കെ.പി. നാരായണ പിഷാരോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.പി. നാരായണ പിഷാരോടി
കെ.പി. നാരായണ പിഷാരോടി.jpg
കെ.പി. നാരായണ പിഷാരോടി
ജനനം കൊടുമുണ്ട പിഷാരത്ത് നാരായണ പിഷാരോടി
1909 ഓഗസ്റ്റ് 23
മരണം 2004 മാർച്ച് 20
ദേശീയത  ഇന്ത്യ
പ്രശസ്തി സംസ്കൃത-മലയാള പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകാരനും

സംസ്കൃത-മലയാളഭാഷകളിൽ പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകാരനുമായിരുന്നു കെ.പി.നാരായണ പിഷാരോടി (ഓഗസ്റ്റ് 23, 1909 - മാർച്ച് 20, 2004).

ജീവിതരേഖ[തിരുത്തുക]

പട്ടാമ്പിക്കടുത്ത് കൊടിക്കുന്നു പിഷാരത്ത് ജനനം. അമ്മ കൊടിക്കുന്നു പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാർ. അച്ഛൻ പുതുശ്ശേരി മനയ്ക്കൽ പശുപതി നമ്പൂതിരി. ഗുരുകുല സമ്പ്രദായത്തിൽ പ്രാഥമികവിദ്യാഭ്യാസം നടത്തി. പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ കീഴിൽ സംസ്കൃതം അഭ്യസിച്ചു. മദിരാശി സർവ്വകലാശാലയിൽ നിന്ന് മലയാളം വിദ്വാൻ പരീക്ഷ ജയിച്ചു. അതിനു ശേഷം മധുര അമേരിക്കൻ കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ് തുടങ്ങിയ കലാലയങ്ങളിൽ പഠിപ്പിച്ചു. പ്രമുഖ കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരി അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. കേരളവർമ്മ കോളേജിൽ നിന്നും വിരമിച്ച ശേഷം തൃശ്ശൂരിൽ, കാനാട്ടുകരയിലുള്ള സ്വവസതിയായ നാരായണീയത്തിൽ താമസിച്ചുകൊണ്ടാണ്‌ മലയാള സാഹിത്യത്തിൽ അദ്ദേഹം ഏറെ സംഭാവനകൾ നടത്തിയത്. ഭരതമുനിയുടെ നാട്യശാസ്ത്രം മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുണ്ട്. കേശവീയം എന്ന മലയാള മഹാകാവ്യം സംസ്കൃതത്തിലേയ്ക്കും തർജ്ജമ ചെയ്തിട്ടുണ്ട്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള എഴുത്തച്ഛൻ പുരസ്കാരം 1999ൽ ലഭിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല 2001ൽ അദ്ദേഹത്തെ ഡി.ലിറ്റ്. നൽകി ആദരിച്ചു. 2004 മാർച്ച് 20ന് അദ്ദേഹം അന്തരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഇദ്ദേഹത്തിന്റെ പേരിൽ ഒരു പുരസ്ക്കാരം നൽകി വരുന്നുണ്ട്.

പ്രധാന കൃതികൾ[തിരുത്തുക]

 1. നാട്യശാസ്ത്രം (തർജ്ജമ)
 2. ശ്രീകൃഷ്ണവിലാസം കാവ്യപരിഭാഷ
 3. കുമാരസംഭവം വിവർത്തനം
 4. ആശ്ചര്യചൂഡാമണി വിവർത്തനം
 5. ശ്രീകൃഷ്ണചരിതം മണീപ്രവാളം വ്യാഖ്യാനം
 6. ആറ്റൂർ (ജീവചരിത്രം)
 7. തുഞ്ചത്ത് ആചാര്യൻ (ജീവചരിത്രം)
 8. സ്വപ്നവാസവദത്തം പരിഭാഷ
 9. കേശവീയം (സംസ്കൃത വിവർത്തനം)
 10. നാരായണീയം വ്യാഖ്യാനം
 11. ആട്ടപ്രകാരവും ക്രമദിപികയും

പുരസ്ക്കാരങ്ങൾ[തിരുത്തുക]

 1. സാഹിത്യനിപുണൻ (1967)
 2. പണ്ഡിതരത്നം (1983)
 3. രാമാശ്രമം അവാർഡ് (1991)
 4. നാരായണീയ കുലപതി (1993)
 5. രാഷ്ട്രപതിയുടെ പുരസ്ക്കാരം (1993)
 6. കേരള സാഹിത്യ അക്കാദമി അവാർഡ് (1993)
 7. സ്വദേശി ശാസ്ത്ര പുരസ്ക്കാരം (1994)
 8. കേരള കലാമണ്ഡലം മുകുന്ദരാജ സ്മൃതി പുരസ്കാരം (1995)
 9. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം (1995)
 10. ശ്രീ ശങ്കര പുരസ്ക്കാരം (1995)

അവലംബം[തിരുത്തുക]

 1. Hindu daily
 2. Kerala Interface
 3. Kerala Varma College Old Students' Association
 4. Writer C.Radhakrishnan
"https://ml.wikipedia.org/w/index.php?title=കെ.പി._നാരായണ_പിഷാരോടി&oldid=2341932" എന്ന താളിൽനിന്നു ശേഖരിച്ചത്