Jump to content

ഐസ്‌ക്രീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐസ്‌ക്രീം
Ice cream or gelato in Rome, Italy
ഉത്ഭവ വിവരണം
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: Dessert
പ്രധാന ഘടകങ്ങൾ: പാൽ/ ക്രീം, വെള്ളം, പഞ്ചസാര
വകഭേദങ്ങൾ : സർബത്ത്, ഷോർബെത്ത്, ഫ്രോസൺ ഡെസേർട്ട്
ഭാരതപ്പുഴയുടെ കരയിൽ നിന്ന് ഐസ്ക്രീം കഴിക്കുന്ന ഒരു കുട്ടി.

പാലും പാലുൽപ്പന്നങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന തണുപ്പിച്ച ഡെസർട്ട് ആണ് ഐസ്-ക്രീം എന്ന ഐസാക്കിയ ക്രീം.

ഇതിലെ പ്രധാന ചേരുവകൾ പാലിന്റെ ക്രീമും പഞ്ചസാരയുമാണ്. പഞ്ചസാരയ്ക്കു പകരം മറ്റേതെങ്കിലും മധുരം കൊടുക്കുന്ന വസ്തുക്കളും ചേർക്കാറുണ്ട്. പഴച്ചാറുകളും ഉണങ്ങിയ പഴങ്ങളും പരിപ്പുകളും ചേർത്തും ഐസ്‌ക്രീം ഉണ്ടാക്കാറുണ്ട്.

ചില ഐസ്ക്രീമുകളിൽ കൃത്രിമ കളറുകളും രുചിവസ്തുക്കളും ചേർക്കുന്നുണ്ട്.

കൊഴുപ്പുകുറഞ്ഞതും കൊഴുപ്പില്ലാത്തതുമായ ഐസ്ക്രീമുകളും ഉണ്ടാക്കുന്നുണ്ട്.

ചേരുവകൾ തണുപ്പിച്ചുകൊണ്ടിരിക്കുമ്പോൾ വായുകലരുന്നതിനും വലിയ ക്രിസ്റ്റലുകൾ ഉണ്ടാവാതിരിക്കാനും പതുക്കെ ഇളക്കിക്കൊണ്ടിരിക്കും. അങ്ങനെ അർദ്ധ ഖരാവസ്തയിലുള്ള സ്കൂപ്പാക്കാനും രൂപപ്പെടുത്താനും പറ്റാവുന്ന മൃദുവായ ഐസ്‌ക്രീം ഉണ്ടാവും.

കുൾഫി എന്നത് ഐസ്‌ക്രീമിന്റെ ഇന്ത്യൻ രൂപമാണ്. ഏലം, കറുവപ്പട്ട, കുങ്കുമപ്പൂ എന്നിവകൂടി ചേർത്തുണ്ടാക്കുന്ന ഒരു തരം ഐസ്‌ക്രീം. കുൾഫി ഖനീഭവിപ്പിക്കുമ്പോൾ ഇളക്കിക്കൊണ്ടിരിക്കാറില്ല.

ഐസ്‌ക്രീം പല രാജ്യങ്ങളിലും പല പേരുകളിലും അറിയപ്പെടുന്നു. രുചിവ്യത്യാസത്തിനും രൂപവ്യത്യാസത്തിനും അനുസരിച്ചും പേരുകളിൽ വ്യത്യാസമുണ്ട്. ഇന്ത്യയിലും ചില രാജ്യങ്ങളിലും പ്രത്യേക ചേരുവളോടു കൂടിയവയെ മാത്രമെ ഐസ്‌ക്രീം എന്നു പറയുന്നുള്ളു. മറ്റുള്ളവയെ ‘’‘ഫ്രോസൺ ഡെസേർട്ട്‘’‘ എന്നാണ് പറയുന്നത്.

മുൻ‌ഗാമികൾ

[തിരുത്തുക]

പേർഷ്യൻ സാമ്രാജ്യകാലത്ത് പാത്രത്തിലെടുത്ത മഞ്ഞിനു മുകളിൽ പഴച്ചാറുകൾ ഒഴിച്ചു കഴിച്ചിരുന്നു, പ്രത്യേകിച്ചും ചൂടുകാലത്ത്. അതിനുവേണ്ട മഞ്ഞ് ഭൂമിക്കടിയിലുണ്ടാക്കിയിട്ടുള്ള അറകളിൽ വേനൽക്കാലത്തേക്കു വേണ്ടി സൂക്ഷിച്ചു വെയ്ക്കുകയോ മഞ്ഞുമലകളിൽ നിന്ന് കൊണ്ടുവരികയോ ചെയ്തിരുന്നു.

ക്രിസ്തുവിന് 400 വർഷം മുന്ന് രാജകീയ വിരുന്നുകളിൽ പനിനീരും സേമിയയും ചേർത്ത് തണുപ്പിച്ച് കണ്ടുപിടിച്ചു വിളമ്പി പേർഷ്യക്കാർ ഇക്കാര്യത്തിൽ മുമ്പിലെത്തിയിരുന്നു. ഐസ് കുങ്കുമപൂവും പഴങ്ങളും മറ്റു സുഗന്ധവസ്തുക്കളും ചെർത്തതായിരുന്നു.

പ്രാചീന കാല സംസ്ക്കാരത്തിൽ ആയിരക്കണക്കിന് വർഷങ്ങളോളം തണുത്ത ഭക്ഷണത്തിനു വേണ്ടി ഐസ് ഉപയോഗിച്ചിരുന്നു. ചൈനയിൽ ക്രിസ്തുവിനും 200 വർഷങ്ങൾക്ക് മുമ്പ് ചോറും പാലും ചേർത്ത് ശീതീകരിച്ച് ഉപയോഗിച്ചിരുന്നതായി ബിബിസി പറയുന്നു. [1] ക്രിസ്തുവിന് ശേഷം62ൽ നീറോ ചക്രവർത്തി അടിമകളെക്കൊണ്ട് മലകളിൽ നിന്നും മഞ്ഞുകൊണ്ടുവന്നു് ഐസിൽ തേനും കായ്കളും ചേർത്ത് കഴിച്ചിരുന്നത്രെ.

അറബികളായിരിക്കണം പാൽ പ്രധാന ഘടകമായി ഐസ്‌ക്രീം ആദ്യമായി ഉണ്ടാക്കി യത്. പഴച്ചാറുകൾക്ക് പകരം പഞ്ചസാര ഉപയോഗിച്ചതും വ്യാവസായിക ഉത്പാദനത്തിന് വഴിതുറന്നതും അവരായിരുന്നു.

പത്താം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ബാഗ്ദാദ്, ദമാസ്കസ്ം കെയ്‌റോ തുടങ്ങിയ അറേബ്യൻ പട്ടണങ്ങളിൽ ഐസ്‌ക്രീം പ്രചരിച്ചിരുന്നു. അത് പാലോ ക്രീമോ പ്രധാനഘടകമായി ഉണ്ടാക്കിയതും പനിനീരും ഉണങ്ങിയ പഴങ്ങളും കായ്കളുമൊക്കെ ചേർത്ത് രുചികരമാക്കിയതുമായിരുന്നു. പ്രാചീന റോമൻ, മെസോപ്പൊട്ടേമിയൻ, യവന അല്ലെങ്കിൽ റോമൻ പാചകവിധികളെ അവലംബിച്ചുണ്ടാക്കിയതുമാണെന്നു വിശ്വസിക്കുന്നു.

യുവാൻ സാമ്രാജ്യത്തിലെ കുബ്ലൈഖാൻ ഐസ്‌ക്രിം കഴിച്ചിരുന്നെന്നും മാർക്കോപോളൊ ചൈന സന്ദർശിക്കുന്നതു വരെ രാജകീയ രഹസ്യമാക്കി വച്ചിരുന്നെന്നും മാർക്കോപോളൊ അതു ഇറ്റലിയിലേക്ക് കടത്തിയെന്നും പറയപ്പെടുന്നു.

പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിമാർ കതിരക്കാരുടെ റിലേ ഉപയോഗിച്ച് ഹിന്ദുക്കുഷിൽ നിന്ന് ഡെൽഹിക്ക് ഐസ് കൊണ്ടുവന്നിരുന്നു. അതു് പഴച്ചാറുകളിൽ ഉപയോഗിച്ചിരുന്നു.

രുചികരമായ ഐസിന്റെ ആദ്യ പാചകവിധി,1674ൽ ഫ്രെഞ്ച് ഭാഷയിൽ നിക്കോളാസ് ലെമെറിയുടെ Recueil de curiositéz rares et nouvelles de plus admirables effets de la nature എന്നതിലാണ് പ്രസിദ്ധീകരിച്ചത്.

ഐസ്‌ക്രീമിന്റെ ആദ്യപാചകവിധി 18-ആം നൂറ്റാണ്ടിൽ അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് പ്രസിദ്ധീകരിച്ചത്. 1718ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച Mrs. Mary Eales's Receipt ലാണ് അതുള്ളത്.

1877ൽ ഒരു ആനുകാലികത്തിൽ പുന:പ്രസിദ്ധീകരിച്ച 1744ലെ ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷ്ണറിയിലാണ് ഐസ്‌ക്രീമിനെ പറ്റി ആദ്യപരാമർശമുള്ളത്.

1751ൽ പ്രസിദ്ധീകരിച്ച The Art of Cookery made Plain and Easy ൽ ഹന്ന ഗ്ലാസ് ഐസ്‌ക്രീമിന്റെ പാചകവിധി വിവരിക്കുന്നുണ്ട്.

1768ൽ പ്രസിദ്ധീകരിച്ച എം. എമിയുടെ L'Art de Bien Faire les Glaces d'Officeഎന്ന പുസ്തകം രുചികൂട്ടിയ ഐസിനും ഐസ്‌ക്രീമിംനും മാത്രമുള്ളതാണ്.

അമേരിക്കയിൽ ഐസ്‌ക്രീമിന്റെ ആദ്യ പരസ്യം 1777 ൽ ന്യൂയോക്ക് ഗസറ്റിലാണ് പ്രസിദ്ധീകരിച്ചതു്.

അമേരിക്കയിലെ പ്രഥമ വനിത ഡോളി മദിസനാണ് 1809 മുതൽ 1817 വരെ വൈറ്റ് ഹൌസിൽ തുടർച്ചയായി ഐസ്‌ക്രീം വിളമ്പി പ്രചാരം കൊടുത്തത്.

ഫിഡാല്ഫിയായിലെ നാൻസി ജോൺസൺ 1846 ൽ കൈഉപയോഗിച്ച് പ്രവർത്തിപ്പ്ക്കാവുന്ന ഐസ്‌ക്രീം ക്രാങ്കിങ് യന്ത്രം കണ്ടുപീടിച്ചു. 1848 ൽ വില്ല്യം ഗി യങ്ങ് ആണ് ഈ യന്ത്രത്തിന് പേറ്റന്റ് നേടിയതു്. .[2]

1888ൽ പ്രസിദ്ധീകരിച്ച മിസിസ് മാർഷൽ‌സ് കുക്കറി ബുക്ക് ഐസ്‌ക്രീം കോണുകളിൽ നിറച്ചു നൽകിയിരുന്നതിന്റെ സാക്ഷ്യപത്രമാണ്. അവരാണ് ഐസ്‌ക്രീം തണുപ്പിക്കാൻ ദ്രവീക്ര് ത വാതകങ്ങൾ ഉപയോഗിക്കാമെന്നു നിർദ്ദേശിച്ചത്. ഫിലിപ് ലെൻസി എന്നൊരു ബേക്കറിക്കാരന്റേതായിരുന്നു ആ പരസ്യം. .[3]

ഐസ്‌ക്രീംകോൺ കണ്ടുപിടിച്ചതിന് ഒരുപാട് അവകാശികളുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ റഫ്രിജറേറ്ററുകൾ വിലക്കുറവിൽ കിട്ടിത്തുടങ്ങിയത് ഐസ്‌ക്രീം പ്രചരിക്കാൻ ഒരു കാരണമായി.

ഇരുപതാം നൂറ്റാണ്ടിലാണ് സോഫ്റ്റ് ഐസ്‌ക്രീമിന്റെ കണ്ടുപിടിത്തം. കൂടുതൽ വായു ചേർത്ത് ഐസ്‌ക്രീമിന്റെ ചേരുവകളുടെ അളവുകുറക്കാനും അതുവഴി വിലകുറയ്ക്കാനും പറ്റി. ഐസ്‌ക്രീം സാങ്കേതിക വിദ്യയിൽ ഗ്ലൂട്ടൻ എന്ന സ്റ്റബിലൈസിങ്ങ് ഏജന്റിന്റെ കണ്ടുപിടിത്തം പറയത്തക്കതാണ്. ഗ്ലൂട്ടൻ ചിലർക്ക് അലർജി ഉണ്ടാക്കുന്നതുകൊണ്ട് അതില്ലാത്ത ഐസ്‌ക്രീമുകളും കിട്ടുന്നുണ്ട്.

1980കളിൽ സാന്ദ്രത കൂടിയ ഐസ്‌ക്രീം “പ്രീമിയം”, “സൂപ്പർ പ്രീമിയം” എന്ന പേരിൽ വീണ്ടുവരവു് നടത്തി.

ഉത്പാദനം- ചരിത്രം

[തിരുത്തുക]

ഐസ്‌ക്രീമിന്റെ നിർമ്മാണത്തിന് ചേരുവകളുടെ മിശ്രണം, പാസ്ചുറൈസേഷൻ, ഹോമോജനൈസഷൻ, ഏജിങ്ങ്, ഖനീഭവിപ്പിക്കൽ, പാക്കിങ്ങ്, കട്ടിയാക്കൽ എന്നീ പ്രവർത്തികൾ അടങ്ങിയിരിക്കുന്നു.

ആധുനിക ഫ്രീസറുകളുടെ കണ്ടുപിടിത്തത്തിനു മുൻപ്, ഐസ്‌ക്രീം ഒരു ആർഭാടമായിരുന്നു. അതു് ഉണ്ടാക്കുന്നത് അദ്ധ്വാനമേറിയ പണിയായിരുന്നു. തണുപ്പുകാലത്ത് തടാകങ്ങളിൽ നിന്നും കുളങ്ങളിൽ നിന്നും വെട്ടിയെടുത്ത ഐസ് ഭൂമിക്കടിയിൽ തുരങ്കങ്ങളിലോ മരപ്പെട്ടികളിലോ ഇഷ്ടികകൊണ്ടുണ്ടാക്കിയ ഐസ് ഹൌ സുകളിലൊ വയ്ക്കോലിൽ പൊതിഞ്ഞാണ് ചൂടുകാലത്ത് ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്നത്. അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന ജോർജ്ജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൻ എന്നിവരും ഐസ് ഇങ്ങനെ സൂക്ഷിച്ചിരുന്നത്രെ.

ഉപ്പും ഐസും ചേർത്തു വച്ചിരിക്കുന്ന വലിയൊരു പാത്രത്തിനുള്ളിൽ വയ്ക്കുന്ന പാത്രത്തിലാണ് ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നത്. ഇതിനെ പോട്ട്-ഫ്രീസർ രീതി എന്നാണ് പറഞ്ഞുവന്നിരുന്നത്. ഐസിൽ ഉപ്പു ചേർത്താൽ ഐസിന്റെ ഫ്രീസിങ്ങ് പോയന്റ് താഴുകയും ചെയ്യുമ്പോൾ ഐസ്‌ക്രീം എളുപ്പത്തിൽ ഉണ്ടാക്കാം.

ബാൾട്ടിമോറിലെ ജേക്കബ് ഫസൽ വൻ‌തോതിൽ ഐസ്‌ക്രീം ഉണ്ടാക്കിതുടങ്ങിയ ആദ്യവ്യക്തി. പെനിൻസിൽ‌വാനിയയിലെ യോർക്കിൽ നിന്നു പാലുൽപ്പന്നങ്ങൾ വാങ്ങി, ബാൾട്ടിമോറിൽ എത്തിച്ചു വിൽക്കലായിരുന്നു അദ്ദേഹത്തിന്റെ ജോലി. ചിലപ്പോൾ ആവശ്യക്കാർ കുറയുമ്പോൾ ക്രീം കുറെ ബാക്കിയായിരുന്നു. അതിനെ അദ്ദേഹം ഐസ്‌ക്രീമാക്കി വിറ്റു തുടങ്ങി. ആദ്യത്തെ ഐസ്ക്രീം ഫാക്ടറി അദ്ദേഹം1851ൽ പെനിൻസിൽ‌വാനിയയിലെ സെവൻ ഹിൽ‌സിലാണ് തുടങ്ങിയത്. രണ്ടു വർഷത്തിനു ശേഷം ബാൾട്ടിമോറിലേക്ക് മാറ്റിസ്ഥാപിച്ചു. പിന്നീട് അനേകം ഫാക്ടറികൾ തുടങ്ങുകയും മറ്റുള്ളവരെ ഈ വിദ്യ പഠിപ്പിക്കുകയും ചെയ്തു. വൻ തോതിലുള്ള ഉത്പാദനം ഐസ്‌ക്രീമിന്റെ പ്രചാരം കൂട്ടുകയും വിലകുറയ്ക്കുകയും ചെയ്തു.

1870ൽ ജർമ്മൻ എൻ‌ജിനിയറായിരുന്ന കാൾ വോൺ ലിന്റെയുടെ വ്യാവസായിക റെഫ്രിജറേഷന്റെ കണ്ടുപിടിത്തം സ്വാഭാവിക ഐസ് വെട്ടിയെടുത്ത് കാലങ്ങളോളം സൂക്ഷിക്കേണ്ടതിന്റെ ആവശ്യം ഇല്ലാതാക്കി. 1926ൽ തുടർച്ചയായി പ്രവർത്തിക്കുന്ന ഫ്രീസറിന്റെ വരവും കൂടിയായതോടെ ഐസ്ക്രീമിന്റെ വൻ‌തോതിലുള്ള വ്യാവസായിക ഉത്പാദനം എളുപ്പമാക്കുകയും ആധുനിക ഐസ്‌ക്രീം വ്യവസായത്തിന്റെ തുടക്കം കുറിക്കുകയും ചെയ്തു

1997ൽ മൈക്രൊബാച്ച് ഐസ്‌ക്രീം ഉത്പാദനം തുടങ്ങി. [4]

വിതരണം

[തിരുത്തുക]

ഫാക്ടരികളിൽ നിന്നും ഫ്രീസർ ഘടിപ്പിച്ച വാഹങ്ങളിലോ ഇൻസുലേറ്റ് ചെയ്ത പെട്ടികളുപയോഗിച്ചോ കച്ചവടസ്ഥാപങ്ങളിൽ എത്തിക്കും.

ചേരുവകൾ

[തിരുത്തുക]

ഐസ്‌ക്രീമിൽ താഴെ പറയുന്ന ഘടകങ്ങൾ കണ്ടുവരുന്നു. താഴെ പറയുന്നവ തൂക്കത്തിന്റെ ശതമാനത്തിലാണ്.

10% ൽ കൂടുതൽ പാൽകൊഴുപ്പ് (16% വരെ കാണാറുണ്ട്.) 9 മുതൽ 12% വരെ പാലിലെ ഖരവസ്തുക്കൾ (serum solids-SNF) 12% മുതൽ 16% വരെ മധുരം കൊടുക്കുന്ന വസ്തുക്കൾ 0.2% മുതൽ 0.5% വരെ സ്റ്റബിലൈസേഴ്സും എമത്സിഫയേഴ്സും 55% മുതൽ 64% വരെ പാലിൽ നിന്നോ മറ്റു ചേരുവകളിൽ നിന്നോ ഉള്ള വെള്ളം.

വായു ചേർത്താൽ വ്യാപ്തം ഇരട്ടിയാവുന്നതുകൊണ്ടാണ് കണക്കുകൾ തൂക്കത്തിൽ കൊടുത്തിരിക്കുന്നത്..


മിൽക്ക് സോളിഡ്സ്-നോട്ട്-ഫാറ്റ് (MSNF)

[തിരുത്തുക]

ഇതിൽ ലാക്ടോസ്, കെസീൻസ്, വേ പ്രോട്ടീൻ , ധാതുക്കൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇത് ഐസ്‌ക്രീമിന്റെ പ്രധാന ഘടകമാണ്. സാന്ദ്രത കൂടിയ സ്കിംഡ് പാലാണ് സാധാരണ ഉപയോഗിക്കുന്നത്.. എന്നാൽ പാൽപ്പൊടികളും ഉപയോഗിച്ചു കാണുന്നുണ്ട്.

ഇതിലടങ്ങിയിട്ടുള്ള പ്രോട്ടീനുകൾ ഐസ്‌ക്രീമിന്റെ മ്ര്ദുത്വത്തെ(texture) സ്വാധീനിക്കുന്നു.

കൂടുതൽ വാതകം ചേർക്കുന്നതിന് (over run) സഹായിക്കുന്നു.

വില കുറവാണ്.

പ്രോട്ടീനുകൾ

[തിരുത്തുക]

ഇവ മിശ്രിതത്തിന്റെ 4% വരും. ഐസ്ക്രീമിന്റെ ഘടനയെ വളരെ സഹായിക്കുന്നു, അതായത് എമൽ‌സിഫിക്കേഷനെ, അടിക്കുന്നതിനെ (whipping properties), ജലാംശം പിടിച്ചുനിർത്താനുള്ള കഴിവിനെ എല്ലാം സഹായിക്കുന്നു.

സിട്രേറ്റും ഫോസ്ഫേറ്റും

[തിരുത്തുക]

ഇവ കൊഴുപ്പുകളുടെ വിശ്ലേഷണത്തെ തടയുന്നു. കൂടുതൽ ഈർപ്പമുള്ള ഐസ്ക്രീമുണ്ടാകുന്നതിന് സഹായിക്കുന്നു.

മധുര വസ്തുക്കൾ

[തിരുത്തുക]

ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതു് മധുരമുള്ള ഐസ്‌ക്രീമിനാണ്. തൂക്കത്തിന്റെ 12 മുതൽ 16 ശതമാനം വരെ മധുരം കൊടുക്കുന്ന വസ്തുക്കൾ ചേർക്കാറുണ്ട്. സുർക്കോസാണ് സാധാരണയായി ഉപയോഗിക്കുന്നത്. സുർക്കോസിനു പകരമോ ഭാഗികമായോ കോൺ സിറപ്പിൽ നിന്നു കിട്ടുന്ന മധുരവസ്തു ഉപയോഗിക്കുന്നതും പതിവാണ്.

ഇവയും പാലിന്റെ ഘടകങ്ങളിൽ ഉള്ള ലക്ടോസും ചേർന്ന് ഐസ്‌ക്രീമിന്റെ ഖരാങ്കം (freezing point) താഴ്ത്തുന്നു. അതുകൊണ്ട് അല്പം ജലം ഖനീഭവിക്കാതെ ബാക്കി ഉണ്ടാവും. ഈ ജലം ഉണ്ടായിരുന്നില്ലെങ്കിൽ ഐസ്‌ക്രീം ഉരുട്ടിയെടുക്കാൻ പറ്റുമായിരുന്നില്ല.

സ്റ്റബിലൈസേഴ്സ്

[തിരുത്തുക]

സംയുക്തകങ്ങളുടെ ഒരു കൂട്ടമാണിത്, പോളിസാക്കറൈഡ് ഫുഡ് ഗം (polysaccharide food gums) ആണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഇത് മിശ്രിതത്തിന്റെ വിസ്കോസിറ്റി കൂട്ടുകയും ഐസ്‌ക്രീം ഖനീഭവിക്കാതെ നോക്കുകയും ചെയ്യുന്നു.

എമൽ‌സിഫയേഴ്സ്

[തിരുത്തുക]

സംയുക്തകങ്ങളുടെ ഒരു കൂട്ടമാണിതും. ഐസ്ക്രീം സുഖമായി കഴിക്കുന്നതിനും അതു് ശരിയായി വായിൽ വച്ച് ഉരുകുന്നതിനും വേണ്ടി കൊഴുപ്പിന്റെ ഘടന ശരിയാക്കുന്നു. കൂടാതെ അതിൽ ചേർക്കുന്ന വാതകത്തിന്റെ വിതരണവും വേണ്ട വിധത്തിലാക്കുന്നു. എമൽ‌സിഫയരിന്റെ ഓരോ തന്മാത്രയിലും ഹൈഡ്രൊഫിലിക് ഘടകവും ഹൈഡ്രൊഫോബിക് ഘടകവുമുണ്ട്. ഇതിനായി മുട്ടയുടെ വെളുത്ത കരു ഉപയോഗിക്കും. ഇതിനു വേണ്ടി രാസ വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.

പോഷകമൂല്യം

[തിരുത്തുക]

പാലിലുള്ളതിനേക്കാൾ അല്പം കൂടുതൽ പ്രോട്ടീനും മൂന്നുരട്ടി കൊഴുപ്പുമുണ്ട്. കാത്സ്യവും ഫോസ്ഫറസും മറ്റു ലവണങ്ങളുമുണ്ട്.മറ്റു ഭക്ഷണങ്ങളിൽ സാധാരൺ കാണാത്ത അമിനോ അമ്ലങ്ങളുണ്ട്. വിറ്റാമിൻ എ, തയാമിൻ, നിയാസിൻ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നു. . [5]

നുറുങ്ങുകൾ

[തിരുത്തുക]
  • വേഗത്തിൽ ഫ്രീസ് ചെയ്താൽ ഐസ്‌ക്രീം കൂടുതൽ മൃദുവായിരിക്കും
  • ഉരുകിയ ഐസ്‌ക്രീമിനെ വീണ്ടും ഫ്രീസ് ചെയ്യരുത്.
  • മറ്റു രുചികളൊ മണമോ പിടിക്കാതിരിക്കാൻ ശീതികരണിയിൽ വയ്ക്കുമ്പോൾ നല്ല പോലെ മൂടി സൂക്ഷിക്കണം.
  • മിശ്രിതത്തിന്റെ നാലിൽ ഒരു ഭാഗത്തിനേക്കാൾ കൂടുതൽ പഞ്ചസാരയാവരുത്.
  • ഭാരം കൂടുതലുള്ള ഐസ്‌ക്രീമുകളിൽ വാതകം കുറവായിരിക്കും.
  • ഭാരം കൂടുതലുള്ള ഐസ്‌ക്രീമാണ് നല്ല ഐസ്ക്രീം.
  • മൃദുവായ ഐസ്‌ക്രീം ഉണ്ടാവാനും ഉരുട്ടിയെടുക്കുന്നതിനും ഐസ്‌ക്രീമിൽ അത്യാവശ്യത്തിന് വാതകം ചേർകേണ്ടതുണ്ട്. കൂടുതലായാൽ ഗുണം കുറയുമെന്നു മാത്രം.
  • ലോകത്തു വച്ച് അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ഐസ്‌ക്രീം കഴിക്കുന്നത്. ന്യൂസിലാന്റും ഡെന്മാർക്കുമാണ് അതിനു പിന്നിൽ.
  • വാനിലയാണ് ഐസ്‌ക്രീമിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന രുചി.
  • ഐസ്‌ക്രീമുകൾ ഏറ്റവും കൂടുതൽ ചെലവാകുന്നത് ഞായറാഴ്ചകളിലാണ്.

ഐസ്ക്രീം മാസം

[തിരുത്തുക]

ജൂലൈ മാസമാണ് ഐസ്‌ക്രീം മാസമായി അമേരിക്കയിൽ ആഘോഷിക്കുന്നത്. 1984 ൽ പ്രസിഡണ്ടായിരുന്ന രൊണാൾഡ് റീഗൺ ആണ് അമേരിക്കയുടെ പ്രിയപ്പെട്ട ഭക്ഷണത്തിന് ജൂലൈമാസത്തെ ചാർത്തിക്കൊടുത്തത്. ജൂലൈ 3 അമേരിക്കയുടെ ഐസ്‌ക്രീം ദിനവുമാണ്.

ഫെബ്രുവരി ആദ്യ ശനിയാഴ്ച ദിവസം ഐസ്ക്രീം ബ്രെയ്ക്ക് ഫാസ്റ്റ് ദിനമായി ആചരിക്കുന്നു. 1960 ൽ ന്യൂയോർക്കിലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. നേപ്പാൾ, നമീബിയ, ജർമ്മനി, ന്യൂസീലാൻഡ്, ഹോൺഡുറാസ്, ഇസ്രായേൽ, ചൈന എന്നീ രാജ്യങ്ങളിൽ ഐസ്ക്രീം ബ്രെയ്ക്ക് ഫാസ്റ്റ് ദിനം ആചരിക്കുന്നു.[6]


ഐസ്ക്രീം തലവേദന

[തിരുത്തുക]

വായുടെ മുകൾഭാഗത്തു് നാഡീകേന്ദ്രമുണ്ട്. അവിടെ നല്ല തണുപ്പു തട്ടുമ്പോൾ അവിടെയുള്ള രക്തക്കുഴലുകൾ വികസിക്കുകയും ശക്തമായ തലവേദന ഉണ്ടാവുകയും ചെയ്യും. ഇത് 40 സെക്ക്ന്റ് മാത്രം നിൽക്കുകയും ചെയ്യും. ഇതിനെ ‘’‘ബ്രെയിൻ ഫ്രീസ്‘’‘ എന്നും പറയും. [7] മുകൾ ഭാഗത്ത് തട്ടാതെ ഐസ്‌ക്രീം കഴിച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം.

പാചകവിധി

[തിരുത്തുക]

മുട്ട ചേർക്കാത്ത ഐസ്‌ക്രീം

[തിരുത്തുക]

1 കപ്പ് പാൽ

1 ടേബിൾ സ്പൂൺ നിറയെ കോൺഫ്ലവർ

7 ടേബിൾ സ്പൂൺ നിറയെ പഞ്ചസാര

1½ ടേബിൾ സ്പൂൺ കണ്ടൻസ്ഡ് മിൽക്ക്

1കപ്പ് ക്രീം

1 ടീസ്പൂൺ വാനില എസ്സൻസ്

നിറം ആവശ്യമുണ്ടെങ്കിൽ ചേർക്കാവുന്നതാണ്.

പാൽ തിളപ്പിക്കുക. കുറച്ചു തണുത്ത പാലിലേക്ക് കോൺഫ്ലവർ ഇട്ട് ഇളക്കി, അത് തിളച്ചുകൊണ്ടിരിക്കുന്ന പാലിലേക്ക് ചേർക്കുക. അല്പം വറ്റുന്നതു വരെ തിളപ്പിക്കുക. അതിനുശേഷം കണ്ടൻസ്ഡ് മിൽക്കും പഞ്ചസാരയും ചേർത്തിളക്കുക. മിക്സിയോ ബ്ലെന്ററോ ഉപയോഗിക്കുന്നതാണ് നല്ലത്. കുറച്ചുകൂടി തണുത്ത ശേഷം ക്രീം ചേർത്ത് വീണ്ടും നന്നായി ഇളക്കുക. ഫ്രീസറിൽ വച്ച് ഖനീഭവിപിക്കുക. പകുതി ഉറച്ചതിനു ശേഷം വീണ്ടും നന്നായി ഇളക്കുക. അര മണിക്കൂർ ഇടവിട്ട് ഇളക്കുന്നത് ക്രിസ്റ്റൽ രൂപപ്പെടുന്നത് ഇല്ലാതാക്കും.


അവലംബം

[തിരുത്തുക]
  1. The origin of ice-cream, BBC. Retrieved October 26, 2009.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-16. Retrieved 2011-08-28.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-16. Retrieved 2011-08-28.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-05. Retrieved 2011-08-28.
  5. http://www.dairyforall.com/icecream.php
  6. "Ice Cream for Breakfast Day".
  7. http://www.buzzle.com/articles/ice-cream-facts-about-ice-cream.html
"https://ml.wikipedia.org/w/index.php?title=ഐസ്‌ക്രീം&oldid=3726261" എന്ന താളിൽനിന്ന് ശേഖരിച്ചത്