ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, വേങ്ങര ബ്ലോക്കിലാണ്ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഒതുക്കുങ്ങൽ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിനു 17.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.ഈ ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറ് ഭാഗത്ത് കോട്ടക്കൽ, പറപ്പൂർ, ഊരകം എന്നീ പഞ്ചായത്തുകളും, കിഴക്ക് പൊൻമള പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും, തെക്ക് കോട്ടക്കൽ, പൊൻമള പഞ്ചായത്തുകളും, വടക്ക് ഊരകം പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും ആകുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ്,ബ്രിട്ടീഷ് രാജാവിന്റെ നേരിട്ടുള്ള ഭരണത്തിനു വിധേയമായിരുന്ന ഏറനാട്ടിലെ രണ്ട് അംശങ്ങളാണ് ഇന്നത്തെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന മറ്റത്തൂരും, പുത്തൂരും.

1955-ൽ വൊട്ടെടുപ്പ് നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ബോർഡ് 1955 ഡിസംബർ 8-ാം തിയതി അധികാരമേൽക്കുകയും ചെയ്തു. കടമ്പോട്ട് ചേക്കുട്ടി സാഹിബായിരുന്നു പ്രസിഡന്റ്. 1961-ലാണ് പഞ്ചായത്ത് ഡിലിമിറ്റേഷൻ ഉത്തരവു പ്രകാരം മറ്റത്തൂർ, പുത്തൂർ എന്നീ അംശങ്ങൾ ഉൾപ്പെടുത്തി ഒതുക്കുങ്ങൽ പഞ്ചായത്ത് രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്റായിരുന്ന ചേക്കുട്ടി സാഹിബിന്റെ മരണശേഷം വൈസ് പ്രസിഡന്റായിരുന്ന കുരുണിയൻ കുഞ്ഞറമു, 1961 ആഗസ്റ്റ് 30-ൽ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു. മലപ്പുറം ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് ഒതുക്കുങ്ങൽ. ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ സമതലപ്രദേശം, ഉയർന്ന പ്രദേശം, ചെരിഞ്ഞ പ്രദേശം, പുഴ എന്നിങ്ങനെ പ്രധാനമായും നാലായി തരം തിരിക്കാം..

ചരിത്രം[തിരുത്തുക]

സാമൂഹ്യചരിത്രം[തിരുത്തുക]

സ്വാതന്ത്ര്യത്തിനു മുമ്പ്, ബ്രിട്ടീഷ് രാജാവിന്റെ നേരിട്ടുള്ള ഭരണത്തിനു വിധേയമായിരുന്ന ഏറനാട്ടിലെ രണ്ട് അംശങ്ങളാണ് ഇന്നത്തെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന മറ്റത്തൂരും, പുത്തൂരും. രണ്ടംശങ്ങളിലുമുള്ള ഭൂരിഭാഗം ഭൂമിയുടെയും അവകാശം കൈയ്യാളിയിരുന്നത് അന്യപ്രദേശങ്ങളായ പൊൻമള അംശത്തിലെ ചണ്ണഴി ഇല്ലം, കരിപ്പോട്ട് മന, കോട്ടക്കൽ കോവിലകം, നമ്പൂതിരി കോവിലകം, കുറ്റിപ്പുറം, പണിക്കർ എന്നീ ജന്മികുടുംബങ്ങളും, പുത്തൂരംശത്തിലെ കോട്ടക്കൽ കോവിലകം, സാമൂതിരി കോവിലകം, ചെറുകുന്ന് ദേവസ്വം, ചേങ്ങോട്ടൂർ അംശത്തിലെ പുല്ലാനിക്കാട് മന എന്നീ ജന്മികളുമായിരുന്നു. മറ്റത്തൂർ വലിയ ജുമാഅത്ത് പള്ളിക്ക് സുമാർ 500 വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. പള്ളിനിൽക്കുന്ന സ്ഥലം മലപ്പുറത്തെ നാടുവാഴിയായിരുന്ന പാറനമ്പി നൽകിയതാണത്രെ. അതുപോലെ കുന്നത്തെ പട്ടികജാതിക്കാരുടെ ക്ഷേത്രത്തിനു ഭൂമിനൽകിയതും പ്രസ്തുത നാടുവാഴിയാണ്. ഇതുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന ഒരു കഥയുണ്ട്. പള്ളി നിൽക്കുന്ന സ്ഥലം അമ്പലത്തിനും, അമ്പലം നിൽക്കുന്ന സ്ഥലം പള്ളിക്കുമായിരുന്നു ആദ്യം നിശ്ചയിച്ച് നൽകിയിരുന്നത്. ആയിടക്ക് പാറനമ്പി കുടുംബത്തിലാർക്കോ രോഗമുണ്ടായിയെന്നും, അത് ചികിത്സിച്ചുമാറ്റിയത് മറ്റത്തൂരിലെ മഠത്തിൽ കുടുംബാംഗമായ പാരമ്പര്യ മുസ്ളീം വൈദ്യനായിരുന്നുവെന്നും കേൾക്കുന്നു. അദ്ദേഹത്തിന് എന്ത് പ്രതിഫലമാണ് വേണ്ടതെന്ന് ആരാഞ്ഞ നമ്പിയോട് പുഴയോരത്ത് പള്ളിക്ക് സ്ഥലം കിട്ടിയാൽ കൊള്ളാമെന്ന് വൈദ്യർ പറഞ്ഞു. അങ്ങനെയാണ് പള്ളിക്കനുവദിച്ച സ്ഥലം അമ്പലത്തിനും അമ്പലത്തിനനുവദിച്ച സ്ഥലം പള്ളിക്കും പരസ്പരം കൈമാറ്റം ചെയ്യാൻ തീരുമാനിക്കുന്നത് എന്നാണ് കഥ. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ദുർഭരണത്തിനു വിധേയമായിരുന്ന ഒതുക്കുങ്ങൽ ഉൾപ്പെട്ട മറ്റത്തൂർ, പുത്തൂർ അംശങ്ങളിൽ വിദേശ മേൽക്കോയ്മക്കും കിരാതവാഴ്ചക്കുമെതിരെ സന്ധിയില്ലാ സമരം നയിച്ച വ്യക്തികളാണ് ഇവിടുത്തെ മുസ്ളീം സമൂഹം. അവരെ ഒതുക്കുന്നതിനായി “മാപ്പിള ഔട്ട്റേജസ് ആക്ട്” പോലെയുള്ള ഭീകരനിയമങ്ങൾ ബ്രിട്ടീഷുകാർ നടപ്പിലാക്കിക്കൊണ്ട് ഈ പ്രദേശത്തെ ഞെരിച്ചമർത്തി. അതിന്റെ ഭാഗമായി അക്കാലത്ത് മറ്റത്തൂർ എന്ന കുഗ്രാമത്തിലുണ്ടായിരുന്ന പോലീസ് ഔട്ട് പോസ്റ്റിന്റെ അവശിഷ്ടങ്ങൾ ഇന്നുമുണ്ട്. 1920-21 കാലത്ത് കൈപ്പറ്റ പ്രദേശത്ത് “ദൌലത്ത് സഭ” എന്ന പേരിൽ ഒരു സംഘം പ്രവർത്തിച്ചിരുന്നു. ഇവരുടെ പ്രവർത്തനം ഭൂമികൈയേറ്റവും അക്രമവുമായി തീർന്നപ്പോൾ അതിൽനിന്ന് രക്ഷനേടാൻ ചില മാപ്പിളകർഷകർ തങ്ങളുടെ ഭൂമിയുടെ അവകാശം കുറ്റിപ്പുറം പണിക്കരെ ഏൽപ്പിച്ചു. കൊല്ലത്തിൽ ഒരുകുല തേങ്ങ മാത്രമാണ് പണിക്കർ ജന്മം പിരിച്ചിരുന്നത്. മാപ്പിള കർഷകർ തങ്ങളുടെ ഭൂമി കുറ്റിപ്പുറം പണിക്കരെ ഏൽപ്പിച്ചത് സുരക്ഷക്ക് വേണ്ടി പരസ്പരവിശ്വാസത്തിന്റെയും സൌഹാർദ്ദത്തിന്റെയും പേരിലാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന പ്രസ്ഥാനങ്ങളിൽ ഭാഗഭാക്കാവുകയും കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്ത പ്രദേശങ്ങളാണ് മറ്റത്തൂരും പുത്തൂരും. 1921-ലെ കലാപകാലത്ത് മറ്റത്തൂരിലെ കുറെ യുവാക്കളെ മലപ്രം തുക്കിടി സായിപ്പിന്റെ ഉത്തരവു പ്രകാരം കോടതിയിൽ ഹാജരാക്കുന്നതിനു കൊണ്ടുപോയി. അക്കൂട്ടത്തിൽ പതിനെട്ടു വയസ്സു മാത്രമുള്ള ഇല്ലിക്കോട്ടിൽ അലവി എന്ന യുവാവ് പാതിരാത്രിയിൽ പാറാവുകാരന്റെ തോക്കും രണ്ട് സഞ്ചി തിരകളും തട്ടിയെടുത്ത് അതിസാഹസികമായി രക്ഷപ്പെട്ടത് ബ്രിട്ടീഷാധിപത്യത്തിനേറ്റ അടിയായിരുന്നു. ആ സംഭവത്തോടെ  ബ്രിട്ടീഷ് പട്ടാളത്തിന്റെ കൊടിയ മർദ്ദനത്തിനും കൊള്ളിവെയ്പിനും ഈ പ്രദേശങ്ങൾ ഇരയായി. ദേശീയപ്രസ്ഥാനത്തിന്റെ സന്ദേശവുമായി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഈ പ്രദേശം സന്ദർശിക്കുക പതിവായിരുന്നു. മഞ്ഞക്കണ്ടൻ അവറുമാസ്റ്റർ, വാഴയിൽ ഉമ്മിണിക്കടവത്ത് (കുഴിങ്ങര) മൊയ്തീൻ, കുരുണിയൻ ബാപ്പുട്ടി മുതലായവർ അദ്ദേഹത്തിന്റെ വിശ്വസ്ത അനുയായികളായിരുന്നു. മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് തെക്കുംമുറിയിലെ മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ. 1968-ലാണ് ഒതുക്കുങ്ങൽ പ്രദേശത്ത് ഒരു ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിയുന്നത്. പ്രസ്തുത ഹൈസ്കൂളടക്കം പല പ്രധാന സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത് കുരുണീയൻ മുഹമ്മദാജി എന്ന മഹാമനസ്കൻ സൌജന്യമായി നൽകിയ സ്ഥലത്താണ്. 1961-മുതൽ പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന അറബിക്കോളേജാണ് ഒതുക്കുങ്ങൽ മഖ്ദുമാബാദ് തഇഹ്യാ ഉസ്സുന്ന. ഒതുക്കുങ്ങൽ പഞ്ചായത്ത് ഒരു കാർഷികമേഖലയാണ്. ഭൂരിഭാഗം കുടുംബങ്ങളും കൃഷിയെയും അതിനോടനുബന്ധിച്ച ജോലികളെയും ആശ്രയിച്ചാണ് കഴിയുന്നത്. മറ്റത്തൂർ ചാലിപാടം, ആളായിപാടം, ചെറുകുന്ന് പാടം, പുത്തൂർ പാടം, ആട്ടീരി പാടം, അത്തിക്കോട് പാടം എന്നിവ ഈ പഞ്ചായത്തിലെ പ്രധാന വയലുകളാണ്. 1980 വരെ വയലായിരുന്ന എരണിപാടം ഇന്ന് തോട്ടമായി മാറിയിരിക്കുന്നു. ഈ പ്രദേശത്തെ പ്രധാന കൃഷി നെല്ല്, തെങ്ങ്, കവുങ്ങ്, വെറ്റില, ഇഞ്ചി, മഞ്ഞൾ എന്നിവയാണ്. വയലുകൾ തോട്ടമാക്കി മാറ്റി തെങ്ങ്, കവുങ്ങ് മുതലായവയുടെ കൃഷിക്കായി ഉപയോഗിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്. നെൽകൃഷിക്ക് മുൻകാലങ്ങളിൽ നാടൻ വിത്തിനങ്ങളായ വെള്ളരി, ആര്യൻ, തെക്കൻ ചീര, കൂട്ടുമുണ്ടകൻ മുതലായവയായിരുന്നു ഉപയോഗിച്ചിരുന്നത്. 1960-കളിലെ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെത്തുടർന്ന് അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളും രാസവളങ്ങളും ഉപയോഗിക്കാൻ തുടങ്ങിയതോടെ കർഷകർക്ക് കീടനാശിനികളെ ആശ്രയിക്കേണ്ടി വന്നുതുടങ്ങി. ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്ന തിരൂർ മഞ്ചേരി റോഡല്ലാതെ മറ്റ് ഗതാഗത മാർഗ്ഗങ്ങളൊന്നും 1946 കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല. പിന്നീട് 1955-നു ശേഷമാണ് അന്നത്തെ മറ്റത്തുർ പഞ്ചായത്തിലെ ആദ്യത്തെ റോഡായ ഒതുക്കുങ്ങൽ - മറ്റത്തൂർ റോഡ് രൂപം കൊണ്ടത്. 1950-കളുടെ ആരംഭത്തിൽ മദിരാശി മുഖ്യമന്ത്രിയായ കാമരാജ് നാടാർ ഒതുക്കുങ്ങൽ സന്ദർശിക്കുകയുണ്ടായി. അന്ന് നൽകിയ നിവേദനത്തിന്റെ ഫലമായാണ് ഇന്ന് ഊരകം പഞ്ചായത്തിൽ പെട്ട കോട്ടുമല ഉൾപ്പെടുന്ന പ്രദേശം മറ്റത്തൂർ പഞ്ചായത്തായി മാറിയത്.

സാംസ്കാരികചരിത്രം[തിരുത്തുക]

മറ്റത്തൂർ വലിയ ജുമാഅത്ത് പള്ളിക്ക് സുമാർ 500 വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. പള്ളിനിൽക്കുന്ന സ്ഥലം മലപ്പുറത്തെ നാടുവാഴിയായിരുന്ന പാറനമ്പി നൽകിയതാണത്രെ. അതുപോലെ കുന്നത്തെ പട്ടികജാതിക്കാരുടെ ക്ഷേത്രത്തിനു ഭൂമി നൽകിയതും പ്രസ്തുത നാടുവാഴിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന ഒരു കഥയുണ്ട്. പള്ളി നിൽക്കുന്ന സ്ഥലം അമ്പലത്തിനും, അമ്പലം നിൽക്കുന്ന സ്ഥലം പള്ളിക്കുമായിരുന്നു ആദ്യം നിശ്ചയിച്ച് നൽകിയിരുന്നത്. ആയിടക്ക് പാറനമ്പി കുടുംബത്തിലാർക്കോ രോഗമുണ്ടായിയെന്നും അത് ചികിത്സിച്ചുമാറ്റിയത് മറ്റത്തൂരിലെ മഠത്തിൽ കുടുംബാംഗമായ പാരമ്പര്യ മുസ്ളീം വൈദ്യനായിരുന്നുവെന്നും കേൾക്കുന്നു. അദ്ദേഹത്തിന് എന്ത് പ്രതിഫലമാണ് വേണ്ടതെന്ന് ആരാഞ്ഞ നമ്പിയോട് പുഴയോരത്ത് പള്ളിക്ക് സ്ഥലം കിട്ടിയാൽ കൊള്ളാമെന്ന് വൈദ്യർ പറഞ്ഞു. അങ്ങനെയാണ് പള്ളിക്കനുവദിച്ച സ്ഥലം അമ്പലത്തിനും അമ്പലത്തിനനുവദിച്ച സ്ഥലം പള്ളിക്കും പരസ്പരം കൈമാറ്റം ചെയ്യാൻ തീരുമാനിക്കുന്നത് എന്നാണ് കഥ. കലയുടെയും കായികവിനോദങ്ങളുടെയും സാംസ്കാരിക സവിശേഷതകളുടേയും കാര്യത്തിൽ മറ്റത്തൂരംശവും പുത്തൂരംശവും പരസ്പരം വൈവിധ്യം പുലർത്തുന്നു. മറ്റത്തൂരിലെ കൈപ്പറ്റ പണ്ടു മുതലേ പണ്ഡിത ശ്രേഷ്ഠന്മാർ ജീവിച്ചിരുന്ന പ്രദേശമാണ്. മറ്റത്തൂർ മണൽപുറത്ത് പഴയകാലത്ത് പടാളിത്തല്ല് മത്സരം അരങ്ങേറിയിരുന്നു. ഇവിടുത്തെ മറ്റൊരു വിനോദം കാളപ്പൂട്ട് - ഊർച്ച മത്സരങ്ങളാണ്. മറ്റത്തൂർ, തെക്കുംമുറി, പുത്തൂർപാടം എന്നിവിടങ്ങളിൽ കാളപൂട്ടുമത്സരങ്ങളും മറ്റത്തൂർ, അത്തിക്കോട്, പുത്തൂർ എന്നിവിടങ്ങളിൽ ഊർച്ചമത്സരങ്ങളും നടന്നിരുന്നു. മറ്റത്തൂരംശം മാപ്പിളകലയായ കോൽക്കളിക്ക് പ്രസിദ്ധമാണ്. ചെറുകുന്ന് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ചുടിമുട്ടുവേലയോടനുബന്ധിച്ച് നടക്കാറുണ്ടായിരുന്ന ചവിട്ടുകളി, ആശാരിസമൂഹത്തിന്റെ പരിചമുട്ട് എന്നിവ ഉത്സവങ്ങൾക്കും നേർച്ചകൾക്കും പതിവായി അവതരിപ്പിച്ചിരുന്ന നാടൻ കലകളാണ്. മഹാനായ മാപ്പിള മഹാകവി മോയിൻകുട്ടി വൈദ്യരുടെ പ്രസിദ്ധമായ ബദർകിസ്സപ്പാട്ടിന്റെ എഡിറ്റിംഗ് നിർവ്വഹിച്ച കൂനാരി പെഴുന്തറ മുഹമ്മദ് മുസ്ള്യാർ ഈ പ്രദേശത്തുകാരനാണ്. ഗ്രന്ഥകാരനും പണ്ഡിതശ്രേഷ്ഠനുമായിരുന്ന കൈപ്പറ്റ മമ്മുട്ടി മുസ്ള്യാർ, കൈപ്പറ്റ ബീരാൻ കുട്ടി മുസ്ള്യാർ തുടങ്ങിയവരും ഈ പ്രദേശം ജന്മം നൽകിയ പ്രഗല്ഭരായിരുന്നു. വേനൽക്കാലം നേർച്ചകളുടെയും വേലകളുടെയും കാലമാണ്. തോട്ടക്കോട് നേർച്ച, ബീമാമാന്റ നേർച്ച, ചേക്കത്തിൽ നേർച്ച എന്നിവ മറ്റത്തൂരംശത്തിലെ പ്രസിദ്ധ നേർച്ചകളാണ്. നേർച്ചകളോടനുബന്ധിച്ച് പെട്ടിവരവുണ്ടാകും. പെട്ടിവരവേൽപ്പിന് ഗജവീരന്മാരുടെ അകമ്പടിയുണ്ടാകും. ബാന്റ് വാദ്യങ്ങളും, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ നാടൻകലാരൂപങ്ങളും, കരിമരുന്ന് പ്രയോഗങ്ങളും പെട്ടിവരവിനു കൊഴുപ്പേകും. കുരുണിയപ്പറമ്പിലെ കുട്ടൻകോവിൽ ഉത്സവം, പുത്തൂർ പൂളക്കലെ കലങ്കരി ഉത്സവം, കണക്ക സമുദായത്തിന്റെ കുന്നത്തുവേല, അറിച്ചോളിലെ പറയരുടെ വേല, കുംഭാര സമുദായത്തിന്റെ മാരിയമ്മൻ കോവിൽ ഉത്സവം, ചെറുകുന്ന് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം, ആട്ടീരിയിലെ കലങ്കരി ഉത്സവം, ചരൽക്കുന്നിലെ കലങ്കരി ഉത്സവം, മറ്റത്തൂരിലെ പെരുങ്കൊല്ലന്മാരുടെ തേർപൂജ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളായി വർഷങ്ങളായി ആചരിച്ചു വരുന്നത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - പൊൻമള പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും
 • പടിഞ്ഞാറ് – കോട്ടക്കൽ മുനിസിപ്പാലിറ്റി, പറപ്പൂർ, ഊരകം പഞ്ചായത്തുകൾ
 • തെക്ക്‌ - കോട്ടക്കൽ മുനിസിപ്പാലിറ്റി, പൊൻമള പഞ്ചായത്തുകൾ
 • വടക്ക് – ഊരകം പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും

വാർഡുകൾ[തിരുത്തുക]

 1. കൈപ്പറ്റ
 2. പാറപ്പുറം
 3. തെക്കുംമുറി
 4. മറ്റത്തൂർ
 5. മൂലപ്പറമ്പ്
 6. തൊടുകുത്ത് പറമ്പ്
 7. മുനമ്പത്ത്
 8. മീങ്കല്ല്
 9. നൊട്ടനാലക്കൽ
 10. ഒതുക്കുങ്ങൽ ടൗൺ
 11. ചെറുകുന്ന്
 12. വലിയപറമ്പ്
 13. മേലെകുളമ്പ്
 14. ഉദിരാണി
 15. പുത്തൂർ
 16. കൊളത്തുപറമ്പ്
 17. ആട്ടീരി
 18. കൊടവണ്ടൂർ
 19. കാച്ചടിപ്പാറ
 20. മുണ്ടോത്ത് പറമ്പ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് വേങ്ങര
വിസ്തീര്ണ്ണം 17.28 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,037
പുരുഷന്മാർ 14,181
സ്ത്രീകൾ 14,856
ജനസാന്ദ്രത 1680
സ്ത്രീ : പുരുഷ അനുപാതം 1048
സാക്ഷരത 91%

അവലംബം[തിരുത്തുക]