Jump to content

വെള്ളാളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദ്രാവിഡജനതതയിലെ പ്രധാന വിഭാഗമാണ് വെള്ളാളർ. സംഘകാലത്തെ കൃഷീവലരിൽപ്പെട്ട ഒരു വിഭാഗമാണിവർ. സംഘകാലത്ത് ഏറ്റവും ബഹുമാന്യർ "അറിവോർ" എന്ന ജ്ഞാനികളായിരുന്നു. എണ്ണത്തിൽ കുറവായിരുന്ന അവർ ഗ്രാമങ്ങളിൽ ശാന്തജീവിതം നയിച്ചു. സമൂഹത്തിൽ അടുത്ത സ്ഥാനം ഉഴവർ എന്നറിയപ്പെട്ട കൃഷീവലർക്കായിരുന്നു. കുലീനരായിരുന്ന അവരിൽ രണ്ടു വിഭാഗം ഉണ്ടായിരുന്നു. ജലസ്രോതസ്സുകളിലെ വെള്ളം കൊണ്ടു കൃഷി ചെയ്യുകയും വെള്ളപ്പൊക്കം തടയുകയും ചെയ്തിരുന്നവർ വെള്ളാളരെന്നും കാർമേഘം നൽകുന്ന മഴവെള്ളം സംഭരിച്ചു കൃഷി ചെയ്തിരുന്നവർ കരാളർ എന്നും അറിയപ്പെട്ടു[1].

ചേര-ചോള-പാണ്ഡ്യ രാജാക്കൻമാരും തമിഴകത്തെ മിക്ക ഇടപ്രഭുക്കളും വെള്ളാളരായിരുന്നു. ചെറിയ ഭൂവുടമകളെ വേൽക്കുടി വെള്ളാളർ എന്നു വിളിച്ചിരുന്നു. വൻകിട ഭൂവുടമകളെ മുതലിയാർ (ഒന്നാം നിരക്കാർ) എന്നും വിളിച്ചു. കന്നട നാട്ടിലെ ബല്ലാൽ വംശവും വെള്ളാളരാണ്‌. പ്ലിനി, ടോളമി എന്നിവരുടെ അഭിപ്രായത്തിൽ ഗംഗാനദിത്തീരങ്ങളിൽ താമസ്സിച്ചിരുന്ന ഗംഗറിഡെ വംശത്തിൽനിന്നുത്ഭവിച്ച വെള്ളാളർ ഗംഗാവംശർ അഥവാ ഗംഗാവതി എന്നറിയപ്പെട്ടു. [അവലംബം ആവശ്യമാണ്] 10-11 ശതകത്തിൽ വെള്ളാളർ മൈസ്സൂറിൽ കുടിയേറിയ പ്രദേശം ഗം-ഗാവതി എന്നറിയപ്പെട്ടു. ഒറീസ്സയിൽ പന്ത്രണ്ടാം ശതകത്തിൽ ഭരണം വഹിച്ച വെള്ളാളർ ഗംഗാ വംശർ എന്നറിയപ്പെട്ടു.[1]

വെള്ളാളോല്പത്തി - ഐതിഹ്യം[തിരുത്തുക]

തർസ്റ്റണും രങ്കാചാരിയും അവരുടെ ദക്ഷിണേന്ത്യയിലെ ജാതികളും വർഗ്ഗങ്ങളും എന്ന കൃതിയിൽ വെള്ളാളരുടെ ഉല്‌പ്പത്തിയെക്കുറിച്ചു രണ്ട്‌ ഐതിഹ്യങ്ങൾ പറയുന്നു.

പണ്ട്‌ മനുഷ്യർ പച്ച മാംസവും പച്ചിലകളും തിന്നു ജീവിച്ചിരുന്ന കാലത്ത്‌ ഒരിക്കൽ അതികഠിനമായ വരൾച്ച ബാധിച്ചു. മനുഷ്യർ ഭൂമി ദേവിയോടു കരുണ കാണിക്കണമെന്നപേക്ഷിച്ചു. ദേവി പ്രസാദിച്ചു. തന്റെ ശരീരത്തിൽ നിന്നും കലപ്പ ഏന്തിയ ഒരു മനുഷ്യനെ സൃഷ്ടിച്ചു. അയാൾ ഭൂമി ഉഴുതുന്ന രീതിയും കൃഷി ചെയ്യേണ്ടുന്ന വിധവും മനുഷ്യവർഗ്ഗത്തെ പഠിപ്പിച്ചു. ഈ അവതാര പുരുഷന്റെ വംശപരമ്പരകളാണ്‌ വെള്ളാളർ. ബ്രാഹ്മണാധിപത്യം വന്നപ്പോൾ വെള്ളാളരെ അവർ വൈശ്യരാക്കിയെങ്കിലും ഇത് ഇക്കൂട്ടർ അംഗീകരിച്ചിരുന്നില്ല[2][3][4]. കാലക്രമത്തിലവരിൽ ഗോവശ്യർ (ഇടയർ), ഭൂവൈശ്യർ (കർഷകർ), ധനവൈശ്യർ (കച്ചവടക്കാർ) എന്നീ ഉൾപ്പിരിവുകൾ ഉണ്ടായി.

രണ്ടാമത്തെ കഥയിൽ പാർവ്വതീ പരമേശ്വരൻമാർ സല്ലപിച്ചിരിക്കുമ്പോൾ വിശ്വകർമ്മാവ്‌ മുന്നറിയിപ്പില്ലാതെ അവരുടെ സവിധത്തിൽ ചെല്ലുന്നു. കുപിതയായ പാർവ്വതി വിശ്വകർമ്മാവിനെ വധിക്കാൻ ഭൂമിയിൽ ഒരു ദിവ്യരൂപം കിരീടധാരിയായി എത്തുമെന്നു ശപിച്ചു. അത്‌ സംഭവിക്കുന്നത്‌ ഗംഗാതീരത്തായിരിക്കുമെന്നും പാർവ്വതി അരുളിച്ചെയ്തു. തന്നെ വധിക്കാൻ അവതരിക്കുന്ന വ്യക്തിയെ താൻ ഒരൊറ്റ വെട്ടിനു വധിക്കുമെന്നു വിശ്വകർമ്മാവ്‌ പ്രതിജ്ഞ ചെയ്തു. ഉടവാളുമായി വിശ്വകർമ്മാവ്‌ ഗംഗാതീരത്തു കാത്തിരിപ്പായി. ഒരുനാൾ സുമുഖനായ ഒരു കിരീടധാരി ഗംഗാതീരത്തു നിന്നും ഉയർന്നു വന്നു. കോപാന്ധനായ വിശ്വകർമ്മാവ്‌ ആഞ്ഞു വെട്ടി എന്നാൽ ശത്രുവിന്റെ കിരീടം മാത്രം താഴെ വീണു. ഭൂമിജാതൻ സ്വർണ്ണക്കലപ്പയുമായി ഉയർന്നു വന്നു. വിശ്വകർമ്മാവ്‌ വീണ്ടും വെട്ടാൻ തുനിഞ്ഞപ്പോൾ ബ്രഹ്മ-വിഷ്ണു-മഹേശ്വരൻമാർ പ്രത്യക്ഷരായി ഒറ്റവെട്ടിനു വധിക്കാൻ സാധിക്കാത്തതിനാൽ, ഇനി അദ്ദേഹത്തിനു വെട്ടാൻ അവകാശമില്ല എന്നുരുളി. വിശ്വകർമ്മാവ്‌ തുടർന്ന്‌ തന്റെ പുത്രരായ ആശാരി, കൊല്ലൻ, മൂശാരി, തട്ടാൻ, തച്ചൻ എന്നിവരെ ആശ്രിതരായി ഭൂമിപാലകനു നൽകി അനുഗ്രഹിച്ചു. ഭൂമിപാലകൻ എന്നും മുർദകപാലകൻ എന്നും അറിയപ്പെടും എന്നു ത്രിമൂർത്തികൾ അരുളി എന്നാണ് വിശ്യാസം. ജനനസമയത്ത്‌ കിരീടം നഷ്ടപ്പെട്ടതിനാൽ, ഭൂമിപാലകനും പരമ്പരയ്ക്കും ഒരു കാലത്തും രാജാവാകാൻ അവകാശമുണ്ടാവില്ല. എന്നാൽ അവർക്ക്‌ കിരീടധാരണസമയം രാജശിരസ്സിൽ കിരീടം വയ്ക്കാനുള്ള അവകാശമുണ്ടായിരിക്കും. ദേവേന്ദ്രനും കുബേരനും പ്രത്യക്ഷരായി അവരുടെ പുത്രിമാരെ ഭൂമിപാലകനു വിവാഹം ചെയ്തു കൊടുത്തു. നിലമുഴാനായി പരമശിവൻ തന്റെ വെള്ളക്കാളയേയും യമരാജൻ വെള്ളപ്പോത്തിനേയും നൽകി അനുഗ്രഹിച്ചു. അവരുടെ പിൽക്കാല തലമുറകൾ കൃഷിക്കാരും ആടുമാടുകളെ വളർത്തുകാരും (ഗോപാലകർ) കച്ചവടക്കാരും ആയി വേർതിരിഞ്ഞു. പക്ഷേ എല്ലാവരും വെള്ളാളർ തന്നെ.

വെള്ളാളർ - പല പേരുകളിൽ[തിരുത്തുക]

വേളിർ, വേളാർ, ചെട്ടി, നായ്ക്കർ, മുതലിയാർ, റെഡ്ഡി, കരാളർ, പെരുക്കാളർ, നാട്ടാർ, കോനാർ, പിള്ള എന്നീ പേരുകളിൽ വെള്ളാളർ അറിയപ്പെടുന്നു. ചെട്ടി "ശ്രേഷ്ഠി" എന്നതിന്റെ തദ്ഭവമാണെന്ന് കരുതുന്നു. കവി കമ്പർ, ഏർ എഴുപത്‌ എന്ന കൃതിയിൽ വെള്ളാളരേക്കാൾ ഉയർന്ന വംശം മറ്റൊന്നില്ല എന്നെഴുതിയിട്ടുണ്ട്. ചേക്കിഴാതർ പിള്ളത്തമിഴ്‌ എന്ന കൃതിയിലും അതു തന്നെ പറയുന്നു.

വേദാദ്ധ്യയനം, ദാനം, കൃഷി, ഗോപാലനം, വാണിജ്യം, ദൈവപൂജ എന്നീ ആറു കർമ്മങ്ങൾ അനുഷ്‌ഠിക്കുന്നവരാണ് വെള്ളാളർ. "വേളാൺ മാന്തർക്കു ഉഴുതൂൺ അല്ലതു ഇല്ലെന മൊഴിപ പിറവ കൈനികഴ്‌ചി" എന്നു തൊൽകാപ്പിയം പറയുന്നു. ഉഴുതുണ്ടു ജീവിക്കുക മാത്രമാണ്‌ വെള്ളാളർക്കുള്ളത്‌ എന്നർഥം. എല്ലാ ജീവിതവൃത്തിയിലും അവർ ഏർപ്പെട്ടിരുന്നുവെങ്കിലും മുഖ്യം കാർഷികവൃത്തി തന്നെയായിരുന്നു.

ഇംഗ്ലീഷുകാരുടേയും പാശ്ചാത്യരുടേയും വരവോടെ വെള്ളാളരിൽ ഗണ്യമായ സംഖ്യ ക്രിസ്തുമതത്തിൽ ലയിച്ചു. "കോയിയൻമാരെ" ഓടിച്ച, കടത്തനാടൻ മല്ലയോദ്ധാകൾക്കു "കർത്താവു സ്ഥാനം" (ചിങ്ങരു) കൊടുത്തു തെക്കുംകൂർ രാജാവ്‌ ഇടപ്രഭുക്കളാക്കുകയും, കർത്താക്കൻമാർ തങ്ങൾക്കിഷ്ടമില്ലാത്ത കാര്യമേതോ ചെയ്തപ്പോൾ, തെക്കുംകൂർ രാജാവിനോടുള്ള പ്രതിഷേധമായി പഴയ തെക്കുംകൂർ പ്രദേശത്തെ വെള്ളാളരിൽ നല്ലൊരു പങ്ക്‌ കൊല്ലത്തു പോയി ക്രിസ്ത്യാനികളായിമാറി എന്നും പഴമക്കാർ പറയുന്നു. മീനച്ചിൽ പ്രദേശത്തെ ക്രിസ്ത്യാനികൾ, വെള്ളാളരുടെ പാരമ്പര്യം കാത്തു സൂക്ഷിച്ച്‌ കാർഷികവൃത്തി തുടരുകയും പ്രമുഖ കൃഷിക്കാരും തോട്ടമുടമകളും ആയി മാറുകയും ചെയ്തു.

വെള്ളാളരിലെ ഉൾപ്പിരിവുകൾ[തിരുത്തുക]

ചിങ്കൽ‌പേട്ട, വടക്കെ ആർക്കാട്‌ ജില്ലകളുൾപ്പെട്ട തോണ്ഡമണ്ഡലത്തിലെ മുതലിയാർ, റെഡ്ഡികൾ, നായനാർമാർ; കുംഭകോണം, തഞ്ചാവൂർ, തൃശ്ശിനാപ്പള്ളി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ചോളദേശത്തെ പിള്ളമാർ; മധുര, രാമനാഥം, തിരുനെൽ‌വേലി എന്നിവ ഉൾപ്പെടുന്ന പാണ്ഡ്യദേശത്തെ പിള്ളമാർ; കൊങ്ങുനാട്ടിലെ ഗൗണ്ടർമാർ എന്നിവർ വെള്ളാളരിലെ പ്രമുഖ ഉപവിഭാഗങ്ങളാണ്‌. ഓരോ വിഭാഗത്തിനും ഉപവിഭാഗങ്ങളുണ്ട്‌. കേരളത്തിൽ നാഞ്ചിനാട്ടുവെള്ളാളർ, ശൈവവെള്ളാളർ‍, തൊടുപുഴ വെള്ളാളർ എന്നിങ്ങനെ ഉപവിഭാഗങ്ങളുണ്ട്‌. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിൽനിന്നും വെള്ളാളർ കേരളത്തിലേക്കു കുടിയേറി എന്നാണ് വിശ്വാസം.

തുളവ വെള്ളാളർ, പൂനമല്ലിക്കാർ, കൊണ്ടകെട്ടികൾ, വേളാർ ചെട്ടികൾ, കൊടിക്കാലർ, കാണക്കിളിനാട്ടാർ, കരക്കാട് വെള്ളാളർ, നങ്കടികൾ, പഞ്ചകൾ, അറിം‌പൂർ വെള്ളാളർ, ചെറുകുടികൾ, വീരകുടികൾ, അകമുടയാർ, നീർപോഓശികൾ, കോട്ടവെള്ളാളർ, തങ്കാശി വെള്ളാളർ, ചെന്തകൊണ്ടന്മാർ, പടൈവെള്ളാളരിലെ തല വെള്ളാളർ, വെള്ളിക്കൈയ്യർ, പവിഴംകൊട്ടികൾ, മലയടികൾ, തൊള്ളക്കാർ, ആറ്റികരക്കാർ എന്നിങ്ങനെ നിരവധി ഉപവിഭാഗങ്ങളുണ്ട്‌ വെള്ളാളരുടെയിടയിൽ. ദേശത്തേയോ തൊഴിലിനേയോ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഈ ഉൾപ്പിരിവുകൾ. മറ്റുപല ജാതിക്കാരും വെള്ളാളരായി ഭാവിച്ചു ജീവിക്കുന്നുണ്ട്‌. വെള്ളാളർ ശൈവരും വൈഷ്ണവരുമുണ്ട്‌. ഇവരുടെ പുരോഹിതരെ "കുരുക്കളയ്യ"' എന്നു പറയും.

മുതലിയാർ ഓലകൾ[തിരുത്തുക]

നാഞ്ചിനാടിൽ അഴകിയ പാണ്ഡ്യപുരം എന്നൊരു ഗ്രാമമുണ്ട്‌. ഇവിടെയുണ്ടായിരുന്ന ശൈവവെള്ളാള കുടുംബത്തിനു ചോഴഭരണകാലത്തു തന്നെ മുതലിയാർ സ്ഥാനം ഉണ്ടായിരുന്നു. നാഞ്ചിനാട്ടിന്റെ സിവിൽഭരണം ഇവരായിരുന്നു നടത്തിയിരുന്നത്‌. നികുതി പിരിവ്‌, സിവിൽ വഴക്കുകൾ പറഞ്ഞു തീർക്കുക, ജലവിതരണം എന്നിവ ഇവർ നടത്തി. വേണാടു ഭരണം വന്നപ്പോഴും മുതലിയാർ തന്നെ നാഞ്ചിനാട്ടിലെ കാര്യങ്ങൾ നോക്കി നടത്തി. സായിപ്പിന്റെ കാലം വരെ ഇതു തുടർന്നു. അഴകിയപാണ്ഡ്യപുരം മുതലിയാരുടെ വീട്ടിൽ നാനൂറു കൊല്ലത്തെ ഭരണരേഖകൾ ഉണ്ട്‌. മുതലിയാർ ഓലകൾ എന്നറിയപ്പെടുന്ന ഈ രേഖകൾ കവിയും ഗവേഷകനുമായിരുന്ന കവിമണി ദേശികവിനായം പിള്ള പഠിച്ചു പ്രസിദ്ധീകരിച്ചു. പിന്നീട്‌ ധാരാളം ഓലകൾ കേരള സർക്കാരിനു കൈമാറി . പക്ഷേ അവയൊന്നും പഠനവിധേയമാക്കപ്പെട്ടില്ല. ആർക്കൈവുകളിൽ അവ പൊടിപിടിച്ചു കിടക്കുന്നു. ഇ..കെ പെരുമാൾ 2007 ല്‌ തമിഴിൽ മുതലിയാർ ഓലച്ചുരുളുകൾ എന്ന പേരിൽ വലിയൊരു കൃതിയായി അവ പ്രസിദ്ധീകരിച്ചു. തിരുവിതാംകൂരിന്റെ ചരിത്രത്തിൽ ഇടപെടാൻ ഉതകുന്ന പ്രധാനപ്പെട്ട രേഖകളാണിവ.[5]


തോണ്ഡമല വെള്ളാളർ[തിരുത്തുക]

പഴയ പല്ലവ രാജാക്കന്മാരുടെ അധീനതയിലിരുന്ന തമിഴ്‌-നാട്ടിലെ ചിങ്കൽപ്പേട്ട, ആർക്കാട്ട്‌ പ്രദേശങ്ങളിലെ വെള്ളാളരാണിവർ. മുതലിയാർ, റെഡ്ഡി, നായനാർ എന്നീ വിഭാഗങ്ങൾ ഇതിൽ പെടും.

ചോഴിയ വെള്ളാളർ[തിരുത്തുക]

ചോളരാജാക്കളുടെ അധീനതയിലായിരുന്ന തഞ്ചാവൂർ, തൃശ്ശിനാപ്പള്ളി എന്നീ പ്രദേശങ്ങളിൽ താമസിച്ചിരുന്ന വെള്ളാളർ.

വെള്ളാള പിള്ളമാർ[തിരുത്തുക]

പാണ്ഡ്യ രാജാധികാരത്തിൽ‌പ്പെട്ട മധുര, രാമനാഥം, തിരുനെൽവേലി പ്രദേശങ്ങളിൽ താമസിച്ചിരുന്ന വെള്ളാളർ പിള്ളമാർ എന്നറിയപ്പെടുന്നു. ഇവരിൽ വൈഷ്ണവരും ശൈവരും പെടും.

കൊങ്ങു വെള്ളാളർ[തിരുത്തുക]

കോയമ്പത്തൂർ, സേലം ജില്ലകളിൽ വസിക്കുന്ന വെള്ളാളർ.

കുംഭകോണം വെള്ളാളർ[തിരുത്തുക]

തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്തുണ്ടായിരുന്ന വെള്ളാളർ ഒരു കാലത്തു കേരളത്തിലേക്കു കുടിയേറി.അങ്ങനെ കുടിയേറിയ ഒരു കുടുംബത്തിൽപ്പെട്ട ആളാണ് ഞാൻ എൻറെ അപ്പൂപ്പനായ മിസ്റ്റർ പി എൻ പി പിള്ള ആണ് ആദ്യമായി വെള്ളാള സമുദായത്തിന് ഒത്തുമ്മ വേണമെന്ന് പറഞ്ഞുകൊണ്ട് വെള്ളാള അസോസിയേഷൻ ആരംഭിച്ചത് അതിൻറെ ആദ്യത്തെ ജനറൽ സെക്രട്ടറി എൻറെ പിതാവായ ശ്രീ പി ആർ രാജഗോപാലാണ് അദ്ദേഹത്തിൻറെ പ്രയത്നഫലം ആയിട്ടാണ് വെള്ളാള എന്ന ഒരു ജാതി ഉണ്ട് എന്നത് തന്നെ മലയാളികൾ അറിയുന്നത് ജീവിതകാലം മുഴുവൻ ജാതിക്കുവേണ്ടി പ്രവർത്തിച്ച അദ്ദേഹം ഇപ്പോൾ കാലത്തിൻറെ മറവിൽ മറഞ്ഞു പോയാലും അദ്ദേഹം വെള്ളാള സമുദായത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ സമുദായ അംഗങ്ങൾ തന്നെ മറന്നു പോകുന്നു എന്നുള്ളതാണ് ഏറ്റവും ദുഃഖകരമായ സത്യംസ്വന്തം ഭൂമിയും സ്വത്തും പണയപ്പെടുത്തി കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നം പരിസരങ്ങളിൽ ധാരാളം പൊതുപ്രവർത്തനങ്ങളും വെള്ളാള സമുദായത്തിന്റെ പേരിൽ ആശുപത്രിയും ഒരു വെള്ളാളയുടെയും സഹായമില്ലാതെ ജാതി പേരിൽ അദ്ദേഹം സ്ഥാപിച്ചിരുന്നു സത്യം പുറത്ത് പറയാതെ ജാതിയ വളർത്തിക്കൊണ്ടിരുന്നതിനാൽ മറ്റുള്ളവർക്ക് ഇത് മനസ്സിലാക്കാൻ കഴിയാതെ പോവുകയും വയസ്സുകാലത്ത് അദ്ദേഹത്തെ ചവിട്ടി പുറത്താക്കി മറ്റുള്ളവർ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങൾ അവരുടേത് മാത്രമാണെന്ന് വരുത്തി തീർക്കുകയും ചെയ്തു ഇപ്പോൾ കൂടെ വെള്ളാള മഹാസഭയുടെ ജനറൽ സെക്രട്ടറിയായിരുന്ന പി ആർ രാജഗോപാൽ എന്ന വ്യക്തിയുടെ പേര് പോലും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല സത്യം

നാഞ്ചിനാടുവെള്ളാളർ[തിരുത്തുക]

പഴയ വേണാടിന്റെ ഭാഗമായിരുന്ന നഞ്ചിനാട്ടിലെ വെള്ളാളർ. ഇവരാണ്‌ നഞ്ചിൽ അഥവ കലപ്പ കണ്ടുപിടിച്ചവർ. വേണാട്ടിനെ ചോറൂട്ടിയിരുന്ന കർഷകരായിരുന്നു ഇവർ. ഇരവികുട്ടിപിള്ളയെപ്പോലുള്ള പോരാളികളും ഇവരിലുണ്ടായിരുന്നു.

കോട്ട വെള്ളാളർ[തിരുത്തുക]

പാതിവ്രത്യത്തിനു വലിയ പ്രാധാന്യം കല്പ്പിച്ചിരുന്നവരാണ്‌ വെള്ളാളർ. പാർപ്പിടത്തിനു ചുറ്റും മൺകോട്ട കെട്ടി പരപുരുഷന്മാർ തങ്ങളുടെ സ്ത്രീകളെ കാണാതെ സൂക്ഷിച്ചിരുന്നവരാണ്‌ "കോട്ട വെള്ളാളർ". ഭർത്താവ്‌, മാതുലൻ, പിതാവ് ഇവർക്കു മാത്രമേ ഇവരുടെ സ്ത്രീകളെ കാണാൻ കഴിഞ്ഞിരുന്നുള്ളു. പക്ഷികളെ വളർത്തിയിരുന്നില്ല ഇവർ. സ്ത്രീകൾ അവയെ വിളിക്കുന്നത്‌ അന്യപുരുഷർ കേട്ടാലോ എന്നതായിരുന്നു കാരണം. വീടിനടുത്ത്‌ ഫലവൃക്ഷങ്ങളും നട്ടിരുന്നില്ല പഴം പറിക്കാൻ സ്ത്രീകൾ കൈ ഉയർത്തിയാൽ അന്യപുരുഷർ അതു കാണും എന്നതായിരുന്നു കാരണം[6].

കേരളത്തിലെ വെള്ളാളർ[തിരുത്തുക]

പഴയ തിരുവിതാംകൂറിൽ പ്രബല സമുദായമായിരുന്നു വെളളാളർ. തിരുവിതാംകൂറിന്റെ നെല്ലറകളിലൊന്നായിരുന്ന നാഞ്ചിനാട്‌ (നാഞ്ചിൽ+നാട്‌‌ ‌‌- കലപ്പയുടെ നാട്‌) തമിഴ്നാട്ടിൽ ചേർക്കപ്പെടുകയും കൊച്ചിയും മലബാറും ചേർക്കപ്പെടുകയും ചെയ്തപ്പോൾ വെള്ളാളരുടെ കേരളത്തിലെ പ്രാബല്യം കുറഞ്ഞു. എന്നാൽ തിരുവനന്തപുരം, പുനലൂർ, പത്തനംതിട്ട, പത്തനാപുരം, റാന്നി, ചിറക്കടവ്‌, തൊടുപുഴ, മൂവാറ്റുപുഴ, ആലപ്പുഴ, കൊച്ചി, ചിറ്റൂർ, പാലക്കാട്‌, കോഴിക്കോട് എന്നീ പ്രദേശങ്ങളിലായി 15-18 (൧൫-൧൮) ലക്ഷം വെള്ളാളർ കേരളത്തിലുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിലെ ഗൗണ്ടറന്മാരും വെള്ളാളരാണ്‌. പരമ്പര്യമായി നോക്കിയാൽ കർഷകരാണ് വെള്ളാളർ. അവരുടെ ഉല്പ്പത്തിയെക്കുറിച്ച് ഒരു കഥയുണ്ട്‌. കൃഷിപ്പണി അറിയില്ലാതിരുന്ന കാലത്ത്‌ കൊടുവേനലിനാൽ നാടെല്ലാം നശിച്ചു, ക്ഷാമബാധയിൽ നിന്നു രക്ഷപ്പെടാൻ മനുഷ്യർ ഭൂമിദേവിയുടെ അനുഗ്രഹത്തിനായി കേണു. ദേവി സ്വശരീരത്തിൽ നിന്നും കർഷകനെ സൃഷ്ടിച്ചു മനുഷ്യർക്കു നൽകി. അവരുടെ വംശപരമ്പരയാണ്‌ വെള്ളാളർ. [7]

വെള്ളാളരെക്കുറിച്ച് സംഘസാഹിത്യത്തിൽ[തിരുത്തുക]

തമിഴ് സംഘകൃതികളിൽ നല്ല പങ്കും കേരളത്തിലുണ്ടായവയാണ്‌. അക്കാലത്ത്‌ മലയാളം എന്നൊരു ഭാഷ ഉണ്ടായിരുന്നില്ല. അന്നത്തെ ദക്ഷിണേന്ത്യയുടെ ചരിത്രം കേരളത്തിൻറെ ചരിത്രവും ഉൾപ്പെട്ടതാണ്. അക്കാലത്തു ദക്ഷിണേന്ത്യയിൽ ഇടയർ, മറവർ, കുറവർ, പരതവർ, പാണൻ, വിരലിയർ, കുത്തർ, കൊല്ലർ, കുശവൻ, വണ്ണാൻ, അരചർ, അന്തണർ, വണികർ, വെള്ളാളർ എന്നിങ്ങനെ വിഭിന്ന വർഗ്ഗങ്ങളുണ്ടായിരുന്നു. തൊഴിൽ, പാർപ്പിടം എന്നിവ അടിസ്ഥാനമാക്കി ഉണ്ടായ വൈജാത്യമാണിത്‌. കുറിഞ്ചി (മലവാരം), മുല്ലൈ (കാട്‌), മരുതം (വയലും കരയും),പാലൈ (മഴയില്ലാത്ത സ്ഥലം), നെയ്തൽ (സമുദ്രതീരം) എന്നീ തിണകളിലായി അവർ പാർത്തിരുന്നു. കുറിഞ്ചിയിൽ കുറവരും മുല്ലൈ നിലങ്ങളിൽ ഇടയരും, പാലൈ നിലങ്ങളിൽ മറവരും, നെയ്തൽ പ്രദേശങ്ങളിൽ പരവതരും മരുത നിലങ്ങളിൽ കർഷകരായ വെള്ളാളരും പാർത്തിരുന്നു. ഇന്നത്തെ പോലുള്ള ജാതിവിവേചനം അന്നുണ്ടായിരുന്നില്ല. രാജ്യഭരണം, വിദ്യാഭ്യാസം, വാണിജ്യം, നെയ്ത്ത്‌, യുദ്ധം, യുദ്ധോപകരണ നിർമ്മാണം എന്നിവയിൽ ഏർപ്പെട്ടിരുന്നവരും ഉണ്ടായിരുന്നു. വിജ്ഞാനം, ധനം, പരാക്രമം, സൈന്യബലം, എന്നിവ കൊണ്ട്‌ ഔന്നത്യം നേടിയവർ രാജപദവിയിലും ജ്ഞാന സമ്പന്നർ അന്തണർ എന്ന നിലയിലും പൗരുഷവും സമ്പത്തുമുള്ളവർ വ്യാപാരികളായും കൃഷിപ്പണിയിൽ വ്യാപരിച്ചവർ വെള്ളാളരായും പ്രസിദ്ധിനേടി. "രാജാവിന്റെ ചെങ്കോലിനെ നയിക്കുന്നത്‌ വെള്ളാളൻ കലപ്പയടിക്കുന്ന ചെറുകോലാണ്‌" എന്നു മഹാകവി കമ്പർ പാടി. അന്തണരും സ്ത്രീകളൂം ഒഴിച്ചുള്ളവർ യുദ്ധകാലങ്ങളിൽ "പോർ മറവർ" എന്ന പേരിൽ രാജ്യസേവനം നടത്തി[8]

വെള്ളാളരും വേണാട്ട്‌ ആയ്‌ വേൾ വംശവും[തിരുത്തുക]

വേൾ (ആയ്‌ വേൾ രാജ വംശം) വംശത്തിന്റെ നാട്‌ എന്ന് അർത്ഥത്തിലാണ്‌ വേണാട്‌ എന്ന പേരുണ്ടായത്‌. ആയ്‌ രാജവംശം തെക്കൻ തിരുവിതാംകൂർ ഭരിച്ചിരുന്നു. വെള്ളാളരിൽ ആഭിജാത്യം കൂടിയവരായിരുന്നു ആയ്‌ വംശക്കാർ. ക്രി.പി. ഒന്നാം നൂറ്റാണ്ടിൽ മാവേൽ ആയ്‌ എന്ന വെള്ളാളനായിരുന്നു ആയ്‌വംശത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ അനന്തരഗാമികളിൽ ഔദാരശാലിയായിരുന്ന ആയ്‌ ആണ്ടിയൻ, ചടയൻ, കരുനന്ദനൻ, കരുനന്ദനന്റെ പുത്രൻ കരുനന്ദടക്കൻ, വിക്രമാദിത്യ വരഗുണൻ എന്നീ രാജാക്കന്മാർ ആയ്ക്കുടി രാജധാനിയാക്കി ഭരിച്ചിരുന്നു[9]. വിക്രമാദിത്യ വരഗുണനാണ്‌ പിൽക്കലത്ത്‌ ശബരിമല ശാസ്താവ്‌ ആയിത്തീർന്നത്‌ എന്നു പ്രൊഫ.മീരാക്കുട്ടി അഭിപ്രായപ്പെടുന്നു. പൊതിയിൽ മലയ്ക്കു സമീപമായിരുന്നു ആയ്‌ക്കുടി. അത്‌ എവിടെയായിരുന്നു എന്നു തിട്ടമില്ല. ചെങ്കോട്ടയ്ക്കു സമീപമുള്ള ആയ്ക്കുടിയിൽ പുരാതന ചരിത്രാവശിഷ്ടങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊതിയിൽ മലയെ ക്കുറിച്ചു ബൗദ്ധസാഹിത്യത്തിൽ പരാമർശമുണ്ട്‌. പശ്ചിമഘട്ടത്തിൽ സഹ്യപർവ്വത നിരകളിൽ കുമളിക്കു തെക്കായും തെന്മലയ്ക്കു വടക്കായും ഗുഹകളും ക്ഷേത്രങ്ങളും ഉള്ള ഒരു മലയായിട്ടാണ്‌ ബുദ്ധമതക്കാരായ സഞ്ചാരികൾ പൊതിയിൽ മലയെ വിശേഷിപ്പിച്ചിട്ടുള്ളത്‌.

ആയ്‌രാജാക്കന്മാർ തെക്കൻതിരുവിതാംകൂറിൽ ഭരണം നടത്തിയിരുന്നു എന്നതിന്റെ തെളിവാണ്‌ കുരുനന്ദനടക്കൻ മുഞ്ചിറയിൽ പാർഥിവശേഖരപുരത്ത്‌ ഒരു വിഷ്ണു ക്ഷേത്രവും വേദപാഠശാലയും സ്ഥാപിച്ചത്‌[10] ഏ.ഡി 864 അഥവാ കൊല്ല വർഷം(കൊ.വ) 40 ൽ ആണ്‌ ആയ്‌വേൾ വംശം അവിടെ വാണിരുന്നത്‌. പിൽക്കാലത്ത്‌ ആ സ്ഥലം വേണാട്ടിൽ ലയിക്കപ്പെട്ടു[11].

ആദികാല വേണാട്‌ രാജാക്കന്മാരെ ആറ്റിങ്ങലിനു സമീപമുള്ള കീഴ്‌പേരൂർ എന്ന സ്ഥലവുമായ്‌ ബന്ധിച്ചാണ്‌ വ്യവഹരിക്കാറ്‌. ആയ്ക്കുടിയിലും മുഞ്ചിറയിലും ആയിരുന്നു ആയ്‌ വേൾ വംശത്തിന്റെ ആസ്ഥാനങ്ങൾ. ഏതു കാലത്താണ്‌ ആയ്‌ രജവംശം വേണാട്ടിൽ ലയിച്ചതെന്ന്‌ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല[12]

പിള്ളയണ്ണൻ[തിരുത്തുക]

തിരുവിതാംകൂറിലെ റവന്യു-ദേവസ്വം പാർ‌വ്വത്യകാരന്മാരും അസ്സിസ്റ്റൻറുമാരും പിള്ളമാരായിരുന്നതിനാൽ ആ വക ഉദ്യോഗസ്ഥരെ "പിള്ളയണ്ണൻ" എന്നും വിളിച്ചു പോന്നു. തിരുവിതാംകൂറിലെ എല്ലാ "മണ്ഡപത്തിൻ വാതിൽക്കൽ കച്ചേരി"(താലൂക്ക് ആഫീസ്സ്) കളിലും കണക്കെഴുതുന്നതിനുള്ള ചുമതല വെള്ളാളർക്കു മാത്രമായിരുന്നു. താലൂക്ക് കേന്ദ്രങ്ങളിലെല്ലാം ഒന്നു രണ്ടു വെള്ളാള കുടുംബങ്ങളെങ്കിലും കാണപ്പെടാൻ ഇതാണു കാരണം. കണക്കെഴുത്തിൽ വെള്ളാളരുടെ വൈദഗ്ദ്ധ്യം ഇതിനു കാരണമായി. വെള്ളാളരുടെ വിവാഹവേളയിൽ വധുവിന്റെ വീട്ടുകാർ വരനു സമ്മാനിക്കുന്ന പാരിതോഷികങ്ങളിൽ പ്രധാനപ്പെട്ടത് "നാരായവും" പേനാക്കത്തിയും ആയിരുന്നതും അവരുടെ കണക്കിലെ സാമർഥ്യത്തിന്റെ സൂചനയാണ്. അക്കങ്ങളിൽ "കാണി, അരമാ, ഒരുമാ" തുടങ്ങിയ ചെറിയ അംശങ്ങൾ വെള്ളാളരുടെ കണക്കെഴുത്തിൽ മാത്രം കാണപ്പെട്ടിരുന്നു.[13]

കണക്കപ്പിള്ളമാർ[തിരുത്തുക]

പഴയ പാണ്ഡ്യരാജ്യത്തില്പെട്ട മധുര, തിരുനെൽവേലി പ്രദേശങ്ങളിൽ നിന്നും ചോളനാട്ടിൽപെട്ട തഞ്ചാവൂർ, കുംഭകോണം പ്രദേശങ്ങളിൽ നിന്നും തിരുവിതാംകൂറിലേക്കു കുടിയേറിയവരാണ് വെള്ളാളർ എന്നു "കവിമണി"ദേശികവിനായകം പിള്ള പറയുന്നു. അവരെല്ലാം തന്നെ കണക്കിൽ ജന്മനാ സാമർഥ്യം ഉള്ളവരാണ്. തിരുവിതാംകൂറിലെ കണക്കു സംബന്ധമായ വകുപ്പുകളിലെല്ലാം വെള്ളാളരെ മാത്രമേ നിയമിച്ചിരുന്നുള്ളു. അതിന്റെ ഫലമായി കണക്കെഴുതുന്നവരെ "കണക്കപ്പിള്ള" എന്നു വിളിച്ചു. റവന്യു-ദേവസ്വം പാര്വത്യകാരന്മാരും അസ്സിസ്റ്റൻറുമാരും പിള്ളമാരായിരുന്നതിനാൽ ആ വക ഉദ്യോഗസ്ഥരെ "പിള്ളയണ്ണൻ" എന്നും വിളിച്ചു പോന്നു. തിരുവിതാംകൂറിലെ എല്ലാ "മണ്ഡപത്തിൻ വാതിൽക്കൽ കച്ചേരി" (താലൂക്ക് ആഫീസ്സ്) കളിലും കണെക്കെഴുതുന്നതിനുള്ള ചുമതല വെള്ളാളർക്കു മാത്രമായിരുന്നു. താലൂക്ക് കേന്ദ്രങ്ങളിലെല്ലാം ഒന്നു രണ്ടു വെള്ളാള കുടുംബങ്ങളെങ്കിലും കാണപ്പെടാൻ ഇതാണു കാരണം. കണക്കെഴുത്തിൽ വെള്ളാളരുടെ വൈദഗ്ദ്ധ്യം ഇതിനു കാരണമായി. വെള്ളാളരുടെ വിവാഹവേളയിൽ വധുവിൻറെ വീട്ടുകാർ വരനു സമ്മാനിക്കുന്ന പാരിതോഷികങ്ങളിൽ പ്രധാനപ്പെട്ടത് നാരായവും പേനാക്കത്തിയും ആയിരുന്നതും അവരുടെ കണക്കിലെ സാമർഥ്യത്തിൻറെ സൂചനയാണ്. അക്കങ്ങളിൽ " കാണി,അരമാ,ഒരുമാ" തുടങ്ങിയ ചെറിയ അംശംങ്ങൾ വെള്ളാളരുടെ കണക്കെഴുത്തിൽ മാത്രം കാണപ്പെട്ടിരുന്നു[14]

മുതലിയാർ ഓലച്ചുവടികൾ[തിരുത്തുക]

വെള്ളാളർ പിണങ്ങിയാൽ പഴയകാലത്ത്‌ തിരുവിതാംകൂർ കൊട്ടാരവും പട്ടിണിയിൽ ആകുമായിരുന്നു. നാഞ്ചിനാട്ട്‌ അഴകിയ പണ്ഡ്യപുരം എന്നൊരു ഗ്രാമം ഉണ്ട്‌. ഇവിടെ ഉണ്ടായിരുന്ന ശൈവവെള്ളാള കുടുംബത്തിനു ചോള ഭരണ കാലത്തു തന്നെ "മുതലിയാർ" എന്ന സ്ഥാനപ്പേര്‌ കിട്ടിയിരുന്നു. നാഞ്ചിനാട്ടിന്റെ സിവിൽ ഭരണം ഇവരായിരുന്നു നടത്തിയിരുന്നത്‌. നികുതി പിരിവ്‌, സിവിൾ വഴക്കുകൾ പറഞ്ഞു തീർക്കുക, ജലവിതരണം നടപ്പിലാക്കുക എന്നീ പണികൾ. വേണാട്‌ ഭരണം വന്നപ്പോഴും മുതലിയാർക്കു തന്നെയായിരുന്നു ഉത്തരവാദിത്തം. സായിപ്പിന്റെ കാലം വരെ ഇതു തുടർന്നു. നാനൂറു കൊല്ലം തുടർച്ചയായി സൂക്ഷിച്ചിരിക്കുന്ന "മുതലിയാർ ഓലകൾ" കവിയും ഗവേഷകനുമായിരുന്ന "കവിമണി" ദേശിക വിനായകം പിള്ള പഠിച്ചു പ്രസിദ്ധീകരിച്ചു. ധാരാളം ഓലകൾ കേരള സർക്കാറിനു കൈ മാറിയെങ്കിലും അവ പൊടിപിടിച്ചു കിടക്കുകയാണ്‌ ഈ.കെ. പെരുമാൾ തമിഴിൽ " മുതലിയാർ ഓലച്ചുവടികൾ" വലിയ കൃതിയായി പ്രസിദ്ധീകരിച്ചു മുതലിയാർ രേഖകളിൽ മഹാരാജാവ്‌ നാഞ്ചിനാട്ടിലെ വെള്ളാള കൃഷിക്കാരോട്‌` നിരന്തരം സന്ധി സംഭാഷണത്തിലാണ്‌. അവർ കെറുവിച്ച്‌ തിരുനെൽ വേലിയിലേക്കു ഓടിപ്പോകുന്നു. മഹാരാജാവ്‌ സ്വയം എഴുന്നള്ളി വന്ന്‌ കോട്ടാറു കൊട്ടാരത്തിൽ താമസിച്ച്‌ ആളയച്ച്‌ അവരെ വിളിച്ച്‌ മാപ്പു പറഞ്ഞ്‌ കൃഷിയിറക്കൻ അപേക്ഷിക്കുന്നു. മഹാരാജാവ്‌ എഴുതിയ കത്തിൽ "അവിടുന്ന്‌ കണ്ടറിഞ്ഞ്‌ വല്ലതും തന്നാലെ കൊട്ടാരത്തിൽ വല്ലതും നടക്കുകയുള്ളു" എന്നു കെഞ്ചുന്നു. കേരള ഗവേഷകർ മുൻപേ ഉണ്ടാക്കി പൊക്കിനിർത്തിയിട്ടുള്ള കേരള ദേശീയത എന്ന നായർ-നമ്പൂതിരി പ്രതിഭാസം ഇവിടെ പൊളിഞ്ഞു വീഴുന്നു .[15]

പ്രശസ്തരായ വെള്ളാളർ[തിരുത്തുക]

ആചാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 V.Kanakasabhapathi Pillai (1 st Edn (1904)). The Tamilians Eighteen Hundred years Ago. {{cite book}}: Check date values in: |year= (help); Cite has empty unknown parameter: |coauthors= (help)
 2. Ā. Irā Vēṅkaṭācalapati (2006). In those days there was no coffee: writings in cultural history. Yoda Press. pp. 114–. ISBN 978-81-902272-7-8. Retrieved 13 August 2011.
 3. G. Krishnan-Kutty (1999). The political economy of underdevelopment in India. Northern Book Centre. pp. 172–. ISBN 9788172111076. Retrieved 31 July 2011.
 4. G. Krishnan-Kutty (1 January 1986). Peasantry in India. Abhinav Publications. pp. 10–. ISBN 9788170172154. Retrieved 31 July 2011.
 5. ജയമോഹൻ, നാഞ്ചിനാട്‌` അടർന്നുപോയ കേരളം, ഭാഷാപോഷിണി വാർഷികപ്പതിപ്പ്‌ 2007 പേജ്‌ 80
 6. Letter by fr.Da Costa (1648) Quoted by P.Subramanian in Social History of Tamils (1939) D.K.Print World,New Delhi p39
 7. തർസസ്റ്റ്ൺ വോളിയം 7, പുറം 361
 8. വി.ആർ.പരമേശവരൻ പിള്ള, ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളിൽ,{൧൯൮൭}
 9. ട്രാവങ്കോർ ആർക്കിയോളജിക്കൽ സീരീസ്‌ 11 187-189 കാണുക
 10. ട്രാവങ്കൂർ ആർക്കിയോളജിക്കൽ സീരീസ്‌ 1-10 കാണുക
 11. ട്രാവങ്കോർ ആർക്കിയോളജിക്കൽ സീരീസ്‌ 1-3 കാണുക
 12. ശൂരനാട്‌ കുഞ്ഞൻ പിള്ള, കേരളവും വെള്ളാളരും, ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളിൽ 1987 പേജ്‌ 70-82
  • വി.ആർ.പരമേശ്വരൻ പിള്ള, "ദ്രാവിഡസംസ്കാരം സഹ്യാദ്രി സാനുക്കളിൽ" ൧൯൮൭
 13. വി.ആർ.പരമേശ്വരൻ പിള്ള, "ദ്രാവിഡസംസ്കാരം സഹ്യാദ്രി സാനുക്കളിൽ" ൧൯൮൭
 14. ജയമോഹൻ- ഭാഷാപോഷിണി വാർഷികപ്പതിപ്പ്‌ 2007 പേജ്‌ 80 - 81
 • വി.ആർ. പരമേശ്വരൻ പിള്ള,"ദ്രാവിഡസംസ്കാരം സഹ്യാദ്രി സാനുക്കളിൽ" 1987
 • പി.ജി.രാജേന്ദ്രൻ ക്ഷേത്രവിജ്ഞാനകോശം ഡി.സി ബുക്സ്‌ 2000
 • K.A.Neelakanda Sasthry,History of South India
 • M.S.Poornalingam,A History of Tamil Literature
 • K.P.Padmanbha Menon, The History of Kerala 4 Volumes
 • S.Desika Vinayakam Pillai, The Nanch

inadu Vellalas

 • K.A.Neelakanda Saasthri, Sangam Literature
 • ഇളംകുളം കുഞ്ഞൻ പിള്ള, അന്നത്തെ കേരളം
 • കെ.മഹേശ്വരൻ നായർ, ഒരു തിരുവിതാംകൂർ ചരിത്രം
 • ഇളങ്കുളം കുഞ്ഞൻ പിള്ള,കേരളചരിത്രത്തിലെ ചില ഇരുളടഞ്ഞ ഏടുകൾ
 • കല്ലൂർ നാരായണപിള്ള,തിരുച്ചെങ്ങന്നൂർ ക്ഷേത്ര മാഹത്മ്യം
 • വി.ആർ പരമേശ്വരൻ പിള്ള,പുറനാനൂറ്‌
 • എമർ. ബലകൃഷ്ണ വാര്യർ, പ്രാചീന കേരളം
 • പി.എസ്സ്‌.പൊന്നപ്പാ പിള്ള,വിറമിണ്ട നായനാർ
 • മാരമലൈ അടികൾ,വെള്ളാളർ നാകരികം
 • ശങ്കരപ്പിള്ള കാനം ഡോക്ടർ ,വെള്ളാളർ കിളിപ്പാട്ട് മാസിക തിരുവനന്തപുരം 2016 ആഗസ്റ്റ്‌,പേജ് 33-39

ബാഹ്യ ലിങ്ക്‌[തിരുത്തുക]

https://issuu.com/kilippattu/docs/kilippattu_august_2016/1?e=7962629/37808683

"https://ml.wikipedia.org/w/index.php?title=വെള്ളാളർ&oldid=4082134" എന്ന താളിൽനിന്ന് ശേഖരിച്ചത്