Jump to content

അഞ്ചുതെങ്ങ്

Coordinates: 8°29′00″N 76°55′00″E / 8.4833°N 76.9167°E / 8.4833; 76.9167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anchuthengu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഞ്ചുതെങ്ങ്
Anjengo
അഞ്ചുതെങ്ങിൽ നിന്നുള്ള ബീച്ചിൻറെ കാഴ്ച.
LocationThiruvananthapuram, India
Coordinates8°29′00″N 76°55′00″E / 8.4833°N 76.9167°E / 8.4833; 76.9167
ArchitectPortuguese, English
Architectural style(s)Portugal, England
TypeCultural
State Party ഇന്ത്യ
അഞ്ചുതെങ്ങ് is located in Kerala
അഞ്ചുതെങ്ങ്
Location in Kerala, India
അഞ്ചുതെങ്ങ് is located in India
അഞ്ചുതെങ്ങ്
അഞ്ചുതെങ്ങ് (India)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു തീരദേശ പ്രദേശമാണ് അഞ്ചുതെങ്ങ്. വർക്കലയിൽ നിന്നും 12 കിലോമീറ്റർ മാറിയാണ് അഞ്ചുതെങ്ങ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് സാമ്രാ‍ജ്യ വാഴ്ചയുടെയും ഗ്രാമീണജീവിതത്തിന്റെയും ഒരു സംയോജനമാണ് അഞ്ചുതെങ്ങ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ അഞ്ചുതെങ്ങ് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനുകീഴിലായിരുന്നു.

അഞ്ചുതെങ്ങ് കോട്ട
അഞ്ചുതെങ്ങ് കടപ്പുറം

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമ്മിച്ച അഞ്ചുതെങ്ങ് കോട്ട പ്രശസ്തമായ ഒരു ചരിത്രസ്മാരകമാണ്. തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനിക കേന്ദ്രമായിരുന്നു അഞ്ചുതെങ്ങ് കോട്ട. 1813 വരെ ബ്രിട്ടീഷ് ആയുധ-പണ്ടികശാല അഞ്ചുതെങ്ങ് കോട്ടയിൽ ഉണ്ടായിരുന്നു. കോട്ടയിലെ കാഴ്ചഗോപുരവും തുരങ്കവും ഇന്നും സംരക്ഷിച്ചിരിക്കുന്നു. ചതുരാകൃതിയിൽ ഉള്ള കോട്ടയിൽ ഒരു അർദ്ധവൃത്താകൃതിയിലുള്ള തുരങ്കം തെക്ക്-പടിഞ്ഞാറായി ഉണ്ട്. ഇത് കടലിലേക്കുള്ള ഒരു രഹസ്യ പാതയായി കരുതപ്പെടുന്നു. ഒരു പുരാതനമായ പള്ളിയും അഞ്ചുതെങ്ങിൽ ഉണ്ട്. മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയവും അഞ്ചുതെങ്ങ് സെൻ്റ പീറ്റേഴ്സ് ദേവാലയവും വളരെ സുന്ദരമാണ്. പല ബ്രിട്ടീഷുകാരും ഇവിടെ അടക്കം ചെയ്യപ്പെട്ടിരുന്നു. അവരുടെ ശവകുടീരങ്ങൾ ഇന്നും ഇന്ത്യയിലെ സാമ്രാജ്യവാഴ്ചയ്ക്കുള്ള ചരിത്രസ്മാരകങ്ങളായി നിലനിൽക്കുന്നു. ബ്രിട്ടീഷ് ചരിത്രകാരനായ റോബർട്ട് ഓം ഇവിടെയാണ് ജനിച്ചത്. ക്രിസ്തുമസ് സമയത്തുനടക്കുന്ന പള്ളി പെരുന്നാൾ പ്രശസ്തമാണ്.മത്സ്യബന്ധനത്തിനും കയർ വ്യവസായത്തിനും അഞ്ചുതെങ്ങ് പ്രശസ്തമായിരുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]
  • അഞ്ചുതെങ്ങിന്റെ ആദിനാമം അഞ്ചിങ്ങൽ എന്നായരുന്നു. ഉദാത്തമായ ഭവനം (ക്ഷേത്രം) എന്നാണർത്ഥം. ഇത് തമിഴ് പദമാണ്‌. ഇംഗ്ലീഷുകാർക്ക് അത് അഞ്ചെങോ ആയി. ബ്രിട്ടീഷ് ഭരണകാലത്ത് അഞ്ജെങ്കോ എന്നായിരുന്നു അഞ്ചുതെങ്ങ് അറിയപ്പെട്ടിരുന്നത്.
  • അഞ്ചു ചുമടുതാങ്ങികൾ നിലനിന്നിരുന്നെന്നും അഞ്ചുചുമടുതാങ്ങി എന്നാണ്‌ ഇതിന്റെ ആദ്യരൂപമെന്നും വാദിക്കുന്നവരുണ്ട്.[1] എന്നാൽ ചുമടുതാങ്ങി എന്ന പദം ഉപയോഗിച്ചു തുടങ്ങുന്നതിനുമുൻപ് അഞ്ചിങ്ങൽ എന്ന പേരുപയോഗത്തലിരുന്നു എന്നത് ഈ വാദം നിരാകരിക്കുന്നു.

ചരിത്രം

[തിരുത്തുക]

തിരുവിതാംകൂർ പ്രദേശത്തിലെ ആദ്യത്തെ യൂറോപ്യൻ അധിവാസകേന്ദ്രമായിരുന്നു അഞ്ചുതെങ്ങ്. ജലമാർഗ്ഗമുള്ള വ്യാപാരസൗകര്യം ആദ്യം പോർത്തുഗീസ്-ഡച്ചു വ്യാപാരികളെയും പിന്നീട് ബ്രിട്ടീഷുകാരെയും ഈ സ്ഥലത്തേക്ക് ആകർഷിച്ചു. 1673-ൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ പണ്ടകശാല തുറന്നതോടെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. കുരുമുളകും ചീട്ടിത്തുണിയുമായിരുന്നു പ്രധാന വിപണനസാധനങ്ങൾ. 1684-ൽ ആറ്റിങ്ങൽ റാണിയുടെ സമ്മതത്തോടെ ബ്രിട്ടീഷുകാർ ഈ സ്ഥലം കൈവശപ്പെടുത്തി; 1690-ൽ ഇവിടെ കോട്ട കെട്ടുന്നതിനുള്ള അനുവാദവും അവർക്കു നല്കപ്പെട്ടു. ഈ കൈമാറ്റങ്ങൾ രേഖാമൂലമുള്ളതായിരുന്നില്ല. 1695-ലാണ് കോട്ടയുടെ പണിപൂർത്തിയായത്. വിഴിഞ്ഞം, കുളച്ചൽ, ഇടവാ തുടങ്ങിയ കച്ചവട സങ്കേതങ്ങളൊക്കെ അഞ്ചുതെങ്ങിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. 1729-ൽ തിരുവിതാംകൂർ സംസ്ഥാനത്തെ കുരുമുളക് കുത്തക ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ചതോടെ അഞ്ചുതെങ്ങിന്റെ പ്രാധാന്യം ഗണ്യമായി വർദ്ധിച്ചു. കർണാട്ടിക് യുദ്ധകാലത്ത് (1781-84) യുദ്ധസാമഗ്രികളുടെ സംഭരണശാലയും വിതരണകേന്ദ്രവുമായി ഇവിടം ഉപയോഗിക്കപ്പെട്ടു.

കായൽ പ്രദേശംഇന്ത്യയിൽ ബ്രിട്ടിഷ് സാമ്രാജ്യസ്ഥാപനത്തിനുശേഷം അഞ്ചുതെങ്ങിന്റെ പ്രാധാന്യം മങ്ങിത്തുടങ്ങി. ഈ സ്ഥലത്തിന്റെ ഭരണം തിരുവിതാംകൂർ റസിഡന്റിന്റെ കീഴിലുള്ള ഒരു സാധാരണ ഉദ്യോഗസ്ഥനിലൂടെ നിർവഹിക്കപ്പെട്ടുവന്നു. 1801-ൽ വേലുത്തമ്പിദളവയുടെ അനുയായികൾ അഞ്ചുതെങ്ങു കോട്ട ആക്രമിച്ചു. 1813-ൽ ഇവിടുത്തെ പണ്ടകശാല അടച്ചുപൂട്ടിയതോടെ ഈ പ്രദേശത്തിന്റെ സാമ്പത്തികഭദ്രതയ്ക്കു കോട്ടം ഉണ്ടായിത്തുടങ്ങി. 1906-ൽ അഞ്ചുതെങ്ങ് ഒരു പ്രത്യേക റവന്യൂ ജില്ലയാക്കി; 1927-ൽ ഈ പ്രദേശം തിരുനൽവേലി ജില്ലയിലുൾപ്പെടുത്തപ്പെട്ടു. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷവും ഈ നില തുടർന്നുപോന്നു. 1950-ലാണ് ഈ പ്രദേശം തിരു-കൊച്ചി സംസ്ഥാനത്തിൽ ലയിച്ചത്.

മറ്റു വിവരങ്ങൾ

[തിരുത്തുക]

അഞ്ചുതെങ്ങ് ലൈറ്റ്‌ഹൌസ് ജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു. ലൈറ്റ്‌ഹൌസ് 3മണി മുതൽ 5 മണിവരെ ദിവസവും തുറന്നിരിക്കുന്നു. ലൈറ്റ്‌ഹൌസിൽ പ്രവേശിക്കാൻ ഒരു ചെറിയ പ്രവേശന ഫീസ് ഉണ്ട്. കോട്ട 5 മണിക്ക് അടയ്ക്കുന്നു. 199 പടികൾ കയറിയാൽ ലൈറ്റ്‌ഹൌസിന്റെ മുകളിൽ നിന്ന് അഞ്ചുതെങ്ങ് തടാകവും കടൽപ്പുറവും കാണാം. അഞ്ചുതെങ്ങിലെ പൊഴിയിൽ കടലും കായലും സമ്മേളിക്കുന്നു. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കര അഞ്ചുതെങ്ങ് പഞ്ചായത്തിലാൺ.ഫുട്ബോൾ ആണ് അഞ്ചുതെങ്ങിലെ പ്രധാന വിനോദം. തിരുവനന്തപുരത്തുനിന്നും 34 കിലോമീറ്റർ അകലെയാണ് അഞ്ചുതെങ്ങ്.അഞ്ചുതെങ്ങിനോട് അടുത്തുള്ള റെയിൽവേസ്റ്റേഷൻ കടയ്ക്കാവൂരാണ് ,2 കി.മീ. ദൂരം.ചിറയിൻകീഴ്‌ റെയിൽ‌വേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ ദൂരമാണ് അഞ്ചുതെങ്ങിലേക്ക്. വർക്കല റെയിൽ‌വേ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ ദൂരമാണുള്ളത്.

അവലംബം

[തിരുത്തുക]
  1. പി. ഗോപകുമാർ. പ്ലാൻസ് ബുള്ളറ്റിൻ, തിരുവനന്തപുരം. 1998


"https://ml.wikipedia.org/w/index.php?title=അഞ്ചുതെങ്ങ്&oldid=4144558" എന്ന താളിൽനിന്ന് ശേഖരിച്ചത്