ഇ.കെ. നായനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇ. കെ. നായനാർ
Ek nayanar.jpeg
ഇ. കെ നായനാർ
കേരളത്തിന്റെ പതിനൊന്നാമത്തെയും പതിന്നാലാമത്തെയും പതിനേഴാമത്തെയും മുഖ്യമന്ത്രി
ഔദ്യോഗിക കാലം
ജനുവരി 25, 1980 - ഒക്ടോബർ 20, 1981
മാർച്ച് 26, 1987 - ജൂൺ 17, 1991
മേയ് 20, 1996 - മേയ് 13, 2001
മുൻഗാമിസി.എച്ച്. മുഹമ്മദ് കോയ
കെ. കരുണാകരൻ
എ.കെ. ആന്റണി
പിൻഗാമികെ. കരുണാകരൻ
കെ. കരുണാകരൻ
എ.കെ. ആന്റണി
മണ്ഡലം മലമ്പുഴ, തൃക്കരിപ്പൂർ, തലശ്ശേരി
ലോക്സഭ അംഗം
ഔദ്യോഗിക കാലം
1967-1972
മണ്ഡലം പാലക്കാട്
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി
ഔദ്യോഗിക കാലം
1972-1980
മുൻഗാമിസി.എച്ച്. കണാരൻ
പിൻഗാമിവി.എസ്. അച്യുതാനന്ദൻ
പ്രതിപക്ഷ നേതാവ് ,കേരള നിയമസഭ
ഔദ്യോഗിക കാലം
1982,1991-1996
വ്യക്തിഗത വിവരണം
ജനനം
ഏറമ്പാല കൃഷ്ണൻ നായനാർ

(1918-12-09)ഡിസംബർ 9, 1918
കല്ല്യാശ്ശേരി, കണ്ണൂർ ജില്ല, കേരളം
മരണംമേയ് 19, 2004(2004-05-19) (പ്രായം 85)
ന്യൂ ഡെൽഹി, ഡെൽഹി, ഇന്ത്യ
രാജ്യംഇന്ത്യൻ
രാഷ്ട്രീയ പാർട്ടിസി.പി.ഐ.(എം)
പങ്കാളിശാരദ
വസതികല്ല്യാശ്ശേരി, കണ്ണൂർ

ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ (ഡിസംബർ 9, 1918 - മേയ് 19, 2004) കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്നു. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി[1] ( മൂന്ന് തവണയായി 4010 ദിവസം). സി.പി.എം.പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. കേരളത്തിലെ 4 സർക്കാർ നിയന്ത്രണ എഞ്ചിനീയറിംഗ് കോളേജുകൾ കൊണ്ട് വന്നു, കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി (സി ഇ കെ) , പൂഞ്ഞാർ , കലോപ്പറ തുടങ്ങി.

സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഉപ്പുസത്യാഗ്രഹജാഥക്ക് കല്യാശ്ശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ നായനാർക്ക് പതിമൂന്നു വയസ്സായിരുന്നു പ്രായം.1938 ഡിസംബർ 28ന് കല്ല്യാശ്ശേരിയിൽ ദേശീയ ബാലസംഘം രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ തുടങ്ങി. യൂത്ത് ലീഗിൽ അംഗമായി. ഉത്തരവാദഭരണം ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിൽ പങ്കുകൊണ്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിച്ചേർന്നു. പാർട്ടിയുടെ നിർദ്ദേശപ്രകാരം ദേശാഭിമാനിയിൽ ജോലിക്കു ചേർന്നു. വടക്കേ മലബാറിലെ കർഷകരെ സംഘടിപ്പിച്ചു. 1964-ലെ ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്നവരിൽ ഒരാളായിരുന്നു നായനാർ. 2004 മെയ് 19-ന് തന്റെ 85-ആം വയസ്സിൽ ഡെൽഹിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

ആദ്യകാല ജീവിതം[തിരുത്തുക]

കണ്ണൂരിലെ കല്ല്യാശ്ശേരിയിൽ ഏറമ്പാല നാരായണി അമ്മയുടേയും എം. ഗോവിന്ദൻ നമ്പ്യാരുടേയും രണ്ടാമത്തെ മകനായി 1918 ഡിസംബർ 9-നു നായനാർ ജനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമായ ബാലസംഘത്തിന്റെ ആദ്യ രൂപമായ ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായ് പ്രവർത്തിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ബന്ധുവായ കെ.പി.ആർ. ഗോപാലൻ കേരളത്തിലെ ആദ്യകാല  കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനാണ്. കല്യാശ്ശേരി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം, സ്കൂളിൽ രണ്ട് ഹരിജൻ വിദ്യാർത്ഥികൾ വന്നു ചേർന്നത് ധാരാളം ഒച്ചപ്പാടുകൾ സൃഷ്ടിച്ചു. മൂന്നാം ദിവസം കേളപ്പനാണ് ഹരിജൻ കുട്ടികളെ സ്കൂളിലാക്കാൻ വന്നത്. ആദ്യ ദിവസം കുട്ടികളെ മറ്റുള്ളവർ അടിച്ചോടിച്ചിരുന്നു. ഈ സംഭവം ബാലനായ നായനാരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കല്യാശ്ശേരി എലമെന്ററി സ്കൂളിലെ പഠനം കഴിഞ്ഞ് പിന്നീട് തളിപ്പറമ്പ് മുടത്തേടത്ത് ഹൈസ്കൂളിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം. 1958-ൽ കെ.പി.ആർ. ഗോപാലന്റെ അനന്തരവളായ ശാരദയെ വിവാഹം കഴിച്ചു. [2]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ലോകത്തിലെ കുട്ടികളുടെ ഏറ്റവും വലിയ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമായ ബാലസംഘത്തിന്റെ ആദ്യ രൂപമായ ദേശീയ ബാലസംഘത്തിന്റെ രൂപീകരണം 1938 ഡിസംബർ 28ന് കല്ല്യാശ്ശേരിയിൽ വെച്ചാണ് നടന്നത്.ആ സമ്മേളനത്തിൽ വെച്ച് ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായ് തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലായിരിക്കുമ്പോൾ തന്നെ പയ്യന്നൂരിലേക്കു വന്ന ഉപ്പുസത്യാഗ്രഹ ജാഥയെ സ്വീകരിക്കുവാൻ അടുത്ത ബന്ധു കൂടിയായ കെ.പി.ആർ.ഗോപാലന്റെ കൂടെ പോയി. അതിനുശേഷം കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളെ സഹായിക്കാൻ തുടങ്ങി. കോഴിക്കോട് സാമൂതിരികോളേജിൽ സംഘടിപ്പിച്ച അഖിലകേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി രൂപംകൊണ്ട ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ മുഖപത്രമായ സ്റ്റുഡന്റിന്റെ പത്രാധിപസമിതി അംഗമായി. ഉത്തരവാദ ഭരണം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ വിദ്യാർത്ഥി ജാഥയുടെ നേതാവായിരുന്നു നായനാർ.[3]

കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന സമയത്താണ് അതിലെ ഇടതു പക്ഷ ചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ പാർട്ടി രൂപീകരിക്കുന്നത്. ഇടതുപക്ഷ ചിന്തകൾ വച്ചു പുലർത്തിയിരുന്ന നായനാർക്ക് അതിൽ ചേരാൻ രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല.[4] 1939 ൽ ആറോൺ മിൽ തൊഴിലാളിയൂണിയൻ നടത്തിയ പണിമുടക്കുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ആറുമാസത്തെ തടവുശിക്ഷ ലഭിക്കുകയും ചെയ്തു.[5] ഈ സമയത്താണ് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനം, ആ സമ്മേളനത്തിൽ പങ്കെടുത്ത് നായനാരും കമ്മ്യൂണിസ്റ്റുകാരനായി.

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ[തിരുത്തുക]

1939ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന നായനാർക്ക് കയ്യൂർ-മൊറാഴ കർഷകലഹളകളിൽ വഹിച്ച പങ്കിനെ തുടർന്ന് അറസ്റ്റിൽനിന്ന് രക്ഷപെടാൻ ഒളിവിൽ പോകേണ്ടിവന്നു.[6][7][8] കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടതിന്റെ ശേഷം നടന്ന പ്രതിഷേധദിനവുമായി ബന്ധപ്പെട്ടായിരുന്നു മൊറാഴ സംഭവം നടന്നത്.

1940ൽ മിൽ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നൽകിയതിന് ജയിലിലായി. അതിനുശേഷം കയ്യൂർ സമരത്തിൽ പങ്കെടുത്തു. മൂന്നാം പ്രതിയായിരുന്ന നായനാർ ഒളിവിൽ പോയി. 1943 മാർച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു.[9] ഇന്ത്യയും ചൈനയുമായുള്ള യുദ്ധകാലത്ത് ചൈനാചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചു. 1956ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ നായനാർ സി.പി.എം ഇൽ ചേർന്നു. 1964 ൽ ഏപ്രിലിലെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്നവരിൽ നായനാരും ഉണ്ടായിരുന്നു. ഏഴാം കോൺഗ്രസ്സിൽ നായനാരെ കേന്ദ്ര കമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു. ഏഴാം കോൺഗ്രസ്സ് കഴിഞ്ഞ ഉടൻ അറസ്റ്റിലായി.[10]

1967ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972 മുതൽ 1980 വരെ സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായിരുന്നു. 1972ൽ സി.എച്ച്. കണാരന്റെ മരണത്തോടെ അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന സെക്രട്ടറിയായി. ഇരിക്കൂറിൽ നിന്നും ജയിച്ച ഉടൻ തന്നെ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം ഒളിവിൽ പോയി.[11]

കേരള നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1974ൽ ഇരിക്കൂറിൽ നിന്നും മൽസരിച്ച് ആദ്യമായി നിയമസഭാ അംഗമായി. 1980ൽ മലമ്പുഴയിൽ നിന്നും ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1982ൽ മലമ്പുഴയിൽ നിന്നും വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി.

1996ൽ അദ്ദേഹം മൽസരിച്ചില്ല. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയായി. അതിനു ശേഷം തലശ്ശേരിയിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടേ ജയിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന വി.എസ്. അച്യുതാനന്ദൻ മാരാരിക്കുളത്ത് തോറ്റതാണ് നായനാർക്ക് മൂന്നാമൂഴം ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സ്ഥലങ്ങളിൽ ഇരിക്കൂർ, മലമ്പുഴ, തൃക്കരിപ്പൂർ, തലശ്ശേരി എന്നിവ ഉൾപ്പെടും.

ജനകീയൻ[തിരുത്തുക]

കുറിക്കുകൊള്ളുന്ന വിമർശനത്തിനും നർമ്മത്തിനും പ്രശസ്തനായിരുന്നു നായനാർ. ‘അമേരിക്കയിൽ ചായകുടിക്കുന്നതുപോലെയാണ് ബലാത്സംഗങ്ങൾ നടക്കുന്നത്’ എന്നു സൂര്യനെല്ലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞത് ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു. ഏഷ്യാനെറ്റിൽ ‘മുഖ്യമന്ത്രിയോടു ചോദിക്കാം’ എന്ന പേരിൽ ആഴ്ചയിലൊരിക്കൽ പൊതുജന സമ്പർക്ക പരിപാടി തന്റെ മൂന്നാം മുഖ്യമന്ത്രിപദത്തിന്റെ കാലയളവിൽ നായനാർ നടത്തിയിരുന്നു.

കൃതികൾ[തിരുത്തുക]

 • ദോഹ ഡയറി
 • സമരത്തിച്ചൂളയിൽ (മൈ സ്ട്രഗിൾസ് എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവർത്തനം)
 • അറേബ്യൻ സ്കെച്ചുകൾ
 • എന്റെ ചൈന ഡയറി
 • മാർക്സിസം ഒരു മുഖവുര
 • അമേരിക്കൻ ഡയറി
 • വിപ്ലവാചാര്യന്മാർ
 • സാഹിത്യവും സംസ്കാരവും
 • ജെയിലിലെ ഓർമ്മകൾ

മരണം[തിരുത്തുക]

കണ്ണൂർ പയ്യാമ്പലം കടൽതീരത്തു് സ: ഇ കെ നായനാർ അന്ത്യവിശ്രമംകൊള്ളുന്നയിടം

വളരെക്കാലം പ്രമേഹരോഗിയായിരുന്ന നായനാർ പ്രമേഹത്തിന് കൂടുതൽ മികച്ച സൗകര്യങ്ങൾക്കായി 2004 ഏപ്രിൽ 25-ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി വന്നു. ഒടുവിൽ മേയ് 19ന് വൈകീട്ട് സംഭവിച്ച ഹൃദയസ്തംഭനത്തെത്തുടർന്ന് നായനാർ അന്തരിച്ചു. മൃതദേഹം വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിച്ചു. അവിടെ സെക്രട്ടേറിയറ്റിലും എ.കെ.ജി. സെന്ററിലും പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി ജന്മദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. നിരവധിയാളുകൾ നായനാരെ അവസാനമായി ഒരുനോക്കുകാണാൻ വഴിയിൽ തടിച്ചുകൂടിയിരുന്നു. കണ്ണൂരിലെ പയ്യാമ്പലം കടൽത്തീരത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി., കെ.ജി. മാരാർ എന്നിവരുടെ ശവകുടീരങ്ങൾക്കടുത്താണ് നായനാരെ സംസ്കരിച്ചത്.

അവലംബങ്ങൾ[തിരുത്തുക]

 1. ഇ.കെ. നായനാർ, ഇ.കെ. നായനാർ. "ഇ.കെ.നായനാർ". കേരള നിയമസഭ. കേരള നിയമസഭ. ശേഖരിച്ചത് 2011 നവംബർ 24.
 2. ദേശാഭിമാനി ഓൺലൈൻ
 3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 377. ISBN 81-262-0482-6. ഇ.കെ.നായനാർ- വിദ്യാർത്ഥി പ്രസ്ഥാനത്തിലേക്ക്
 4. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 378. ISBN 81-262-0482-6. ഇ.കെ.നായനാർ- കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക്
 5. "ഇ.കെ.നായനാർ". കേരളസ്റ്റേറ്റ്.ഇൻ. ശേഖരിച്ചത് 2013 സെപ്തംബർ 08. ആറോൺ മിൽ തൊഴിൽ പണിമുടക്ക് Check date values in: |accessdate= (help)
 6. "മൊറാഴ സംഭവം" (PDF). കേരള നിയമസഭ. ശേഖരിച്ചത് 2013 സെപ്തംബർ 08. Check date values in: |accessdate= (help)
 7. ആർ., കൃഷ്ണകുമാർ (2004 ജൂൺ 18). "ദ പീപ്പിൾസ് ലീഡർ". ഫ്രണ്ട്ലൈൻ.
 8. "ഇ.കെ.നായനാർ". കേരള നിയമസഭ. ശേഖരിച്ചത് 2013 സെപ്തംബർ 08. Check date values in: |accessdate= (help)
 9. ഇ.കെ., നായനാർ (1982). മൈ സ്ട്രഗ്ഗിൾ - ആൻ ഓട്ടോബയോഗ്രഫി. വികാസ് പബ്ലിഷിംഗ് ഹൌസ്. ISBN 978-0706919738.
 10. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 381. ISBN 81-262-0482-6. ഇ.കെ.നായനാർ- മുഴുവൻ സമയ കമ്മ്യൂണിസ്റ്റ്
 11. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 380-381. ISBN 81-262-0482-6. ഇ.കെ.നായനാർ- നിയമസഭാ സാമാജികൻ


സ്രോതസ്സുകൾ[തിരുത്തുക]


മുൻഗാമി
സി.എച്ച്. മുഹമ്മദ്കോയ
കേരളത്തിലെ മുഖ്യമന്ത്രിമാർ
1980– 1981
Succeeded by
കെ. കരുണാകരൻ
മുൻഗാമി
കെ. കരുണാകരൻ
കേരളത്തിലെ മുഖ്യമന്ത്രിമാർ
1987– 1991
Succeeded by
കെ. കരുണാകരൻ
മുൻഗാമി
എ.കെ. ആന്റണി
കേരളത്തിലെ മുഖ്യമന്ത്രിമാർ
1996– 2001
Succeeded by
എ.കെ. ആന്റണി

((DEFAULTSORT:നായനാർ}}

"https://ml.wikipedia.org/w/index.php?title=ഇ.കെ._നായനാർ&oldid=3448448" എന്ന താളിൽനിന്ന് ശേഖരിച്ചത്