വണ്ടൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഒരു പഞ്ചായത്താണു വണ്ടൂർ.[1] ദക്ഷിണ മലബാറിലെ ഈ ഗ്രാമം മലബാർ കലാപവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ചെറുകിട കച്ചവടക്കാരും വ്യാപാരികളുമാണു താമസം. പെരിന്തൽമണ്ണയുടെയും നിലമ്പൂരിന്റെയും ഇടയിൽ ആയിട്ടാണ് ഈ പ്രദേശം.

ഭൂമിശാസ്ത്രം[തിരുത്തുക]

വണ്ടൂർ വില്ലേജുപരിധിയിലുൾപ്പെടുന്ന വണ്ടൂർ ഗ്രാമപഞ്ചായത്തിനു 59.45 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1956 ജനുവരിയിലാണ് വണ്ടൂർ പഞ്ചായത്ത് രൂപീകൃതമായത്. കമ്മ്യൂണിറ്റിഹാൾ മുതൽ കരുണാലയ ആശുപത്രി വരെയും, വെള്ളാമ്പ്രം, കാരാട്, കാപ്പിൽ ഭാഗങ്ങളുൾപ്പെടുന്ന വണ്ടൂർ അംശവും മാത്രമായിരുന്നു അക്കാലത്തെ വണ്ടൂർ പഞ്ചായത്തിലുണ്ടായിരുന്നത്. വണ്ടൂർ അംശവും വാണിയമ്പലം അംശവും ചേർന്നതാണ് ഇന്നത്തെ വണ്ടൂർ വില്ലേജ്. വണ്ടൂർ വില്ലേജിന്റെ ഭൂരിഭാഗവും അടങ്ങുന്നതാണ് ഇന്നത്തെ വണ്ടൂർ പഞ്ചായത്ത്. വണ്ടൂർ ബ്ളോക്കിന്റെ ആസ്ഥാന പഞ്ചായത്താണ് വണ്ടൂർ. 1960-ൽ വണ്ടൂർ, വാണിയമ്പലം വില്ലേജുകൾ സംയോജിപ്പിച്ചുകൊണ്ട് വണ്ടൂർ വില്ലേജ് പുനസംഘടിപ്പിക്കുകയുണ്ടായി. വണ്ടൂർ പഞ്ചായത്തിന്റെ ഭൂവിസ്തൃതിയിൽ 69% മണൽ അധികമുള്ള ചെങ്കൽപ്രദേശവും, ഒരു ശതമാനം പാറക്കെട്ടു പ്രദേശങ്ങളും, 5% നദീതീര എക്കൽമണ്ണു പ്രദേശങ്ങളും, 25% എക്കൽ മണ്ണുപ്രദേശങ്ങളുമാണ്.

ചരിത്രം[തിരുത്തുക]

ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചക്കെതിരായി ടിപ്പുസുൽത്താന്റെ പടയോട്ടത്തിനും വണ്ടൂർഗ്രാമവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. തൊഴിൽ സമരങ്ങൾ, കർഷകസമരങ്ങൾ, അധ്യാപകരുടെ നേതൃത്വത്തിലുള്ള സാംസ്കാരിക നവോത്ഥാന മുന്നറ്റങ്ങൾ എന്നിവ വണ്ടൂരിൽ നടന്നിട്ടുണ്ട്. 1895-വരെ നിലമ്പൂർ റോഡിലും പിന്നീട് 1958-വരെ പള്ളിക്കുന്നിലുമായി ഈ പ്രദേശത്ത് പ്രസിദ്ധവും പുരാതനവുമായൊരു ചന്ത നടന്നിരുന്നു. മലപ്പുറം, മഞ്ചേരി, നിലമ്പൂർ, കാളികാവ്, തുവ്വൂർ ഭാഗത്തുനിന്നല്ലാം ചൊവ്വാഴ്ച ദിവസം ആളുകൾ ചന്തക്കെത്തിയിരുന്നു. വണ്ടൂർ ടൌണിൽ നിന്നും ഒരു കിലോമീറ്ററകലെ നിലമ്പൂർ റോഡിൽ പുളിക്കലിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പടാളിപ്പറമ്പ് പ്രദേശം പഴയനാടൻ കലകളുടെ വിളനിലമായിരുന്നു. ഉദാത്തമായ സാംസ്കാരികപൈതൃകവും, പാരമ്പര്യവുമുള്ള പ്രദേശമാണ് വണ്ടൂർ. ഫ്യൂഡൽ ജന്മി ദുഷ് പ്രഭുത്വത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങൾ വണ്ടൂരിലെ ജനങ്ങളും അനുഭവിച്ചിട്ടുണ്ട്. 1940-50 കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന പുരോഗമന സംഘടനകളുടെ മുന്നറ്റങ്ങളുടെ ഫലമായാണ് സാമൂഹ്യ സാംസ്കാരിക നവോത്ഥാനം ഇവിടെ ഉണ്ടായിട്ടുള്ളത്. ജന്മിത്വത്തിനെതിരേയുള്ള കുടിയാൻ പ്രക്ഷോഭങ്ങളുടെയും തൊഴിൽസമരങ്ങളുടെയും ഇതിഹാസങ്ങളും ഈ പഞ്ചായത്തിനു പറയാനുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാർ, തുർക്കി സുൽത്താന്റെ ഖലീഫത്ത് പദവി നശിപ്പിച്ചതിൽ വേദന പൂണ്ട ഇന്ത്യൻ മുസ്ളീങ്ങൾ ഖിലാഫത്ത് പ്രസ്ഥാനത്തിനു രൂപം കൊടുത്തു. 1920-ൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും, മൊയ്തു മൌലവിയും ഖിലാഫത്തിന്റെ പ്രചാരകരായി വണ്ടൂരിൽ വന്നിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സെക്രട്ടറിയായി മലബാർ ഖിലാഫത്ത് കമ്മിറ്റി രൂപീകരിച്ചു. കേരളാപ്രദേശ് കോൺഗ്രസ് നേതാക്കളുടെ ആഹ്വാനപ്രകാരം ഏറനാട്ടിലെ മാപ്പിളമാരുടെ സജീവ പങ്കാളിത്തം കൊണ്ട് ഖിലാഫത്ത് പ്രക്ഷോഭം കരുത്താർജ്ജിച്ചു. ഒരു പ്രക്ഷുബ്ധ സന്ദർഭത്തിൽ ബ്രിട്ടീഷ് പട്ടാളം അക്രമത്തിനൊരുങ്ങി വന്നപ്പോൾ മാപ്പിളമാർ ആത്മരക്ഷാർത്ഥം നടത്തിയ പ്രത്യാക്രമണമായിരുന്നു ഒരർത്ഥത്തിൽ 1921-ലെ മലബാർ കലാപമായി മാറിയത്. 1921-ന് മുമ്പു തന്നെ വണ്ടൂരിൽ ടി.ബി (ടൂറിസ്റ്റ്റ് ബംഗ്ളാവ്) പ്രവർത്തിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് കളക്ടർ, ആർ.ഡി.ഒ (തുക്കിടി സായിപ്പ്) തുടങ്ങിയ ഉദ്യോഗസ്ഥന്മാർ വരുമ്പോൾ താമസിക്കുന്നതിനായാണ് മൂന്ന് ഏക്കർ സ്ഥലത്ത് കിഴക്കേക്കുന്നിന്റെ മുകളിൽ ടി.ബി സ്ഥാപിച്ചത്. ഇവിടം പല ചരിത്രസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. വണ്ടൂരിനടുത്ത പാണ്ടിക്കാട് നെല്ലിക്കുത്ത് സ്വദേശിയായിരുന്നു ഖിലാഫത്തിന്റെ നേതാവും ആവേശവുമായിരുന്ന വാരിയൻകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജി. ഹാജിയും ചെമ്പ്രശ്ശേരി തങ്ങൾ തുടങ്ങിയവരും നയിച്ച മലബാർ കലാപം താമസിയാതെ വണ്ടൂരിലേക്കും വ്യാപിച്ചു. കലാപത്തെ ഒതുക്കാൻ ഗൂർഖാ പട്ടാളം കൂട്ടമായി രംഗത്തിറങ്ങി. മലബാർ കലാപം ഒതുക്കാൻ ബ്രിട്ടീഷുകാർ വണ്ടൂരിൽ കേന്ദ്രീകരിച്ചത് ഈ ടി.ബി പരിസരത്തായിരുന്നു. മുതിർന്ന ആണുങ്ങളെ അവർ വെടിവെച്ചു കൊന്നു. പല സ്ത്രീകളും ബലാൽസംഗം ഭയന്ന് ആത്മഹത്യ ചെയ്തു. 12-നും 16-നുമിടയ്ക്കു പ്രായമുള്ള ആൺക്കുട്ടികളെ മുഴുവൻ അറസ്റ്റ്റു ചെയ്തു ബെല്ലാരിയിലേക്ക് കൊണ്ടുപോയി. 1891 മേയ് 11-ാം തീയതി ബ്രിട്ടീഷുകാർ വണ്ടൂരിൽ ആരംഭിച്ച പോലീസ് സ്്റ്റേഷൻ, 1924 മാർച്ച് 21-ഓടെ സർക്കിൾ ഓഫീസ്സാക്കി ഉയർത്തി.

റെയിൽവേ യാത്രാ സൌകര്യങ്ങൾ വാണിയമ്പലത്തുണ്ടാവുന്നത് 1927-ലാണ്. 1937-ൽ മദ്രാസ് അസംബ്ളിയിലേക്ക് അബ്ദുറഹിമാൻ സാഹിബ് വണ്ടൂരിൽ നിന്നു മത്സരിക്കുകയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. 1940-ൽ വണ്ടൂരിൽ കമ്മ്യൂണിസ്റ്റ്റ് പാർട്ടി സ്വകാര്യമായി പ്രവർത്തിച്ചുതുടങ്ങി. പുഴിക്കാടൻ റഹീം ആയിരുന്നു ആദ്യസെക്രട്ടറി. സഖാവ് കുഞ്ഞാലി ആദ്യ സെക്രട്ടറിയായിക്കൊണ്ട് 1940-ൽ ഫർക്കാകമ്മിറ്റി രൂപീകരിച്ചു.1947-ൽഇന്ത്യ സ്വതന്ത്രമായപ്പോൾ മുസ്ലിം ലീഗിലെ പ്രമാണിമാരെ ഭയന്ന് വണ്ടൂർ അങ്ങാടിയിലെ കവലകളിൽ ദേശീയ പതാക സ്ഥാപിക്കാൻ വിഷമിച്ചിരുന്ന നാട്ടുകാർക്ക് പതാക സ്ഥാപിക്കാൻ കോൺഗ്രസുകാരനായ നാലകത്ത് ഏന്തീൻകുട്ടി ഹാജിയും സഹപ്രവർത്തകരും സധൈര്യം മുന്നോട്ടു വന്നു . 1940-50-കളിൽ നാലകത്ത്‌ ഏന്തീൻ കുട്ടിഹാജിയും എലാട്ടുപറബിൽoooooo(ബീഡി എളാപ്പ)യും ബീഡി തൊയ്ലാളികൾക്ക് നെത്രര്ത്വം നൽകി . 1941-ൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് പട്ടാളം പാളങ്ങൾ പൊളിച്ചുനീക്കി. 1953-ലാണ് വീണ്ടൂം റെയിൽവേ ലൈൻ സ്ഥാപിച്ചുകൊണ്ട് ഗതാഗതം പുനരാരംഭിച്ചത്. റവ.ഓട്ടൻസായിപ്പ് വണ്ടൂരിലെ “ഫാദർ ഡാമിയൻ” ആയിരുന്നു. അദ്ദേഹം സ്ഥാപിച്ച കരുണാലയ ഹോസ്പിറ്റൽ വണ്ടൂരിലെ ആരോഗ്യ ചികിത്സാരംഗത്ത് വമ്പിച്ച ഗുണഫലങ്ങൾ ഉളവാക്കി. 1952-ൽ ഏപ്രിൽ 3-ാം തീയതിയാണ് കരുണാലയ ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തത്. ഓട്ടൻ സായിപ്പിന്റെ പരിശ്രമഫലമായി അമേരിക്കയിൽ നിന്നും ക്ഷയരോഗികൾക്കു വേണ്ടി ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ച് സൌജന്യമായി നൽകുകയും വീടുകളിൽ പോയി പരിശോധിച്ച് മരുന്നും ഇഞ്ചക്ഷനും നൽകുകയും ചെയ്തു. ക്ഷയരോഗത്തിനെതിരെ അദ്ദേഹം നടത്തിയ തീവ്രയജ്ഞം നിമിത്തമാണ് വണ്ടൂർ പ്രദേശം ക്ഷയരോഗ വിമുക്തമാകുന്നത്. ആശുപത്രിയിൽ വെച്ചുള്ള പ്രസവം നാട്ടുകാരെ പരിചയിപ്പിച്ചതും കരുണാലയ ആശുപത്രിയും റവ.ഓട്ടൻ സായിപ്പുമാണ്. പാമ്പു വിഷമേറ്റവർക്ക് ആശുപത്രിയിൽ ചികിത്സ ഏർപ്പെടുത്തിയതും കരുണാലയയിലാണ്. ആറുകിടക്കകളോടുകൂടി 1954-ൽ ഗവ. ആശുപത്രി മഞ്ചേരി റോഡിൽ സ്ഥാപിതമായി. 1960-ൽ കർളിക്കാട്ടിൽ മൂസ്സകുട്ടി ഹാജി സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്ത് പുതിയ കെട്ടിടം പണിത് ആശുപത്രി അങ്ങോട്ടു മാറ്റി.

ആരാധനാലയങ്ങൾ[തിരുത്തുക]

അമ്പലപ്പടി ശിവക്ഷേത്രം

പഞ്ചായത്തിലെ പ്രസിദ്ധമായ അമ്പലപ്പടി ശിവക്ഷേത്രം[2] സാമൂതിരിയുടെ പതിനെട്ടരക്കാവിൽ ഉൾപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്.

പള്ളിക്കുന്ന് ജുമഅത്ത്പള്ളി

കറളിക്കാട്ടിൽ തണ്ടുപാറയ്ക്കൽ മൂസ്സകുട്ടി അധികാരിയും പിതാവ് വലിയ ഹൈദർഹാജിയും സ്ഥലം നൽകി 150-തിലധികം വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതാണ് വണ്ടൂർ പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ജുമഅത്ത്പള്ളി[3].

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

 • ജി. ജി. വി. എച്. എസ്. എസ് വണ്ടൂർ[4]
 • വി. എം. സി. എച്. എസ്. എസ് വണ്ടൂർ[5]
 • അൽ ഫുർഖാൻ പബ്ലിക് സ്‌കൂൾ, കുറ്റിയിൽ, വണ്ടൂർ[6][7]
 • എ. എച്. എസ്. എസ് പാറൽ മമ്പാട്ടുമൂല[8][9]

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് നിലമ്പൂർ, അമരമ്പലം പഞ്ചായത്തുകൾ, തെക്ക് പോരൂർ, കാളികാവ് പഞ്ചായത്തുകൾ, കിഴക്ക് കാളികാവ്, ചോക്കാട് പഞ്ചായത്തുകൾ, പടിഞ്ഞാറ് തിരുവാലി പഞ്ചായത്ത് എന്നിവയാണ്. വണ്ടൂർ-ഏളങ്കൂർ-മഞ്ചേരി റോഡ്, വണ്ടൂർ-തിരുവാലി-എടവണ്ണ റോഡ്, തൃക്കുന്ന്-അമ്പലപ്പാടി റോഡ്, വണ്ടൂർ-പാണ്ടിക്കാട്, പെരിന്തൽമണ്ണ-പട്ടാമ്പി റോഡ് എന്നീ പ്രധാന ഗതാഗതപാതകളെല്ലാം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിർമ്മിക്കപ്പെട്ടവയാണ്. ടിപ്പുസുൽത്താൻ റോഡ് എന്നാണ് ഇവയിൽ പലതും ഇന്നും അറിയപ്പെടുന്നത്.

ഭരണസമിതി[10][തിരുത്തുക]

ക്ര.നം. വാർഡ് അംഗം പാർട്ടി
അമ്പലപ്പടി പി രാധിക സിപിഎം
ചെട്ടിയാറമ്മൽ സജിത കെ കെ ഐ എൻ സി
ഏമങ്ങാട് പി.മഹമൂദ് സ്വതന്ത്രൻ-എൽ.ഡി എഫ്
കാഞ്ഞിരംപാടം വേലായുധൻ കെ സ്വതന്ത്രൻ-യു.ഡി എഫ്
കാരാട് ഷീല സിപിഎം
കരിമ്പൻതൊടി പി സതീഷ് സിപിഎം
കരുണാലയപ്പടി കെ.പ്രഭാകരൻ സിപിഐ
കേലേംപാടം കക്കാടൻ രോഷ്നി സ്വതന്ത്രൻ-യു.ഡി എഫ്
കുറ്റിയിൽ ഖദീജ തോപ്പിൽ മുസ്ലിം ലീഗ്
കൂരാട് മാട്ടായി മുഹമ്മദാലി ഐ എൻ സി
കാപ്പിൽ ജംഷീർ സ്വതന്ത്രൻ-യു.ഡി എഫ്
മാടശ്ശേരി സലീന മുസ്ലിം ലീഗ്
മരക്കുലംകുന്ന് ടി.കെ സനോജ് സ്വതന്ത്രൻ-എൽ.ഡി എഫ്
മുടപ്പിലാശ്ശേരി ബേബി ടീച്ചർ ഐ എൻ സി
പളളിക്കുന്ന് അബ്ദുൾ നാസർ മുസ്ലിം ലീഗ്
പഴയ വാണിയമ്പലം പാലമ്പറ്റ നിഷ ഐ എൻ സി
പൊട്ടിപ്പാറ കെ വിമല സിപിഎം
ശാന്തി നഗർ മാളിയേക്കൽ രാമചന്ദ്രൻ ഐ എൻ സി
തച്ചുണ്ണി ഏലമ്പാറ മുരളി ഐ എൻ സി
വാണിയമ്പലം റം ല ഹംസക്കുട്ടി ഐ എൻ സി
വരമ്പൻകല്ല് ധന്യ ടീച്ചർ സ്വതന്ത്രൻ-യു.ഡി എഫ്
വെളളാമ്പ്രം സജിത ഷാജു സിപിഎം
വണ്ടൂർ ടൗൺ കെ കെ സജിത മുസ്ലിം ലീഗ്

മറ്റു താളുകൾ[തിരുത്തുക]

 1. വണ്ടൂർ

അവലംബം[തിരുത്തുക]

 1. http://lsgkerala.in/wandoorpanchayat/general-information/description/.
 2. "വണ്ടൂർ അമ്പലപ്പടി ശിവക്ഷേത്രം - Google Search". ശേഖരിച്ചത് 2020-10-18.
 3. "വണ്ടൂർ പള്ളിക്കുന്ന് പള്ളി - Google Search". ശേഖരിച്ചത് 2020-10-18.
 4. "GGVHSS WANDOOR - Wandoor, District Malappuram (Kerala)" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-18.
 5. "VMC GOVT HGHER SECONDARY - Wandoor, District Malappuram (Kerala)" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-18.
 6. "al furqan wandoor - Google Search". ശേഖരിച്ചത് 2020-10-18.
 7. "Al-Furqan Wandoor, Dayapuram Campus, Kuttiyil_ Wandoor, Malappuram, Kerala (2020)" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-18.
 8. "ahss school - Google Search". ശേഖരിച്ചത് 2020-10-18.
 9. "AHS PAREL MAMPATTUMOOLA - Kalikavu, District Malappuram (Kerala)" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-18.
 10. http://lsgelection.kerala.gov.in/lbtrend2015/views/lnkResultsGrama.php