പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം | |
---|---|
![]() Parassinikadavu Temple | |
നിർദ്ദേശാങ്കങ്ങൾ: | 11°58′56.87″N 75°24′7.22″E / 11.9824639°N 75.4020056°ECoordinates: 11°58′56.87″N 75°24′7.22″E / 11.9824639°N 75.4020056°E |
പേരുകൾ | |
ശരിയായ പേര്: | Parassinikadavu Madappura |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കണ്ണൂർ ജില്ല |
വാസ്തുശൈലി,സംസ്കാരം | |
പ്രധാന പ്രതിഷ്ഠ:: | മുത്തപ്പൻ |
വാസ്തുശൈലി: | Kerala Kavu Architecture |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | Malabar Devaswom Board[1] |
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ, വളപട്ടണം നദിക്കരയിലാണ് തീയ്യർ ഊരായിമ ഉള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ- വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപ്പം. തങ്ങളുടെ പ്രശ്നങ്ങൾ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്[അവലംബം ആവശ്യമാണ്].
കണ്ണൂർ ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റർ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് തെയ്യക്കോലങളിൽ നിന്നും വ്യത്യസ്തമായി പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വർഷത്തിൽ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങൾ ഒഴികെ) തെയ്യം കെട്ടിയാടുന്നു. മുത്തപ്പൻ പരമാത്മാവിന്റെ രണ്ട് പ്രധാന ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് ; ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വച്ച് പരമശിവനെയും, മത്സ്യരൂപമുള്ള കിരീടം വച്ച് മഹാവിഷ്ണുവിനേയും. ഇവയെ പ്രതിനിധാനം ചെയ്യുന്ന രണ്ട് തെയ്യങ്ങളായ വെള്ളാട്ടവും തിരുവപ്പനയും ആണ് ഇവിടെ കെട്ടിയാടുന്നത്.
മുത്തപ്പന്റെ കഥ[തിരുത്തുക]
ഐതിഹ്യം അനുസരിച്ച് കണ്ണൂർ ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്തു ( അഞ്ചര മനയ്ക്കൽ മന്നനാർ രാജവംശം ) ആണ് മുത്തപ്പന്റെ ബാല്യകാലം.[2] അവിടത്തെ തികഞ്ഞ ശിവഭക്തയായ പാടിക്കുറ്റി അമ്മയ്ക്കും അയ്യങ്കര വാഴുന്നോർക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകൾ പലതു നടത്തി പ്രാർഥിച്ചു. ഒടുവിൽ ഒരു ദിവസം തന്റെ പ്രിയ ഭക്തയായ പാടിക്കുറ്റിയമ്മയ്ക്ക് മഹാദേവൻ സ്വപ്നദർശനം നൽകി. പിറ്റേ ദിവസം പാടിക്കുറ്റിയമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ശിവാനുഗ്രഹത്താൽ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ്, ഒടുവിൽ തന്റെ അവതാര ഉദ്ദേശ്യം വ്യക്തമാക്കി നാട് നീളെ നടന്നു, ഭക്തർക്ക് അനുഗ്രഹം നൽകുന്നതിനു വേണ്ടി ശിവ-വിഷ്‌ണു സങ്കൽപ്പത്തിൽ ഭഗവാൻ മുത്തപ്പനായി മടപ്പുരകളിൽ കുടികൊള്ളുന്നത്.
ബാല്യം മുതൽക്കു തന്നെ വിചിത്രമായ രീതികളായിരുന്നു മുത്തപ്പന്റേത്. ഇല്ലത്തെ രീതികൾക്കനുസരിച്ചുള്ള ജീവിതം ആയിരുന്നില്ല മുത്തപ്പന്റെത്. സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നും നായാടികളുടെ കൂടെ നടന്നു നായാടിയും ഇല്ലത്തിനു പേരുദോഷം കേൾപ്പിച്ചു. കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും മത്സ്യമാംസാദികൾ കഴിച്ചും നടന്നിരുന്ന മുത്തപ്പൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. വാഴുന്നോർക്ക് ഇതിലെല്ലാം എതിർപ്പായിരുന്നെങ്കിലും പുത്രസ്നേഹം കാരണം അമ്മ എല്ലാം പൊറുത്തു മകനെ സ്നേഹിച്ചു. ഒടുവിൽ നിവൃത്തി ഇല്ലാതായപ്പോൾ വീടുവിട്ടിറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോൾ മുത്തപ്പൻ കാലഭൈരവന്റെ രൂപത്തിലുള്ള തന്റെ ഉഗ്രമായ വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു. ആ കണ്ണുകളിൽ നിന്നുള്ള അഗ്നി കണ്ടു ഭയപ്പെട്ടു ആ അമ്മ മകനോട് ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണം എന്നാവശ്യപെടുകയും ചെയ്തു .
പറശ്ശിനിക്കടവ് മടപ്പുരയിലെ പ്രധാന ഉത്സവങ്ങൾ[തിരുത്തുക]
എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു.
പുത്തരി തിരുവപ്പന അല്ലെങ്കിൽ വർഷത്തിലെ ആദ്യത്തെ തിരുവപ്പന - വർഷത്തിലെ ആദ്യത്തെ പുതുനാമ്പുകൾ ആഘോഷിക്കുവാൻ വൃശ്ചികം 16-നു നടക്കുന്നു. അവസാനത്തെ തിരുവപ്പന നടക്കുന്നത് കന്നി 30-നു ആണ്.
തിരുവപ്പന ഈ ദിവസങ്ങളിൽ നടക്കാറില്ല:
1. എല്ലാ വർഷവും തുലാം 1 മുതൽ വൃശ്ചികം 15 വരെ.
2. കർക്കടകം, മകരം മാസങ്ങളിലെ അമാവാസി ദിവസങ്ങൾ.
3. ക്ഷേത്രത്തിലെ "നിറ" ദിവസം.
4. മടപ്പുര കുടുംബത്തിൽ മരണം നടക്കുന്ന ദിവസങ്ങളിൽ.
പ്രധാന വഴിപാടുകൾ[തിരുത്തുക]
മുത്തപ്പന്റെ പ്രധാന വഴിപാടുകൾ പയംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്. ക്ഷേത്രത്തിൽ നിന്നും ഈ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
മടയന് ഉള്ള വഴിപാടുകൾ വെച്ചേരിങ്ങാട്ട് (ഏത്തക്ക, കുരുമുളക്, മഞ്ഞൾ, ഉപ്പ് എന്നിവയുടെ പുഴുങ്ങിയ ഒരു മിശ്രിതം), നീർക്കരി (അരിപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക്, എന്നിവയുടെ മിശ്രിതം), പുഴുങ്ങിയ ധാന്യങ്ങൾ, തേങ്ങാപ്പൂള് എന്നിവയാണ്. കൂടാതെ കരിച്ച ഉണക്കമീനും കള്ളും നൈവേദ്യമായി അർപ്പിക്കാറുണ്ട്.
എത്തിച്ചേരാനുള്ള വഴി[തിരുത്തുക]
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : കണ്ണൂർ, ഏകദേശം 16 കിലോമീറ്റർ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം - കണ്ണൂരിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ.
- കണ്ണൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്ന് പറശ്ശിനിക്കടവിലേക്ക് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും.
ഇതും കാണുക[തിരുത്തുക]
പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

- ↑ "Temples under Malabar Devaswam Board, Division : Thalassery" (PDF). Malabar Devaswam Board. ശേഖരിച്ചത് 10 August 2013.
- ↑ വി.ലിസ്സി മാത്യു. "കതിവനൂർ വീരൻ" (ഭാഷ: ഇംഗ്ലീഷ്). പുറം. 90-91. ശേഖരിച്ചത് 2020-11-07.