ഉള്ളടക്കത്തിലേക്ക് പോവുക

എം.ടി. വാസുദേവൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.ടി. വാസുദേവൻ നായർ
M.T. in 2015
M.T. in 2015
ജനനംമാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ
(1933-07-15)15 ജൂലൈ 1933
കൂടല്ലൂർ, ബ്രിട്ടീഷ് മലബാർ, മദ്രാസ് പ്രസിഡൻസി, ഇന്ത്യ
മരണം25 ഡിസംബർ 2024(2024-12-25) (91 വയസ്സ്)
കോഴിക്കോട്, കേരളം, ഇന്ത്യ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ
ഭാഷമലയാളം, ഇംഗ്ലീഷ്
പഠിച്ച വിദ്യാലയംവിക്ടോറിയ കോളേജ്, പാലക്കാട്
Genreനോവൽ, ചെറുകഥ, ബാലസാഹിത്യം, യാത്രാവിവരണം, ഉപന്യാസങ്ങൾ
വിഷയംകേരളത്തിന്റെ അടിസ്ഥാന കുടുംബത്തെയും സംസ്കാരങ്ങളെയും അടിസ്ഥാനമാക്കിയുള്ള സാമൂഹിക വശങ്ങൾ.
ശ്രദ്ധേയമായ രചന(കൾ)
അവാർഡുകൾ
പങ്കാളി
  • പ്രമീള
    (m. 1965; div. 1976)
കയ്യൊപ്പ്The signature of M. T. Vasudevan Nair

മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നാരായണൻ നായർ (ജീവിതകാലം, 15 ജൂലൈ 1933 - 25 ഡിസംബർ 2024) ഒരു ഇന്ത്യൻ എഴുത്തുകാരൻ, പ്രഭാഷകൻ, തിരക്കഥാകൃത്ത്, ചലച്ചിത്ര നിർമ്മാതാവ്, സാഹിത്യ രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു. ആധുനിക മലയാള സാഹിത്യത്തിലെ ഒരു സമർത്ഥനും ബഹുമുഖ പ്രതിഭയുമായ എഴുത്തുകാരനായിരുന്ന അദ്ദേഹം സ്വാതന്ത്ര്യാനന്തര ഇന്ത്യൻ സാഹിത്യത്തിലെ ഗുരു സ്ഥാനീയരിൽ ഒരാളായിരുന്നു . ഭീമസേനന്റെ വീക്ഷണകോണിൽ നിന്ന് മഹാഭാരതത്തിന്റെ കഥ പുനരാവിഷ്കരിക്കുന്ന രണ്ടാമൂഴം എന്ന നോവൽ അദ്ദേഹത്തിന്റെ മാസ്റ്റർപീസായി പരക്കെ അംഗീകരിക്കപ്പെടുന്നു.

20-ാം വയസ്സിൽ, രസതന്ത്ര ബിരുദ വിദ്യാർത്ഥിയായിരിക്കെ, ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ, ഹിന്ദുസ്ഥാൻ ടൈംസ്, മാതൃഭൂമി എന്നിവ സംയുക്തമായി നടത്തിയ ലോക ചെറുകഥാ മത്സരത്തിൽ വളർത്തുമൃഗങ്ങൾ എന്ന കഥയ്ക്ക് മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥയ്ക്കുള്ള സമ്മാനം ലഭിച്ചു. 23-ാം വയസ്സിൽ എഴുതിയ അദ്ദേഹത്തിൻ്റെ ആദ്യത്തെ പ്രധാന നോവലായ നാലുകെട്ട് 1958-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. മഞ്ഞ്, കാലം, അസുരവിത്ത്, രണ്ടാമൂഴം എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് പ്രധാന നോവലുകൾ. ആദ്യകാലങ്ങളിലെ വൈകാരിക അനുഭവങ്ങൾ നോവലുകളിലേക്ക് പകർത്തിയ അദ്ദേഹത്തിന്റെ മിക്ക കൃതികളും അടിസ്ഥാന മലയാള കുടുംബ ഘടനയെയും സംസ്കാരത്തെയും കേന്ദ്രീകരിച്ചുള്ളതാണ്. കേരളത്തിലെ പരമ്പരാഗത തറവാടുകളെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിൻ്റെ മൂന്ന് നോവലുകൾ നാലുകെട്ട്, അസുരവിത്ത്, കാലം എന്നിവയാണ്.

മലയാള ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുംകൂടിയായിരുന്ന എം.ടി. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഏകദേശം 54 സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്തു. ഒരു വടക്കൻ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ ചിത്രങ്ങൾക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം നാല് തവണ നേടി. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് 1995-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം അദ്ദേഹത്തിന് ലഭിച്ചു. 2005-ൽ, ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ അദ്ദേഹത്തിന് ലഭിച്ചു. 2024 ഡിസംബർ 25-ന് അദ്ദേഹം കോഴിക്കോട്ട് വച്ച് അന്തരിച്ചു. 2025-ൽ, ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ മരണാനന്തരം അദ്ദേഹത്തിന് ലഭിച്ചു.

ബാല്യവും വിദ്യാഭ്യാസവും

[തിരുത്തുക]

പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും കുമരല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി പാലക്കാട് ജില്ലയുട

നക്കര പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമായ കൂടല്ലൂരിലാണ് 1933-ൽ വാസുദേവൻ ജനിച്ചത്. അദ്ദേഹത്തിൻ്റെ ജന്മദേശം പഴയ മദ്രാസ് പ്രസിഡൻസിയിൽ മലബാർ ജില്ലയുടെ കീഴിലായിരുന്നു. മാതാപിതാക്കളുടെ നാല് മക്കളിൽ ഇളയവനായിരുന്നു അദ്ദേഹം തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എം.ടി.യുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു. അവിടെ അദ്ദേഹത്തിന് മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. സിലോണിൽ നിന്നും മടങ്ങി വരുന്ന അച്ഛൻ ഒരു പെൺ കുട്ടിയെ കൊണ്ടു വരുന്ന കഥ നിന്റെ ഓർമ്മയ്ക്ക് എന്ന കൃതിയിൽ അദ്ദേഹം പറയുന്നു. ഈ പെൺകുട്ടി ആരെന്ന് എം.ടി പറയുന്നില്ലെങ്കിലും എം.ടിയുടെ അച്ഛന് പ്രഭാകരൻ എന്നൊരു മകൻ സിലോണിലെ ഭാര്യയിൽ ഉണ്ടെന്ന് പറയപ്പെടുന്നു.[1]

എംടിയുടെ കൂടല്ലൂരിലെ തറവാട് വീട്

കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് അദ്ദേഹം വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1953 ൽ പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ബിരുദം നേടി. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് വിദ്യാലയങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും പിന്നീട് ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എം.ബി.യിൽ തിരിച്ചെത്തി. തുടർന്ന് 1957 ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ജോലിയ്ക്ക് ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.[2]

വ്യക്തി ജീവിതം

[തിരുത്തുക]

എം.ടി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. 1965ൽ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെ അദ്ദേഹം വിവാഹം കഴിച്ചു. കോഴിക്കോട്ടെ എംബി ട്യൂട്ടോറിയൽസിൽ ഒരേ കാലത്ത് അധ്യാപകരായിരുന്നു എംടിയും പ്രമീളയും. എംടിയെക്കാൾ മൂന്നു വയസ്സോളം കൂടുതലുണ്ടായിരുന്നു പ്രമീളയ്ക്ക്. എംടിയെ ഇംഗ്ലിഷ് വായനക്കാർക്കു പരിചയപ്പെടുത്തിയതിൽ പ്രമീളയുടെ വിവർത്തനങ്ങൾക്കു വലിയ പങ്കുണ്ട്. ‘മഞ്ഞ്’ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ വിവർത്തനസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായി കരുതുന്നവരുണ്ട്. എംടിയുടെ നിർമാല്യം (തിരക്കഥ), നിന്റെ ഓർമയ്ക്ക്, ബന്ധനം, അയൽക്കാർ, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’, ‘മതിലുകൾ’, ടി.ദാമോദരന്റെ 1921 (തിരക്കഥ), പി.വി.തമ്പിയുടെ ‘കൃഷ്ണപ്പരുന്ത്’ തുടങ്ങിയവയും പ്രമീള ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തിരുന്നു.

പിന്നീട് മകൾ സിത്താരയെ നൃത്തം പഠിപ്പിക്കാൻ വീട്ടിൽ എത്തിയിരുന്ന പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയുമായി എം.ടി. പ്രണയത്തിലായതോടെ ആദ്യ വിവാഹബന്ധത്തിന് വിരാമമായി. 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം അവർ വേർപിരിഞ്ഞു.[3] ഈ വിവാഹത്തിലുള്ള അദ്ദേഹത്തിന്റെ മകൾ സിത്താര ഭർത്താവിനൊപ്പം അമേരിക്കൻ ഐക്യനാടുകളിൽ ബിസിനസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു.[3] എംടിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം പ്രമീള ദീർഘകാലം മകൾ സിതാരയ്‌ക്കൊപ്പം അമേരിക്കയിലായിരുന്നു. പിന്നീട് രോഗബാധിതയായി നീണ്ടകാലം ചികിത്സയിൽ കഴിഞ്ഞ പ്രമീള കോഴിക്കോട് നടക്കാവിൽ ക്രിസ്ത്യൻ കോളജിനു സമീപത്തെ വീട്ടിലായിരുന്നു അവസാനകാലം ചിലവഴിച്ചിരുന്നത്. 1999 നവംബർ 10നു പ്രമേഹം മൂർച്ഛിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവച്ച് മരിച്ചു.[4]

1977ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെ[5] വിവാഹം കഴിച്ച അദ്ദേഹത്തിന് അവരിൽ അശ്വതി നായർ (നർത്തകി) എന്ന മകളുണ്ട്.[6][7][8] അവസാന കാലത്ത് മൂത്ത മകളുടെ പേരിലുള്ള കോഴിക്കോട് കൊട്ടാരം റോഡിലെ സിത്താരയിലായിരുന്നു എം.ടി. താമസിച്ചിരുന്നത്.[3][9]

ശ്വാസതടസ്സവും പിന്നീട് ഹൃദയസ്തംഭനവും ഉണ്ടായതിനെ തുടർന്ന് ഡിസംബർ 15 മുതൽ എം.ടി. ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഡിസംബർ 25 ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. എംടിയുടെ ആഗ്രഹപ്രകാരം, മരണാനന്തര ചടങ്ങുകളും ആദരവ് അർപ്പിക്കലും മറ്റും അദ്ദേഹത്തിൻ്റെ വീടായ സിത്താരയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. മകൾ അശ്വതി, മരുമക്കളായ ടി സതീശൻ, എം ടി രാമകൃഷ്ണൻ, ബന്ധുക്കളായ മോഹൻ നായർ, ദീപു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി. മൂത്ത മകൾ സിത്താരയും കുടുംബവും മരണാനന്തര ചടങ്ങുകളിൽ സന്നിഹിതരായിരുന്നില്ല.

സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി. കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.

പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്കാരം ലഭിച്ചു.

ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്)[10], വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചിരിക്കുകയാണ്

മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.

ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

കർമ്മ മണ്ഡലങ്ങൾ

[തിരുത്തുക]
എം.ടി

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ[11], കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.[12] എം.ടി.വാസുദേവൻ‌നായർ എന്ന സാഹിത്യകാരൻ ഒരു പരിസ്ഥിതിവാദി കൂടിയാണ്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിർമ്മാല്യം സാമൂഹിക പ്രാധാന്യമുള്ള കൃതിയാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]

1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക്‌ ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി.[13] പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌‍ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌‍ക്കാരം എം ടിക്ക് ലഭിച്ചു. [14]

2025 ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

മറ്റു പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്[15]
  • മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം (1973, നിർമ്മാല്യം)
  • മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം (നാലു തവണ; 1990 (ഒരു വടക്കൻ വീരഗാഥ), 1992 (കടവ്), 1993 (സദയം), 1995 (പരിണയം))
  • മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം)
  • മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1991, കടവ്‌)
  • മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം)
  • മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (2009) (കേരള വർമ്മ പഴശ്ശിരാജ)
  • എഴുത്തച്ഛൻ പുരസ്കാരം (2011)[16]
  • ജെ.സി. ദാനിയേൽ പുരസ്കാരം - 2013[17]
  • മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾക്കുള്ള നാലപ്പാടൻ അവാർഡ് 2014 (നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി-എൻഎംസിഎസ്)
  • ദേശാഭിമാനി സാഹിത്യ പുരസ്കാരം
  • ജ്ഞാനപീഠ പുരസ്ക്കാരം (1995) ലഭിച്ചു.

പ്രധാന കൃതികൾ

[തിരുത്തുക]

നോവലുകൾ


കഥകൾ

തിരക്കഥകൾ

എംടി

ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും

മറ്റുകൃതികൾ

ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, , ജാലകങ്ങളും കവാടങ്ങളും, വൻകടലിലെ തുഴവള്ളക്കാർ, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.

ചിത്രങ്ങൾ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

    അവലംബം

    [തിരുത്തുക]
    1. "മാതാപിതാക്കൾ".
    2. https://www.tribuneindia.com/2005/20050417/spectrum/book8.htm. {{cite web}}: Missing or empty |title= (help)
    3. 1 2 3 "ജീവിതരേഖ: എം.ടി .വാസുദേവന്നായര്" [Life sketch: M.T. Vasudevan Nair]. Mathrubhumi. Kozhikode, India. 8 November 2011. Archived from the original on 21 July 2015. Retrieved 15 July 2015.
    4. "ആത്മകഥയിൽ ഇല്ലാത്തത്". Retrieved 2024-12-28.
    5. "Kalamandalam Saraswathy, Founder of Nrityalaya". nrityalaya. Retrieved 26 March 2015.
    6. "അശ്വതി".
    7. "Aswathy and Srikanth, the Torch Bearers of Nrityalaya". nrityalaya. Retrieved 26 March 2015.
    8. P. K. Ajith Kumar (15 July 2013). "Daughter's tribute". The Hindu. Retrieved 19 October 2017.
    9. Team Cinema Express (2024-12-20). "Noted writer MT Vasudevan Nair hospitalised, in critical condition". Indian Express (in Indian English). Retrieved 2024-12-20.
    10. Randamoozham
    11. 1 2 3 4 "സ്മരണ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 717. 2011 നവംബർ 21. Retrieved 2013 ഏപ്രിൽ 06. {{cite news}}: Check date values in: |accessdate= and |date= (help)
    12. എം.ടി. വ്യക്തിയും വിജയവും-(ദേശേഭിമാനി 2013 ജൂലൈ 13) കെ.പി.രാമനുണ്ണി[പ്രവർത്തിക്കാത്ത കണ്ണി]
    13. "എം ടി ക്ക് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്; ഷാജികുമാറിന് യുവസാഹിത്യ പുരസ്‌ക്കാരം". മാതൃഭൂമി. 2013 ഓഗസ്റ്റ് 23. Archived from the original on 2013-08-24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
    14. ലേഖകൻ, സ്വന്തം (2022-10-31). "പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടിക്ക്; കേരള പ്രഭ മമ്മൂട്ടിയ്ക്ക്". Manorama News. Retrieved 2025-12-11.
    15. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
    16. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-11-09.
    17. "എം.ടി.ക്ക് ജെ.സി. ദാനിയേൽ പുരസ്കാരം". മനോരമ. 2014 സെപ്റ്റംബർ 23. Archived from the original on 2014-09-23. Retrieved 2014 സെപ്റ്റംബർ 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)

    പുറത്തേക്കുള്ള കണ്ണികൾ

    [തിരുത്തുക]
    "https://ml.wikipedia.org/w/index.php?title=എം.ടി._വാസുദേവൻ_നായർ&oldid=4599685" എന്ന താളിൽനിന്ന് ശേഖരിച്ചത്