ഉള്ളടക്കത്തിലേക്ക് പോവുക

വി.ഡി. സതീശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.ഡി. സതീശൻ
വി.ഡി. സതീശൻ
പതിമൂന്നാമത്തെ കേരള മുഖ്യമന്ത്രി
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
18 മെയ് 2026
ഗവർണർരാജേന്ദ്ര അർലേക്കർ
മുൻഗാമിപിണറായി വിജയൻ
കേരളത്തിന്റെ ധനകാര്യം, തുറമുഖം, ദുരന്തനിവാരണം, നിയമ വകുപ്പുകളുടെ അധിക ചുമതലയുള്ള മുഖ്യമന്ത്രി
പദവിയിൽ
18 മെയ് 2026
മുൻഗാമി
പ്രതിപക്ഷ നേതാവ്, പതിനഞ്ചാം കേരള നിയമസഭ
പദവിയിൽ
22 മേയ് 2021  4 മെയ് 2026
മുൻഗാമിരമേശ് ചെന്നിത്തല
പിൻഗാമിപിണറായി വിജയൻ
കേരള നിയമസഭാംഗം
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
മേയ് 16 2001
മുൻഗാമിപി. രാജു
മണ്ഡലംപറവൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-05-31) മേയ് 31, 1964 (age 62) വയസ്സ്)
നെട്ടൂർ, കൊച്ചി, കേരളം, ഇന്ത്യ
രാഷ്ട്രീയ കക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിആർ. ലക്ഷ്മി പ്രിയ
കുട്ടികൾഉണ്ണിമായ
മാതാപിതാക്കൾ
  • കെ. ദാമോദര മേനോൻ (അച്ഛൻ)
  • വി. വിലാസിനി അമ്മ (അമ്മ)
വസതി(s)ദേശം, ആലുവ, എറണാകുളം ജില്ല
വെബ്‌വിലാസംhttps://kerala.gov.in/
As of മെയ് 14, 2026
ഉറവിടം: കേരള സി.എം

2026 മെയ് 18 മുതൽ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി തുടരുന്ന, എറണാകുളം ജില്ലയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവാണ് വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ എന്ന വി.ഡി. സതീശൻ.(31 മെയ് 1964) എറണാകുളം ജില്ലയിൽ നിന്നുള്ള കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയും 2001 മുതൽ തുടർച്ചയായി ആറാം തവണയും പറവൂർ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിൽ അംഗവുമാണ്.[1][2][3][4] 2021 മുതൽ 2026 വരെ നിലവിലിരുന്ന പതിനഞ്ചാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. നിയമസഭാംഗമായി മാത്രം തുടർന്ന് സംസ്ഥാന മന്ത്രിസഭകളിൽ അംഗമാകാതെ നേരിട്ട് ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തുന്ന ആറാമത്തെ രാഷ്‌ട്രീയ നേതാവാണ് വി.ഡി.സതീശൻ. കെ. കരുണാകരൻ, വി.എസ്. അച്യുതാനന്ദൻ എന്നിവർക്ക് ശേഷം പ്രതിപക്ഷ നേതാവ് പദവിയിൽ നിന്ന് മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളുമാണ്. ഇ.എം.എസ്, പട്ടം താണുപിള്ള, എ.കെ. ആന്റണി, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ എന്നിവരാണ് സതീശന് മുൻപ് മന്ത്രിയാകാതെ മുഖ്യമന്ത്രിയായവർ.[5][6]

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിലെ നെട്ടൂരിൽ (മരട് മുനിസിപ്പാലിറ്റി) വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും നാലാമത്തെ മകനായി ഇടവ മാസത്തിലെ ചതയം നക്ഷത്രത്തിൽ 1964 മെയ് 31ന് ജനനം. ഉണ്ണികൃഷ്ണൻ, മനോഹരൻ, രാജശേഖരൻ, അജയകുമാർ, ആശ എന്നിവർ സഹോദരങ്ങളാണ്.

നെട്ടൂർ എസ്.വി.യു.പി. സ്ക്കൂളിൽ പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം പനങ്ങാട് ഹൈസ്ക്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായ സതീശൻ പ്രീഡിഗ്രിയും ഡിഗ്രിയും തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് പൂർത്തിയാക്കി. കളമശേരി രാജഗിരി കോളേജിൽ നിന്ന് എം.എസ്.ഡബ്യു കോഴ്സ് പാസായ ശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും എൽ.എൽ.ബിയും ഗവ. ലോ കോളേജിൽ നിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദവും നേടി.

തേവര സേക്രഡ് ഹാർട്ട് കോളേജിൽ പഠിക്കുമ്പോൾ കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.യുവിൽ പ്രവർത്തിച്ചാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. കെ.എസ്.യു വഴി വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്റെ നേതൃ നിരയിലെത്തിയ സതീശൻ പിന്നീട് കളമശേരി രാജഗിരി കോളേജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും എം.ജി സർവകലാശാല യൂണിയൻ ചെയർമാനുമായി.

പത്ത് വർഷം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ച സതീശൻ ഐ.എൻ.ടി.യു.സിയുടെ കീഴിലുള്ള നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്.[7] [8]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1986–1987 കാലഘട്ടത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല യൂണിയന്റെ ചെയർമാനായിരുന്ന സതീശൻ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെയും (NSUI) എറണാകുളം ഡി.സി.സിയുടേയും സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.[9]

1989-ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പദവി, 1992-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവി, 2011-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ മന്ത്രിപദം, 2017-ൽ വി.എം.സുധീരൻ രാജി വച്ചപ്പോൾ ഒഴിവ് വന്ന കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം എന്നീ സ്ഥാനങ്ങളിലേക്ക് ആദ്യമെ സതീശന്റെ പേര് വന്നെങ്കിലും പിന്നീട് ആ സ്ഥാനങ്ങൾ സതീശന് നഷ്‌ടപ്പെടുകയായിരുന്നു.

വി.ഡി.സതീശന്റെ പാർലമെൻ്ററി രാഷ്ട്രീയത്തിൻ്റെ തുടക്കം 1996-ലായിരുന്നു. 1996-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ പറവൂരിൽ നിന്ന് മത്സരിച്ച അദ്ദേഹം സി.പി.ഐ സ്ഥാനാർഥിയായ പി. രാജുവിനോട് പരാജയപ്പെട്ടു. അന്നത്തെ കാലത്ത് പറവൂർ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്നു.

1996-ലെ ആദ്യ തോൽവിക്ക് ശേഷം അഭിഭാഷക ജോലിയിലേക്ക് തിരിഞ്ഞ സതീശനെ തിരിച്ച് വീണ്ടും കേരള രാഷ്ട്രീയത്തിൽ സജീവമാക്കിയ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ജി.കാർത്തികേയനാണ് സതീശന്റെ രാഷ്ട്രീയ ഗുരു.

2001-ലെ പതിനൊന്നാം കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടിക്കറ്റിൽ പറവൂരിൽ നിന്ന് വിജയിച്ച സതീശൻ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് അദ്ദേഹം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കുകയായിരുന്നു. പിന്നീട് 2006, 2011, 2016, 2021, 2026 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും പറവൂരിൽ നിന്ന് വിജയിച്ചു.[10][11]

2006-2011-ലെ 12-ാം കേരള നിയമസഭയിൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചീഫ് വിപ്പായും പ്രവർത്തിച്ചു.[12] പന്ത്രണ്ടാം കേരള നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടി.[13] 2013-ൽ പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനനുകൂലമായും പ്രതികരിക്കുന്ന എംഎൽഎമാരുടെ രാഷ്ട്രീയെതര സംഘത്തിൽ പ്രമുഖനായിരുന്നു.[14] 2013-ൽ തമിഴ്നാടിൻ്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായും 2014-ൽ കെ.പി.സി.സി വൈസ് പ്രസിഡണ്ടായും നിയമിതനായി.[15]

2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് പരാജയപ്പെട്ടതോടെ 2016-ലെ പതിനാലാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലക്ക് പകരം 2021 മേയ് 22-ന് അഖിലേന്ത്യ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി വി.ഡി.സതീശനെ 15-ാം കേരളനിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു.[16]കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാവായിരുന്ന സതീശൻ പതിനഞ്ചാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായതിന് ശേഷം ഗ്രൂപ്പ് രാഷ്ട്രീയത്തെ പിന്നീട് പ്രോത്സാഹിപ്പിച്ചില്ല എന്ന് മാത്രമല്ല ടീം യുഡിഎഫ് എന്നൊരു ആശയം ഉയർത്തിയാണ് പിന്നീടുള്ള പ്രവർത്തനങ്ങൾ നടത്തിയത്.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തുടർച്ചയായ തോൽവിയോടെ വെറും 22 സീറ്റിലേക്ക് ഒതുങ്ങി പോയ കോൺഗ്രസ് പാർട്ടിയെ പ്രതിപക്ഷ നേതൃ സ്ഥാനമേറ്റ ശേഷം അഞ്ച് വർഷത്തെ പ്രവർത്തന മികവിൽ 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 63 സീറ്റിലേക്ക് ഉയർത്തിയ സതീശൻ നേതൃത്വം നൽകിയ ഐക്യ ജനാധിപത്യമുന്നണി 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 102 സീറ്റിൽ വൻ വിജയം നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പതിനാറാം കേരള നിയമസഭയിൽ ഭരണമുറപ്പിച്ചു.[17]

പത്ത് ദിവസം നീണ്ടു നിന്ന അനിശ്ചിതത്തിന് ഒടുവിൽ 2026 മെയ് 14-ന് പതിനഞ്ചാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു.[18]

കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ എ ഐ ഗ്രൂപ്പുകളുടെ പിന്തുണ ഇല്ലാതെ പ്രതിപക്ഷ നേതൃ പദവിയിലെത്തുകയും പിന്നീട് ഗ്രൂപ്പ് രാഷ്ട്രീയമില്ലാതെ തന്നെ നിയമസഭാകക്ഷി നേതാവാകുകയും ചെയ്ത ആദ്യത്തെയാളാണ് വി.ഡി.സതീശൻ.[19][20] 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തെ തുടർന്ന് വി.ഡി.സതീശനെ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു.

2026 മെയ് 18-ന് തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് കേരളത്തിന്റെ ഇരുപത്തിനാലാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.[21]

2026 ജൂൺ 19-ന് പതിനാറാം കേരള നിയമസഭയിൽ യു.ഡി.എഫ് സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം നടത്തിയതോടെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനകാര്യ വകുപ്പിൻ്റെ അധിക ചുമതലയുള്ള അഞ്ചാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി.സതീശൻ. ആർ. ശങ്കർ, സി. അച്യുതമേനോൻ, ഇ.കെ. നായനാർ, ഉമ്മൻചാണ്ടി എന്നിവരാണ് മറ്റുള്ളവർ.[22]

കേരളത്തിൽ ആഭ്യന്തരവകുപ്പിന്റെ അധിക ചുമതല ഇല്ലാതെ തന്നെ മുഖ്യമന്ത്രിയാകുന്ന ആറാമത്തെയാളാണ് വി.ഡി.സതീശൻ. വി.എസ്. അച്യുതാനന്ദൻ, പി.കെ. വാസുദേവൻ നായർ, സി. അച്യുതമേനോൻ, ആർ. ശങ്കർ, പട്ടം താണുപിള്ള എന്നിവരാണ് മറ്റ് അഞ്ചുപേർ.

ഈ ലിസ്റ്റിൽ കെ.കരുണാകരനും ഉമ്മൻചാണ്ടിയും ഉൾപ്പെടുമെങ്കിലും മൂന്ന് തവണ മുഖ്യമന്ത്രിയായ കാലയളവിൽ ആഭ്യന്തര വകുപ്പിൻ്റെ ചുമതല ഇല്ലാതിരുന്ന കരുണാകരൻ മൂന്നാം ടേമിൻ്റെ അവസാന സമയത്തും നാലാം ടേമിൽ മുഖ്യമന്ത്രിയായും ആഭ്യന്തരവകുപ്പ് കൈവശം വെച്ചപ്പോൾ ആഭ്യന്തരവകുപ്പിൻ്റെ അധിക ചുമതലതയോടെ ആദ്യ ടേം പൂർത്തിയാക്കിയ ഉമ്മൻചാണ്ടി അവസാന ടേമിൽ ഒരു വർഷത്തിന് ശേഷം ആഭ്യന്തരവകുപ്പിൻ്റെ ചുമതല ഒഴിഞ്ഞു മുഖ്യമന്ത്രിയായി തുടരുകയായിരുന്നു.[23][24]

തിരഞ്ഞെടുപ്പ് പ്രകടനം

[തിരുത്തുക]
കേരള നിയമസഭ
വർഷം നിയോജക മണ്ഡലം പാർട്ടി വോട്ടുകൾ % എതിരാളി എതിരാളി പാർട്ടി വോട്ടുകൾ % ഭൂരിപക്ഷം ഭൂരിപക്ഷം % ഫലം
1996 പറവൂർ INC 38,607 43.67 പി. രാജു CPI 39,723 44.93 -1,116 -1.26% പരാജയപ്പെട്ടു
2001 48,859 50.11% 41,425 42.48 7,434 7.63% വിജയിച്ചു
2006 51,099 51.06 കെ. എം. ദിനകരൻ 43,307 43.27 7,792 7.79% വിജയിച്ചു
2011 74,632 51.78 പന്ന്യൻ രവീന്ദ്രൻ 62,955 43.91 11,349 7.87% വിജയിച്ചു
2016 74,985 46.70 ശാരദ മോഹൻ 54,351 33.85 20,364 12.85% വിജയിച്ചു
2021 82,264 51.87 എം. ടി. നിക്സൺ 60,963 38.44 21,301 13.47% വിജയിച്ചു
2026 78,658 49.2 ഇ. ടി. ടൈസൺ 58,058 36.3 20,600 12.7% വിജയിച്ചു

അവലംബം

[തിരുത്തുക]
  1. "പറവൂരിന്റെ നായകൻ ഇനി സംസ്ഥാനത്തിന്റെ കൈപിടിക്കും; ജയിച്ചത് 2 മത്സരങ്ങൾ!". മനോരമ ഓൺലൈൻ. 14 മേയ് 2026. Retrieved 2 ഓഗസ്റ്റ് 2026.
  2. മിഥുൻ എം. കുര്യാക്കോസ് (15 മേയ് 2026). "സതീശൻ വരുമ്പോൾ വഴിമാറും 'ശീലങ്ങൾ'; എംഎൽഎമാർക്കൊപ്പം നേതാക്കൾക്കും ശബ്ദം". മനോരമ ഓൺലൈൻ. Retrieved 2 ഓഗസ്റ്റ് 2026.
  3. മനോജ് മാത്യു (15 മേയ് 2026). "360 ഡിഗ്രി സതീശൻ: നിലപാടുകൾ ഉറക്കെപ്പറയുന്ന വ്യക്തിത്വം; കരുനീക്കങ്ങൾ മുൻകൂട്ടിക്കണ്ട് പടയോട്ടം". മനോരമ ഓൺലൈൻ. Retrieved 2 ഓഗസ്റ്റ് 2026.
  4. ലിജിൻ കടുക്കാരം (18 മേയ് 2026). "ചരിത്രം കുറിച്ച് വിഡി സതീശൻ; കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രി, അഞ്ചാമത്തെ കോൺഗ്രസുകാരൻ". സമയം. Retrieved 2 ഓഗസ്റ്റ് 2026.
  5. ആർ. പി. സായ്കൃഷ്ണ (14 മേയ് 2026). "വനവാസമില്ല, ഇനി ജനവാസം; എന്നും പച്ചപ്പിനൊപ്പം, ഇനി ഹരിത മുഖ്യമന്ത്രി". മനോരമ ഓൺലൈൻ. Retrieved 2 ഓഗസ്റ്റ് 2026.
  6. "കോട്ടയത്ത് പയറ്റിത്തെളിഞ്ഞ തിരഞ്ഞെടുപ്പുതന്ത്രം; ഗ്രൂപ്പ് തലവേദനകളെ സമർഥമായി നേരിടാൻ സതീശന്റെ ആദ്യതന". മനോരമ ഓൺലൈൻ. 15 മേയ് 2026. Retrieved 2 ഓഗസ്റ്റ് 2026.
  7. http://www.niyamasabha.org/codes/members/satheesanvd.pdf
  8. Sethuraman, Sundar (22 May 2021). "Congress MLA VD Satheesan to be the leader of opposition in Kerala" [കേരളത്തിൽ പ്രതിപക്ഷ നേതാവാകാൻ കോൺഗ്രസ് എംഎൽഎ വിഡി സതീശൻ]. ബിസിനസ് സ്റ്റാൻഡേർഡ് (in English). Retrieved 2 ഓഗസ്റ്റ് 2026.{{cite news}}: CS1 maint: unrecognized language (link)
  9. "Members - Kerala Legislature". www.niyamasabha.org. Retrieved 20 May 2021.
  10. Sushanth. "ASSEMBLY ELECTIONS 1957 - 2016(Kerala)". data-analytics.GitHub.io. Retrieved 20 May 2021.
  11. "Kerala Assembly Election Results in 2016". www.elections.in. Retrieved 22 May 2021.
  12. Sudhi, K. S. (19 March 2021). "Kerala Assembly Elections | Congress banks yet again on Satheesan in Paravur". The Hindu (in Indian English). ISSN 0971-751X. Retrieved 20 May 2021.
  13. "സി.പി.ഐ 'തുരന്തോ'ക്കെതിരെ സതീശൻ". മാതൃഭൂമി. ഏപ്രിൽ 2, 2011. Retrieved ഏപ്രിൽ 11, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  14. http://4malayalees.com/index.php?page=newsDetail&id=27830
  15. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16143395&tabId=0&contentType=EDITORIAL&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
  16. തങ്ങൾ, ശിഹാബുദ്ദീൻ. "ഇനി പ്രതിപക്ഷത്തിന്റെ ചാട്ടുളി സതീശൻ; തിരിച്ചുവരവിലേക്കുള്ള ആദ്യചുവട്‌". Mathrubhumi. Retrieved 22 May 2021.
  17. https://www.madhyamam.com/kerala/vd-satheesan-visits-ak-antony-1519907
  18. https://www.reporterlive.com/topnews/kerala/2026/05/14/vd-satheesan-cm-announcement-high-command-decision
  19. https://www.manoramaonline.com/premium/opinion-and-analysis/2026/05/15/v-d-satheesan-s-rise-as-cm-and-kerala-s-new-political-landscape-prm.html
  20. https://www.madhyamam.com/entertainment/celebrities/vd-satheesan-fully-understood-tmessage-of-sandesham-sathyan-anthikad-1520137
  21. "keralacm".
  22. https://m.economictimes.com/news/politics-and-nation/kerala-cm-vd-satheesan-presents-maiden-udf-budget-for-2026-27/articleshow/131846328.cms
  23. https://www.thehindu.com/news/national/kerala/chandy-gives-up-home-portfolio-in-reshuffle/article3306493.ece
  24. https://www.newindianexpress.com/states/kerala/2012/Apr/13/kerala-congress-cm-without-home-in-25-years-358128.html
പദവികൾ
മുൻഗാമി കേരളത്തിന്റെ മുഖ്യമന്ത്രി
18 മേയ് 2026 – ഇപ്പോഴും
പിൻഗാമി
-
"https://ml.wikipedia.org/w/index.php?title=വി.ഡി._സതീശൻ&oldid=4652657" എന്ന താളിൽനിന്ന് ശേഖരിച്ചത്