സൂരിനാം ചെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Surinam Cherry
Pitanga1.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Myrtales
കുടുംബം: Myrtaceae
ജനുസ്സ്: Eugenia
വർഗ്ഗം: E. uniflora
ശാസ്ത്രീയ നാമം
Eugenia uniflora
L.
പര്യായങ്ങൾ

ദക്ഷിണേന്ത്യൻ ചെറി, ബ്രസീലിയൻ ചെറി എന്നീ പേരുകളിൽ അറിയപ്പെടുന്നതും ചാമ്പയുടെ ബന്ധുവുമായ ഒരു സസ്യമാണ്‌ സൂരിനാം ചെറി. സൂരിനാം, ഗയാന എന്നീ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ഈ സസ്യം പോർച്ചുഗീസുകാരാണ്‌ ഭാരതത്തിൽ എത്തിച്ചത്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്. നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന പ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്[1].

ഏതുതരം മണ്ണിലും വളരുന്നതിനുള്ള കഴിവാണ്‌ ഇതിന്റെ പ്രത്യേകത. മണൽമണ്ണ്, മണൽ കലർന്ന എക്കൽമണ്ണ്, വെള്ളക്കെട്ടുള്ള മണ്ണ് എന്നിവയിൽ കൃഷിചെയ്യാൻ കഴിയുന്ന ഈ സസ്യം പക്ഷേ, ഉപ്പുരസം ഉള്ളതും ഓരുവെള്ളമുള്ളതുമായ പ്രദേശങ്ങളിൽ വളരില്ല. ആഴത്തിൽ വേരോടുന്നതിനാൽ വലിയ ഉണക്ക് കാലം അതിജീവിക്കുന്നതിനുള്ള കഴിവുണ്ട്[1].

പ്രത്യേകതകൾ[തിരുത്തുക]

എട്ടുമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. കനം കുറഞ്ഞ് പടർന്നുവളരുന്ന ചില്ലകളിൽ ചെറിയ ഇലകളാണുള്ളത്. ചെറിയ ഗന്ധവും ഈ ഇലകൾക്കുണ്ട്. കിളുന്നിലകൾക്ക് ചെമ്പുനിറവും വളരുമ്പോൾ തിളക്കമുള്ള കടുത്ത പച്ച നിറത്തിൽ ആകുന്നു. നീണ്ട തണ്ടിലുണ്ടാകുന്ന പൂക്കൾക്ക് വെള്ളനിറവും സുഗന്ധവുമുണ്ട്. ഈ ചെറിയുടെ കായകൾ പുളിനെല്ലിക്കയെപ്പോലെ ഏഴെട്ട് വരിപ്പുകളുണ്ട്. പച്ചകായ്കൾ വിളഞ്ഞ് പഴുക്കുമ്പോൾ ചുവന്ന തിളക്കമുള്ള തിറത്തിൽ കാണപ്പെടുന്നു. പഴത്തിന്റെ തൊലിക്ക് തീരെ കനം കുറവാണ്‌. പഴത്തിന്റെ ഉൾവശം നേരിയ പുളിയും മധുരവും കലർന്ന സ്വാദാണുള്ളത്[1].

കൃഷിരീതി[തിരുത്തുക]

വിത്തുപാകിയാണ്‌ ഈ സസ്യം വളർത്തുന്നത്. 3-4 ആഴ്ചകൊണ്ട് വിത്ത് മുളയ്ക്കും. ഇന്ത്യൻ കാലാവസ്ഥയിൽ പതിവച്ചും ഈ സസ്യം വളർത്താം. കൂടാതെ തൈകൾ വശം ചേർത്ത് ഒട്ടിച്ചോ ആപ്പൊട്ടിക്കലോ നടത്തി മികച്ചതാക്കാനും കഴിയും. സാവധാനം വളരുന്ന ഒരു സസ്യമാണിത്. എങ്കിലും ചില ചെടികൾ മുളച്ച് രണ്ട് വർഷം ആകുമ്പോഴേക്കും കായ്കൾ ഉണ്ടായി തുടങ്ങും. എന്നാൽ ചില ചെടികൾ അഞ്ച് വർഷം വരെ കഴിഞ്ഞതിനുശേഷം മാത്രമേ കായ്കൾ ഉത്പാദിപ്പിച്ചു തുടങ്ങുകയുള്ളൂ. നന്നായി നനച്ചുവളർത്തുന്ന ചെടികളിൽ ഉണ്ടാകുന്ന കായ്കൾ താരത്മ്യേന വലുതും സുഗന്ധമുള്ളതുമായിരിക്കും. പൂ വിരിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ കായ്കൾ പാകമാകും. പാകമായ കായ്കളിൽ തൊട്ടാൽ കൈകളിലേയ്ക്ക് ഇറുന്നുവീഴുന്ന പരുവമാണ്‌ വിളവെടുപ്പിന്‌ നന്ന്. ശരിയായി മൂത്ത് പാകമാകാത്ത കായ്കളിൽ കറയുണ്ടാകും. കൊമ്പ് കോതി വളർത്തുന്ന ചെടികളിൽ നിന്നും ശരാശരി മൂന്നര കിലോ കായ്കൾ വരെ ലഭിക്കും[1].

മറ്റ് സവിശേഷതകൾ[തിരുത്തുക]

സർവ്വസാധാരണയായി കാണപ്പെടുന്ന തിളങ്ങുന്ന ചുവപ്പ് നിറമുള്ളതും കരിംചുവപ്പ് നിറമുള്ളതും മധുരം കൂടിയതുമായ രണ്ടിനം സൂരിനാം ചെറികളുണ്ട്. 100 ഗ്രാം പഴത്തിൽ മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്,നാര്‌, കാത്സ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, കരോട്ടിൻ, [[തയാമിൻ, റിബോഫ്ലേവിൻ, നിയാസിൻ, അസ്കോർബിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ശക്തിയുള്ള നിരോക്സീകാരകമായ ലൈക്കോപ്പിൻ ആണ്‌ കരിം ചുവപ്പു നിറത്തിന്‌ കാരണമായ വസ്തു. ഇത് അർബുദത്തിന്‌ ഔഷധമായി ഉപയോഗിക്കുന്നു. ഇലകളിൽ നിന്നും തയ്യാറാക്കുന്ന കഷായം ഉദര സംബന്ധമായ രോഗങ്ങൾക്കും വിരനാശിനിയായും ഉപയോഗിക്കുന്നു. പഴത്തിൽ നിന്നും ജാം, ജെല്ലി, അച്ചാർ, ഐസ്‌ക്രീം, വിന്നാഗിരി, വീഞ്ഞ് എന്നിവയും ഉണ്ടാക്കുന്നു[1].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 സുരേഷ് മുതുകുളം. കർഷകശ്രീ മാസിക. ഏപ്രിൽ 2009. താൾ 44.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ സൂരിനാം ചെറി എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്."https://ml.wikipedia.org/w/index.php?title=സൂരിനാം_ചെറി&oldid=1701830" എന്ന താളിൽനിന്നു ശേഖരിച്ചത്