കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്
കരുവാരകുണ്ട് | |
11°07′00″N 76°20′00″E / 11.1167°N 76.3333°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | വണ്ടൂർ |
ലോകസഭാ മണ്ഡലം | വയനാട് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | രാധാകൃഷ്ണൻ നായർ |
വിസ്തീർണ്ണം | 64.2ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 21 എണ്ണം |
ജനസംഖ്യ | 32,812 |
ജനസാന്ദ്രത | 511/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
676523 +91 4931 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ചെറുമ്പ് ഇകോ ടൂറിസം വില്ലേജ്; കേരളാകുണ്ട് വെള്ളച്ചാട്ടം |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ളോക്കിലാണ് 64.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്.കരുവാരകുണ്ടിലൂടെ ഒഴുകുന്ന പുഴയാണ് ഒലിപ്പുഴ.ഇതാണ് പിന്നീട് കടലുണ്ടിപ്പുഴയായി മാറുന്നത്.കാപ്പി,റബ്ബർ എന്നിവ കരുവാരകുണ്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു.പ്രശസ്ത എഴുത്തുകാരായ എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്നെഴുതിയ നോവലായ അറബിപ്പൊന്ന് എഴുതപ്പെടുന്നത് കരുവാരകുണ്ട് വെച്ചാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും പ്രകൃതി രമണീയമായ ഗ്രാമപഞ്ചായത്താണ് കരുവാരകുണ്ട്. പശ്ചിമഘട്ട മലനിരകൾക്കിടയിൽ ചുറ്റുഭാഗവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നാടാണ് കരുവാരകുണ്ട്. ഇവിടെ ടൂറിസം മേഖലക്ക് വളരെയധികം സാധ്യതകൾ ഉണ്ടെങ്കിലും അതിവിരളമായേ അത് ഉപയോഗിക്കപ്പെട്ടിട്ടൊള്ളൂ. ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാം കുണ്ട് വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന സന്ദർശന കേന്ദ്രങ്ങൾ. എന്നാൽ ഇത്രത്തോളം പേരെടുക്കാത്ത ധാരാളം വെള്ളച്ചാട്ടങ്ങളും മലകളും ബംഗ്ലാവുകളും ഇവിടെയുണ്ട്. സ്വപനക്കുണ്ട്, മദാരിക്കുണ്ട്, ബെന്നിക്കുണ്ട്, ബറോഡ വെള്ളച്ചാട്ടം, പാണ്ടൻപാറ, കേരള ബംഗ്ലാവ്, വട്ടമല, കൂമ്പൻ മല തുടങ്ങി ധാരാളം കാഴ്ച സ്ഥലങ്ങൾ കരുവാരകുണ്ടിൽ ഉണ്ട്. മലപ്പുറം ജില്ലയിലെ തന്നെ ഏക തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നതും കരുവാരകുണ്ടിലാണ്. കേരളത്തിലെ ആദ്യകാല റബ്ബർ എസ്റ്റേറ്റുകളിലൊന്നായ കേരള എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നതും കരുവാരകുണ്ടിലാണ്.
ചുറ്റും മലനിരകളാൽ ചുറ്റപ്പട്ട പ്രദേശമായതിനാൽ ധാരാളമായി മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ് കരുവാരകുണ്ട്. ഇക്കാരണത്താൽ തന്നെ കേരളത്തിലെ ചിറാപുഞ്ചി എന്ന വിശേഷണവും കരുവാരകുണ്ടിനുണ്ട്.
പേരിലെ പൊരുൾ
[തിരുത്തുക]കരു എന്നാൽ കറുത്ത അരിമ്പാറ എന്നാണ് ശബ്ദതാരാവലി വിവക്ഷിക്കുന്നത്. ഇരുമ്പയിര് എന്നും ഇതിനർത്ഥം കാണുന്നു. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ അധികപേരും കരുവാരകുണ്ടിൻറെ നാമോൽപത്തി 'കരു'വിലേക്ക് ചേർത്തു തന്നെയാണ് സ്ഥാപിക്കാൻ ശ്രമിച്ചത്. ഇരുമ്പയിര് ഖനനം ചെയ്തെടുത്ത സ്ഥലം കരുവാരകുണ്ടായി എന്നാണ് ഇവർ പറയുന്നത്. കരുവാരകുണ്ടിലേയും പരിസരങ്ങളിലേയും ലോഹ സംസ്കാര ശേഷിപ്പുകൾ ഈ വാദത്തെ ശക്തിപ്പെടുത്തുന്നുമുണ്ട്. നാടിൻറെ വിവധ ഭാഗങ്ങളിൽ ഇരുമ്പയിരിനോട് സാമ്യമുള്ള അയിരു മടകളും പാറക്കൂട്ടങ്ങളുമുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇരുമ്പയിരിനായി കുഴിച്ചിരുന്ന അയിരുമാടകളിൽ പലതും ഇന്നും ഇവിടെ കാണപ്പെടുന്നുണ്ട്. പ്രമുഖ പണ്ഡിതനായിരുന്ന സി.എൻ അഹ്മദ് മൌലവി തൻറെ പ്രശസ്തമായ 'മഹത്തായി മാപ്പിള പാരമ്പര്യ'ത്തിൽ ഇങ്ങനെ എഴുതി: " ഈ അവസരത്തിൽ എഞ്ചിനിയർ എ.പി.കെ രാമൻ 29/03/1977 ൽ ചന്ദ്രികയിലെഴുതിയ ഒരു ലേഖനം എൻറെ മുൻപിലുണ്ട്. അതിലെ ചില വരികൾ ഇവിടെ ഉദ്ധരിക്കുന്നത് സന്ദർഭോചിതമായിരിക്കും. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് എന്ന സ്ഥലം ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് തന്നെ ദക്ഷിണേന്ത്യയിലെ ജംഷഡ്പൂർ ആയിരുന്നുവെന്ന് ചരിത്ര രേഖകളിൽ നിന്നും പല തെളിവുകളിൽ നിന്നും മനസ്സിലാക്കാം. ആ കാലഘട്ടങ്ങളിൽ കരുവാരകുണ്ടിൽ നിന്നു നിർമ്മിക്കപ്പെട്ട വാൾ, ചട്ടികൾ, മുതലായവ ഈജിപ്ത്, റോം, തുർക്കി, ഗ്രീസ്, ഡമസ്കസ് തുടങ്ങിയ രാജ്യങ്ങളിൽ പോലും ചെന്നെത്തിയിരുന്നു. ഇവിടെ നിന്നായിരുന്നു പൂർവ്വകാലങ്ങളിൽ പ്രസിദ്ധിയാർജിച്ച വാളുകളും കുന്തങ്ങളും മറ്റും നിർമിച്ചു കയറ്റുമതി ചെയ്തിരുന്നത്. ആ കാലങ്ങളിൽ യൂറോപ്പിൽ ആർക്കും ഉരുക്കു നിർമാണം അറിഞ്ഞിരുന്നില്ല." (മഹത്തായ മാപ്പിള പാരമ്പര്യം പേജ് 11)
കരുവാരകുണ്ടിൻറെ സ്ഥലനാമ പൊരുൾ പരാമർശിക്കുന്ന മറ്റൊരു ഗ്രന്ഥം ചരിത്രകാരനും പത്രപ്രവർത്തകനുമായിരുന്ന എ.കെ കോഡൂർ രചിച്ച 'ആംഗ്ലോ മാപ്പിള യുദ്ധം 1921' ആണ്. ആ ഗ്രന്ഥത്തിൽ അദ്ദേഹം രേഖപ്പെടുത്തുന്നു: 'കരുവാരകുണ്ടിൻറെ പുരാതന നാമധേയം ചേരാമ്പാരം എന്നാണെന്നു പറയപ്പെടുന്നു. ചേറുമ്പ് മലകളുടെ താഴ്വാരം എന്ന നിലക്കാവാം ഈ പേര്. ആദി ചേര കാലഘട്ടത്തിലെ ഉരുക്കു വ്യവസായ കേന്ദ്രമായ ശേഷമാണ് ഇത് കരുവാരകുണ്ടായതെന്ന് കരുതപ്പെടുന്നു. രായിരൻ ചാത്തൻ എന്ന രാജാവാണ് ആറാങ്ങോട്ട് സ്വരൂപം സ്ഥാപിച്ചതും വള്ളുവനാടായിത്തീർന്നതും. പൊന്നാനി മുതൽ മണ്ണാർക്കാട് വരെ കിഴക്കു പടിഞ്ഞാറും മണ്ണാർക്കാട് മുതൽ ആഡ്യൻ പാറ വരെ തെക്കുവടക്കും കിടന്ന പുരാതന വള്ളുവനാട്ടിലെ ഇരുമ്പയിര് കിളച്ചെടുത്ത് ഉലയിൽ ഉരുക്കി അതുകൊണ്ട് ആയുധങ്ങളും ഉപകരണങ്ങളും പാത്രങ്ങളും നിർമിച്ച് കയറ്റുമതി ചെയ്തിരുന്ന വള്ളുവനാടിൻറെ നിർമാണകേന്ദ്രമായിരുന്നു ചേരാമ്പാരം. ആയിരക്കണക്കിന് കരുവാന്മാരുടെ സാന്നിധ്യമാണ് കരുവാരുടെ കുണ്ടായി മാറിയതെന്ന് കരുതപ്പെടുന്നു. അയിരുമടകൾ നിറഞ്ഞ ചെമ്പൻകുന്നും ചുറ്റുവട്ടത്തുള്ള പഞ്ചായത്തുകളിൽ കാണുന്ന അയിരുമടകളുമെല്ലാം കരുവാരകുണ്ടിലെ ഉരുക്കു വ്യവസായ പ്രതാപ കാലഘട്ടത്തിൻറെ വ്യക്തമായ തെളിവാണ്' (ആംഗ്ലോ-മാപ്പിള യുദ്ധം, എം കെ കോഡൂർ, പേജ് 320).
കരുവാരകുണ്ടിലെ വിവിധ സ്ഥലങ്ങളുടെ പേരുകൾക്ക് പിന്നിലും ഒരോരോ ചരിത്രം കിടപ്പുണ്ട്. അയിരുള്ള മണൽ അരിമണൽ, ആറിൻറെ തലക്കലുള്ള സ്ഥലം ആർത്തല, കോർമത്തുകാരുടെ ആദ്യകാല കച്ചവടസ്ഥലം പഴയകട, പിന്നീട് വന്ന കട പുതിയ കട, ആൾപാർപ്പും കൃഷിയുമില്ലാതെ ഒഴിഞ്ഞു കിടന്ന സ്ഥലം തരിശ്, പുഴയും കാടും കടന്നു ചെല്ലുമ്പോൾ പുല്ള് വട്ടത്തിൽ നിൽക്കുന്ന സ്ഥലം പുൽവെട്ട, വീട്ടി കൂടുതലുണ്ടായിരുന്ന സ്ഥലം വീട്ടിക്കുന്ന്, വാകയോട് ചേർത്ത് വാക്കോട്, പുന്നമരം നിറഞ്ഞു നിന്നിരുന്ന സ്ഥലം പുന്നക്കാട്, മരുതിൽ നിന്ന് മരുതിങ്ങൽ, 'ദാ... ഇങ്ങോട്ടിരി' എന്ന് ചായപ്പീടികയിൽ ആരോ സായിപ്പിനോട് പറഞ്ഞത്രേ... അന്നേരം സായിപ്പ് 'ങ്ങോട്ടിരി'.... എന്ന് പരിഹാസ രൂപത്തിൽ ചോദിച്ചത് പിന്നീട് ഇരിങ്ങാട്ടിരയായി, മഞ്ഞ കുവ്വ പാറയിൽ നിരത്തിയിട്ടപ്പോൾ പാറ മഞ്ഞ നിറമായി, അത് മഞ്ഞൾപ്പാറ, ബ്രിട്ടീഷ് പട്ടാളം ക്യാമ്പ് ചെയ്തിരുന്ന സ്ഥലം കേമ്പിൻകുന്ന്...,
ഒരിക്കൽ കരുവാരകുണ്ടിലെ സ്ഥലങ്ങളുടെ പുരാവൃത്തം കേട്ട് കേരള എസ്റ്റേറ്റിലെ മോട്ടീവർ സായിപ്പ് മേസ്തിരിയോട് പറഞ്ഞത്രേ: "ബെറ്റർ ദാൻ ഇംഗ്ലണ്ട്". ഇംഗ്ലണ്ടിനേക്കാൾ സായിപ്പിന് പ്രിയം ഈ നാടിനോടായിരുന്നു.
അതിരുകൾ
[തിരുത്തുക]- കിഴക്ക്- പാലക്കാട് ജില്ലയിലെ പുതൂർ പഞ്ചായത്ത്
- പടിഞ്ഞാറ് - കാളികാവ്, തുവ്വൂർ, ചോക്കാട് പഞ്ചായത്തുകൾ
- തെക്ക് - എടപ്പറ്റ പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ അലനല്ലൂര് പഞ്ചായത്ത് എന്നിവ
- വടക്ക് - അമരമ്പലം പഞ്ചായത്ത്, ചോക്കാട് പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ പുതൂർ പഞ്ചായത്ത് എന്നിവ
വാർഡുകൾ
[തിരുത്തുക]- വാക്കോട്
- കുട്ടത്തി
- അരിമണൽ
- കേരള
- മഞ്ഞൾപ്പാറ
- പാന്ത്ര
- കൽകുണ്ട്
- തുരുമ്പോട
- കണ്ണത്ത്
- കിഴക്കേത്തല
- കരുവാരക്കുണ്ട്
- തരീശ്
- കക്കറ
- പുൽവെട്ട
- പയ്യക്കോട്
- ചുളളിയോട്
- പനഞ്ചോല
- പുത്തനഴി
- ഇരിങ്ങാട്ടിരി
- പുന്നക്കാട്
- ചെമ്പൻകുന്ന്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | മലപ്പുറം |
ബ്ലോക്ക് |
കാളികാവ് |
വിസ്തീര്ണ്ണം | 64.2 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 32,812 |
പുരുഷന്മാർ | 16,086 |
സ്ത്രീകൾ | 16,726 |
ജനസാന്ദ്രത | 511 |
സ്ത്രീ : പുരുഷ അനുപാതം | 1038 |
സാക്ഷരത | 89.76% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/karuvarakundupanchayat Archived 2013-11-30 at the Wayback Machine.
- Census data 2001
- കരുവാരകുണ്ട് കാലം ദേശം മുദ്രകൾ 2020 (കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരണം)