Jump to content

ലളിതാംബിക അന്തർജ്ജനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലളിതാംബിക അന്തർജനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലളിതാംബിക അന്തർജ്ജനം
ജനനംപുനലൂർ, കൊല്ലം ജില്ല, കേരളം
മരണംഫെബ്രുവരി 6, 1987(1987-02-06) (പ്രായം 77)
ഞാലിയാകുഴി, കോട്ടയം ജില്ല, കേരളം
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്,
ദേശീയത ഇന്ത്യ
Genreനോവൽ, ചെറുകഥ, ബാലസാഹിത്യം
വിഷയംസാമൂഹികം
അവാർഡുകൾഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ്,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

മലയാള സാഹിത്യ ലോകത്തെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തർജനം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്ത് 1909 മാർച്ച്‌ 30ന് ജനിച്ചു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ്, 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ കാലക്രമേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി.മലയാളത്തിലെ പ്രമുഖ കഥാകാരി.കൊട്ടാരക്കരയിലെ കോട്ടവട്ടത്ത് ജനിച്ചു കേരള സാഹിത്യ അക്കാദമിയുടെ വൈസ്പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ,വയലാർ അവാർഡ്,ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.1987 ഫെബ്രുവരി 6ന് അന്തരിച്ചു.

കുടുംബം

[തിരുത്തുക]

മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുതു തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം. കൊട്ടാരക്കര താലൂക്കിൽകോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തിൽദാമോദരൻപോറ്റിയുടെ പുത്രിയായി ജനിച്ചു. പിതാവ് ശ്രീമൂലം പ്രജാസഭ അംഗവും പണ്ഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ഹരിപ്പാട് ചെങ്ങാരാപള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ലളിതാംബിക. പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻനമ്പൂതിരിയായിരുന്നു ഭർത്താവ്. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളിൽ ഒരാളായിരുന്ന എൻ. മോഹനൻ ഇവരുടെ രണ്ടാമത്തെ പുത്രനായിരുന്നു, . ഭാസ്കരകുമാരൻ, രാജം, ലളിത, ലീല, ശാന്ത, രാജേന്ദ്രൻ എന്നിവരായിരുന്നു മറ്റുമക്കൾ.

വിദ്യാഭ്യാസം

[തിരുത്തുക]

വിദ്യാഭ്യാസം സ്വഗൃഹത്തിൽവച്ചു നടത്തി. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ വശമാക്കി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. തുടർന്ന് കഥാരചനയിൽഏർപ്പെട്ട് പേരെടുത്തു.

അന്തർജനത്തിൻറെ തിരഞ്ഞെടുത്തകഥകളുടെ അവതാരികയിൽ, അവരുടെ സാഹിത്യസൃഷ്ടിപരമായ അന്തശ്ചോദനയെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു; 'നിയന്ത്രണാതീതമായ സർഗചോദനയ്ക്ക് കീഴടങ്ങി സാഹിത്യസൃഷ്ടി ചെയ്യുന്ന ഒരെഴുത്തുകാരിയാണ് ശ്രീമതി ലളിതാംബിക അന്തർജനം. ഭാവനാശക്തിക്കു തീ കൊളുത്തുന്ന അനുഭവങ്ങളിൽനിന്ന് നേരിട്ട് ഉയർന്നു വന്നിട്ടുള്ളതാണ് അവരുടെ കഥകൾ മുഴുവനും. നാലുകെട്ടുകൾക്കുള്ളിൽ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീർപ്പിട്ടു കണ്ണുനീർവാർത്തു കഴിഞ്ഞ ആത്തോൽസമൂഹത്തിൻറെ ദുരന്ത കഥകൾക്ക് നാവും നാമവും കൊടുക്കാൻ അവരുടെ ഇടയിൽനിന്നുതന്നെ ഉയർന്നുവന്ന പ്രതിഭാസമാണ്‌ അന്തർജനം.' ജൻമനാ കവിയായ അവരുടെ കവിത്വത്തിൻ്റെ അഭിരാമത, കവിതയിലെപോലെ കഥകളിലും കാണാൻകഴിയും.

1937ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരത്തോടെ കാവ്യലോകത്ത് രംഗപ്രവേശം ചെയ്തത്. തുടർന്ന് അതേ വർഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു.1965ൽ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ഇവരാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]

കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.

പ്രധാനപ്പെട്ട കൃതികൾ

[തിരുത്തുക]

ചെറുകഥകൾ

[തിരുത്തുക]
  • മൂടുപടത്തിൽ (1946)
  • കാലത്തിന്റെ ഏടുകൾ (1949)
  • തകർന്ന തലമുറ (1949)
  • കിളിവാതിലിലൂടെ (1950)
  • കൊടുങ്കാറ്റിൽ നിന്ന് (1951)
  • കണ്ണീരിന്റെ പുഞ്ചിരി (1955)
  • അഗ്നിപുഷ്പങ്ങൾ (1960)
  • തിരഞ്ഞെടുത്ത കഥകൾ (1966)
  • സത്യത്തിന്റെ സ്വരം (1968)
  • വിശ്വരൂപം (1971)
  • ധീരേന്ദ്ര മജുംദാറിന്റെ അമ്മ (1973)
  • പവിത്ര മോതിരം (1979)
  • മാണിക്കൻ
  • മാറാലകൾ

ആത്മകഥ

[തിരുത്തുക]
  • ആത്മകഥക്ക് ഒരാമുഖം

കവിതാസമാഹാരങ്ങൾ

[തിരുത്തുക]
  • ലളിതാഞ്ജലി
  • ഓണക്കാഴ്ച
  • ശരണമഞ്ജരി
  • ഭാവദീപ്തി
  • നിശ്ശബ്ദസംഗീതം
  • ഒരു പൊട്ടിച്ചിരി
  • ആയിരത്തിരി - 1969
  • ആത്മകഥയ്ക്കൊരാമുഖം

മറ്റുകൃതികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ലളിതാംബിക_അന്തർജ്ജനം&oldid=4108741" എന്ന താളിൽനിന്ന് ശേഖരിച്ചത്