നെടുങ്ങനാട്
കേരളത്തിൽ പാലക്കാട് ജില്ലയിലെ ഇന്നത്തെ പട്ടാമ്പി, നെല്ലായ, ചെർപ്പുളശ്ശേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ച്, തൂതപ്പുഴക്കും ഭാരതപ്പുഴക്കും ഇടയിലായി, നിലനിന്നിരുന്ന ഒരു പഴയ നാട്ടുരാജ്യമായിരുന്നു നെടുങ്ങനാട്. [1]. ഇവിടത്തെ രാജാവ് നെടുങ്ങേതിരിപ്പാട് എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്ന് ഇരായിരൻ നാമൻ എന്ന പാരമ്പര്യനാമവും ഉണ്ടായിരുന്നു. രണ്ടാം കൂർ അറിയപ്പെട്ടിരുന്നത് നമ്പ്യാതിരിപ്പാട് എന്നയിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യനാമം ഇരായിരൻ കടുങ്ങോൻ എന്നായിരുന്നു.
രണ്ടാം ചേരസാമ്രാജ്യത്തിനുശേഷം നിളാതീരത്ത് രൂപംകൊണ്ട സ്വതന്ത്രങ്ങളായ നാടുകളിൽ ഒന്നായിരുന്നു ഇത്. പന്ത്രണ്ട്, പതിമൂന്ന്, പതിനാല് നൂറ്റാണ്ടുകളിലായി ആദ്യം നെടുങ്ങാടിമാരും പിന്നീട് തിരുമുല്പാടന്മാർ, ചെർപ്പുള്ളശ്ശേരി കർത്താക്കന്മാർ എന്നീ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരും നെടുങ്ങേതിരിപ്പാട് സ്ഥാനം കയ്യാളിയിരുന്നു. നെടുങ്ങാടിമാരിൽനിന്ന് അവരുടെ ബന്ധുക്കളായിരുന്ന തിരുമുൽപ്പാടന്മാർ അധികാരം പിടിച്ചെടുക്കുകയായിരുന്നു. പിൽക്കാലത്ത് നാടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സ്വാധീനം നേടി ആ ഭാഗങ്ങളിൽ അധികാരത്തിലെത്തിയവരായിരുന്നു ചെർപ്പുള്ളശ്ശേരി കർത്താക്കന്മാർ[2].
ഉത്ഭവം
[തിരുത്തുക]കോത ഇരവിയുടെ പതിനേഴം ഭരണവർഷത്തിലെ (സി.ഇ. 900)നെടുമ്പുറയൂർനാട്ട് തളി ലിഖിതത്തിലാണ് നെടുങ്ങനാടിനെക്കുറിച്ച് അറിയപ്പെടുന്ന ആദ്യ പരാമർശം.
നിളാതീരത്ത് ഒരു ഭരണകേന്ദ്രത്തെ ഉപജീവിച്ച് സംഘടിതമായ ഭരണസംവിധാനങ്ങൾ വികാസിപ്പിച്ചെടുക്കുന്നതിന്റെ ആദ്യഘട്ടപരീക്ഷണങ്ങളിൽ ഒന്നായിരുന്നു നെടുങ്ങനാട് എന്ന് കരുതാം. വള്ളുവനാട്ടിലെ ഉടയവർ വള്ളോടിമാരും ഏറനാട്ടിലെ ഉടയവർ ഏറാടിമാരും ആയിരുന്നപോലെ നെടുങ്ങനാട്ടിലെ ഉടയവരായിരുന്നു നെടുങ്ങാടിമാർ. ഈ പ്രദേശത്ത് ജനസംഖ്യയുടേയും അതോടൊപ്പം നെൽക്കൃഷിയുടേയും, അതുവഴി സമ്പദ്വ്യവസ്ഥയുടേയും വളർച്ചയുടെ തോത് കൂടിവരുന്ന ഒരു കാലത്താണ്, മറ്റു നാടുകളേപ്പോലെ നെടുങ്ങനാടിന്റെയും ഉദയം. സമ്പദ്വ്യവസ്ഥ വികസ്വരമായിരിക്കുന സമയത്ത് അധികാരം സ്വന്തം കഴിവിൽ കേന്ദ്രീകരിക്കാൻ നെടുങ്ങാടിമാരിലെ നെടുങ്ങേതിരിപ്പാട് നടത്തിയ പരീക്ഷണങ്ങൾ പിഴച്ചുപോയതുകൊണ്ടാകാം സ്വന്തം ബന്ധുവായ തിരുമുല്പാടന്മാരും പ്രാദേശികപ്രമുഖരായ കർത്താക്കന്മാരും ഒരേ സമയം നാടിന്റെ കിഴക്കും പടിഞ്ഞാറുമായി അധികാരത്തിലെത്തിയത്. ഇതിൽ കൊടിക്കുന്ന് കേന്ദ്രമാക്കി ഭരിച്ചിരുന്ന തിരുമുൽപ്പാടന്മാരിലെ നെടുങ്ങേതിരിപ്പാടാണ്, തന്റെ പടത്തലവ്ന്മാർ കൂടുതൽ പ്രബലരായിത്തീർന്ന് തനിക്കുതന്നെ വെല്ലുവിളിയായപ്പോൾ സാമൂതിരിയോട് സഹായം അഭ്യർത്ഥിക്കുന്നത്. ഇതിൽ നിന്ന് പാഠം പഠിച്ചുകൊണ്ടായിരിക്കണം വെള്ളാട്ടിരിയും സാമൂതിരിയും പിൽക്കാലത്ത് തങ്ങളുടെ രാജ്യതന്ത്രജ്ഞത വികസിപ്പിച്ചെടുത്തത്.
മേഴത്തൂർ അഗ്നിഹോത്രി, കാരക്കലമ്മ, പാക്കനാർ, നാറാണത്ത് ഭ്രാന്തൻ എന്നിവരുടെ ജന്മദേശമായും നെടുങ്ങനാട് അറിയപ്പെട്ടിരുന്നു. ഈ നാട്ടുരാജ്യത്തെ പിൽക്കാലത്ത് സാമൂതിരി പിടിച്ചടക്കി. ഭരണകാര്യങ്ങളിൽ കഴിവും താല്പര്യവും കുറവായിരുന്ന അന്നത്തെ നെടുങ്ങേരിപ്പാട്, തന്റെ മന്ത്രിമാരും പ്രദേശിക പടത്തലവന്മാരും പ്രബലരായി മാറിയപ്പോൾ അവരിൽനിന്നും, കൂടാതെ തരൂർ, ആറങ്ങോട്ട് എന്നീ സമീപസ്വരൂപങ്ങളിൽ നിന്നും ആക്രമണമുണ്ടായേക്കും എന്ന ഭീതിയിൽ, സാമൂതിരിയോട് സഹായാഭ്യർഥന നടത്തി. യുദ്ധച്ചെലവു വഹിക്കാമെന്നും കുറെ സ്ഥലം വിട്ടുകൊടുക്കാമെന്നും കരാറുണ്ടാക്കി. സാമൂതിരിപ്പട സഹായത്തിനായി നെടുങ്ങനാടിന്റെ പടിഞ്ഞാറൻ അതിർത്തിയിലെത്തിയപ്പോൾ അവിടെ യാതൊരു തയ്യാറെടുപ്പും കണ്ടില്ല. വാക്കു പാലിക്കാനുള്ള നിഷ്ഠ കൊണ്ട് താൻ കൂടിയില്ലെങ്കിലും സാമൂതിരി യുദ്ധം നടത്തിക്കൊള്ളും എന്നു കരുതി, ബലഹീനനായിക്കഴിഞ്ഞിരുന്ന നെടുങ്ങേരിപ്പാട്, സൂത്രത്തിൽ അനങ്ങാതിരുന്നു. നെടുങ്ങനാട് പടത്തലവൻമാർ തക്കം നോക്കി സാമൂതിരിയുടെ കൂടെ കൂടി. സാമൂതിരി കാര്യം മനസ്സിലാക്കി. എതിർപ്പൊന്നുമില്ലാതെ അക്ഷരാർഥത്തിൽ ഒരു വിജയഘോഷയാത്ര പോലെ സാമൂതിരി നെടുങ്ങനാട് പിടിച്ചെടുത്തു[3]. കൊടിക്കുന്നിയിൽ വച്ച് നെടുങ്ങേരിപ്പാട് സാമൂതിരിയുടെ രണ്ടാം കൂറായ ഏറാൾപ്പാടിന്റെ നേതൃത്വത്തിലുള്ള സാമൂതിരിപ്പടക്ക് കീഴടങ്ങി. തുടർന്ന് ഏറാൾപാട് കരിമ്പുഴ വരെ നടത്തിയ യാത്ര കൊട്ടിച്ചെഴുന്നള്ളത്ത് എന്നറിയപ്പെടുന്നു. ഇത് സി.ഇ. പതിനാലാം നൂറ്റാണ്ടിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. തൃത്താലക്കടുത്ത് യജ്ഞേശ്വരം മുതൽ കിഴക്ക് കരിമ്പുഴ വരെയുള്ള പ്രദേശങ്ങൾ സാമൂതിരിയുടെ കയ്യിലാകുന്നത് ഇങ്ങനെ നെടുങ്ങനാട്ടിൽ നിന്നാണ്.
കിഴക്കുന്നത്തു നമ്പിടി,വയ്യാവിനാട്ടു നമ്പിടി, മണിയൂർ നമ്പിടി, തറക്കൽ വാരിയർ,വാക്കട നായർ, കാരക്കാട്ടു മൂത്തവർ, വീട്ടിക്കാട്ടു നായർ, തൃക്കടീരി നായർ തുടങ്ങിയവരായിരുന്നു അന്ന് നെടുങ്ങനാട്ടിലെ പടത്തലവന്മാരും നാടുവാഴികളും. ഇതിൽ കാരക്കാട്ടു മൂത്തവർ എന്ന കവളപ്പാറ നായർ മാത്രം സാമൂതിരിക്ക് വഴങ്ങാതെ നിന്നു.
പുലാശ്ശേരി കോവിലകം
[തിരുത്തുക]പ്രാചീന നെടുങ്ങനാട്ടിലെ കർത്താക്കന്മാരുടെ ഒരു താവഴിയാണ് പുലാശ്ശേരി കോവിലകം.[4] ഇവർ തെക്കേ കോവിലകം എന്നും വടക്കേ കോവിലകം എന്നും രണ്ടായി പിരിഞ്ഞു താമസിച്ചിരുന്നു. ഇവരുടെ പരദേവത ചെറുപ്പുളശ്ശേരി അയ്യപ്പനും, പുലാശ്ശേരി അയ്യപ്പനുമാണ്. രണ്ടു കോവിലകവും ഇന്നില്ല. പുലാശ്ശേരി ദേശ ഗുരുതിയാണ് പ്രധാന ദേശാചാരം.
പര്യവസാനം
[തിരുത്തുക]സാമൂതിരിക്ക് കീഴ്പ്പെട്ട ശേഷവും ഈ പ്രദേശങ്ങൾ നെടുങ്ങനാട് എന്നു തന്നെ അറിയപ്പെട്ടു. മൈസൂർ സുൽത്താന്മാരുടെ ആക്രമണശേഷം ഇംഗ്ളീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് സാമൂതിരി കീഴ്പ്പെട്ടപ്പോൾ സി.ഇ.1792 മുതൽ ഈ പ്രദേശങ്ങളും ബ്രിട്ടീഷ് ആധിപത്യത്തിലായി. നെടുങ്ങനാട് സാമൂതിരിയുടെ ഭരണപ്രദേശമായാണ് ബ്രിട്ടീഷുകാർ കണക്കാക്കിയിരുന്നത്. അതുകാരണം സാമൂതിരിക്കും വള്ളുവക്കോനതിരിക്കും മാലിഖാന അനുവദിച്ചപ്പോൾ നെടുങ്ങേതിരിപ്പാടിനെ അവർ കണക്കാക്കിയില്ല. തുടർന്ന് അവർ നെടുങ്ങനാട് താലൂക്കിന്ന് രൂപം കൊടുത്തു. പിന്നീട് 1860-ൽ നെടുങ്ങനാട് താലൂക്ക് വള്ളുവനാട് താലൂക്കിനോട് കൂട്ടിച്ചേർക്കപ്പെട്ടു. അതോടെ നെടുങ്ങനാട് എന്ന നാമം തന്നെ പിൽക്കാലരേഖകളിൽ നിന്ന് അപ്രത്യക്ഷമായി.[5]
അവലംബം
[തിരുത്തുക]- ↑ നെടുങ്ങനാട് ചരിത്രം, പ്രാചീന കാലം മുതൽ എ.ഡി.1860 വരെ, എസ്. രാജേന്ദു, പബ്ലി: കെ. ശങ്കരനാരായണൻ, പെരിന്തൽമണ്ണ, 2012. ISBN: 978-93-5254-284-0
- ↑ നെടുങ്ങനാട് ചരിത്രം, പ്രാചീന കാലം മുതൽ എ.ഡി.1860 വരെ, എസ്. രാജേന്ദു, പബ്ലി: കെ. ശങ്കരനാരായണൻ, പെരിന്തൽമണ്ണ, 2012.
- ↑ സാമോരിൻസ് ഓഫ് കാലികറ്റ്, കെ.വി.കൃഷ്ണയ്യർ, കോഴിക്കോട് സർവകലാശാല പ്രസിദ്ധീകരണം, 1999
- ↑ നെടുങ്ങനാട്: പുലാശ്ശേരി കോവിലകം രേഖകൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം. 2023. ISBN:978-8195-861-958
- ↑ നെടുങ്ങനാട് ചരിത്രം, എസ്. രാജേന്ദു.