Jump to content

അഞ്ചിക്കൈമൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അഞ്ചിക്കൈമൾ രാജ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെരാനല്ലൂർ, കുന്നത്തുനാട്‌, പുളക്കാട്, കുറുമൽക്കൂർ, വടക്കൂർ, എന്നീ തറവാട്ടു പേരുള്ള അഞ്ചു എന്ന പ്രബലരായ നായർ മാടമ്പി-പ്രഭുക്കന്മാരെ ആണ് അഞ്ചിക്കൈമൾമാർ എന്ന് വിളിച്ചിരുന്നത്‌. ഇവരിൽ പ്രധാനി ചെരുകാടുകൈമൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചെരാനല്ലൂർ കർത്താവായിരുന്നു. എറണാകുളവും, അതിന്റെ പരിസരപ്രദേശങ്ങളും ഇവരുടെ വകയായിരുന്നു. ഇവർ കൊച്ചിരാജാവിനോടും സാമൂതിരിയോടും മാറി മാറി കൂറുപുലർത്തി പോന്നിരുന്നു. ഇവരെ കൂടാ‍തെ മറ്റുചില ശക്തന്മാരായ നായർപ്രമാണിമാരും ഉണ്ടായിരുന്നു. എറണാകുളത്തിന് വടക്ക് മുറിയനാട്ടുനമ്പ്യാർ, പാലിയത്തച്ചൻ, കോടശ്ശേരികൈമൾ, കൊരട്ടികൈമൾ, ചങ്ങരൻ കോതകൈമൾ, പനമ്പുകാട്ടുകൈമൾ എന്നിവരാണ് അവരിൽ പ്രബലന്മാർ, കൊച്ചിരാജാവിനോട് നാമമാത്രമായ വിധേയത്വമേ ഇവർക്കുണ്ടായിരുന്നുള്ളൂ.

ഏറണാകുളത്തെ ചുങ്കം പിരിച്ചിരുന്നത് ചെരാനല്ലൂർ കർത്താവായിരുന്നു. ഏറണാകുളത്തിന്റെ കിഴക്കും വടക്കും ഉള്ള ഭാഗങ്ങൾ ഈ മാടമ്പികളുടെ അധികാരത്തിലായിരുന്നു. ചില അവസരത്തിൽ സാമൂതിരിയോടും മറ്റു ചില അവസരങ്ങളിൽ കൊച്ചി രാജാവിനോടും അവർ കൂറു പുലത്തിയിരുന്നു. ഏതെങ്കിലും വലിയ രാജാവിനോട് നേരിയ വിധേയത്വം ഉണ്ടായിരുന്നുവെങ്കിലും അതത് പ്രദേശങ്ങളിൽ വമ്പിച്ച അധികാരങ്ങളാണ് ഇവർക്ക് ഉണ്ടായിരുന്നത്; സ്വന്തമായി സൈന്യവുമുണ്ടായിരുന്നു. കൊച്ചിയും കോഴിക്കോടും തമ്മിൽ ആദ്യകാലങ്ങളിൽ നടന്ന യുദ്ധങ്ങളിൽ ഇവരുടെ കൂറ് സാമൂതിരിയോടായിരുന്നു. സാമൂതിരിയുടെ പിന്തുണയുണ്ടായിരുന്നതിനാൽ കൊച്ചിരാജാവിന് ഇവരെ ആക്രമിച്ച് അധികാരം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല.

1503-ൽ പോർച്ചുഗീസുകാർ കൊച്ചിയിൽ കോട്ടകെട്ടി അധികാരം സ്ഥാപിച്ചു. അതിനു ശേഷം സമീപ പ്രദേശങ്ങളിലെ മാടമ്പിമാരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. പോർച്ചുഗീസുകാരുടെ നിർബന്ധ പ്രകാരമായിരുന്നു സാമൂതിരിയുമായുള്ള കൂറ് ഉപേക്ഷിച്ച് കൊച്ചിയുടെ മേൽക്കോയ്മ സ്വീകരിച്ചത്. എന്നാൽ ഇടയ്ക്കിടെ ഈ കരാർ ലംഘിച്ചിരുന്നു, കേരളീയരാജാക്കന്മാരുടെ പൊതുസ്വഭാവമായി പല സഞ്ചാരികളാലും ഇതു ചൂണ്ടി കാണിക്കപ്പെട്ടിട്ടുണ്ട്. ഈ മാടമ്പിമാർക്കിടെ കിടമത്സരങ്ങളും സാധാരണയായിരുന്നു.

1762-ൽ തിരുവിതാംകൂർ-കൊച്ചി ഉടമ്പടിപ്രകാരം കൊച്ചിയിലെ ഇടപ്രഭുക്കൻമാരെ അമർച്ചചെയ്യുന്നതിന് തിരുവിതാംകൂർ രാജാവ് കൊച്ചിരാജാവിനെ സഹായിച്ചു. തൻമൂലം കൊച്ചിരാജാവിന്റെ മന്ത്രിയായിരുന്ന കോയിഅച്ചന് പ്രഭുക്കൻമാരെ ഉൻമൂലനം ചെയ്യാൻ കഴിഞ്ഞു; കൂട്ടത്തിൽ അഞ്ചു കൈമൾമാരെയും. കൈമൾമാരുടെ പിന്നീടുള്ള ചരിത്രം അപ്രധാനമായിത്തീർന്നു. എങ്കിലും അഞ്ചിക്കൈമൾ എന്ന പേര് അവരുടെ സ്മരണയെ നിലനിർത്തുന്നുണ്ട്. 1958 ഏപ്രിൽ 1-ന് എറണാകുളം ജില്ല രൂപംകൊള്ളുന്നതുവരെ എറണാകുളത്തെ ജില്ലാക്കോടതിക്ക് അഞ്ചിക്കൈമൾ ജില്ലാക്കോടതി എന്നായിരുന്നു പേർ.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഞ്ചിക്കൈമൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഞ്ചിക്കൈമൾ&oldid=2246342" എന്ന താളിൽനിന്ന് ശേഖരിച്ചത്