ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
നേതാവ് സോണിയാ ഗാന്ധി
രൂപീകരിക്കപ്പെട്ടത് 1978
ആസ്ഥാനം 24, അക്ബർ റോഡ്, ന്യൂഡൽഹി - 110011
പത്രം കോൺഗ്രസ് സന്ദേശ്
സഖ്യം ഐക്യ പുരോഗമന സഖ്യം
വെബ്സൈറ്റ്
http://www.congress.org.in

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) എന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇന്ത്യയിലെ അംഗീകൃത ദേശീയ രാഷ്ട്രീയ കക്ഷികളിൽ ഒന്നാണു്[1] . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ), കോൺഗ്രസ്സ് (ഐ), ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) ഇന്ദിരാ കോൺഗ്രസ്സ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണം-ഇന്ദിരാ) ഭരണ-ഇന്ദിരാ കോൺഗ്രസ്സ് തുടങ്ങിയ പേരുകളിലെല്ലാം ഇതറിയപ്പെടുന്നു. രാജീവ് ഗാന്ധിയുടെ ഭരണത്തിന്റെ തുടക്കത്തിൽ 1986-ൽ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പു് കമ്മീഷണർ പെരിശാസ്ത്രിയാണു് ബ്രാക്കറ്റ് വിവരണമില്ലാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നു് മാത്രമായി ഉപയോഗിയ്ക്കാൻ ഭരണ-ഇന്ദിരാ കോൺഗ്രസ്സിനു് അനുമതി നല്കിയതു്.

കേന്ദ്രം ഭരിക്കുന്ന ഐക്യ പുരോഗമന സഖ്യത്തിലെ (യു. പി. എ.) പ്രധാന പാർട്ടിയായ ഈ കക്ഷിയ്ക്കു് പതിനഞ്ചാം ലോൿസഭയിൽ (2009-2014) 206 അംഗങ്ങളുണ്ട്. സോണിയാ ഗാന്ധിയാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - ഐ അഖിലേന്ത്യാ പ്രസിഡന്റ്. ഐക്യ പുരോഗമന സഖ്യത്തിന്റെ (യു. പി. എ.) പ്രസിഡന്റ് കൂടിയാണു് സോണിയാ ഗാന്ധി. പ്രധാനമന്ത്രി ഡോ. മൻ‍മോഹൻ സിംഗാണു് പാർലമെന്ററി പാർട്ടി നേതാവു്. കൈപ്പത്തിയാണു് തെരഞ്ഞെടുപ്പു് ചിഹ്നം.

ചരിത്ര പശ്ചാത്തലം[തിരുത്തുക]

1969-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി പിളർ‍ന്നതിനെ തുടർ‍ന്നുണ്ടായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഭരണം എന്ന കക്ഷി1978-ൽ പിളർ‍ന്നാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഐ കക്ഷിയുണ്ടായതു്. 1969-ൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ‍ അച്ചടക്കം ലംഘിച്ചതിനു് (പാർട്ടിവിരുദ്ധ പ്രവർ‍ത്തനത്തിനു്) പാർലമെന്ററി പാർ‍ട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽനിന്നു് പുറത്താക്കിയപ്പോഴാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഭരണം എന്ന വിഭാഗം ആവിർ‍ഭവിച്ചതു്. ഇന്ദിരാ ഗാന്ധി സമാന്തരമായി സംഘടിപ്പിച്ച പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണവിഭാഗം) [ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്-ആർ] എന്നറിയപ്പെട്ടു.

കോൺഗ്രസ്സ് പ്രവർ‍ത്തക സമിതി ഭൂരിപക്ഷ തീരുമാനപ്രകാരം കണ്ടെത്തിയ ഔദ്യോഗിക രാഷ്ട്രപതി സ്ഥാനാർത്ഥി നീലം സഞ്ജീവ റെഡ്ഢിയെ പരാജയപ്പടുത്തന്നതിനുവേണ്ടി പരസ്യമായിപ്രവർ‍ത്തിച്ച ഇന്ദിരാ ഗാന്ധിയെ നവംബർ 12-നു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽനിന്നു് പുറത്താക്കി. നവംബർ 14-നു് ഇന്ദിരാ ഗാന്ധിവിഭാഗം സമാന്തര എ ഐ സി സി വിളിച്ചു് പ്രസിഡന്റായി ജഗജീവൻ റാമിനെ തെരഞ്ഞെടുത്തതോടെ പാർട്ടി പിളർ‍ന്നു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണവിഭാഗം) നിലവിൽ വന്നു.

കോൺഗ്രസ്സ് സംഘടനയുടെ നിയന്ത്രണം ഔദ്യോഗിക വിഭാഗത്തിനായത് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (സംഘടന) എന്ന് ആ വിഭാഗവും ഭരണനിയന്ത്രണം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയ്ക്കായിരുന്നതുകൊണ്ട് ഭരണ കോൺഗ്രസ്സ് എന്ന് മറുവിഭാഗവും അറിയപ്പെട്ടു . സംഘടനാ കോൺഗ്രസ്സ് പ്രസിഡന്റായി നിജലിഗപ്പ തുടർ‍ന്നു.

ജഗജീവൻ റാമിനു് ശേഷം 1972-ൽ ശങ്കർ ദയാൽ‍ ശർ‍മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണവിഭാഗം) പ്രസിഡന്റായി. അദ്ദേഹത്തെ തുടർ‍ന്നു് 1975ൽ ദേവ കാന്ത ബറുവ പ്രസിഡന്റായി.

അടിയന്തരാവസ്ഥയ്ക്കു ശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ‍ ജനതാ പാർട്ടി ഭരണകോൺഗ്രസിനെ അധികാരത്തിൽ നിന്നു് പുറത്താക്കി. തെരഞ്ഞെടുപ്പു് പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു് ബറുവ രാജിവച്ചപ്പോൾ‍ ഇന്ദിരാ ഗാന്ധിയുടെ പിന്തുണയോടെ ബ്രഹ്മാനന്ദ റെഡ്ഢി ഭരണ കോൺഗ്രസ്സ് പ്രസിഡന്റായി.

ഭരണ കോൺഗ്രസ്സ് മാറി ഇന്ദിരാ കോൺഗ്രസ്സാകുന്നു[തിരുത്തുക]

ബ്രഹ്മാനന്ദ റെഡ്ഢിയുമായി പെട്ടെന്നു് തന്നെ ഇന്ദിരാ ഗാന്ധി അകന്നു.1978-ൽ സമാന്തര എ ഐ സി സി സമ്മേളനം വിളിച്ചുകൂട്ടി ഇന്ദിരാ ഗാന്ധി പ്രസിഡന്റായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഇന്ദിര) നിലവിൽ‍ വന്നു. ബ്രഹ്മാനന്ദ റെഡ്ഢി നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വിഭാഗം പിന്നീടു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (അരശ്) ആയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (എസ്) ആയും മാറി മാറി ശിഥിലമായി.

1984ൽ‍ മരിക്കുന്നതു് വരെ ഇന്ദിരാ ഗാന്ധി പ്രസിഡന്റായി തുടർ‍ന്നു. തുടർ‍ന്നു് പ്രസിഡന്റായ ഇന്ദിരാ ഗാന്ധിയുടെ മകനായ രാജീവ് ഗാന്ധിയും 1991 ൽ‍ വധിയ്ക്കപ്പെട്ടു .1991മുതൽ‍ 1997 വരെ പി വി നരസിംഹറാവുവും 1997 മുതൽ‍ 1998-ലെ എ ഐ സി സി-ഐ സമ്മേളനം വരെ സീതാറാം കേസരിയും പ്രസിഡന്റായി. തുടർ‍ന്നു് 1998 മുതൽ‍ സോണിയാ ഗാന്ധിയാണിതിന്റെ പ്രസിഡന്റ്.

രാഷ്ട്രീയ ഉയർ‍ച്ച താഴ്ചകൾ[തിരുത്തുക]

പിളർപ്പിനുശേഷം ഭരണകക്ഷി ഇന്ദിരാ ഗാന്ധിയുടെ അധീശത്വത്തിനു കീഴിലായി എന്നു പറയാം. ഭരണകക്ഷി എന്നഅവസ്ഥയിലാണു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് –ഭരണം രൂപം കൊണ്ടതു്. പാർ‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണം എന്നതിന്റെ സ്ഥാനത്തു് ഭരണകൂടനേതൃത്വത്തിന്റെ കീഴിലുള്ള പാർ‍ട്ടി എന്ന നില പാർ‍ട്ടിയെ അധികാരം ഉറപ്പിച്ചുനിറുത്താനുള്ള ഉപകരണം മാത്രമാക്കി.

രാഷ്ട്രീയ നയത്തിന്റെ അടിസ്ഥാനത്തിലുള്ള കക്ഷി എന്ന പ്രാധാന്യം ഈ കക്ഷിയ്ക്കുണ്ടായിരുന്നില്ലെങ്കിലും ഇടതു-വലത് ആശയ സംഹിതകളുടെ സംഘട്ടനമായിരുന്നു കോൺഗ്രസിലെ പിളർപ്പെന്നു പ്രചരിക്കപ്പെട്ടിരുന്നു. ഗരീബി ഹഠാവോ (ദാരിദ്ര്യം തുടച്ചു നീക്കുക) തുടങ്ങിയ ജനപ്രിയ മുദ്രാവാക്യങ്ങൾ‍ ഉയർ‍ത്തിയ കോൺഗ്രസ്സ് (ഭരണവിഭാഗം) സോവിയറ്റ് യൂണിയനുമായുള്ള സഖ്യത്തിനുവേണ്ടി നിലകൊണ്ടു. ഭരണകക്ഷിയുടെ നിയന്ത്രണം കൈപ്പടിയിലാക്കിയതോടെ ഇന്ദിര ഭരണത്തിലും പാർട്ടിയിലും ഏകാധിപത്യ പ്രവണതകൾ കാട്ടിത്തുടങ്ങി. അവർക്കെതിരെ രാജ്യമെമ്പാടും രാഷ്ട്രീയ നീക്കങ്ങൾ ശക്തിപ്പെട്ടു. ഇതിനിടയിൽ 1975-ൽ തിരഞ്ഞെടുപ്പ് കൃത്രിമം കാണിച്ചു എന്ന കാരണത്താൽ അലഹബാദ്ഹൈക്കോടതി അവരുടെ ലോൿസഭാംഗത്വം റദ്ദാക്കുകയും ആറു വർഷത്തേക്ക് പൊതു തിരഞ്ഞെടുപ്പിൽ നിന്നു വിലക്കുകയും ചെയ്തു. ഇന്ദിര രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ രാജ്യമെമ്പാടും പ്രക്ഷോഭങ്ങൾ അരങ്ങേറി. എന്നാൽ എതിർപ്പുകൾ അടിച്ചമർത്താൻ ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോടതികളുടെ അധികാരം വെട്ടിച്ചുരുക്കപ്പെട്ടു. രാജ്യം ഇന്ദിരയുടെയും അവരുടെ അനുയായികളുടെയും പൂർണ നിയന്ത്രണത്തിലായി. പ്രതിപക്ഷനേതാക്കൾ കൂട്ടത്തോടെ ജയിലിലടയ്ക്കപ്പെട്ടു.അടിയന്തരാവസ്ഥയോടും ഇന്ദിരയുടെ നയങ്ങളോടും ജനങ്ങൾ ശക്തമായി പ്രതികരിച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ‍ ജനതാ പാർട്ടി ഭരണകോൺഗ്രസിനെ അധികാരത്തിൽ നിന്നു് പുറത്താക്കി.

ജനതാ പാർട്ടിയിലെ അന്തഃഛിദ്രങ്ങളെത്തുടർന്ന് ആദ്യത്തെ കോൺഗ്രസിതര സർക്കാർ ചുരുങ്ങിയ കാലത്തിനുള്ളിൽ അധികാരത്തിൽ നിന്നും പുറത്തായി. 1980-ലെ പൊതുതിരഞ്ഞെടുപ്പിലൂടെ ഇന്ദിര വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. രാഷ്ട്രീയ തിരിച്ചു്വരവു് ലഭിച്ച ഇന്ദിരാ കോൺഗ്രസും ഇന്ദിരാ ഗാന്ധിയും ഭരണ തലത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നു. ഭൂരിപക്ഷമുണ്ടായിരുന്ന ആന്ധ്ര പ്രദേശിലെ എന് ടി രാമറാവുവിന്റെ തെലുഗു് ദേശം സർ‍ക്കാരിനെയും ജമ്മു- കാശ്മീരിലെ ഫറൂഖ് അബ്ദുല്ല സർ‍ക്കാരിനെയും പുറത്താക്കിയതു് പ്രതിച്ഛായ മോശമാക്കി. പഞ്ചാബു് പ്രശ്നം പ്രധാന രാഷ്ട്രീയവിഷയമായി. സിഖ് തീവ്രവാദത്തെ അമർച്ച ചെയ്യാൻ അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ഇന്ദിര നടത്തിയ വിവാദപരമായ സൈനിക നടപടികൾ അവരെ സിഖു വിരുദ്ധയാക്കി. 1984-ൽ സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിര വധിക്കപ്പെട്ടു.

രാജീവ് യുഗം[തിരുത്തുക]

ഇന്ദിരാ ഗാന്ധിയുടെ മരണശേഷം മകൻ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായും ഇന്ദിരാ കോൺഗ്രസ് പാർ‍ട്ടി പ്രസിഡന്റുമായി. ഇന്ദിരാ വധം ഉയർത്തിയ സഹതാപതരംഗത്തിന്റെ പിൻ‌ബലത്തിൽ 1984-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. രാജീവിന്റെ ഭരണം ആദ്യ നാളുകളിൽ സുഗമമായിരുന്നു. രാജീവ് സർക്കാരിന്റെ അവസാന നാളുകളിൽ കോൺഗ്രസ്- ഐവൻ പ്രതിസന്ധിയിലായി. ബോഫോഴ്സ് പീരങ്കി അഴിമതി ആരോപണം പാർട്ടിയെ ഉലച്ചു. ഉന്നതരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഫെയർ ഫാക്സ് സ്ഥാപനത്തെ നിയമിച്ചതിന്റെപേരിൽ പ്രധാനമന്ത്രിയ്ക്കു് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർ‍ത്തകളുയർന്ന പശ്ചാത്തലത്തിൽ രാജീവ് ഗാന്ധി ധനകാര്യ മന്ത്രിയായിരുന്ന വി.പി. സിംഹിനെ പ്രതിരോധ മന്ത്രിസ്ഥാനത്തേയ്കു്കു് മാറ്റി. ജർ‍മൻ‍ മുങ്ങിക്കപ്പൽ ഇടപാടിൽ 8ശതമാനം കമ്മീഷൻആർ‍ക്കോ പോകന്നുണ്ടെന്ന വിവരം അറിഞ്ഞപ്പോൾ ഡിപ്പാര്ട്ടുമെന്റൽ അന്വേഷണത്തിനു് ഉത്തരവുനല്കിയ ശേഷം പ്രതിരോധ മന്ത്രിസ്ഥാനം വി.പി. സിംഹ് രാജിവയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രിയും ഇന്ദിരാ കോൺഗ്രസ് പ്രസിഡന്റുമായ രാജീവ് ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസം മൂലം വി.പി. സിംഹിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ടു് ജനമോർ‍ച്ച രൂപവൽകരിച്ചു. ജനമോർ‍ച്ചയും ജനതാ പാർട്ടിയും ലോക് ദളും ചേർ‍ന്നുണ്ടായ ജനതാദളം രാഷ്ട്രീയശക്തിയായിമാറി.

1989-ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ദിരാ കോൺഗ്രസ് അധികാരത്തിൽ നിന്നും പുറത്തായി. വി.പി. സിംഹിന്റെ നേതൃത്വത്തിലുള്ള ജനതാദൾ സർക്കാർ അധികാരത്തിലെത്തി.

ഭാരതീയ ജനതാ പാർ‍ട്ടി (ഭാജപ) പിന്തുണ പിൻ‍വലിച്ചതോടെ ഭൂരിപക്ഷം നഷ്ടമായ വി.പി. സിംഹ് നേതൃസ്ഥാനമൊഴിയണമെന്നു് പ്രധാനനേതാക്കൾ ആവശ്യപ്പെട്ടതോടെ ജനതാദളം പിളർന്നു. വി.പി. സിംഹിന്റെ പ്രധാനമന്ത്രിസ്ഥാനം തെറിച്ചു. ജനതാദൾ (സമാജവാദി) നേതാവു് ചന്ദ്രശേഖറിന് സർക്കാർ രൂപവത്കരിക്കാൻ ഇന്ദിരാ കോൺഗ്രസ് പുറത്തു് നിന്നു പിന്തുണ നൽകി. പെട്ടെന്ന് മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പാർട്ടിയുടെ ആത്മവിശ്വാസക്കുറവായിരുന്നു ഈ നടപടിക്കു പിന്നിൽ. ഏതായാലും ഏഴുമാസക്കാലമേ ഈ ഭരണം നീണ്ടു നിന്നുള്ളൂ. രാജീവ് ഗാന്ധിയെ നിരീക്ഷിക്കാൻ ചാരന്മാരെ നിയോഗിച്ചു എന്നാരോപിച്ച് കോൺഗ്രസ് ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ നാലുമാസം കഴിഞ്ഞപ്പോൾ പിൻ‌വലിച്ചു.

ആഗോളവൽക്കരണം[തിരുത്തുക]

1991-ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മെയ്മാസത്തിൽ രാജീവ് ഗാന്ധിയെ തമിഴ് പുലികൾ വധിച്ചു. പി.വി. നരസിംഹ റാവു ഇന്ദിരാ കോൺഗ്രസ് പ്രസിഡന്റായി. രാജീവിന്റെ മരണം ഇന്ദിരാ കോൺഗ്രസിൽ നേതൃപ്രതിസന്ധി സൃഷ്ടിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ സഹതാപതരംഗമുണർത്തി വിജയിക്കുന്നതിന് ഇത് സഹായകമായെന്നു പറയാം. (രാജീവ് മരിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിരുന്നു).

ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടാതിരുന്ന പശ്ചാത്തലത്തിൽ ന്യൂനപക്ഷ സർ‍ക്കാരുണ്ടാക്കാൻ ഇന്ദിരാ കോൺഗ്രസിനു് കഴിഞ്ഞു. ആന്ധ്രാ പ്രദേശത്തു് നിന്നുള്ള പി.വി. നരസിംഹ റാവുവായിരുന്നു പ്രധാനമന്ത്രി സ്ഥാനത്തെത്തി. ഭാരതീയ ജനതാ പാർ‍ട്ടി (ഭാജപ) ഇതര കക്ഷികൾ പാർ‍ലമെന്റിൽ‍ നിന്നു് പ്രതിഷേധിച്ചു് ഇറങ്ങിപ്പോയി സഹകരിച്ചതുകൊണ്ടാണു് സർ‍ക്കാരിനു് പാർ‍ലമെന്റിൽ വിശ്വാസം തെളിയിയ്ക്കാൻ‍കഴിഞ്ഞതു്. രാഷ്ട്രീയ കൌശലങ്ങളുടെ ബലത്തിൽ റാവു സർക്കാർ അഞ്ചു വർഷം തികച്ചു. ഈ കാലയളവിലാണ് ഇന്ത്യയിൽ ആഗോളവല്ക്കരണം തുടങ്ങിയത്. അദ്വാനി നടത്തിയ രഥയാത്രയുടെ അവസാനം കർസേവകർ ബാബറി മസ്ജിദ് പൊളിച്ചതും അക്കാലത്താണു്.

1996-ലെ തിരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയായിരുന്നു. ഇന്ദിരാ കോൺഗ്രസ് പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ നേതാവെന്ന നിലയിൽ എ.ബി. വാജ്പേയി പ്രധാനമന്ത്രി സ്ഥാനത്തെത്തിയെങ്കിലും പതിനൊന്നു ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തികയ്ക്കാനാവാതെ പുറത്തായി.

ബി.ജെ.പിയെ അധികാരത്തിൽ നിന്നും ഒഴിവാക്കാനായി കോൺഗ്രസ് മൂന്നാം മുന്നണിക്ക് പുറത്തു നിന്നു പിന്തുണ നൽകി. സീതാറാം കേസരിയായിരുന്നു ഇക്കാലയളവിൽ കോൺഗ്രസിന്റെ അധ്യക്ഷൻ. ആദ്യം എച്ച്.ഡി. ദേവഗൌഡയെയും പിന്നീട് ഐ.കെ. ഗുജ്‌റാളിനെയും പിന്തുണച്ച കോൺഗ്രസ്-ഐ 1997 നവംബർ 23-നു പിന്തുണ പിൻ‌വലിച്ചു.

സോണിയാ യുഗം[തിരുത്തുക]

1998-ൽ നടന്ന തിരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയായിരുന്നുവെങ്കിലും കോൺഗ്രസ്-ഐ അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. വാജ്പേയിയുടെ നേതൃത്വത്തിൽ ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തി. സീതാറാം കേസരി മാറി രാജീവ് ഗാന്ധിയുടെ വിധവ സോണിയാ ഗാന്ധി 1998-ൽ ഇന്ദിരാ കോൺഗ്രസിന്റെ നേതൃസ്ഥാനം സ്വീകരിച്ചു. ഒരു വർഷത്തിനകം വാജ്‌പേയി സർക്കാർ പുറത്തായെങ്കിലും 1999-ലെ ഇടക്കാല തിരഞ്ഞെടുപ്പും ഇന്ദിരാ കോൺഗ്രസിന്റെ തിരിച്ചുവരവിനു കളമൊരുക്കിയില്ല. വിദേശത്തു ജനിച്ച സോണിയാ കോൺഗ്രസിന്റെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയാകുന്നതിൽ പ്രതിഷേധിച്ച് ശരദ് പവാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി വിട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി രൂപവത്കരിക്കുകയും ചെയ്തിരുന്നു. 1999 മുതൽ 2004 വരെ കാലാവധി തികച്ചു് ബി.ജെ.പി. ഭരിച്ചു.

2004-ലെ തിരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയായിരുന്നുവെങ്കിലും കോൺഗ്രസ്-ഐ അപ്രതീക്ഷിത തിരിച്ചുവരവു നടത്തി. ഇടതുകക്ഷികളുടെ പിന്തുണയോടെ കോൺഗ്രസ് സർക്കാർ രൂപവത്കരിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടയിൽ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം നിരസിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനായ മൻ‌മോഹൻ സിങ്ങിനെ അവർ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദ്ദേശിച്ചു. സോണിയയുടെ ഈ നടപടി ഒരുതരത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ പ്രതിച്ഛായ വർദ്ധിപ്പിച്ചു. വിദേശപൌരത്വമുള്ള നേതാവ് എന്ന ആരോപണത്തിൽനിന്നും കോൺഗ്രസ് മെല്ലെ മുക്തിനേടി. ഐക്യ പുരോഗമന സഖ്യം രൂപവൽ‍കരിച്ചു് ഇടതുകക്ഷികളുടെ പിന്തുണയോടെമൻ‍മോഹൻ സിംഹ് പ്രധാനമന്ത്രിയായി കോൺഗ്രസ്-ഐ നേതൃത്വത്തിലുള്ള സർ‍ക്കാരുണ്ടാക്കി.

2009-ലെ തിരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയായിരുന്നുവെങ്കിലും ഐക്യ പുരോഗമന സഖ്യത്തിനു് സർ‍ക്കാർ രൂപവൽ‍ക്കരിക്കാൻ‍കഴിഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - ഐ അഖിലേന്ത്യാ പ്രസിഡന്റും ഐക്യ പുരോഗമന സഖ്യത്തിന്റെ (യു. പി. എ.) പ്രസിഡന്റുമായി സോണിയാ ഗാന്ധിതുടരുന്നു. പ്രധാനമന്ത്രി ഡോ. മൻ‍മോഹൻ സിംഹാണു് പാർലമെന്ററി പാർട്ടി നേതാവും പ്രധാനമന്ത്രിയും.

സംസ്ഥാനങ്ങളിൽ[തിരുത്തുക]

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടനാ സംവിധാനമുള്ള പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - ഐ. എൺപതുകൾക്കു ശേഷം പിളർപ്പുകളും പ്രാദേശിക പാർട്ടികളുടെ വളർച്ചയും മൂലം പല സംസ്ഥാനങ്ങളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - ഐ ദുർബലമാവുകയും അധികാരത്തിൽ നിന്നു പുറത്താവുകയും ചെയ്തു. ഉത്തർ പ്രദേശ്, ബിഹാർ തുടങ്ങിയ ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലുമാണ് പാർട്ടി വൻ തകർച്ച നേരിട്ടത്. ഏറ്റവും വലിയ നിയമസഭയുള്ള ഉത്തർപ്രദേശിൽ മുഖ്യപ്രതിപക്ഷ കക്ഷി പോലുമല്ല കോൺഗ്രസ്-ഐ. ഇതര കക്ഷികളുമായി സഖ്യത്തിനു് മടിച്ചിരുന്ന കോൺഗ്രസ് എൺപതുകൾക്കു ശേഷം നിലപാടുമാറ്റി. നിലവിൽ പതിമൂന്നു് സംസ്ഥാനങ്ങളിൽ കോൺഗ്രസ്-ഐ ഭരണത്തിലുണ്ട്. കോൺഗ്രസിൽ നിന്നും പിളർന്നു മാറിയ എൻ.സി.പി.യാണ് മഹാരാഷ്ട്രയിൽ സഖ്യകക്ഷി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഒറീസ, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിൽ മുഖ്യപ്രതിപക്ഷ കക്ഷിയുമാണ്.

വിമർശനങ്ങളും വിവാദങ്ങളും[തിരുത്തുക]

1947-ലെ ഗോഡ്സെ വിരുദ്ധ കലാപം[തിരുത്തുക]

ഗാന്ധിജിയെ മഹാരാഷ്ട്രയിലെ ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്ന നാഥുറാം ഗോഡ്സെ വെടിവച്ച് കൊലപ്പെടുത്തിയതായി അറിഞ്ഞതിനെ തുടർന്ന് കുറച്ച് കോണ്ഗ്രസ് പ്രവർത്തകർ ഗോഡ്സയുടെ പാർട്ടിയായ ഹിന്ദു മഹാസഭയുടെ പ്രവർത്തകരെ കടന്നാക്രമിക്കുകയും അവരുടെ വീടുകൾക്ക് തീയിടുകയും ജയിലിലാക്കുകയും ചെയ്തു.[2]

1975-1977-ലെ അടിയന്തരാവസ്ഥ[തിരുത്തുക]

പ്രധാന ലേഖനം: അടിയന്തരാവസ്ഥ (1975)

1975-ൽ തിരഞ്ഞെടുപ്പ് കൃത്രിമം കാണിച്ചു എന്ന കാരണത്താൽ കൃത്രിമം കാണിച്ചു എന്ന കാരണത്താൽ അലഹബാദ്ഹൈക്കോടതി ഇന്ദിരാ ഗാന്ധിയുടെ ലോൿസഭാംഗത്വം റദ്ദാക്കി. എന്നാൽ രാജി വെക്കാൻ കൂട്ടാക്കാതെ, എതിർപ്പുകൾ അവഗണിച്ച്, രാജ്യത്തിന്റെ ഭരണഘടനയിലെ അധികാര നിർദ്ദേശങ്ങൾക്ക് തിരുത്തലുകൾ വരുത്തി, അവർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളിലെ ഭരണം നിയമവാഴ്ച നഷ്ട്ടപ്പെട്ടു എന്നാരോപിച്ച് രാഷ്ട്രപതി ഭരണത്തിൽ കീഴിലാക്കി. ഈ അടിയന്തരാവസ്ഥാ കാലഘട്ടം സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വിവാദമായ കാലഘട്ടമായി വിലയിരുത്തുന്നു.[3] കോടതികളുടെ അധികാരം വെട്ടിച്ചുരുക്കപ്പെട്ടു, മാധ്യമ സ്വാതന്ത്ര്യം വിലക്കി, രാജ്യം ഇന്ദിരയുടെയും അവരുടെ അനുയായികളുടെയും പൂർണ നിയന്ത്രണത്തിലായി. പ്രതിപക്ഷനേതാക്കൾ കൂട്ടത്തോടെ ജയിലിലടയ്ക്കപ്പെട്ടു.

1984-ലെ സിഖ് വിരുദ്ധ കലാപം[തിരുത്തുക]

പ്രധാന ലേഖനം: സിഖ് വിരുദ്ധ കലാപം

1984 ഒക്ടോബർ 31-ന് ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം 3100-നടുത്ത് വരുന്ന സിഖുക്കാരെ കൊലപ്പെടുത്തിയ കലാപം പൊട്ടിപ്പുറപ്പെട്ടു.[4] അക്ക്രമങ്ങൾ കോണ്ഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ആയിരുന്നു നടത്തപ്പെട്ടത്. എങ്കിലും മുൻനിര നേതാക്കൾക്കെതിരെ ഉയർന്ന കേസുകൾ വർഷങ്ങൾ നീണ്ടു നിന്ന അന്യോഷണങ്ങൾക്കൊടുവിൽ അവസാനിപ്പിച്ചു.[5] കോണ്ഗ്രസ് സർക്കാർ ഈ കേസുകൾ തെളിവുകൾ നശിപ്പിക്കുകയും കുറ്റവാളികളെ സംരക്ഷിച്ചു എന്നും നിരവധി ആരോപണം ഉണ്ട്. 'ദി ഏഷ്യൻ ഏജ്' സർക്കാരിന്റെ നടപടികളെ "മൂടിവക്കലുകളുടെ അമ്മ" എന്നാണ് ഒന്നാം പേജിൽ കൊടുത്ത ലേഖനത്തിലൂടെ വിവരിച്ചത്.[6][7]

ബോഫോഴ്സ് കുംഭകോണം[തിരുത്തുക]

പ്രധാന ലേഖനം: ബോഫോഴ്സ് കുംഭകോണം

1980-ലെ ഏറ്റവും വലിയ കുംഭകോണമായിരുന്നു ബോഫോഴ്സ് കുംഭകോണം. രാജീവ് ഗാന്ധിയും സുഹൃത്തായ വിൻ ച്ഛദ്ദയും ഇറ്റാലിയൻ ബിസ്സിനസുകാരൻ ഒട്ടോവിയോ കൊത്രോച്ചിയും ഇന്ത്യൻ സേനക്ക് ബോഫോഴ്സ് പീരങ്കി തോക്കുകൾ വിറ്റതിൽ കമ്മീഷൻ പറ്റി എന്ന ആരോപണമാണ് ഈ വിവാദം. 40 കോടി രൂപയുടെ[8] ഈ കുംഭകോണം പുറം ലോകമറിഞ്ഞത് 'ഇന്ത്യൻ എക്സ്പ്രസ്', 'ദി ഹിന്ദു' എന്നീ പത്രങ്ങളുടെ അന്യോഷണാത്മക പത്രപ്രവർത്തനത്തിലൂടെയായിരുന്നു.

പാർട്ടി ടിക്കറ്റ് വിവാദം[തിരുത്തുക]

2008-ൽ കോണ്ഗ്രസ് നേതാവായിരുന്ന മാർഗരറ്റ് ആൽവ, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേതാക്കന്മാരുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കുമാണ്‌ കോൺഗ്രസ്‌ സീറ്റു നല്‌കിയതെന്നും കർണാടകത്തിൽ സീറ്റ്‌ വിൽക്കുകയാണെന്നും പരസ്യ പ്രസ്‌താവന നടത്തിയത് വൻ വിവാദം സൃഷ്ടിച്ചു.[9] അവർക്കെതിരെ അച്ചടക്ക ലംഘനത്തിന് പാർട്ടി നടപടി സ്വീകരിച്ചു.

മത പക്ഷപാത ആരോപണം[തിരുത്തുക]

കോണ്ഗ്രസും സഖ്യകക്ഷികളും കപട മതേതരത്വമാണ് സ്വീകരിക്കുന്നത് എന്നാരോപിക്കുകയും ഹിന്ദുക്കൾക്ക് മതേതരത്വം ബാധകമാക്കുമ്പോൾ മുസ്ലീങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും മതപരമായ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് ആരോപിക്കുകയും ചെയ്യപ്പെടുന്നു.[10]

2G സ്പെക്ട്രം അഴിമതിക്കേസ്[തിരുത്തുക]

2010-ൽ കണ്ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ(സി.എ.ജി) എന്ന സർക്കാർ സ്ഥാപനം, ടെലിക്കോം വകുപ്പിൽ സ്പെക്ട്രം അനുവദിച്ചതിൽ തിരിമറി ഉണ്ട് എന്ന് കണ്ടെത്തുന്നതോടെയാണ് ഈ സംഭവം പുറത്താകുന്നത്. സി.എ.ജിയുടെ കണക്കു പ്രകാരം ഇതിലൂടെ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ട്ടം വന്നു എന്ന് വിലയിരുത്തി.[11] കോണ്ഗ്രസ് സഖ്യമായ യു.പി.എയിലെ ഡി.എം.കെയുടെ ടെലികോം മന്ത്രിയായിരുന്ന രാജക്കെതിരെ കേസെടുക്കുകയും രാജ ജയിലിൽ ആകുകയും ചെയ്തു.

കൽക്കരി കുംഭകോണക്കേസ്[തിരുത്തുക]

2004 മുതൽ 2009 വരെയുള്ള കാലത്താണ് കൽക്കരി അഴിമതി ഇടപാട് നടന്നത്. ഇതിൽ 2006 മുതൽ 2009 വരെ പ്രധാനമന്ത്രി മൻമോഹൻസിങ് തന്നെയാണ് കൽക്കരിവകുപ്പ് കൈകാര്യംചെയ്തത്. 142 കൽക്കരി പാടങ്ങളാണ് നിയമവിരുദ്ധമായി ലേലംചെയ്യാതെ ചെറിയ തുക പ്രതിഫലം നിശ്ചയിച്ച് ടാറ്റ, ബിർള, റിലയൻസ് പവർ ലിമിറ്റഡ്, നവീൻ ജിൻഡാലിന്റെ ജിൻഡാൽ സ്റ്റീൽ തുടങ്ങി നൂറോളം സ്വകാര്യ കമ്പനികൾക്ക് നൽകിയതുവഴി 1.86 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയതാണ് കൽക്കരി കുംഭകോണക്കേസ്.

കോൺഗ്രസ് മുഖ്യമന്ത്രിമാർ[തിരുത്തുക]

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഭരണവിഭാഗം) പ്രസിഡന്റു്മാർ[തിരുത്തുക]


ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) പ്രസിഡന്റു്മാർ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1978-ലെ ആന്ധ്രാ പ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പു് സംബന്ധിച്ച തെരഞ്ഞെടുപ്പു് കമ്മീഷന്റെ രേഖ നോക്കുക- ഒരേ സമയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) യും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും 1978-ൽ ഉണ്ടായിരുന്നു.
 2. http://www.outlookindia.com/article.aspx?238938
 3. "India in 1975: Democracy in Eclipse", ND Palmer - Asian Survey, vol 16 no 5. Opening lines.
 4. Bedi, Rahul (1 November 2009). "Indira Gandhi's death remembered". BBC. Retrieved 2009-11-02. "The 25th anniversary of Indira Gandhi's assassination revives stark memories of some 3,000 Sikhs killed brutally in the orderly pogrom that followed her killing"
 5. "Fresh probe into India politician". BBC News. 2007-12-18. Retrieved 2009-09-23.
 6. Mustafa, Seema (2005-08-09). "1984 Sikhs Massacres: Mother of All Cover-ups". Front page story (The Asian Age). p. 1. 
 7. Agal, Renu (2005-08-11). "Justice delayed, justice denied". BBC News. 
 8. http://indiatoday.intoday.in/index.php?issueid=89&id=39264&option=com_content&task=view&sectionid=4
 9. http://thatsmalayalam.oneindia.in/news/2008/11/11/india-alva-resigns-as-congress-general-secretary.html
 10. A Hindu backlash hits Sonia Gandhi – upiasiaonline.com
 11. 2G Spectrum Scam