നാനാ സാഹിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാനാ സാഹിബ്
ജനനം(19-05-1824)മേയ് 1824, 19 invalid day
അപ്രത്യക്ഷമായത്1857
കാൺപൂർ
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്കാൺപൂർ കലാപം
സ്ഥാനപ്പേര്പേഷ്വ
മുൻഗാമിബാജി റാവു രണ്ടാമൻ
മാതാപിതാക്ക(ൾ)നാരായൺ ഭട്ട്, ഗംഗാ ബായ്

മറാഠാ വംശത്തിലെ ഒരു പ്രഭുവും, 1857 ലെ ഇന്ത്യൻ ലഹളയുമായി ബന്ധപ്പെട്ടു പൊട്ടിപ്പുറപ്പെട്ട കാൺപൂർ കലാപത്തിലെ നേതാവുമായിരുന്നു നാനാ സാഹിബ്. പേഷ്വാ ബാജി റാവു രണ്ടാമന്റെ ദത്തു പുത്രനായിരുന്നു നാനാ സാഹിബ്. പേഷ്വാ ബാജി റാവുവിന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അനുവദിച്ചിരുന്ന പെൻഷൻ, അദ്ദേഹത്തിന്റെ മരണശേഷം പുത്രനായ നാനാ സാഹിബിനു നൽകാൻ കമ്പനി വിസമ്മതിച്ചു. നാനാ സാഹിബ് പേഷ്വാ ബാജി റാവുവിന്റെ ദത്തു പുത്രനാണെന്ന കാരണം പറഞ്ഞാണ് കമ്പനി പെൻഷൻ നൽകാൻ തയ്യാറാകാതിരുന്നത്.

ഇംഗ്ലീഷുകാർ നടപ്പിൽവരുത്തുന്ന മാറ്റങ്ങൾ നാനാ സാഹിബിന് അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. ഹിന്ദു മതത്തിന്റെ മൂല്യങ്ങളിലും, ലക്ഷ്യങ്ങളിലും അടിയുറച്ചു വിശ്വസിച്ചു ജീവിച്ചിരുന്ന ഒരാളായിരുന്നു നാനാ സാഹിബ്. 1857 ലെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇംഗ്ലീഷ് പട്ടാളത്തെ സഹായിക്കാൻ നാനാ സാഹിബിന്റെ സൈന്യത്തേയും അയക്കാൻ ഈസ്റ്റ് ഇന്ത്യാ കമ്പനി ആവശ്യപ്പെട്ടു. എന്നാൽ കലാപകാരികളായ വിമതരുടെ കൂടെ ചേർന്ന് അവരുടെ സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ നാന സാഹിബ് നിർബന്ധിതനാവുകയായിരുന്നു. 16 ജൂലൈ 1857 ൽ യുദ്ധരംഗത്തു നിന്നും അപ്രത്യക്ഷമായ നാനാ സാഹിബിനെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.

ആദ്യകാല ജീവിതം[തിരുത്തുക]

1824 മേയ് 19 ന് ഉത്തർപ്രദേശിലെ ബിഥൂർ ഗ്രാമത്തിൽ നാരായൺ ഭട്ടിന്റേയും, ഗംഗാ ബായിയുടേയും മകനായി നാനാ ഗോവിന്ദ് ഡൊന്തു പന്ത് എന്ന നാനാ സാഹിബ് ജനിച്ചു.[1] നാനയുടെ മാതാപിതാക്കൾക്ക് പേഷ്വയുടെ കൊട്ടാരത്തിൽ ജോലി ലഭിച്ചു. പേഷ്വാ ബാജി റാവു മൂന്നാം മറാത്താ യുദ്ധത്തിൽ പരാജയപ്പെട്ടതിനു ശേഷം ബിഥൂറിലുള്ള തന്റെ കൊട്ടാരത്തിൽ കമ്പനി അനുവദിച്ച പെൻഷനും വാങ്ങി കഴിയുകയായിരുന്നു. വലിയൊരു സമ്പത്തിന്റെ ഉടമയായിരുന്നു ബാജി റാവു. പുത്രന്മാരില്ലാതിരുന്ന ബാജി റാവു, നാനാ സാഹിബിനേയും, ഇളയ സഹോദരനേയും തന്റെ മക്കളായി ദത്തെടുത്തു. ബാജി റാവുവിന്റെ ഭാര്യമാരിലൊരാളുടെ സഹോദരി കൂടിയായിരുന്നു ഗംഗാ ബായ്.[2]

താന്തിയോ തോപ്പെയും, അസിമുള്ള ഖാനുമായിരുന്നു കൊട്ടാരത്തിലെ നാനാ സാഹിബിന്റെ സുഹൃത്തുക്കൾ. താന്തിയോ തോപ്പെയുടെ പിതാവ് പേഷ്വാ ബാജി റാവുവിന്റെ കൊട്ടാരത്തിലെ പ്രധാനികളിൽ ഒരാളായിരുന്നു. പേഷ്വാ ബാജി റാവു, ബിഥൂരിലേക്കു പലായനം ചെയ്തപ്പോൾ തോപ്പെയുടെ കുടുംബവും ഒപ്പം പോരുകയായിരുന്നു. നാനാ സാഹിബിന്റെ പ്രധാന സഹായി ആയിരുന്നു അസിമുള്ള ഖാൻ, പിന്നീട് നാനാ സാഹിബ് പേഷ്വാ പദവിയിലെത്തിയപ്പോൾ അസിമുള്ളക്ക് കൊട്ടാരത്തിൽ ദിവാന്റെ സ്ഥാനം നൽകുകയായിരുന്നു.

അനന്തരാവകാശി[തിരുത്തുക]

പേഷ്വാ ബാജി റാവുവിന്റെ വിൽപത്രം പ്രകാരം അദ്ദേഹത്തിന്റെ പിൻതുടർച്ചാവകാശിയായി നാനാ സാഹിബിനേയാണ് അധികാരപ്പെടുത്തിയിരുന്നത്. അതുപ്രകാരം ബാജി റാവുവിന് അവകാശപ്പെട്ടിരുന്ന പ്രതിവർഷ പെൻഷനായിരുന്ന 80000 പൗണ്ട് ബാജി റാവുവിന്റെ മരണശേഷം നാനാ സാഹിബിനു വന്നു നൽകേണ്ടതാണ് എന്നും വിൽപത്രത്തിൽ എഴുതിയിരുന്നു. നാനാ സാഹിബ് പേഷ്വാ ബാജി റാവുവിന്റെ ദത്തു പുത്രനാണെന്ന കാരണം പറഞ്ഞ് ബ്രിട്ടീഷ് സർക്കാർ ഈ പെൻഷൻ തുക നാനാ സാഹിബിനു നൽകാൻ വിസമ്മതിച്ചു. മാത്രവുമല്ല, ബാജി റാവുവിന്റെ മരണശേഷം അനന്തരാവകാസികൾ ഇല്ലെന്ന കാരണത്താൽ ഡോക്ട്രിൻ ഓഫ് ലാപ്സ് [൧] നിയമപ്രകാരം സാമ്രാജ്യം ബ്രിട്ടീഷ് സർക്കാരിന്റെ അധീനതയിലേക്ക് മാറ്റുകയും ചെയ്തു. തന്റെ പെൻഷൻ തുടർന്നും ലഭിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെടാനായി തന്റെ സഹായിയായ അസിമുള്ള ഖാനെ നാനാ സാഹിബ് ഇംഗ്ലണ്ടിലേക്കയച്ചു. എന്നാൽ അസിമുള്ള ഖാന് വിഷയത്തിന്റെ യഥാർത്ഥരൂപം ബ്രിട്ടീഷ് സർക്കാരിനെ വേണ്ട രീതിയിൽ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞില്ല.

1857ലെ ഇന്ത്യൻ ലഹളയിലെ പങ്ക്[തിരുത്തുക]

1857 ൽ ഡെൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം കാൺപൂരിലേക്കും വ്യാപിക്കുകയാണെങ്കിൽ തന്റെ അധീനതയിലുള്ള 15000 പടയാളികളെ ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തിനായി എത്തിച്ചുകൊള്ളാം എന്ന് നാനാ സാഹിബ് കാൺപൂർ കലക്ടറായിരുന്ന ചാൾസ് ഹില്ലേഴ്സന് ഉറപ്പു നൽകിയിരുന്നു. കലാപകാരികൾ കാൺപൂരിൽ എത്തിയപ്പോൾ നേരത്തേ വാഗ്ദാനം ചെയ്തിരുന്നപോലെ നാനാ സാഹിബിന്റെ പടയാളികൾ ബ്രിട്ടീഷുകാർക്ക് സഹായവുമായി എത്തിച്ചേർന്നു. അപ്രതീക്ഷിതമായി തന്റെ സൈന്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തുകൊണ്ട് നാനാസാഹിബും പടക്കളത്തിൽ എത്തി. എന്നാൽ ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കുന്നതിനു പകരം, നാനാ സാഹിബ് താൻ കലാപകാരികളുടെ കൂടെ കൂടുകയാണെന്നും ബ്രിട്ടീഷ് സൈന്യത്തെ യാതൊരു തരത്തിലും സഹായിക്കുകയില്ലെന്നും പ്രഖ്യാപിച്ചു.[3] അപ്രതീക്ഷിതമായി ഈ നീക്കത്തെ പട്ടാളക്കാർ എതിർത്തുവെങ്കിലും, നാനാ സാഹിബ് ഉടനടി അവ‍ർക്ക് പതിന്മടങ്ങ് വേതവും, സ്വർണ്ണനാണയങ്ങളും പാരിതോഷികമായി പ്രഖ്യാപിച്ചതോടെ പട്ടാളക്കാർ നാനാ സാഹിബിന്റെ കൂടെ ബ്രിട്ടീഷുകാർക്ക് എതിരായി നിലയുറപ്പിച്ചു.

ജനറൽ വീലർക്കെതിരേയുള്ള ആക്രമണം[തിരുത്തുക]

1857 ജൂൺ 5 ന് ജനറൽ വീലറുടെ നേതൃത്വത്തിലുള്ള പട്ടാള ക്യാംപ് ആക്രമിക്കുമെന്ന് നാനാ സാഹിബ് ഇംഗ്ലീഷുകാർക്ക് കത്തയച്ചു. പിറ്റേ ദിവസം രാവിലെ, വിമതസൈന്യവുമായി ജനറൽ വീലറുടെ അധീനതയിലുള്ള പട്ടാള ബാരക് നാനാ സാഹിബ് ആക്രമിച്ചു. നാനാ സാഹിബിന്റെ ആക്രമണത്തെ എതിരിടാൻ മാത്രം ബ്രിട്ടീഷ് പട്ടാളം സജ്ജമായിരുന്നില്ല. കടുത്ത സൂര്യാഘാതവും, ജലക്ഷാമവും ബ്രിട്ടീഷ് പട്ടാളത്തിലെ അനവധി ആളുകളുടെ ജീവനെടുത്തു. ബ്രിട്ടീഷ് പട്ടാളത്തിന്റെ പരാജയകഥ പടർന്നതോടെ നാനാ സാഹിബിന്റെ കൂടെ ചേരാൻ കൂടുതൽ വിമതർ വന്നു ചേർന്നു. ജൂൺ 10 ആയപ്പോഴേക്കും നാനാ സാഹിബിന്റെ കീഴിൽ ഏതാണ്ട് 15000 ത്തിനടുത്ത് വിമതസൈനികർ എത്തിച്ചേർന്നിരുന്നു.[4] നാനാ സാഹിബ് സമീപപ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കാൻ തുടങ്ങി. ബ്രിട്ടീഷ് ജനറലായിരുന്ന ജോൺ മൂറിന്റെ നേതൃത്വത്തിൽ പ്രത്യാക്രമണം തുടങ്ങിയെങ്കിലും നാനാ സാഹിബിനെതിരേ പിടിച്ചു നിൽക്കാനുള്ള ആർജ്ജവം ബ്രിട്ടീഷ് പട്ടാളക്കാർക്കുണ്ടായിരുന്നില്ല. ജനറൽ വീലറുടെ ആത്മവിശ്വാസവും യുദ്ധം ജയിക്കാമെന്നുള്ള പ്രതീക്ഷയും ഇല്ലാതായി, കൂടാതെ അദ്ദേഹത്തിന്റെ മകൻ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധത്തിൽ കീഴടങ്ങാമെങ്കിൽ രക്ഷപ്പെടാനുള്ള അവസരം നൽകാം എന്നുള്ള സന്ദേശവുമായി നാനാ സാഹിബ് ഒരു ദൂതനെ ജനറലിന്റെ അടുത്തേക്കയച്ചെങ്കിലും, സന്ദേശത്തിൽ സംശയം തോന്നിയ ജനറൽ ആ നിർദ്ദേശം നിരാകരിച്ചു. നാനാ സാഹിബ് രണ്ടാമതൊരുവട്ടം കൂടി ഇതേ നിർദ്ദേശം ജനറലിനു മുന്നിൽ വെച്ചു. ഈ സമയത്ത് ബാരകിനുള്ളിൽ ഭിന്നാഭിപ്രായങ്ങൾ രൂപപ്പെട്ടു. ഒരു കൂട്ടർ നാനാ സാഹിബിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞുകൊണ്ട് യുദ്ധം തുടരണമെന്ന അഭിപ്രായം ഉന്നയിച്ചപ്പോൾ മറുവിഭാഗം, നാനാ സാഹിബിനു മുന്നിൽ കീഴടങ്ങാനാണു തീരുമാനിച്ചത്. അവസാനം ജനറൽ വീലർ നാനാ സാഹിബിനു മുന്നിൽ കീഴടങ്ങി, നാന പറഞ്ഞതു പോലെ, സതി ചൗരാ ഘട്ട് വഴി അലഹബാദിലേക്കു പലായനം ചെയ്യാൻ തീരുമാനിച്ചു.[5]

സതിചൗരാ ഘട്ട് കൂട്ടക്കൊല[തിരുത്തുക]

27 ജൂൺ 1857 ന് ജനറലുടെ കീഴിലുള്ള അവശേഷിക്കുന്ന സൈനികർ ബാരകിൽ നിന്നും പുറത്തു വന്നു. ഇവർക്കു സഞ്ചരിക്കാൻ ആനകളേയും, പല്ലക്കുകളും നാനാ സാഹിബ് തയ്യാർ ചെയ്തിരുന്നു. ഗംഗയുടെ കരയിലുള്ള സതിചൗരാ ഘട്ടിലെത്തിയ ശേഷം അവിടെ നിന്ന് അലഹബാദിലേക്കു കടക്കാനായിരുന്നു പദ്ധതി. ഇവിടെ ഇവർക്കു നദി കടക്കാനായി വഞ്ചികളും ഏർപ്പാടാക്കിയിരുന്നു. കുട്ടികളും സ്ത്രീകളും, അടങ്ങുന്ന ഈ സംഘത്തെ വിമതസൈന്യം അകമ്പടി സേവിച്ചിരുന്നു. സതിചൗരാ ഘട്ടിൽ പതിവിനു വിപരീതമായ ഗംഗയിൽ വെള്ളം കുറവായിരുന്നു. നദീ തീരത്തു തയ്യാറാക്കി നിറുത്തിയിരുന്ന വള്ളങ്ങൾക്ക് ഇത്ര കുറഞ്ഞ ജലനിരപ്പിൽ സഞ്ചരിക്കുവാനാകുമായിരുന്നില്ല.

ഈ സമയത്തുണ്ടായിരുന്ന ആശയക്കുഴപ്പത്തിൽ ഒരു ചെറിയ വെടിവെപ്പുണ്ടാവുകയും അത് ഒരു കലാപമായി കത്തിപ്പടരുകയും ചെയ്തു. ബ്രിട്ടീഷുകാർ തങ്ങളെ ആക്രമിക്കുകയാണെന്നു തെറ്റിദ്ധരിച്ച് വിമതർ കടുത്ത ആക്രമണം അഴിച്ചു വിടുകയും, ഇംഗ്ലീഷുകാരെ ഒന്നൊന്നായി വകവരുത്തുകയും ചെയ്തു. 120 ഓളം വരുന്ന സ്ത്രീകളും കുട്ടികളും ആണ് കൊല്ലപ്പെടാതെ അവശേഷിച്ചത്. സതിചൗരാ ഘട്ടിൽ ആരാണ് ആദ്യം വെടിവെപ്പു തുടങ്ങിയതെന്ന കാര്യം ഇന്നും അജ്ഞാതമായി തുടരുന്നു. ബ്രിട്ടീഷുകാരെ ഇല്ലാതാക്കാനുള്ള നേരത്തേ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് നാനാ സാഹിബ് ജലനിരപ്പ് തീരെ കുറഞ്ഞ സതി ചൗരാ ഘട്ടിൽ തന്നെ അവരെ എത്തിച്ചതെന്ന് ബ്രിട്ടീഷുകാർ ആരോപിക്കുമ്പോൾ, നാനാ സാഹിബിന് അങ്ങനെയൊരു പദ്ധതി ഉണ്ടായിരുന്നില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു.[6][7]

ബീബിഘർ കൂട്ടക്കൊല[തിരുത്തുക]

സതീചൗരയിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകളേയും കുട്ടികളേയും കാൺപൂരിലുള്ള ബീബിഘർ എന്ന അറിയപ്പെടുന്ന സ്ത്രീകൾക്കു വേണ്ടി മാത്രമുള്ള ഒരു ചെറിയ കൊട്ടാരത്തിലേക്കു മാറ്റി. ജനറൽ വീലറുടെ സൈന്യത്തിലുണ്ടായിരുന്ന കുറച്ചു സ്ത്രീകളേ കൂടി പിന്നീട് ഇവിടേക്ക് എത്തിച്ചു. കുട്ടികളെ കൂടാതെ ഈ താവളത്തിലുണ്ടായിരുന്ന ആകെ സ്ത്രീകളുടെ എണ്ണം 200 ഓളം വരുമായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന തടവുകാരെ ഒരു മനുഷ്യകവചമാക്കി നിർത്തി ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് വിലപേശാം എന്നതായിരുന്നു നാനാ സാഹിബിന്റെ പദ്ധതി. കാൺപൂർ പിടിച്ചെടുക്കാൻ ജനറൽ ഹെൻട്രി ഹാവെലോക്കിന്റേ നേതൃത്വത്തിലുള്ള ഒരു സേന ഇതേ സമയം അലഹാബാദിൽ നിന്നും പുറപ്പെട്ടിട്ടുണ്ടായിരുന്നു.

കാൺപൂരിൽ പ്രവേശിക്കുന്നതിൽ നിന്നും പിൻവാങ്ങാൻ ബ്രിട്ടീഷ് പട്ടാളത്തോട് നാനാ സാഹിബ് ഒരു ദൂതൻ വശം ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ദേശം തള്ളിക്കളഞ്ഞുകൊണ്ട് ബ്രിട്ടീഷ് പട്ടാളം മുന്നോട്ടു നീങ്ങുകയും ഫത്തേപൂർ പിടിച്ചെടുക്കുയും ചെയ്തു. ജൂലൈ 16ന് ജനറൽ ഹാവെലോക്കിന്റെ സൈന്യത്തോട് എതിരിടാൻ തന്റെ സഹോദരനായ ബാലാ റാവുവിന്റെ നേതൃത്വത്തിലുള്ള ഒരു സൈന്യത്തെ നാനാ സാഹിബ് അയച്ചുവെങ്കിലും, ബ്രിട്ടീഷ് പട്ടാളത്തിന്റെ മുന്നിൽ ഇവർക്കു കീഴടങ്ങേണ്ടി വന്നു.[8] കാൺപൂരിലേക്കു കടക്കാൻ ശ്രമിച്ച ബ്രിട്ടീഷ് പട്ടാളത്തെ വിമതസേന തടയുകയും ഇത് കനത്ത യുദ്ധത്തിൽ കലാശിക്കുകയും ചെയ്തു. ഇരുവശത്തും ആൾനാശം സംഭവിച്ചുവെങ്കിലും കമ്പനി പട്ടാളത്തിന് കാൺപൂരിലേക്കു കടക്കാൻ കഴിഞ്ഞു. ബ്രിട്ടീഷ് പട്ടാളം കാൺപൂരിലേക്ക് കടന്നതോടെ നാനാ സാഹിബിന്റെ വിലപേശലുകൾ അവസാനിച്ചു. കാൺപൂരിലേക്കുള്ള യാത്രയിൽ വഴിയിൽ കണ്ട ഗ്രാമത്തിലെ സാധാരണജനങ്ങളേയും ബ്രിട്ടീഷ് പട്ടാളം വെറുതെ വിട്ടില്ല, ഇതറിഞ്ഞ നാനാ സാഹിബ് അസ്വസ്ഥനായി.[9]

തടവുകാരായി പിടിക്കപ്പെട്ടവരെ എന്തു ചെയ്യണമെന്ന് നാനാ സാഹിബ്, സുഹൃത്തായ താന്തിയോ തോപ്പെയോടും അസിമുള്ള ഖാനുമായും ആലോചിച്ചു. തടവുകാരായി പിടിക്കപ്പെട്ട സ്ത്രീകളേയും കുട്ടികളേയും തങ്ങളുടെ ഗ്രാമീണവാസികളോട് ചെയ്ത ക്രൂരതക്കു പ്രതികാരമായി കൊന്നു കളയണമെന്നു തന്നെയാണ് നാനാ സാഹിബിന്റെ ഉപദേശകർ നിർദ്ദേശിച്ചത്. ഇതിനിടെ തടവുകാരായ സ്ത്രീകൾ നിരാഹാര സത്യാഗ്രഹം തുടങ്ങി. അവസാനം തടവുകാരെ കൊന്നു കളയാൻ തീരുമാനിച്ചു. തടവുകാരെ ഇല്ലാതാക്കാനുള്ള നിർദ്ദേശം നൽകിയത് നാനാ സാഹിബാണെന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.[10] എന്നാൽ ഈ നിർദ്ദേശം നൽകിയത്, അസിമുള്ള ഖാനോ, തടവുകാരുടെ മേൽനോട്ടക്കാരിയായിരുന്ന ഹുസ്സൈനി ഖാനുമോ ആയിരിക്കാമെന്നു കരുതപ്പെടുന്നു. തടവുകാരെ കൊല്ലാൻ ആദ്യം വിമതസൈനികർ വിസമ്മതിച്ചെങ്കിലും, പിന്നീട് കൂട്ടക്കൊല്ലക്കു തയ്യാറാവുകയായിരുന്നു. ഈ ക്രൂരപാതകം നേരിൽ കാണാൻ കരുത്തില്ലാതെ, നാനാ സാഹിബ് ബീബിഘർ വിട്ടു പോയി. കുട്ടികളേയും സ്ത്രീകളേയും ബീബിഘറിന്റെ നടുമുറ്റത്തേക്കു വിളിച്ചുവെങ്കിലും, അവർ ഇറങ്ങി വരാൻ തയ്യാറായില്ല. ചുമരിലുള്ള ദ്വാരങ്ങളിലൂടെ സൈനികർ അകത്തേക്കു തുരുതുരാ നിറയൊഴിച്ചു, അകത്തു നിന്നും ഉയർന്ന കൂട്ട നിലവിളി അവരെ പിന്നീട് നിറയൊഴിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. കുപിതയായ ഹുസ്സൈനി ഖാൻ, തന്റെ സ്നേഹിതനായ സരുവർ ഖാനോട് ബാക്കി വരുന്ന തടവുകാരേയും കൊന്നൊടുക്കാൻ ആവശ്യപ്പെട്ടു. സരുവർ ഖാൻ ഏതാനും കശാപ്പകാരുടെ സഹായത്തോടെ സ്ത്രീകളേയും കുട്ടികളേയും വെട്ടിനുറുക്കി കൊല്ലുകയായിരുന്നു.

ചില സ്ത്രീകളും കുട്ടികളും കശാപ്പുകാരുടെ കയ്യിൽപ്പെടാതെ രക്ഷപ്പെട്ടുവെങ്കിലും പിറ്റേ ദിവസം ഒഴിഞ്ഞു കിടക്കുന്ന ഒരു കിണറിലേക്ക് മൃതദേഹങ്ങൾ വലിച്ചെറിയാൻ വന്ന വിമതസൈനികർ ഈ ജീവനോടെയിരുന്നവരേയും മൃതദേഹങ്ങളുടെ കൂട്ടത്തിൽ കിണറിലേക്കെറിഞ്ഞു. നിരപരാധികളായ കുട്ടികളും, ചില സ്ത്രീകളും അങ്ങനെ ജീവനോടെ തന്നെ മറവുചെയ്യപ്പെട്ടു.

കാൺപൂർ കീഴടങ്ങുന്നു[തിരുത്തുക]

1857 ജൂലൈ16 ന് കമ്പനി പട്ടാളം കാൺപൂരിലേക്ക് കടന്നു. അതിർവാ ഗ്രാമത്തിൽ വെച്ച് ബ്രിട്ടീഷ് പട്ടാളവും, നാനാ സാഹിബിന്റെ സേനയും തമ്മിൽ ഏറ്റുമുട്ടി. കമ്പനി സൈന്യത്തോട് എതിർത്തു നിൽക്കാൻ നാനയുടെ സൈന്യത്തിനായില്ല. കാൺപൂർ ബാരക് നശിപ്പിച്ച ശേഷം നാനാ സാഹിബ് ബിഥൂറിലേക്ക് പലായനം ചെയ്തു. കാൺപൂരിലെത്തിയപ്പോഴാണ് ബീബിഘർ കൂട്ടക്കൊലയെക്കുറിച്ച് ഇംഗ്ലീഷ് സൈന്യം അറിയുന്നത്, കോപാകുലരായ അവർ കണ്ണിൽ കണ്ടതെല്ലാം പ്രതികാരത്തോടെ നശിപ്പിക്കാൻ തുടങ്ങി. ജൂലൈ 19 ന് ഹാവെർലോക്കിന്റെ നേതൃത്വത്തിലുള്ള സൈന്യം നാനാ സാഹിബിനു വേണ്ടി ബിഥൂറിലേക്കു നീങ്ങിയെങ്കിലും, നാനാ അവിടെ നിന്നും രക്ഷപ്പെട്ടു. യാതൊരു എതിർപ്പും കൂടാതെ തന്നെ നാനാ സാഹിബിന്റെ കൊട്ടാരം കമ്പനി പട്ടാളം കീഴടക്കി.

നാനാ സാഹിബ് അപ്രത്യക്ഷനാകുന്നു[തിരുത്തുക]

ബിഥൂറിൽ നിന്നും രക്ഷപ്പെട്ട നാനാ സാഹിബ് പിന്നീട് യുദ്ധരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ സുഹൃത്തും സൈനാധിപനുമായ താന്തിയോ തോപ്പെ കാൺപൂർ തിരിച്ചുപിടിക്കാൻ ഒരു വിഫലശ്രമം നടത്തിയിരുന്നു. വിമതസൈന്യത്തിന്റെ സഹായത്തോടെ കാൺപൂരിന്റെ ചില ഭാഗങ്ങൾ തിരിച്ചുപിടിക്കാൻ താന്തിയോ തോപ്പെക്കായെങ്കിലും, പിന്നീടു നടന്ന രണ്ടാം കാൺപൂർ യുദ്ധത്തിൽ താന്തിയോ തോപ്പെ പരാജയപ്പെടുകയായിരുന്നു. 1857 സെപ്തംബറിൽ നാനാ സാഹിബിന് കടുത്ത ജ്വരം ബാധിച്ചുവെന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ ഉണ്ടായിരുന്നു.[11] താന്തിയോ തോപ്പെ, ഝാൻസി റാണി എന്നിവർ തങ്ങളുടെ പേഷ്വാ നാനാ സാഹിബ് സുഖമായിരിക്കുന്നുവെന്ന് ലോകത്തെ അറിയിച്ചു.

1859 ൽ നാനാ സാഹിബ് നേപ്പാളിലേക്ക് പലായനം ചെയ്തുവെന്നും വിശ്വസിക്കപ്പെടുന്നു.[12] നാനാ സാഹിബ് നേപ്പാളിലെ പ്രധാനമന്ത്രിയായിരുന്ന ബഹാദൂർ റാണയുടെ സുരക്ഷിതത്വത്തിൽ കഴിയുകയായിരുന്നുവെന്ന് ലണ്ടനിലെ പത്രപ്രവർത്തകനായിരുന്ന പെർസിവൽ രേഖപ്പെടുത്തുന്നു. നാനാ സാഹിബിനെക്കൂടാതെ അദ്ദേഹത്തിന്റെ കുടുംബവും ഏറ്റവും അടുത്ത പരിചാരകരും കൂടെയുണ്ടായിരുന്നു. നേപ്പാളിൽ അഭയം ലഭിക്കാനായി വളരെ വിലപിടിപ്പുള്ള രത്നങ്ങൾ നാനാ സാഹിബ് ബഹാദൂർ റാണക്കു കൈമാറ്റം നടത്തിയിരുന്നുവെന്നും പെർസീവൽ കൂട്ടിച്ചേർക്കുന്നു.[13] നേപ്പാളിലെ വിദൂരങ്ങളായ ഏതെങ്കിലും ഗ്രാമങ്ങളിലായിരുന്നിരിക്കാം നാനാസാഹിബ് അഭയം തേടിയിരുന്നതെന്ന് കരുതപ്പെടുന്നു..[14]

സിഹോർ ബന്ധം[തിരുത്തുക]

1970 കളിൽ കണ്ടെടുക്കപ്പെട്ട രണ്ട് എഴുത്തുകളും ഒരു ദൈനംദിനക്കുറിപ്പു പുസ്തകവും 1903 ൽ തന്റെ  മരണംവരെ നാനാ സാഹിബ്  ഗുജറാത്തിന്റെ തീരപ്രദേശത്തെ സിഹോറിൽ യോഗീന്ദ്ര ദയാനന്ദ് മഹാരാജ് എന്ന  സന്യാസിയായി ജീവിച്ചിരുന്നു എന്നു വെളിവാക്കുന്നു. നാനാ സാഹിബിന്റെ സംസ്കൃത അധ്യാപകനായിരുന്ന ഹർഷ്റാം മേത്തയുടെ വിലാസത്തിലുള്ളതും നാനാസാഹിബ് എഴുതിയതെന്നു വിശ്വസിക്കപ്പെടുന്നതുമായ 1856 ലെ  ഈ രണ്ട് എഴുത്തുകളിലും പഴയ മറാത്തിയിൽ‌ കറുത്ത മഷിയിൽ ബാലൂ നാന എന്ന് ഒപ്പിട്ടിരിക്കുന്നു. മൂന്നാമത്തെ രേഖയായ ദൈനം ദിനക്കുറിപ്പു പുസ്തകം ഹർഷ്റാമിന്റെ സഹോദരനായ കല്യാൺജി മേത്തയുടേതാണ്. കലാപത്തിന്റെ പരാജയത്തിനുശേഷം നാനാ സാഹിബ് തന്റെ അനുചരന്മാരോടൊപ്പം സിഹോറിൽ എത്തിയതായി ദൈനംദിനക്കുറിപ്പിൽ പഴയ ഗുജറാത്തി ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നു. നാനാ സാഹിബിന്റെ മകനായിരുന്ന ശ്രീധറിനെ ഗിരിധർ എന്ന പേരിൽ തന്റെ സ്വന്തം പുത്രനേപ്പോലെ കല്യാൺജി വളർത്തുകയും സീഹോരി ബ്രാഹ്മണ കുടുംബത്തിൽനിന്നു വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു. 1903 ൽ സിഹോറിൽ കല്യാൺജിയുടെ വസതിയായ ഡേവ് ഷെരിയിൽവച്ചുള്ള നാനാ സാഹിബിന്റെ മരണവും ഈ  കുറിപ്പിൽ രേഖപ്പെടുത്തുന്നുണ്ട.  ഈ സ്ഥലം ഇപ്പോഴും അദ്ദേഹത്തെക്കുറിച്ചുള്ള ചില രേഖകളെ സൂചിപ്പിക്കുന്നു. ഗിരിധറിന്റെ പുത്രൻ കേശവ്‍ലാൽ മേത്ത 1970 ൽ ഈ രേഖകൾ കണ്ടെടുത്തിരുന്നു. അദ്ദേഹത്തിന്റെ സന്തതിപരമ്പര ഇപ്പോഴും ഈ പട്ടണത്തിൽ ജീവിക്കുന്നു.

ദേശീയ മ്യൂസിയത്തിന്റെ മുൻ ഡയറക്ടറായിരുന്ന ജി.എൻ. പാന്ത് 1992 ൽ ഈ രേഖകളുടെ ആധികാരികത സ്വീകരിച്ചിരുന്നുവെങ്കിലും ഔദ്യോഗിക അംഗീകാരം ഇന്നുവരെ നൽകപ്പെട്ടിട്ടില്ല.

കുറിപ്പുകൾ[തിരുത്തുക]

  • ^ ബ്രിട്ടന്റെ കീഴിലുള്ള ഏതെങ്കിലും നാട്ടുരാജ്യങ്ങളിലെ രാജാവോ, ഭരണാധികാരിയോ മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താൽ ആ രാജ്യം ഈ പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടന്റെ നേരിട്ടുള്ള അധികാരത്തിൻ കീഴിൽ വരും

അവലംബം[തിരുത്തുക]

  1. വോൾപെർട്ട്, സ്റ്റാൻലി. എ ന്യൂ ഹിസ്റ്ററി ഓഫ് ഇന്ത്യ (3ആം പതിപ്പ്., 1989), പുറങ്ങൾ. 226–28. ഓക്സ്ഫഡ് സർവ്വകലാശാല പ്രസ്സ്.ISBN 978-0195166781
  2. സൗൾ ഡേവിഡ് . ദ ഇന്ത്യൻ മ്യൂട്ടിണി (പ്രസാധനം-2003), പുറങ്ങൾ.45–46. പെൻഗ്വിൻ ബുക്സ്, ISBN 0-141-00554-8.
  3. "ദ ഇന്ത്യൻ മ്യൂട്ടിണി സീജ് ഓഫ് കാൺപൂർ". ബ്രിട്ടീഷ്എംപയർ. Archived from the original on 2012-11-25. ശേഖരിച്ചത് 21-ജനുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. റൈറ്റ്, കാലെബ് (1863). ഹിസ്റ്റോറിക് ഇൻസിഡന്റ്സ് ആന്റ് ലൈഫ് ഇൻ ഇന്ത്യ. ജെ.എ.ബ്രെയിനേഡ്. പുറം. 239. ISBN 978-1-135-72312-5.
  5. ഹാരോൾഡ്.ഇ, റോ. വിക്ടോറിയൻസ് അറ്റ് വാർ-1815-1914. എ.ബി.സി.ക്ലിയോ. പുറം. 88. ISBN 978-1576079256.
  6. ജോൺ വില്ല്യം, കെയിൻ. എ ഹിസ്റ്ററി ഓഫ് ദ സിപോയ് വാർ ഇൻ ഇന്ത്യ 1857-1858. ഡബ്ലിയു.എച്ച്.അല്ലൻ & കമ്പനി.
  7. "എക്കോസ് ഓഫ് എ ഡിസ്റ്റൻഡ് വാർ". ദ ഫൈനാൻഷ്യൽ എക്സ്പ്രസ്സ്. 08-ഏപ്രിൽ-2007. Archived from the original on 2014-01-23. ശേഖരിച്ചത് 23-ജനുവരി-2014. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  8. "ദ ഇന്ത്യൻ മ്യൂട്ടിണി- സീജ് ഓഫ് കാൺപൂർ". ബ്രിട്ടീഷ്എംപയർ.കോ.യുകെ. Archived from the original on 2012-11-25. ശേഖരിച്ചത് 23-ജനുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  9. അമോദ്, സക്സേന (17-ഫെബ്രുവരി-2003). "റിവോൾട്ട് & റിവെഞ്ച് എ ഡബിൾ ട്രാജഡി". ദ ചിക്കാഗോ ലിറ്റററി ലെബ്രറി. Archived from the original on 2014-01-23. ശേഖരിച്ചത് 23-ജനുവരി-2014. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  10. വില്ല്യം, ബ്രോക്ക് (1858). എ ബയോഗ്രഫിക്കൽ സ്കെച്ച് ഓഫ് സർ.ഹെൻട്രി ഹാവെലോക്ക്. പുറം. 150-152.
  11. "ദ സൗത്ത് ആസ്ട്രേലിയൻ അഡ്വൈർട്ടൈസർ". നാഷണൽ ലൈബ്രറി ഓഫ് ആസ്ട്രേലിയ. 12-മാർച്ച്-1860. Archived from the original on 2014-01-24. ശേഖരിച്ചത് 24-ജനുവരി-2014. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  12. ലെറ്റർ, ദ ടൈംസ് (ലണ്ടൻ), 28 ഡിസംബർ 1860.
  13. പെർസീവൽ ലണ്ടൻ, "ദ ലേറ്റർ ഡേയ്സ് ഓഫ് നാനാ സാഹിബ്", അണ്ടർ ദ സൺ ന്യൂയോർക്ക്, ഡബിൾഡേ, പേജ് & കമ്പനി. (1907), പുറങ്ങൾ. 272–288.
  14. റൈറ്റ്, ഡാനിയേൽ (1993). ഹിസ്റ്ററി ഓഫ് നേപ്പാൾ: വിത്ത് ആൻ ഇൻട്രൊഡക്ടറി സ്കെച്ച് ഓഫ് ദ കൺട്രി ആന്റ് നേച്വർ ഓഫ് നേപ്പാൾ. ഏഷ്യൻ എഡ്വക്കേഷണൽ സർവ്വീസ്. പുറം. 64. ISBN 81-206-0552-7.


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=നാനാ_സാഹിബ്&oldid=3984334" എന്ന താളിൽനിന്ന് ശേഖരിച്ചത്