Jump to content

ജി. കാർത്തികേയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർത്തികേയൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാർത്തികേയൻ (വിവക്ഷകൾ) എന്ന താൾ കാണുക. കാർത്തികേയൻ (വിവക്ഷകൾ)
ജി. കാർത്തികേയൻ
സ്പീക്കർ കേരള നിയമസഭ
ഓഫീസിൽ
02 ജൂൺ 2011 [1] – 7 മാർച്ച് 2015
മുൻഗാമികെ. രാധാകൃഷ്ണൻ
ഗവർണ്ണർഎച്ച്.ആർ. ഭരദ്വാജ്
മണ്ഡലംഅരുവിക്കര
പ്രതിപക്ഷത്തിന്റെ ഉപനേതാവ്, ആര്യനാട് എം.എൽ.എ.
ഓഫീസിൽ
2006–2011
ഭക്ഷ്യ പൊതുവിതരണ മന്ത്രി
ഓഫീസിൽ
2001–2006
വ്യക്തിഗത വിവരങ്ങൾ
ജനനം(1949-01-20)20 ജനുവരി 1949
വർക്കല, കേരളം, ഇൻഡ്യ
മരണം7 മാർച്ച് 2015(2015-03-07) (പ്രായം 66)
ബെംഗളൂരു
രാഷ്ട്രീയ കക്ഷിഇൻഡ്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഡോ. എം.ടി. സുലേഖ
കുട്ടികൾ2 ആൺകുട്ടികൾ
വസതിsതിരുവനന്തപുരം, ഇൻഡ്യ
As of Nov 7, 2012
ഉറവിടം: kerala.gov.in

കേരളത്തിലെ കോൺഗ്രസ് (ഐ) നേതാക്കളിലൊരാളും, പതിമൂന്നാം കേരള നിയമസഭയിലെ സ്പീക്കറും, അരുവിക്കര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യും ആയിരുന്നു "ജി.കെ." എന്ന് വിളിക്കുന്ന ജി. കാർത്തികേയൻ (20 ജനുവരി 1949 - 7 മാർച്ച് 2015). 1995-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001-ലെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോൺഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.[2]

ജീവിതരേഖ

[തിരുത്തുക]

1949 ജനുവരി 20-ന് തിരുവനന്തപുരം ജില്ലയിലെ വർക്കല കണ്ണംബയിൽ എൻ.പി ഗോപാല പിള്ളയുടെയും വനജാക്ഷി അമ്മയുടെയും മൂത്ത മകനായി ജനനം. ഏഴ് സഹോദരങ്ങളുണ്ട്. ബിരുദത്തിന് ശേഷം എൽ.എൽ.ബിയും പൂർത്തിയാക്കി. കെ.എസ്.യു.-വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. 1978-ൽ കോൺഗ്രസിലുണ്ടായ പിളർപ്പിൽ കാർത്തികേയൻ കെ. കരുണാകരനൊപ്പം അടിയുറച്ചു നിന്നു. കെ.എസ്.യു. സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം 1980-ൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. വർക്കല മണ്ഡലത്തിൽ വർക്കല രാധാകൃഷ്ണനോടായിരുന്നു തോൽവി.[3] 1982-ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം സി.പി.എം. നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.[4] എന്നാൽ 1987-ൽ ഇതേ മണ്ഡലത്തിൽ എം.വിജയകുമാറിനോട് പരാജയപ്പെട്ടു.[5] പിന്നീട് തുടർച്ചയായി അഞ്ചു തവണ ജി. കാർത്തികേയൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വർഷങ്ങളിൽ ആര്യനാട് നിന്നും 2011-ൽ അരുവിക്കരയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. തുടർന്ന് കേരള നിയമസഭയുടെ പതിനെട്ടാമത് സ്പീക്കറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കർ പദവിയിലിരിയ്ക്കേ 66-ആം വയസ്സിൽ, അർബുദബാധയെത്തുടർന്ന് ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിൽ വച്ച് 2015 മാർച്ച്‌ ഏഴിന് രാവിലെ പതിനൊന്നുമണിയ്ക്ക് അദ്ദേഹം അന്തരിച്ചു. മൃതദേഹം വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിയ്ക്കുകയും പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം വൈദ്യുതിശ്മശാനത്തിൽ സംസ്കരിയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സംസ്ഥാന മന്ത്രിമാർ, ഗവർണർ പി. സദാശിവം തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഉപതിരെഞ്ഞെടുപ്പിലൂടെ രണ്ടാമത്തെ മകൻ കെ.എസ്.ശബരീനാഥൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു എം.എൽ.എ ആയി.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 അരുവിക്കര നിയമസഭാമണ്ഡലം ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. അമ്പലത്തറ ശ്രീധരൻ നായർ ആർ.എസ്.പി., എൽ.ഡി.എഫ്.
2006 ആര്യനാട് നിയമസഭാമണ്ഡലം ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി.ജെ. ചന്ദ്രചൂഡൻ ആർ.എസ്.പി., എൽ.ഡി.എഫ്.
2001 ആര്യനാട് നിയമസഭാമണ്ഡലം ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ജി. അർജുനൻ ആർ.എസ്.പി., എൽ.ഡി.എഫ്.
1996 ആര്യനാട് നിയമസഭാമണ്ഡലം ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.പി. ശങ്കരദാസ് ആർ.എസ്.പി., എൽ.ഡി.എഫ്.
1991 ആര്യനാട് നിയമസഭാമണ്ഡലം ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. പങ്കജാക്ഷൻ ആർ.എസ്.പി., എൽ.ഡി.എഫ്.
1987 തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം എം. വിജയകുമാർ സി.പി.എം., എൽ.ഡി.എഫ്. ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. അനിരുദ്ധൻ സി.പി.എം., എൽ.ഡി.എഫ്.
1980 വർക്കല നിയമസഭാമണ്ഡലം വർക്കല രാധാകൃഷ്ണൻ സി.പി.എം. ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അധികാരങ്ങൾ

[തിരുത്തുക]
  • 2006-2011 വരെ കോൺഗ്രസ് (ഐ.)യുടെ നിയമസഭാ കക്ഷി ഉപനേതാവ്.
  • 2001-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രി
  • 1995-2001 വരെകോൺഗ്രസ് (ഐ.)യുടെ നിയമസഭാ കക്ഷി ഉപനേതാവ്.
  • 1995-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി.
  • 1991ൽ കോൺഗ്രസ് നിയമസഭാ കക്ഷി ചീഫ് വിപ്പ്.
  • കെ.പി.സി.സി.യുടെ ജനറൽ സെക്രട്ടറിയും ഏക വൈസ് പ്രസിഡന്റുമായിട്ടുണ്ട്.
  • യൂത്ത് കോൺഗ്രസ്ന്റെ ബ്ലോക്ക് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി വിവിധ പദവികൾ.
  • യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്.
  • കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയും കേരള സർവകലാശാല സെനറ്റിലെ വിദ്യാർത്ഥി പ്രതിനിധിയുമായിരുന്നു.
  • കെ.എസ്.യു.ന്റെ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന പ്രസിഡന്റ് വരെ വിവിധ പദവികൾ വഹിച്ചു.

കുടുംബം

[തിരുത്തുക]

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. എം.ടി. സുലേഖയാണ് ഭാര്യ . കെ.എസ്. അനന്തപത്മനാഭൻ, കെ.എസ്.ശബരീനാഥൻ എന്നിവർ മക്കളാണ്.

അവലംബങ്ങൾ

[തിരുത്തുക]
  1. http://www.business-standard.com/india/news/g-karthikeyan-elected-speakerkerala-assembly/437673/
  2. "സ്പീക്കറുടെ ജീവിതരേഖയും വ്യക്തിവിവരണവും". കേരള നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. Archived from the original on 2014-07-25. Retrieved 2011-06-14.
  3. "1980-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്" (PDF). Archived from the original (PDF) on 2011-09-20. Retrieved 2011-06-14.
  4. 1982-ലെ തെരഞ്ഞെടുപ്പ് ഫലം,തിരുവനന്തപുരം നോർത്ത് മണ്ഡലം, കേരള നിയമസഭ തെരഞ്ഞെടുപ്പ് വിവരശേഖരം
  5. 1987-ലെ തെരഞ്ഞെടുപ്പ് ഫലം,തിരുവനന്തപുരം നോർത്ത് മണ്ഡലം, കേരള നിയമസഭ തെരഞ്ഞെടുപ്പ് വിവരശേഖരം
  6. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ജി._കാർത്തികേയൻ&oldid=4070678" എന്ന താളിൽനിന്ന് ശേഖരിച്ചത്