മീനച്ചിലാർ
മീനച്ചിലാർ | |
---|---|
Physical characteristics | |
നദീമുഖം | വേമ്പനാട്ട് കായൽ |
നീളം | 78 km (48 mi) |
കേരളത്തിലെ ഒരു ജില്ലയായ കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട് കായലിൽ ചെന്നു ചേരുന്നു.[1]
പശ്ചിമഘട്ടത്തിൽ നിന്നും ഉൽഭവിക്കുന്ന പല അരുവികൾ ചേർന്നാണ് മീനച്ചിലാറ് ഉണ്ടാവുന്നത്. നദിയുടെ കടൽനിരപ്പിൽ നിന്നുള്ള ഉയരം മലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ 77 മുതൽ 1156 മീറ്റർ വരെയും മദ്ധ്യ പ്രദേശങ്ങളിൽ 8 മുതൽ 68 മീറ്റർ വരെയും താഴ്ന്ന പ്രദേശങ്ങളിൽ 2 മീറ്ററിൽ താഴെയുമാണ്. 1208 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ മീനച്ചിലാർ നനയ്ക്കുന്നു. ഒരു വർഷം 23490 ലക്ഷം ഘന മീറ്റർ ജലം മീനച്ചിലാറിൽ കൂടി ഒഴുകുന്നു. ഉപയോഗയോഗ്യമായ 11100 ലക്ഷം ഘന മീറ്റർ ജലം മീനച്ചിലാർ വർഷംതോറും പ്രദാനം ചെയ്യുന്നു. ചെറുതും വലുതുമായി 38 പോഷക നദികളാണ് മീനച്ചിലാറിനുള്ളത്. ഇവയ്ക്കു പുറമേ മീനച്ചിലാറിൽ ലയിക്കുന്ന 47 ഉപ-പോഷക നദികളും 114 ചെറിയ അരുവികളും ഉണ്ട്.
ചരിത്രം
[തിരുത്തുക]മീനച്ചിലാറിന്റെ പഴയ പേരാണ് ഗൗണാർ. വേമ്പനാട്ടു കായലിൽ പതിക്കുന്നു. കവണാർ [1]എന്നും കൗണാർ വിളിക്കപ്പെട്ടിരുന്നു.[2] തമിഴ്‌നാട്ടിലെ കുംഭകോണത്തുനിന്നും കർഷകരായ വെള്ളാളരും കാവേരിപൂം പട്ടണത്തു നിന്നും കച്ചവടക്കാരായ വെള്ളാളരും കേരളത്തിലെ മലയോര മേഖലകളിലേക്കു കുടിയേറി. ഇരുകൂട്ടരും മധുര മീനാക്ഷിഭക്തരായിരുന്നതിനാൽ, അവർ കുടിയേറിയ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും മീനാക്ഷി കോവിലുകൽപണിയിച്ചതോടെ, പ്രദേശത്തിനു മീനച്ചിൽ എന്നു പേരു വീണു. ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്ന ഗൗണാർ മീനച്ചിലാറും ആയിത്തീർന്നു എന്നു വിശ്വസിക്കപ്പെടുന്നു. കോട്ടയം നാഗമ്പടത്തിനു ശേഷം മീനച്ചിലാർ കവണാർ എന്നാണ് വിളിക്കപ്പെടുന്നത്.[1]
1750 ജനുവരി 3- നു മാർത്താണ്ഡവർമ്മ മഹാരാജാവ് ആദ്യ തൃപ്പടി ദാനം നടത്തി ശ്രീപദ്മനാഭ ദാസനാകുമ്പോൾ, തിരുവിതാംകൂറിന്റെ അതിർത്തി കവണാർ ആയിരുന്നതായി രേഖകളിൽ നിന്നു മനസ്സിലാകാം. മീനച്ചിൽ ആർ എന്ന പേർ അതിനുശേഷമാണുണ്ടായത്.
“ | മാർത്താണ്ഡവർമ്മരായ തൃപ്പാപ്പൂർ മൂപ്പിൽ നിന്നും താങ്കൾക്കൊള്ള
തോവാളകോട്ടക്കു പടിഞ്ഞാറ് കവണാറിനു കിഴക്കൊള്ള ഈ രാച്ചിയത്തിനകത്തൊള്ള നാളിതുവരെ നമക്ക് അവകാശമായിട്ട് അപഭവിച്ചു വരുന്ന വത്തുകൃത്യങ്ങളും താനമാനങ്ങളും ഏർപ്പേരിൽപ്പെട്ടതും പെരുമാൾ ശ്രീപണ്ടരാത്തിലേയും ചർച്ച്വാർപ്പണമായി ആചന്നിരാർക്കമേ എഴുതിക്കൊടുത്താൻ |
” |
എന്നായിരുന്നു ത്രിപ്പടിദാനത്തിലെ പ്രസക്തമായ വരികൾ.[3]
പേരിനു പിന്നിൽ
[തിരുത്തുക]തമിഴ്നാട്ടിൽ നിന്നും വന്നവർ നാടു വാണകാലത്ത് അവരുടെ കുലദൈവമായ മധുരമീനാക്ഷിയുടെ നാമത്തിൽ തങ്ങൾക്കൊരു നാടും നദിയും വേണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നിലവിൽ വന്ന മീനാക്ഷിയാർ ലോപിച്ചാണ് മീനച്ചിലാർ ആയതെന്നു പറയപ്പെടുന്നു.[1]
ഐതിഹ്യം
[തിരുത്തുക]അഗസ്ത്യമഹർഷിയുടെ കമണ്ഡലു മറിഞ്ഞ് കാവേരി നദി ഉദ്ഭവിച്ചപോലെ ഗൗണമഹർഷിയുടെ കമണ്ഡലു മറിഞ്ഞപ്പോൾ ഉൽഭവിച്ച ജലപ്രവാഹത്തിൽ നിന്നു രൂപമെടുത്തു എന്നാണ് ഐതിഹ്യം.[4].[1] തന്മൂലമാണ് നദിയ്ക്ക് ഗൗണാർ എന്ന പേര് വന്നത്. ഇത് ലോപിച്ച് കവണാറും കൗണാറുമായി.
പദ്ധതികൾ
[തിരുത്തുക]കേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് മീനച്ചിലാറിൽ നിന്നുള്ള വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് തിരിച്ചുവിടാനായി വാഗമണ്ണിന് അടുത്തായി രണ്ട് തുരങ്കങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇവയിൽ ഒരെണ്ണം വഴിക്കടവ് തടയണയിൽ നിന്ന് കരിന്തിരിയിലേക്കും മറ്റേത് കൂട്ടിയാർ നിന്ന് കപ്പക്കനത്തേക്കുമാണ്.
കേരള സർക്കാർ 2006-ൽ മീനച്ചിൽ നദീതട പദ്ധതിക്ക് ഉയർന്ന പ്രാധാന്യം നൽകിയിരിക്കുന്നു. ഈ പദ്ധതി മൂവാറ്റുപുഴയിലുള്ള അധിക ജലത്തെ മീനച്ചിലാറിലേക്ക് തിരിച്ചുവിടാനായി അറക്കുളത്തുനിന്ന് മേലുക്കടവിലേക്ക് ഒരു തുരങ്കം നിർമ്മിക്കാൻ വിഭാവനം ചെയ്യുന്നു. തുരങ്കത്തിന്റെ നിർമ്മാണം ഈ പ്രദേശത്തെ ജല ലഭ്യത കൂട്ടുവാൻ സഹായിക്കുന്നു.
പരിസ്ഥിതി പ്രശ്നങ്ങൾ
[തിരുത്തുക]അടുത്തകാലത്തായി മീനച്ചിൽ നദീതടത്തിൽ പല പ്രധാന പരിസ്ഥിതി പ്രശ്നങ്ങളും ഉടലെടുത്തിരിക്കുന്നു. അവയിൽ ചിലത് ചുവടെ ചേർക്കുന്നു.
- മീനച്ചിലാറിലെ ജലം വഴിക്കടവ് തടയണയിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് തിരിച്ചുവിടുന്നത് നദിയിലെ ജല ലഭ്യത കുറയ്ക്കുന്നു.
- വാഗമണിൽ വിനോദ സഞ്ചാരത്തിന്റെ അമിതമായ ആധിക്യം മീനച്ചിലാറിന്റെയും പരിസര പ്രദേശത്തെയും ജീവജാലങ്ങളെയും പരിസ്ഥിതി സന്തുലിതാവസ്ഥയെയും ബാധിക്കുന്നു.
- ഒരുപാട് തടയണകളുടെ നിർമ്മാണം
- അനധികൃത മണൽവാരൽ മൂലം നദിയുടെ അടിത്തട്ട് നശിച്ചു.
- നെൽപ്പാടങ്ങൾ നികത്തി വാണിജ്യ-ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
- നെൽപ്പാടങ്ങളിൽ നിന്ന് കളിമണ്ണും ചെളിയും ചുടുകട്ട വ്യവസായത്തിനായി വാരിക്കൊണ്ടുപോവുന്നത്.
- ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നി സ്ഥലങ്ങളിൽ നിന്ന് നദിയിലേക്ക് നഗര മാലിന്യങ്ങൾ തള്ളുന്നത്.
സാംസ്കാരിക സ്വാധീനം
[തിരുത്തുക]കോട്ടയം (കോട്ടയ്ക്കകം), ഹെറിറ്റേജ് പ്രദേശം ആയി അംഗീകാരം കിട്ടിയ താഴത്തങ്ങാടി, എം.ബി.ബി.എസ്സ് ബിരുദം എടുത്ത ആദ്യ മലയാളി ഡോ. പുന്നൻ ലൂക്കോസിന്റെ ജന്മനാടായഅയ്മനവും മീനച്ചിലാറിന്റെ കരയിലാണ്. അരുന്ധതി റോയിയുടെ ബുക്കർ സമ്മാനം ലഭിച്ച കൃതിയായ "ദ് ഗോഡ് ഓഫ് സ്മാൾ തിംഗ്സ്" (കൊച്ചു കൊച്ചു കാര്യങ്ങളുടെ തമ്പുരാൻ) മീനച്ചിലാറ് ഒഴുകുന്ന അയ്മനം ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് എഴുതിയിരിക്കുന്നത്. അരുന്ധതിയുടെ നോവലിലെ കഥാപാത്രവുമാണ് മീനച്ചിലാർ.[5] കാക്കനാടന്റെ ഒറോത എന്ന കൃതിയിലെ മുഖ്യകഥാപാത്രമായ ഒറോത തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയവളാണ്[6]. 1997-ൽ പുറത്തിറങ്ങിയ ലേലം എന്ന ചിത്രത്തിൽ എം.ജി. സോമൻ അവതരിപ്പിച്ച ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം, മീനച്ചിലാറ് നീന്തിക്കയറി കാട്ടിൽ കള്ളക്കാച്ച് തുടങ്ങിയാണ് താൻ മദ്യവ്യവസായത്തിലേയ്ക്ക് കടന്നതെന്ന് പറയുന്നുണ്ട്.
ചിത്രശാല
[തിരുത്തുക]-
മീനച്ചിലാർ ഈരാറ്റുപേട്ടയിൽ
-
മീനച്ചിലാർ പൂഞ്ഞാറിൽ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "തുള്ളൊയൊഴുകിയിരുന്നു, ഒരു കാലം". മനോരമ ഓൺലൈൻ. 2013 ഒക്ടോബർ 4. Archived from the original on 2013-10-04. Retrieved 2013 ഒക്ടോബർ 4.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ വിശ്വവിജ്ഞാന കോശം, എൻ.ബി.എസ്സ്, 5/69
- ↑ വിജ്ഞാനകോശം,എൻ.ബി.എസ്സ് , 9/627
- ↑ ക്ഷേത്രവിജ്ഞാന കോശം,പി. രാജേന്ദ്രൻ, ഡി.സി ബുക്സ്
- ↑ ഗോഡ്സ് ഓഫ് സ്മോൽ തിങ്ങ്സ്, അരുന്ധതി റോയ്
- ↑ ടി ടി പ്രഭാകരൻ. "ഒറോത". ദേശാഭിമാനി. Retrieved 11 ഓഗസ്റ്റ് 2012.[പ്രവർത്തിക്കാത്ത കണ്ണി]