 അംഗങ്ങളേയും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. അജയ്ഘോഷ് ജനറൽ സെക്രട്ടറി ആയും, എസ്‌. എ. ഡാങ്കെ, ഭൂപേഷ്‌ ഗുപ്‌ത, സെഡ്‌. എ. അഹമ്മദ്‌, എം.എൻ. ഗോവിന്ദൻ നായർ എന്നിവരെ നാഷണൽ കൌൺസിൽ അംഗങ്ങളായും തിരഞ്ഞെടുത്തു. എന്നാൽ 1962-ൽ അജയ്‌ഘോഷിന്റെ നിര്യാണത്തെ തുടർന്ന് എസ്.എ. ഡാങ്കെയെ ചെയർമാനായിട്ടും, ഇ.എം.എസ്-നെ ജനറൽ സെക്രട്ടറിയുമായും തെരഞ്ഞെടുത്തു. 1964 ഏപ്രിൽ 14 ന്‌ ചേർന്ന നാഷണൽ കൗൺസിലിൽ നിന്നും 32 പേർ ഇറങ്ങിപ്പോന്നു. അവരാണ്‌ സി.പി.ഐ. (എം) രൂപീകരണത്തിന്‌ നേതൃത്വം നൽകുകയും ചെയ്തു [5].

ഏഴാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

1964 ഏപ്രിലിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിൽ നിന്നും പ്രത്യയശാസ്ത്രപരമായ വിഭാഗീയത മൂലം 31 പേർ ഇറങ്ങിപ്പോന്ന പശ്ചാത്തലത്തിലാണ് ഏഴാം പാർട്ടി കോൺഗ്രസ്സ് നടക്കുന്നത്. ഇറങ്ങിപ്പോയ 31 നേതാക്കൾ ആന്ധ്രാപ്രദേശിലെ തെനാലിയിൽ വെച്ച് ഒരു കൺവെൻഷൻ നടത്തുകയും കൊൽക്കത്തയിൽ വെച്ച് പാർട്ടി കോൺഗ്രസ്സ് നടത്തുവാൻ തീരുമാനമാവുകയും ചെയ്തു. അതിനിടെ എസ്.എ. ഡാങ്കെയുടെ നേതൃത്വത്തിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം ബോംബെയിൽ വെച്ച് ഇതിന് സമാന്തരമായി പാർട്ടി സമ്മേളനം നടത്തുവാനും തീരുമാനിച്ചു [9].

1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൽക്കട്ടയിൽ വെച്ചാണ് ഏഴാം പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്രകമ്മിറ്റിയിലേക്ക് 41 അംഗങ്ങളെ ഈ സമ്മേളനം തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ആയി പി. സുന്ദരയ്യയെയും, പൊളിറ്റ് ബ്യൂറോ അംഗങ്ങളായി എം. ബസവപുന്നയ്യ, പി. രാമമൂർത്തി, ഹർകിഷൻ സിങ്ങ് സുർജിത്‌, ജ്യോതി ബസു, എ. കെ. ഗോപാലൻ, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്, പ്രമോദ്‌ ദാസ്‌ഗുപ്‌ത, ബി.ടി. രണദിവെ എന്നിവരെയും തിരഞ്ഞെടുക്കുകയുണ്ടായി [5].

എട്ടാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

എട്ടാം പാർട്ടി കോൺഗ്രസ്സ് പോസ്റ്റർ

1968 ഡിസംബർ 23 മുതൽ 29 വരെ കൊച്ചിയിലാണ് എട്ടാമത്തെ പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായി 28 പേരെ ഈ സമ്മേളനത്തിൽ തിരഞ്ഞെടുക്കുകയുണ്ടായി. പി. സുന്ദരയ്യയെ ജനറൽ സെക്രട്ടറി ആയി നിലനിർത്തി. എം. ബസവപുന്നയ്യ, പി. രാമമൂർത്തി, ഹർകിഷൻ സിങ്ങ് സുർജിത്‌, ജ്യോതി ബസു, എ.കെ. ഗോപാലൻ, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്, പ്രമോദ്‌ ദാസ്‌ഗുപ്‌ത, ബി.ടി. രണദിവെ എന്നിവരെ പൊളിറ്റ് ബ്യുറോയിലേക്കും തിരഞ്ഞെടുത്തു [5].

എട്ടാം കോൺഗ്രസ്സിലെ പ്രമേയം[തിരുത്തുക]

സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയം ഭരണാധികാരം നൽകണം. പാർട്ടി കോൺഗ്രസ്; കൊച്ചി: (കൃഷ്ണപിള്ള നഗർ) സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയം ഭരണാധികാരം നൽകണമെന്ന് ഇപ്പോൾ ഇവിടെ നടന്നുവരുന്ന കമ്മ്യൂണിസ്റ്റു പാർട്ടിയുടെ എട്ടാം കോൺഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പറയുന്ന കൺകറന്റ് വിഷയങ്ങളും സംസ്ഥാനങ്ങൾക്ക് ശെകമാറാനും കേന്ദ്രം വസൂലാക്കുന്ന നികുതികളുടെ 70 ശതമാനം പ്രരാംഭമായി സ്റ്റേറ്റുകൾക്ക് വിട്ടുകൊടുക്കാനും കോൺഗ്രസ് ആവശ്യപ്പെടും. പാർട്ടികോൺഗ്രസ് ഇന്ന് പാസാക്കിയ പ്രമേയം വഴിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്്. മുപ്പതുമണിക്കൂർ നേരം ചർച്ച ചെയ്താണ് പ്രമേയം പാസാക്കിയത്.

എട്ടാം പാർട്ടി കോൺഗ്രസിൽ മുഴക്കിയ മുദ്രാവാക്യങ്ങൾ[തിരുത്തുക]

ഇൻക്വിലാബ് സിന്ദാബാദ്
കമ്യൂണിസ്റ്റുപാർട്ടി സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്
ഞങ്ങൾ വരുന്നു ഞങ്ങൾ വരുന്നു
ജനാധിപത്യം സംരംക്ഷിക്കാൻ
കോൺഗ്രസിവിടെ തല്ലിയുടക്കും
ജനാധിപത്യം രക്ഷിക്കാൻ
ഞങ്ങൾ വരുന്നു പുതിയൊരു നാളിൻ
പുലരി രചിക്കാൻ പടയണിയായ്
അടിയും വെടിയും കൊണ്ടു ഭരിക്കും
കോൺഗ്രസ് വാഴ്ച തകർക്കനായ്
മർദ്ദനഭരണത്തേരോട്ടത്തിന്
പോലീസ് രാജ് രചിക്കാനായ്
കരനിയമത്തിൻ കൈകളുയർത്തും
കോൺഗ്രസ് വാഴ്ച തകർത്തീടും
മുന്നണിഭരണം കേരളനാട്ടിൽ
നൻമയുണർത്തും നടപടികൾ
കേന്ദ്രൻമാരുടെ ചങ്കിനുകൊണ്ടു
വിരണ്ടു നടപ്പു നടപ്പു നാടെങ്ങും
അരാജകത്വം സൃഷ്ടിക്കാൻ
അതിക്രമത്തിനു മുതിരുന്നു
അട്ടിമറിപ്പണി മറച്ചുവെച്ച്
അരക്ഷിതത്വം പാടുന്നു
ദൽഹിയിൽ വാഴും പാദുഷമാരെ
ഫ്യൂഡലിസത്തിൽ പൂജാരികളെ
നിങ്ങൾക്കെതിരെയുയരുന്നുണ്ടൊരു
ബഹുജനവിപ്ലവപ്രസ്ഥാനം
ഭക്ഷ്യം രാഷ്ട്രീയായുധമാക്കും
ദുഷ്ടൻമാരെ സൂക്ഷിച്ചോ
ഈ ചെങ്കൊടിയാണേ സൂക്ഷിച്ചോ
ഇക്കളി നിർത്തും കാട്ടായം

ഒമ്പതാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-യുടെ ഒമ്പതാം കോൺഗ്രസ്‌ 1972 ജൂൺ 27 മുതൽ ജൂലൈ 2 വരെ മധുരയിൽ വെച്ചാണ് നടത്തിയത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 31 അംഗങ്ങളെ ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. പി. സുന്ദരയ്യയെ ജനറൽ സെക്രട്ടറി ആയി നിലനിർത്തുകയുണ്ടായി. എം. ബസവപുന്നയ്യ, പി. രാമമൂർത്തി, ഹർകിഷൻ സിങ്ങ് സുർജിത്‌, ജ്യോതി ബസു, എ.കെ. ഗോപാലൻ, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്, പ്രമോദ്‌ ദാസ്‌ഗുപ്‌ത, ബി.ടി. രണദിവെ എന്നിവർ പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു [5].

പത്താം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

1978 ഏപ്രിൽ 2 മുതൽ 8 വരെ ജലന്ധറിൽ വെച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്താം കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 44 അംഗങ്ങളെയും, പൊളിറ്റ് ബ്യൂറോയിലേക്ക് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ജനറൽ സെക്രട്ടറിയായും, ബി.ടി. രണദിവെ, എം. ബസവപുന്നയ്യ, പി. സുന്ദരയ്യ, പി. രാമമൂർത്തി, ഹർകിഷൻ സിംഗ് സുർജിത്‌, സമർ മുഖർജി, എ. ബാലസുബ്രഹ്മണ്യം, ഇ. ബാലാനന്ദൻ, ജ്യോതി ബസു, പ്രമോദ്‌ ദാസ്‌ഗുപ്‌ത എന്നിവരെയും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി [5].

പതിനൊന്നാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

1992 ജനുവരി 26 മുതൽ 31 വരെ ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് പതിനൊന്നാം പാർട്ടി കോൺഗ്രസ്സ് സമ്മേളിച്ചത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ജനറൽ സെക്രട്ടറി ആയും, ബി.ടി. രണദിവെ, എം. ബസവപുന്നയ്യ, പ്രമോദ്‌ ദാസ്‌ഗുപ്‌ത, പി. രാമമൂർത്തി, ഹർകിഷൻ സിങ്ങ്‌ സുർജിത്‌, സമർ മുഖർജി, ജ്യോതി ബസു, ഇ. ബാലാനന്ദൻ എന്നിവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. കേന്ദ്രക്കമ്മിറ്റിയിലേക്ക് 42 അംഗങ്ങളെ ഈ പാർട്ടി കോൺഗ്രസ്സ് തിരഞ്ഞെടുത്തു [5].

പന്ത്രണ്ടാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

1986 ഡിസംബർ 24 മുതൽ 29 വരെ കൽക്കട്ടയിലാണ് പന്ത്രണ്ടാമത്തെ പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 70 അംഗങ്ങളെ ഈ സമ്മേളനം തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ആയി ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും, ബി. ടി. രണദിവെ, എം. ബസവപുന്നയ്യ, നൃപൻ ചക്രവർത്തി, സരോജ്‌ മുഖർജി, ഹർകിഷൻ സിങ്ങ്‌ സുർജിത്‌, സമർ മുഖർജി, ജ്യോതി ബസു, ഇ. ബാലാനന്ദൻ, വി.എസ്. അച്യുതാനന്ദൻ എന്നിവരെ പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി [5].

പതിമൂന്നാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

1988 ഡിസംബർ 27 മുതൽ 1989 ജനുവരി 1 വരെ തിരുവനന്തപുരത്താണ് പതിമൂന്നാം പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 70 അംഗങ്ങളെയും, കേന്ദ്ര സെക്രട്ടറിയേറ്റിയിലേക്ക് 5 അംഗങ്ങളെയും ഈ സമ്മേളനം തിരഞ്ഞെടുത്തു. ഇ.എം.എസിനെ ജനറൽ സെക്രട്ടറിയായും പോളിറ്റ്‌ബ്യൂറോയിലേക്ക് ബി. ടി. രണദിവെ, എം. ബസവപുന്നയ്യ, നൃപൻ ചക്രവർത്തി, സരോജ്‌ മുഖർജി, ഹർകിഷൻ സിംഗ് സുർജിത്‌, സമർ മുഖർജി, ജ്യോതി ബസു, ഇ. ബാലാനന്ദൻ, വി.എസ്‌. അച്യുതാനന്ദൻ, എ. നല്ലശിവം, എൽ.ബി. ഗംഗാധരറാവു എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി[5].

പതിനാലാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

പതിനാലാം കോൺഗ്രസ്‌ 1992 ജനുവരി 3 മുതൽ 10 വരെ മദ്രാസിൽ വെച്ചാണ് നടന്നത്. കേന്ദ്ര കമ്മിറ്റിയിലേക്ക് 63 അംഗങ്ങളെ ഈ സമ്മേളനം തിരഞ്ഞെടുത്തു. ഹർകിഷൻ സിങ്ങ് സുർജിത്തിനെ ജനറൽ സെക്രട്ടറിയായും, ഇ.എം.എസ്‌., ഇ. ബാലാനന്ദൻ, നൃപൻ ചക്രവർത്തി, ഇ. കെ. നായനാർ, സീതാറാം യെച്ചൂരി, എസ്‌. രാമചന്ദ്രൻ പിള്ള, ജ്യോതി ബസു, ബിനോയ്‌ കൃഷ്‌ണ ചൗധരി, വി. എസ്‌. അച്യുതാനന്ദൻ, എ. നല്ലശിവം, എൽ. ബി. ഗംഗാധരറാവു, പ്രകാശ് കാരാട്ട്, എം. ഹനുമന്തറാവു, സുനിൽ മൊയ്‌ത്ര, പി. രാമചന്ദ്രൻ, ശൈലേൻദാസ്‌ ഗുപ്‌ത എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി [5].

പതിനഞ്ചാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിനഞ്ചാം പാർട്ടി കോൺഗ്രസ്സ് 1995 ഏപ്രിൽ 2 മുതൽ 8 വരെ ചണ്ഡീഗഡിൽ വെച്ചാണ് നടന്നത്. ഈ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായി 71 പേരെ തിരഞ്ഞെടുക്കുകയുണ്ടായി. ഹർകിഷൻ സിങ്ങ് സുർജിത്തിനെ സെക്രട്ടറി ആയി നിലനിർത്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായി ഇ.എം.എസ്‌., ഇ. ബാലാനന്ദൻ, ആർ. ഉമാനാഥ്‌, ഇ. കെ. നായനാർ, സീതാറാം യെച്ചൂരി, എസ്‌. രാമചന്ദ്രൻ പിള്ള, ജ്യോതി ബസു, ബിനോയ്‌ കൃഷ്‌ണ ചൗധരി, വി. എസ്‌. അച്യുതാനന്ദൻ, പി. രാമചന്ദ്രൻ, എൽ. ബി. ഗംഗാധരറാവു, പ്രകാശ്‌ കാരാട്ട്‌, ശൈലേൻദാസ്‌ ഗുപ്‌ത, സുനിൽ മൊയ്‌ത്ര എന്നിവരെയും തിരഞ്ഞെടുത്തു [5].

പതിനാറാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

കൊൽക്കത്തയിൽ വെച്ച് 1998 ഒക്ടോബർ 5 മുതൽ 11 വരെയാണ് പതിനാറാം പാർട്ടി കോൺഗ്രസ്സ് നടന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായി 75 പേരെ ഈ സമ്മേളനം തിരഞ്ഞെടുത്തു. ഹർകിഷൻ സിങ്ങ് സുർജിത്തിനെ പാർട്ടി ജനറൽ സെക്രട്ടറി ആയി നിലനിർത്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായി മണിക്‌ സർക്കാർ, ഇ. ബാലാനന്ദൻ, ആർ. ഉമാനാഥ്‌, ഇ.കെ. നായനാർ, സീതാറാം യെച്ചൂരി, എസ്‌. രാമചന്ദ്രൻ പിള്ള, ജ്യോതി ബസു, ബിമൻ ബസു, വി.എസ്‌. അച്യുതാനന്ദൻ, പി. രാമചന്ദ്രൻ, അനിൽ വിശ്വാസ്‌, പ്രകാശ്‌ കാരാട്ട്‌, ശൈലേൻദാസ്‌ ഗുപ്‌ത, എം.കെ. പന്ഥെ, പിണറായി വിജയൻ എന്നിവരെയും തിരഞ്ഞെടുത്തു [5].

പതിനേഴാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

സി.പി.ഐ. (എം)-ന്റെ പതിനേഴാം പാർട്ടി കോൺഗ്രസ്സ് 2002 മാർച്ച് 19 മുതൽ 24 വരെ ഹൈദരാബാദിൽ വെച്ച് സമ്മേളിക്കുകയുണ്ടായി. കേന്ദ്ര കമ്മിറ്റിയിലേക്ക് 77 അംഗങ്ങളെ ഈ സമ്മേളനത്തിലൂടെ തിരഞ്ഞെടുക്കുകയുണ്ടായി. ഹർകിഷൻ സിങ്ങ് സുർജിത്ത് വീണ്ടും ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. പൊളിറ്റ് ബ്യൂറോയിലേക്ക് മണിക്‌ സർക്കാർ, ഇ. ബാലാനന്ദൻ, ആർ. ഉമാനാഥ്‌, ഇ.കെ. നായനാർ, സീതാറാം യെച്ചൂരി, എസ്‌. രാമചന്ദ്രൻ പിള്ള, ജ്യോതി ബസു, ബിമൻ ബസു, വി.എസ്‌. അച്യുതാനന്ദൻ, പി. രാമചന്ദ്രൻ, അനിൽ വിശ്വാസ്‌, പ്രകാശ്‌ കാരാട്ട്‌, ബുദ്ധദേവ്‌ ഭട്ടാചാര്യ, എം.കെ. പന്ഥെ, കോർത്താല സത്യനാരായണ, പിണറായി വിജയൻ എന്നിവരെ തിരഞ്ഞെടുത്തു [5].

പതിനെട്ടാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

2005 ഏപ്രിൽ 6 മുതൽ 11 വരെ [10] ന്യൂഡെൽഹിയിൽ വെച്ചാണ് പതിനെട്ടാം പാർട്ടി കോൺഗ്രസ്സ് നടന്നത്. പ്രകാശ് കാരാട്ടിനെ ജനറൽ സെക്രട്ടറിയായി ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായി വി.എസ്‌. അച്ചുതാനന്ദൻ, എസ്. രാമചന്ദ്രൻ പിള്ള, സീതാറാം യെച്ചൂരി, എം.കെ. പാന്ഥെ, ബിമൻ ബസു, മാണിക്ക്‌ സർക്കാർ, പിണറായി വിജയൻ, ബുദ്ധദേവ്‌ ഭട്ടാചാര്യ, കെ. വരദ രാജൻ, ബി.വി. രാഘവുലു, ഹർകിഷൻ സിങ്ങ് സുർജിത്‌, അനിൽ വിശ്വാസ്‌, വൃന്ദ കാരാട്ട്‌, ചിത്തബ്രത മജൂംദാർ, ജ്യോതി ബസു, ആർ. ഉമാനാഥ്‌ എന്നിവരെ തിരഞ്ഞെടുത്തു [5].

പത്തൊൻപതാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

2008 മാർച്ച് 29 മുതൽ ഏപ്രിൽ 3 വരെ കോയമ്പത്തൂർ വെച്ചാണ് പത്തൊമ്പതാം പാർട്ടി കോൺഗ്രസ്സ് നടന്നത്. പ്രകാശ് കാരാട്ടിനെ ഈ സമ്മേളനം ജനറൽ സെക്രട്ടറി ആയി നിലനിർത്തുകയുണ്ടായി. പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായി വി.എസ്. അച്യുതാനന്ദൻ, എസ്‌. രാമചന്ദ്രൻ പിള്ള , സീതാറാം യെച്ചൂരി, എം.കെ. പാന്ഥെ, ബിമൻ ബസു, മാണിക് സർക്കാർ, പിണറായി വിജയൻ, ബുദ്ധദേവ്‌ ഭട്ടാചാര്യ കെ. വരദ രാജൻ, ബി.വി. രാഘവലു, ബൃന്ദ കാരാട്ട് മൊഹമ്മദ്‌ അമീൻ, കൊടിയേരി ബാലകൃഷ്‌ണൻ, നിരുപം സെൻ എന്നിവരെയും, ജ്യോതി ബസുവിനെ പൊളിറ്റ് ബ്യൂറോയിലേക്കുള്ള പ്രത്യേക ക്ഷണിതാവായും തിരഞ്ഞെടുക്കുകയുണ്ടായി. ഈ സമ്മേളനം തിരഞ്ഞെടുത്ത പ്രതിനിധികളാണ് ഇപ്പോൾ നിലവിലുള്ളത്.

ഇരുപതാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

ഇരുപതാം പാർട്ടി കോൺഗ്രസ്സ് 2012 ഏപ്രിൽ 4 തൊട്ട് 9 വരെ കോഴിക്കോട് വച്ച് നടന്നു.പ്രകാശ് കാരാട്ടിനെ ഈ സമ്മേളനം ജനറൽ സെക്രട്ടറി ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായി എസ്‌. രാമചന്ദ്രൻ പിള്ള , സീതാറാം യെച്ചൂരി,എം എ ബേബി,ബിമൻ ബസു, മാണിക്ക്‌ സർക്കാർ, പിണറായി വിജയൻ, ബുദ്ധദേവ്‌ ഭട്ടാചാര്യ കെ. വരദ രാജൻ, ബി.വി. രാഘവുലു, ബൃന്ദ കാരാട്ട്,സൂര്യ കാന്ത് മിശ്ര,കൊടിയേരി ബാലകൃഷ്‌ണൻ, നിരുപം സെൻ,എ കെ പദ്മനാഭൻ എന്നിവരെ തെരഞ്ഞെടുത്തു.[3] [4].

ഇരുപത്തി ഒന്നാം പാർട്ടി കോൺഗ്രസ്സ്[തിരുത്തുക]

ഇരുപത്തി ഒന്നാം പാർട്ടി കോൺഗ്രസ്സ് 2015 ഏപ്രിലിൽ വിശാഖപട്ടണത്ത് വെച്ച് നടക്കും.

അവലംബം[തിരുത്തുക]

 • ബാബു, ജോൺ (2012). സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രം. ചിന്ത പബ്ലിഷേഴ്സ്. ISBN 81-262-0751-5.
 1. 1.0 1.1 "ആദ്യ കോൺഗ്രസ്സ് മുംബൈയിൽ". ദേശാഭിമാനി. ശേഖരിച്ചത് 15 ജനുവരി 2012.
 2. "പാർട്ടി കോൺഗ്രസ്സ്". സി.പി.ഐ(എം). ശേഖരിച്ചത് 16 ജനുവരി 2012.
 3. 3.0 3.1 "കോഴിക്കോട് പാർട്ടി കോൺഗ്രസ്സ് ഒരു ചരിത്ര സംഭവം:പിണറായി വിജയൻ". ഐ.ബി.എൻ ലൈവ്. 15 നവംബർ 2011. ശേഖരിച്ചത് 15 ജനുവരി 2012.
 4. 4.0 4.1 "കോഴിക്കോട് പാർട്ടി കോൺഗ്രസ്സ്". സി.പി.ഐ(എം). ശേഖരിച്ചത് 16 ജനുവരി 2012.
 5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 5.12 5.13 5.14 5.15 5.16 5.17 5.18 "പാർട്ടി കോൺഗ്രസ്സുകൾ". സി.പി.ഐ.(എം.) കേരള സംസ്ഥാന കമ്മറ്റി 2012. ശേഖരിച്ചത് 15 ജനുവരി 2012.
 6. സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രം - ബാബു ജോൺ പുറം 21- ഒന്നാം പാർട്ടി കോൺഗ്രസ്സ് - പ്രതിനിനികളുടെ വിവരങ്ങൾ
 7. സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രം - ബാബു ജോൺ പുറങ്ങൾ 22-23 - ഒന്നാം പാർട്ടി കോൺഗ്രസ്സ് - തീരുമാനങ്ങൾ
 8. പാർട്ടി കോൺഗ്രസ്സുകളുടെ ചരിത്രം - ബാബു ജോൺപുറം 36 - രണ്ടാം പാർട്ടി കോൺഗ്രസ്സിൽ തിരഞ്ഞെടുത്ത കേന്ദ്ര കമ്മറ്റി അംഗങ്ങൾ
 9. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ - സി. ഭാസ്കരൻ
 10. സി.പി.ഐ(എം). പതിനെട്ടാം പാർട്ടി കോൺഗ്രസ്സ് ഔദ്യോഗിക പ്രമേയങ്ങൾ (Report). സി.പി.ഐ(എം). p. 1. |access-date= requires |url= (help)