എസ്. ഗുപ്തൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എസ്. ഗുപ്തൻ നായർ
S-guptan-nair.jpg
ജനനം 1919 ഓഗസ്റ്റ് 22
ഓച്ചിറ, കൊല്ലം, കേരളം
മരണം 2006 ഫെബ്രുവരി 6 (വയസ്സ് 86)
ദേശീയത  ഇന്ത്യ
പ്രശസ്തി ഉപന്യാസകൻ
ജീവിത പങ്കാളി(കൾ) ഭാഗീരഥിയമ്മ
കുട്ടി(കൾ) ലക്ഷ്മി, എം.ജി. ശശിഭൂഷൺ, സുധാ ഹരികുമാർ
മാതാപിതാക്കൾ ഒളശ്ശ ശങ്കരപിള്ള, ശങ്കരിയമ്മ

മലയാള സാഹിത്യത്തിലെ പ്രമുഖവിമർശകനും, പ്രഭാഷകനും, നിഘണ്ടുകാരനും, അദ്ധ്യാപകനും ആയിരുന്നു എസ്. ഗുപ്തൻ നായർ (ഓഗസ്റ്റ് 22 1919 - ഫെബ്രുവരി 7 2006). ദീർഘകാലം കലാശാലാ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം രാഷ്ട്രീയ മേഖലയിലെ അപചയങ്ങൾക്കെതിരെ നില കൊണ്ടു. വിദ്യാലയങ്ങളിലെ രാക്ഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം മുൻ നിർത്തി രൂപീകരിച്ച വിദ്യാഭ്യാസ സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു. 35-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്[1]. എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1919 ഓഗസ്റ്റ് 22-ന് കൊല്ലം ജില്ലയിലെ ഓച്ചിറയിൽ അപൂർവ്വ വൈദ്യൻ എന്നുവിശേഷിപ്പിക്കപ്പെട്ട ഒളശ്ശ ശങ്കരപിള്ളയുടെയും മേമനയിലെ ചെങ്ങാലപ്പള്ളി വീട്ടിൽ ശങ്കരിയമ്മയുടെയും മകനായി ഗുപ്തൻ നായർ ജനിച്ചു[2]. 1941 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എ ഓണേഴ്‌സ് രണ്ടാം റാങ്കോടെ ജയിച്ച ഗുപ്തൻ നായർ 1945-ൽ അതേ കലാലയത്തിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു[3]. 1958-ൽ തലശ്ശേരി ബ്രണ്ണൻ കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു.കാലിക്കറ്റ് സർ‌വ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനായി ഔദ്യോഗിക ജീവിതത്തിൽ നിന്നു 1978-ൽ വിരമിക്കുകയും ചെയ്തു. തുടർന്ന് കേരള സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു[2] ശ്രീ ചിത്ര ഗ്രന്ഥശാല, മാർഗി, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രവർത്തിച്ചു. 'മലയാളി', ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ ആയിരുന്നു. 1983-ൽ 1984 വരെ കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും , 1984 മുതൽ 1988 വരെ കേരള സാഹിത്യ അക്കാദമിയുടെയും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്[2][3]. ഭാര്യ: ഭാഗീരഥിയമ്മ, മക്കൾ: ലക്ഷ്മി, ചരിത്രകാരൻ എം.ജി. ശശിഭൂഷൺ, സുധാ ഹരികുമാർ.[2] ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് 2006 ജനുവരി 5-ന് തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗുപ്തൻ നായർ അവിടെ വച്ച് ഫെബ്രുവരി 6-ന് രാവിലെ പത്തുമണിയോടെ 86-ആമത്തെ വയസ്സിൽ അന്തരിച്ചു[4]. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പേരൂർക്കട വിശ്വഭാരതിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

കൃതികൾ[തിരുത്തുക]

സാഹിത്യവിദ്യാർത്ഥികൾക്ക് പാഠപുസ്തകമായി ഉപയോഗിക്കാൻ യോഗ്യമായ വിധത്തിൽ ലളിതവും സുഗ്രഹവുമായവയാണ് അദ്ദേഹതിന്റെ രചനകൾ.

 • ആധുനിക സാഹിത്യം
 • ക്രാന്ത ദർശികള്
 • ഇസങ്ങൾക്കപ്പുറം
 • കാവ്യസ്വരൂപം
 • തിരയും ചുഴിയും
 • തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ
 • സൃഷ്ടിയും സ്രഷ്ടാവും
 • അസ്ഥിയുടെ പൂക്കൾ
 • ചങ്ങമ്പുഴ -കവിയും മനുഷ്യനും
 • കേസരിയുടെ വിമർശനം
 • സമാലോചനയും പുനരാലോചനയും
 • ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശിൽപികൾ
 • തുളുമ്പും നിറകുടം
 • കൺസൈസ്‌ ഇംഗ്ലീഷ്‌ - മലയാളം ഡിക്ഷണറി
 • വിവേകാനന്ദ സൂക്തങ്ങള്
 • കേരളവും സംഗീതവും
 • ഗുപ്തൻ നായരുടെ ലേഖനങ്ങൾ

‍ അമൃതസ്മൃതി

പുരസ്കാരങ്ങൾ[തിരുത്തുക]

 • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
 • കേരള സാഹിത്യ അക്കാഡമി അവാർഡ്
 • എഴുത്തച്ഛൻ പുരസ്കാരം
 • വള്ളത്തോൾ പുരസ്കാരം
 • വയലാർ അവാർഡ്
 • ലളിതാംബിക അന്തർജ്ജനം അവാർഡ്
 • ശങ്കര നാരായണൻ തമ്പി അവാർഡ്
 • സി.വി. രാമൻ പിള്ള അവാർഡ്
 • ജി. അവാർഡ്
 • പി. എൻ പണിക്കർ അവാർഡ്

ഗുപ്തൻ നായർ അവാർഡ്[തിരുത്തുക]

ഗുപ്തൻ നായർ ഫൗൺടേഷൻ അദ്ദേഹത്തിന്റെ പേരിൽ എൻഡോവ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. എം. ലീലാവതി, അമ്പലപ്പുഴ രാമവർമ്മ, സുകുമാർ അഴീക്കോട്, ഒ.എൻ.വി. കുറുപ്പ്, എം കെ സാനു, ഹൃദയകുമാരി എന്നിവർ ഈ അവാർഡിനു ഇതിനകം അർഹരായിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. http://medlibrary.org/medwiki/S._Gupthan_Nair
 2. 2.0 2.1 2.2 2.3 "മനസാ സ്മരാമി!" (ഭാഷ: മലയാളം). ജന്മഭൂമി ഓൺലൈൻ. ശേഖരിച്ചത് 2009-08-24. 
 3. 3.0 3.1 "Guptan Nair dead". The Hindu. ശേഖരിച്ചത് 2009-08-24. 
 4. http://archive.deccanherald.com/deccanherald/feb72006/national20231200626.asp
"https://ml.wikipedia.org/w/index.php?title=എസ്._ഗുപ്തൻ_നായർ&oldid=2818737" എന്ന താളിൽനിന്നു ശേഖരിച്ചത്