വിക്കിപീഡിയ:ശൈലീപുസ്തകം
| ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക. |
| വിക്കിപീഡിയയുടെ മാർഗ്ഗരേഖകൾ |
|---|
| ഉള്ളടക്കം |
| ശൈലി |
| ശൈലീപുസ്തകം |
| ഘടന |
| തിരുത്തൽ |
| സംവാദം |
| പെരുമാറ്റം |
| കൂടുതൽ |
| മാർഗ്ഗരേഖകളുടെ പട്ടിക നയങ്ങളുടെ പട്ടിക |
വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുമ്പോൾ സ്വീകരിക്കേണ്ട ശൈലിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ചില പദങ്ങളുടെയും പ്രയോഗങ്ങളുടെയും കാര്യത്തിൽ ഐകരൂപ്യമുണ്ടാക്കുവാൻ ഈ താളിലെ നിർദ്ദേശങ്ങൾ ഏവരും പാലിക്കുവാൻ ശ്രദ്ധിക്കുക.
ഉള്ളടക്കം |
മാസങ്ങളുടെ പേരുകൾ
ഇംഗ്ലീഷ് ഉച്ചാരണത്തിനനുസരിച്ചുള്ള രീതിയിലാവണം മാസങ്ങളുടെ പേരുകൾ എഴുതേണ്ടത്.
- ജനുവരി
- ജാനുവരി, ജനവരി എന്നീ വകഭേദങ്ങൾ ഒഴിവാക്കേണ്ടതാണ്.
- ഫെബ്രുവരി
- ഫിബ്രവരി, ഫെബ്രവരി എന്നിവ ഒഴിവാക്കുക
- മാർച്ച്
- ഏപ്രിൽ
- അപ്രീൽ, എപ്രീൽ, ഏപ്രീൽ എന്നിവ ഒഴിവാക്കുക
- മേയ്
- മെയ്, മെയ്യ് എന്നിവ ഒഴിവാക്കുക
- ജൂൺ
- ജുലൈ
- ജൂലായ്, ജുലായ് എന്നിവ ഒഴിവാക്കുക
- ഓഗസ്റ്റ്
- ആഗസ്റ്റ്, ആഗസ്ത്, ഓഗസ്ത് എന്നിവ ഒഴിവാക്കുക
- സെപ്റ്റംബർ
- സെപ്തംബർ, സെപ്റ്റമ്പർ, സെപ്തമ്പർ എന്നിവ ഒഴിവാക്കുക
- ഒക്ടോബർ
- ഒക്റ്റോബർ ഒഴിവാക്കുക
- നവംബർ
- നവമ്പർ ഒഴിവാക്കുക
- ഡിസംബർ
- ഡിസമ്പർ ഒഴിവാക്കുക
ഭൂമിശാസ്ത്ര നാമങ്ങൾ
- ഇന്ത്യ
- ഇൻഡ്യ എന്ന രൂപമാണ് കൂടുതൽ യോജിച്ചതെന്ന ഒരുവാദമുണ്ട്. എങ്കിൽതന്നെയും ഏതാണ്ട് സാർവത്രികമായി ഉപയോഗിക്കപ്പെടുന്ന രൂപമെന്ന നിലയിൽ ഇന്ത്യ എന്നെഴുതുക.
- ഓസ്ട്രേലിയ
- ആസ്ത്രേലിയ ഒഴിവാക്കണം
- ഓസ്ട്രിയ
- ആസ്ത്രിയ ഒഴിവാക്കണം
ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം
മലയാളം വിക്കിപീഡിയയിലെ ഓരോ ലേഖനവും പല വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു (ഉദാ: ഫീചേർഡ് ഫലകം / ചിത്രശാല / ലേഖനത്തിന്റെ ഉള്ളടക്കം / ഇന്റർവിക്കി കണ്ണികൾ / വർഗ്ഗങ്ങള് തുടങ്ങിയവ). എല്ലാ ലേഖനത്തിലും എല്ലാ വിഭാഗങ്ങളും ഉണ്ടാവണമെന്നില്ലെങ്കിലും ഉള്ള ഓരോ വിഭാഗവും ലേഖനത്തിൽ ചേർക്കുമ്പോൾ പാലിക്കേണ്ട ക്രമം ആണു് താഴെ.
വിക്കിപീഡിയയിലെ ലേഖനങ്ങളിലെ വിഭാഗങ്ങൾക്ക് ഐക്യരൂപമുണ്ടാകാൻ വിവിധവിഭാഗങ്ങൾ താഴെ കാണുന്ന ക്രമത്തിൽ വേണം ഓരോ ലേഖനത്തിലും ചേർക്കാൻ. നിലവിലുള്ള ലേഖനങ്ങളിലെ വിഭാഗങ്ങൾ ഈ ക്രമം പാലിക്കുന്നില്ലെങ്കിൽ പ്രസ്തുത വിഭാഗങ്ങൾ ഈ ക്രമത്തിൽ ആക്കേണ്ടതാണു്.
- ഫീച്ചേർഡ് ഫലകം - തിരഞ്ഞെടുത്ത ലേഖനങ്ങൾക്ക് മാത്രം
- പ്രെറ്റി യൂആർഎൽ - ഫീച്ചേർഡ് ഫലകം ഇല്ലെങ്കിൽ ഇതു് എപ്പോഴും ആദ്യം വരണം. അല്ലെങ്കിൽ അതു് വരേണ്ട സ്ഥാനത്തു് വരില്ല. മാത്രമല്ല പ്രെറ്റി യൂആർഎൽ ഫലകത്തിനു് മുൻപ് അനാവശ്യ സ്പേസും കൊടുക്കരുതു്.
- ലേഖനത്തെ സംബന്ധിച്ച വിവിധ അറിയിപ്പുകൾ. ഉദാ: ലേഖനം മായ്ക്കാനുള്ള ഫലകം / അവലംബങ്ങൾ ചേർക്കാനുള്ള ഫലകം / ശ്രദ്ധേയതാ ഫലകം തുടങ്ങിയവ
- ഇൻഫോബോക്സ് ആവശ്യമുണ്ടെങ്കിൽ അത്
- ലേഖനത്തിന്റെ ഉള്ളടക്കം
- ചിത്രശാല
- ഇതും കൂടി കാണുക
- ലേഖനത്തെ സംബന്ധിക്കുന്ന കവാടം ഉണ്ടെങ്കിൽ അത്
- കുറിപ്പുകൾ
- അവലംബം
അവലംബത്തിന്റെ താഴെ അവസാനവരിയായി സ്വതന്ത്രപ്രസാധക അനുമതി പത്രം ഉപയോഗിക്കുന്ന മറ്റു് ഉറവിടങ്ങളിൽ നിന്നുള്ള ഉള്ളടക്കത്തിനു് കടപ്പാടു് നൽകുന്ന ഫലകം:Sarvavinjanakosam പോലുള്ള ഫലകം ചേർക്കുക. - പുറത്തേക്കുള്ള കണ്ണികൾ
- ഇതരവിക്കിസംരംഭങ്ങൾ (ഉദാ:വിക്കി കോമൺസ്, വിക്കിഗ്രന്ഥശാല തുടങ്ങിയവ)
- ചില ലേഖനങ്ങളിൽ താഴെ കാണാറുള്ള നാവിഗേഷണൽ ഫലകങ്ങൾ ഉദാ:ഏതെങ്കിലും നക്ഷത്രരാശി ലേഖനം നോക്കുക.
- സ്റ്റബ്ബ് ഫലകം ആവശ്യങ്കിൽ അത്
- വിവിധ വർഗ്ഗങ്ങൾ
- ഇന്റർ വിക്കി കണ്ണികൾ
സംഖ്യകൾ
വലിയസംഖ്യകളെ സൂചിപ്പിക്കാൻ
നിത്യ ജീവിതത്തിൽ നമുക്കു് ഉപയോഗിക്കേണ്ടി വരുന്ന വലിയ സംഖ്യകളെ സൂചിപ്പിക്കാൻ പ്രാചീന കേരളത്തിൽ വിപുലമായ ഒരു നാമകരണ സമ്പ്രദായം ഉണ്ടായിരുന്നു. ഇതിനായി വെള്ളം (സംഖ്യ) എന്ന ലേഖനം കാണുക. എങ്കിലും ഇപ്പോൾ നമ്മുടെ ഉപയോഗം ലക്ഷത്തിലും കോടിയിലും മാത്രമായി ഒതുങ്ങുന്നു. പക്ഷെ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കുള്ള പരിഭാഷകളിലൂടെ മില്യൻ,ബില്യൺ, ട്രില്യൺ തുടങ്ങിയ പ്രയോഗങ്ങൾ ഇപ്പോൾ പല മാദ്ധ്യമങ്ങളിലും കാണാറുണ്ട്. ഇതു പലപ്പോഴും തെറ്റിദ്ധാരണയ്ക്കു് ഇടയാക്കാറുണ്ട്. ഉദാഹരണത്തിനു് ബില്യൺ എന്ന പദത്തിനു് വിവിധ രാജ്യങ്ങളിൽ ഉള്ള അർത്ഥം കാണാൻ en:Long and short scales എന്ന ലേഖനം കാണുക. വിദ്യാസമ്പന്നരായ മലയാളികൾക്കു പോലും പലപ്പോഴും ഈ പ്രയോഗങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.
അതിനാൽ മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങളിൽ വലിയ സംഖ്യകളെ സൂചിപ്പിക്കേണ്ടി വരുമ്പോൾ, മലയാളികൾ നിത്യജീവിതത്തിൽ സാധാരണ ഉപയോഗിക്കുന്ന ലക്ഷം (100000), കോടി (10000000) തുടങ്ങിയവ ഉപയോഗിക്കുക. ഇതിലും വലിയ സംഖ്യകളെ സൂചിപ്പിക്കുവാൻ സൈന്റിഫിക്കു് നൊട്ടേഷൻ (ഉദാ: 500000000000 = 5 X 1011) ഉപയോഗിക്കുക.
അഭികാമ്യമായ ചില പ്രയോഗങ്ങൾ
- പത്തു് ദശലക്ഷം പോലുള്ള പ്രയോഗങ്ങൾ ദയവായി ഒഴിവാക്കുക. പകരം ഒരു കോടി എന്നു് ഉപയോഗിക്കുന്നതാണു് അഭികാമ്യം.
- നൂറായിരം എന്ന് പ്രയോഗം ഒഴിവാക്കുക. പകരം ഒരു ലക്ഷം എന്നുപയോഗിക്കുക,
ചില ഉദാഹരണങ്ങൾ
- 1 - മില്യൺ = 1 ദശലക്ഷം = 10 ലക്ഷം എന്നുപയോഗിക്കുക,
- 10 മില്യൺ = 10 ദശലക്ഷം = 100 ലക്ഷം = 1 കോടി എന്നുപയോഗിക്കുക
- 1 ബില്യൺ = 100 കോടി എന്നുപയോഗിക്കുക
- പ്രപഞ്ചത്തിന്റെ പ്രായം = 13.6 ബില്യൺ വർഷം = 1360 കോടി വർഷം എന്നുപയോഗിക്കുക
- ഭൂമിയുടെ പ്രായം = 4.54 ബില്യൺ വർഷം = 454 കോടി വർഷം എന്നുപയോഗിക്കുക
നിർബന്ധമായും ഒഴിവാക്കേണ്ട പ്രയോഗങ്ങൾ
- പേരുകൾക്കു മുന്നിൽ ശ്രീ, ശ്രീമതി എന്നിവ ചേർക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.
- പേരുകൾക്കൊപ്പം മാസ്റ്റർ, മാഷ്,ടീച്ചർ എന്നിങ്ങനെയൊക്കെ കേരളത്തിൽ പ്രയോഗിക്കുമെങ്കിലും വിക്കിപീഡിയ ലേഖനങ്ങളിൽ അവ ആവശ്യമില്ല. (ഉദാ: പി.കെ. ശ്രീമതി. പി.കെ.ശ്രീമതി ടീച്ചർ വേണ്ട)
എന്നാൽ ഒരു വ്യക്തി അറിയപ്പെടുന്നത് യഥാർത്ഥനാമത്തിലല്ലെങ്കിൽ, പൊതുവേ അറിയപ്പെടുന്ന പേര് ലേഖനങ്ങളിൽ ഉപയോഗിക്കാം. (ഉദാ: കുഞ്ഞുണ്ണി മാഷ്)
അവലംബം (References)
വിശ്വസനീയവും ആധികാരികവുമായ ഉറവിടങ്ങൾ റഫറൻസായി ചേർക്കുക എന്നതാണ് പൊതുവായ കീഴ്‌വഴക്കം.
അതായത് “സി.പി.എം. തീവ്രവാദ സംഘടനയാണ്” എന്നൊരു പ്രസ്താവന എഴുതിയശേഷം ആ വാദം ഉന്നയിക്കുന്ന ഏതെങ്കിലും സി.പി.എം. വിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ ലിങ്കു നൽകുകയല്ല ശരിയായ നടപടി. തീവ്രവാദ സംഘടനകളെപ്പോലുള്ള വിവാദ വിഷയങ്ങളിൽ കോടതി ഉത്തരവുകൾ, വിവിധ സർക്കാർ ഉത്തരവുകളുടെയോ റിപ്പോർട്ടുകളുടെയോ ലിങ്കുകൾ, അവ സംബന്ധിച്ച വാർത്തകൾ, അംഗീകൃത വർത്തമാന പത്രങ്ങളുടെ ലിങ്കുകൾ ഇവയൊക്കെ നൽകുകയാണുത്തമം.
ഒരു സംഘടനയെക്കുറിച്ചുള്ള വിവാദ വിഷയം കൈകാര്യം ചെയ്യുമ്പോൾ ആ സംഘടനയുടെ മുഖപത്രത്തേക്കാൾ അതു സംബന്ധിച്ച് സ്വതന്ത്ര മാധ്യമങ്ങളുടെ ലേഖനങ്ങൾ ലിങ്കുകളായി നൽകുകയാണുചിതം. മുഖപത്രങ്ങൾ തങ്ങളുടെ താല്പര്യങ്ങളെ മാത്രമായിരിക്കും എല്ലായ്പ്പോഴും മുറുകെപിടിക്കുക എന്നതാണ് ഇതിനു കാരണമായിരിക്കുന്നത്.
രാജ്യാന്തര പ്രശ്നങ്ങളിൽ നിഷ്പക്ഷ ഏജൻസികളുടെ ലിങ്കുകൾ നൽകുമ്പോൾ കൂടുതൽ വ്യക്തത കൈവരുമെന്നു തോന്നുന്നു.
ഓപ്പൺ ഡിസ്കഷൻ ഫോറങ്ങൾ, ചാറ്റ് ഫോറങ്ങൾ, ബ്ലോഗുകളിലെ കമന്റുകൾ ഇവ ആധികാരിക തെളിവുകളായി സ്വീകരിച്ച് അവതരിപ്പിക്കരുത്. എന്നാൽ വ്യക്തമായ തെളിവുകളോടെയും റഫറൻസുകളുടെയും എഴുതപ്പെട്ട ബ്ലോഗ് ലേഖനങ്ങൾ തെളിവുകളായി സ്വീകരിക്കാം.
നമ്മുടെ അഭിപ്രായങ്ങൾക്ക് ബലം വർദ്ധിപ്പിക്കാനല്ല, മറിച്ച് ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ് റഫറൻസുകൾ എന്ന കാര്യം മറക്കാതിരിക്കുക.
റെഫറൻസുകൾ നൽകുന്നതിനുള്ള വിക്കിവിന്യാസങ്ങളെക്കുറിച്ചറിയാൻ എഡിറ്റിങ് വഴികാട്ടി എന്ന സഹായം താൾ കാണുക
ജനന-മരണതീയതികൾ നൽകേണ്ട ശൈലി
മരണമടഞ്ഞ വ്യക്തികൾക്ക്: ഉദാ: മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) എന്ന രീതി
ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക്: ഉദാ: വി.എസ്. അച്യുതാനന്ദൻ (ജനനം: 1923 ഒക്ടോബർ 23) എന്ന രീതി.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ ചുരുക്കിയെഴുതുമ്പോൾ
വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകൾ ചുരുക്കിയെഴുതുമ്പോൾ താഴെ പറയുന്ന ശൈലി അവലംബിക്കുക.
എസ്.കെ. പൊറ്റെക്കാട്ട് / എം.ടി. വാസുദേവൻ നായർ/ബി.ബി.സി. - അഭികാമ്യം എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- അനഭികാമ്യം
കുറിപ്പുകൾ
ലേഖനങ്ങളിൽ കുറിപ്പുകൾ ഉപയോഗിക്കുമ്പോൾ, കുറിപ്പുകളുടെ പ്രതീകമായി, (൧, ൨, ൩ .. എന്നിങ്ങനെയുള്ള) മലയാളം അക്കങ്ങൾ ഉപയോഗിക്കുക. കുറിപ്പുകൾ നൽകുന്നതെങ്ങനെയെന്നറിയാൻ എഡിറ്റിങ് വഴികാട്ടി കാണുക.
ഇതും കാണുക
|
||||||||||||||||
|
||||||||||||||||||||||||||||||||