എ. അയ്യപ്പൻ
എ അയ്യപ്പൻ | |
---|---|
എ. അയ്യപ്പൻ | |
Occupation | കവി |
Nationality | ഇന്ത്യൻ |
Genre | പുരുഷൻ |
Subject | മലയാളം |
Notable works |
|
ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ (1939 ഒക്ടോബർ 27 - 2010 ഒക്ടോബർ 21). സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങളാവിഷ്കരിച്ചുകൊണ്ടു്, കവിതയ്ക്കു പുത്തൻഭാവുകത്വം രൂപപ്പെടുത്താൻ അയ്യപ്പനു കഴിഞ്ഞു. തൻറെ കവിതകളെക്കുറിച്ച് ഒരിക്കൽ അദ്ദേഹം ഇങ്ങനെ ഒരു കവിത കുറിച്ചു: "ഞാൻ കാട്ടിലും കടലോരത്തുമിരുന്നു കവിതയെഴുതുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ. എന്റെ കാട്ടാറിന്റെ അടുത്തു വന്നു നിന്നവർക്കും ശത്രുവിനും സഖാവിനും സമകാലീന ദുഃഖിതർക്കും ഞാനിതു പങ്കുവയ്ക്കുന്നു."
ജീവിതരേഖ[തിരുത്തുക]
1949 ഒക്ടോബർ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തു ജനിച്ചു.[1] [2] അറുമുഖനും മുത്തമ്മാളുമായിരുന്നു മാതാപിതാക്കൾ. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛനും പതിനഞ്ചു വയസ്സുള്ളപ്പോൾ അമ്മയും ആത്മഹത്യചെയ്തു. തുടർന്ന്, മൂത്തസഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ, നേമത്തു വളർന്നു. വിദ്യാഭ്യാസംകഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010 ൽ കവിതയ്ക്കുള്ള ആശാൻ പുരസ്കാരത്തിനർഹനായി. 2010 ഒക്ടോബർ 23-ന്, ചെന്നൈയിൽവച്ചു പുരസ്കാരമേറ്റുവാങ്ങാനിരിക്കേ, ഒക്ടോബർ 21-നു വൈകീട്ട്, ആറുമണിയോടെ തിരുവനന്തപുരത്തുവച്ച്, അയ്യപ്പൻ അന്തരിച്ചു. പോലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ്, വഴിയിൽ അബോധാവസ്ഥയിൽക്കണ്ടെത്തി, ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞതു മരണശേഷമാണ്. ഹൃദയാഘാതമാണു മരണകാരണമെന്നു സംശയിക്കപ്പെടുന്നു. പൂർണ്ണഔദ്യോഗികബഹുമതികളോടെ ഒക്ടോബർ 26-നു തൈക്കാടു ശാന്തികവാടത്തിൽ അയ്യപ്പൻ്റെ മൃതദേഹം സംസ്കരിച്ചു.
ജീവിതത്തിൻെറ ഒരു ഘട്ടത്തിൽ, അദ്ദേഹം നാലു വർഷത്തോളം കണ്ണൂർ ജില്ലയിലെ മണത്തണയിൽ താമസിച്ച് കവിതകളെഴുതിയിരുന്നു.
പുരസ്കാരങ്ങൾ[തിരുത്തുക]
- 1992 - കനകശ്രീ അവാർഡ് / കവിത - പ്രവാസികളുടെ ഗീതം
- 1999 - കേരളസാഹിത്യഅക്കാദമിപുരസ്‌ക്കാരം / കവിത - വെയിൽതിന്നുന്ന പക്ഷി
- 2003 - പണ്ഡിറ്റ് കെ പി കറുപ്പൻ പുരസ്ക്കാരം /കവിത - ചിറകുകൾകൊണ്ടൊരു കൂട്
- 2007 - എസ്.ബി.ടി. അവാർഡ്
- 2008 - അബുദാബി ശക്തി അവാർഡ്
- 2010 - പുരസ്‌കാരം[പ്രവർത്തിക്കാത്ത കണ്ണി]
കൃതികൾ[തിരുത്തുക]
- കറുപ്പ്
- മാളമില്ലാത്ത പാമ്പ്
- ബുദ്ധനും ആട്ടിൻകുട്ടിയും
- ബലിക്കുറിപ്പുകൾ
- വെയിൽ തിന്നുന്ന പക്ഷി
- ഗ്രീഷ്മവും കണ്ണീരും
- ചിറകുകൾകൊണ്ടൊരു കൂട്
- മുളന്തണ്ടിനു രാജയക്ഷ്മാവ്
- കൽക്കരിയുടെ നിറമുള്ളവൻ
- തെറ്റിയാടുന്ന സെക്കന്റ് സൂചി (എ. അയ്യപ്പന്റെ ഓർമ്മക്കുറിപ്പുകൾ)
- പ്രവാസിയുടെ ഗീതം
- ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ
- ജയിൽമുറ്റത്തെപ്പൂക്കൾ
- ഭൂമിയുടെ കാവൽക്കാരൻ
- മണ്ണിൽ മഴവില്ലു വിരിയുന്നു
- കാലംഘടികാരം
അവസാന കവിത[തിരുത്തുക]
പല്ല്
- അമ്പ് ഏതു നിമിഷവും
- മുതുകിൽ തറയ്ക്കാം
- പ്രാണനും കൊണ്ട് ഓടുകയാണ്
- വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
- എന്റെ രുചിയോർത്ത്
- അഞ്ചെട്ടു പേർ
- കൊതിയോടെ
- ഒരു മരവും മറ തന്നില്ല
- ഒരു പാറയുടെ വാതിൽ തുറന്ന്
- ഒരു ഗർജ്ജനം സ്വീകരിച്ചു
- അവന്റെ വായ്‌ക്ക് ഞാനിരയായി
ചെന്നൈയിൽ വച്ച് ആശാൻ പുരസ്കാരം ലഭിക്കുന്ന വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി അദ്ദേഹത്തിന്റെ കൈമടക്കിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതാണീ കവിത
മരണം[തിരുത്തുക]
എ. അയ്യപ്പൻ 2010 ഒക്ടോബർ 21-നു അന്തരിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ അബോധാവസ്ഥയിൽ കാണപ്പെട്ട അയ്യപ്പനെ പോലീസ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.[2]
എ. അയ്യപ്പൻറെ മരണാനന്തരം പത്ര-ദൃശ്യ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ട അദ്ദേഹത്തിൻറെ കവിതകളിൽ ഒന്നാണ് 'എൻറെ ശവപ്പെട്ടി ചുമക്കുന്നവരോട്.'
കവിത ഇങ്ങനെ:
എൻറെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിൽ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എൻറെ ഹൃദയത്തിൻറെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളിൽ പ്രേമത്തിൻറെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണു മൂടുന്നതിനു മുമ്പ്
ഹൃദയത്തിൽ നിന്നും ആ പൂവ് പറിക്കണം
ദലങൾ കൊണ്ടു മുഖം മൂടണം
രേഖകൾ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം
മരണത്തിൻറെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാൻ സമയമില്ലായിരിക്കും
ഒഴിച്ചു തന്ന തണുത്ത വെള്ളത്തീലൂടെ
അതു മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കിൽ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കിൽ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെൻറെ ചങ്ങാതികൾ മരിച്ചവരാണല്ലോ!
അവലംബം[തിരുത്തുക]
- ↑ "കവി അയ്യപ്പൻ അന്തരിച്ചു". മാതൃഭൂമി. 21 ഒക്ടോബർ 2010. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-07-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ഒക്ടോബർ 2014.
- ↑ 2.0 2.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-07-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-01.
- Pages using Infobox writer with unknown parameters
- Articles with dead external links from ഒക്ടോബർ 2022
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1949-ൽ ജനിച്ചവർ
- 2010-ൽ മരിച്ചവർ
- ഒക്ടോബർ 27-ന് ജനിച്ചവർ
- ഒക്ടോബർ 21-ന് മരിച്ചവർ
- മലയാളകവികൾ
- തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ
- കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- അബുദാബി ശക്തി അവാർഡ് ജേതാക്കൾ
- അവിവാഹിതർ