Jump to content

പന്തളം രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പന്തളം രാജവംശം

പന്തളം രാജവംശം
ഏ.ഡി പതിനേഴാം നൂറ്റാണ്ട്–ഏ.ഡി 1820
പന്തളം വലിയകോയിക്കൽ കൊട്ടാരം
പന്തളം വലിയകോയിക്കൽ കൊട്ടാരം
തലസ്ഥാനംകോന്നി (ഉദ്ദേശം നൂറ് വർഷം)
പന്തളം (ഏ.ഡി 1820 വരെ)
പൊതുവായ ഭാഷകൾമലയാളം, തമിഴ്
മതം
ഹിന്ദുമതം
ഗവൺമെൻ്റ്രാജവാഴ്ച്ച
ചരിത്ര യുഗംകൊല്ലവർഷം
• സ്ഥാപിതം
ഏ.ഡി പതിനേഴാം നൂറ്റാണ്ട്
• ഇല്ലാതായത്
ഏ.ഡി 1820
വിസ്തീർണ്ണം
2,600 km2 (1,000 sq mi)
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: ഇന്ത്യ
പത്തനംതിട്ട ജില്ല

[1]

കൊല്ലവർഷാരംഭങ്ങളിൽ കേരളത്തിൽ നിലനിന്നിരുന്ന ഒരു രാജവംശമാണ് പന്തളം രാജവംശം. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയാണ് ഈ രാജവംശം എന്ന് വിശ്വസിക്കുന്നു. ശബരിമല ക്ഷേത്രവുമായുള്ള ബന്ധം ഈ വംശത്തിന് ഒരു വലിയ പദവി ഉണ്ടാക്കിക്കൊടുക്കുന്നു. അയ്യപ്പൻ തൻെറ്റ കൂട്ടിക്കാലം ചെലവഴിച്ചത് പന്തളം കൊട്ടാരത്തിലാണെന്ന് ചരിത്രരേഖ

ചരിത്രം

[തിരുത്തുക]

പാണ്ഡ്യദേശത്ത് നിന്ന് തിരുമല നായക്കനെ പേടിച്ചു ജീവരക്ഷക്ക് അഭയാർഥികളായി വന്നവരാണ് പന്തളം പ്രദേശങ്ങളിൽ അവിടുത്തെ ജന്മികളുടെ കാരുണ്യത്തോടെ സ്വന്തം ക്ഷത്രിയ വംശ ബന്ധം ഉയർത്തിക്കാട്ടി വസ്തുവകകൾ സമ്പാദിച്ചു കഴിഞ്ഞു പോന്നിരുന്നത്. [2]

പലായനം ചെയ്ത ചെമ്പഴന്നൂർ ശാഖക്കാർ തിരുനെൽവേലിക്കടുത്തുളള വളളിയൂർ എന്ന ഗ്രാമത്തിൽ വാസം ഉറപ്പിക്കുകയും സമൂഹത്തിൽ മാന്യമായ സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്തു. എന്നാൽ അഭ്യന്തര കലഹങ്ങൾ മൂലം ഇവർ തെങ്കാശിയിലേയ്ക്ക് മാറി. അക്കാലത്ത് മധുരയിൽ അധികാരം പിടിച്ചടക്കിയ തിരുമല നായകൻ തൻെറ്റ മകളുടെ വിവാഹം ചെമ്പഴന്നൂർ കുടുംബത്തിലെ ഒരു യുവാവുമായി നടന്നുകാണാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ശൂദ്രനായ തിരുമല നായ്കുമായി ബന്ധം പുലർത്താൻ ക്ഷത്രിയർ ആയിരുന്ന പാണ്ഡ്യ രാജാക്കന്മാർ തയ്യാറായിരുന്നില്ല, പാണ്ഡ്യ രാജാക്കന്മാർ ഇതിനെതിര് നിന്നപ്പോൾ നായക് അവരുടെ ശത്രുവായി മാറി. തൻെറ്റ ശക്തമായ മറവപ്പടയുടെ പിൻബലത്തിൽ നായക് തെങ്കാശിയിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തി. സഹികെട്ട ചെമ്പഴന്നൂർ കുടുംബം ഇലത്തൂർ മണിയം എന്ന സ്ഥലത്തെത്തുകയും പുളിയങ്കുടിക്കടുത്തുളള മലമ്പ്രദേശങ്ങൾ വിലക്കുവാങ്ങുകയും ചെയ്തു. അവിടെയും നായക് തൻെറ്റ അക്രമങ്ങൾ തുടർന്നപ്പോൾ ഈ രാജകുടുംബം ഏ.ഡി 79-ാം ആണ്ടോടെ അച്ചൻകോവിൽ വഴി കോന്നിയിലെത്തി അവിടെ വാസമുറപ്പിച്ചു. നിത്യ പൂജകൾക്കായി രാജകുടുംബം ഇവിടെ ഒരു ക്ഷേത്രം നിർമ്മിച്ചു. ഇതാണ് ഇപ്പോഴത്തെ മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം. കൊളളക്കാരുടെ ചെയ്തികളാൽ സഹികെട്ട നാട്ടുകാർ നവാഗതരായ ഈ കുടുംബക്കാരെ തങ്ങളുടെ സംരക്ഷകരായ രാജാക്കന്മാരായി സ്വീകരിച്ചു. അവർ പിന്നീട് ചെമ്പഴഞ്ഞി കോവിലകക്കാർ എന്ന പേരിൽ അറിയപ്പെട്ടു. ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ നാട്ടുകാർ കോവിലകത്തെ അംഗങ്ങളെ പന്തളത്തേക്ക് കൂട്ടിക്കൊണ്ടുപോയി രാജാധികാരം നൽകി വാഴിച്ചു. അതോടെ നാട്ടിൽ സമാധാനവും ശാന്തിയും വന്നുചേർന്നു. "കൈപ്പുഴ തമ്പാൻ" എന്ന നിലംബൂർ കോവിലകത്തെ ഇളമുറ തമ്പുരാൻ കോട്ടയത്ത് കൈപ്പുഴയിൽ അമന്തുർ കോവിലകത്തെ കുഞ്ഞുണ്ണി വർമ്മ തമ്പാൻ ദാനം നൽകിയ ഭൂമിയിൽ രാജ്യ വലിപ്പം വ്യാപിപ്പിച്ചു.[3] ഉദ്ദേശം കൊല്ലവർഷം 370 ഓടെ വിശാലമായ ഒരു രാജ്യം സ്ഥാപിതമാകുകയും ചെയ്തു. [4]

പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൻെറ്റ പിൻഭാഗം

ഇലന്തൂർ, അച്ചൻകോവിൽ, തെങ്കാശി, കോന്നി എന്നീ സ്ഥലങ്ങളും ശബരിമല വനപ്രദേശങ്ങളും ചേർന്ന വലിയൊരു രാജ്യമായി പന്തളം മാറി. കൊല്ലവർഷം 290നും 340നും ഇടയിൽ എരുമേലി മുതൽ ശബരിമല വരെയുളള പ്രദേശങ്ങൾ അയ്യപ്പൻ രാജ്യത്തോട് കൂട്ടിച്ചർത്തതായി വിശ്വസിക്കുന്നു. കൊല്ലവർഷം 345ൽ വേണാട് രാജാവായിരുന്ന ആദിച്ചവർമ്മൻ പന്തളം രാജ്യത്തിന് കുറേ ഭൂമി വിട്ടുകൊടുത്തതായി രേഖകൾ ഉണ്ട്. മദ്ധ്യ തിരുവിതാംകൂറിൽ നടത്തിയ ആക്രമണങ്ങളിൽ നിന്ന് മാർത്താണ്ഡവർമ്മ പന്തളത്തെ ഒഴിവാക്കിയിരുന്നു. ഇതിന് പ്രധാന കാരണം പന്തളം രാജ്യത്തിന് തിരുവിതാംകൂറുമായുളള സൗഹൃദബന്ധമായിരുന്നു. പക്ഷേ ടിപ്പുവിൻെറ്റ പടയോട്ടസമയത്ത് തിരുവിതാംകൂർ പന്തളത്തിന് സെെനിക സഹായം നൽകിയിരുന്നു. ഉദ്ദേശം 2,20,000 രൂപ സെെനിക ചെലവായി പന്തളത്തിന് കെട്ടിവെക്കേണ്ടി വന്നു. പല തവണകളായും ശബരിമല ക്ഷേത്രത്തിലെ വരുമാനമുപയോഗിച്ചും കടം വീട്ടി വന്നു. എന്നാൽ പിന്നീട് കടം വീട്ടാൻ പറ്റാതെയായപ്പോൾ തിരുവിതാംകൂറുമായുളള ഒരു ഉടമ്പടി പ്രകാരം പന്തളം രാജ്യം മുഴുവനായി തീറെഴുതി നൽകേണ്ടി വന്നു. ഉടമ്പടി പ്രകാരം പന്തളം രാജകുടുംബത്തിലെ ഒാരോ അംഗത്തിനും ഒരു നിശ്ചിത തുക എല്ലാ മാസവും നൽകിപോന്നു. ശബരിമലയുൾപ്പടെ രാജകുടുംബത്തിന് കീഴിലുണ്ടായിരുന്ന ക്ഷേത്രങ്ങളുടെ അവകാശവും തിരുവിതാംകൂറിൻെറ്റ കെെകളിലായി. പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതിന് മുമ്പുവരെ പന്തളം ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.

അയ്യപ്പനുമായുളള ബന്ധം

[തിരുത്തുക]

പന്തളം രാജവംശജർ ഭാർഗവ ഗോത്രത്തിൽ പെട്ടവരാണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ കേരളത്തിലെ മറ്റു ക്ഷത്രിയവംശജർ വിശ്വാമിത്ര ഗോത്രത്തിൽ പെട്ടവരാണ്. എന്നാൽ കേരളത്തിലെ മറ്റ് രാജവംശങ്ങളുമായുള്ള ബന്ധം കാരണം പില്ക്കാലത്ത് പന്തളം രാജവംശം നായർ കുലത്തിൽ ലയിച്ചു.[5] പന്തളരാജനായിരുന്ന രാജ രാജശേഖരൻ നായാട്ടിനായി പോയപ്പോൾ പമ്പാ നദിക്കരയിൽ നിന്ന് ഒരു ശിശുവിന്റെ കരച്ചിൽ കേൾക്കുകയുണ്ടായി. ശബ്ദം കേട്ട ദിക്കിലേക്ക് പോയ രാജാവ് അവിടെ ഒരു കോമള വദനനായ കഴുത്തിൽ മണിയോടുകൂടിയ ഒരു ശിശുവിനെ കണ്ടു. കുട്ടികൾ ഇല്ലാതെയിരുന്ന രാജാവിന് ഇശ്വരൻ തനിക്കു തന്ന വരമാണ് ഈ ശിശുവെന്ന് വിശ്വസിച്ചു. ആ സമയം അവിടെ ആഗതനായ അഗസ്ത്യ മഹർഷി രാജാവിൻെറ്റ വ്യാകുലതകൾ അകറ്റികൊണ്ടു പറഞ്ഞു;

പ്രമാണം:Pandalam raja hunting.jpg
നായാട്ടിന് പുറപ്പെടുന്ന രാജശേഖര രാജാവ്

"മഹാരാജാവേ, ഈ ബാലനെ കൊട്ടാരത്തിൽ കൊണ്ടുപോയി പുത്രനായി വളർത്തുക.
ഈ കഴുത്തിൽ കാണുന്ന മണി നോക്കൂ. അതുതന്നെ ദിവ്യത്വത്തിൻെറ്റ ലക്ഷണമാണ്.
ഇവനെ മണികണ്ഠൻ എന്ന് വിളിക്കാം. ഇവൻ നിമിത്തം രാജ്യത്തിനും രാജവംശത്തിനും അളവറ്റ ശ്രേയസ്സുകൾ ഉണ്ടാകും."

ഗുരുകുല വിദ്യാഭ്യാസത്തിന് ശേഷം ചീരപ്പൻചിറ കളരിയിൽ നിന്ന് കളരിമുറകൾ അഭ്യസിച്ച മണികണ്ഠനെ പന്തളരാജൻ യുവരാജാവായി വാഴിക്കാൻ തീരുമാനിച്ചു. എന്നാൽ മണികണ്ഠനോട് അസൂയ പുലർത്തിയിരുന്ന മന്ത്രി പല കുതന്ത്രങ്ങളുമുപയോഗിച്ച് രാജ്ഞിയെ പാട്ടിലാക്കി. മണികണ്ഠനെ അളവറ്റ് സ്നേഹിച്ചിരുന്ന രാജ്ഞി മന്ത്രിയുടെ പൊളളയായ വാക്കുകൾ കേട്ട് അവർ മെനഞ്ഞ പദ്ധതികൾ പ്രകാരം കഠിനമായ വയറുവേദന നടിച്ചു. കൊട്ടാരം വെെദ്ധ്യർ മന്ത്രിയുടെ നിർദ്ദേശപ്രകാരം രാജ്ഞിയുടെ കലശലായ വയറുവേദനക്ക് പുലിപ്പാൽ മാത്രമാണ് ഏക ഉപായമെന്ന് പറഞ്ഞു. അവതാര ഉദ്ദേശം പൂർത്തിയാകാൻ സമയമായതിനാലാണ് നല്ലവളായ രാജ്ഞി പോലും മന്ത്രിയുടെ വാക്കുകളെ വിശ്വസിച്ചത്.[6]

ആരെക്കൊണ്ടും നടക്കില്ല എന്ന് വിചാരിച്ചത് മണികണ്ഠൻ ഏറ്റെടുത്തു. പുലിപ്പാലിനായി കൊടും കാട്ടിലേക്ക് പുറപ്പെട്ട മണികണ്ഠൻ മഹിഷിയെ നിഗ്രഹിച്ച് ഒരു പറ്റം പുലികളുമായി പന്തളത്തെത്തി. ഇതുകണ്ടവർ നാലുപാടും ചിതറി ഓടി. മണികണ്ഠൻ ഒരു സാധാരണ മനുഷ്യനല്ലെന്ന് മനസ്സിലാക്കിയ രാജാവും രാജ്ഞിയും മന്ത്രിയും കൊട്ടാരത്തിലുണ്ടായിരുന്ന മറ്റുളളവരും മണികണ്ഠനെ തൊഴുതു വണങ്ങി. തൻറ്റെ അവതാര ഉദ്ദേശം പൂർത്തീകരിച്ച മണികണ്ഠൻ രാജാവിനോട് ശബരിമലയിൽ തനിക്കായി ഒരു ക്ഷേത്രം പണിയണമെന്നും തന്നെ പോകുവാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു. അനന്തരം അപ്രത്യക്ഷനായ മണികണ്ഠനെ അയ്യനെ എന്നും അപ്പനെ എന്നും ജനങ്ങൾ വിളിച്ചു. ഇപ്രകാരമാണ് മണികണ്ഠന് അയ്യപ്പൻ എന്ന പേര് ലഭിച്ചത്.[7]

പാണ്ഡ്യേശ വംശതിലകം
കേരള കേളിവിഗ്രഹം
ആർത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

ഈ വന്ദനശ്ലോകത്തിൽ പാണ്ഡ്യേശ വംശതിലകനും കേരളത്തിലെ കേളീവിഗ്രഹനുമായ ശാസ്താവിനെയാണ് വർണ്ണിച്ചിരിക്കുന്നത്. ഇതിൽ കീർത്തിക്കുന്നത് പാണ്ഡ്യ രാജവംശത്തെയാണ്.[8]

പന്തളം കൊട്ടാര സമുച്ചയം

[തിരുത്തുക]

പന്തളം രാജവംശത്തിൻെറ്റ വാസസ്ഥലമായ പന്തളം കൊട്ടാരം അച്ചൻകോവിലാറിന്റെ കരയിലാണ് സ്ഥിതിചെയ്യുന്നത്. കേരളീയ വാസ്തുശില്പ കലയുടെ ഒരു ഉത്തമ ഉദാഹരണമാണ് ഈ കൊട്ടാരം. പഴയ കൊട്ടാരത്തിന്റെ ഭൂരിഭാഗവും കാലപ്പഴക്കത്താൽ നശിച്ചെങ്കിലും ചുരുക്കം ചില ഭാഗങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. കൈപ്പുഴ തമ്പാന്റെ മാളിക ആയിരുന്നു . അദ്ദേഹത്തിന്റെ മരണശേഷം പന്തളം രാജകുടുംബം അവിടെ താമസം തുടങ്ങുകയായിരുന്നു . പന്തളം രാജ വംശത്തിന് 500 വർഷത്തെ പഴക്കമാണ് ചരിത്രത്തിലെ രേഖകൾ അടയാളപ്പെടുത്തുന്നത് . [9]

വലിയകോയിക്കൽ ക്ഷേത്രം

[തിരുത്തുക]
പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രം

അച്ചൻകോവിലാറിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അയ്യപ്പന്റെ നിത്യ പൂജകൾക്കായി രാജശേഖര രാജാവ് നിർമ്മിച്ചതാണ്. കൊട്ടാര സമുച്ചയത്തിനുളളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ വിഗ്രഹത്തിന് പകരം 12 സാളഗ്രാമങ്ങളാണുളളത്. എല്ലാ വർഷവും ധനു 28ന് മകരവിളക്കിന് മുമ്പായി തുടങ്ങുന്ന "തിരുവാഭരണ ഘോഷയാത്ര" വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിക്കുന്നത്.[10]

കെെപ്പുഴ ക്ഷേത്രം

[തിരുത്തുക]

കൊട്ടാരത്തിൻെറ്റ കീഴിലുളള ശിവക്ഷേത്രവും തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ്റ കീഴിലുളള ശ്രീകൃഷ്ണ ക്ഷേത്രവുമാണ് ഈ സമുച്ചയത്തിലുളളത്. നരസിംഹമൂർത്തിയുടെ പ്രതിഷ്ഠയുണ്ടായിരുന്നപ്പോൾ കൊട്ടാരത്തിൽ പല അനിഷ്ഠ സംഭവങ്ങള ഉണ്ടാകുകയും പിന്നീട് പണ്ഡിതന്മാരുടെയും ജോത്സ്യന്മാരുടെയും നിർദ്ദേശ പ്രകാരം സന്താനഗോപാലപ്രതിഷ്ഠ നടത്തുകയും ചെയ്തു.[11]

കൊച്ചുകോയിക്കൽ തേവാരപ്പുര

[തിരുത്തുക]

വടക്കേകൊട്ടാരത്തിലും നാലുകെട്ടിലുമായുളള തേവാരപ്പുരകളിൽ 28 ദേവീ ദേവന്മാരുടെ പ്രതിഷ്ഠകളുണ്ട്. ഇവിടെയുളള മധുര മീനാക്ഷിപ്രതിഷ്ഠ പന്തളം രാജവംശത്തിന് പാണ്ഡ്യരുമായുളള ബന്ധത്തെ സൂചിപ്പിക്കുന്നു.[12]

സ്ട്രോങ്ങ് റൂം

[തിരുത്തുക]

വലിയകോയിക്കൽ ക്ഷേത്രത്തിന് വടക്കായി സ്ഥിതി ചെയ്യുന്ന സ്ട്രോങ്ങ് റൂമിലാണ് അയ്യപ്പൻെറ്റ തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മണ്ഡല-മകരവിളക്ക് സമയത്ത് ഭക്തർക്ക് ഈ തിരുവാഭരണങ്ങൾ കാണുവാനുളള അവസരം ലഭിക്കും. ധനു 28ന് പുലർച്ചെ ഇവ വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് ഘോഷയാത്രയുടെ അകംബടിയോടെ ശബരിമലയിലേയ്ക്കും കൊണ്ടുപോകുന്നു.

പുത്തൻ കോയിക്കൽ

[തിരുത്തുക]

കൊട്ടാര സമുച്ചയങ്ങളിൽ ഏറ്റവും പഴക്കം ചെന്നയിൽ ഒന്നാണിത്. കൊട്ടാരത്തിലെ സ്ത്രീകൾ ഉപയോഗിച്ചിരുന്ന ഒരു കുളം ഈ സമുച്ചയത്തിന് കീഴിലായി സ്ഥിതി ചെയ്യുന്നു.

പന്തളം രാജകുടുംബത്തിലെ പ്രശസ്ത വ്യക്തികൾ

[തിരുത്തുക]

പന്തളം കേരളവർമ്മ

മഹാകവി പന്തളം കേരളവർമ്മ

കവിയും പ്രസാധകനും ആയിരുന്ന മഹാകവി പന്തളം കേരളവർമ്മ എന്നറിയപ്പെടുന്ന കേരളവർമ്മ പന്തളം രാജകുടുംബാംഗമായിരുന്നു. തന്റെ 12-ആം വയസ്സിൽ സംസ്കൃത കവിതകൾ എഴുതിത്തുടങ്ങിയ അദ്ദേഹം 19-ആം വയസ്സിൽ മലയാള കവിതകളും എഴുതിത്തുടങ്ങി. ദൈവമേ കൈ തൊഴാം എന്ന പ്രശസ്തമായ പ്രാർത്ഥനാഗാനം അദ്ദേഹത്തിന്റെ രചനകളിൽ ഒന്നാണ്.[13]

വി.എസ്. വല്യത്താൻ

കേരളത്തിൽ അറിയപ്പെടുന്ന ചിത്രകാരനും യഥാതഥശൈലിയിലുള്ള ചിത്രരചനയിൽ നൈപുണ്യം തെളിയിച്ച വ്യക്തിയായിരുന്നു വി.എസ്. വല്യത്താൻ. കേരള സർക്കാർ ഏർപ്പെടുത്തിയ പ്രശസ്തമായ രാജാ രവിവർമ്മ പുരസ്കാരം ഇദ്ദേഹം 2006-ൽ നേടിയിട്ടുണ്ട്.[14]

കൊട്ടാരവുമായി ബന്ധപ്പെട്ട ചില ആചാരങ്ങൾ

[തിരുത്തുക]
 • പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാന് പതിനെട്ടാംപടി ചവിട്ടാനുളള അനുവാദമില്ല.
 • ഉപനയനം കഴിയാത്ത ആൺകുട്ടികൾക്കും സ്ത്രീകൾക്കും ശബരിമല തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ കഴിയില്ല.
 • മകരവിളക്ക് ദിവസം കൊട്ടാരത്തിലെ ഒരു അംഗവും ശബരിമലയിൽ പോകാറില്ല.
 • പന്തളം രാജകുടുംബാംഗങ്ങൾക്ക് ഇരുമുടികെട്ട് നിർബന്ധമല്ല.
 • കൊട്ടാരത്തിലെ ഏതെങ്കിലും ഒരു അംഗം മരിച്ചാൽ പന്തളം വലിയകോയിക്കൽ ക്ഷേത്രം 12 ദിവസത്തേക്ക് അടച്ചിടും.[15]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
 1. "Royal Family Of Pandalam - Website Of Lord Ayyappa And Royal Family Of Pandalan". www.ayyappa.com.
 2. "Pandalalm raja - thatvamsiorg". sites.google.com. Archived from the original on 2019-04-06. Retrieved 2016-10-11.
 3. "Pandalam the holy town". pandalamonline.blogspot.in. 2009-06-17. Retrieved 2016-10-09.
 4. "മുരിംങ്ങമംഗലം ക്ഷേത്ര ഉൽപത്തി". murungamangalam.blogspot.in. 2009-12-13.
 5. "ധർമ്മ ശാസ്താവും അയ്യപ്പനും ഒരു വിമർശന പഠനം". vrittantham.blogspot.com. 2015-01-04.
 6. V, Ramakumar (September 2002). "പന്തളം രാജവംശം". In Paramasivan Nair (ed.). Sree Ayyappan (1st ed.). Thiruvananthapuram: Siso books. pp. 55–56. ISBN 81-7797-033-X.
 7. "J Y O T H I". earnhapply.blogspot.com.
 8. "പന്തളത്തു തമ്പുരാന്റെ ഭജനം". www.janmabhumidaily.com. Archived from the original on 2016-10-09. Retrieved 2016-10-12.
 9. "Royal family of Pandalam". sabarimalayatraa.blogspot.com.
 10. "Hundreds throng Pandalam to worship Thiruvabharanam". The Hindu. Archived from the original on 2011-01-15. Retrieved 27 December 2013.
 11. "Kaipuzha Shiva temple in Pandalam India". www.india9.com.
 12. "Historical Pandalam Palace and Its Importance". www.keralahoneymoonpackage.com. Archived from the original on 2016-10-09. Retrieved 2016-10-12.
 13. "Pandalam Kerala Varma - Profile, biography and life history". www.veethi.com. 2014-04-16. {{cite web}}: Cite has empty unknown parameter: |1= (help)
 14. "V.S. Valiathan - Profile, Biography and Life History". www.veethi.com. 2016-04-03.
 15. "Customs - Pandalam royal family". www.ayyappa.com.

പുറത്തേക്കുളള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പന്തളം_രാജവംശം&oldid=4070989" എന്ന താളിൽനിന്ന് ശേഖരിച്ചത്