ഇ.പി. ജയരാജൻ
ഇ. പി. ജയരാജൻ | |
---|---|
കേരളത്തിലെ കായികം,വ്യവസായം, യുവജനകാര്യം വകുപ്പ് മന്ത്രി | |
ഓഫീസിൽ ഓഗസ്റ്റ് 14 2018 – മേയ് 3 2021 | |
മുൻഗാമി | തിരുവഞ്ചൂർ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ജയലക്ഷ്മി |
പിൻഗാമി | വി. അബ്ദുൽറഹ്മാൻ, പി. രാജീവ്, |
മണ്ഡലം | മട്ടന്നൂർ |
കേരള നിയമസഭയിലെ അംഗം. | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
മുൻഗാമി | ഇല്ല |
പിൻഗാമി | കെ.കെ. ശൈലജ |
മണ്ഡലം | മട്ടന്നൂർ |
ഓഫീസിൽ ജൂൺ 21 1991 – മേയ് 14 1996 | |
മുൻഗാമി | എം.വി. രാഘവൻ |
പിൻഗാമി | ടി.കെ. ബാലൻ |
മണ്ഡലം | അഴീക്കോട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഇരിണാവ്, പാപ്പിനിശേരി, കണ്ണൂർ ജില്ല | 28 മേയ് 1950
രാഷ്ട്രീയ കക്ഷി | സി.പിഎം. |
പങ്കാളി | പി.കെ. ഇന്ദിര |
കുട്ടികൾ | രണ്ട് പുത്രന്മാർ |
മാതാപിതാക്കൾ |
|
As of സെപ്റ്റംബർ 1, 2024 ഉറവിടം: നിയമസഭ |
2018 മുതൽ 2021 വരെ സംസ്ഥാന വ്യവസായ, കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവാണ്[1] ഇ.പി. ജയരാജൻ.(28 മെയ് 1950) ഇടതു മുന്നണി കൺവീനർ, മൂന്ന് തവണ നിയമസഭാംഗം, ദേശാഭിമാനി ജനറൽ മാനേജർ, കേരള കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ്, കേരള വ്യാപാരി വ്യവസായി സമിതി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ച ജയരാജൻ നിലവിൽ 2005 മുതൽ മാർക്സിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായി തുടരുന്നു.[2][3]
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ ജില്ലയിലെ പാപ്പിനിശേരി താലൂക്കിലെ ഇരിണാവിൽ ബിഎം കൃഷ്ണൻ നമ്പ്യാരുടേയും ഇപി പാർവതിയമ്മയുടേയും മകനായി 1950 മെയ് 28ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കണ്ണൂർ പോളി ടെക്നിക്കിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീറിംഗിൽ ഡിപ്ലോമ പഠനം പൂർത്തിയാക്കി.[4] [5]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]മാർക്സിസ്റ്റ് പാർട്ടിയുടെ ആദ്യകാല വിദ്യാർത്ഥി യുവജന സംഘടനകളായ കെഎസ്എഫ്, കെഎസ്വൈഎഫ് എന്നിവയിലൂടെ പൊതുരംഗത്ത് എത്തി. 1977 മുതൽ 1980 വരെ കെഎസ്വൈഎഫ് സംസ്ഥാന സെക്രട്ടറിയായ ജയരാജൻ 1980 മുതൽ 1984 വരെ ഡിവൈഎഫ്ഐ രൂപീകരിച്ചപ്പോൾ അഖിലേന്ത്യ പ്രസിഡൻ്റായും പ്രവർത്തിച്ചു.
രാഷ്ട്രീയ ഗുരുവായ എം.വി.രാഘവനെ മാർക്സിസ്റ്റ് പാർട്ടി 1986-ൽ പുറത്താക്കിയതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ പ്രമുഖനായ യുവജന നേതാവായി മാറി. 1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അഴിക്കോട് മണ്ഡലത്തിൽ നിന്ന് എം.വി.രാഘവനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1991-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അഴിക്കോട് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1992-ൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ ജയരാജൻ 1995 മുതൽ 2002 വരെ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. രാഷ്ട്രീയ സംഘർഷ ഭൂമിയായിരുന്ന കണ്ണൂർ ജില്ലയിലെ കുടിപ്പക രാഷ്ട്രീയത്തിൽ ജയരാജന് വെടിയേറ്റു.
1995-ൽ ആന്ധ്രപ്രദേശിലെ ഓങ്കോളിൽ വച്ച് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴായിരുന്നു വെടിയേറ്റത്. തുടർ ചികിത്സകൾക്ക് ശേഷം ജില്ലാ സെക്രട്ടറി പദവിയിൽ തിരിച്ചെത്തിയ ജയരാജൻ 2002-ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി.
2002-ലെ കണ്ണൂർ സംസ്ഥാന സമ്മേളനത്തോടെ വി.എസ്, പിണറായി പക്ഷങ്ങളായി മാർക്സിസ്റ്റ് പാർട്ടി വിഘടിച്ച് മാറിയ കാലത്ത് പിണറായി വിജയന്റെ വലംകൈയായി മാറി.
2004-ലെ തൃശൂർ ജില്ലാ സമ്മേളനത്തിൽ വി.എസ് പക്ഷം ജില്ലയിൽ മേധാവിത്തം നേടിയതോടെ വിഭാഗീയത ആരോപിച്ച് തൃശൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. തുടർന്ന് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചപ്പോൾ ഇ.പി.ജയരാജൻ മാർക്സിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റു.
2005-ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തോടെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ മാർക്സിസ്റ്റ് പാർട്ടിയിൽ പൂർണ്ണ മേധാവിത്തം നേടിയതിന് പിന്നിലും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന ഇ.പി.ജയരാജൻ്റെ ഇടപെടലുകളായിരുന്നു നിർണായകമായത്.
2005-ൽ മാർക്സിസ്റ്റ് പാർട്ടി കേന്ദ്ര കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2005 മുതൽ 2008 വരെ ദേശാഭിമാനി ജനറൽ മാനേജരായിരുന്നു.
2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളിൽ മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭാംഗമായ ജയരാജൻ 2016-ലെ ഒന്നാം പിണറായി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായെങ്കിലും ബന്ധു നിയമന വിവാദത്തെ തുടർന്ന് ഏതാനും മാസങ്ങൾക്കകം രാജിവച്ചു. പിന്നീട് 2018-ൽ വീണ്ടും മന്ത്രിസഭാംഗമായ ജയരാജൻ 2021 വരെ മന്ത്രിയായി തുടർന്നു.
2022-ൽ ഇടതു മുന്നണി കൺവീനറായിരുന്ന എ വിജയരാഘവന് പകരം എൽ.ഡി.എഫ് കൺവീനറായി. 2024-ലെ ലോക്‌സഭ ഇലക്ഷൻ വിവാദങ്ങളെ തുടർന്ന് 2024-ൽ കൺവീനർ സ്ഥാനത്ത് നിന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി ജയരാജനെ ഒഴിവാക്കി.
പ്രധാന പദവികൾ
[തിരുത്തുക]- 2022-2024 : എൽ.ഡി.എഫ് കൺവീനർ[6][7]
- 2018-2021 : സംസ്ഥാന യുവജനകാര്യ, സ്പോർട്ട്സ് വകുപ്പ് മന്ത്രി
- 2016 : സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി
- 2016 : നിയമസഭാംഗം, മട്ടന്നൂർ
- 2011 : നിയമസഭാംഗം, മട്ടന്നൂർ
- 2005 : സി.പി.എം, കേന്ദ്രക്കമ്മറ്റി അംഗം
- 2004-2005 : സി.പി.എം, തൃശൂർ ജില്ലാ സെക്രട്ടറി
- 2002 : സി.പി.എം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
- 1995-2002 : സി.പി.എം, കണ്ണൂർ ജില്ലാ സെക്രട്ടറി
- 1992 : സി.പി.എം, സംസ്ഥാന സമിതി അംഗം
- 1991 : നിയമസഭാംഗം, അഴീക്കോട്
- 1980 : ഡി.വൈ.എഫ്.ഐ, അഖിലേന്ത്യ പ്രസിഡൻറ്[8]
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ : പി കെ ഇന്ദിര
- മക്കൾ
- ജയിൻ രാജ്
- ജിതിൻ രാജ്[9]
വിവാദങ്ങൾ
[തിരുത്തുക]- കട്ടൻ ചായയും പരിപ്പുവടയും തിന്ന് താടി നീട്ടി വളർത്തിയാൽ മാർക്സിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാൻ ആളുണ്ടാവില്ല എന്ന് 2007-ൽ പ്രസംഗിച്ചത് പാർട്ടിയിൽ വൻ വിവാദം സൃഷ്ടിച്ചു.
- ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ സാൻ്റിയാഗോ മാർട്ടിനിൽ നിന്ന് 5 കോടിരൂപ കൈപ്പറ്റിയത് പാർട്ടിക്കുള്ളിൽ ചർച്ചയായി. ഈ വിഷയത്തെ തുടർന്ന് 2008-ൽ ജനറൽ മാനേജർ സ്ഥാനം ഒഴിയേണ്ടിവന്നു.
- 2016-ലെ ഒന്നാം പിണറായി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെങ്കിലും ബന്ധു നിയമന വിവാദത്തിൽ ഏതാനും മാസങ്ങൾക്കകം മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു.
- ഇ.പി ജയരാജന് പങ്കാളിത്തം ഉള്ള വൈദേകം റിസോർട്ട് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന് വിൽക്കാൻ ശ്രമിച്ചത് പാർട്ടിക്കുള്ളിൽ വൻ വിവാദം സൃഷ്ടിച്ചു.
- ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം യാത്ര ചെയ്യവെ വിമാനം ഇറങ്ങിയ ശേഷം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ തള്ളി നിലത്തിട്ടത് വൻ വിവാദമായി.വിമാന യാത്ര വിലക്ക് വന്നതോടെ ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ല എന്ന നിലപാടിൽ ജയരാജൻ ഉറച്ചു നിന്നു.
- 2024-ലെ ലോക്‌സഭ ഇലക്ഷനിൽ കേരളം ബൂത്തിലേക്ക് പോയ ഏപ്രിൽ 26ന് ബിജെപി നേതാവായ ശോഭ സുരേന്ദ്രൻ ഇ.പി. ജയരാജൻ ബിജെപിയിൽ ചേരാൻ കേരള പ്രഭാരിയായ പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി. ലോക്‌സഭ ഇലക്ഷൻ വോട്ടെടുപ്പിൽ ഇത് പാർട്ടിക്ക് വൻ തിരിച്ചടി നൽകി. 2024 ഓഗസ്റ്റ് 31 ന് ചേർന്ന മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി ഈ വിഷയത്തിൽ ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി.[10][11]
അവലംബം
[തിരുത്തുക]- ↑ https://www.reporterlive.com/indepth/2024/08/31/ep-jayarajan-removed-as-ldf-convener-2
- ↑ https://www.thefourthnews.in/opinion/ep-jayarajans-political-life-in-cpim-and-controversies?sfnsn=wiwspmo
- ↑ https://www.manoramaonline.com/news/kerala/2024/09/01/journey-of-ep-jayarajan-till-now.html
- ↑ https://www.manoramaonline.com/news/latest-news/2024/08/31/political-shake-up-will-ep-jayarajan-leave-cpm.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-01. Retrieved 2011-08-15.
- ↑ https://www.manoramaonline.com/news/latest-news/2022/04/19/ep-jayarajan-set-to-become-ldf-convener-his-political-journey.html
- ↑ https://www.mathrubhumi.com/news/kerala/ep-jayarajan-removed-as-ldf-convener-cpm-state-committee-decides-1.9860426
- ↑ https://www.mathrubhumi.com/crime/specials/ep-jayarajan-murder-attempt-case-and-rajadhani-express-shooting-incident-1.9574131
- ↑ https://www.manoramaonline.com/news/latest-news/2024/08/31/downfall-of-ep-jayarajan.html
- ↑ https://www.thefourthnews.in/fourth-special/cpm-leader-ep-jayarajan-top-controversies?utm_source=website&utm_medium=related-stories
- ↑ https://www.thefourthnews.in/news/keralam/ep-jayarajan-to-step-down-as-ldf-convenor-replaced-by-tp-ramakrishna