ആനക്കയം ഗ്രാമപഞ്ചായത്ത്
| ആനക്കയം | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Kerala |
| ജില്ല(കൾ) | Malappuram |
| സമയമേഖല | IST (UTC+5:30) |
അക്ഷാംശവും രേഖാംശവും: 11°5′2″N 76°7′13″E / 11.08389°N 76.12028°E
കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമപഞ്ചായത്താണ് ആനക്കയം. [1]. മഞ്ചേരിയിൽ നിന്ന് മലപ്പുറം/പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വഴിയിൽ ഏകദേശം 4 കിലോമീറ്റർ അകലേയാണ് ഈ ഗ്രാമം. ആനക്കയത്ത് വെച്ചാണ് മലപ്പുറം/പെരിന്തൽമണ്ണ പാതകൾ വഴി പിരിയുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] സ്ഥലനാമോൽപ്പത്തി
ആന മുങ്ങിയാൽ പോലും ആഴം കാണാനാവാത്ത കയം ഉള്ള സ്ഥലം എന്ന നിലയ്ക്കാണ് ഈ പ്രദേശത്തിനു ആനക്കയം എന്ന സ്ഥലനാമം കൈവന്നതെന്നു അനുമാനിക്കപ്പെടുന്നു.[2].
[തിരുത്തുക] ആദ്യകാല ചരിത്രം
ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് നിർമ്മിച്ച റോഡുകളും, പാടെ നശിച്ചുപോയ പാലങ്ങളുടെ അവശിഷ്ടങ്ങളും ഇപ്പോഴുമിവിടെ ചരിത്രത്തിന്റെ മൂകസാക്ഷികളായി സ്ഥിതി ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, നാടുവാഴി പ്രഭുക്കൾക്കും ഭൂജന്മിമാർക്കും എതിരായുള്ള 1921-ലെ, മലബാർ കലാപത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ഈ പ്രദേശം. അന്നത്തെ പോലീസ് ഇൻസ്പെക്ടറായിരുന്ന ഖാൻ ബഹാദൂർ കെ.വി.ചേക്കുട്ടിയെ, സമരസേനാനികൾ വെടിവെച്ചുകൊന്ന്, തല കുന്തത്തിൽ നാട്ടി പ്രദർശിപ്പിച്ചിരുന്നു. അയാളുടെ സ്മരണയ്ക്കായി ബ്രിട്ടീഷ് സർക്കാർ നിർമ്മിച്ച, പുള്ളിയിലങ്ങാടിയിലെ പൊതുകിണർ ഇന്നും ചരിത്രസ്മാരകമെന്ന പോലെ നിലനിൽക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ഒളിത്താവളമായിരുന്നു ആനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ മല. ഈ പ്രദേശത്തു ഒളിവിൽപോയ പോരാളികളെ പിടികൂടാൻ കഴിയാതിരുന്ന ബ്രിട്ടീഷ് പട്ടാളം, പൂക്കോട്ടൂർ യുദ്ധത്തിനു ശേഷം, പഞ്ചായത്തിന്റെ പടിഞ്ഞാറേയറ്റത്തുള്ള ആര്യാപറമ്പിൽ കുതിരവണ്ടിയിൽ പീരങ്കി ഘടിപ്പിച്ച്, പന്തല്ലൂർ മലയിലേക്കു വെടിവെച്ചതായി പറയപ്പെടുന്നു.[3].
പ്രാചീനകാലത്തെ ഇരുമ്പുഖനിയെന്നു പറയപ്പെടുന്ന ഇരുമ്പുഴി എന്ന ഗ്രാമവും ആനക്കയം പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്[4].
[തിരുത്തുക] ആദ്യകാല ഭരണസമിതികൾ
പഴയ മലബാർജില്ലാ ബോർഡിന്റെ കീഴിലായിരുന്ന ആനക്കയത്ത്, ആദ്യമായി പഞ്ചായത്തുബോർഡ് നിലവിൽ വന്നത് 1962-ലാണ്. എങ്കിലും 1963 ഡിസംബർ 20-തിയാണ് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നത്[3]. ആദ്യത്തെ പ്രസിഡന്റ് കെ.വി.എം. ചേക്കുട്ടിഹാജിയും വൈസ്പ്രസിഡന്റ് പുഴക്കൽ മുഹമ്മദ്കുട്ടിയും ആയിരുന്നു[4].
[തിരുത്തുക] അതിരുകൾ
ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മഞ്ചേരി മുനിസിപ്പാലിറ്റിയും, പാണ്ടിക്കാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് പാണ്ടിക്കാട്, കീഴാറ്റൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മങ്കട, കൂട്ടിലങ്ങാടി, കീഴാറ്റൂർ പഞ്ചായത്തുകളും, മലപ്പുറം മുനിസിപ്പാലിറ്റിയും പടിഞ്ഞാറുഭാഗത്ത് മലപ്പുറം, മഞ്ചേരി മുനിസിപ്പാലിറ്റികളും, പൂക്കോട്ടൂർ പഞ്ചായത്തുമാണ്[2].
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ മലപ്പുറം ബ്ളോക്കിലാണ് ആനക്കയം ഗ്രാമ പഞ്ചായത്ത് ഉൾപ്പെടുന്നത്. കടലുണ്ടിപ്പുഴയുടെ സാന്നിദ്ധ്യം ആനക്കയം പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു. ആനക്കയം വില്ലേജെന്നും പന്തല്ലൂർ വില്ലേജെന്നും. 23 വാർഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. ഇതിൽ 12 എണ്ണം സ്ത്രീകൾക്ക് വേണ്ടിയും ഒരെണ്ണം പട്ടികജാതിക്കാർക്ക് വേണ്ടിയും സംവരണം ചെയ്തിരിക്കുന്നു.
ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 45.23 ച.കി.മീറ്ററാണ്. 2001-ലെ സെൻസസ്പ്രകാരം 43,284 വരുന്ന ജനസംഖ്യയിൽ 21,097 പുരുഷൻമാരും, 22,187 സ്ത്രീകളും ഉൾപ്പെടുന്നു. പട്ടികജാതിക്കാരിൽ 1374 പുരുഷന്മാരും 1367 സ്ത്രീകളുമുണ്ട്. പട്ടികവർഗ്ഗത്തിൽപെട്ട രണ്ടുകുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ഇവിടത്തെ ജനസാന്ദ്രത 957/ച.കി.മീറ്ററും സാക്ഷരത 73.86%വുമാണ്.[5][4].
ഹിന്ദു, മുസ്ളീം ക്രിസ്ത്യൻ മത വിഭാഗങ്ങൾ വസിക്കുന്ന പഞ്ചായത്താണിത്. പന്തല്ലൂർ സെന്റ് പോൾസ് ചർച്ച്, ഇരുമ്പുഴി വിഷ്ണുക്ഷേത്രം, ആനക്കയം ജുമാമസ്ജിദ് തുടങ്ങി 13 ആരാധനാലയങ്ങളാണ് പഞ്ചായത്തിൽ നിലകൊള്ളുന്നത്. മുട്ടിപ്പാലം നേർച്ചയിലും പള്ളിപ്പെരുന്നാളിലും, ക്ഷേത്രോൽസവങ്ങളിലുമെല്ലാം പഞ്ചായത്തുനിവാസികൾ ജാതിമത ഭേദമെന്യേ പങ്കുകൊള്ളുന്നു[5].
[തിരുത്തുക] ഭൂപ്രകൃതി
പശ്ചിമഘട്ടത്തിന്റെ ഭാഗമായ കാളികാവ്, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ നിന്ന് ഉത്ഭവിച്ച്, കിഴക്കു - പടിഞ്ഞാറ് ദിശയിൽ ഒഴുകുന്ന കടലുണ്ടിപ്പുഴ, പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. കടലുണ്ടിപ്പുഴയുടെ ഇരുകരകളിലുമായി ഉയർന്ന കുന്നുകളും സമതലങ്ങളും ചേർന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, ചെരിഞ്ഞ പ്രദേശം, സമതലം, പുഴയോരപ്രദേശം എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. നെല്ല്, വാഴ, മരച്ചീനി, തെങ്ങ്, കുരുമുളക്, കവുങ്ങ്, റബ്ബർ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കാർഷികവിളകൾ. കടലുണ്ടിപ്പുഴയും മുപ്പതോളം വരുന്ന കുളങ്ങളുമാണ് ഇവിടുത്തെ ജലസ്രോതസ്സുകൾ.
പഞ്ചായത്തിൽ നിരവധി തോടുകളുണ്ട്. കാരത്തോട്, അവുഞ്ഞിത്തോട്, പുളിക്കൽ തോട്, ഓളിക്കൽ തോട് എന്നീ തോടുകളേയും ജലസേചനത്തിനായി ഉപയോഗപ്പെടുത്തുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നായ പന്തല്ലൂർമല ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. കുറുക്കക്കുന്ന്, കോട്ടമല, ഈർപ്പനച്ചി, ആര്യാപറമ്പ്, മുണ്ടിക്കുളംകുന്ന്, വട്ടമ്മൽകുന്ന്, കുറവത്തലമല, കുമ്മിക്കാട്, നമ്പൂതിരിക്കാട്, എണങ്ങാംപറമ്പ്, നിരപ്പറമ്പ്, ആയിരംകുന്ന്, തൂവ്വക്കുന്ന്, വയപ്പാറമല എന്നിവയാണ് മറ്റു പ്രധാന കുന്നുകൾ.[2].
[തിരുത്തുക] പ്രധാന സ്ഥാപനങ്ങൾ
ആനക്കയത്തുള്ള ആയുർവേദ ആശുപത്രിയും, മുടിക്കോട് പി.എച്ച്.സിയും ഉൾപ്പെടുന്നതാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖല. പഞ്ചായത്തിനുള്ളിൽ ആംബുലൻസ് സൌകര്യം ഇല്ലാത്തതിനാൽ മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലെ ആംബുലൻസ് സർവ്വീസ് കേന്ദ്രങ്ങളാണിവിടെ ഈ സൌകര്യം ലഭ്യമാക്കുന്നത്. മൃഗസംരക്ഷണത്തിനായി കടംപോട് ഗവ: വെറ്റിനറി ആശുപത്രിയും വീട്ടിപ്പടിയിൽ അതിന്റെ ഉപകേന്ദ്രവും പ്രവർത്തിക്കുന്നു[5].
വിദ്യാഭ്യാസ മേഖലയിലും മികച്ച നിലവാരം പുലർത്തുന്ന പഞ്ചായത്താണിത്. 16 എൽ.പി.സ്കൂളുകൾ, 5 യു.പി.സ്കൂളുകൾ, 2 ഹൈസ്കൂളുകൾ, 2 ഹയർ സെക്കന്ററി സ്കൂളുകൾ എന്നിവ ഉൾപ്പെടെ സർക്കാർ സർക്കാരേതര 25 വിദ്യാലയങ്ങളാണ് ഇവിടെ ഉള്ളത്. ഉന്നത വിദ്യാഭ്യാസത്തിനായി ഒരു ബി.എഡ്.ട്രെയിനിംഗ് കോളേജും, സാങ്കേതിക വിദ്യാഭ്യാസത്തിനായി ടി.ടി.സിയും പഞ്ചായത്തിനുള്ളിൽ തന്നെ പ്രവർത്തിക്കുന്നു[5].
വിവിധമേഖലകളിലെ നിരവധി സ്ഥാപനങ്ങൾ പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. സൌത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ ശാഖയും ഇരുമ്പുഴി, പന്തല്ലൂർ എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളും വനിതാ സഹകരണ സംഘങ്ങളും ഉൾപ്പെടുന്നതാണിവിടുത്തെ സാമ്പത്തിക മേഖല. കല്യാണങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമായി ആനക്കയത്ത് ഒരു കമ്മ്യൂണിറ്റി ഹാളും ഈ പഞ്ചായത്തിൽ ഉണ്ട്. വൈദ്യുതിബോർഡ്, കൃഷിഭവൻ എന്നിവ ആനക്കയത്താണ് സ്ഥിതിചെയ്യുന്നത്. ആനക്കയം കശുമാവ് ഗവേഷണകേന്ദ്രം ഇവിടുത്തെ പ്രധാന മേഖലാ സർക്കാർ ഓഫീസാണ്. കടമ്പോട്, ഇരുമ്പുഴി, പെരിമ്പലം, പാപ്പിനിപ്പാറ, ആനക്കയം, പന്തല്ലൂർ എന്നിവിടങ്ങളിൽ പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ടെലിഫോൺ എക്സ്ചേഞ്ചും, വില്ലേജ് ഓഫീസുകളും ആനക്കയത്തും പന്തല്ലൂരുമാണ്[5].
[തിരുത്തുക] പ്രധാന സ്ഥലങ്ങൾ
- ഇരുമ്പുഴി
- കടമ്പോട്
- ചെക്ക്‌പോസ്റ്റ്
- ചേപ്പൂർ
- പന്തല്ലൂർ
- പാപ്പിനിപ്പാറ
- പാണായി
- പെരിമ്പലം
- പുള്ളിയിലങ്ങാടി
- പുല്ലഞ്ചേരി
- മുടിക്കോട്
- മുട്ടിപ്പാലം
[തിരുത്തുക] വാർഡുകൾ- മെമ്പർമാർ
- പളളിയാളിപ്പടി -അബൂബക്കർ കൂളിമണ്ണിൽ തലപ്പിൽ
- പാപ്പിനിപ്പാറ - ഹഫ്സത്ത് പി
- കൂളിയോടൻമുക്ക് -അഷറഫ് എന്ന കുട്ട്യാപ്പു
- പുളളീലങ്ങാടി - സമീറ കെ വി
- ചിറ്റത്തുപാറ - മറിയുമ്മ കരങ്ങാടൻ
- അമ്പലവട്ടം അനിത കീഴുവീട്ടിൽ
- പന്തല്ലൂർ - മൈമൂന കെ പി
- മുടിക്കോട് -ഹമീദ് ഹാജി എം പി
- കിടങ്ങയം - അബ്ദുറഹിമാൻ ചെറുകപ്പള്ളീ
- നരിയാട്ടുപാറ - അസ്മാബി പാലപ്ര
- കിഴക്കുംപറമ്പ് - സുബൈദ ഒറ്റകത്ത്
- തെക്കുമ്പാട് - മൊഹമ്മദ് ഷാഫി
- ചേപ്പൂർ - മൊഹമ്മദാലി കെ വി
- പൊറ്റമ്മൽ - നസീബ റ്റീച്ചർ
- പെരിമ്പലം - മൊഹമ്മദാലി
- പാണായി - ഷിഹാബ് സി കെ
- ഇരുമ്പുഴി -കാരിക്കുട്ടി പാലക്കോടൻ
- വളാപറമ്പ് - ഉമ്മർ അമ്പലപ്പറമ്പിൽ
- കുന്നുംപുറം - സീനത്ത് സി സി
- അമ്പലത്തിങ്ങൽ - നന്ദിനി ഗംഗാധരൻ
- പടിഞ്ഞാറ്റുമുറി -സാജിദ് താട്ടറോട്ടിൽ
- കോണിക്കല്ല്- രജനി
[തിരുത്തുക] അവലംബം
- ↑ Block Wise Panchayat List. Malappuram Official website. Retrieved on 2008-05-13.
- ↑ 2.0 2.1 2.2 [1]. തദ്ദേശസ്വയംഭരണ വകുപ്പ് ആനക്കയം ഗ്രാമപഞ്ചായത്ത് വെബ് സൈറ്റ് - ആമുഖം. Retrieved on 2010-07-27.
- ↑ 3.0 3.1 [2]. തദ്ദേശസ്വയംഭരണ വകുപ്പ് ആനക്കയം ഗ്രാമപഞ്ചായത്ത് വെബ് സൈറ്റ് - ചരിത്രം. Retrieved on 2010-07-27.
- ↑ 4.0 4.1 4.2 [3]. ജി.യു.പി.സ്ക്കൂൾ, ആനക്കയം വെബ് സൈറ്റ്. Retrieved on 2010-07-27.
- ↑ 5.0 5.1 5.2 5.3 5.4 [4]. തദ്ദേശസ്വയംഭരണ വകുപ്പ് ആനക്കയം ഗ്രാമപഞ്ചായത്ത് വെബ് സൈറ്റ് - വിവരണം. Retrieved on 2010-07-27.