രാമചന്ദ്രൻ കടന്നപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kadannappalli Ramachandran


കേരളത്തിലെ തുറമുഖം, മ്യൂസിയം,മൃഗശാല വകുപ്പ് മന്ത്രി
നിലവിൽ
പദവിയിൽ 
25 മേയ് 2016 മുതൽ
ജനനം (1944-07-01) 1 ജൂലൈ 1944 (വയസ്സ് 72)
Thannada, Kannur, Kerala, India
ദേശീയത Indian
രാഷ്ട്രീയപ്പാർട്ടി
Congress (S)
ജീവിത പങ്കാളി(കൾ) T. M. Saraswathi

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും കോൺഗ്രസ് (എസ്.) സംസ്ഥാന പ്രസിഡണ്ടും ആണ് കടന്നപ്പള്ളി രാമചന്ദ്രൻ (ജനനം: ജൂലൈ 1, 1944 - ). ഇപ്പോഴത്തെ പിണറായി വിജയൻ മന്ത്രിസഭയിൽ തുറമുഖം, പുരാവസ്തു എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അദ്ദേഹം. മുമ്പ് 2009 മുതൽ 2011 വരെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയുമായിരുന്നു അദ്ദേഹം.

ജീവിതരേഖ[തിരുത്തുക]

പയ്യന്നൂർ കടന്നപ്പള്ളി ചെറുവാഞ്ചേരിയിൽ പി.വി. കൃഷ്ണൻ ഗുരിക്കളുടെയും ടി.കെ. പാർവ്വതിയമ്മയുടെയും മകനായി 1944 ജൂലൈ 1-നാണ് രാമചന്ദ്രൻ ജനിച്ചത്. എടമന, മാതമംഗലം, മാടായി എന്നിവിടങ്ങളിലെ സ്കൂളുകളിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം അക്കാലഘട്ടത്തിൽത്തന്നെ കെ.എസ്.യു. പ്രവർത്തകനായി പ്രവർത്തിച്ചു. 1960-ൽ കെ.എസ്.യുവിൻറെ കണ്ണൂർ താലൂക്ക് പ്രസിഡണ്ടായ രാമചന്ദ്രൻ 65-ൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും 69-ൽ സംസ്ഥാന പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു.[1]

രാഷ്ട്രീയം[തിരുത്തുക]

26-ംമത്തെ വയസ്സിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെ 1971-ൽ കാസർകോട്‌ ലോക്സഭാ മണ്ഡലത്തിൽ ഇ കെ നായനാരെ തറപറ്റിച്ച പ്രകടനത്തിലൂടെയാണ്‌ രാമചന്ദ്രൻ കടന്നപ്പള്ളി രാഷ്ട്രീയ കേരളത്തിന്റെ സവിശേഷ ശ്രദ്ധപിടിച്ചുപറ്റിയത്‌. ജ്യോതിഷപണ്ഡിതൻ പരേതനായ കടന്നപ്പള്ളി കണ്ടോന്താറിൽ പി വി കുഞ്ഞിക്കൃഷ്ണൻ ഗുരുക്കളുടെ മകനായ കടന്നപ്പള്ളി വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. തിരുവനന്തപുരം ലോ അക്കാദമയിൽ നിയമപഠനം നടത്തവേയാണ്‌ പാർലമെന്റിലേക്ക്‌ മത്സരിച്ചത്‌. 1964-ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായി.

കാസർകോടെ വിജയം കടന്നപ്പള്ളി '77ലും ആവർത്തിച്ചു. കോൺഗ്രസ്‌ പിളർന്നപ്പോൾ 1980-ൽ എൽഡിഎഫിലെത്തി. '81ൽ നായനാർ മന്ത്രിസഭയെ എ കെ ആന്റണിയും കൂട്ടരും പിന്നിൽനിന്നു കുത്തി കരുണാകരപക്ഷത്തേക്ക്‌ ചേക്കേറിയപ്പോൾ കടന്നപ്പള്ളി എൽഡിഎഫിൽ ഉറച്ചുനിന്നു. പിന്നീട്‌ പി സി ചാക്കോയും കെ പി ഉണ്ണികൃഷ്ണനുമെല്ലാം കോൺഗ്രസ്‌ ഐയിലേക്ക്‌ മടങ്ങിയപ്പോഴും കടന്നപ്പള്ളി ഇടതുപക്ഷത്തിനൊപ്പം ചാഞ്ചല്യമില്ലാതെ തുടരുകയായിരുന്നു. '80ൽ ഇരിക്കൂറിൽനിന്ന്‌ നിയമസഭാംഗമായി. പേരാവൂരിൽനിന്ന്‌ രണ്ടുതവണ നിയമസഭയിലേക്കും 1996-ൽ കണ്ണൂർ മണ്ഡലത്തിൽനിന്ന്‌ ലോക്സഭയിലേക്കും മത്സരിച്ച്‌ പരാജയപ്പെട്ടു. റിട്ടയേഡ്‌ അധ്യാപിക ടി എം സരസ്വതിയാണ്‌ ഭാര്യ. ഏകമകൻ മിഥുൻ അവിയൽ സംഗീതസംഘത്തിലെ ഡ്രമ്മറാണ്.

2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എടക്കാട്‌ മണ്ഡലത്തിൽ നിന്ന്‌ യുഡിഎഫ്‌ പിന്തുണച്ച ഡിഐസി സ്ഥാനാർഥിയായ കെ സി കടമ്പൂരാനെ 30672 വോട്ടിന്‌ ജയിച്ചു. 2009 ആഗസ്ത്‌ 17-ന്‌ വി എസ്‌ മന്ത്രിസഭയുടെ പുനസംഘടനാവേളയിലാണ്‌ ആദർശരാഷ്ട്രീയത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന കടന്നപ്പള്ളി ദേവസ്വം, പ്രിന്റിങ്‌ ആന്റ്‌ സ്റ്റേഷനറി വകുപ്പുകളുടെ മന്ത്രിയായി ചുമതലയേറ്റത്‌. കോൺഗ്രസ്‌ എസിന്റെ സംസ്ഥാന പ്രസിഡന്റാണ്‌ കടന്നപ്പള്ളി.[2]

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തി കടന്നപ്പള്ളി വീണ്ടും നിയമസഭയിലെത്തി. തുടർന്ന് 2016 മേയ് 25-ന് അദ്ദേഹം തുറമുഖം, പുരാവസ്തു വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

അവലംബം[തിരുത്തുക]

  1. "ആദർശങ്ങളുടെ കരുത്തിൽ കടന്നപ്പള്ളി" (ഭാഷ: മലയാളം). മലയാള മനോരമ. 2009-08-15. ശേഖരിച്ചത് 2009-08-15. 
  2. http://www.ldfkannur.org/index.php/%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF/kadannappalli.html