സി.എച്ച്. മുഹമ്മദ്കോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി.എച്ച്. മുഹമ്മദ് കോയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.എച്ച്. മുഹമ്മദ്കോയ
സി.എച്ച്. മുഹമ്മദ്കോയ

സി.എച്ച്. മുഹമ്മദ്കോയ


ഔദ്യോഗിക കാലം
ഒക്ടോബർ 12, 1979 - ഡിസംബർ 1, 1979
മുൻ‌ഗാമി പി.കെ. വാസുദേവൻ നായർ
പിൻ‌ഗാമി ഇ.കെ. നായനാർ

ജനനം 1927 ജൂലൈ 15(1927-07-15)
അത്തോളി, കോഴിക്കോട്, കേരളം
മരണം 1983 സെപ്റ്റംബർ 28(1983-09-28) (പ്രായം 56)
ഹൈദരാബാദ്
പൗരത്വം  ഇന്ത്യ
രാഷ്ട്രീയ പാർട്ടി മുസ്ലീം ലീഗ്
ജീവിത പങ്കാളി ആമിന
സ്വദേശം അത്തോളി, കോഴിക്കോട്

കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്നു സി.എച്ച്. മുഹമ്മദ് കോയ (ജൂലൈ 15, 1927 - സെപ്റ്റംബർ 28, 1983). ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു. കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങൾ മൂലമാണ്.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന ഗ്രാമത്തിൽ 1927 ജൂലൈ 15ന് പായമ്പുനത്തിൽ അലി മുസ്ലിയാരുടെയും മറിയുമ്മടെയും മകനായി ഒരു സാധാരണ കുടുംബത്തിലാണ് സി.എച്ച്. മുഹമ്മദ് കോയ ജനിച്ചത്.

പൊതുരംഗത്ത്[തിരുത്തുക]

1967-ലെ ഇ.എം.എസ്സ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ പല പുരോഗമനാശയങ്ങളും അദ്ദേഹം നടപ്പിലാക്കി. കേരളത്തിലെ കുട്ടികൾക്ക് 10‌-ആം ക്ലാസുവരെ വിദ്യാഭ്യാസം സൗജന്യമാക്കിയത് സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്.മുസ്ലീം പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ് അദ്ദേഹം ഏർപ്പെടുത്തി.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന മുസ്ലീം സമുദായത്തെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കാൻ അദ്ദേഹം പ്രാഥമിക വിദ്യാലയങ്ങളിൽ അറബി ഭാഷ ഒരു വിഷയമാക്കി. പല അറബി അദ്ധ്യാപകർക്കും ഇതുമൂലം സർക്കാർ ജോലി ലഭിച്ചു. മുസ്ലീം സമുദായത്തിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് ആകർഷിക്കാൻ സി.എച്ചിൻറെ ഈ നീക്കങ്ങൾക്കു കഴിഞ്ഞു.

വിദ്യാഭ്യാസ സംവരണത്തിന്റെ വക്താവായിരുന്നു സി.എച്ച്. മുസ്ലീം സമുദായത്തെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയത് സി.എച്ചിൻറെ ശ്രമങ്ങളുടെ ഫലമായാണ്. സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൌൺസിൽ എന്നീ സ്ഥാ‍പനങ്ങളിൽ സർവകലാശാലാ വിദ്യാർത്ഥികളുടെ പങ്കാളിത്തം നിലവിൽ വരുത്തിയത് സി.എച്ച്. ആണ്. മലപ്പുറം ജില്ല രൂപവത്കരിച്ചതിന്റെ പിന്നിലെ പ്രേരകശക്തിയും സി.എച്ച്. ആയിരുന്നു.

കാലിക്കറ്റ് സർവകലാശാല രൂപവത്കരിച്ചത് സി.എച്ചിന്റെ അശ്രാന്ത ശ്രമങ്ങളുടെ ഫലമായാണ്. കോഴിക്കോട്-മലപ്പുറം അതിർത്തിയിലെ അത്രയൊന്നും വികസിതമല്ലാത്ത ഒരു സ്ഥലം സർവകലാശാല ആസ്ഥാനമായി തിരഞ്ഞെടുത്തതുവഴി ആ സ്ഥലത്തിന്റെ പുരോഗതിക്കും സി.എച്ച് വഴിതെളിച്ചു.

കേരളത്തിലെ മുസ്ലീം സമുദായത്തെ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയിൽ കൊണ്ടുവന്നു എന്നതാണ് സി.എച്ചിന്റെ മറ്റൊരു സംഭാവന. നല്ല വാഗ്മി എന്ന പേരു സമ്പാദിച്ച അദ്ദേഹത്തിന്റെ നർമവും ചിന്താശകലങ്ങളും കലർന്ന പ്രസംഗങ്ങൾ കേൾക്കാൻ ആളുകൾ പാ‍തിരാവുവരെ കാത്തിരിക്കുമായിരുന്നു. 1967 മുതൽ 1972 വരെ ലോക്സഭാംഗമായിരുന്ന അദ്ദേഹം അവിടെയും തന്റെ മായാത്ത മുദ്ര പതിപ്പിച്ചു.

മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ അദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നു. മുസ്ലീം സമുദായത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി ചന്ദ്രികയിലൂടെ അദ്ദേഹം ശബ്ദിച്ചു. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങൾ പ്രശസ്തമാണ്.

മരണം[തിരുത്തുക]

1983 സെപ്റ്റംബർ 28-ന് 56-ആമത്തെ വയസ്സിൽ ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ച് സി.എച്ച്. അന്തരിച്ചു. മരണസമയത്ത് അദ്ദേഹം കേരളത്തിന്റെ ഉപമുഖ്യമന്ത്രിയും പൊതുമരാമത്തുവകുപ്പുമന്ത്രിയുമായിരുന്നു. ഒരു പൊതുപരിപാടിയിൽ സംബന്ധിക്കാനായി ഹൈദരാബാദിലെത്തിയ അദ്ദേഹത്തിന് അവിടെ വച്ച് മസ്തിഷ്കാഘാതം ഉണ്ടാകുകയായിരുന്നു. മൃതദേഹം ജന്മനാട്ടിലെത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

അവലംബം[തിരുത്തുക]

മുൻഗാമി
പി.കെ. വാസുദേവൻ‌ നായർ
കേരളത്തിലെ മുഖ്യമന്ത്രിമാർ
1979– 1979
പിൻഗാമി
ഇ.കെ. നായനാർ


"https://ml.wikipedia.org/w/index.php?title=സി.എച്ച്._മുഹമ്മദ്കോയ&oldid=2457092" എന്ന താളിൽനിന്നു ശേഖരിച്ചത്