ടി.പി. രാമകൃഷ്ണൻ
ടി.പി. രാമകൃഷ്ണൻ | |
---|---|
ഇടതുമുന്നണി കൺവീനർ | |
ഓഫീസിൽ 2024-തുടരുന്നു | |
മുൻഗാമി | ഇ.പി.ജയരാജൻ |
കേരള നിയമസഭാംഗം | |
ഓഫീസിൽ 2021, 2016, 2001 | |
മണ്ഡലം | പേരാമ്പ്ര |
കേരളത്തിലെ എക്സൈസ്, തൊഴിൽ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2016-2021 | |
മുൻഗാമി | കെ. ബാബു |
പിൻഗാമി | എം.വി.ഗോവിന്ദൻ മാസ്റ്റർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നമ്പ്രത്ത്കര, പേരാമ്പ്ര, കോഴിക്കോട് ജില്ല | 15 ജൂൺ 1949
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പങ്കാളി | എം.കെ.നളിനി |
കുട്ടികൾ | 2 |
As of ഓഗസ്റ്റ് 31, 2024 ഉറവിടം: നിയമസഭ |
2024 ഓഗസ്റ്റ് 31 മുതൽ ഇടതുമുന്നണി കൺവീനറായി തുടരുന്ന കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവാണ് ടി പി.രാമകൃഷ്ണൻ(ജനനം : 15 ജൂൺ 1949) 2016 മുതൽ പേരാമ്പ്രയിൽ നിന്നുള്ള നിയമസഭാംഗമാണ്. ഒന്നാം പിണറായി സർക്കാരിലെ സംസ്ഥാന എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. നിലവിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും സിഐടിയു സംസ്ഥാന പ്രസിഡൻ്റുമാണ്.[1][2][3][4]
ജീവിത രേഖ
[തിരുത്തുക]കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്കിലെ കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്ത്കരയിൽ ശങ്കരൻ്റെയും മാണിക്യത്തിൻ്റെയും മകനായി 1949 ജൂൺ 15ന് ജനനം. നമ്പ്രത്ത്കര യുപി സ്കൂൾ, കൊയിലാണ്ടി ഗവ.ബോയ്സ്, നടുവത്തൂർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ രാമകൃഷ്ണൻ കോഴിക്കോട് ഗവ. ആർട്ട്സ് & സയൻസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പഠനം പൂർത്തിയാക്കി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]മാർക്സിസ്റ്റ് പാർട്ടിയുടെ ആദ്യകാല വിദ്യാർത്ഥി യുവജന സംഘടനകളായ കെഎസ്എഫ്,കെഎസ്വൈഎഫ് സംഘടനകളിലൂടെ പൊതുരംഗത്ത് എത്തിയ രാമകൃഷ്ണൻ 1968-ൽ മാർക്സിസ്റ്റ് പാർട്ടിയിൽ അംഗമായി.
മാർക്സിസ്റ്റ് പാർട്ടിയുടെ കടിയങ്ങാട് ലോക്കൽ കമ്മിറ്റി, ബാലുശ്ശേരി, പേരാമ്പ്ര ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിയായി പ്രവർത്തിച്ച രാമകൃഷ്ണൻ 1980-ൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും 1990-ൽ ജില്ലാ സെക്രട്ടറിയേറ്റിലും അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ നിന്ന് ആദ്യമായി നിയമസഭയിൽ അംഗമായി.
മാർക്സിസ്റ്റ് പാർട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന വി.വി. ദക്ഷിണാമൂർത്തി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടർന്ന് 2005-ൽ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി. 2006-ൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അംഗമായ രാമകൃഷ്ണൻ 2014 വരെ ജില്ലാ സെക്രട്ടറിയായി തുടർന്നു.
2015-ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ രാമകൃഷ്ണൻ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ നിന്ന് വിജയിച്ചു ഒന്നാം പിണറായി മന്ത്രിസഭയിലെ സംസ്ഥാന എക്സൈസ്, തൊഴിൽ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി. 2021-ൽ പേരാമ്പ്രയിൽ നിന്ന് വീണ്ടും നിയമസഭാംഗമായി.
2023-ൽ സിഐടിയു സംസ്ഥാന പ്രസിഡൻ്റായിരുന്ന ആനത്തലവട്ടം ആനന്ദൻ അന്തരിച്ചതിനെ തുടർന്ന് സിഐടിയു സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.
2024-ലെ ലോക്‌സഭ ഇലക്ഷൻ വിവാദങ്ങളെ തുടർന്ന് ഇടതുമുന്നണി കൺവീനറായിരുന്ന ഇ.പി. ജയരാജന് പകരം ഇടതുമുന്നണി കൺവീനറായി ടി പി രാമകൃഷ്ണനെ 2024 ഓഗസ്റ്റ് 31ന് നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.
പ്രധാന പദവികളിൽ
- 2024 : ഇടതുമുന്നണി കൺവീനർ
- 2023 : സിഐടിയു സംസ്ഥാനപ്രസിഡന്റ്
- 2021 : നിയമസഭാംഗം, പേരാമ്പ്ര
- 2016-2021 : സംസ്ഥാന എക്സൈസ്,തൊഴിൽ വകുപ്പ് മന്ത്രി
- 2016 : നിയമസഭാംഗം, പേരാമ്പ്ര
- 2015 : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
- 2006 : സിപിഎം സംസ്ഥാന കമ്മിറ്റി അംഗം
- 2005-2014 : സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
- 1990 : സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം
- 1981-1990 : സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി സെക്രട്ടറി
- 1980 : സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം
- 1979-1981 : സിപിഎം ബാലുശേരി ഏരിയ കമ്മിറ്റി സെക്രട്ടറി
- 1973-1976 : സിപിഎം കടിയങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി
- 1970-1973 : സിപിഎം കീഴരിയൂർ ലോക്കൽ കമ്മിറ്റി അംഗം
- 1968 : സിപിഎം അംഗം[5]
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ : എം.കെ നളിനി
- മക്കൾ
- രാജുലാൽ
- രഞ്ജിനി