Jump to content

പഴശ്ശി സമരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

second pazhassi revolt 1800-1805

കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

കേരളത്തിൽ അധിനിവേശവിരുദ്ധപോരാട്ടങ്ങൾ ആരംഭിക്കുന്നത് പോർട്ടുഗീസുകാരുടെ വരവോടെയാണ്. അതുവരെ അറബിവംശജരായിരുന്നു കേരളത്തിൽ വ്യാപാരം നടത്തിയിരുന്നത്. പോർട്ടുഗീസുകാർ ഇവരെ തോൽപ്പിച്ചാണ് വ്യാപാരകുത്തക കൈക്കലാക്കുന്നത്. പോർട്ടുഗീസുകാർക്കു പുറകെ മറ്റു പാശ്ചാത്യൻ രാജ്യങ്ങൾകൂടി വ്യാപാരത്തിനായി കേരളത്തിലേക്കു കടന്നുവന്നു. ക്രമേണ മറ്റുള്ള രാജ്യങ്ങളെയെല്ലാം തോൽപ്പിച്ച് ബ്രിട്ടന്റെ കീഴിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വ്യാപാരത്തിന്റെ കുത്തകനേടുന്നതിനായുള്ള മത്സരത്തിൽ വിജയികളായി.

വ്യാപാരത്തിനായി വന്ന് ചൂഷകരായി മാറിയ പാശ്ചാത്യമേധാവിത്വത്തിനെതിരേ കേരളത്തിലെ നാട്ടുരാജ്യങ്ങളും, ജനങ്ങളും ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകൾ നടത്തിയിരുന്നുവെങ്കിലും അവയൊന്നും ഫലവത്തായിരുന്നില്ല. ഇവയിൽ ശ്രദ്ധിക്കപ്പെട്ടത്, പഴശ്ശിരാജയുടേയും, വേലുത്തമ്പിദളവയുടേയും, കുറിച്യരുടേയും സമരങ്ങൾ മാത്രമായിരുന്നു. ഇവയിൽതന്നെ ജനകീയപങ്കാളിത്തം നമുക്ക് കാണാൻ കഴിയുന്നത് പഴശ്ശി സമരങ്ങളിൽ മാത്രമാണ്.

പഴശ്ശിരാജ

[തിരുത്തുക]

വടക്കേ മലബാറിലെ കോട്ടയംകോവിലകത്തെ ഇളയരാജാവായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ബ്രിട്ടീഷ് രേഖകളിൽ ഇദ്ദേഹം പൈച്ചി എന്നറിയപ്പെടുന്നു. ഇരിവനാട്, വയനാട്, കുറമ്പ്നാട്, താമരശ്ശേരി എന്നീ പ്രദേശങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ അധികാരപരിധി. കോട്ടയംകോവിലകത്തിന് അക്കാലത്ത് പുറനാട് എന്നും പുറകിഴനാട് എന്നും പേരുകളുണ്ടായിരുന്നു. പിൽക്കാലത്ത് രാജകുടുംബത്തിന് മൂന്നു താവഴികളുണ്ടായി. തെക്കേ കോവിലകം, പടിഞ്ഞാറേ കോവിലകം, കിഴക്കേ കോവിലകം എന്നിവയായിരുന്നു അവ. ടിപ്പുവിന്റേയും, ഹൈദരിന്റേയും നേതൃത്വത്തിൽ മൈസൂർ സൈന്യം മലബാർ ആക്രമിച്ചപ്പോൾ മറ്റു രാജകുടുംബങ്ങളേപ്പോലെ കോട്ടയം രാജകുടുംബവും തിരുവനന്തപുരത്ത് രാഷ്ട്രീയ അഭയം തേടി.[1] എന്നാൽ കേരളവർമ്മ സ്വന്തം ജനങ്ങൾക്കൊപ്പം നിന്ന് മൈസൂർ സുൽത്താനോട് പൊരുതി. അക്കാലത്ത് മൈസൂർ സൈന്യത്തിൽനിന്നും രാജ്യത്തെ രക്ഷിക്കാനായി കേരളവർമ്മ, ഈസ്റ്റിന്ത്യാ കമ്പനിയുമായി സൗഹൃദമുണ്ടാക്കിയിരുന്നു. മൈസൂർ സൈന്യം തലശ്ശേരി കോട്ട ആക്രമിച്ചപ്പോൾ, ബ്രിട്ടീഷുകാരെ സഹായിക്കാൻ കേരളവർമ്മ രണ്ടായിരത്തോളം അംഗങ്ങളുള്ള നായർസൈന്യത്തെ അയച്ചുകൊടുത്തിരുന്നു.[2] അക്കാലത്ത് ബ്രിട്ടീഷുകാരുടെ വാണിജ്യകേന്ദ്രമായിരുന്നു തലശ്ശേരികോട്ട. തിരുവനന്തപുരത്ത് അഭയം പ്രാപിച്ചിരുന്ന കോട്ടയംരാജാവ് രവിവർമ്മ അന്തരിച്ചതിനെത്തുടർന്ന് കേരളവർമ്മ കോട്ടയംകോവിലകത്തിന്റെ ഭരണം ഏറ്റെടുത്തു.

ബ്രിട്ടീഷ് മേൽക്കോയ്മ

[തിരുത്തുക]

1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മൈസൂർ-ബ്രിട്ടീഷ് യുദ്ധം അവസാനിച്ചു. അതോടെ ബ്രിട്ടീഷുകാർ തെക്കേ ഇന്ത്യയിലെ പ്രബലരായ രാഷ്ട്രീയ സൈനിക ശക്തിയായി മാറി. നാട്ടുരാജാക്കന്മാർ ബ്രിട്ടീഷ് സാമ്രാജ്യത്തിനു കപ്പം കൊടുത്ത് അവരുടെ പ്രജകളായി മാറി. കേരളവർമ്മയും ഇതോടൊപ്പം വാർഷികകപ്പം കൊടുത്തുകൊള്ളാമെന്ന് ഒരു കരാറിലൂടെ സമ്മതിച്ചു.[3] 1792 ഒക്ടോബറിൽ മറ്റൊരു കരാറിലും അദ്ദേഹത്തെക്കൊണ്ട് കമ്പനി നിർബന്ധപൂർവ്വം ഒപ്പു വെപ്പിക്കുകയുണ്ടായി. ഈ കരാറിൻ പ്രകാരം കതിരൂർ, പഴശ്ശി, കുറ്റ്യാടി, താമരശ്ശേരി എന്നീ താലൂക്കുകളുടെ പരമാധികാരം കമ്പനിയിൽ നിക്ഷിപ്തമായിത്തീർന്നു. ഇവിടെ നിന്നുള്ള വിളവുകൾ പ്രത്യേകിച്ച് കുരുമുളക് ഒരു നിശ്ചിത വിലയിൽ കമ്പനിക്കുവേണ്ടിയുള്ളതാണെന്നും, വർഷം തോറും ഇരുപതിനായിരം രൂപയോ അതിനു തുല്യമായ തുകക്കുള്ള കുരുമുളകോ നൽകിക്കൊള്ളാമെന്നും ആ കരാറിലൂടെ ബ്രിട്ടീഷുകാർ കേരളവർമ്മയെക്കൊണ്ട് സമ്മതിപ്പിക്കാൻ ശ്രമിച്ചു.

രാജകുടുംബത്തിലെ തർക്കങ്ങൾ

[തിരുത്തുക]

ബ്രിട്ടനുമായുണ്ടായ അവസാന കരാറിലൂടെ പഴശ്ശി അവരുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ രാജകുടുംബത്തിലുണ്ടായ ചില അവകാശതർക്കങ്ങളുടെ പിന്തുടർച്ചയെന്നപോലെ, കേരളവർമ്മയുടെ അമ്മാവനായ കുറുമ്പ്രനാട് രാജാവ് വീരവർമ്മ ബ്രിട്ടീഷുകാരോട് കൂടുതൽ സൗഹൃദം സ്ഥാപിച്ചു. നികുതിപിരിവിന് കമ്പനിയുടെ ഒരു പ്രതിനിധിയെ നിയമിക്കാൻ അനുവാദം നൽകുകയും ചെയ്തു. എന്നാൽ കോട്ടംകോവിലകത്തു നിന്നും നികുതിപിരിപ്പിക്കാൻ കേരളവർമ്മ ബ്രിട്ടീഷുകാരെ അനുവദിച്ചില്ല.[4]

ഈസ്റ്റിന്ത്യ കമ്പനിയോടുള്ള ശത്രുത

[തിരുത്തുക]

കമ്പനിയുടെ മാറിയ ലക്ഷ്യം പഴശ്ശിയെ അസ്വസ്ഥനാക്കി. പിന്നീട് ഭരണകാര്യങ്ങളിൽ കമ്പനിയുടെ യാതൊരു ഇടപെടലുകളും കേരളവർമ്മ പഴശ്ശിരാജ അനുവദിച്ചില്ല. തന്റെ അനുവാദം കൂടാതെ കോട്ടയം ചന്തയിൽ മുസ്ലിങ്ങൾ പണികഴിപ്പിച്ച പള്ളി പഴശ്ശിരാജ പൊളിച്ചുകളയുകയും കൂടാതെ ആറു മുസ്ലിങ്ങളെ വധിക്കുകയും ചെയ്തു.[5] പഴശ്ശിയെ പിണക്കാൻ കമ്പനിയും തയ്യാറായിരുന്നില്ല. നേരത്തേ പഴശ്ശിയെക്കൊണ്ട് ഒപ്പിടുവിച്ച കരാറിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ കമ്പനി തയ്യാറായി. മൈസൂർ സൈന്യവുമായുള്ള യുദ്ധത്തിൽ സഹായിച്ചതിനുള്ള പ്രത്യുപകാരമാണ് ഈ ഇളവുകളെന്ന് കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു.[6]

എന്നാൽ പിന്നീടു വന്ന കമ്പനി മേധാവിയായ ജെ.സ്റ്റീവൻസ് , ഇത്തരം ഇളവുകളെല്ലാം ഉടനടി റദ്ദു ചെയ്തു. മാത്രവുമല്ല പഴശ്ശിരാജയുമായി കമ്പനി ഒപ്പു വെച്ച എല്ലാ കരാറുകളും അവസാനിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ കോട്ടയംകോവിലകത്തുനിന്നും നികുതിപിരിക്കുന്നതിൽനിന്നും കുറുമ്പ്രനാട് രാജാവിനെ പഴശ്ശി തടഞ്ഞു. കമ്പനിയോട് എല്ലാ അർത്ഥത്തിലും, കേരളവർമ്മ ശത്രുത പ്രഖ്യാപിച്ചു. കമ്പനിയുടെ ശത്രുക്കൾക്ക് അദ്ദേഹം അഭയം നൽകി. പഴശ്ശിയെ തോൽപ്പിക്കാതെ അവിടെ അധികാരം പിടിച്ചടക്കാനാവില്ലെന്നു മനസ്സിലാക്കിയ ബ്രീട്ടീഷ് സർക്കാർ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ജെയിംസ് ഗോർഡന്റെ നേതൃത്വത്തിൽ ഒരു സേനയെ അങ്ങോട്ടേക്കയച്ചു. പഴശ്ശിയെ പിടിക്കാനായില്ലെങ്കിലും പട്ടാളം കൊട്ടാരം കൊള്ളയടിക്കുകയും ആയുധങ്ങളും പണവും കരസ്ഥമാക്കുകയും ചെയ്തു.

പഴശ്ശിയെ പിടികൂടാൻ എല്ലാ തന്ത്രങ്ങളും ബ്രിട്ടീഷ് സൈന്യം പ്രയോഗിച്ചെങ്കിലും, വയനാടൻ കാടുകളിലേക്ക് കടന്ന അദ്ദേഹത്തെ പിടിക്കുക അത്ര എളുപ്പമായിരുന്നില്ല. മാത്രവുമല്ല, ഗോത്രസമുദായങ്ങളായ കുറുമ്പരുടേയും, കുറിച്യരുടേയും സഹായം പഴശ്ശിക്ക് വേണ്ടുവോളം ലഭിച്ചിരുന്നു. പഴശ്ശിയെ തടവിലാക്കുന്നതിനായി അദ്ദേഹത്തിന്റെ അനുയായികളെ ഭീഷണിപ്പെടുത്തുക എന്നതായിരുന്നു കമ്പനി സ്വീകരിച്ച മറ്റൊരു മാർഗ്ഗം, പക്ഷേ രാജ്യസ്നേഹികളായ അവർ അതിനും വഴങ്ങിയില്ല.[7] പഴശ്ശിയെ പിടികൂടുന്നതിൽ കമ്പനിക്കേറ്റ പരാജയം വല്ലാത്ത അപമാനം വരുത്തിവെച്ചു. അവസാനം കമ്പനി പഴശ്ശിയോട് ഒത്തുതീർപ്പിലെത്തി. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും കൊള്ളയടിച്ച പണവും സ്വർണ്ണവും എല്ലാം കമ്പനി തിരികെ കൊടുക്കുകയും വാർഷിക ചെലവിലേക്ക് എണ്ണായിരം രൂപ നൽകാനും തീരുമാനമായി.[8] പഴശ്ശിരാജ ടിപ്പു സുൽത്താനുമായി സഖ്യമുണ്ടാക്കിയേക്കുമോയെന്നും കമ്പനി ഭയപ്പെട്ടിരുന്നു.

യുദ്ധങ്ങൾ

[തിരുത്തുക]

ഒന്നാം പഴശ്ശിയുദ്ധം

[തിരുത്തുക]

ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ നികുതിയുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ പഴശ്ശി യുദ്ധം ആരംഭിക്കുന്നത്. മൈസൂർ അധികാരികൾ കർഷകരിൽ നിന്നും നേരിട്ട് നികുതിപിരിച്ചിരുന്നവെങ്കിൽ ബ്രിട്ടീഷുകാർ ഈ പതിവു അവസാനിപ്പിച്ച് നികുതി പിരിവ് ഓരോയിടത്തുമുള്ള നാടുവാഴികളേയും, ഭരണാധികാരികളേയും ഏൽപ്പിച്ചു. നാടുവാഴികൾ ഒരു നിശ്ചിത തുക സർക്കാരിനെ ഏൽപ്പിച്ചാൽ മതി. നാടുവാഴികൾ ഈ അധികാരം ഉപയോഗിച്ച് ജനങ്ങളെ പിഴിഞ്ഞു. കോട്ടയംപ്രദേശത്തെ നികുതി പിരിപ്പിക്കാൻ കുറുമ്പ്രനാട് രാജാവിന് അധികാരം കൊടുത്തു. ഇത് കേരളവർമ്മ പഴശ്ശിരാജയെ ചൊടിപ്പിച്ചു. തന്റെ അതിർത്തിക്കകത്തു നികുതിപിരിക്കുന്നതിനെ അദ്ദേഹം എതിർത്തു. ബലംപ്രയോഗിച്ച് നികുതി പിരിക്കാൻ തുടങ്ങിയാൽ കുരുമുളക് ചെടികൾ വെട്ടിക്കളയും എന്ന് പഴശ്ശിരാജ കമ്പനിയെ അറിയിച്ചു. കമ്പനി ഈ ഭീഷണി വകവെച്ചില്ലെന്നു മാത്രമല്ല കുറുമ്പ്രനാട് രാജാവിന് പാട്ടം അഞ്ചുവർഷത്തേക്കു കൂടി പുതുക്കി നൽകി. 1793 മുതൽ 1797 വരെയുണ്ടായ കലാപങ്ങളെ അടിച്ചമർത്താൻ കമ്പനിക്കായില്ല. അവസാനം കമ്പനി പഴശ്ശിരാജയുമായി ഒത്തു തീർപ്പിലെത്തുകയായിരുന്നു.[9]

രണ്ടാം പഴശ്ശിയുദ്ധം

[തിരുത്തുക]

ടിപ്പുവിന്റെ മരണത്തോടെ, തെക്കേ ഇന്ത്യയിൽ കമ്പനിയുടെ ശക്തി വർദ്ധിച്ചു. ഇതോടെ പഴശ്ശിരാജക്കു നൽകിയിരുന്ന വാഗ്ദാനങ്ങളെല്ലാം അവർ പിൻവലിച്ചു. വയനാടിനുവേണ്ടി അവർ വീണ്ടും അവകാശം ഉന്നയിച്ചു. ടിപ്പുസുൽത്താന്റെ കയ്യിലായിരുന്ന വയനാട് ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം കമ്പനിക്ക് അവകാശപ്പെട്ടതാണെന്ന് അവർ പ്രഖ്യാപിച്ചു. പഴശ്ശിയും കമ്പനിയും ഒരു യുദ്ധത്തിനു തയ്യാറായി. വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ച ആർതർ വെല്ലസ്ലിയാണ് പഴശ്ശിക്കെതിരേ പടനയിച്ചത്.[10] പഴശ്ശി തന്റെ വിശ്വസ്തരായ, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, കൈതേരി അമ്പു നായർ, എടച്ചേനം കുങ്കൻ നായർ, ചുഴലി നമ്പ്യാർ, എമെൻനായർ, തലയ്ക്കൽ ചന്തു എന്നിവരോടൊപ്പമാണ് ബ്രിട്ടീഷ് സേനയെ നേരിടാൻ ഇറങ്ങിയത്. 1800 മുതൽ 1804 വരെ പലവട്ടം യുദ്ധങ്ങൾ നടന്നുവെങ്കിലും, പഴശ്ശിയെ തോൽപ്പിക്കാൻ ബ്രിട്ടീഷ് സേനക്കായില്ല.[10]

ഒളിപ്പോരായിരുന്നു പഴശ്ശിയുടെ മാർഗ്ഗം, ഇതിന് വയനാടൻ കാടുകൾ ഒരു സൗകര്യവുമായിരുന്നു. ഇത് തിരിച്ചറിഞ്ഞ ആർതർ വെല്ലസ്ലി, കോട്ടയത്തേക്ക് കൂടുതൽ റോഡുകൾ നിർമ്മിച്ചു. ഒളിപ്പോരാളികളുടെ അടുത്തേക്ക് ചെറു സൈന്യങ്ങളെ എത്തിക്കാനായിരുന്നു ഇത്. കേണൽ സ്റ്റീവൻസൺന്റെ നേതൃത്വത്തിലുള്ള ശക്തമായ ഒരു സൈന്യം പഴശ്ശിയുടെ സേനയെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വിശ്വസ്തരെ തടവിലാക്കുകയും ചെയ്തു. ഇത് പഴശ്ശിയുടെ പോരാട്ടങ്ങളെ പിന്നോട്ടടിപ്പിച്ചു.[10] പഴശ്ശിരാജയും അവശേഷിച്ച എടച്ചേന കുങ്കനും ചേർന്ന് കുറിച്യരേയും കുറുമ്പരേയും സംഘടിപ്പിച്ച് അന്തിമയുദ്ധത്തിനു തയ്യാറെടുത്തു. കമ്പനി കൂടുതൽ നിയന്ത്രണങ്ങളുമായി വരുകയായിരുന്നു. കോട്ടയത്ത് അവർ വ്യാപാര ഉപരോധം ഏർപ്പെടുത്തി. കുറിച്യർ തലവനായിരുന്ന തലയ്ക്കൽ ചന്തുവിനെ തടവിലാക്കിയത് പഴശ്ശിയുടെ ശക്തി ക്ഷയിപ്പിച്ചു. 1805 നവംബർ 30 ആം തീയതി തൽക്കാലം യുദ്ധത്തിൽ നിന്നും പിൻവാങ്ങി പുൽപ്പള്ളിയിലൂടെ പോകുന്ന അവസരത്തിൽ ബ്രിട്ടീഷ് സേന അവരെ ആക്രമിക്കുകയും തുടർന്നു നടന്ന യുദ്ധത്തിൽ കേരളവർമ്മ പഴശ്ശിരാജ കൊല്ലപ്പെടുകയും ചെയ്തു

കേരളത്തിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ നടന്ന ശക്തവും വ്യാപകവുമായിരുന്ന സമരങ്ങളായിരുന്നു പഴശ്ശി സമരങ്ങൾ. പിൽക്കാലത്ത് മലബാറിൽ നടന്ന കാർഷികസമരങ്ങൾക്കും, സ്വാതന്ത്ര്യസമരങ്ങൾക്കും പഴശ്ശിസമരങ്ങൾ ഒരു പ്രചോദനമായിരുന്നുവെന്ന് പറയപ്പെടുന്നു. ജന്മനാ നേതാവായിരുന്ന പഴശ്ശിരാജക്ക് തന്റെ അനുയായികളുടെ മനസ്സിൽ ആവേശം ജ്വലിപ്പിക്കാനും മഹത്തായ ലക്ഷ്യത്തിലേക്ക് അവരെ നയിക്കാനും കഴിഞ്ഞു.[11]

ഇതും കാണുക

[തിരുത്തുക]
  1. . കുറിച്യകലാപം

അവലംബം

[തിരുത്തുക]
  1. ഡോ.ആർ., രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 20-21. ISBN 978-81-87480-76-1.
  2. കെ.കെ.എൻ, കുറുപ്പ് (1980). പഴശ്ശിസമരങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
  3. വില്ല്യം, ലോഗൻ (1951). എ കളക്ഷൻ ഓഫ് ട്രീറ്റീസ് - ബ്രിട്ടീഷ് ഭരണകാലത്തെ ചില പ്രധാനപ്പെട്ട ഉടമ്പടികൾ.
  4. പ്രൊ.എ., ശ്രീധരമേനോൻ. കേരളവും സ്വാതന്ത്ര്യസമരവും. ഡി.സി.ബുക്സ്. p. 28. ISBN 81-7130-751-5.
  5. എസ്., രാമചന്ദ്രൻനായർ (2004). ഫ്രീഡം സ്ട്രഗ്ഗിൾ ഇൻ കൊളോണിയൽ കേരള.
  6. വില്ല്യം, ലോഗൻ (1951). ലോഗൻസ് മാനുവൽ.
  7. ജോസഫ്, സഖറിയ (2007). പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ. മാതൃഭൂമി ബുക്സ്.
  8. വില്ല്യം, ലോഗൻ (1951). ലോഗൻസ് മാനുവൽ. പഴശ്ശിയുമായി കമ്പനി ഒത്തുതീർപ്പിനു തയ്യാറാവുന്നു
  9. പ്രൊ.എ., ശ്രീധരമേനോൻ. കേരളവും സ്വാതന്ത്ര്യസമരവും. ഡി.സി.ബുക്സ്. p. 30-31. ISBN 81-7130-751-5.
  10. 10.0 10.1 10.2 ഡോ.ആർ., രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 25. ISBN 978-81-87480-76-1.
  11. പ്രൊ.എ., ശ്രീധരമേനോൻ. കേരളവും സ്വാതന്ത്ര്യസമരവും. ഡി.സി.ബുക്സ്. p. 33. ISBN 81-7130-751-5.
"https://ml.wikipedia.org/w/index.php?title=പഴശ്ശി_സമരങ്ങൾ&oldid=3510975" എന്ന താളിൽനിന്ന് ശേഖരിച്ചത്