Jump to content

വർഗ്ഗീസ് കുര്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Verghese Kurien എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വർഗ്ഗീസ് കുര്യൻ
ജനനം(1921-11-26)26 നവംബർ 1921
മരണം9 സെപ്റ്റംബർ 2012(2012-09-09) (പ്രായം 90)
മരണ കാരണംഅസുഖം
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾ"ഇന്ത്യയുടെ പാൽക്കാരൻ"
പൗരത്വംഇന്ത്യൻ
കലാലയംമദ്രാസ് സർവകലാശാല
മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
തൊഴിൽഅമുലിന്റെ സ്ഥാപകൻ
ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷന്റെ സ്ഥാപക ചെയർമാൻ
നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് ചെയർമാൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ്, ആനന്ദ്
അറിയപ്പെടുന്നത്ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവ് എന്നു പരക്കെ അറിയപ്പെടുന്നു.[1]
ജീവിതപങ്കാളി(കൾ)സൂസൻമോളി[2]
കുട്ടികൾനിർമ്മല കുര്യൻ
പുരസ്കാരങ്ങൾവേൾഡ് ഫുഡ് പ്രൈസ് (1989)
പത്മവിഭൂഷൺ (1999)
മാഗ്സസെ അവാർഡ് (1963)

ഒരു ഇന്ത്യൻ എഞ്ജിനീയറും പ്രശസ്തനായ സാമൂഹിക സംരംഭകനുമാണ് പൊതുവേ ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന[3] വർഗീസ് കുര്യൻ (26 നവംബർ 1921 – 9 സെപ്റ്റംബർ 2012). ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറ്റിയതിൽ സുപ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനുമാണ്‌.[4] ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയർമാനായി ഇദ്ദേഹം 34 വർഷം പ്രവർത്തിച്ചിരുന്നു.[5] ഈ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് ഇന്ത്യയുടെ പാൽക്കാരൻ എന്ന വിശേഷണവും നേടിക്കൊടുത്തു.[6]

കർഷകരുടെ ഉടമസ്ഥതയിൽ ഏതാണ്ട് മുപ്പതോളം സ്ഥാപനങ്ങൾ ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. വളരെ മികച്ച രീതിയിലുള്ള ഭരണനിർവ്വഹണമാണ് ഈ ഓരോ സ്ഥാപനങ്ങളേയും മുൻ നിരയിലെത്തിച്ചത്. അമുൽ എന്ന തുടക്ക കമ്പനിയെ ലോകവിപണിയുടെ മുൻ നിരയിലെത്തിച്ചത് ഇദ്ദേഹത്തിന്റെ കഠിനപ്രയത്നമാണ്. അമുലിന്റെ വിജയം രാജ്യത്തൊട്ടാകെ ആവർത്തിക്കാൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി കുര്യനെ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡിന്റെ ചെയർമാനാക്കി. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷൻ ലോകത്തിലെ തന്നെ മികച്ച ഒരു സഹകരണ സംരംഭമായി കണക്കാക്കപ്പെടുന്നു, അതിലുപരി ലക്ഷക്കണക്കിനു കുടുംബങ്ങളെ അത് ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും കരകയറ്റി നല്ലൊരു ജീവിതമാർഗ്ഗം നൽകുകയുണ്ടായി.

നിരവധി ബഹുമതകൾക്കുടമയാണ് വർഗീസ് കുര്യൻ. 1999 ൽ രാജ്യം അദ്ദഹത്തിന് പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. 1965 ൽ പത്മശ്രീ, 1966 ൽ പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. 1989 ലെ വേൾഡ് ഫുഡ് പ്രൈസ് ലഭിച്ചത് വർഗീസ് കുര്യനാണ്. 1963 ൽ മാഗ്സസെ അവാർഡ് ലഭിച്ചു. 2012 സെപ്റ്റംബർ 9-ന് മരണമടഞ്ഞു.[7]

ജീവിതരേഖ

[തിരുത്തുക]

1921 നവംബർ 26-ന് കോഴിക്കോട്ടെ സിറിയൻ ക്രിസ്ത്യൻ കുടുംബമായ പുത്തൻപാറയ്ക്കൽ ജനിച്ചു. പുത്തൻ പാറയ്ക്കൽ കുര്യനാണ് പിതാവ്. ബ്രിട്ടീഷ് കൊച്ചിയിൽ സിവിൽ സർജനായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം

[തിരുത്തുക]

പിതാവ് ഒരു സർജനായതുകൊണ്ട് ചെറിയ ഇടവേളകളിൽ സ്ഥലം മാറ്റം കിട്ടാവുന്ന ജോലിയായിരുന്നു. അതുകൊണ്ടു തന്നെ വിവിധയിടങ്ങളിലായാണ് വർഗീസ് കുര്യന്റെ പ്രാഥമിക വിദ്യാഭ്യാസം നടന്നത്. ഗോപീചെട്ടിപാളയം എന്ന സ്ഥലത്തുള്ള സ്കൂളിലായിരുന്നു അഞ്ചാം ക്ലാസ്സ് വരെ പഠിച്ചത്. ഒന്നാം ഭാഷയായി ഇംഗ്ലീഷും, രണ്ടാം ഭാഷയായി തമിഴും ആണ് അദ്ദേഹം തിരഞ്ഞെടുത്തത്. 1936 ൽ മണ്ണാർഗുഡി എന്ന സ്ഥലത്തുള്ള ഹൈസ്കൂളിൽ നിന്നും കുര്യൻ എസ്.എസ്.എൽ.സി വിജയിച്ചു. 1940-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ഏഴാം റാങ്കോടെ ബിരുദം.[8] 1946-ൽ ജംഷഡ്പൂറിലെ ടാറ്റ അയേൺ ആന്റ് സ്റ്റീൽ കമ്പനിയിൽ വ്യാവസായിക പരിശീലനത്തിനായി കയറി. കുര്യന്റെ അമ്മാവനായിരുന്ന ജോൺ മത്തായി ആയിരുന്നു ടിസ്കോയുടെ ഡയറക്ടർ. എന്നാൽ വിദേശത്ത് ഒരു ഉപരിപഠനം എന്നതായിരുന്നു കുര്യന്റെ സ്വപ്നം. 1945 ൽ ഭാരതസർക്കാർ ഇന്ത്യയിലെ 400 യുവ എൻജിനീയർമാരെ യുദ്ധാനന്തര നിർമ്മാണജോലിയിൽ വൈദഗ്ദ്യം നേടാനായി അമേരിക്കയിലും ഇംഗ്ലണ്ടിലും അയച്ച് പരിശീലനം നൽകാൻ തീരുമാനിച്ചിരുന്നു. ഡയറി എൻജിനീയറിംഗിലേക്കാണ് കുര്യന് പ്രവേശനം ലഭിച്ചത്. അക്കാലത്ത് അത് കുര്യന് താൽപര്യമുള്ള വിഷയമായിരുന്നില്ലെങ്കിലും, അത് തിരഞ്ഞെടുക്കാൻ നിർബന്ധിതനാവുകയായിരുന്നു. മിഷിഗൻ സർവ്വകലാശാലയിൽ ഡയറി എൻജിനീയറിംഗ് മുഖ്യവിഷയമായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം മെറ്റലർജി മുഖ്യവിഷയമായും, ആണവഭൗതികശാസ്ത്രവും, ഡയറി എൻജിനീയറിംഗും ഉപ വിഷയങ്ങളായും എടുത്ത് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.[9]

ഔദ്യോഗിക ജീവിതം

[തിരുത്തുക]

ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം1948-ൽ ഗുജറാത്തിലെ ആനന്ദിൽ കേന്ദ്ര സർക്കാറിന്റെ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെയറി എൻജിനീയറായി നിയമനം ലഭിച്ചു. ഇന്ത്യയിൽ തിരികെയെത്തിയ ഉടൻ യൂണിയൻ കാർബൈഡ് കമ്പനിയിൽ എൻജിനീയറായി ജോലി ലഭിച്ചുവെങ്കിലും, അത് സ്വീകരിക്കാൻ സാധിക്കുമായിരുന്നില്ല. സർക്കാർ സഹായത്തോടെ വിദേശപഠനം പൂർത്തിയാക്കിയതിനാൽ സർക്കാരിന്റെ കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ കുറഞ്ഞ കാലയളവിൽ നിർബന്ധമായും ജോലി ചെയ്യണമായിരുന്നു. ഈ സമയത്ത് കയ്റയിൽ പാലുൽപ്പന്നങ്ങളുടെ കുത്തക പോൾസൺ ഡയറി എന്ന സ്വകാര്യ കമ്പനിക്കായിരുന്നു. ഇവരുടെ പ്രവർത്തനങ്ങളിൽ നിരാശരായ കർഷകർ പോൾസൺ ഡയറിക്ക് പാൽ നൽകുന്നത് നിറുത്തി.[10]

കയ്റ കോഓപ്പറേറ്റീവ്

[തിരുത്തുക]

സർക്കാർ ജോലിയിൽ കുര്യൻ നിരാശനായിരുന്നു. യാതൊരു ജോലിയും ചെയ്യാതെ സർക്കാർ ശമ്പളം വാങ്ങുകയായിരുന്നു അക്കാലത്ത് എന്നാണ് കുര്യൻ രേഖപ്പെടുത്തിയിരിക്കുന്നത്. തന്നെ ഈ ജോലിയിൽ നിന്നും വിടുതൽ ചെയ്യണമെന്ന് കുര്യൻ തന്റെ മേലധികാരിയോട് ആവശ്യപ്പെടുക പോലും ചെയ്തു. ഇതിനിടെയാണ് തൊട്ടടുത്ത് പ്രവർത്തിക്കുന്ന കയ്റ കോപ്പറേറ്റീവിന്റെ ഡയറി കുര്യൻ കാണാനിടയാവുന്നത്. വളരെ പഴകിയ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുര്യന്റെ ശ്രദ്ധയാകർഷിച്ചു. കയ്റ കോഓപ്പറേറ്റീവിന്റെ നായകസ്ഥാനത്തുണ്ടായിരുന്ന ത്രിഭുവൻദാസ് ഒരിക്കൽ കുര്യനെ കാണാനെത്തി. ഡയറിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുവാനും, പുതിയ ആശയങ്ങൾക്കും വേണ്ടിയായിരുന്നു ഈ സന്ദർശനം. പാസ്റ്ററീകരണം നടത്തുന്ന പഴകിയ യന്ത്രം മാറ്റി പുതിയതു സ്ഥാപിക്കാൻ കുര്യൻ ത്രിഭുവൻദാസിനെ ഉപദേശിച്ചു. വിലകൂടിയ യന്ത്രമായിരുന്നിട്ടും, അത് വാങ്ങാനുള്ള പണവും അതിന്റെ ഉത്തരവാദിത്തവും ത്രിഭുവൻദാസ് കുര്യനു നൽകി. കുര്യൻ കയ്റ കോഓപ്പറേറ്റീവിലെ സ്ഥിരം സാന്നിദ്ധ്യമായി.[11] ഈ സമയത്ത് കുര്യൻ ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചു, കുര്യൻ അത്യാഹ്ലാദത്തോടെ തന്റെ രാജി സമർപ്പിച്ച് അവിടെ നിന്നും ഇറങ്ങി. താരതമ്യേന പേരോ പ്രശസ്തിയോ ഇല്ലാത്ത കയ്റ കോഓപ്പറേറ്റീവിലെ സേവനം അന്ന് തിരഞ്ഞെടുത്തതിൽ താൻ പിന്നീട് ഒരിക്കലും ദുഖിച്ചിട്ടില്ലെന്ന് കുര്യൻ രേഖപ്പെടുത്തുന്നു.

അമുൽ ഡയറി

[തിരുത്തുക]

പുതിയ പാസ്റ്ററീകരണ യന്ത്രം സ്ഥാപിച്ചതോടെ കയ്റയുടെ ഉത്പാദനം വർദ്ധിച്ചു. കുര്യൻ കയ്റ വിടാനൊരുങ്ങിയപ്പോൾ ത്രിഭുവൻദാസ് അദ്ദേഹത്തെ ആ ഉദ്യമത്തിൽ നിന്നും തടയുകയും, കയ്റയുടെ ഭരണകാര്യങ്ങൾ നോക്കി നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. 1951 ഏപ്രിൽ 1 ന് കയ്റ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആദ്യത്തെ ജനറൽ മാനേജറായി കുര്യൻ സ്ഥാനമേറ്റെടുത്തു. 800 രൂപയായിരുന്നു പ്രതിമാസ ശമ്പളം.[12] ആസൂത്രിതമായ ഒരു ഭരണസംവിധാനമില്ലാത്ത ഒരു സൊസൈറ്റിയായിരുന്നു കയ്റ. എന്നാൽ കർഷകരെക്കൂടി ഭരണനിർവഹണത്തിലും, ഉത്പാദനത്തിലും, വിപണനത്തിലും പങ്കാളികളാക്കാതെ ഒരു സഹകരണപ്രസ്ഥാനത്തിനും വിജയിക്കാൻ കഴിയില്ല എന്ന് കുര്യൻ മനസ്സിലാക്കിയിരുന്നു. സാവധാനത്തിൽ പാലിന്റെ ഉത്പാദനത്തിലും വിതരണത്തിലും കയ്റ ആധിപത്യമുറപ്പിക്കാൻ തുടങ്ങി. 1952 ൽ കുര്യൻ ഡയറി എൻജിനീയറിംഗിന്റെ പുതിയ സാധ്യതകളെക്കുറിച്ച് പഠിക്കാനായി ന്യൂസീലൻഡിലേക്കു പോയി. പുതിയ ആശയങ്ങൾ കയ്റ കോഓപ്പറേറ്റീവിൽ നടപ്പിലാക്കാൻ ഉറപ്പിച്ചാണ് കുര്യൻ 1953 ൽ തിരികെയെത്തിയത്.[13]

1955 ൽ കയ്റയുടെ പുതിയ പ്ലാന്റ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഉദ്ഘാടനം ചെയ്തു. അമുൽ [൧] എന്ന് നാമകരണം ചെയ്ത ഈ പ്ലാന്റ് അന്ന് ഏഷ്യയിലെ ഏറ്റവും വലിയതായിരുന്നു. പാൽപ്പൊടി നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം ഇതായിരുന്നു. താങ്കളെപ്പോലുള്ള ആളുകൾ ഈ രാജ്യത്ത് ഉണ്ടെന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട് എന്നായിരുന്നു ഈ പ്ലാന്റ് ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി കുര്യനോട് പറഞ്ഞത്.[14] 1955 ൽ അമൂല്യ എന്ന പേരിൽ ഉത്പ്പന്നങ്ങൾ വിപണിയിൽ എത്തിത്തുടങ്ങി. എന്നാൽ അതിനേക്കാളൊക്കെ മുമ്പേ തന്നെ ലക്ഷക്കണക്കിനു കുടുംബങ്ങളിൽ അമൂൽ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ത്രിഭുവൻ ദാസിനും, കുര്യനേയും കൂടാതെ ഹരിചന്ദ് ദലായ എന്നൊരു സാങ്കേതികവിദഗ്ദ്ധൻ കൂടിയുണ്ടായിരുന്നു ഈ സഹകരണമേഖലയിലെ വിജയത്തിനു പിന്നിൽ. മിഷിഗൺ സർവ്വകലാശാലയിൽ നിന്നും പഠനം കഴിഞ്ഞു പുറത്തു വന്ന ഇദ്ദേഹം ഡയറി എൻജിനീയറിംഗിൽ വിദഗ്ദ്ധനായിരുന്നു.[15]

2002-2003 കാലഘട്ടത്തിൽ വിപണിയിലുള്ള മറ്റു സമാന ഉത്പന്നങ്ങളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു അമൂൽ പുറത്തിറക്കിയ ഉത്പന്നങ്ങൾ. ബഹുരാഷ്ട്ര കമ്പനികളായ ബ്രിട്ടാനിയ, നെസ്ലെ, ഹിന്ദുസ്ഥാൻ ലീവർ എന്നീ കമ്പനികളേക്കാൾ കൂടുതൽ വിപണി കയ്യടക്കിയിരുന്നത് അമൂൽ ആയിരുന്നു.[16]

ഓപ്പറേഷൻ ഫ്ലഡ്

[തിരുത്തുക]

അമുലിന്റെ വിജയം മറ്റു ജില്ലകളിലെ കർഷകർക്കു പ്രചോദനമായിത്തീർന്നു. നാല് അയൽജില്ലകളിൽ സമാനരീതിയിലുള്ള സഹകരണപ്രസ്ഥാനങ്ങൾ കെട്ടപ്പടുക്കാൻ കുര്യൻ കർഷകരെ സഹായിച്ചു. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷകർ നേരിട്ടെത്തി അമുലിന്റെ വിജയം കണ്ടു മനസ്സിലാക്കി. അവരോരോരുത്തരം തങ്ങളുടെ ജില്ലകളിൽ അമുലിനെപ്പോലൊന്ന് സൃഷ്ടിച്ചെടുക്കാൻ പരിശ്രമിച്ചു. അമുലിന്റെ വിജയകഥ കണ്ട ഭാരതസർക്കാർ ഇത് ഇന്ത്യയിലാകമാനം ആവർത്തിക്കാനായി ഓപ്പറേഷൻ ഫ്ലഡ് എന്നൊരു പദ്ധതിക്ക് രൂപം നൽകി, ഇതിന്റെ നേതൃത്വം കുര്യനായിരുന്നു[17]

1965-ൽ വർഗീസ് കുര്യന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ ഡെയറി ഡവലപ്‌മെന്റ് ബോർഡ് സ്ഥാപിച്ചു. അമുലിന്റെ വിജയം ദേശീയതലത്തിലേക്ക് വ്യാപിച്ചത് ഈ സമയത്താണ്. 122,534 സഹകരണ ഡയറികളാണ് ഇന്ത്യയിലാകമാനം സർക്കാർ തുടങ്ങിയത്.[18] 1955-1965 കാലഘട്ടത്തിൽ ശാസ്ത്രീയമായ രീതികൾ അവലംബിച്ച് ഉത്പാദനം വർദ്ധിപ്പിക്കാനായിരുന്നു അമുൽ ശ്രദ്ധിച്ചത്. കന്നുകാലികൾക്ക് കൃത്യമായ പോഷകാഹാരം, ചികിത്സാരീതികൾ തുടങ്ങിയ നൽകി, ഓരോ വർഷവും പാലുൽപ്പാദനം വർദ്ധിപ്പിച്ചു. 1973-ൽ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന് രൂപം നൽകി. വർഗ്ഗീസ് കുര്യന്റെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ പാലുത്പാദക രാജ്യമെന്ന ബഹുമതിയും കൈവരിച്ചു. മൂന്നുപതിറ്റാണ്ടുകാലം ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ ചെയർമാനായിരുന്നു ഇദ്ദേഹം. 2006-ൽ ഈ സ്ഥാനത്ത് നിന്നും വിരമിച്ചു. കുര്യന്റെ തലച്ചോറും, ഭരണനൈപുണ്യവും, ഇല്ലായിരുന്നുവെങ്കിൽ ഓപ്പറേഷൻ ഫ്ലഡ് ഇത്ര വിജയകരമാവുമായിരുന്നില്ലെന്ന് നോബൽ സമ്മാന ജേതാവു കൂടിയായ ഡോക്ട‍‍ർ.നോർമാൻ ബോർലോ, കുര്യനെ ആദരിച്ച ഒരു ചടങ്ങിൽ വെച്ചു പറയുകയുണ്ടായി.[19]

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ്

[തിരുത്തുക]

രാജ്യത്ത് സ്ഥാപിക്കപ്പെടുന്ന സഹകരണപ്രസ്ഥാനങ്ങൾക്ക് ഭരണനിർവഹണത്തിനുള്ള പരിശീലനവും, ഗവേഷണത്തിനുള്ള സഹായവും നൽകുന്നതിനു വേണ്ടി കുര്യൻ ആനന്ദിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജമെന്റ് എന്നൊരു സ്ഥാപനം ആരംഭിച്ചു. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ മികച്ച ഒരു സ്ഥാപനമായി ഇത് വളർന്നു. സഹകരണമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഭരണപരിചയം നൽകുന്നതിനുവേണ്ടി തുടങ്ങിയ സ്ഥാപനമായിരുന്നുവെങ്കിലും, പിന്നീട് അതിന്റെ മേഖലകൾ വളരെ വിപുലമായി. ഇന്ത്യയിൽ ധാരാളം ബിസിനസ് സ്കൂളുകൾ ഉണ്ടായിരുന്നുവെങ്കിലും, സഹകരണമേഖലക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജമെന്റ് മാത്രമേ ഉണ്ടായിരുന്നുള്ളു.[20]

ഗുജറാത്തിൽ ആനന്ദ് മിൽക്ക് യൂണിയന്റെ വിജയമാണ് കേരളത്തിൽ മിൽമ പോലൊരു പ്രസ്ഥാനം സഹകരണ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കാൻ പ്രചോദനമായത്. വർഗീസ് കുര്യന്റെ സഹായവും, മേൽനോട്ടവും മിൽമയുടെ തുടക്കത്തിൽ ഏറെ സഹായിച്ചിരുന്നു. ഓപ്പറേഷൻ ഫ്ലഡിന്റെ രണ്ടാം ഘട്ടത്തിലാണ് കേരളത്തേയും അതിൽ ഉൾക്കൊള്ളിച്ചത്. 1980-1987 കാലഘട്ടത്തിലാണ് കേരളത്തിൽ ഇതിന് തുടക്കം കുറിച്ചത്.[21] തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ടു ജില്ലകളിലായിരുന്നു പദ്ധതി തുടങ്ങിയത്. 1980 ൽ ആരംഭിച്ച കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എന്ന സഹകരണ സംഘമായിരുന്നു തുടക്കത്തിൽ കർഷകരിൽ നിന്നും പാൽ സംഭരിച്ച് വിതരണം നടത്തിയിരുന്നത്. എന്നാൽ പിന്നീട് 1983 ഏപ്രിൽ 1 ന് മിൽമ നിലവിൽ വരുകയും സഹകരണസംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. കുര്യന്റെ വ്യക്തിത്വത്തേയും മനോവിശാലതയേയും, കേരളത്തിൽ മിൽമ തുടങ്ങുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനേയും, കേരളസർക്കാരിൽ അക്കാലത്ത് കൃഷിവകുപ്പു മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ നിർല്ലോഭം പുകഴ്ത്തിയിട്ടുണ്ട്.[22]

പുരസ്കാരങ്ങൾ

[തിരുത്തുക]

[23]

കുടുംബം

[തിരുത്തുക]

ഭാര്യ: മോളി. മകൾ: നിർമ്മല കുര്യൻ. പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുൻ കേന്ദ്രധനകാര്യമന്ത്രിയുമായ ജോൺ മത്തായിയുടെ മരുമകനാണ് ഡോ. വർഗ്ഗീസ് കുര്യൻ. 2012 സെപ്റ്റംബർ 9 ഞായറാഴ്ച പുലർച്ചെ 1.30ന് ഗുജറാത്തിലെ നദിയാദിലുള്ള മുൽജിഭായി പട്ടേൽ യൂറോളജിക്കൽ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. ശവസംസ്കാരം ഗുജറാത്തിലെ ആനന്ദിൽ നടന്നു.[24]

വിമർശനം

[തിരുത്തുക]

കുര്യൻ നേതൃത്വം കൊടുത്ത ക്ഷീരോല്പാദന-വിപണനപദ്ധതികൾ ഏറെ പുകഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും മുൻഗണനകളും ചിലപ്പോഴൊക്കെ നിശിതമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. 1983-ൽ ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച കവർ സ്റ്റോറിയിലും 1987-ൽ അതേ മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിലും പരിസ്ഥിതിപ്രവർത്തകനും ശാസ്ത്രജ്ഞനുമായ ക്ലാഡ് ആൽവരസ്, ഓപ്പറേഷൻ ഫ്ലഡിന്റെയും ധവളവിപ്ലവത്തിന്റേയും പേരിലുള്ള അവകാശവാദങ്ങളെ "വെളുത്ത നുണ"(White lie) എന്നു വിശേഷിപ്പിച്ചിരുന്നു.[25]

അന്തിമഘട്ടത്തിൽ താൻ വളർത്തി വലുതാക്കിയ പ്രസ്ഥാനത്തിലെ ചേരിപ്പോരും മറ്റ് പ്രശ്നങ്ങളും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.[26]

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  • ^ ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റ‍ഡ് എന്നതിന്റെ ചുരുക്കപ്പേരായിരുന്നു അമുൽ

അവലംബം

[തിരുത്തുക]
  1. "ഫാദർ ഓഫ് വൈറ്റ് റെവല്യൂഷൻ വർഗീസ് കുര്യൻ ഡൈസ്". ടൈംസ് ഓഫ് ഇന്ത്യ. Archived from the original on 2013-06-02. Retrieved 2012-09-09.
  2. "വർഗീസ് കുര്യൻ - ലഘുജീവചരിത്രം". മാതൃഭൂമി. 09-സെപ്തംബർ-2012. Archived from the original on 2013-09-16. Retrieved 2023-09-10. {{cite web}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  3. "1989: ഡോക്ടർ.വർഗീസ് കുര്യൻ". ദ വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷൻ. Archived from the original on 2013-09-16. Retrieved 13-സെപ്തംബർ-2012. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. "ഇന്ത്യൻ ഡയറി സെക്ടർ ആന്റ് നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ്". ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ ഓഫ് യുണൈറ്റഡ് നേഷൻസ്. Retrieved 16-സെപ്തംബർ-2013. {{cite web}}: Check date values in: |accessdate= (help)
  5. "കുര്യൻ ക്വിറ്റ്സ് അസ് ജി.സി.എം.എം.എഫ് ചെയർമാൻ". റീഡിഫ് ന്യൂസ്. 20-മാർച്ച്-2006. Archived from the original on 2013-09-16. Retrieved 2023-09-10. {{cite web}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  6. "ഇന്ത്യയുടെ പാൽക്കാരൻ". മാതൃഭൂമി. 09-സെപ്തംബർ-2012. Archived from the original on 2013-09-16. Retrieved 2023-09-10. {{cite web}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  7. "ഫാദർ ഓഫ് വൈറ്റ് റെവല്യൂഷൻ വർഗീസ് കുര്യൻ ഡൈസ്". ടൈംസ് ഓഫ് ഇന്ത്യ. 9-സെപ്റ്റംബർ-2012. Archived from the original on 2013-06-02. Retrieved 9-സെപ്റ്റംബർ-2012. {{cite news}}: Check date values in: |accessdate= and |date= (help)
  8. ഗീത, മേനോൻ (2005). ഔവർ ലീഡേഴ്സ്. സി.ബി.ടി. p. 67-68.
  9. ഗീത, മേനോൻ (2005). ഔവർ ലീഡേഴ്സ്. സി.ബി.ടി. p. 70.
  10. റൂഥ്, ഹെറിഡിയ. ദ അമുൽ ഇന്ത്യാ സ്റ്റോറി. ടാറ്റാ മക്ഗ്രോ ഹിൽ. p. 39-40. ISBN 978-0-07-463160-7.
  11. ദീപാ, നാരായൺ (2006). എൻഡിംഗ് പോവർട്ടി ഇൻ സൗത്ത് ഏഷ്യ - ഐഡിയാസ് ദാറ്റ് വർക്ക്സ്. ലോകബാങ്ക്. p. 41-42. ISBN 978-0-8213-6876-3. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  12. എം.വി., കാമത്ത് (1996). മിൽക് മാൻ ഫ്രം ആനന്ദ് ദ സ്റ്റോറി ഓഫ് വർഗീസ് കുര്യൻ. കൊണാർക്ക് പബ്ലിക്കേഷൻസ്.
  13. ഗീത, മേനോൻ (2005). ഔവർ ലീഡേഴ്സ്. സി.ബി.ടി. p. 75-76.
  14. ഗീത, മേനോൻ (2005). ഔവർ ലീഡേഴ്സ്. സി.ബി.ടി. p. 76.
  15. റൂഥ്, ഹെറിഡിയ. ദ അമുൽ ഇന്ത്യാ സ്റ്റോറി. ടാറ്റാ മക്ഗ്രോ ഹിൽ. p. 82-83. ISBN 978-0-07-463160-7.
  16. ദീപാ, നാരായൺ (2006). എൻഡിംഗ് പോവർട്ടി ഇൻ സൗത്ത് ഏഷ്യ - ഐഡിയാസ് ദാറ്റ് വർക്ക്സ്. ലോകബാങ്ക്. p. 56. ISBN 978-0-8213-6876-3. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  17. "ഡോ.വർഗീസ് കുര്യൻ അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ. 09-സെപ്തംബർ-2012. Archived from the original on 2013-09-16. Retrieved 2023-09-10. {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  18. റെഹ്മാൻ, സോബൻ (2010). ചലഞ്ചിംഗ് ഇൻജസ്റ്റീസ് ഓഫ് പോവർട്ടി. സേജ് പബ്ലിക്കേഷൻസ്. p. 120. ISBN 978-8132104681.
  19. ഗീത, മേനോൻ (2005). ഔവർ ലീഡേഴ്സ്. സി.ബി.ടി. p. 86.
  20. "ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജമെന്റ് - ചരിത്രം". ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ്. Archived from the original on 2013-09-25. Retrieved 25-സെപ്തംബ‍-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  21. "മിൽമയുടെ ചരിത്രം". മിൽമ. Archived from the original on 2013-09-25. Retrieved 25-സെപ്തംബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  22. കളർകോട് ഹരികുമാർ തയ്യാറാക്കി, മാദ്ധ്യമം ദിനപത്രം 2012 സെപ്തംബർ 10-നു പ്രസിദ്ധീകരിച്ച ലേഖനം, ആത്മാർഥതയുടെ പാൽവെളിച്ചം
  23. ഗീത, മേനോൻ (2005). ഔവർ ലീഡേഴ്സ്. സി.ബി.ടി. p. 87.
  24. "ഡോ.വർഗീസ് കുര്യൻ അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ. 09-സെപ്തംബർ-2012. Archived from the original on 2013-09-16. Retrieved 2023-09-10. {{cite news}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  25. "ബോഡി ബ്ലോ". ദ ഇല്ലസ്ട്രേറ്റഡ് വീക്കിലി. 19-ജൂലൈ-1987. Archived from the original on 2013-09-16. Retrieved 2023-09-10. {{cite web}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
  26. "ഇന്ത്യയുടെ പാൽക്കാരൻ". മാതൃഭൂമി. 09-സെപ്തംബർ-2012. Archived from the original on 2013-09-16. Retrieved 2023-09-10. {{cite web}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=വർഗ്ഗീസ്_കുര്യൻ&oldid=3969354" എന്ന താളിൽനിന്ന് ശേഖരിച്ചത്