എം.എം. മണി
എം.എം. മണി | |
---|---|
![]() | |
പതിനാലാം നിയമസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രി | |
ഓഫീസിൽ നവംബർ 22 2016 – മേയ് 3 2021 | |
മുൻഗാമി | കടകംപള്ളി സുരേന്ദ്രൻ |
പിൻഗാമി | കെ. കൃഷ്ണൻകുട്ടി |
കേരള നിയമസഭാംഗം | |
In office | |
പദവിയിൽ വന്നത് മേയ് 21 2016 | |
മുൻഗാമി | കെ.കെ. ജയചന്ദ്രൻ |
മണ്ഡലം | ഉടുമ്പഞ്ചോല |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കിടങ്ങൂർ | 12 ഡിസംബർ 1944
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം |
പങ്കാളി(കൾ) | ലക്ഷ്മിക്കുട്ടി |
കുട്ടികൾ | അഞ്ച് മകൾ |
മാതാപിതാക്കൾ |
|
വസതി(കൾ) | പൊട്ടൻകാട് |
വെബ്‌വിലാസം | www.mmmani.com |
As of ഓഗസ്റ്റ് 22, 2020 ഉറവിടം: നിയമസഭ |
പതിനാലാം കേരള നിയമസഭയിലെ അംഗവും, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് മണിയാശാൻ എന്നറിയപ്പെടുന്ന ഇടുക്കി സ്വദേശിയായ എം.എം.മണി. ദീർഘകാലം സി.പി.ഐ(എം) ഇടുക്കി ജില്ലാസെക്രട്ടറിയായിരുന്നു മുണ്ടക്കയ്ക്കൽ മാധവൻ മണി എന്ന എം എം മണി. സംസ്ഥാനത്ത് ഏറ്റവുമധികം കാലം[അവലംബം ആവശ്യമാണ്] സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി ഇദ്ദേഹമാണ്.[1] ഉടുമ്പൻചോല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തെ സംസ്ഥാന മന്ത്രിസഭയിൽ വൈദ്യുത വകുപ്പ് മന്ത്രിയാക്കാൻ സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചു. [2]
ജീവിതരേഖ[തിരുത്തുക]
കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടക്കൽ വീട്ടിൽ മാധവന്റെയും ജാനകിയുടേയും ഏഴു മക്കളിൽ ഒന്നാമനായി ജനിച്ചു. കിടങ്ങൂർ എൻ എസ് എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനമ്മമാർക്കൊപ്പം ഹൈറേഞ്ചിൽ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ചെറുപ്രായത്തിൽ തന്നെ ജോലിചെയ്തു ജീവിക്കേണ്ടിവന്നു. തോട്ടത്തിൽ കൂലിവേല ചെയ്തു വളർന്നു, പിന്നീട് അവർക്കിടയിൽ നിന്ന് കർഷക തൊഴിലാളി നേതാവായി. 1966 ൽ ഇരുപത്തിയൊന്നാം വയസ്സിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1970 ൽ ബൈസൺ വാലി, 1971 ൽ രാജാക്കാട് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ൽ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ടുതവണ സി.പി.ഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറിയായി. കേരളസംസ്ഥാനത്ത് ഏറ്റവുമധികം കാലം സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിനാണ്. അരനൂറ്റാണ്ടു കാലത്തെ പാർട്ടി പ്രവർത്തനത്തിനിടയിൽ കാൽ നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയായിരിക്കാൻ അവസരം ലഭിച്ചു.
സാധാരണക്കാരുടെയും കുടിയേറ്റ ജനതയുടെയും തോട്ടം തൊഴിലാളികളുടെയും അവകാശ പോരാട്ടങ്ങളിൽ നേതൃത്വം നൽകിയ, തൊഴിലാളി പ്രസ്ഥാനത്തെ മലനാട്ടിൽ കരുത്തത്തുറ്റതാക്കിയ ഈ ജനകീയ നേതാവ് ഒമ്പത് തവണ സിപിഐ എം ജില്ലാ സെക്രട്ടറിയായി. ഇപ്പോൾ സംസ്ഥാന സെക്രട്ടറിയറ്റംഗം, അഖിലേന്ത്യാ കിസാൻസഭ കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളിൽ സജീവം. ചെറുപ്രായത്തിൽതന്നെ കുടിയൊഴിപ്പിക്കലിനെതിരായുള്ള നിരാഹാര സമരങ്ങളിൽ പങ്കെടുത്ത് മണി പ്രവർത്തനങ്ങളിൽ സജീവമായി. 1966ൽ 22–-ാം വയസ്സിൽ പാർടി അംഗമായി. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ മത്സരിച്ചു. അന്ന് നേടാൻ കഴിയാതിരുന്ന വിജയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയെടുത്തു. അടിയന്തരാവസ്ഥക്കാലം ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ജയിൽവാസം അനുഭവിച്ചു. പൊലീസിൽനിന്ന് കൊടിയ മർദനങ്ങളും ഏറ്റിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
1996 ൽ ഉടുമ്പൻചോല മണ്ഡലത്തിൽ മത്സരിച്ച മണി മൂവായിരത്തിൽപരം വോട്ടിന് കോൺഗ്രസിലെ ഇ എം അഗസ്തിയോട് തോറ്റു. ആദ്യത്തെ ജില്ലാ പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും പരാജയമായിരുന്നു. മുൻകാലങ്ങളിൽ സി.പി.ഐ(എം) നേതാവായ വി.എസ്.അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്നു[അവലംബം ആവശ്യമാണ്]. മൂന്നാർ കൈയേറ്റം കാണാൻ വന്ന വി.എസ്.അച്യുതാനന്ദനെ അനുഗമിച്ചിട്ടുണ്ട്. എന്നാൽ, മൂന്നാർ പാർട്ടി ഓഫീസ് സ്ഥലവും സഹോദരനും മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ ലംബോദരൻ ഉൾപ്പെടെയുളള പാർട്ടി നേതാക്കളുടെ കൈയേറ്റങ്ങളും ഒഴിപ്പിക്കാനുളള അച്യുതാനന്ദന്റെ നീക്കം അവരെ അകറ്റിയതായി പറയപ്പെടുന്നു[അവലംബം ആവശ്യമാണ്]. ഇടുക്കി ജില്ലയിലെ മൂന്നു സീറ്റും 2005-ലെ തെരഞ്ഞെടുപ്പിൽ സി.പി.ഐ(എം)-നു നിൽനിർത്താനായി. പിന്നീട് സി.പി.ഐ(എം) സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ പക്ഷം ചേർന്നു[അവലംബം ആവശ്യമാണ്]. [3]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2016 | ഉടുമ്പൻചോല നിയമസഭാമണ്ഡലം | എം.എം. മണി | സി.പി.ഐ.എം. എൽ.ഡി.എഫ്. | ||
1996 | ഉടുമ്പൻചോല നിയമസഭാമണ്ഡലം | ഇ എം അഗസ്തി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) | എം.എം. മണി | സി.പി.ഐ.എം. എൽ.ഡി.എഫ്. |
വിവാദം[തിരുത്തുക]
ടി.പി വധത്തെ തുടർന്ന് 'സി.പി.ഐ(എം)എതിരാളികളെ കൊന്നിട്ടുണ്ട് ' എന്ന ഇദ്ദേഹത്തിന്റെ പ്രസംഗം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. അതിലെ വിവാദ ഭാഗം ഏറെ ചർച്ചകൾക്കിടയാക്കി:
“ | ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയ്യാറാക്കി കൈകാര്യം ചെയ്തു. ഞങ്ങൾ ഒരു പ്രസ്താവനയിറക്കി. 13 പേർ. വൺ, ടൂ, ത്രീ, ഫോർ... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായിലേ്ല, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു . | ” |
ഇതിനെ തുടർന്ന് അദ്ദേഹത്തെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സി.പി.ഐ(എം) നീക്കം ചെയ്തു.[4] ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും, അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് നുണപരിശോധനക്ക് ആവശ്യപ്പെടുകയും ചെയ്തു.[5]
സിനിമ[തിരുത്തുക]
- ഇരുവഴി തിരിയുന്നിടം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ "മണിയുടെ ഇളകിപ്പറച്ചിൽ-മാധ്യമം മുഖപ്രസംഗം മെയ് 28,2012". മൂലതാളിൽ നിന്നും 2012-06-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-03.
- ↑ http://www.mathrubhumi.com/news/kerala/mm-mani-ac-moideen-malayalam-news-1.1519256
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-03.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-08.
- ↑ http://articles.timesofindia.indiatimes.com/2012-11-12/kochi/35067995_1_mm-mani-cpm-s-idukki-polygraph-test[പ്രവർത്തിക്കാത്ത കണ്ണി]