അറബിമലയാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arabi Malayalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊന്നാനി ലിപി
അറബി മലയാള ലിപി
മുഹ്യദ്ദീൻ മാല - ആദ്യത്തെ അറബി മലയാള കൃതി
തരം
ഭാഷകൾമലയാളഭാഷയും അതിന്റെ ചില പ്രാദേശിക ഭേദങ്ങളും
കാലയളവ്
c. 900 മുതൽ ഇന്നുവരേ
Parent systems

കേരളത്തിലെ മുസ്‌ലിങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള അറബിയും മലയാളവും ചേർന്ന ഒരു സങ്കര ഭാഷയാണ്‌ അറബി മലയാളം. മലയാളമൊഴികൾ അറബിലിപി ഉപയോഗിച്ച് എഴുതുന്ന രീതിയാണ്‌ ഈ ഭാഷയിൽ ഉപയോഗിക്കുന്നത്.അറബിയിലെ അക്ഷരങ്ങൾ കൂടാതെ മലയാളത്തിലെ ബാക്കി എല്ലാ അക്ഷരങ്ങൾക്കും പ്രത്യേക ലിപികൾ ഉണ്ട്.ഇത് അറബി അക്ഷരങ്ങളുടെ ഇരട്ടിയോളം വരും.[1]

പശ്ചാത്തലം[തിരുത്തുക]

കേരളത്തിൽ ആദ്യകാലത്ത് അറബി അക്ഷരമാല മാത്രമേ കൂടുതൽ മുസ്ലീങ്ങളും പഠിച്ചിരുന്നുള്ളൂ. ഖുർആൻ പാരായണമായിരുന്നു പ്രധാന ഉദ്ദേശം. ഇവരുടെ സാഹിത്യ രചനകൾ മലയാളത്തിന്റെ രൂപവും വ്യാകരണവും ഉള്ളവ ആയിരുന്നെങ്കിലും അറബി അക്ഷരമാലയിൽ ആയിരുന്നു എഴുതിയത്. ഈ രൂപത്തിലേക്ക് അറബി,ഉർദു,തമിഴ്, പേർഷ്യൻ‍ വാക്കുകളും കടന്നുവന്നു. മലയാളം ചില്ലക്ഷരങ്ങളെയും മറ്റും സൂചിപ്പിക്കുവാൻ അറബി അക്ഷരമാലയിൽ ചില പുതിയ അക്ഷരങ്ങളും ഇവർ കൂട്ടിച്ചേർത്തു.ഈ ഭാഷാരൂപം ആണ് അറബി മലയാളം എന്ന് അറിയപ്പെടുന്നത്.'മാപ്പിള മലയാളം' എന്നപേരിലും ഇത് അറിയപ്പെടുന്നുണ്ട്.കേരളത്തിൽ താമസമുറപ്പിച്ച അറബ് കുടിയേറ്റക്കാർക്കും ഈ ഭാഷാരൂപം ചിട്ടപ്പെടുത്തുന്നതിൽ പങ്കുണ്ട്.ഖുർആനിന്റെ ആദ്യ കൽപ്പന തന്നെ 'വായിക്കുക' എന്നായതുകൊണ്ട് മുസ്ലിംകളായ അറബികൾ എഴുത്തും വായനയും അറിയുന്നവരായിരുന്നു. ഇവിടെ വിവാഹം കഴിച്ചു ഇവിടുത്തുകാർ ആയിത്തീർന്ന അറബികളുമായി ആശയ വിനിമയത്തിനു അവരുടെ കുടുംബ/കച്ചവട ബന്ധുക്കൾക്കും ഒരു മാധ്യമം അനിവാര്യമായിരുന്നു. ഉചിതമായ ലിപിമാലയും ബൃഹത്തായ ഗ്രന്ഥസമ്പത്തും കൊണ്ട് സമ്പന്നമായ അറബിമലയാളം, ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാൽ മലബാറിലെ പൊതുഭാഷ എന്ന നിലയോളം വളരുകയും ചെയ്തിരുന്നു.

ഫാർസി-അറബി ലിപികൾ ഉപയോഗിച്ച് ഹിന്ദി കലർന്ന രീതിയിൽ വികാസം പ്രാപിച്ച ഉർദു ഭാഷ പോലെ ഒരു ഭാഷയാണെങ്കിലും ഉർദുവിന്റെ അത്ര വികാസം പ്രാപിച്ച ഭാഷ അല്ലയിത്

കൃതികൾ[തിരുത്തുക]

പ്രധാന ലേഖനം: അറബിമലയാള സാഹിത്യം
മുഹിയുദ്ദീൻ മാല.

മാപ്പിള സാഹിത്യത്തിൽ ഇന്നു കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രാചീന പദ്യകൃതി 1607 ൽ രചിച്ച "മുഹിയുദ്ദീൻ മാല"യാണ്. ഖാസി മുഹമ്മദ് ആണു അതിന്റെ രചയിതാവ്. ഇതാണു അറബിമലയാളത്തിലെ ആദ്യ കൃതിയെന്നു കരുതപ്പെടുന്നു. പ്രസ്തുത കൃതിയിൽ അബ്ദുൽഖാദർ ജീലാനി എന്ന പുണ്യപുരുഷന്റെ കഥകളാണു പ്രകീർത്തിക്കുന്നത്.

കപ്പപ്പാട്ട്.

മാപ്പിള സാഹിത്യത്തിലെ മറ്റൊരു ആദ്യകാല കൃതിയാണു കുഞ്ഞായിൻ മുസ്ല്യാർ രചിച്ച "കപ്പപ്പാട്ട്".ഇതും അറബിമലയാളത്തിൽ രചിക്കപ്പെട്ടതാണ്.മനുഷ്യ ശരീരത്തെ ജീവിത സാഗരത്തിൽ യാത്ര ചെയ്യുന്ന ഒരു കപ്പലായി ഉപമിച്ചു രചിച്ച ഒരു സുന്ദരകാവ്യമാണിത്.

അറബി-മലയാള കൃതികൾ പ്രധാനമായും കവിതാരൂപത്തിലും പാട്ട് രൂപത്തിലും ഉള്ളവയാണ്. വിവരണ കവിതകൾ, യുദ്ധകവിതകൾ,യുഗ്മഗാനങ്ങൾ എന്നിവ ഈ ഗണത്തിൽ പെടുന്നു. സുന്ദരമായി ആലപിക്കപ്പെടുന്ന ഒരു വലിയ കൂട്ടം വിവാഹ ഗാനങ്ങളും അറബിമലയാളത്തിലുണ്ട്. ഇസ്ലാമിക ശാസ്ത്രങ്ങളും സ്തുതികളും പല കൃതികളുടെയും വിഷയം ആണ്. നോവലുകളും അറബി മലയാളത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്.മോയിൻകുട്ടി വൈദ്യർ അറബിമലയാളത്തിലെ പ്രശസ്തനായ കവിയായിരുന്നു. ബദർ പടപ്പാട്ട്, ഉഹ്ദ് പടപ്പാട്ട്, മലപ്പുറം പടപ്പാട്ട്, സലീഖത്ത് പടപ്പാട്ട്, എലിപ്പട, തുടങ്ങി പല മാപ്പിളപ്പാട്ടുകളുടെയും രചയിതാവുമാണ് അദ്ദേഹം അദ്ദേഹത്തിന്റെ തന്നെ മനോഹരമായ ഒരു പ്രണയകാവ്യമാണു "ബദറുൽ മുനീർ ഹുസുനുൽ ജമാൽ" ഇതിന്റെ ആദ്യകൃതികൾ എഴുതപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെട്ടതും അറബിമലയാളത്തിലായിരുന്നു.[2]

കത്തുകൾ എഴുതാനും കണക്കുകൾ സൂക്ഷിക്കാനും പത്രങ്ങൾ പ്രസിദ്ധീകരിക്കുവാനും വരെ അറബി മലയാളം ഉപയോഗിച്ചിരുന്നു. 1901-ൽ സലാഹുൽ ഇഖ്‌വാൻ എന്ന പത്രം സൈദാലിക്കുട്ടി എന്ന വ്യക്തി തിരൂരിൽ നിന്നും പ്രസിദ്ധീകരിച്ചു.

അറബിമലയാള സാഹിത്യത്തിലെ അപൂർവങ്ങളായ സാഹിത്യ രൂപങ്ങളെ പരിച്ചയപ്പെടുത്തുന്ന കൃതിയാണ് ലീഡ് ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച 'അറബിമലയാള സാഹിത്യ പഠനങ്ങൾ'. ടി മൻസൂറലി എഡിറ്റു ചെയ്ത ഈ പുസ്തകത്തിൽ അറബിമലയളാത്തിലെ അധിനിവേശ വിരുദ്ധ സാഹിത്യം, വൈദ്യ കൃതികൾ, നോവൽ, പത്രങ്ങൾ, പാട്ടുകൾ എന്നിവയെ സംബന്ധിച്ച ലേഖനങ്ങൾ ഉണ്ട്.[അവലംബം ആവശ്യമാണ്] മഹാകാവ്യങ്ങൾ,പലയിനം പാട്ടുകൾ, മതഗ്രന്ഥങ്ങൾ, ആഖ്യായികകൾ, നിഘണ്ടുക്കൾ എന്നിങ്ങനെ ഗദ്യവും പദ്യവുമായി അറബിമലയാളത്തിൽ 2500ൽ പരം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3]

യൂണിക്കോഡിൽ[തിരുത്തുക]

അറബിമലയാളം അക്ഷരമാല

അ = اَ
ആ = آ
ഇ = اِ
ഈ = اِي
ഉ = اُ
ഊ = اُو
ഋ = رْ
എ = ا٘
ഏ = ا٘ي
ഐ = اَيْ
ഒ = اٗ
ഓ = اٗو
ഔ = اَوْ
അം = اَمْ
ക = ك/ک
ഖ = كھ
ഗ = گ
ഘ = گھ
ങ = ۼ
ച = چ
ഛ = چھ
ജ = ج
ഝ = جھ
ഞ = ڿ
ട = ڊ
ഠ = ڊھ
ഡ = ڗ
ഢ = ڗھ
ണ = ڹ
ത = ت
ഥ = تھ
ദ = د
ധ = دھ
ന = ن
പ = پ
ഫ = پھ/ف
ബ = ب
ഭ = بھ
മ = م
യ = ي
ര = ڔ
ല = ل
വ = و
ശ = ش
ഷ = ۺ
സ = س
ഹ = ھ/ﮭ
ള = ۻ
ഴ = ژ
റ = ر
റ്റ = ڔّ

പഠന കേന്ദ്രം[തിരുത്തുക]

അറബി മലയാള ഭാഷ പഠിക്കുന്നതിനുള്ള ഒരു കേന്ദ്രം മലയാളം സർവകലാശാല തിരൂരിൽ സ്ഥാപിച്ചിട്ടുണ്ട്.[4][5]

അവലംബം[തിരുത്തുക]

  1. malayalam alphabets
  2. http://www.hindu.com/fr/2005/03/18/stories/2005031802610300.htm
  3. വിശ്വസാഹിത്യവിജ്ഞാനകോശം.
  4. "New university centre for Arabi Malayalam". Deccan Chronicle (in ഇംഗ്ലീഷ്). 15 October 2017. Retrieved 20 October 2020.
  5. TwoCircles.net (28 December 2015). "In Kerala, attempts to save Arabi Malayalam take final shape". TwoCircles.net (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 20 October 2020.
"https://ml.wikipedia.org/w/index.php?title=അറബിമലയാളം&oldid=3952671" എന്ന താളിൽനിന്ന് ശേഖരിച്ചത്