ഡൊമിനിക് ലാപിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dominique Lapierre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡൊമിനിക് ലാപിയർ
ജനനം(1931-07-30)30 ജൂലൈ 1931
ചാറ്റെലൈലോൺ, ചാരെന്റെ-മാരിടൈം, ഫ്രാൻസ്
മരണം4 ഡിസംബർ 2022(2022-12-04) (പ്രായം 91)
സെന്റ്-ട്രോപ്പസ്, ഫ്രാൻസ്[1]
Major worksIs Paris Burning?
O Jerusalem!
ഡൊമിനിക് ലാപിയറിൻറെ ഒപ്പ്

ഒരു ഫ്രഞ്ച് എഴുത്തുകാരനാണ് ഡൊമിനിക് ലാപിയർ (ജനനം: 1931-മരണം:2022 ഡിസംബർ 4).[2]

ജീവിതരേഖ[തിരുത്തുക]

1931 ൽ ഫ്രാൻസിലെ ലാറോഷെല്ലി എന്ന സ്ഥലത്ത് ജനിച്ചു. ലാപിയറിന് പതിനെട്ട് വയസ്സുള്ളപ്പോൾ, പെൻസിൽവാനിയയിലെ ഈസ്റ്റണിലുള്ള ലഫായെറ്റ് കോളേജിൽ സാമ്പത്തിക ശാസ്ത്രം പഠിക്കാൻ ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ലഭിച്ചു. പെൻസിൽവാനിയയിലെ ലാഫായെറ്റി കോളേജിൽ നിന്ന് ബിരുദമെടുത്തു. 14 വർഷം അന്താരാഷ്ട്രതലത്തിൽ പാരീസ് മാച്ച് എന്ന ആനുകാലികപ്രസിദ്ധീകരണത്തിന്റെ പത്രപ്രവർത്തകനായിരുന്നു.

13ാം വയസിൽ പിതാവിനൊപ്പം അമേരിക്കയിലൂടെ നടത്തിയ യാത്രകളിലാണത്രെ ഡൊമിനിക് ലാപിയറിൽ എഴുത്ത് അധിനിവേശം നടത്തിയത്. ഫ്രാൻസ് കോൺസൽ ജനറലായിരുന്നു ഡൊമിനിക്കിന്റെ പിതാവ്. വേനലവധിക്കാലങ്ങളിൽ 1927 മോഡൽ നാഷ് കാറിൽ മാതാവിനൊപ്പം അമേരിക്കയിലെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ചു ഡൊമിനിക്. പിന്നീട് യാത്രകൾ തനിച്ചായി. റോഡുകളിൽ തനിക്കറിയാത്തവർക്കൊപ്പമായിരുന്നു യാത്ര. റോഡിലിറങ്ങി കൈകാണിച്ചു നിർത്തുന്ന വാഹനങ്ങളിൽക്കയറും. അത് ചിലപ്പോൾ അപരിചിതനായ യാത്രാഭ്രാന്തന്റെ കാറാകാം. അല്ലെങ്കിൽ മെക്‌സിക്കോയിലേക്ക് ചരക്കുമായി പോകുന്ന ട്രക്കാകാം. ഇത്തരത്തിലൊരിക്കൽ ഷിക്കാഗോയിൽ നിന്ന് കൂടെക്കൂട്ടിയ ട്രക്ക് ഡ്രൈവർ ഡൊമിനിക്കിന്റെ സ്യൂട്ട്‌കേയ്‌സ് മോഷ്ടിച്ചു. പൊലിസ് അയാളെ കണ്ടെത്തി പിടികൂടും മുമ്പ് ഡൊമിനിക്ക് തന്നെ ഡ്രൈവറെ തേടിപ്പിടിച്ച് സ്യൂട്ട്‌കേയ്‌സ് തിരിച്ചുമേടിച്ചു. ഈ യാത്രകളെക്കുറിച്ചെഴുതിയാണ് ഡൊമിനിക് ലാപിയർ രചനാജീവിതം തുടങ്ങുന്നത്.[3] അദ്ദേഹത്തിന്റെ ഒരു ലേഖനത്തിന് ഷിക്കാഗോ ട്രൈബ്യൂൺ അക്കാലത്ത് 100 ഡോളർ വരെ പ്രതിഫലം നൽകുമായിരുന്നു. കീശയിൽ 30 ഡോളർ മാത്രം കരുതി 20,000 മൈൽ ദൂരം ലാപ്പിയർ യാത്ര നടത്തി. അങ്ങനെയാണ് എ ഡോളർ ഫോർ തൗസന്റ് കിലോമീറ്റേഴ്‌സ് എന്ന ആദ്യപുസ്തകം പിറക്കുന്നത്. അക്കാലത്ത് ഫ്രാൻസിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ബെസ്റ്റ് സെല്ലറായിരുന്നു ഈ പുസ്തകം.[3]

18ാം വയസിൽ ഈസ്റ്റേൺ പെൻസിൽവാനിയയിലെ ലാഫായറ്റ് കോളജിൽ സാമ്പത്തികശാസ്ത്രം പഠിക്കാൻ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് നേടി ഡൊമിനിക്. വൈകാത അവിടെ ജംഗ്‌യാർഡിൽ സൂക്ഷിച്ചിരുന്ന പഴയ ക്രൈസ്ലർ കാർ 30 ഡോളറിന് വാങ്ങി. ഇതേ കാലത്താണ് ഫാഷൻ ഡിസൈനറുമായി ഡൊമിനിക് പ്രണയത്തിലാവുകയും 21ാം വയസിൽ അവരെ വിവാഹം കഴിക്കുകയും ചെയ്യുന്നത്. തന്റെ പഴയ ക്രൈസ്ലറിൽ കീശയിൽ 300 ഡോളർ മാത്രം കരുതി അവരുമൊപ്പം മെക്‌സിക്കോയിലേക്ക് കാറോടിച്ചായിരുന്നു ഹണിമൂൺ യാത്ര. വണ്ടിക്ക് ഇന്ധനം നിറയ്ക്കാനും കുറച്ച് ദിവസത്തേക്കുള്ള സാൻഡ് വിച്ച് വാങ്ങാനും മാത്രമേ ആ തുക തികയുമായിരുന്നുള്ളൂ. തെരുവിലും വിലകുറഞ്ഞ ഹോട്ടലുകളിലും ഉറങ്ങിയായിരുന്നു യാത്ര. വഴിയിലൊരിടത്ത് നിന്ന് റേഡിയോ ഗെയിംഷോയിൽ പങ്കെടുക്കുകയും 300 ഡോളറും ഒരു കേസ് കാംപൽ സൂപ്പും സമ്മാനമടിക്കുകയും ചെയ്തു. മൂന്നാഴ്ച അവർ ആകെ കഴിച്ചത് ഈ സൂപ്പ് മാത്രമാണ്. സാൻഫ്രാൻസിസ്‌കോയിലെത്തിയ ലാപിയർ 300 ഡോളറിന് ക്രൈസ്ലർ വിറ്റു. ആ തുക കൊണ്ട് ജപ്പാനിലേക്ക് പോകുന്ന എസ്.എസ് പ്രസിഡന്റ് ക്ലീവ്‌ലാന്റ് കപ്പലിൽ രണ്ടു ടിക്കറ്റ് വാങ്ങി.[3]

ജപ്പാനുമപ്പുറം ഹോങ്കോങ്ങും തായ്‌ലൻഡും ഇന്ത്യയും പാകിസ്താനും ലബനാനും ഇറാനും തുർക്കിയും കടന്ന് യാത്ര നീണ്ടു. പാരീസിൽ തിരിച്ചെത്തിയ ലാപിയർ രണ്ടാമത്തെ പുസ്തകമെഴുതി, ഹണിമൂൺ എറൗണ്ട് ദ എർത്ത്. പാരിസിലെ ശിഷ്ടകാലം സുഖമായിരിക്കുമെന്നാണ് ലാപ്പിയറുടെ കണക്കുകൂട്ടൽ തെറ്റി. യുദ്ധത്തിലേക്ക് രാജ്യം വഴുതിവീണുകൊണ്ടിരിക്കുന്ന കാലമായിരുന്നു. 1954ൽ ലാപിയർക്ക് ടാങ്ക് റെജിമെന്റിൽ സേവനമനുഷ്ഠിക്കേണ്ടി വന്നു. പിന്നാലെ സൈനിക ആസ്ഥാനത്ത് ഇന്ററപ്റ്ററായി സ്ഥലം മാറ്റമായി. അവിടെ കഫേയിൽവച്ചാണ് യാലെയിൽ നിന്ന് ബിരുദം നേടിയ അമേരിക്കൻ സൈനികൻ ലാറി കോളിൻസിനെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി വളർന്നു. സൈന്യത്തിൽനിന്ന് വിടുതൽ നേടിയ കോളിൻസിന് അമേരിക്കയിൽ വൻകിട കമ്പനിയായ പി ആൻഡ് ജി ഉയർന്ന ശമ്പളത്തിൽ ജോലി ഓഫർ ചെയ്തു.[3]

ജോയിൻ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് യുനൈറ്റഡ് പ്രസ് ഇന്റർനാഷനൽ കോളിൻസിനെ തങ്ങൾക്കൊപ്പം ജോലി ചെയ്യാൻ ക്ഷണിച്ചു. പി ആൻഡ് ജി ഓഫർ ചെയ്ത തുകയേക്കാൾ കുറവായിരുന്നു ശമ്പളം. എന്നാൽ കോളിൻസ് ഈ ജോലിയാണ് സ്വീകരിച്ചത്. വൈകാതെ ന്യൂസ് വീക്ക് കോളിൻസിനെ തങ്ങളുടെ പശ്ചിമേഷ്യൻ റിപ്പോർട്ടറാക്കി. ഇക്കാലത്ത് പാരിസ് മാച്ചിൽ റിപ്പോർട്ടറായി ജോലി ചെയ്യുകയായിരുന്നു ഡൊമിനിക്. തന്റെ ആദ്യ കുഞ്ഞ് അലക്‌സാന്ദ്രയുടെ തലതൊട്ടപ്പനാകാൻ ഡൊമിനിക് വിളിച്ചത് കോളിൻസിനെയാണ്. ജേർണലിസത്തിൽ രണ്ടുവഴിയെ സഞ്ചരിച്ചവർ ഒന്നിച്ച് പുസ്തകമെഴുതാൻ തീരുമാനിച്ചു. അങ്ങനെയാണ് 1965ൽ അനവധി വിദേശഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട വിഖ്യാത കൃതി ഈസ് പാരിസ് ബേണിങ് പിറക്കുന്നത്.[3] വൈകാതെ ഇരുവരും ജറൂസലമിൽ താമസമാക്കി. 1971ലാണ് ഓ ജറൂസലമെന്ന മറ്റൊരു കൃതിയെഴുതുന്നത്. അക്കാലത്ത് ജറൂസലം നഗരത്തിന്റെ ഒരോ തെരുവും വളവും കെട്ടിടവും കൈവെള്ളയിലെന്നപോലെ പരിചിതമായിരുന്നു ഡൊമിനികിന്. രാപ്പകലില്ലാതെ അവിടെയെല്ലാം അലഞ്ഞു. നൂറുകണക്കിന് അഭിമുഖങ്ങൾ നടത്തി രണ്ടുവർഷത്തെ പഠനത്തിന് ശേഷമാണ് പുസ്തകം തയാറാക്കിയത്. 1975ൽ രണ്ടുപേരും ചേർന്ന് മറ്റൊരു പുസ്തകം കൂടിയെഴുതി, അതായിരുന്നു സ്വാതന്ത്ര്യം അർധരാത്രിയിൽ. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനകാലത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചായിരുന്നു പുസ്തകം. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി അഭിമുഖം നടത്തിയും ആവശ്യമായ രേഖകൾ സമ്പാദിച്ചും പഠിച്ചുമായിരുന്നു പുസ്തകം തയാറാക്കിയത്. 1976ൽ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതോടെ മലയാളി വായനക്കാർക്കിടയിലും ഇവർ പ്രശസ്തരായി. [4] കുറച്ച് കാലത്തിന് ശേഷം 1985ലാണ് കൊൽക്കത്ത നഗരത്തെ ആസ്പദമാക്കി സിറ്റി ഓഫ് ജോയ് എന്ന നോവൽ ഡൊമിനിക് എഴുതുന്നത്.[3] ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ കൃതിയുടെ റോയൽറ്റി തുക കൊൽക്കത്തയിലെ കുഷ്ഠരോഗ നിർമാർജനത്തിനായുള്ള ജീവകാരുണ്യ പ്രവർത്തനത്തിനുവേണ്ടി അദ്ദേഹം നൽകിവന്നിരുന്നു.[4] മദർ തെരേസയുമായി അടുത്ത ബന്ധം പുലർത്തി.[4] ഒരു പത്രപ്രവർത്തകന്റെ അന്വേഷണത്വര അദ്ദേഹത്തിൽ നിറഞ്ഞുനിന്നു. "ഒരാൾക്ക് ഒരേ സമയം ഹെമിങ്‌വേയും മദർ തെരേസയും ആകാനാകില്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ യുദ്ധസമാനമായ അന്തരീക്ഷങ്ങളിലെ എഴുത്തുകാരന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തുന്നു.[4]

2005ൽ കോളിൻസ് മരിക്കുന്നതിന് മുമ്പ് അദ്ദേഹവുമായി ചേർന്ന് ഈസ് ന്യൂയോർക്ക് ബേണിങ് എന്ന പുസ്തകം കൂടിയെഴുതി ഡൊമിനിക്. 1997ൽ ഷാവിയർ മോറോയുമായി ചേർന്നെഴുതിയ പാസ്റ്റ് ഫൈവ് മിഡ്നൈറ്റ് ഇൻ ഭോപ്പാലായിരുന്നു മറ്റൊരു വിഖ്യാത കൃതി. ഈ പുസ്തകത്തിന്റെ റോയൽടിയായി ലഭിക്കുന്ന പണം ഭോപ്പാലിലെ വാതക ദുരന്തത്തിന്റെ ഇരകൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഒരു സന്നദ്ധസംഘടനയ്ക്കാണ് ഡൊമിനിക് നൽകിയത്. കാറുകളും യാത്രകളുമായിരുന്നു ഡൊമിനിക് ലാപിയറുടെ ജീവിതം. ഒരോ യാത്രയിലും ഓരോ ബെസ്റ്റ് സെല്ലർ പിറന്നു. 2007ൽ വൺസ് അപ്പോൺ എ ടൈം ഇൻ ദ സോവിയറ്റ് യൂനിയൻ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശത്തിനായി ഡൽഹിയിലെത്തിയ ലാപിയർ മോസ്‌കോയിലൂടെയും കാർകേവിലുടെയും കീവിലൂടെയുമെല്ലാം നടത്തിയ യാത്രയുടെ കഥകൾ ആവർത്തിച്ചു പറഞ്ഞിരുന്നു.[3] സാൻഫ്രാൻസിസ്‌കോയിൽ വിറ്റ ക്രൈസ്ലർ കാറിന്റെ ചിത്രം 45 വർഷങ്ങൾക്ക് ശേഷം ഒരു ഫ്രഞ്ച് വിന്റേജ് കാർ മാഗസിന്റെ കവർ ചിത്രമായി വന്നത് കണ്ടത് ലാപിയർ എഴുതിയിട്ടുണ്ട്. പാരിസിൽ വിദ്യാർഥിയായിരിക്കെ പഴയ അമിൽ കാർ വാങ്ങി. അതുമായി കൂട്ടുകാരെയും കൂട്ടി തുർക്കിയിലെ അങ്കാറ വരെ യാത്ര ചെയ്തു. 40ാം വയസ്സിൽ വാങ്ങിയ റോൾസ് റോയിസ് കാറുമായി ബോംബെയിൽ നിന്ന് പാകിസ്താനും അഫ്ഗാനിസ്ഥാനും ഇറാനും തുർക്കിയും കടന്ന് ഫ്രാൻസിലെ സെന്റ് ട്രോപ്പസ് വരെ യാത്ര ചെയ്തിട്ടുണ്ട് ലാപിയർ.[3]

അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങൾ - Is Paris Burning? (ലാറി കോളിൻസുമായി ചേർന്ന് എഴുതിയത്), City of Joy - ചലച്ചിത്രമാക്കിയിട്ടുണ്ട്.[5][6] 2005 ൽ പുറത്തിറങ്ങിയ Is New York Burning? എന്ന പുസ്തകമാണ് കോളിൻസും ലാപിയറും ചേർന്നെഴുതിയവയിൽ ഒടുവിലത്തേത്.[7] ഇന്ത്യൻ സ്വാതന്ത്ര്യത്തെ കുറിച്ച് ലാറി കോളിൻസുമായി ചേർന്ന് എഴുതിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ഗ്രന്ഥം ലോകശ്രദ്ധയാകർഷിച്ചതാണ്. 1981 മുതൽ അദ്ദേഹം തന്റെ പുസ്തകങ്ങളുടെ പകർപ്പവകാശ തുകയുടെ ഒരു പങ്ക് കൊൽക്കത്തയിലെ തെരുവുകളിൽ ജീവിക്കുന്ന കുട്ടികൾക്ക് സഹായമെത്തിക്കുന്ന സിറ്റി ഓഫ് ജോയ് ഫൗണ്ടേഷന് നൽകിപ്പോരുന്നു.[8][9] ഫ്രാൻ‍സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ സംഘടനയുടെ ഔദ്യോഗികനാമം Action pour les enfants des lépreux de Calcutta എന്നാണ്. Five Past Midnight in Bhopal എന്ന പുസ്തകത്തിന്റെ പകർപ്പവകാശത്തുക ഭോപ്പാൽ ദുരന്തത്തിന് ഇരകളായവരുടെ ചികിത്സയ്ക്കായി ഭോപ്പാലിലെ സംഭാവനാ ക്ലിനിക്കിന് അദ്ദേഹം നൽകിവരുന്നു.[8]

2008-ൽ അദ്ദേഹത്തിന് മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ നൽകി ഭാരതം ആദരിച്ചു.[10] 1980-ൽ സിറ്റി ഓഫ് ജോയ് ഫൗണ്ടേഷനിൽ പങ്കാളിയായ ഡൊമിനിക് കൊങ്കോൺ ലാപിയറെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ഏകപുത്രി അലക്സാണ്ട്രയും എഴുത്തുകാരിയാണ്.

ഫിക്ഷൻ കൃതികൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

 • ദ ഫിഫ്ത് ഹോർസ്മാൻ (The Fifth Horseman) (Le Cinquième Cavalier) (1980), ലാറി കോളിൻസിനൊപ്പം, ISBN 0-671-24316-0
 • ദ സിറ്റി ഓഫ് ജോയ് (The City of Joy) (La Cité de la joie) (1985), ISBN 0-385-18952-4
 • ബിയോണ്ട് ലവ് (Beyond Love) (Plus grands que l'amour) (1990), ISBN 0-446-51438-1
 • ഈസ് ന്യൂ യോർക്ക് ബേണിംഗ്? (Is New York Burning?) (New-York brûle-t-il?) (2005), ലാറി കോളിൻസിനൊപ്പം, ISBN 1-59777-520-7

നോൺ-ഫിക്ഷൻ കൃതികൾ[തിരുത്തുക]

ആത്മകഥകൾ[തിരുത്തുക]

 • എ തൌസന്റ് സൺസ് (A Thousand Suns) (Mille soleil) (1999), ഓർമ്മക്കുറിപ്പ്, ISBN 0-446-52535-9
 • ഇന്ത്യ മോൻ അമോർ (India mon amour) (Inde ma bien-aimée) (2010), ഓർമ്മക്കുറിപ്പ്, ISBN 978-8-8428-1681-2

ജീവചരിത്രങ്ങൾ[തിരുത്തുക]

 • ചെസ്സ്മാൻ ടോൾഡ് മി (Chessman Told Me) (Chessman m'a dit) (1960)
 • ഓർ ഐ'ൽ ഡ്രസ് യു ഇൻ മൌണിംഗ് (Or I'll Dress You in Mourning) (...Ou tu porteras mon deuil) (1968), ലാറി കോളിൻസിനൊപ്പം

ചരിത്രം[തിരുത്തുക]

 • ഈസ് പാരിസ് ബേണിംഗ്? (Is Paris Burning?) (Paris brûle-t-il?) (1965), ലാറി കോളിൻസിനൊപ്പം, ISBN 9780785812463
 • ഓ ജറുസലേം!(O Jerusalem!) (Ô Jérusalem) (1972), ലാറി കോളിൻസിനൊപ്പം, ISBN 0-671-21163-3
 • ഫ്രീഡം അറ്റ് മിഡ്നൈറ്റ് (Freedom at Midnight) (Cette nuit la liberté) (1975), ലാറി കോളിൻസിനൊപ്പം, ISBN 0-671-22088-8
 • ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപ്പാൽ (Five Past Midnight in Bhopal) (Il était minuit cinq à Bhopal) (2001), ഹാവിയർ മോറോയ്‌ക്കൊപ്പം, ISBN 0-446-53088-3
 • ഏ റെയിൻബോ ഇൻ ദി നൈറ്റ് : ദി റ്റുമുൾട്സ് ബർത്ത് ഓഫ് സൗത്ത് ആഫ്രിക്ക (A Rainbow in the Night: The Tumultuous Birth of South Africa) (Un arc-en-ciel dans la nuit) (2008), ISBN 978-1-4332-9156-2

യാത്രകൾ[തിരുത്തുക]

 • എ ഡോളർ ഫോർ എ തൗസന്റ് മൈൽസ് (A Dollar for a Thousand Miles) (Un dollar les mille kilomètres) (1949)
 • വൺസ് അപ്പൺ എ ടൈം ഇൻ ദ യു.എസ്.എസ്.ആർ.(Once Upon a Time in The Soviet Union) (Il était une fois l'URSS) (2005) with Jean-Pierre Pedrazzini, ISBN 978-81-216-1247-0 — 1956-ൽ ജീൻ-പിയറി പെഡ്രാസിനിക്കൊപ്പം സോവിയറ്റ് യൂണിയൻ കടന്നുപോയ ഒരു യാത്ര വിവരിക്കുന്നു.
 • ഹണിമൂൺ എറൗണ്ട് ദ എർത്ത് (Honeymoon around the Earth) (Lune de miel autour de la Terre) (2005)

ഫ്രീഡം അറ്റ് മിഡ്നൈറ്റ്[തിരുത്തുക]

മൂന്നു വർഷത്തെ വിപുലമായ ഗവേഷണത്തിനു ശേഷം ഡൊമിനിക് ലാപിയർ, ലാറി കോളിൻസുമായി ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പുസ്തകം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഐതിഹാസികമായ ഒരു കാലഘട്ടത്തിന്റെ കഥയാണ് പറഞ്ഞത്. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന ലൂയി മൗണ്ട്ബാറ്റൻ മുതൽ ഗാന്ധി വധക്കേസിലെ പ്രതികളെ വരെ നേരിൽക്കണ്ട് സംസാരിച്ചാണ് അവർ ഈ പുസ്തകം തയ്യാറാക്കിയത്. കൂടാതെ ലഭ്യമായ അന്നുവരെ ലഭ്യമായ ഔദ്യോഗിക രേഖകളും വ്യക്തികളുടെ ഡയറികളും കത്തുകളുമൊക്കെ ഇതിനായി അവർ പരിശോധിച്ചു. സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഇന്ത്യാ വിഭജനത്തെപ്പറ്റിയും എഴുതപ്പെട്ട പുസ്തകങ്ങളും വായിച്ചു. ഇതിൽ നിന്നെല്ലാം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ഗ്രന്ഥം ഇവർ രചിച്ചത്. 1976 ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പുസ്തകം ഇന്നും പല ഭാഷകളിലായി സജീവവായനയിലുണ്ട്.[11]

ഡൊമിനിക് ലാപിയർ ഇന്ത്യയെപ്പറ്റി വേറെയും ഗ്രന്ഥങ്ങൾ രചിച്ചു. [11]

ഈസ് പാരീസ് ബേണിങ്?[തിരുത്തുക]

1965-ൽ, അമേരിക്കക്കാരനായ ലാറി കോളിൻസുമായിച്ചേർന്ന് എഴുതിയ ഈസ് പാരീസ് ബേണിങ് (Is Paris Burning) എന്ന പുസ്തകമാണ് ലാപിയെറെ ലോകപ്രശസ്തനാക്കിയത്. മുപ്പതു ഭാഷകളിലായി ആ പുസ്തകത്തിന്റെ ഏതാണ്ട് ഒരുകോടി കോപ്പികൾ വിറ്റുപോയി. അന്വേഷണാത്മക പത്രപ്രവർത്തനത്തെ ചരിത്രഗവേഷണവുമായി വിജയകരായി കൂട്ടിച്ചേർത്ത ആദ്യത്തെ പുസ്തകം ഇതാണെന്നു പറയപ്പെടുന്നു. 1940-ലാണ് ഹിറ്റ്‌ലറുടെ ജർമനി ഫ്രാൻസ് പിടിച്ചടക്കിയത്. 1944-ൽ ഹിറ്റ്‌ലർ പാരീസ് സന്ദർശിച്ചു. ഈഫൽ ഗോപുരവും നോത്രദാം പള്ളിയുമടക്കം പാരീസിലെ ചരിത്രപ്രധാനമായ നിർമിതികൾ തകർക്കാൻ ഹിറ്റ്‌ലർ ആജ്ഞനൽകി. അതിൽനിന്ന് പാരീസ് രക്ഷപ്പെട്ടതിനെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം.[12]

എ റെയിൻബോ ഇൻ ദ നൈറ്റ്[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിനു സമാനമായി വർണവിവേചനത്തിൽനിന്ന് ദക്ഷിണാഫ്രിക്ക സ്വതന്ത്രമായതിനെപ്പറ്റി ഒരു പുസ്തകം ലാപിയെർ എഴുതിയിട്ടുണ്ട് -എ റെയിൻബോ ഇൻ ദ നൈറ്റ് (A Rainbow in the Night). പുസ്തകത്തിൽ, വർണവിവേചനത്തെ ലാപിയെർ ശക്തമായി പ്രഹരിക്കുന്നതു കാണുക: ‘ഇടവകക്കാർ ഒരേ ദൈവത്തെ ആരാധിച്ചു. മിക്കവാറും ഒരേ സമയത്ത് അവർ ഒരേ പ്രാർഥനകൾ ചൊല്ലി. പക്ഷേ, നൂറ്റൻപതടി അകലമുള്ള വ്യത്യസ്തമായ മേൽക്കൂരകൾക്കടിയിലാണെന്നു മാത്രം. തൊലിനിറം മാത്രമായിരുന്നു എല്ലാറ്റിനും കാരണം.’[12]

ദ സിറ്റി ഓഫ് ജോയ്[തിരുത്തുക]

കൊൽക്കത്തയിലെ ചേരിപ്രദേശങ്ങളുടെ ഇതിഹാസചരിത്രമാണ് ദ സിറ്റി ഓഫ് ജോയ് (The City of Joy). ബംഗാളിഭാഷ ഒഴുക്കോടെ സംസാരിക്കാൻ കഴിയുമായിരുന്ന, മദർ തെരേസയോട് അടുപ്പം സൂക്ഷിച്ചിരുന്ന ലാപിയെറെന്ന മനുഷ്യസ്നേഹി ഈ പുസ്തകത്തിനു പ്രതിഫലമായി കിട്ടിയ തുകയുടെ പകുതിയും കൊൽക്കത്തയിലെ കുഷ്ഠവും പോളിയോയും ബാധിച്ച കുട്ടികളുടെ ഉന്നമനത്തിനായി നീക്കിവെച്ചു. 'സിറ്റി ഓഫ് ജോയ്' എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: ‘ദാരിദ്ര്യത്തിൽ വളരുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങൾ. അവരുടെ മാന്ത്രികമായ ചിരികളും കറുത്തമുഖങ്ങളിലെ തിളങ്ങുന്ന നോട്ടങ്ങളും ലോകത്തെ മുഴുവൻ നിറംപിടിപ്പിക്കുന്നു. അവരില്ലെങ്കിൽ ചേരിപ്രദേശങ്ങൾ തടവറകളായേനെ. ദുരവസ്ഥയുടെ ഈ ഭൂമികയെ ആഹ്ലാദത്തിന്റെ ആസ്ഥാനമായി അവർ മാറ്റിത്തീർക്കുന്നു.’ അങ്ങനെ ഡൊമിനിക് ലാപിയെർ ഇന്ത്യയെ വീണ്ടും കണ്ടെത്തുന്നു.[12]

ഇന്ത്യ മൈ ലവ്[തിരുത്തുക]

ഇന്ത്യയോട് പ്രണയം തന്നെയായിരുന്നു ലാപിയെറിന്. ആത്മകഥാപരമായ തന്റെ പുസ്തകത്തിന് ഇന്ത്യ മൈ ലവ് (India My Love) എന്ന് പേരിട്ടതു വെറുതേയല്ല. പുസ്തകത്തിലൊരിടത്ത് കർണാടകയിലെ ജൈനർ ബാഹുബലിയെ ആരാധിക്കുന്നതിനെപ്പറ്റി ലാപിയെർ പറയുന്നുണ്ട്. പല പാശ്ചാത്യ എഴുത്തുകാരെയും പോലെ ഇത് വെറുമൊരു അന്ധവിശ്വാസമായിക്കണ്ട് പരിഹസിക്കുകയല്ല അദ്ദേഹം. പന്ത്രണ്ടുവർഷത്തിലൊരിക്കൽ നടത്തുന്ന ഈ ആഘോഷത്തെ ഇന്ത്യയുടെ വൈവിധ്യങ്ങളുടെ പ്രതീകമായി ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത്.[12]

അവലംബം[തിരുത്തുക]

 1. https://news.yahoo.com/french-author-dominique-lapierre-dies-025710997.html
 2. https://www.ndtv.com/world-news/french-author-dominique-lapierre-who-wrote-city-of-joy-dies-at-91-3578072
 3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 "ഡൊമിനിക് ലാപിയർ കൊതിതോന്നുന്ന ജീവിതം • Suprabhaatham". ശേഖരിച്ചത് 2022-12-14.
 4. 4.0 4.1 4.2 4.3 "ഇന്ത്യയുടെ ഹൃദയം തൊട്ട പ്രിയ എഴുത്തുകാരൻ". ശേഖരിച്ചത് 2022-12-14.
 5. "Paris brûle-t-il? (1966)". IMDB. ശേഖരിച്ചത് ഡിസംബർ 26, 2008.
 6. "City of Joy (1992)". IMDB. ശേഖരിച്ചത് ഡിസംബർ 26, 2008.
 7. "Is New York Burning? - Review". Ciao. മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഡിസംബർ 26, 2008.
 8. 8.0 8.1 "Dominique Lapierre's Indian connection". Rediff.com. ശേഖരിച്ചത് ഡിസംബർ 26, 2008.
 9. "Dominique Lapierre: Bestselling Writer Turns Philanthropist". CityofJoyAid.org. ശേഖരിച്ചത് ഡിസംബർ 26, 2008.
 10. "Padma Bhushan a gift from Sundarbans: Lapierre". ExpressIndia. മൂലതാളിൽ നിന്നും 2008-07-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഡിസംബർ 26, 2008.
 11. 11.0 11.1 Daily, Keralakaumudi. "ചരിത്രമെഴുത്തിലെ മാസ്മരികത" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-06.
 12. 12.0 12.1 12.2 12.3 "ചരിത്രത്തിന്റെ കഥനവഴികൾ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-06.
"https://ml.wikipedia.org/w/index.php?title=ഡൊമിനിക്_ലാപിയർ&oldid=3828054" എന്ന താളിൽനിന്ന് ശേഖരിച്ചത്