കാവേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാവേരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാവേരി (വിവക്ഷകൾ) എന്ന താൾ കാണുക. കാവേരി (വിവക്ഷകൾ)
കാവേരി നദി
നദിയുടെ രൂപരേഖ
നദിയുടെ രൂപരേഖ
ഉത്ഭവം തലകാവേരി, കർണ്ണാടകം
നദീമുഖം/സംഗമം കരൈക്കൽ,ബംഗാൾ ഉൾകടൽ
നദീതട സംസ്ഥാനം/ങ്ങൾ‍ കർണ്ണാടകം,തമിഴ്‌നാട്
നീളം 765 കി മീ.
നദീമുഖത്തെ ഉയരം സമുദ്ര നിരപ്പ്
നദീതട വിസ്തീർണം 81,155 ച.കീ.
തലക്കാവേരി ക്ഷേത്രം:കാവേരി നദിയുടെ ഉത്ഭവ സ്ഥാനം

കാവേരി നദി (കന്നഡ: ಕಾವೇರಿ, തമിഴ്: காவிரி, Cauvery എന്നും Kaveri ഇംഗ്ലീഷിൽ എഴുതാറുണ്ട്) ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്. സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളിൽ സ്ഥിതി ചെയ്യുന്ന തലകാവേരിയിൽ നിന്ന് ഉദ്ഭവിക്കുന്നു. തെക്കൻ കർണാടകം, തമിഴ്‌നാട്ടിൽ തഞ്ചാവൂർ എന്നീ സ്ഥലങ്ങളിൽ കൂടി ഒഴുകി കാരൈക്കൽ പ്രദേശത്ത് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ഹിന്ദുക്കൾ, പ്രത്യേകിച്ചു ദ്രാവിഡർ ഇതിനെ പവിത്രമായ നദിയായി കരുതുന്നു. ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു.

ഈ നദി നൂറ്റാണ്ടുകളായി അതൊഴുകുന്ന ഭൂപ്രദേശത്തെ സമ്പുഷ്ടമാക്കുന്നതുവഴി അവിടുത്തെ നാട്ടുകാരുടെ ജീവരക്തം ആയി മാറിയിട്ടുണ്ട്. നദീതട വാസികൾക്ക് ഇത്രയും പ്രയോജനകരവും തുല്യ വലിപ്പവുമുള്ള മറ്റൊരു നദി ഇന്ത്യയിൽ ഇല്ല. പണ്ടുകാലത്ത് മുത്തുച്ചിപ്പി ബന്ധനത്തിന് പേരു കേട്ടതാണ് ഈ നദി. സമീപകാലത്തു കർണാടകവും തമിഴ്നാടും തമ്മിൽ കാവേരി നദീജലത്തിന്മേൽ അവർക്കുള്ള അവകാശം സ്ഥാ‍പിക്കാൻ നടത്തിയ വ്യവഹാരം പ്രത്യേക ശ്രദ്ധ ആകർഷിച്ചിരുന്നു. നദിയുടെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തുന്നതിനാൽ അന്തിമമായി കടലിൽ പതിക്കുന്നിടത്ത് വളരെ ചെറിയ നദിയായി മാറുന്നു.

ചെത്തിയ കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ അണക്കെട്ടുകളിലൊന്ന് കാവേരി നദിയിലെ കല്ലണയാണ്‌. ഇത് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ്.[1].

കാവേരി നദിയുടെ ജലം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം കേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണ്ണാടകം എന്നീ സംസ്ഥാനങ്ങൾ തമ്മിൽ 16 വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ സുപ്രീം കോടതിവരെ എത്തി നിൽക്കുന്നു. വ്യവഹാരത്തിന്റെ അന്തിമ വിധി പ്രഖ്യാപിച്ചത് 2007 ഫെബ്രുവരി അഞ്ചാം തിയതിയാണ്.

പേരിനു പിന്നിൽ[തിരുത്തുക]

തമിഴിൽ കാവ് എന്ന പദത്തിന് ഉദ്യാനം എന്നും ഏരി എന്നാൽ തടാകം എന്നുമാണ്. ഉദ്യാനത്തിലെ തടാകത്തിൽ നിന്നുത്ഭവിക്കുന്നതിനാൽ കാവേരി എന്ന പേർ വന്നു.[2] കാവേര മുനിയുടെ മകൾ ആണ് കാവേരി എന്നും ഐതിഹ്യം ഉണ്ട്, പേർ അങ്ങനെയും വന്നതായിരിക്കാം.

ഐതിഹ്യങ്ങൾ[തിരുത്തുക]

ഹിന്ദുക്കൾ കാവേരിയെ ദക്ഷിണ ഗംഗ എന്നു വിളിക്കാറുണ്ട്‌, ഇതിഹാസ പ്രകാരം ബ്രഹ്മാവിനു ഭൂമിയിൽ വിഷ്ണുമായ /ലോപമുദ്ര എന്ന പേരിൽ ഒരു മകൾ ഉണ്ടായിരുന്നു. അവളെ വളർത്തിയത് വെറും സാധാരണക്കാരനായ കാവേര മുനിയാണ്. വിഷ്ണുമായ അവളുടെ വളർത്തച്ഛനു പുണ്യം ലഭിക്കാനായി സ്വയം പാപനാശിനി നദിയായി മാറി. പവിത്രയായ ഗംഗ നദി പോലും വർ‌ഷത്തിലൊരിക്കൽ അതിന്റെ പാപവിമുക്തിക്കായി കാവേരിയിൽ നിമഗ്നമാകുന്നു എന്നു പറയപ്പെടുന്നു.

മറ്റൊരു ഐതിഹ്യ പ്രകാരം അഗസ്ത്യൻ അനേക വർഷം ‍ശിവനെ തപസ്സിരിക്കുകയും ശിവൻ പ്രത്യക്ഷപ്പെടുകയുംചെയ്തു. എന്തു വരം വേണം എന്നു ചോദിച്ചപ്പോൾ ഭൂമിയിൽ ഒരു സ്വർഗ്ഗം സൃഷ്ടിക്കാനായി വേണ്ട ജലം നൽകണം എന്നഭ്യർത്ഥിക്കുകയും ഇതേ സമയം കൈലാസത്തിൽ ഇരുന്ന് ശിവനെ പൂജിക്കുകയായിരുന്ന കാവേരിയുടെ ജലം അഗസ്ത്യന്റെ കമണ്ഡലുവിൽ നിറയ്ക്കുകയും ചെയ്തു. എന്നാൽ അഗസ്ത്യന്റെ ഉദ്ദേശത്തിൽ ഭയന്ന ഇന്ദ്രൻ ഗണപതിയോട് മറ്റൊരു സ്വർഗ്ഗം എന്ന ആപത്തിനെക്കുറിച്ച പറയുകയും ഗണപതി കാക്കയുടെ രൂപത്തിൽ അഗസ്ത്യൻ ബ്രഹ്മഗിരി മലയിൽ വിശ്രമിക്കുന്ന സമയത്ത് പറന്ന് വന്ന് കമണ്ഡലു മറിച്ചിടുകയും ചെയ്തു. ഈ ജലം എന്നാൽ അത്ഭുതമെന്നോണം അവിടെ നിന്ന് പരന്നോഴുകി പവിത്രമായ കാവേരി നദിയായി. സ്വർഗം എന്ന തരത്തിൽ ജനങ്ങൾക്ക് വേണ്ടത്ര സമ്പത്തും സന്തോഷവും പ്രദാനം ചെയ്യുന്നവളുമായി.

സംഘകാലത്തെ പ്രധാന കൃതിയായ മണിമേഖലയിൽ മറ്റൊരു ഐതിഹ്യം വിവരിക്കുന്നു. കാന്തമൻ എന്ന ചോഴരാജാവിന്റെ അഭ്യർത്ഥനപ്രകാരം കാവേരി നദി അഗസ്ത്യന്റെ കരകത്തിൽ നിന്ന് ഉത്ഭവിച്ചു എന്നും അതിന്‌ ചമ്പാപതി എന്ന ദേവത (ജംബുദ്വീപമെന്ന ഭാരതത്തിന്റെ ദേവത)ഇതിന്‌ സ്വാഗതം അരുളി എന്നും അതിനാൽ ആദ്യകാലത്ത് ചമ്പാപതി എന്നറിയപ്പെട്ടിരുന്ന സ്ഥലം അന്നു മുതൽ കാവരിപ്പൂം‌പട്ടിനം എന്നറിയപ്പെടാൻ തുടങ്ങി എന്നുമാണ്‌ മണിമേഖല വർണ്ണിക്കുന്നത്.[3]

സ്ഥിതിവിവരങ്ങൾ[തിരുത്തുക]

ശിവസമുദ്രത്തിലെ വെള്ളച്ചാട്ടം

നീളം - 765 കി മീ.
നദീതടപ്രദേശം - 87,900 ച.കീ.
41.2 ശതമാനം കർണ്ണാടകത്തിലും 55.5 ശതമാനം തമിഴ്‌നാട്ടിലും 3.3 ശതമാനം കേരളത്തിലും ഒഴുകുന്നു.
പ്രധാന പോഷക നദികൾ-

 1. ഹേമവതി
 2. ഹാരംഗി,
 3. ലക്ഷ്മണതീർഥ
 4. കബനി
 5. സുവർ‌ണവതി
 6. അർക്കാവതി
 7. ഷിംഷാ
 8. കപില
 9. ഹൊന്നുഹൊലെ
 10. നൊയ്യൽ

ഉത്ഭവം[തിരുത്തുക]

തലക്കാവേരി ക്ഷേത്രകവാടം

പശ്ചിമഘട്ടത്തിലെ തലകാവേരിയിൽ നിന്നുത്ഭവിച്ച്‌ കൊടക് മലകളിലൂടെ അതു തെക്കോട്ടൊഴുകുന്നു. തലക്കാവേരി കർണാടകത്തിലെ കുടകു ജില്ലയിലെ മടിക്കേരിക്കടുത്താണ്. 5000 അടി ഉയരത്തിലുള്ള ഇതൊരു പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്‌‌. കാവേരി നദിയുടെ ഉത്ഭവസ്ഥാനത്ത്‌ ഒരു ക്ഷേത്രമുണ്ട്‌. എല്ലാവർഷവും തുലാം സംക്രമണ നാളിൽ കുത്തി ഒഴുകുന്ന നദി ഒരു ജലധാര പോലെയായി മാറും. ഇത് കാണാൻ പതിനായിരക്കണക്കിന്‌ ഭക്തർ ഇവിടെ എത്താറുണ്ട്‌.

പ്രഭവം[തിരുത്തുക]

കാവേരി ഒരു ദക്ഷിണേന്ത്യൻ അന്തർ സംസ്ഥാന നദിയാണ്. പശ്ചിമ ഘട്ടത്തിലെ തലകാവേരിയിൽ നിന്നുത്ഭവിച്ച്‌ കൊടക് മലകളിലൂടെ അതു തെക്കോട്ടൊഴുകുന്നു. അവിടെ നിന്നു ഡെക്കാൻ പീഠഭൂമിയിലൂടെ വീണ്ടും തെക്കോട്ട്‌. ഇവിടെ അതു മൂന്നു ദ്വീപുകൾ സൃഷ്ടിക്കുന്നു. ഇതിൽ ശ്രീരംഗപട്ടണവും ശിവസമുദ്രവും കർ‌ണാടകത്തിലും ശ്രീരംഗം തമിഴ്‌നാട്ടിലുമാണു്‌. ശിവസമുദ്ര തടങ്ങളിൽ വച്ചു കവേരി നദി പ്രസിദ്ധങ്ങളായ ഗഗൻ ചുക്കി ബാരാ ചുക്കി വെള്ളചാട്ടങ്ങൾ സൃഷ്ടിച്ചുകൊണ്ട് 320 അടി താഴേയ്ക്ക് പതിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി(1902-ൽ നിർമ്മിതം) ഈ വെള്ളച്ചാട്ടങ്ങളിൽ നിന്നാണു പ്രവർ‌ത്തിച്ചിരുന്നത്. ഇവിടെ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ബാംഗ്ലൂർ ഏഷ്യയിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരമായി. പാതയോര വിളക്കുകളും അന്നുണ്ടായിരുന്നു. ഈ നദി പടിഞ്ഞാറോട്ടൊഴുകാതെ കിഴക്കോട്ട് ഒഴുകുന്നത് ഭൂമിശാസ്ത്രപഠനത്തിൽ ഏർപ്പെടുന്നവർക്ക് താൽ‍പര്യമുണർത്തുന്ന വസ്തുതയാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെ മഡിക്കേരിയിൽ പെയ്യുന്ന കനത്ത മഴയാണ് നദിയുടെ ശക്തി. മലകളുടെ ചരിവ് കാരണം ഉത്ഭവസ്ഥാനത്തു നിന്നും ആദ്യത്തെ എട്ട് കിലോമീറ്റർ ദൂരം വളരെ വേഗത്തിലാണ് നദി ഒഴുകുന്നത്. ചരിവ് കുറയുന്നതോടെ അതായത് സമതലത്തിലെത്തുമ്പോൾ വളരെ ശാന്തയായി കാവേരി ഒഴുകാൻ തുടങ്ങുന്നു. മഡിക്കേരിയിൽ നിന്ന് 5 കി.മീറ്റർ അകലെയാണ് പ്രസിദ്ധമായ അബ്ബി വെള്ളച്ചാട്ടം.[4]

കാവേരി കർ‌ണാടകത്തിലൂടെ[തിരുത്തുക]

പ്രസിദ്ധമായ അബ്ബി വെള്ളച്ചാട്ടം

സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിലുള്ള കർണ്ണാടക പീഠഭൂമിയിലൂടെ ഒഴുകുമ്പോൾ കാവേരിയിൽ വൃത്താകൃതിയിലുള്ള വളവുകൾ ശ്രദ്ധേയമാണ്. പടികൾ പോലെ തട്ടു തട്ടായാണ് ഇവിടങ്ങളിലെ കൃഷി. വളവുകൾ ഇതിന് യോജിച്ച രീതിയിലാണ്. കാവേരി നദിയെ കർ‌ണാടകത്തിൽ വച്ചു ജലസേചന ആവശ്യങ്ങൾക്കായി 12 അണക്കെട്ടുകളാൽ മുറിയ്ക്കപ്പെട്ടിട്ടുണ്ടു്‌. ചില അണക്കെട്ടുകൾക്ക് 1000 വർഷത്തോളം പഴക്കമുണ്ട്. ഉത്ഭവശേഷം സിദ്ധപ്പൂർ വരെ കിഴക്കോട്ടും സിരംഗൽ വരെ വടക്കോട്ടും ഹസ്സൻ ജില്ലയിലെത്തിയശേഷം തെക്കുകിഴക്കോട്ടും ഒഴുകുന്ന നദി കൃഷ്ണരജസാഗർ തടാകത്തിലെത്തുന്നു. ഈ തടാകത്തിലെത്തുന്നതിനു തൊട്ടുമുൻപായി കുടക് മലകളിൽ നിന്ന് ഉത്ഭവിക്കുന്ന ലക്ഷ്മണ തീർത്ഥ എന്ന പോഷക നദി കാവേരിയിൽ കലരുന്നു.

ബാരാചുക്കി വെള്ളച്ചാട്ടം

ഉത്ഭവസ്ഥാനത്തു നിന്നും70 കി.മീ അകലെയായി കാവേരിയിൽ ചേരുന്ന പോഷക നദിയാണ് ഹാരംഗി. ഈ നദിയ്ക്ക് 35 കി.മീ നീളം ഉണ്ട്. മറ്റൊരു പോഷക നദിയായ ഹേമവതി മൂഡ്ഗിൽ എന്ന സ്ഥലത്തു നിന്നുത്ഭവിക്കുന്നു. ചിക്കമഗളൂർ ഹാസ്സൻ എന്നീ ജില്ലകളിലൂടെ 165 കി.മീ. തെക്കു കിഴക്കോട്ട് ഒഴുകി കൃഷ്ണരജസാഗർജലാശയത്തിനു 30 മി.മീറ്റർ മുൻപേ കാവേരിയിൽ ലയിക്കുന്നു. യാഗാചി, അൽഗുർ എന്നീ പോഷകനദികൾ ഹേമവതിയ്ക്കുണ്ട്. 5200 ച.കി.മീ. നദീതടം ഈ നദിയാൽ സൃഷ്ടിക്കപ്പെടുന്നു. കനകപുര എന്ന സ്ഥലത്തു വച്ച് അർക്കാവതി എന്ന പോഷക നദിയും കാവേരിയെ പുഷ്ടിപ്പെടുത്തുന്നു. കർണ്ണാടകത്തിലെ വൃന്ദാവൻ ഉദ്യാനത്തിൽ കാവേരിയിലെ വെള്ളമാണ് ഉപയോഗപ്പെടുത്തുന്നത്.[5]

ബാംഗ്ലൂരിലെയും മൈസൂരിലെയും നഗരങ്ങൾ കുടിവെള്ളത്തിനു പ്രധാനമായും കാവേരിയെയാണു്‌ ആശ്രയിക്കുന്നതു. മഡാഡ്കട്ടെ എന്ന സ്ഥലത്തുള്ള്‌ അണക്കെട്ടിൽ നിന്നു 72 മൈൽ നീളത്തിൽ ഒരു മനുഷ്യനിർ‌മ്മിത കനാൽ വഴി ഇതിലെ വെള്ളം 10,000 ഏക്കർ ഭൂപ്രദേശത്തിന് ജലസേചനത്തിനായി ഉപയോഗിച്ചിരിക്കുന്നു. മൈസൂരിൽ കാവേരി എത്തുന്നതിങ്ങനെയാണ്.കർണ്ണാടകത്തിൽ ശ്രീരംഗപട്ടണത്തിനടുത്ത്‌ കാവേരിയ്ക്കു ഒരു ജലതുരങ്കം ഉണ്ട്‌. വളരെ പുരാതനമായ ഇതു നിർ‌മ്മിച്ചത് വൊഡെയാർ ഭരണാധികാരിയായിരുന്ന രണധീര കണ്ഠീരവനാണ്.[6] ഈ തുരംഗത്തിലൂടെ കാവേരിയിലെ ജലം അതിന്റെ തന്നെ അണക്കെട്ടിനു മുകളിലൂടെ നദിയിലെ ജലനിരപ്പിനു മുകളിലൂടെ താഴെ മറ്റൊരു പ്രദേശത്തെത്തിക്കുന്നതു അതിന്റെ നിർമ്മാണത്തിലെ വൈദഗ്ദ്യമായി കാണുന്നു. പഴയതും പുതിയതുമായി ഒരുപാടു തോടുകൾ (കനാലുകൾ) ഈ പ്രദേശത്തെ ജലസേചനത്തിനും കുടിവെള്ളാവശ്യത്തിനും സഹായിക്കുന്നു. ഇത്തരം കനാലുകളുടെ ആകെ നീളം 1900 കി. മീറ്ററിലേറെയാണ് എന്നു പറഞ്ഞാൽ തന്നെ എത്രമാത്രം ജലം ഉപയോഗിക്കപ്പെടുന്നു എന്നു മനസ്സിലാക്കാം. മൈസൂർ നഗരത്തിനു തൊട്ടു മുൻപായി കാവേരിയിൽ കൃഷ്ണരാജസാഗർ അണക്കെട്ട് നിർമ്മിച്ച് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും ഉപയോഗപ്പെടുത്തുന്നു. തുടർന്ന് തെക്കുകിഴക്കോട്ട് ഒഴുകുന്ന കാവേരിയുടെ ആഴവും വീതിയും വർദ്ധിക്കുന്നു. തിരുമകുടൽ എന്ന സ്ഥലത്തുവച്ച് കാവേരിയുടെ വലത്തുവശത്തായി കബനി എന്ന പോഷക നദി ചേരുന്നു. ഈ നദി കേരളത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. വയനാട് ജില്ലയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദിക്ക് 210 കി.മീ നീളമുണ്ട്.[7]


പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് മൈസൂർ, മാണ്ഡ്യ എന്നീ ജില്ലകളുടെ അതിർത്തിയായി കുറച്ചു ദൂരം ഒഴുകി രണ്ട് ബൃഹത്തായ വെള്ളച്ചാട്ടങ്ങൾ സൃഷ്ടിക്കുന്നു. മലയിടുക്കുകൾക്ക് ഒരു ഭാഗത്ത് കാവേരിയിൽ വന്നു ചേരുന്ന പോഷക നദിയാണ് ഷിംഷ(ശിംശ). പിന്നീട് 80 കി.മീറ്റർ ഒഴുകുന്നതിനിടക്കു 800 മീറ്ററോളം താഴ്ച സംഭവിക്കുകയും പ്രസിദ്ധമായ ജലപാതങ്ങളും രണ്ടു ദ്വീപുകളും സൃഷ്ടിക്കുകയും ചെയ്യുന്നു.

ഒരു കിലോമീറ്ററോളം വീതി ഉള്ള കാവേരി ഒരു മലയിടുക്കുകളിലൂടെ പോകുമ്പോൾ അതിന്റെ ശക്തി വളരെയധികം വർദ്ധിക്കുന്നു. ഇങ്ങനെ ഊക്കോടെ പാറയിൽ വന്നിടിക്കുന്ന നദി വളരെ ഉയരത്തിലേയ്ക്ക് പൊങ്ങുന്നതു കൊണ്ട് ഒരു ജലപാതത്തിന് ഗഗന ചുക്കി എന്നാണ് പേര്. മറ്റൊന്ന് ഭര ചുക്കി എന്ന് അറിയപ്പെടുന്നു. എപ്പോഴും നിറഞ്ഞ് കാണുന്നതുകൊണ്ടാണ് ഈ പേര്. 100 മീറ്ററോളം താഴ്ചയുള്ള ഈ ജലപാതങ്ങളിൽ ഒരു വൈദ്യുതനിലയം ഉണ്ട്. 1902-ല് സ്ഥാപിതമായ ഈ വൈദ്യുതനിലയം ഇത്തരത്തിൽ അകൃത്രിമ വെള്ളച്ചാട്ടത്തിൽ പ്രവർത്തിക്കുന്ന ഏഷ്യ യിലെ തന്നെ ആദ്യത്തേതാണ്. ബ്രിട്ടീഷുകാരാണ് ഇത് നിർമ്മിച്ചത്. ഇവിടെ നിന്ന് മൈസൂർ, ബെങ്കളുരു, കോലാർ എന്നിവിടങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നു. മലയിടുക്കിന്റെ ഒരു ഭാഗത്തിന് ചാടിക്കടക്കാവുന്ന വീതിയേ ഉള്ളൂ. ഇത് മേക്കേഡാടു (കന്നടത്തിൽ ആട് ചാടുന്നത് എന്നർത്ഥം) ആംഗലേയത്തിൽ ഗോട്സ് ലീപ്പ്’ (goat's leap) എന്നാണറിയപ്പെടുന്നത്.[8][9][10]

ഇതേ ഭാഗത്തു തന്നെ കാവേരി രണ്ടു പ്രാവശ്യം രണ്ടായി പിരിയുകയും ഒന്നു ചേരുകയും ചെയ്യുന്നതിന്റെ ഫലമായി രണ്ട് ദ്വീപുകൾ സൃഷ്ടിക്കപ്പെടുന്നു. ഇതാണ് ശിവ സമുദ്രവും, ശ്രീരംഗപട്ടണവും. ഇവ പുണ്യ ദ്വീപുകൾ എന്നറിയപ്പെടുന്നു. ശിവ സമുദ്രത്തിനടുത്തു നിന്ന് 40 കി.മീ ഓളം താഴെയായി തമിഴ്നാടിന്റെ അതിർത്തിയായി ഒഴുകിയശേഷം തമിഴ്‌നാട്ടിലേയ്ക്ക് പ്രവേശിക്കുന്നു. ഈ പ്രദേശങ്ങളിലെല്ലാം നദി നിറയെ പാറക്കൂട്ടങ്ങൾക്കിടയിലൂടെയാണ് ഒഴുകുന്നത്.

കൃഷ്ണരാജസാഗർ അണക്കെട്ട്[തിരുത്തുക]

മൈസൂർ നഗരത്തിന്റെ വടക്ക് പടിഞ്ഞാറ് ഉദ്ദേശം 19 കി. മീറ്റർ അകലെ കാവേരി നദിയിൽ നിർമ്മിച്ചിരിക്കുന്ന പ്രസിദ്ധമായ അണക്കെട്ടാണിത്. 1930 ലാണ് ഇതിന്റെ പണി പൂർത്തിയായത്. 1996 മീറ്റർ നീളവും 38 മീറ്റർ ഉയരവും ഇതിനുണ്ട്. 1246 ദശലക്ഷം ഘന.മീ ജലം സംഭരിക്കാൻ ശേഷിയുണ്ട്. 30 ച.കി.മീ ആണ് തടാകത്തിന്റെ വിസ്തൃതി. താഴെയായി സ്ഥാപിച്ചിട്ടുള്ള ശിവസമുദ്രം വൈദ്യുതനിലയത്തിൽ ജലം എത്തിക്കാനും കർണ്ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ജലസേചനത്തിനുമായാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

കാവേരി തമിഴ്‌നാട്ടിലൂടെ[തിരുത്തുക]

ഹൊഗേനക്കല്ലിലെ വെള്ളച്ചാട്ടങ്ങൾ
കാവേരി ഈറോഡിനടുത്ത്.

തമിഴ്‌നാട്ടിൽ പ്രവേശിച്ചു കഴിയുമ്പോൾ വീണ്ടും പാറയിടുക്കുകളിലൂടെ വളഞ്ഞ് പുളഞ്ഞ അത്രയൊന്നും വേഗതയില്ലാതെയാണ് ഒഴുകുക. പിന്നീട് ധർമ്മപുരി ജില്ലയിൽ പ്രവേശിക്കുന്ന കാവേരി നീണ്ട ഒരു മലയിടുക്കുകളിലൂടെ സഞ്ചരിച്ച് മേട്ടൂർ എന്ന സ്ഥലത്ത് എത്തിച്ചേരുന്നു.

ഹൊഗേനക്കൽ തടകം താണ്ടി വരുന്ന കാവെരി നദി, ശുഷ്കയായിട്ഠ്തീറുന്നു

ഇവിടെ വച്ച് നദിയെ പ്രസിദ്ധമായ മേട്ടൂർ ഡാം കെട്ടി തടുത്തു നിർത്തിയിരിക്കുന്നു. ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ അണക്കെട്ടിന് 1615 മീറ്റർ നീളവും 54 മീറ്റർ ഉയരവും ഊണ്ട്. 155 ച.കി.മീ വിസ്തൃതിയുള്ള ജലാശയത്തിന് ‘സ്റ്റാൻലി തടാകം’ (Lake Stanley)എന്നാണ് വിളിക്കുന്നത്. തഞ്ചാവൂർ, സേലം എന്നീ ജില്ലകളിൽ ജലസേചനം, കുടിവെള്ളം വൈദ്യുതി എന്നിവയ്ക്ക് ഈ അണക്കെട്ടിനെയാണ് ആശ്രയിക്കുന്നത്. പിന്നീട് കാവേരി ഈറോഡ്‌,സേലം ജില്ലകൾക്കിടയിൽ അതിർ‌ത്തി സൃഷ്ടിക്കുന്നു. ഭവാനി എന്ന സ്ഥലത്തു വച്ച് ഇതു ഭവാനി നദിയുമായി കൂടിച്ചേരുന്നു. ഈ നദി സൈലന്റ്വാലി യിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഈ സംഗമ സ്ഥലത്താണു പ്രസിദ്ധമായ സംഘമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഇതിന് ശേഷം 50 കി.മീ താഴയായി ചേരുന്ന മറ്റൊരു പോഷകനദിയാണ് നോയൽ. ഈ പ്രദേശങ്ങളിലെല്ലാം നദി പരന്ന് വലിയ ആഴമില്ലാതെയാണ് ഒഴുകുന്നത്. ഇവിടം മുതൽ കടലിൽ പതിക്കുന്നതു വരെ കിഴക്കോട്ടാണ് അതിന്റെ ഗതി. പിന്നീട്‌ കരൂരിൽ തിരുമുക്കൂടലൂരിൽ വച്ച് പളനികളിൽ നിന്നുത്ഭവിക്കുന്നഅമരാവതി നദിയും കാവേരിയൊടു ചേരുന്നു.
തിരുച്ചിറപ്പള്ളിയിലെ അലംബാടി എന്ന സ്ഥലത്ത് നദിയുടെ മധ്യ ഭാഗത്തുള്ള ഒരു പാറയിൽ നിന്ന് കാവേരിയിലെ ജലം വലിയ സ്തൂപിക പോലെ മേൽ‍പ്പോട്ട് കുതിച്ചുയർന്ന് ആ പ്രദേശങ്ങളിലെല്ലാം ധൂമ പടലത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.തിരുച്ചിറപ്പള്ളിയിലെ ചരിത്രപ്രധാനമായ ഈ പാറയെ തഴുകി കടന്നു പോകുന്ന നദി ശ്രീരംഗത്തുവച്ചു രണ്ടായി പിരിഞ്ഞു,(മൂന്നാം തവണ) ശ്രീരംഗം എന്ന ദ്വീപിനെ സൃഷ്ടിക്കുന്നു.രണ്ടായി പിരിയുന്ന കൈവഴിയിലെ വടക്കുള്ള നദി കൊള്ളിടം (പഴയ കൊളെറൂൻ) എന്നാണു അറിയപ്പെടുന്നതു്. തെക്കു കിഴക്കോട്ട് ഒഴുകുന്ന നദിയെ പെന്നാർ എന്നാണ് വിളിക്കുന്നത്. ഇതിനിടയിലാണു തഞ്ചാവൂരിലെ സമതലം. ഈ സ്ഥലം തെന്നിന്ത്യൻ പൂന്തോട്ടം എന്നും അറിയപ്പെടുന്നു. പിന്നിട്‌ പൂമ്പുഹാർഎന്ന സ്ഥലത്തു വച്ചു ബംഗാൾ ഉൾകടലിൽ ലയിച്ചു ചേരുന്നു. പ്രസിദ്ധമായ നാഗപട്ടിണവും കാരൈക്കലും കാവേരിയോടു ചേർന്ന തുറമുഖങ്ങളാണു്. 2000 വർഷങ്ങൾക്കു മുന്പെ തന്നെ ജലസേചന പദ്ധതികൾ ഇവിടെ നിലവിൽ വന്നു. ലോകത്തിലെ ഏറ്റവും പഴയതും ഇപ്പൊഴും ഉപയോഗത്തിലിരിക്കുന്നതുമായ ജലസേചന പദ്ധതിയായ കല്ലണൈ അഥവാ ഗ്രാൻ‍ഡ് ഡാം കാവേരി നദിയിലാണു. ചോള രാജാവായ കരിക്കാലന്റെ കാലത്ത്‌,2-ആം നുറ്റാണ്ടിലാണ് ഇത് നിർമ്മിച്ചത്. ചെത്തി മിനുക്കാത്ത കല്ലുകൾ കൊണ്ടാണു ഈ അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്‌. 329 മി. നീളവും 20 മി. വീതിയും ഉള്ള ഈ അണക്കെട്ടു 19 നൂറ്റാണ്ടു മുന്പത്തെ നിർമ്മാണ വൈദഗ്ദ്യ്തിന്റെ സാക്ഷ്യപത്രം ആണ്. കാവേരി രണ്ടായി പിരിഞ്ഞതിനു ശേഷമുള്ള ഭാഗത്താണ് കല്ലണൈഉള്ളത്. കാവേരിയുടെ കൊളെരം കൈവഴിയിൽ 19-ാ‍ം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കൊളെരം അണ ബ്രിട്ടീഷുകാരുടെ സംഭാവനയാണ്. സർ ആർതർ കോട്ടൺ ആണ് ഇതിന്റെ സ്രഷ്ടാവ്. മറ്റൊന്ന് 1836-ല് സ്ഥാപിക്കപ്പെട്ട ഒരു അണക്കെട്ട് ആണ്. കൊള്ളിടം അപ്പർ അണക്കെട്ട് എന്നാണ് ഇതിനുപേർ. ഗ്രാൻഡ് അണക്കെട്ടിൽ എക്കൽ നിക്ഷേപം കുറക്കാനും ജലസേചന സൗകര്യം കൂട്ടാനുമായാണ് കൊള്ളിടം അപ്പർ ഡാം പണിതത്.

ഉപയോഗം[തിരുത്തുക]

പ്രധാനമായും കാർ‌ഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. കുടിവെള്ളത്തിനായും വൈദ്യുതോൽപാദനതിനുമാണു അടുത്ത സ്ഥാനം. ആദ്യത്തെ പഞ്ചവത്സര പദ്ധതിക്കാലത്തു കണക്കാക്കപ്പെട്ട പ്രകാരം നദിയുടെ മൊത്തം ഒഴുക്ക്‌ 1.2 കോടി കു.ഏക്കർ ആണു. അതിന്റെ 60 ശതമാനവും ജലസേചനത്തിനാണുപയോഗിക്കുന്നത്. കർണ്ണാടകത്തിലെ തോരെക്കഡനഹള്ളീയിലെ പമ്പിംഗ്‌ കേന്ദ്രത്തിൽ നിന്നും ദിനം പ്രതി 540 ലക്ഷം ലിറ്റർ വെള്ളം ബാംഗ്ലൂരിലെത്തിക്കുന്നു.[11] മേട്ടൂർ അണക്കെട്ടിൽ നിന്നാണു സേലം, ധർ‌മപുരി നാമക്കൽതുടങ്ങിയ ജില്ലകളിലേക്ക്‌ കുടിവെള്ളം എത്തിക്കുന്നത്‌. ബ്രിട്ടിഷുകാർ പണിത ഈ അണകെട്ടിനടുത്തുള്ള ഉദ്യാനത്തിൽ വർഷകാലത്ത് നല്ല തിരക്കാണ്. കാവേരി നദിയിൽ മൺസൂൺ മഴമേഘങ്ങളാണു വെള്ളമെത്തിക്കുന്നത്. മറ്റുകാലങ്ങളിൽ അതായതു കർക്കിടകത്തിന് ശേഷം മിക്കവാറും നദി വരണ്ടു പോകാറുണ്ട്‌. മഴക്കാലത്തു സംഭരിക്കുന്ന വെള്ളം ഉഷ്ണകാലത്ത് ഉപയോഗിക്കാൻ ഒരു പരിധി വരെയെങ്കിലും അണക്കെട്ടുകൾ സഹായിക്കാറുണ്ടെങ്കിലും കൈവഴികളും തോടുകളും പെട്ടെന്നുണങ്ങി പോകുന്നു. മഴകുറയുന്ന വർഷങ്ങളിൽ ഇതുമൂലം കാർ‌ഷിക കാര്യങ്ങളിൽ പ്രതിസന്ധി ഏർ‌പെടാറുണ്ട്. തമിഴ്‌നാട്ടിലെ മിക്കവാറുംഭാഗങ്ങളിൽ നദി ജനങ്ങളുടെ നിത്യോപയോഗത്തിൽ ഒരു പ്രധാന ഭാഗമാണ്. കുളിക്കുവാനും തുണി അലക്കുവാനും മൃഗങ്ങളെ കുളിപ്പിക്കാനും എല്ലാം കാവേരി വേണം എന്ന സ്ഥിതിയാണ്.

ജലവൈദ്യുത പദ്ധതികൾ[തിരുത്തുക]

തിരുച്ചിറപ്പള്ളി യിൽ വേനൽ കാലത്ത് നദിയുടെ ഉപയോഗം

കാവേരിയുടെ മൊത്തം വൈദ്യുതി ഉത്പാദനം 1000 മെ.വാട്ട് ആണ്. പ്രധാനമായും നീലഗിരി മലകളുടെ ഇടയിലാണ് ഇതിനുള്ള സാധ്യതകൾ.

പ്രധാനമായവ പൈക്കാര- 70 മെ.വാട്ട്, മേട്ടൂർ- 200 മെ.വാട്ട്, കുന്ദ -535 മെ.വാട്ട്,ശിവസമുദ്രം - 42 മെ.വാട്ട്, ഷിംഷ - 17 മെ.വാട്ട്, മേട്ടൂർ അണ 40 മെ.വാട്ട്, എന്നിവയാണ്. ജലവൈദ്യുതയുത്പാദനത്തിന്‌ ഏറ്റവും അനുയോജ്യമായ പ്രദേശം 1800 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന നീലഗിരി പർവതനിരകളാണ്‌. ഇവിടെ ചെറിയ നദികളിൽ അണക്കെട്ടിയാണ്‌ തമിഴ്നാട് വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുന്നത്.

ഗതാഗതം[തിരുത്തുക]

പാറക്കെട്ടുകൾ നിറഞ്ഞതായതിനാൽ കാവേരി പൊതുവെ ഗതാഗത യോഗ്യമല്ല. എന്നിരുന്നാലും ഹൊഗേനക്കൽ ശ്രീരംഗം പോലുള്ള സ്ഥലങ്ങളിൽ ചെറുതോണികളും മറ്റും ഉപയോഗത്തിലുണ്ട്. കബനി നദിയിൽ പൊങ്ങുതടികൾ ഒഴുക്കാറുണ്ട്.

ആഘോഷങ്ങൾ[തിരുത്തുക]

കാവേരി സംക്രമണം[തിരുത്തുക]

തലക്കാവേരി യിലെ കാവേരിയുടെ ഉത്ഭവസ്ഥാനത്തെ വിശേഷ ആഘോഷമാണ് കാവേരി സംക്രമണം . എല്ലാവർഷവും തുലാ സംക്രമണ നാളിലാണ് ഇത് ആഘോഷിക്കുന്നത്. സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കുന്ന ഈ നാളിൽ ഒരു പ്രത്യേക സമയത്ത് കാവേരി ഒരു ജലധാരപോലെ പ്രത്യക്ഷപ്പെട്ട് ക്ഷേത്രത്തിലുള്ള വലിയ കുളം നിറയ്ക്കുന്നു. ഈ ജലം പുണ്യജലമായി കരുതുന്നു. മരിക്കുന്നവർക്ക് ഈ ജലം നൽകിയാൽ മോക്ഷം ലഭിക്കും എന്നും വിശ്വസിക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നു വരെ ആയിരങ്ങൾ ഈ വെള്ളത്തിൽ കുളിക്കാനായി വന്നു ചേരുന്ന ആഘോഷമാണ് ഇത്. സുമംഗലികളായ സ്ത്രീകൾ അന്നേ ദിവസം പച്ചക്കറികൾ പ്രത്യേകിച്ച് വെള്ളരിക്കയും തേങ്ങയും കൊണ്ട് പ്രത്യേക പൂജ അർപ്പിക്കുന്നു. ഇതിനെ കന്നി പൂജ എന്നാണ് പറയുന്നത്.

സംഘമേശ്വര പൂജ[തിരുത്തുക]

കാവേരിയുടെ പോഷക നദികൾ വരെ പുണ്യ നദികളായാണ് കരുതി വരുന്നത്. ഒട്ടുമിക്ക സംഗമ സ്ഥലങ്ങളിലും സംഘമേശ്വരക്ഷേത്രങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ഭവാനിയിലെ സംഘമേശ്വരക്ഷേത്രം ആണ്. ഇവിടത്തെ പൂജ ദീർഘ സുമംഗലീ വരം ലഭിക്കുവാനായിട്ട് നിരവധി കുടുംബിനികൾ എല്ലാ വർഷവും ചെയ്യുന്ന പൂജയാണ്.

കാവേരി ട്രൈബൂണലും വിധിയും[തിരുത്തുക]

ത്രിച്ചിയിൽ നിന്ന് ഒരു ദൃശ്യം
കാവേരിക്കരയിലെ ക്ഷേത്രം. തമിഴ്നാട്ടിലെ കാഴ്ച്ച.

കാവേരി നദിയിലെ വെള്ളത്തിന്റെ പകുതിയിലേറേ തമിഴ്‌നാടിന്‌ അനുവദിച്ച്‌ സുപ്രീം കോടതി വിധി വന്നത്‌ (07-02-2007) കർണ്ണാടകയിൽ വ്യാപകമായ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു.

കാവേരിയിൽ ആകെയുള്ളത് 740 ടി.എം.സി. ജലമാണ്. അതിൽ പരിസ്ഥിതിസംരക്ഷണത്തിന് 10 ടി.എം.സി വേണം. കടലിലേക്കൊഴുക്കുന്നത് 4 ടി.എം.സി. നാലു സംസ്ഥാനങ്ങൾക്കായി പങ്കിടുന്നത്‌ 726 ടി.എം.സി ജലവുമാണ്

സംസ്ഥാനങ്ങൾ ചോദിച്ചതും വിധിയിൽ ലഭിച്ചതുമായ ജലത്തിന്റെ ടി.എം.സിയിലുള്ള കണക്ക് ഇപ്രകാരമാണ്. തമിഴ്‌നാട് ചോദിച്ചത് 562, ലഭിച്ചത് 419. യഥാക്രമം കർണ്ണാടക 465 - 270, കേരളം 98.8 - 30, പുതുച്ചേരിക്കും 7 ടി.എം.സി. ജലം ലഭിച്ചു.

1991-ലെ ഇടക്കാല ഉത്തരവ്‌ പ്രകാരം കർണ്ണാടകത്തിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക്‌ 205 ടി.എം.സി. ജലം ആയിരുന്നു നൽകേണ്ടിയിരുന്നത്‌. തമിഴ്‌നാട്‌ പുതുച്ചേരിക്ക്‌ ആറും. കേരളം എന്നാൽ ഇടക്കാല വിധിക്ക്‌ അപേക്ഷിച്ചിരുന്നില്ല. കാവേരി ജലത്തിന്റെ അളവിൽ 147 ടി.എം.സി. കേരളത്തിന്റെ സംഭാവനയാണ്‌. ഇത്‌ കബനി, ഭവാനി എന്നീ നദികളിലൂടെയാണ്‌ കാവേരിയിൽ എത്തുന്നത്‌.

ഉത്തരവിനെതിരായി ട്രൈബൂണലിനു മുൻപാകെ തന്നെ മൂന്നുമാസത്തെ സമയം ഉണ്ട്‌. ഒരു വർഷത്തിനകം തന്നെ അപ്പീൽ തീർപ്പാക്കും. അതും സ്വീകാര്യമല്ലെങ്കിൽ കോടതിയെ സമീപിക്കാനും അവസരമുണ്ട്‌. കാവേരി നദി ജലം പങ്കിടുന്നതിന്‌ പഴയ മൈസൂർ, മദ്രാസ്‌ പ്രസിഡൻസികൾ തമ്മിൽ 1892 ലും 1924 ലും ഉണ്ടാക്കിയ കരാറുകളെ മറികടക്കുന്നതാണ്‌ പുതിയ വിധി.

ജസ്റ്റീസ്‌ എൻ.പി. സിങ്ങ്‌ അദ്ധ്യക്ഷനും, എൻ.എസ്‌. റാവു, സുധീർ നാരായണൻ എന്നിവർ അംഗങ്ങളുമായിരുന്ന ട്രൈബൂണലിന്റെ വിധി ആയിരത്തോളം പേജുള്ളതാണ്‌. സുപ്രീം കോടതി നിർദ്ദേശപ്രകാരം 1990 ജൂൺ 2 നാണ്‌ ട്രൈബൂണൽ രൂപവൽകരിച്ചത്‌. ഇടക്കാല ഉത്തരവ്‌ 1991 ജൂൺ 25 നായിരുന്നു.[12]

കാണേണ്ട സ്ഥലങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://books.google.com/books?id=Bge-0XX6ip8C&pg=PA508&dq=kallanai&sig=_bvXlOQqAftum2T7p_6McQJHgUk#PPA508,M1
 2. കേണൽ എൻ.ബി. നായർ, ഇന്ത്യയിലെ നദികൾ; ഏട് 93, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1994.
 3. പി., ജനാർദ്ധനൻ പിള്ള (1989). മണിമേഖല(വിവർ‍ത്തനം). കേരള സാഹിത്യ അക്കാദമി. {{cite book}}: Cite has empty unknown parameter: |coauthors= (help); Text "locatതൃശൂർ" ignored (help)
 4. മഡിക്കേരിയെപറ്റി[പ്രവർത്തിക്കാത്ത കണ്ണി]
 5. "കർണ്ണാടകത്തിലെ വൃന്ദാവൻ ഉദ്യാനത്തെക്കുറിച്ച്". മൂലതാളിൽ നിന്നും 2007-05-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-03.
 6. "മൈസൂർ ഓൺലൈൻ". മൂലതാളിൽ നിന്നും 2006-07-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-03.
 7. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പിഡീഫ്
 8. "മേയ്ക്കേഡാടിന്റെ പടം". മൂലതാളിൽ നിന്നും 2006-07-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-03.
 9. "മേക്കേഡാടിനെ ക്കുറിച്ച് ബാംഗ്ലൂർ ബെസ്റ്റ്.കോമിൽ". മൂലതാളിൽ നിന്നും 2006-12-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-02-03.
 10. മേയ്ക്കേഡാടിനെക്കുറിച്ച് ഡെക്കാൻ ഹെറാൾഡിൽ വന്ന വാർത്ത
 11. കർണാടക ജലവിഭവ വകുപ്പ്
 12. മലയാള മനോരമ ദിനപത്രം മുൻ‍താൾ, ഫെബ്രുവരി 7 2007; തൃശ്ശൂർ.

കൂടുതൽ അറിവിന്[തിരുത്തുക]

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ
"https://ml.wikipedia.org/w/index.php?title=കാവേരി&oldid=3802970" എന്ന താളിൽനിന്ന് ശേഖരിച്ചത്