Jump to content

കുറുമ്പ്രനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുറുമ്പ്രനാട് കേരളത്തിലെ ഒരു നാട്ടുരാജ്യമായിരുന്നു.കൊയിലാണ്ടി,കോഴിക്കോട് താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്നുണ്ടാ‍യതാണ് കുറുമ്പ്രനാട് പ്രദേശം.കടത്തനാട്ട് രാജാവ് എന്നും നാടുവാഴി അറിയപ്പെടുന്നു.

Malabar_District_Map

കുറുമ്പ്രനാട് മുസ്‌ലിം ചരിത്രം

കുറുമ്പ്രനാട് ദേശത്തിലെ പ്രധാന മുസ്ലിം തറവാടുകളിൽ ഒന്നായിരുന്നു തോട്ടച്ചാൽ തറവാട്.

ഉത്ഭവം

കേരളത്തിലെ നായർവംശീയരിലെ കിരിയത്തിൽ നായർ കിടാവ് എന്ന വിഭാഗത്തിൽ നിന്നും ഉല്പത്തികൊണ്ട നാടുവാഴി കുറുമ്പ്രനാട്ട് വാഴുന്നവരാണ് കുറുമ്പ്യാതിരി രാജാവായി അറിയപ്പെട്ടത്. കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നവയായതിനാൽ മറ്റുള്ളവരുടെ ശ്രദ്ധ അധികമായി ഈയൊരു രാജ്യത്തിന് നേർക്കുണ്ടായില്ല. അതുകൊണ്ടുതന്നെ അധികം യുദ്ധം ചെയ്യേണ്ടി വന്നതുമില്ല.

പിന്തുടർച്ച

കുറുമ്പ്രനാട്ട് കോവിലകം കേരളത്തിലെ മറ്റേത് നായർ രാജവംശം പോലെ തന്ന മരുമക്കത്തായസമ്പ്രദായമാണ് അനുവർത്തിച്ചിരുന്നത്‌. തായ്‌വഴി (അമ്മ വഴി) സ്വത്തായിരുന്നു. സ്ത്രീസ്വത്തായതിനാൽ വലിയമ്മ രാജാവിന്റെ ആൾപേരായിട്ടാണു വലിയരാജാവ്‌ ഭരണം നടത്തിയത്‌. സ്ഥാനത്തിൽ മൂപ്പുള്ളയാൾ കിഴക്കേടത്ത്‌ കോവിലകം, രണ്ടാമത്തെ ആൾ പാറക്കടവത്ത്‌ കോവിലകം, മൂന്നാമത്തെ ആൾ നരിക്കോട്ട്‌ കോവിലകം എന്നിവിടങ്ങളിലാണു താമസിച്ചിരുന്നത്‌. സ്ഥാനം കിഴക്കേടത്ത്‌ രാജാവിന്റെ കാലശേഷം മാറി വരുന്നു. സ്ത്രീകളാകട്ടെ മല്ലിശ്ശേരി കോവിലകത്തും താമസിക്കുന്നു.

കുലദേവതയും കുടുബപരദേവതയും

കുറുമ്പ്രനാട്‌ രാജവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ബാലുശ്ശേരി കോട്ട. കുടുംബത്തിലെ കുലദേവതയായിട്ടുണ്ടായിരുന്നത്‌ വേട്ടക്കൊരുമകനും ഭഗവതിയുമാണ്. ബാലുശ്ശേരി കോട്ടയിൽ കുടുംബാംഗങ്ങൾ നിത്യവും ദർശനം നടത്തിയിരുന്നു. സ്ത്രീകൾ ബാലുശ്ശേരി കോട്ടയിൽ പ്രവേശിക്കരുതെന്ന് നിയമമുണ്ട്‌. അതുകൊണ്ട്‌ ക്ഷേത്രദർശനത്തിനു മല്ലിശ്ശേരി കോവിലകത്തു ഭഗവതിയും പാറക്കടവത്ത്‌ കോവിലകത്ത്‌ പരദേവതയും നരിക്കോട്ട്‌ കോവിലകത്ത്‌ പരദേവത മാത്രമായും നിത്യപൂജക്കും ദർശനത്തിനും പ്രതിഷ്ഠിച്ചിരിക്കുന്നു. ധനുമാസത്തിൽ 27 തീയതി ബാലുശ്ശേരി കോട്ടയിൽ പാട്ടു കഴിഞ്ഞ ശേഷമേ മറ്റ്‌ ക്ഷേത്രങ്ങളിൽ ഉത്സവം നടക്കാറുള്ളൂ. ലോകനാർകാവിലമ്മയും ഈ കോവിലകത്തെ കുടുംബപരദേവതസ്ഥാനമുള്ളതാണ്.കൂടാതെ ഈ രാജവംശത്തിന്റെ ആധിപത്യ പ്രദേശങ്ങളിൽ ഏറെ അറിയപ്പെടുന്ന ക്ഷേത്രമാണ് കേരളത്തിലെ ശാക്തേയ കാവുകളിൽ പ്രധാനപ്പെട്ടവയിൽ ഒന്നായ പന്തലായനി (വടക്കൻകൊല്ലം) കൊല്ലംപിഷാരിക്കാവ് ക്ഷേത്രം.കേരളത്തിൽ മലബാറിൽ മാത്രമുള്ളതായ നായർ ഉപജാതികളിൽ ഒന്നായി പരിഗണിക്കപ്പെട്ട വൈശ്യനായൻമാരായ വ്യാപാരിനായൻമാർ, രാവാരിനായൻമാർ എന്നൊക്കെ വിളിക്കപ്പെടുന്ന ജാതിക്കാരുടെ ചില തറവാടുകളുടെ വകയായിരുന്നു ഈ ക്ഷേത്രം.

വിവാഹവും മറ്റുള്ള ആചാരങ്ങളും

കുറുമ്പ്രനാട്‌ രാജവംശത്തിന്റെ വിവാഹസമ്പ്രദായം മറ്റ്‌ രാജവംശങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. ആദ്യ ചടങ്ങ്പടി താലികെട്ട് എന്ന സമ്പ്രദായമാണു നിലവിലിരുന്നത്‌. താലികെട്ട്‌ ആര്യപട്ടരായിരുന്നു നടത്തിയിരുന്നത്‌. ആര്യപട്ടർ തന്നെ താലി കെട്ടുക എന്നത് ഈ കുടുംബത്തിൽ മാത്രം നിലവിലുള്ള സമ്പ്രദായമാണ്. നാലു ദിവസത്തെ വേളിചടങ്ങാണിത്‌. പൂർണ്ണക്ഷത്രിയർക്കു നമ്പൂതിരിയും സാമന്തർ/കിരിയത്തിൽ നായർക്ക് നമ്പൂതിരിയും ക്ഷത്രിയരുമായിരുന്നു സാധാരണയായി താലികെട്ട് കഴിച്ചിരുന്നത്. താലി കെട്ടുന്ന ആൾ പെൺകിടാവിന് ഭർത്താവായി തീരുന്നില്ല. യഥാർത്ഥയാൾ പിന്നീട്‌ തിരണ്ടുകല്ല്യാണ ശേഷം പുടവകൊടുത്ത് വിവാഹം കഴിച്ച്‌ ഭർത്താവായിത്തീരുന്നു. സ്ത്രീകൾ വിവാഹശേഷം സ്വന്തം ഗൃഹത്തിൽത്തന്നെ താമസിച്ചു പോകുന്നു. ഭർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്നില്ല. സ്ത്രീകളെ നമ്പൂതിരിമാർ മാത്രമാണ് വിവാഹം കഴിച്ചിരുന്നത്‌.

പുരുഷന്മാർ നാട്ടിലെ പ്രഭുകുടുംബങ്ങളിലെ അഭിജാതശ്രേഷ്ഠരായ കിരിയത്തിൽ നായർ സ്ത്രീകളെ (അടിയോടി,കിടാവ്‌) വിവാഹം ചെയ്തിരുന്നു. വിവാഹശേഷം രാജകുടുംബങ്ങളിലെ സ്ത്രീകളെ അമ്മത്തമ്പുരാൻ എന്നും വിവാഹം ചെയ്തുകൊണ്ടുവരുന്ന നായർ സ്ത്രീകളെ കെട്ടിലമ്മ എന്നും സ്ഥാനപ്പേർ നൽകിയിരുന്നു. ഈ കുടുംബത്തിൽ അവസാനമായി താലികെട്ട്‌ പൂരാടം തിരുനാൾ അംബികാദേവിക്ക് 1130 ആണ്ടിൽ നടത്തിയശേഷം പിന്നീട്‌ ഈ രീതി വേണ്ടെന്നു വെക്കുകയുമായിരുന്നു. കുറുമ്പ്രനാട്‌ രാജവംശത്തിലും മറ്റ്‌ ബ്രാഹ്മണർ വിവാഹം ചെയ്തിരുന്ന കുടുംബങ്ങളിലും കൊല്ലവർഷം 1111-നു ശേഷമാണു സ്വജാതി വിവാഹം നടത്തുന്നത്‌. കുറുമ്പ്രനാട്‌ രാജവംശത്തിൽ കൊല്ലവർഷം 1116 ൽ വടക്കൻ പരപ്പനാട്ട്‌ രാജവംശത്തിലെ ബേപ്പൂർ കരിപ്പാ പുതിയ കോവിലകത്തെ പി.സി. രാജരാജവർമ്മ, അംബികാദേവി എന്ന തമ്പുരാട്ടിയെ വിവാഹം ചെയ്തതോടെ സ്വജാതി വിവാഹം ആരംഭിക്കുന്നു.

കുറുമ്പ്രനാട്‌ രാജവംശത്തിലെ സ്ത്രീകളുടെ താലി ഇന്നും ബ്രാഹ്മണസ്ത്രീകളുടെ ആചാരപ്രകാരമുള്ള ഇണചെറുതാലിയാണ്. നടുക്കും ഇരുവശങ്ങളിലും മൂന്ന് മുത്തും രണ്ട്‌ ചെറുതാലിയുമായാണു ഉപയോഗിച്ചിരുന്നത്‌. നായർ ജാതിയിലുൾപ്പെട്ട നാഗവംശക്ഷത്രിയരടക്കം പൊതുവായി ക്ഷത്രിയർക്ക് നാഗപടത്താലിയായിരുന്നു സാമാന്യമായി ഉപയോഗിക്കുന്നത്‌.മറ്റ് നായർവിഭാഗങ്ങളിൽ ഇതു കൂടാതെ എെന്തലത്താലിയും പുളിയിലത്താലിയും കുമ്പളപ്പൊട്ടും സാമാന്യമായി ഉപയോഗിച്ചിരുന്നു.തിരുവിതാംകൂറിലും മാവേലിക്കര രാജകുടുംബത്തിലും സ്ത്രീകൾ പുളിയിലത്താലിയാണ് മംഗല്യ സൂത്രമായി ഉപയോഗിക്കുന്നത്‌. സ്ത്രീകളുടെ വേഷം അറുപത്‌ വർഷം മുമ്പു പൊടക എന്ന ഉടുമുണ്ടും മേൽമുണ്ടുമായിരുന്നു. ഈ രീതി അന്തർജനങ്ങളുടേതു പോലെ ആയിരുന്നു. ഞൊറിഞ്ഞുള്ള ഉടുവസ്ത്രവും മേൽക്കെട്ടും ആണു വേഷം. കുടുംബത്തിലെ ഒരംഗത്തിനു കുട്ടി ജനിച്ചാൽ അമ്മയും കുഞ്ഞും വാലായ്മ അഥവാ പെറ്റ പുല എന്ന ആശൂലം ആചരിച്ചിരുന്നു. പതിനൊന്ന് ദിവസമാണിത്‌. ഈയവസരത്തിൽ പുതുവസ്ത്രം പോലുള്ള സാധനങ്ങൾ തൊടുന്ന പതിവില്ല. പന്ത്രണ്ടാം ദിവസം അഞ്ച്‌ നമ്പൂതിരിമാർ ചേർന്ന് പുണ്യാഹം നടത്തി ശുദ്ധമാക്കേണ്ടിയിരുന്നു. ഇതിനു 'ജാതകർമ്മം" എന്നായിരുന്നു പേർ. ഈ കാലയളവിൽ കുടുംബാംഗങ്ങൾക്ക്‌ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ പാടില്ലായിരുന്നു. ഇരുപത്തെട്ടിനു പാലു കൊടുക്കുകയും മൂന്നാം വയസ്സിൽ ഉപനയനം നടത്തുകയും ചെയ്തിരുന്നു. കോവിലകം കുടുംബാംഗങ്ങൾ നമ്പൂതിരിമാർ ഒഴികെയുള്ള സമുദായക്കാരെ തൊടാനോ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ പാടില്ലായിരുന്നു.



"https://ml.wikipedia.org/w/index.php?title=കുറുമ്പ്രനാട്&oldid=3741404" എന്ന താളിൽനിന്ന് ശേഖരിച്ചത്