കുട്ടികൃഷ്ണ മാരാർ
BADAAM GANG NO:1
കുട്ടികൃഷ്ണമാരാർ | |
---|---|
ജനനം | തൃപ്രങ്ങോട് കിഴക്കേ മാരാത്ത് കുട്ടികൃഷ്ണമാരാർ ജൂൺ 14, 1900 തൃപ്രങ്ങോട്, മലബാർ, മദ്രാസ്, ബ്രിട്ടീഷ് ഇന്ത്യ |
മരണം | ഏപ്രിൽ 6, 1973 കോഴിക്കോട്, കേരളം, ഇന്ത്യ | (പ്രായം 72)
തൂലികാ നാമം | മാരാർ |
തൊഴിൽ | എഴുത്തുകാരൻ, സാഹിത്യ വിമർശകൻ |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
വിഷയം | സാഹിത്യവിമർശനം |
ശ്രദ്ധേയമായ രചന(കൾ) | ഭാരതപര്യടനം, കലജീവിതം തന്നെ, മലയാളശൈലി, സാഹിത്യഭൂഷണം, രാജാങ്കണം |
പങ്കാളി | നാരായണിക്കുട്ടി മാരസ്യാർ |
രക്ഷിതാവ്(ക്കൾ) | കരിക്കാട്ട്മാരാത്ത് കൃഷ്ണ മാരാർ(അച്ഛൻ) തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാർ(അമ്മ) |
കേരളത്തിലെ പ്രമുഖ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു തൃപ്രങ്ങോട് കിഴക്കേ മാരാത്ത് കുട്ടികൃഷ്ണ മാരാർ (ജനനം: ജൂൺ 14, 1900; മരണം: ഏപ്രിൽ 6, 1973). കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടേയും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടേയും പുത്രനായാണ് ജനിച്ചത്. കൊല്ലവർഷം 1900-ൽ (1924-25) തൃക്കാവിൽ കിഴക്കേ മാരത്ത് നാരായണിക്കുട്ടി മാരസ്യാരെ വിവാഹം ചെയ്തു. കുലവിദ്യയിലായിരുന്നു ആദ്യ അഭ്യസനം. 1923-ൽ പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് സാഹിത്യശിരോമണി പരീക്ഷ ഒന്നാമനായി വിജയിച്ചു.
.
ആദ്യകാലം
[തിരുത്തുക]കുട്ടിക്കാലത്ത് തന്നെ ചിത്രകലയിലും സാഹിത്യത്തിലും അതീവ തല്പരനായിരുന്നു മാരാർ. തന്റെ പിതൃഗ്രാമക്ഷേത്രമായ കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ അയ്യപ്പന്റെ ശ്രീകോവിൽച്ചുമരിൽ അദ്ദേഹം വരച്ച ചിത്രം പ്രശസ്തമാണ്.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അക്കാലത്തെ പണ്ഡിതരുടെ വിഹാരരംഗമായിരുന്ന സഹൃദയ തുടങ്ങിയ സംസ്കൃത പത്രികകളിൽ മാരാരുടെ ലേഖനങ്ങളും ഇടംകണ്ടിരുന്നു. പട്ടാമ്പിക്കോളേജിലെ അദ്ധ്യാപകനായിരുന്ന ശംഭുശർമ്മയുടെ ‘സാത്വിക സ്വപ്നം‘, ‘പ്രാകൃതസംവിധാനം‘ തുടങ്ങിയ സംസ്കൃതകൃതികൾക്ക് അവതാരികയും ടിപ്പണിയും മാരാരാണ് എഴുതിയത്. പിന്നീട് വള്ളത്തോൾ കൃതികളുടെ പ്രസാധകനായും, കുട്ടികളുടെ സംസ്കൃതാധ്യാപകനായും, കലാമണ്ഡലത്തിലെ വള്ളത്തോളിന്റെ സഹയാത്രികനായുമിരുന്നു. വള്ളത്തോളുമായുള്ള സഹവാസം മാരാരുടെ ശ്രദ്ധയെ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് കൊണ്ടുവന്നു. ആ സമയത്ത് നാലപ്പാട്ട് നാരായണ മേനോനെ കാണുകയും അദ്ദേഹത്തിൽ മാരാർ ഗുരുവിനെ കണ്ടെത്തുകയും ചെയ്തു. ആദ്യകാലത്ത്(1928) ‘സാഹിത്യഭൂഷണം‘ എന്നൊരു അലങ്കാരഗ്രന്ഥമെഴുതിയെങ്കിലും അച്ചടിശാലയിൽ നിന്ന് വിട്ടുകിട്ടിയില്ല. ആ പുസ്തകം 1965-ൽ സാഹിത്യപ്രവർത്തകസംഘം പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
വിമർശനകല
[തിരുത്തുക]വിമർശനത്തെ സർഗാത്മക കലയാക്കി മാറ്റിയ ആളാണ് മാരാർ. "കല കലയ്ക്കു വേണ്ടി", "കല ജീവിതത്തിനു വേണ്ടി" എന്ന രണ്ടു വാദമുഖങ്ങളുടെ ഇടയിൽ "കല ജീവിതം തന്നെ" എന്ന വാദം അവതരിപ്പിച്ചു അദ്ദേഹം. വിമർശനം പക്ഷപാതപരമായിരിക്കണം എന്നും പക്ഷപാതപരമല്ലാത്ത വിമർശനം, വിമർശകന്റെ വ്യക്തിത്വം അലിഞ്ഞു ചേരാഞ്ഞതിനാൽ നിർജീവം ആയിരിക്കുമെന്നും മാരാർ വിശ്വസിച്ചു. ഒരു വിധികർത്താവ് എന്നതിലുപരി സ്വന്തം പക്ഷത്തിനു വേണ്ടി വാദിക്കുന അഭിഭാഷകനായിരിക്കണം വിമർശകൻ എന്ന് മാരാർ വാദിച്ചു. ഭാരതീയ സൗന്ദര്യ ശാസ്ത്ര സിദ്ധാന്തങ്ങളിൽ മഹിമഭട്ടന്റെ "അനുമാന"ത്തോട് ആയിരുന്നു അദ്ദേഹത്തിനു പ്രതിപത്തി. ഇത് അദ്ദേഹത്തിന്റെ ഭാരതപര്യടനം എന്ന കൃതിയിൽ ഉടനീളം പ്രകടമാണ്. "മുണ്ടക്കൽ സന്ദേശം ഒരു മുഴുത്ത ചിരി " എന്ന ലേഖനത്തിൽ ഉണ്ണുനീലിസന്ദേശം ഒരു ഹാസ്യ കവനമാണെന്ന് വാദിക്കുന്ന മാരാരും ആശാന്റെ ലീല ഭർത്താവിനെ കൊന്നതാണ് എന്ന് വാദിക്കുന്ന മാരാരും ഒട്ടും വ്യത്യസ്തമല്ല
പ്രമുഖ പ്രവർത്തനങ്ങൾ
[തിരുത്തുക]1938 മുതൽ 1968 വരെ മാതൃഭൂമിയിലെ പ്രൂഫ് വായനക്കാരനായിരുന്നു മാരാർ. അക്കാലത്താണ് മാരാരുടെ പ്രമുഖ സാഹിത്യ പരിശ്രമങ്ങളെല്ലാമുണ്ടായത്. ‘മലയാളശൈലി‘ മുതൽ ‘കലജീവിതം തന്നെ‘ വരെയുള്ള എല്ലാ പ്രധാന നിരൂപണങ്ങളും ഉപന്യാസങ്ങളും ഇക്കാലത്താണ് മാരാർ രചിച്ചത്. മലയാള ശൈലി എന്ന പുസ്തകം എന്താണ് മലയാളം എന്ന് മലയാളിയെ പഠിപ്പിച്ചുവെങ്കിൽ ‘ഭാരതപര്യടനം‘ എന്ന ഇതിഹാസപഠനം മഹാഭാരതത്തെ എപ്രകാരം വായിക്കണമെന്ന് കാട്ടിത്തന്നു. 1953 മുതൽക്കേ കാളിദാസന്റെ കൃതികളുടെ ഗദ്യപരിഭാഷകളും മാരാർ എഴുതുന്നുണ്ടായിരുന്നു. ‘രാജാങ്കണം‘ എന്ന നിരൂപണകൃതി ഏറെ പ്രകീർത്തിക്കപ്പെട്ട പുസ്തകമാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]1947-ൽ പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളേജിൽ നിന്ന് സാഹിത്യരത്നം, തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ നിന്ന് സാഹിത്യനിപുണൻ പുരസ്കാരങ്ങൾ നേടി. ‘ഭാരതപര്യടന‘ത്തിനു മദ്രാസ് ഭരണകൂടത്തിന്റെ പുരസ്കാരവും. ‘കല ജീവിതം തന്നെ‘ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടേയും കേന്ദ്ര സാഹിത്യ അക്കാദമിയുടേയും പുരസ്കാരങ്ങൾ ലഭിച്ചു.
അവസാനകാലം
[തിരുത്തുക]1961 മുതൽ പ്രധാനമായും ആധ്യാത്മകോപന്യാസങ്ങളാണ് മാരാർ എഴുതിയിരുന്നത്. മാതൃഭൂമിയിൽ നിന്ന് വിരമിച്ചശേഷം ശ്രീരാമകൃഷ്ണാശ്രമവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചു വന്നത്. അക്കാലത്ത് മാരാർ പലർക്കുമെഴുതിയ കത്തുകൾ മരണശേഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1966 മെയ് 27-ന് ഭാര്യ മരിച്ചതോടെ പൂർണ്ണമായും ആധ്യാത്മികമാർഗ്ഗത്തിലേക്ക് തിരിഞ്ഞ മാരാർ 1973 ഏപ്രിൽ 6-ന് രാത്രി 12:30-ന് കോഴിക്കോട്ടുവച്ച് അന്തരിച്ചു. അവസാനത്തെ കുറച്ചു വർഷക്കാലം അദ്ദേഹം അൽഷിമേഴ്സ് രോഗബാധിതനായിരുന്നു.
കൃതികൾ
[തിരുത്തുക]- കലജീവിതം തന്നെ
- മലയാളശൈലി
- സാഹിത്യഭൂഷണം
- രാജാങ്കണം
- ഭാരതപര്യടനം.
- പതിനഞ്ചുപന്യാസങ്ങൾ
- ഋഷിപ്രസാദം
- സാഹിത്യസല്ലാപം
- സാഹിത്യവിദ്യ
- കൈവിളക്ക്
- ചർച്ചായോഗം
- ദന്തഗോപുരം
- വൃത്തശിൽപം
- ഭാഷാപരിചയം
- ഹാസ്യസാഹിത്യം
- ശരണാഗതി
- ഗീതപരിക്രമണം
- ഭാഷാവൃത്തങ്ങൾ ( കുട്ടികൾക്കുള്ള വൃത്തശാസ്ത്രം )
- ഇങ്ങുനിന്നോളം
- പലരും പലതും
- നളിനിയും ഇവാൻജലിനും (താരതമ്യ പഠനം )
- രഘുവംശം ( ഗദ്യപരിഭാഷ )
- നിഴലാട്ടം ( കവിത )
- ജീവിച്ചിരുന്നാൽ ( നാടകം )
- വിശ്വാമിത്രൻ ( ബാലസാഹിത്യം )
- മാരാരുടെ കത്തുകൾ
- പരിഭാഷകൾ - അഭിജ്ഞാനശാകുന്തളം, കുമാരസംഭവം, ഭജഗോവിന്ദം, മേഘസന്ദേശം
മാരാരെ കുറിച്ചുള്ള പ്രധാന പുസ്തകങ്ങൾ:
- മാരാരുടെ കുരുക്ഷേത്രം -എം എൻ. കാരശ്ശേരി
- ആഗോളീകരണ കാലത്തെ കുട്ടികൃഷ്ണമാരാര് - ഡോ. ഷൂബ കെ എസ്സ്
സൂചന
[തിരുത്തുക]- കേരളവിജ്ഞാനകോശം 1988