കുന്നത്തൂർ പാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുന്നത്തൂർ പാടി
town
Country  India
State Kerala
District Kannur
Languages
 • Official Malayalam, English
Time zone IST (UTC+5:30)

മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർ പാടി.[1] കേരളത്തിലെ കണ്ണൂർ ജില്ലയിൽ, സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ, കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർ പാടി സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ കുന്നത്തൂർ പാടി ഉത്സവം ഇവിടെയാണ് നടക്കുന്നത്. ഇവിടെ മുത്തപ്പനായി ക്ഷേത്രം ഇല്ല. പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് ഉത്സവം നടക്കുന്നത്. കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളൻ പാറക്കകല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് മുത്തപ്പൻ ഓർമ്മിപ്പിക്കുന്നതു കൊണ്ടാണ് ഇത്. പഴയ ജന്മിയായിരുന്ന കരക്കാട്ടിടം നായനാരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ പ്രദേശം. ഇപ്പോഴത്തെ മുതിർന്ന അംഗമായ സാമന്തൻ കരക്കാട്ടിടത്തിൽ കുഞ്ഞിരാമൻ നായനാരാണ് ഇപ്പോഴത്തെ ട്രസ്റ്റി.

കുന്നത്തൂർ പാടി ,പ്രവേശന കവാടം

കുന്നത്തൂർ പാടി ഉത്സവം[തിരുത്തുക]

കന്നി മാസത്തിൽ പുത്തരി വെള്ളാട്ടാണ് ഇവിടെ നടത്തുക. ബാക്കിയെല്ലായിടത്തും തുലാമാസത്തിൽ നടത്തുമ്പോൾ ഇവിടെ കന്നി മാസത്തിൽ നല്ല ദിവസം നോക്കിയിട്ടാണ് നടത്തുക. ധനു രണ്ടിനാണ് ഉത്സവം തുടങ്ങുക. ഒരു മാസം അഞ്ചു ലക്ഷത്തോളം ആൾക്കാർ ഇവിടെ വരുന്നതായി കണക്കാക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] കാട്ടിനു നടുവിൽ ഒരു തുറസ്സായ സ്ഥലവും ഗുഹയും ഉണ്ട്. ഉത്സവ സമയത്ത് ഇവിടെ ഒരു താൽക്കാലിക മടപ്പുര കെട്ടി ഉണ്ടാക്കുന്നു. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവിൽ. മടപ്പുരയുടെ പടിഞ്ഞാറു വശത്തായി ഒരു കല്ലും പാറകൊണ്ടുള്ള ഒരു പീഠവും ചെളികൊണ്ട് നിർമ്മിച്ച ഒരു പീഠവും കാണാം. ഗുഹയ്ക്ക് ഇരുവശത്തുമായി രണ്ട് പനമരങ്ങളും ഉണ്ട്. വടക്കുവശത്തായി തിരുവങ്കടവ് എന്ന ഒരു നീരുറവയും ഉണ്ട്.

ഉത്സവം തുടങ്ങുന്നത് ധനുമാസം 2-നു ആണ്. ഉത്സവം മകരം 2-ന് അവസാനിക്കുന്നു. (ഡിസംബർ മാസം മദ്ധ്യം മുതൽ ജനുവരി മദ്ധ്യം വരെ).

ഉത്സവച്ചുരുക്കം[തിരുത്തുക]

തന്ത്രിമാർ‍ ഉത്സവത്തിന് ശുദ്ധീകരണ കർമ്മങ്ങൾ നടത്തുന്നു. പശുദാനം, പുണ്യാഹം, ഗണപതി ഹോമം, ഭഗവതിസേവ എന്നിവ നടക്കുന്നു. പുരളിമലയിൽ നിന്നാണ് മുത്തപ്പന്റെ മലയിറക്കൽ നടക്കുന്നത്. മറ്റെല്ലാ മടപ്പുരകളിലും പടിയിറക്കൽ നടക്കുന്നത് കുന്നത്തൂർ പാടിയിൽ നിന്നാണ്.

തിരുവപ്പനയും വെള്ളാട്ടവും ഒരുമിച്ച് പാടിയിൽ അവതരിക്കാറില്ല. മറ്റ് പല മുത്തപ്പൻ ക്ഷേത്രങ്ങളിലും ഇവ ഒരുമിച്ച് അവതരിക്കാറില്ല. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ മാത്രമാണ് വെള്ളാട്ടവും തിരുവപ്പനയും ഒരുമിച്ച് അവതരിക്കാറ്.

താഴെ കുന്നത്തൂർപാടിയിലെ മുത്തപ്പൻ വെള്ളാട്ടം

കുന്നത്തൂർ പാടി മുത്തപ്പന്റെ ആരൂഢമാ‍യ കഥ[തിരുത്തുക]

പയ്യാവൂരിലെ എരുവശ്ശി ഗ്രാമത്തിൽ പുരാതനകാലത്ത് അയ്യങ്കര എന്നൊരു ബ്രാഹ്മണഭവനമുണ്ടായിരുന്നുവത്രേ.നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു ശിവന് ബലിയായി അവർ പലതും അർപ്പിച്ചു. ഒരുദിവസം സ്വപ്നത്തിൽ അന്തർജ്ജനം ശിവനെ കണ്ടു അയ്യങ്കര വാഴും നായനാരുടെ ഭാര്യ പാടികുറ്റി അന്തർജ്ജനം ശിവഭക്തയായിരുന്നു പാടിക്കുറ്റിയമ്മ തിരുവൻകടവ് എന്ന പുഴക്കടവിൽ കുളിക്കുമ്പോൾ ഒരു കുഞ്ഞ് വട്ടത്തോണിയിൽ ഒഴുകി വരുന്നത് കണ്ടു. ആ കുഞ്ഞിനെ അവർ കു ട്ടിയെയെടുത്തു. ഇടതുമുല താങ്ങി വലതുമുലപ്പാല് കൊടുത്തുവെന്നാണ് പറയുന്നത്. എല്ലാരും കൂടി ഇല്ലത്തേക്ക് കൊണ്ടുപോയി. പാലും പഴവും കൊടുത്ത് ഈ കുട്ടിയെ വളർത്തി. ഈ കുട്ടി കോഴിയേയും മറ്റും കൊന്ന് പിടിച്ചുകൊണ്ട് വന്ന് കൊന്ന് മണം ഈ ഇല്ലത്ത് കേൾപ്പിക്കാൻ തുടങ്ങി. ഇല്ലത്ത് ഇതൊന്നും പറ്റില്ലല്ലോ. അയ്യങ്കര നായനാർ ഒരിക്കൽ ഇല്ലത്തമ്മയോട് 'കണ്ടുകിട്ടിയ മകൻ നിമിത്തം ഈ ഇല്ലത്ത് നിന്നൂടാത്തെ അവസ്ഥയാണല്ലോ വന്നത്. കേക്കാത്തെ മണം വരെ ഞാൻ കേട്ടുതുടങ്ങി...ഇന്നിയിപ്പം ഈ ഇല്ലത്തിത് എന്നാ ചെയ്യുക...' ഇതും കേട്ടോണ്ടാണ് ഇവര് വരുന്നത്. 'എന്തു പറഞ്ഞമ്മേ അയ്യങ്കര' എന്ന് ചോദിച്ചു... 'ഒന്നും പറഞ്ഞില്ല മോനേ.' എന്ന് അമ്മ പറഞ്ഞു. 'അമ്മയോ കേട്ടില്ലെങ്കിൽ ഞാൻ ഒരു ചെവിയാലേ കേട്ടു. ഇനി ഞാനിവിടെ നിൽക്കില്ല എനിക്ക് മലനാട് വരെ സഞ്ചരിക്കണ'മെന്ന് പറഞ്ഞു ഇല്ലത്തേക്ക് കൊണ്ടുവന്ന പാലും പഴവുമെല്ലാം തച്ചുതകർത്തു. ചങ്ങാതിവേണ്ടേയെന്ന് അമ്മ ചോദിച്ചപ്പോൾ നാലോളം ചെന്നാൽ രണ്ടോളം പുലിക്കിടാവ് (പുലിയെ) ചങ്ങാതിയായികിട്ടുമെന്ന് പറഞ്ഞു. ആയുധമായി വില്ലും ചുരികേയുമായാണ് പിന്നെ മലനാട് വരെ സഞ്ചരിക്കുന്നത്. അന്ന് തൃക്കണ്ണായിരുന്നു... ആളുകൾ പേടിക്കുമെന്ന് കരുതി പൊയ്ക്കണ്ണ് തൊഴുതെടുത്ത് വാങ്ങിച്ചു. അവിടെ മൊഴുക്കുവെല്ലി എന്നൊരു സ്ഥലമുണ്ട്. മൊഴുക്കുവെല്ലി കോട്ട. അവിടെ നിന്ന് നാലു പാടും നോക്കിയ ശേഷമാണ് എകർണ്ണൂർ മന കനകഭൂമി, കുന്നത്തൂർ പാടി കണ്ട് കൊതിച്ചു. അങ്ങനെയാണ് കുന്നത്തൂർ പാടിയിൽ വന്നതത്രെ .

ഈ കുട്ടി ഇവരുടെ മനയ്ക്ക് അടുത്തുള്ള കാട്ടിൽ അമ്പും വില്ലുമെടുത്ത് വേട്ടയ്ക്കു പോകുന്നത് പതിവായിരുന്നു. താഴ്ന്ന ജാതിക്കാരുമൊത്ത് ഈ കുട്ടി ഭക്ഷണം കഴിക്കുമായിരുന്നു. ഇതു രണ്ടും നമ്പൂ‍തിരി ആചാരങ്ങൾക്ക് എതിരായതിനാൽ മാതാപിതാക്കൾ കുട്ടിയോട് ഇവ നിറുത്തുവാൻ അഭ്യർത്ഥിച്ചു. പക്ഷേ ഈ അഭ്യർത്ഥന കുട്ടി ചെവിക്കൊണ്ടില്ല. അയ്യങ്കര വാഴുന്നവർ ഇതിൽ വളരെ നിരാ‍ശനായി.

ഒരു ദിവസം കുട്ടി അവന്റെ മാതാപിതാക്കളുടെ അടുത്തെത്തി അമ്പും വില്ലുമെടുത്ത് തീക്കണ്ണുകളോടെ തന്റെ വിശ്വരൂപം കാണിച്ചു. മാതാപിതാക്കൾക്ക് ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവർ അവന്റെ മുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു. കുട്ടി അവരെ അനുഗ്രഹിച്ചു.ദൈവം അയ്യങ്കരയിലേക്ക് യാത്രയായി. പക്ഷേ കുന്നത്തൂരിന്റെ പ്രകൃതി സൗന്ദര്യം കണ്ട് ദൈവം അവിടെ തങ്ങുവാൻ തീരുമാനിച്ചു. പനമരങ്ങളിലെ കള്ള് കണ്ട് ദൈവം ആകൃഷ്ടനായി.

നിരക്ഷരനായ ചന്ദൻ എന്ന കള്ള് ചെത്തുകാരൻ തന്റെ പനമരങ്ങളിൽ നിന്ന് എന്നും രാത്രി കള്ള് മോഷണം പോവുന്നതായി കണ്ടുപിടിച്ചു. അങ്ങനെ പനകൾക്ക് കാവൽ കിടക്കുവാൻ ചന്ദൻ തീരുമാനിച്ചു. അങ്ങനെ കാവൽ കിടക്കവേ ഒരു വൃദ്ധൻ പനയിൽ നിന്ന് തന്റെ കള്ള് മോഷ്ടിക്കുന്നതായി ചന്ദൻ കണ്ടുപിടിച്ചു. തന്റെ അമ്പും വില്ലുമെടുത്ത് ഈ വൃദ്ധനെ പനമരത്തിൽ നിന്ന് എയ്തിടാൻ ചന്ദൻ തീരുമാനിച്ചു. അമ്പു തൊടുക്കവേ ചന്ദൻ ബോധരഹിതനായി നിലത്തുവീണു.

ഭർത്താവിനെ തിരക്കി വന്ന ചന്ദന്റെ ഭാര്യ അദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതു കണ്ട് നിലവിളിച്ചു. മുകളിലേക്കു നോക്കിയ അവർ മരത്തിനു മുകളിൽ ഒരു വൃദ്ധനെ കണ്ട് ഒരു അപ്പൂപ്പനെ എന്ന പോലെ മുത്തപ്പാ എന്ന് വിളിച്ചു. ദൈവത്തോട് തന്റെ ഭർത്താവിനെ രക്ഷിക്കാൻ അവർ പ്രാർത്ഥിച്ചു. പിന്നാലെ അവരുടെ ഭർത്താവിന് ബോധം തിരിച്ചുവന്നു.

അവർ മുത്തപ്പന് പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും ചുട്ട മീനും കള്ളും നൈവേദ്യമായി അർപ്പിച്ചു. മുത്തപ്പന്റെ അനുഗ്രഹം അവർ അഭ്യർത്ഥിച്ചു. ചന്ദന്റെ ആഗ്രഹം അനുസരിച്ച് മുത്തപ്പൻ കുന്നത്തൂർ തന്റെ ഭവനമായി തിരഞ്ഞെടുത്തു. ഇതാണ് പ്രശസ്തമായ കുന്നത്തൂർ പാടി. ഇന്നും മുത്തപ്പൻ ക്ഷേത്രങ്ങളിൽ വിശ്വാസികൾ പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും നൈവേദ്യമായി അർപ്പിക്കുന്നു.

കുന്നത്തൂരിൽ ഏതാനും വർഷങ്ങൾ താമസിച്ചതിനു ശേഷം മുത്തപ്പൻ തന്റെ അവതാരത്തിന്റെ ലക്ഷ്യ പൂർത്തീകരണത്തിനായി കൂടുതൽ അനുയോജ്യമായ ഒരിടത്തേക്കു മാറുവാൻ തീരുമാനിച്ചു. കുന്നത്തൂരിൽ നിന്ന് ആകാശത്തേക്ക് മുത്തപ്പൻ ഒരു അമ്പ് തൊടുത്തുവിട്ടു. ഈ അമ്പ് പറശ്ശിനിക്കടവിൽവന്നു വീണു. ഇവിടെയാണ് പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തുള്ള തീർത്ഥത്തിൽ നിന്ന് പ്രകാശം ചൊരിഞ്ഞ ഈ അമ്പ് ഇന്ന് പറശ്ശിനിക്കാവ് ക്ഷേത്രത്തിലെ ഒരു പൂജാപീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനുശേഷം മുത്തപ്പൻ പറശ്ശിനിക്കടവിൽ വസിക്കുന്നു എന്നാണ് വിശ്വാസം.

കുന്നത്തൂർ പാടി ട്രസ്റ്റി, കരക്കാട്ടിടം സാമന്തൻ കുഞ്ഞിരാമൻ നായനാർ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.srimuthappan.org/Pages/English/aroodam.htm
"https://ml.wikipedia.org/w/index.php?title=കുന്നത്തൂർ_പാടി&oldid=2368029" എന്ന താളിൽനിന്നു ശേഖരിച്ചത്