ഇ. ബാലാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇ.ബാലാനന്ദൻ
E balanandan.jpg
ഇ. ബാലാനന്ദൻ
സി.പി.ഐ.(എം) പോളിറ്റ്‌ ബ്യൂറോ അംഗം
വ്യക്തിഗത വിവരങ്ങൾ
ജനനം
ഇ.ബാലാനന്ദൻ

(1924-07-24)ജൂലൈ 24, 1924
കേരളം
മരണം19 ജനുവരി 2009(2009-01-19) (പ്രായം 84)
കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളി(കൾ)സരോജിനി ബാലാനന്ദൻ
കുട്ടികൾസുലേഖ
സുശീല
സരള
സുനിൽ

കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ഇ. ബാലാനന്ദൻ (ജൂൺ 16, 1924-ജനുവരി 19, 2009). കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായാണ് ബാലാനന്ദൻ അറിയപ്പെട്ടത്. 1978 മുതൽ 2005 വരെ സി.പി.ഐ.(എം) പോളിറ്റ്‌ ബ്യൂറോ അംഗമായിരുന്നു.[1] തീരെ ചെറിയപ്രായത്തിൽ തന്നെ പൊതുപ്രവർത്തരംഗത്തിറങ്ങി. വിദ്യാഭ്യാസം മുഴുമിക്കാൻ കഴിഞ്ഞിരുന്നില്ല.

വിവിധ ജോലികൾ ചെയ്ത നാടുകൾ ചുറ്റിക്കറങ്ങി. കേരളത്തിലെ വ്യവസായിക കേന്ദ്രമായ ആലുവയിൽ എത്തിച്ചേർന്നു. അവിടത്തെ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കാൻ മുൻകൈയ്യെടുത്തു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. 1967 ൽ വടക്കേക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നാലാമത്തെ കേരള നിയമസഭയിലെത്തി.[2] 1980 മുതൽ 1984 വരെ ലോകസഭാംഗമായിരുന്നു. സി.ഐ.ടി.യുവിന്റെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 2009 ജനുവരി 19 ന് അന്തരിച്ചു.

ആദ്യകാല ജീവിതം[തിരുത്തുക]

കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിലെ എരുവപ്പെട്ടിയിൽ 1924-ലായിരുന്നു ബാലാനന്ദന്റെ ജനനം. പിതാവ് കൊച്ചുതോപ്പിൽ കുഞ്ഞുരാമൻ ചാന്നാർ, മാതാവ് വറുവപ്പ വീട്ടിൽ ഉണ്ണി കാളിഈശ്വരി.[3] ഇവരുടെ മൂത്ത പുത്രനായിരുന്നു ബാലാനന്ദൻ. ഇവർക്കൊരു പെൺകുഞ്ഞു പിറന്നതിന്റെ ഉടൻ തന്നെ മാതാപിതാക്കൾ വിവാഹമോചനം തേടി. അമ്മ രണ്ടാം വിവാഹം കഴിച്ചു, അമ്മയുടെ കൂടെയായിരുന്നു ബാലാനന്ദൻ വളർന്നത്. ശക്തികുളങ്ങര സെന്റ് ജോസഫ് പ്രൈമറി സ്കൂളിലും, മിഡിൽ സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. എന്നാൽ പരീക്ഷ എഴുതാൻ കഴിയാതെ വിദ്യാഭ്യാസം അവസാനിപ്പിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്.[4][5] കള്ളുഷാപ്പിൽ ജോലിക്കുപോയിയെങ്കിലും രണ്ടു വർഷത്തിനപ്പുറം അത് തുടർന്നില്ല. കോയമ്പത്തൂരിൽ ജോലിക്കായി പോയെങ്കിലും നല്ല ജോലി ശരിയായില്ല.

ആലുവയിൽ എത്തി കോൺട്രാക്ടറുടെ കീഴിൽ ജോലിക്കു ചേർന്നു. ഇന്ത്യൻ അലുമിനിയം കമ്പനിയിൽ ആയിരുന്നു കരാർ ജോലി. എന്നാൽ കമ്പനി പ്രവർത്തനം ആരംഭിച്ചപ്പോൾ, ബാലാനന്ദന്റെ കഴിവുകൾ കണ്ട കരാർ കമ്പനിക്കാരൻ ഐ.എ.സിയിൽ സ്ഥിരം ജോലിക്ക് ശുപാർശ ചെയ്യുകയായിരുന്നു. ആലുവയിൽ തൊഴിലാളി യൂണിയനുകൾ രൂപംകൊണ്ടു വരുന്ന കാലമായിരുന്നു അത്. എൻ.കെ.മാധവന്റെ നേതൃത്വത്തിൽ അലുമിനിയും കമ്പനിയിൽ രൂപപ്പെട്ട യൂണിയനിലെ ഏഴുപേരിൽ ഒരാളായിരുന്നു ബാലാനന്ദൻ.[6]

തൊഴിലാളി പ്രസ്ഥാനത്തിൽ[തിരുത്തുക]

ഉത്തരവാദഭരണം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരങ്ങളിൽ തൊഴിലാളികളെ സംഘടിപ്പിച്ചതിൽ പ്രമുഖനായിരുന്നു ബാലാനന്ദൻ. ഇതുമായി ബന്ധപ്പെട്ട പണിമുടക്കിൽ പങ്കെടുത്തതിന് അലുമിനിയം കമ്പനിയിലെ ജോലി നഷ്ടമായി.[7] പോലീസിന്റെ അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ ഏലൂരിലേക്കുപോയി. അവിടെ നിന്നും ഷിമോഗയിലേക്കും, ബാംഗ്ലൂരിലേക്കും താമസം മാറി. ബാംഗ്ലൂരിൽ വെച്ച് അറസ്റ്റിലായി, ജയിലിൽ സൗകര്യങ്ങൾ ആവശ്യപ്പെട്ട് നിരാഹാരം തുടങ്ങി. ഷിമോഗ ജയിലിൽ നിന്നും ആലുവയിലേക്കു കൊണ്ടു വന്നു, ആലുവയിൽ വെച്ച് ജാമ്യം ലഭിച്ച് പുറത്തു വന്നു. ജയിലിൽ നിന്നും പുറത്തു വന്നതിനുശേഷം ആലുവ മേഖലയിൽ പാർട്ടി പ്രവർത്തനത്തിലൂടേയും തൊഴിലാളി പ്രവർത്തനങ്ങളിലൂടേയും സജീവമായി. ശ്രീചിത്ര മിൽ വർക്കേഴ്സ് യൂണിയൻ, ഒഗെല ഗ്ലാസ്സ് ഫാക്ടറി യൂണിയൻ എന്നിവയുടെ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്നു.

അതിനുശേഷം അന്ന അലൂമിനിയം കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലിയിൽ പ്രവേശിച്ചെങ്കിലും കുറച്ചുകാലത്തിനുശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ചു. ഇതിനകം മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി മാറിയ ബാലാനന്ദൻ സി.ഐ.ടി.യു. സ്ഥാപിക്കപ്പെട്ടപ്പോൾ അതിന്റെ സംസ്ഥാന സെക്രട്ടറിയായി. പിന്നീട്‌ സംഘടനയുടെ ദേശീയ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.ഐ.ടി.യു പ്രസിഡന്റായിരുന്ന ബി.ടി.രണദിവെ അന്തരിച്ചപ്പോൾ ബാലാനന്ദനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. എ.ഐ.ടി.യു.സിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയും, അതിന്റെ വർക്കിംഗ കമ്മിറ്റി അംഗവുമായിരുന്നു.

ഉത്തരേന്ത്യയിൽ സി.ഐ.ടി.യുവിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നു. ബിഹാർ, മദ്ധ്യപ്രദേശ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെല വൈദ്യുതി, ടെലികോം, ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ജീവനക്കാരെ സംഘടിപ്പിച്ച് സി.ഐ.ടി.യുവിന് കീഴിൽ അണിനിരത്തിയതിൽ ബാലാനന്ദന് വലിയൊരു പങ്കുണ്ടായിരുന്നു.

രാഷ്ട്രീയ പ്രവർത്തനം[തിരുത്തുക]

സി.ഐ.ടി.യു. പ്രവർത്തനത്തിലൂടെയാണ് സി.പി.എമ്മിലേക്ക് ബാലാനന്ദൻ കയറിയത്. 1978 മുതൽ 2005 വരെ സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗമായിരുന്ന അദ്ദേഹം, കേരളത്തിൽനിന്ന് ഇ.എം.എസ്സിനും എ.കെ.ജിക്കും ശേഷം പൊളിറ്റ് ബ്യൂറോയിലെത്തിയ ആദ്യനേതാവായിരുന്നു. രണ്ടാം ലോക മഹായുദ്ധ സമയത്ത് പാർട്ടിക്കു നിരോധനം വന്നപ്പോൾ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനം പ്രവർത്തിച്ചിരുന്ന അങ്കമാലി ആവണംകോട്ട മനയിൽ അതിന്റെ സുരക്ഷിതത്വ കാവൽക്കാരൻ ബാലാനന്ദൻ ആയിരുന്നു.[8] 1951 ൽ ജയിൽ മോചിതനായി പുറത്തു വന്നപ്പോൾ പൊതുതിരഞ്ഞെടുപ്പിൽ സജീവ പങ്കാളിയായി. അശോക-കാത്തായ് ടെക്സ്റ്റൈൽ മില്ലുകളിലേയും, കശുവണ്ടി തൊഴിലാളികളേയും സംഘടിപ്പിച്ചു. പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. അടിയന്തരാവസ്ഥക്കാലത്ത് കൂടുതലും ഒളിവിലായിരുന്നു.

തിരഞ്ഞെടുപ്പിൽ[തിരുത്തുക]

1967 മുതൽ 69 വരെയും 1970 മുതൽ 76 വരേയും വടക്കേക്കര മണ്ഡലത്തിൽ നിന്ന് ബാലാനന്ദൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980-ൽ മുകുന്ദപുരത്തുനിന്നും ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1988-ൽ രാജ്യസഭാംഗമായും പ്രവർത്തിച്ചു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [9] [10]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1980 മുകുന്ദപുരം ലോകസഭാമണ്ഡലം ഇ. ബാലാനന്ദൻ സി.പി.എം. സി.ജി. കുമാരൻ സ്വതന്ത്ര സ്ഥാനാർത്ഥി

രാജ്യസഭയിലെ കാലഘട്ടവും പാർട്ടിയും[തിരുത്തുക]

  • 1994-2000 : സി.പി.ഐ.എം., എൽ.ഡി.എഫ്.
  • 1988-1994 : സി.പി.ഐ.എം., എൽ.ഡി.എഫ്.

ഇ. ബാലാനന്ദൻ റിസർച്ച് ഫൌണ്ടേഷൻ[തിരുത്തുക]

ബാലാനന്ദൻ അനുസ്മരണ പ്രഭാഷണം

ഇ. ബാലാനന്ദന്റെ സ്മരണാർത്ഥം എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമാണ് ഇ. ബാലാനന്ദൻ റിസർച്ച് ഫൌണ്ടേഷൻ. കലാഭവൻ റോഡിൽ ഇ.എം.എസ് മന്ദിരത്തിലാണ് ഇപ്പോൾ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.ട്രേഡ് യൂണിയൻ പ്രവർത്തകരെ വിവരസാങ്കേതികവിദ്യ പഠിപ്പിക്കുക, സ്വതന്ത്ര സോഫ്റ്റ്‍വെയർ ഗവേഷണപദ്ധതികൾക്ക് നേതൃത്വം നൽകുക എന്നിവയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.[11]

അവലംബം[തിരുത്തുക]

  • ഇ., ബാലാനന്ദൻ (2008). നടന്നു തീർത്ത വഴികൾ. ഗ്രീൻ ബുക്സ്. ISBN 81-8423-125-3.
  1. "ഇ.ബാലാനന്ദൻ". സി.പി.ഐ.(എം) കേരള ഘടകം. മൂലതാളിൽ നിന്നും 2012-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-18.
  2. "ഇ.ബാലാനന്ദൻ". കേരള നിയമസഭ. Archived from the original on 2015-01-07. ശേഖരിച്ചത് 2013-09-06.{{cite web}}: CS1 maint: bot: original URL status unknown (link)
  3. നടന്നു തീർത്ത വഴികൾ - ഇ.ബാലാനന്ദൻ പുറം 13
  4. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. പുറം. 426. ISBN 81-262-0482-6. ഇ.ബാലാനന്ദൻ - ആദ്യകാല ജീവിതം
  5. നടന്നു തീർത്ത വഴികൾ - ഇ.ബാലാനന്ദൻ പുറം 13
  6. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. പുറം. 427. ISBN 81-262-0482-6. ഇ.ബാലാനന്ദൻ - ട്രേഡ് യൂണിയൻ പ്രസ്ഥാനം
  7. നടന്നു തീർത്ത വഴികൾ - ഇ.ബാലാനന്ദൻ പുറം 45
  8. നടന്നു തീർത്ത വഴികൾ - ഇ.ബാലാനന്ദൻ പുറം 47-48
  9. http://www.ceo.kerala.gov.in/electionhistory.html
  10. http://www.keralaassembly.org
  11. "ബാലാനന്ദൻ റിസർച്ച് ഫൗണ്ടേഷൻ വെബ്സൈറ്റ്". ഇ.ബാലാനന്ദൻ റിസർച്ച് ഫൌണ്ടേഷൻ. മൂലതാളിൽ നിന്നും 2014-09-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-11.
"https://ml.wikipedia.org/w/index.php?title=ഇ._ബാലാനന്ദൻ&oldid=3775499" എന്ന താളിൽനിന്ന് ശേഖരിച്ചത്