കോട്ടുക്കൽ ഗുഹാക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടുക്കൽ ഗുഹാക്ഷേത്രം

കൊല്ലം ജില്ലയിലെ കടയ്ക്കലിനടുത്തുള്ള ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം. കേരളസർക്കാരിന്റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ ഹനുമാന്റെവിഗ്രഹം

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ശിവന്റെ ഭൂതഗണങ്ങൾ ചുമന്നുകൊണ്ടുവന്ന പാറയായ ഇതിനെക്കുറിച്ച് ശിവഭക്തനായ സന്യാസിക്ക് സ്വപ്നദർശനം ലഭിക്കുകയും അദ്ദേഹം ഈ പാറയിൽ ശിവക്ഷേത്രം നിർമ്മിച്ചു; എന്നതാണ് ഒരൈതീഹ്യം. ശിവഭക്തരായ രണ്ട് ദേവതകൾ ബ്രഹ്മമുഹൂർത്തത്തിൽ ക്ഷേത്രസ്ഥാപനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആകാശമാർഗ്ഗത്തിൽ സഞ്ചരിക്കുകയും. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെത്തിയപ്പോൾ കോഴികൂവുകയും ചെയ്തു. സൂര്യോദയം ആണെന്നുകരുതി, അത് ഇവിടെ സ്ഥാപിച്ചു; എന്നത് മറ്റൊരു ഐതിഹ്യമായും കരുതപ്പെടുന്നു.[1]

ചരിത്രം[തിരുത്തുക]

ക്ഷേത്രം നിർമ്മിച്ചതിന് കൃത്യമായ രേഖകളില്ല. ക്ഷേത്രോൽപ്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ചരിത്രകാരന്മാർക്കുള്ളത്.ഏ.ഡി. ഏഴാം നൂറ്റാണ്ടിനും പതിനൊന്നിനും ഇടയ്ക്ക് ക്ഷേത്ര നിർമ്മിതി നടന്നതായി കരുതപ്പെടുന്നു.യന്ത്രങ്ങളുടെ സഹായമില്ലാതെ പരമ്പരാഗതമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ക്ഷേത്രം കൊത്തി എടുത്തിട്ടുള്ളത്.പാണ്ഢ്യ രാജാവ് ആധിപത്യം സ്ഥാപിച്ചകാലത്തോ അതിനു ശേഷമോ ആയിരിക്കണം കോട്ടുക്കൽ ഗുഹാക്ഷേത്രം ഉണ്ടായിട്ടുളളത്. ശിവ പ്രതിഷ്ഠയും, ശിവന്റെ ഭൂതഗണാംഗമായ ശൂലധാരിയായ കാവൽക്കാരനും ഉളള ക്ഷേത്രങ്ങൾ പാണ്ടി ദേശത്തുണ്ടായത് ജടില പരാന്തകന്റെ കാലഘട്ടത്തോടടുത്താണ്. കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലും ഈ പ്രത്യേകതയാണ് കാണാൻ കഴിയുന്നത്. [2] കറ്റിക്കൽ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ഗുഹാ ക്ഷേത്രം പതിനൊന്ന് സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം പുരാവസ്തുവകുപ്പിന്റെ അധീനതയിലാണ്. പൂജയും മറ്റും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്നു. കുംഭമാസത്തിലെ ശിവരാത്രി ദിവസമാണ് ഉൽസവം.

ക്ഷേത്രഘടന[തിരുത്തുക]

കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ ഗണപതി വിഗ്രഹം

ഒറ്റപ്പാറയിൽ കിഴക്കോട്ട് അഭിമുഖമായിട്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടു മുറികളുണ്ട് ഈ മുറികളിലാണ് രണ്ട് ശിവലിംഗങ്ങൾ പാറയാൽ നിർമ്മിച്ച പീഠത്തിൽ സ്ഥാപിച്ചിരിക്കുന്നത്. മുറികൾക്കു പുറത്ത് പാറയിൽ കൊത്തിയ ഗണപതി വിഗ്രഹമുണ്ട്. തെക്കു ഭാഗത്തെ മുറികൾക്കു മുന്നിൽ അഷ്ടകോണിൽ നിർമ്മിച്ച കൽ മണ്ഡപമുണ്ട്. മണ്ഡപത്തിന്റെ ഒരു ഭിത്തിയിൽ ഗണപതിയുടെയും മറു വശത്ത് നന്ദികേശന്റെയും രൂപങ്ങൾ കൊത്തി വച്ചിരിക്കുന്നു. ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ[3]. വടക്കു വശത്തെ മുറിക്കു മുന്നിൽ ഭൂത ഗണത്തിൽ ഹനുമാന്റെയും നന്ദികേശന്റെയും രൂപങ്ങളുണ്ട്. ചതുരാകൃതിയിലുള്ള മുറികളുടെ വാതിലുകളും പ്രതിഷ്ടകളും ഒറ്റപ്പാറയിൽ കൊത്തിയെടുത്തവയാണ്. ക്ഷേത്രത്തിന്റെ മുന്നിൽ കൊടിയ വേനലിലും വറ്റാത്ത ഒരു കുളമുണ്ട്. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുചാലുകളുമുണ്ട്. കൂടാതെ യോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല് ക്ഷേത്രമുറ്റത്തും ചുമ്മാട്പാറ എന്നറിയപ്പെടുന്ന ഒരു പാറ ക്ഷേത്രത്തിന്റെ പിന്നിലും സ്ഥിതിചെയ്യുന്നു.

പുറം കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. പെരിനാട് സദാനന്ദൻപിള്ള. മലയാളക്കരയിലെ മഹാക്ഷേത്രങ്ങൾ. പ്രശാന്തി പബ്ലിഷേഴ്സ്, തിരുവനന്തപുരം. പുറം 245-246
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-01-27.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-28. Retrieved 2011-12-31.