മൊറാഴ സംഭവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വാതന്ത്ര്യസമരത്തിൽ ഉത്തരമലബാറിന്റെ ഒരു പ്രധാന സംഭാവന ആയിരുന്നു 1940 സപ്തംബർ 15-ലെ മോറാഴ സംഭവം[1][2][3] [4][5].

ബ്രിട്ടീഷ് സാമ്രാജ്യത്വം രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിൽ പ്രതിഷേധിച്ച് കേരള പ്രദേശ്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 1940 സപ്തംബർ 15 സാമ്രാജ്യത്വ വിരുദ്ധദിനമായി ആചരിക്കാൻ തീരുമാനിക്കുകയുണ്ടായി. എന്നാൽ അന്നത്തെ സർക്കാർ അത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. നിരോധനം ലംഘിച്ചു കൊണ്ട് കീച്ചേരിയിൽ കെ.പി.ആർ. ഗോപാലന്റെ നേതൃത്വത്തിൽ ഒരു വൻ പൊതുയോഗം ചേരാൻ തീരുമാനിച്ചു. എന്നാൽ യോഗം നിരോധിച്ചതിനാൽ അഞ്ചാം പീടികയിലേക്ക്‌ പൊതുയോഗം മാറ്റി. അവിടെ യോഗം നടക്കുന്നതിനിടെ സബ്. ഇൻസ്പെക്ടർ കുട്ടിക്കൃഷ്ണമേനോന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം മർദ്ദനമുറകൾ നടത്തികൊണ്ട് അവിടെ ഒത്തുകൂടിയ ജനങ്ങളെ നേരിട്ടു. തുടർന്നുണ്ടായ ജനങ്ങളുടെ ചെറുത്തുനിൽപ്പിൽ സബ് ഇൻസ്പെക്ടർ കുട്ടിക്കൃഷ്ണമേനോനും മറ്റൊരു പോലീസുകാരനും കൊല്ലപ്പെട്ടു. ഇതിനെ തുടർന്ന് ഉത്തര മലബാർ പ്രദേശമാകെ പോലീസ് അതിക്രമങ്ങളെ നേരിടേണ്ടി വരികയുണ്ടായി. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ലോക്കപ്പ് മർദ്ദനത്തിനു ഇരയായി. വിചാരണക്കൊടുവിൽ കെ.പി.ആർ.ഗോപാലനെ തൂക്കിക്കൊല്ലുന്നതിനും മറ്റു നിരവധിപേരെ ജീവപര്യന്തം തടവിനും ശിക്ഷിക്കുകയും ചെയ്തു. കെ. പി. ആറിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 1942 ഫെബ്രുവരി 27-ന് മാതൃഭൂമിയിൽ കെ.എ. ദാമോദര മേനോൻ മുഖപ്രസംഗം എഴുതി[6]. പിന്നീട് മഹാത്മാഗാന്ധിയുടെ ഇടപെടലും ബ്രിട്ടിഷു പാർലമെന്റിൽ നടന്ന ചൂടേറിയ ചർച്ചയ്ക്കും ഒടുവിൽ കെ പി ആറിന്റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയുണ്ടായി. സാമ്രാജ്വത്വവിരുദ്ധ പോരാട്ടത്തിലെ ഒരു പ്രധാന ഏട് തന്നെയായി മാറി മോറാഴ സംഭവം.

അവലംബം[തിരുത്തുക]

  1. ആർ., കൃഷ്ണകുമാർ (18-ജൂൺ-2004). "ദ പീപ്പിൾസ് ലീഡർ". ഫ്രണ്ട്ലൈൻ. Check date values in: |date= (help)
  2. "ഇ.കെ.നായനാർ". കേരള നിയമസഭ. ശേഖരിച്ചത് 2013 നവംബർ 20.
  3. പ്രകാശ്, രാം. "മൊറാഴ സംഭവം : സ്വാതന്ത്ര സമര ചരിത്രത്തിലെ ഒരു സുവർണ്ണ ഏട്". ശേഖരിച്ചത് 2013 നവംബർ 20.
  4. "മൊറാഴയുടെ ചെറുത്തുനിൽപ്പും മാങ്ങാട്ടുപറമ്പിന്റെ വർത്തമാനവും". ശേഖരിച്ചത് 2013 നവംബർ 20.
  5. "മൊറാഴ സംഭവം" (PDF). കേരള നിയമസഭ. ശേഖരിച്ചത് 2013 നവംബർ 20.
  6. മഹച്ചരിതമാല - കെ.എ. ദാമോദര മേനോൻ. 2005. pp. 246–247. ISBN 81-264-1066-3.
"https://ml.wikipedia.org/w/index.php?title=മൊറാഴ_സംഭവം&oldid=3285486" എന്ന താളിൽനിന്ന് ശേഖരിച്ചത്