മോനിഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോനിഷ ഉണ്ണി
Monisha.jpg
ജനനം മോനിഷ ഉണ്ണി
1971 ജനുവരി 24(1971-01-24)[1]
പന്നിയങ്കര, കോഴിക്കോട്
മരണം 1992 ഡിസംബർ 5(1992-12-05) (പ്രായം 21)[1]
ചേർത്തല, ആലപ്പുഴ
സജീവം 1986–1992

ആദ്യസിനിമയിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാളചലച്ചിത്ര താരം. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ[2]. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയത് മോനിഷയാണ്. 21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നിൽക്കുമ്പോൾ ഒരു കാറപകടത്തിൽ മരണപ്പെട്ടു.

ജീവിതരേഖ[തിരുത്തുക]

1971-ൽ കേരളത്തിലെ കോഴിക്കോട്ട് പി. നാരായണനുണ്ണിയുടെയും,ശ്രീദേവിയുടെയും മകളായി ജനിച്ചു. സഹോദരൻ സജിത്. അച്ഛൻ ഉണ്ണിക്ക് ബാംഗ്ലൂരിൽ തുകൽ വ്യവസായം ആയിരുന്നതിനാൽ അവിടെയായിരുന്നു മോനിഷയുടെ ബാല്യം.നർത്തകി കൂടെയായിരുന്ന അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്.9 വയസ്സുള്ളപ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു.1985-ൽ കർണ്ണാടക ഗവൺമെന്റ് ഭരതനാട്യ നർത്തകർക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചു. ബാംഗ്ലൂരിലെ സെന്റ് ചാൾസ് ഹൈസ്കൂളിൽ നിന്നും,ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസവും മൗണ്ട്‌ കാർമൽ കോളേജിൽ നിന്നു സൈക്കോളജിയിൽ ബിരുദവും ലഭിച്ചു..[3]

അഭിനേത്രി[തിരുത്തുക]

പ്രശസ്ത സാഹിത്യകാരനും,തിരക്കഥാകൃത്തും,ചലച്ചിത്രസംവിധായകനുമായ എം.ടി. വാസുദേവൻ നായർ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു.അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന്‌ കാരണമായത്. എം.ടി. കഥയും, ഹരിഹരൻ സംവിധാനവും നിർവഹിച്ച 'നഖക്ഷതങ്ങൾ' (1986) ആണ് ആദ്യചിത്രം. കൗമാരപ്രായത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിലേത്‌. മറ്റൊരു പുതുമുഖമായിരുന്ന വിനീത്‌ ആയിരുന്നു ഈ ചിത്രത്തിൽ മോനിഷയുടെ നായകൻ. ഈ ചിത്രത്തിൽ മോനിഷ അഭിനയിച്ച 'ഗൗരി' എന്ന ഗ്രാമീണ പെൺകുട്ടിക്കു 1987-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ്‌ ലഭിച്ചു.[4] മലയാളത്തിനു പുറമേ പൂക്കൾ വിടും ഇതൾ (നഖക്ഷതങ്ങളുടെ റീമേക്ക്‌), ദ്രാവിഡൻ തുടങ്ങിയ തമിഴ്‌ ചലച്ചിത്രങ്ങളിലും, രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ(1988) എന്ന കന്നട ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

മരണം[തിരുത്തുക]

1992 ഡിസംബർ 5-ന് 'ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ ആലപ്പുഴക്കടുത്തുള്ള ചേർത്തലയിൽ വെച്ച് ബസുമായി കൂട്ടിയിടിക്കുകയും, തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയും ചെയ്തു. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി അവിടെവച്ച് സംസ്കരിച്ചു.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

 • നഖക്ഷതങ്ങൾ (1986)
 • ഋതുഭേദം (1986)
 • പൂക്കൾ വിടും ഇതൾ (തമിഴ്) (1987)
 • ആര്യൻ (1988)
 • ചിരംജീവി സുധാകര (കന്നട)(1988)
 • കനകാംബരങ്ങൾ (1988)
 • ദ്രാവിഡൻ (1989)
 • അധിപൻ (1989)
 • ദ്രാവിഡൻ (തമിഴ്)(1989)
 • കുറുപ്പിന്റെ കണക്കുപുസ്തകം (1990)
 • പെരുന്തച്ചൻ (1990)
 • വീണ മീട്ടിയ വിലങ്ങുകൾ (1990)
 • വേനൽകിനാവുകൾ (1991)
 • കടവ് (1991)
 • ഉന്ന നെനച്ചേൻ പാട്ടു പഠിച്ചേൻ (തമിഴ്) (1992)
 • തലസ്ഥാനം (1992)
 • ഒരു കൊച്ചു ഭൂമികിലുക്കം (1992)
 • കുടുംബസമേതം (1992)
 • കമലദളം (1992)
 • ചമ്പക്കുളം തച്ചൻ (1992)
 • ചെപ്പടിവിദ്യ (1992)

അവലംബം[തിരുത്തുക]

 1. 1.0 1.1 "Monisha Biography" (ഭാഷ: English). entertainment.oneindia.in. യഥാർത്ഥ സൈറ്റിൽ നിന്ന് 2013 ഡിസംബർ 5-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 5. 
 2. നഖക്ഷതങ്ങളിലെ അഭിനയത്തിന് ദേശീയ അവാർഡ്- ഐ.എം.ഡി.ബി പേജ്
 3. മോനിഷയുടെ വെബ് ലോകം പേജ്
 4. [1]

പുറത്തു നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോനിഷ&oldid=2612825" എന്ന താളിൽനിന്നു ശേഖരിച്ചത്