ശാരദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാരദ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശാരദ (വിവക്ഷകൾ) എന്ന താൾ കാണുക. ശാരദ (വിവക്ഷകൾ)
ശാ‍രദ
പ്രമാണം:Saarada.jpg
ജനനം
സരസ്വതി ദേവി

(1945-06-12) ജൂൺ 12, 1945  (77 വയസ്സ്)
മറ്റ് പേരുകൾഉർവശി ശാ‍രദ
തൊഴിൽഅഭിനേത്രി
സജീവ കാലം1959 - ഇതുവരെ
ജീവിതപങ്കാളി(കൾ)ചലം (വിവാഹമോചനം നേടി)
മാതാപിതാക്ക(ൾ)വെങ്കടേശ്വർ റാവു,
സത്യവതി ദേവി

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ ഒരു തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശാ‍രദ (ജനനം: ജൂൺ 12, 1945). ശാ‍രദ ജനിച്ചത് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള തെനാലിയിലാണ്. സരസ്വതീദേവി എന്നായിരുന്നു അച്ഛനമ്മമാർ നൽകിയ പേര്. അമ്മയുടെ താല്പര്യപ്രകാരം ആറാം വയസ്സിൽ തന്നെ സരസ്വതി നൃത്തം പഠിക്കാൻ തുടങ്ങി. മകളെ ഒരു ചലച്ചിത്ര താരമായി കാണാനാണ് അമ്മ ആഗ്രഹിച്ചത്. പ്രധാനമായും മലയാളചലച്ചിത്രങ്ങളിലാണ് ശാ‍രദ അഭിനയിച്ചിട്ടുള്ളതെങ്കിലും തെലുങ്ക് ഭാഷയിലും നല്ല വേഷങ്ങൾ ശാ‍രദ ചെയ്തിട്ടുണ്ട്. ശബാന ആസ്മിക്കൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി ശാരദ വിലയിരുത്തപ്പെടുന്നു


  1. == ആദ്യകാല ജീവിതം ==

സരസ്വതി ദേവി എന്ന ജനന നാമത്തിൽ ജനിച്ച ശാരദ ഒരു തെലുഗു കർഷക കുടുംബത്തിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ ശാ‍രദയെ മദ്രാസിലുള്ള തന്റെ മുത്തശ്ശിയുടെ അടുത്തേക്ക് വിദ്യഭ്യാസത്തിനായി അയച്ചു. തന്റെ മുത്തശ്ശി വളരെ അച്ചടക്കത്തോടെ ആണ് വളർത്തിയതെന്ന് ഒരിക്കൽ ശാ‍രദ തന്നെ പറയുകയുണ്ടായി.[1]. തന്റെ അമ്മയുടെ മകളെ വലിയ ഒരു താരമാക്കണം എന്ന ആഗ്രഹം കൊണ്ട് തന്നെ ശാ‍രദ ആറാം വയസ്സിൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു.[1]. തെലുങ്കു ചലച്ചിത്രനടനും നിർമ്മാതാവുമായ ചലത്തേയാണ് ശാ‍രദ വിവാഹം ചെയ്തത്. പിന്നീട് ഇവർ വിവാഹ മോചനം നേടി. പിന്നീട്, മലയാളി വ്യവസായി ആയിരുന്ന വിജയരാഘവനെയും വിവാഹം കഴിച്ചെങ്കിലും അതിൽ നിന്നും വിവാഹമോചനം നേടി

ചലച്ചിത്ര ജീവിതം[തിരുത്തുക]

മുതിർന്നതിനു ശേഷം ശാ‍രദ ആദ്യകാ‍ലങ്ങളിൽ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി[1]. ആദ്യ ചിത്രം തെലുഗു ചിത്രമായ കന്യാശുല്ക്കം ആണ്. ചലച്ചിത്രാഭിനയത്തോടൊപ്പം നാടകാഭിനയവും തുടർന്ന ശാരദ '''രക്തകണ്ണീര്''' എന്ന നാടകത്തിലൂടെ ശ്രദ്ധേയയായി. അതോടെ ചലച്ചിത്ര രംഗത്തും അപ്രധാനമല്ലാത്ത വേഷങ്ങൾ ലഭിക്കാൻ തുടങ്ങി. കോമഡി റോളുകളാണ് ശാരദയെ ശ്രദ്ധേയയാക്കിയത് എന്നറിയുമ്പോൾ അവരുടെ മലയാളി പ്രേക്ഷകർ അമ്പരന്നു പോകും! ശാരദയും പിന്നീട് ഭർത്താവായി മാറിയ ചലവുമായി ചേർന്നുള്ള ഹാസ്യ ജോഡി ആദ്യകാല മലയാള ചിത്രങ്ങളിലെ അടൂർ ഭാസി - ശ്രീലത ഹാസ്യജോഡിയെ അനുസ്മരിപ്പിക്കുന്നു.[1]. 1959 ൽ തന്റെ പേര് ശാ‍രദ എന്നാക്കി. സരസ്വതി എന്ന പേരിൽ അന്ന് ചില നടികൾ ഉണ്ടായിരുന്നതു കൊണ്ടാണ് ഇങ്ങനെ പേര് മാറ്റിയത്[1]. 1961-ൽ മലയാളചലച്ചിത്രമായ ഇണപ്രാവുകൾ എന്ന ചിത്രത്തിലഭിനയിച്ചു. റാഹേൽ എന്നായിരുന്നു ഇണപ്രാവുകളിൽ അഭിനയിക്കുമ്പോൾ അവരുടെ പേര്. അമ്മയുടെ എതിർപ്പിനെ തുടർന്ന് ശാരദ എന്ന പേരു തന്നെ, മലയാളത്തിലും അവർ സ്വീകരിച്ചു. മുറപ്പെണ്ണ്, കാട്ടുതുളസി, ഇണപ്രാവുകൾ എന്നിവ ശാ‍രദയുടെ ശ്രദ്ധേയമായ ആദ്യകാല മലയാളചിത്രങ്ങളാണ്. അതിനു ശേഷം ശാ‍രദ കൂടുതൽ മലയാളചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പെട്ടെന്നു തന്നെ മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ നടിയായി അവർ മാറി. സ്വാഭാവിക അഭിനയം എന്തെന്ന് താൻ പഠിച്ചതും, നടി എന്ന നിലയിൽ അംഗീകാരം നേടിയെടുത്തതും മലയാള സിനിമയിലൂടെ ആണെന്ന് ശാരദ അഭിപ്രായപ്പെടുന്നു. മലയാളികൾ ദു:ഖപുത്രി എന്ന ഇമേജാണ് അവർക്കു ചാർത്തി നൽകിയത്. മലയാളത്തിൽ അവർ അഭിനയിച്ച കഥാപാത്രങ്ങൾ ബഹുഭൂരിപക്ഷവും അത്തരത്തിലുള്ളവയായിരുന്നു.

തിലോത്തമ, പകൽക്കിനാവ്, ഇരുട്ടിൻ്റെ ആത്മാവ്, ഉദ്യോഗസ്ഥ,കസവുതട്ടം, പരീക്ഷ, അഗ്നിപരീക്ഷ, കടൽ, കാർത്തിക, തുലാഭാരം,യക്ഷി, അടിമകൾ, മിടുമിടുക്കി, പുന്നപ്ര വയലാർ, കൂട്ടുകുടുംബം, മൂലധനം, നദി, ത്രിവേണി, മിണ്ടാപ്പെണ്ണ്, കുറ്റവാളി, കാക്കത്തമ്പുരാട്ടി, ക്രോസ് ബെൽറ്റ്, പേൾവ്യൂ, താര, ആഭിജാത്യം, വിലയ്ക്കു വാങ്ങിയ വീണ, തീർത്ഥയാത്ര, ബ്രഹ്മചാരി, ഗന്ധർവ്വ ക്ഷേത്രം, മായ, പ്രൊഫസർ, സ്വയംവരം, ഉദയം, തെക്കൻ കാറ്റ് ഭദ്രദീപം, അമൃതവാഹിനി, ഇതാ ഇവിടെ വരെ, അകലങ്ങളിൽ അഭയം, മണ്ണ്,ഇവർ,റൗഡിരാമു, എലിപ്പത്തായം, പൊൻമുടി, അസ്തമയം, അധികാരം എന്നിങ്ങനെ ഉജ്ജ്വല വേഷങ്ങൾ അവർ ചെയ്ത ചിത്രങ്ങളിലൊന്നും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. പക്ഷേ ഈ ചിത്രങ്ങളിലൂടെ ശാരദ മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടി.

അതോടെ സ്വന്തം ഭാഷയായ തെലുങ്കിൽ നിന്നും സംവിധായകരും നിർമ്മാതാക്കളും മലയാളികളുടെ ഈ സൂപ്പർ താരത്തിൻ്റെ ഡേറ്റിനായി കാത്തു നിന്നു.

എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രമായിരുന്നു ശാരദയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം. സമ്പന്നതയുടെ മടിത്തട്ടിൽ വളർന്ന യുവതി പ്രമാണിയായ അച്ഛൻ്റെ ആകസ്മിക നിര്യാണത്തോടെ അശരണയായിത്തീരുന്നു. അതിലും യാദൃച്ഛികമായി ഒരു തൊഴിലാളി നേതാവിൻ്റെ ഭാര്യയായിത്തീരുന്ന അവളെ ദുരന്തം കൈവിടുന്നില്ല. ഫാക്ടറിയുടമയുടെ ഗുണ്ടകളാൽ അയാൾ കൊല്ലപ്പെടുന്നു. പട്ടിണി കിടന്നു വലഞ്ഞ കുട്ടികൾ അമ്മയുടെ കണ്ണുവെട്ടിച്ച് ബസ് സ്റ്റാൻ്റിലും പരിസരത്തും യാത്രക്കാരുടെ മുന്നിൽ ഭിക്ഷ യാചിക്കുന്നു. അഭിമാനിയായ അമ്മ ജീവിതം മുന്നോട്ട് നീക്കുവാനാകാതെ കുട്ടികൾക്ക് അത്താഴത്തിൽ വിഷം കലർത്തി നൽകുന്നു. കോടതി അവളെ വധശിക്ഷക്കു വിധിക്കുന്നു. തനിക്കു മാത്രം സാധ്യമായ അഭിനയ സിദ്ധിയാൽ ശാരദ പ്രേക്ഷകരെ മുഴുവൻ കണ്ണീരിലാഴ്ത്തി. ഈ ചിത്രത്തിൻ്റെ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളിലും ശാരദ തന്നെയായിരുന്നു നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ആദ്യമായി ലഭിച്ചത്.

തുടർന്ന് 1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ, താനിഷ്ടപ്പെടുന്ന വിദ്യാസമ്പന്നനായ യുവാവിനോടൊപ്പം ജീവിക്കാനിറങ്ങി പുറപ്പെട്ട മധ്യവർഗക്കാരിയായ ഒരു യുവതിയായിരുന്നു അതിലെ കഥാപാത്രം. ഹോട്ടലുകളിലും ലോഡ്ജുകളിലും മാറിമാറി താമസിച്ച് ഒരു ജോലിക്കു വേണ്ടി അയാൾ നടത്തിയ അന്വേഷണം എങ്ങുമെത്തുന്നില്ല. പതിയെ പതിയെ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന രണ്ടു പേർക്കും അല്പം ആശ്വാസമായി അയാൾക്ക് ഒരു തടിമില്ലിൽ ഗുമസ്തനായി ജോലി ലഭിക്കുന്നു. താമസം ഒരു ചെറിയ വീട്ടിലേക്കു മാറ്റിയ അവർക്ക് പരിസരത്തുള്ള ചില അസാന്മാർഗികളിൽ നിന്ന് നിരന്തരശല്യം നേരിടേണ്ടി വരുന്നു. ഭാര്യയെ ശല്യപ്പെടുത്താൻ വരുന്ന പലരെയും അയാൾക്ക് ഭീഷണിപ്പെടുത്തേണ്ടി വരുന്നു. തടിമില്ലിലെ മുതിർന്ന കണക്കപ്പിള്ളയ്ക്ക് അസുഖം ബാധിക്കുമ്പോൾ രാത്രി മുഴുവൻ അയാളുടെ വീട്ടിൽ പരിചരിക്കാൻ നിൽക്കുന്നത് ഇദ്ദേഹമാണ്. വീട്ടിൽ ഒറ്റയ്ക്കായ നായികയെ രാത്രി വാതിലിൽ തട്ടിയും മുട്ടിവിളിച്ചും ശല്യം ചെയ്യുന്നു മുൻപറഞ്ഞവർ. കണക്കപ്പിള്ളയെ പരിചരിച്ചു ഭേദപ്പെടുത്തി മടങ്ങുന്ന നായകൻ അസുഖബാധിതനായിത്തീരുകയും ദിവസങ്ങൾക്കുള്ളിൽ മരണമടയുകയും ചെയ്യുന്നു. ജീവിതം മുന്നോട്ടു നീക്കാൻ യാതൊരു വഴിയും കാണാത്ത നായിക, കൈക്കുഞ്ഞിനെയുമുറക്കി വാതിലിൻ്റെ സാക്ഷയിലേക്കു തുറിച്ചുനോക്കിയിരിക്കുന്ന ഷോട്ടിൽ ചിത്രം അവസാനിക്കുന്നു.

1977-ൽ തെലുഗു ചിത്രമായ നിമജ്ജനം എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്കാരത്തിന് ശാരദ അർഹയായി. ആന്ധ്രയിലെ ഒരു വിദൂര ഗ്രാമത്തിൽ താമസിക്കുന്ന ഭർതൃമതിയും അമ്മയുമായ ഒരു ബ്രാഹ്മണ സ്ത്രീയാണ് ഇതിലെ കഥാപാത്രം. മരണമടഞ്ഞ ഭർതൃപിതാവിൻ്റെ ചിതാഭസ്മവുമായി കാശിയിലേക്ക് യാത്രയാകുന്ന ദമ്പതികൾ. അടുത്ത റെയിൽവേ സ്റ്റേഷൻ തന്നെ കിലോമീറ്ററുകൾ അകലെയാണ്. അവിടേക്ക് കാളവണ്ടിയിലാണ് യാത്ര. യാത്രയ്ക്കിടയിൽ യാദൃച്ഛികമായി പിന്നിലേക്കു നോക്കുന്ന വണ്ടിക്കാരൻ്റെ കണ്ണുകൾ ഉറക്കത്തിൽ സ്ഥാനം തെറ്റിയ സാരിയുമായി കിടക്കുന്ന നായികയുടെ സൗന്ദര്യത്തിലാണ് പതിയുന്നത്. ആ കാഴ്ച അയാളുടെ മനസ്സിനെ മഥിക്കുന്നു. വേണ്ടെന്നു വച്ചിട്ടും അയാളുടെ ശ്രദ്ധ അവിടേയ്ക്കു തന്നെയായിപ്പോകുന്നു. നേരം വെളുത്തപ്പോൾ അവർ മറ്റേതോ കുഗ്രാമത്തിൽ എത്തിച്ചേരുന്നു. പ്രാഥമിക ആവശ്യങ്ങൾക്കായി കുറ്റിച്ചെടികളുടെ മറവിനെ ആശ്രയിക്കുന്ന അവളെ അവിടെയും അയാളുടെ കണ്ണുകൾ വെറുതെ വിടുന്നില്ല. വീണ്ടും യാത്ര തുടരുമ്പോൾ ദമ്പതികൾ ഉറങ്ങുന്ന തക്കം നോക്കി വണ്ടിയുടെ അടിയിൽ തൂക്കിയിട്ടിരിക്കുന്ന ചിതാഭസ്മകലശം അയാൾ അഴിച്ചു കളയുന്നു. വളരെ ദൂരം പിന്നിട്ട് അവർ ഉണരുമ്പോൾ അയാൾ കലശം നഷ്പ്പെട്ട കാര്യം അറിയിക്കുന്നു. ഭർത്താവ് അതന്വേഷിച്ചു പോകുന്നു. അസ്വസ്ഥയും ദു:ഖിതയുമായ നായികയെയാണ് പിന്നീട് കാണുന്നത്. കാശിയിലെത്തി ചിതാഭസ്മം നിമജ്ജനം ചെയ്യുമ്പോൾ അവൾ തന്നെത്തന്നെ ഗംഗയിൽ നിമജ്ജനം ചെയ്യുന്നു. തിരിച്ചെത്തിയ ഭർത്താവ് അതേ കാളവണ്ടിയിൽ തിരിച്ച് വീട്ടിലേക്ക് യാത്രയാകുന്നു. യുവതിയെവിടെ എന്ന വണ്ടിക്കാരൻ്റെ ചോദ്യത്തിന് അയാൾ ഉണ്ടായ സംഭവങ്ങൾ വിവരിക്കുന്നു. ചിതാഭസ്മം നഷ്ടപ്പെട്ട സ്ഥലമെത്തുമ്പോൾ സ്വബോധം നഷ്ടപ്പെടലിൻ്റെ വക്കത്തെത്തിയ വണ്ടിക്കാരൻ, ഭർത്താവിനോട് താൻ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി കുറ്റസമ്മതം നടത്തുകയും മരണമടയുകയും ചെയ്യുന്നു.

വ്യവസായം/രാഷ്ട്രീയം[തിരുത്തുക]

ശാ‍രദ സ്വന്തമായി "ലോട്ടസ് ചോക്ളേറ്റ്സ്" എന്ന പേരിൽ ഒരു ചോക്കളേറ്റ് ഫാക്ടറി നടത്തുന്നുണ്ട്. രാഷ്ട്രീയത്തിലും കുറച്ച് കാലം ശാ‍രദ സജീവമായിരുന്നു തെലുഗുദേശം പാർട്ടിയുടെ പ്രതിനിധിയായി സ്വന്തം മണ്ഡലമായ തെനാലിയിൽ നിന്ന് ലോകസഭയിലേക്കും പിന്നീട് തെനാലിയിൽ നിന്ന് നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടൂണ്ട്. പ്രമുഖ കോൺഗ്രസ് നേതാവും കേന്ദ്ര പെട്രോളിയം മന്ത്രിയുമായിരുന്ന പി.ശിവശങ്കറിനെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുത്തിയത്.പിന്നീട് ശാരദ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. കോൺഗ്രസിൻ്റെ ചില പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് കേരളത്തിലും ആന്ധ്രയിലും ഇപ്പോഴും അവർ ഓടിയെത്താറുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

ദേശീയ ചലച്ചിത്രപുരസ്കാരം[തിരുത്തുക]

വർഷം പുരസ്കാരം ചിത്രം സംവിധായകൻ ഭാഷ
1968 ദേശീയ ചലച്ചിത്രപുരസ്കാരം-മികച്ച നടി തുലാഭാരം എം.വിൻ‌സന്റ് മലയാളം
1972 ദേശീയ ചലച്ചിത്രപുരസ്കാരം-മികച്ച നടി സ്വയംവരം അടൂർ ഗോപാലകൃഷ്ണൻ മലയാളം
1977 ദേശീയ ചലച്ചിത്രപുരസ്കാരം-മികച്ച നടി നിമജ്ജനം നാരായണ ബി.എസ്. തെലുങ്ക്

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[തിരുത്തുക]

  • 1979 - മികച്ച നടി (ത്രിവേണി, താര)

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 indiainteracts.com-Column

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശാരദ&oldid=3671225" എന്ന താളിൽനിന്ന് ശേഖരിച്ചത്