യക്ഷി (നോവൽ)
കർത്താവ് | മലയാറ്റൂർ രാമകൃഷ്ണൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ഡി.സി. ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1967 നവംബർ |
ഏടുകൾ | 158 |
1967-ൽ പ്രസിദ്ധീകൃതമായ മലയാറ്റൂർ രാമകൃഷ്ണന്റെ സൈക്കോളജിക്കൽ ത്രില്ലർ നോവലാണ് യക്ഷി. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ യക്ഷി വിവർത്തനം ചെയ്യപ്പെട്ടു. പ്രസിദ്ധീകരിച്ച വർഷം തന്നെ യക്ഷി സിനിമയായി. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ സത്യൻ, ശാരദ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചു.[1] 1993-ൽ ഓഫ് ദ ഷെൽഫ് പരിപാടിയിൽ ബി.ബി.സി. വേൾഡ് സർവീസ്സിൽ 12 ഖണ്ഡങ്ങളായി യക്ഷി പ്രക്ഷേപണം ചെയ്യപ്പെട്ടു. 2011-ൽ പുറത്തിറങ്ങിയ അകം എന്ന മലയാള ചിത്രവും യക്ഷിയെ ആസ്പദമാക്കിയാണ് നിർമിച്ചിരിക്കുന്നത്. ശാലിനി ഉഷ നായർ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ, അനുമോൾ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നോവലിന് മലയാറ്റൂർ ആദ്യം നിശ്ചയിച്ച ടൈറ്റിൽ മുഖം എന്നായിരുന്നു. പിന്നീട് കവിയും സുഹൃത്തുമായ വയലാർ രാമവർമ്മയുടെ നിർദ്ദേശപ്രകാരമാണ് യക്ഷി എന്ന ടൈറ്റിൽ സ്വീകരിച്ചത്.
കഥാസംഗ്രഹം
[തിരുത്തുക]യക്ഷികളെപ്പറ്റി പഠനം നടത്തുകയാണ് കോളേജു ലക്ചററായ ശ്രീനിവാസൻ. ലാബിലെ ഒരു പരീക്ഷണത്തിനിടെ അയാൾക്ക് സാരമായി പരിക്കേൽക്കുന്നു. മുഖം കരിഞ്ഞ് വിരൂപനായിത്തീരുന്ന അയാളെ എല്ലാവരും വെറുക്കുന്നു. ഈ ഘട്ടത്തിലാണ് അയാൾ രാഗിണിയെ കാണുന്നത്. അതിസുന്ദരിയായ അവൾ വളരെ പെട്ടെന്നുതന്നെ ശ്രീനിവാസനുമായി അടുക്കുന്നു. അവളോടടുക്കുന്തോറും അയാളുടെ മനസ്സിൽ ഒരു സംശയം ഉടലെടുത്തുകൊണ്ടിരുന്നു - ഇവൾ മനുഷ്യസ്ത്രീ തന്നെയോ? അതോ തന്റെ പഠനങ്ങൾക്കു പാത്രമായിട്ടുള്ള ഏതെങ്കിലും ഒരു യക്ഷിയോ? വിവാഹത്തിനു ശേഷവും ഈ സംശയം അയാളെ വിട്ടൊഴിയുന്നില്ല. കഥാപാത്രത്തിന്റെ മനസ്സിൽ തൊന്നുന്ന ഈ "വെറും" സംശയങ്ങൾ വായനക്കാരനെ സൈക്കഡലിക് വിഭ്രാന്തിയിലേക്കും അനുഭൂതികളിലേക്കും നയിക്കുന്നു. കഥാന്ത്യത്തിൽ മാത്രമാണ് രാഗിണിയെപ്പറ്റി നോവലിസ്റ്റ് പൂർണ്ണമായും വ്യക്തമാക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ സി. എസ്. വെങ്കിടേശ്വരൻ. (18 ജൂൺ 2006). "Auteur par excellence" Archived 2012-11-09 at the Wayback Machine.. ദ് ഹിന്ദു. ശേഖരിച്ചത് 6 മേയ് 2011.