Jump to content

മാതളനാരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pomegranate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാരകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാരകം (വിവക്ഷകൾ) എന്ന താൾ കാണുക. നാരകം (വിവക്ഷകൾ)

മാതളനാരകം
മാതള നാരങ്ങ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Subclass:
Order:
Family:
Genus:
Species:
P. granatum
Binomial name
Punica granatum
Synonyms
  • Punica florida Salisb.
  • Punica grandiflora hort. ex Steud.
  • Punica nana L.
  • Punica spinosa Lam

ഉറുമാൻപഴം എന്നും അറിയപ്പെടുന്ന മാതളനാരകം ഭക്ഷ്യയോഗ്യമായ പഴമുണ്ടാകുന്ന ഒരു ചെടിയാണ്.(ശാസ്ത്രീയനാമം: Punica granatum). റുമാൻ പഴം എന്നും പേരുണ്ട്. (ഉറു-മാമ്പഴം) മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തർപ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തു വരുന്നു. കേരളത്തിൽ മാതളം വർഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വർഷകാലത്താണ് കൂടുതൽ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. സംസ്‌കൃതത്തിൽ ഡാഡിമം എന്നും ഹിന്ദിയിൽ അനാർ എന്നും അറിയപ്പെടുന്നു. അഫ്‌ഗാനിസ്ഥാൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയാണ്‌ മാതളത്തിന്റെ ജന്മസ്ഥലം. പൂണികേഷ്യേ എന്ന കുടുംബപ്പേര്‌ പൂണികർ അഥവാ ഫിനീഷ്യരിൽ നിന്ന് ലഭിച്ചതഅണ്‌.

ചരിത്രം

[തിരുത്തുക]

മാതള നാരകം ഉത്ഭവിച്ചത് ഹിമാലയത്തിനും ഈജിപ്തിനും ഇടയിലുള്ള പ്രദേശത്താണെന്ന് കരുതപ്പെടുന്നു.[1]

ഇറാഖിലെ ഉറ് എന്ന പ്രാചീന നഗരത്തിൽ നിന്ന് വന്നതെന്ന അർത്ഥത്തിൽ ഉറു മാമ്പഴം എന്ന് വിളിക്കുന്നു. അറബിയിൽ ഇത് റുമാൻ പഴമാണ്. [2] അക്‌ബർ ചക്രവർത്തി തൻറെ നൃത്തസദസ്സിൽ ഒരു നാടോടി നർത്തകിയെ കാണുകയും അവളെ “അനാർകലി” എന്നു വിളിക്കുകയും ചെയ്‌തു. ഹിന്ദിയിൽ അനാർകലി എന്ന പദത്തിന് മാതളപ്പൂമൊട്ട് എന്നാണർഥം. അക്കാലങ്ങളിൽ കാബൂളിൽ നിന്നും മാതളം വ്യാപാരത്തിനായി ദില്ലിയിലേക്ക് കൊണ്ടുവന്നിരുന്നു.

ഖുർആനിൽ

[തിരുത്തുക]

ഖുർആനിൽ സ്വർഗ്ഗത്തെ കുറിച്ചും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെകുറിച്ചും പരാമർശിക്കുന്നിടത്തെല്ലാം റുമാമ്പഴം കടന്നു വരുന്നുണ്ട്. ഉദാഹരണത്തിനു 55:68, 6:99, 6:141 സൂക്തങ്ങൾ

രൂപവിവരണം

[തിരുത്തുക]
മാതളനാരകത്തിന്റെ പൂവ്

അഞ്ച് മീറ്റർ വരെ ഉയരത്തിൽ ഈ ചെടി വളരുന്നു. താഴെ നിന്നുതന്നെ ശിഖരങ്ങൾ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതൽ അഞ്ചു വരെ പൂക്കൾ കാണപ്പെടുന്നു. പൂക്കൾ വലുതും ആകർഷം നിറഞ്ഞതുമാണു. ഫലങ്ങൾ തവിട്ടു കലർന്ന ചുവന്ന നിറത്തിലായിരിക്കും. മാതളപ്പഴത്തിനു തുകൽ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളിൽ വിത്തുകൾ നിറഞ്ഞിരിക്കുന്നു. വിത്തുകൾ രസകരമായ പൾപ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പൾപ്പാണ് ആഹാരയോഗ്യമായ ഭാഗം.

വിവിധ ഇനങ്ങൾ

[തിരുത്തുക]
മാതളനാരകം

ഇന്ത്യയിൽ സാധാരണ കാണാറുള്ളത് രണ്ടിനങ്ങളാണ്-വെളുത്തതും ചുവന്നതും. വെളുത്ത ഇനത്തിൻറെ കുരുവിൻ കടുപ്പം കുറയും. നീരിനു കൂടുതൽ മധുരവും. പുളിപ്പ് കൂടുതലുള്ള ഒരു ഇനം മാതളം ഹിമവൽ സാനുക്കളിൽ വളരുന്നുണ്ട്. ഇതിന്റ്റെ കുരു ഉണക്കി പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു.[3]

പതിവച്ചും കമ്പ് നട്ടും ചെടി വളർത്താം.[4]

രസാദി ഗുണങ്ങൾ

[തിരുത്തുക]
മാതളനാരകത്തിന്റെ ഇളംകായ

രസം :മധുരം, കഷയം, അമ്ലം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :മധുരം [5]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

തൊലി, കായ്, ഇല, പൂവ് [5]

ഔഷധഗുണം

[തിരുത്തുക]

തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിര ശമിപ്പിക്കുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തളർച്ചയും വെള്ളദ്ദാഹവും ശമിപ്പി ക്കും. ശുക്ലവർദ്ധനകരമാണ്.

ഡാഡിമാഷ്ടക ചൂർണ്ണം ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു. [6]

യുനാനിയിൽ ആമാശയവീക്കവും ഹൃദയവേദനയും മാറ്റുന്നതാണെന്നു് പറയുന്നു.[7]

പോഷകമൂല്യം

[തിരുത്തുക]
Pomegranate, aril only
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 70 kcal   290 kJ
അന്നജം     17.17 g
- പഞ്ചസാരകൾ  16.57 g
- ഭക്ഷ്യനാരുകൾ  0.6 g  
Fat0.3 g
പ്രോട്ടീൻ 0.95 g
തയാമിൻ (ജീവകം B1)  0.030 mg  2%
റൈബോഫ്ലാവിൻ (ജീവകം B2)  0.063 mg  4%
നയാസിൻ (ജീവകം B3)  0.300 mg  2%
പാന്റോത്തെനിക്ക് അമ്ലം (B5)  0.596 mg 12%
ജീവകം B6  0.105 mg8%
Folate (ജീവകം B9)  6 μg 2%
ജീവകം സി  6.1 mg10%
കാൽസ്യം  3 mg0%
ഇരുമ്പ്  0.30 mg2%
മഗ്നീഷ്യം  3 mg1% 
ഫോസ്ഫറസ്  8 mg1%
പൊട്ടാസിയം  259 mg  6%
സിങ്ക്  0.12 mg1%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളം അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുർവേദാചാര്യൻമാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തിൽ ഇത്‌ ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാൻ ഉപയോഗിച്ചു പോന്നിട്ടുണ്ട്‌.

ഇസ്രായേലിലെ 'റംബാൻ മെഡിക്കൽ സെന്ററിൽ' അടുത്ത കാലത്ത്‌[അവലംബം ആവശ്യമാണ്] നടന്ന പഠനത്തിൽ മാതളച്ചാർ ദിവസവും കുടിച്ചപ്പോൾ രക്‌തധമനികളിൽ കൊളസ്ട്രോൾ അടിയുന്ന അവസ്ഥ 90 ശതമാനം കണ്ട്‌ കുറഞ്ഞതായി കണ്ടൂ. ഫലങ്ങളുടെ കൂട്ടത്തിൽ പെട്ടെന്ന്‌ ദഹിക്കുന്ന ഒന്നാണ്‌ മാതളം. ഇത്‌ വിശപ്പ്‌ കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യും പിത്തരസം ശരീരത്തിൽ അധികമായി ഉണ്ടാകുന്നതുമൂലമുള്ള ശർദിൽ, നെഞ്ചരിച്ചിൽ, വയറുവേദന എന്നിവ മറ്റാൻ ഒരു സ്പൂൺ മാതളച്ചാറും സമം തേനും കലർത്തി സേവിക്കാൻ ശുപാർശ ചെയ്യപ്പെടുന്നു. അതിസാരത്തിനു വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്‌. ഈ അവസ്ഥകളിൽ മാതളച്ചാർ കുടിക്കാൻ നൽകിയാൽ വയറിളക്കം കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും.

മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത്‌ കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്‌.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ' പ്യൂണിസിൻ' എന്ന ആൽകലോയ്ഡിന്റെ സാന്നിധ്യമാണ്‌ ഇതിനു നിദാനം. വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ്‌ കൂടുതൽ ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്‌.

ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ മാതളത്തോട്‌ കറുപ്പ്‌ നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച്‌ എണ്ണയിൽ കുഴച്ച്‌ പുരട്ടുന്നത്‌ ഫലപ്രദമാണ്‌. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശർദിലും വിളർച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ച്‌ കുഴമ്പാക്കി സേവിക്കുന്നത്‌ കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്‌ കളയാൻ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു. മാതളത്തിലുള്ള നീരോക്സീകാരികൾ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാൻ ഇതിനുള്ള കഴിവ്‌ തെളിഞ്ഞിട്ടുണ്ട്‌. മാതളമൊട്ട്‌ അരച്ച്‌ തേനിൽ സേവിക്കുന്നത്‌ കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്‌. മാതളത്തിന്റെ തോട്‌ നന്നായി ഉണക്കിപ്പൊടിച്ച്‌ കുരുമുളകു പൊടിയും ഉപ്പും ചേർത്ത്‌ പല്ല്‌ തേക്കാനും ഉപയോഗിക്കുന്നു. ഇത്‌ ദന്തക്ഷയം തടയാനും മോണയിലെ രക്‌തസ്രാവം നിർത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്‌. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായിൽ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.

പ്രധാന ശത്രുക്കൾ

[തിരുത്തുക]

കായ് തുരപ്പൻ, തണ്ടു തുരപ്പൻ എന്നിവയാൺ മാതളത്തിൻറെ പ്രധാന ശത്രുക്കൾ. കടലാസു സഞ്ചികൾ ഉണ്ടാക്കി നേരത്തെ കായ്കളെ പൊതിഞ്ഞു കെട്ടിയാൽ കായ് തുരപ്പൻറെ ശല്യത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയും.

അവലംബം

[തിരുത്തുക]
  1. http://maderachamber.com/pf/?page_id=67
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. ബി. ഗോപിനാഥൻ രചിച്ച “വീട്ടുവളപ്പിലെ അലങ്കാര ഫലവൃക്ഷങ്ങൾ“
  4. അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
  5. 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  6. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
  7. കേരളത്തിലെ ഫല സസ്യങ്ങൽ - ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാതളനാരകം&oldid=3923645" എന്ന താളിൽനിന്ന് ശേഖരിച്ചത്