വിക്കിപീഡിയ:ഉപയോക്തൃനാമനയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Green check.png ഈ താള്‍ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദര്‍ഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക.
Nutshell.png ഈ താളിന്റെ രത്നച്ചുരുക്കം: ആക്രമണം ലക്ഷ്യം വച്ചുള്ളതോ, ചിന്താക്കുഴപ്പമുണ്ടാക്കുന്നതോ, പരസ്യപ്രചാരത്തിനുപകരിക്കുന്നതോ ആയ ഉപയോക്തൃനാമം തിരഞ്ഞെടുക്കരുത്. വ്യക്തമായ കാരണമില്ലാതെ ഒന്നിലധികം അംഗത്വങ്ങള്‍ എടുക്കാതിരിക്കുക.
വിക്കിപീഡിയയുടെ
മാര്‍ഗ്ഗരേഖകള്‍
ഉള്ളടക്കം
ശൈലി
ശൈലീപുസ്തകം
ഘടന
തിരുത്തല്‍
സംവാദം
പെരുമാറ്റം
കൂടുതല്‍
മാര്‍ഗ്ഗരേഖകളുടെ പട്ടിക
നയങ്ങളുടെ പട്ടിക

ഉപയോക്തൃനാമനയം വിക്കിപീഡിയയില്‍ താങ്കള്‍ ഉപയോഗിക്കുന്ന ഉപയോക്തൃനാമത്തെക്കുറിച്ചും താങ്കളുടെ അംഗത്വം പുലര്‍ത്തേണ്ട പെരുമാ‍റ്റരീതികളെ കുറിച്ചും പ്രതിപാദിക്കുന്നു.

താങ്കള്‍ക്ക് ഇതുവരെ ഒരു അംഗത്വമില്ലങ്കില്‍ ഒന്നുണ്ടാക്കാവുന്നതാണ്. അംഗത്വം ഉപയോക്താവിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. പ്രത്യേകിച്ച് താങ്കള്‍ക്ക് താങ്കളുടെ തിരുത്തലുകള്‍ ഒരുമിച്ച് കാണാന്‍ കഴിയും. താങ്കള്‍ക്ക് നിലവിലുള്ള അംഗത്വത്തിലേക്ക് പ്രവേശിക്കുന്നതിനായുള്ള സഹായം ഇവിടെ(ഇംഗ്ലീഷ്) ലഭിക്കുന്നതാണ്.

ഉള്ളടക്കം

ഉപയോക്തൃനാമം തിരഞ്ഞെടുക്കുമ്പോള്‍

താങ്കള്‍ എത്രത്തോളം ഒളിഞ്ഞിരിക്കാന്‍ താത്പര്യപ്പെടുന്നു എന്നതിനടിസ്ഥാനത്തില്‍ താങ്കള്‍ക്ക് താങ്കളുടെ യഥാര്‍ത്ഥനാമമോ പരിചിതമായ ചെല്ലപ്പേരോ, തികച്ചും വ്യാജമായ പേരോ തിരഞ്ഞെടുക്കാവുന്നതാ‍ണ്. താഴെയുള്ള യഥാര്‍ത്ഥനാമം‍ എന്ന ഖണ്ഡിക ശ്രദ്ധിക്കുക.

താങ്കള്‍ താങ്കളുടെ യഥാര്‍ത്ഥനാമമല്ല ഉപയോഗിക്കുന്നതെങ്കില്‍ താങ്കള്‍ക്ക് നല്ലതെന്നു തോന്നുന്ന ഉപയോക്തൃനാമം തിരഞ്ഞെടുക്കാവുന്നതാണ്, അത് മറ്റുള്ളവര്‍ക്കും നല്ലതെന്നു തോന്നണമെന്നു മാത്രം. ഒരു പ്രശ്നകാരിയായ നാമം താങ്കളെകുറിച്ച് മറ്റുള്ളവര്‍ക്ക് ഒരു നല്ല ചിത്രമാവില്ല നല്‍കുക, അത് സംഭവിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കുക.

വിക്കിപീഡിയയില്‍ താങ്കള്‍ക്ക് ഉള്ളതോ ഇല്ലാത്തതോ ആയ പദവികളെ ഉപയോക്തൃനാമം ഉപയോഗിച്ച് കാണിക്കരുത്. അതായത് കാര്യനിര്‍വ്വാഹകന്‍, ബ്യൂറോക്രാറ്റ്, സ്റ്റിവാര്‍ഡ് തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. അഡ്മിന്‍, സിസോപ് തുടങ്ങിയവയുടെ കാര്യവും ഇതു പോലെ തന്നെ. ബോട്ട് (bot) അഥവാ യന്ത്രം എന്നവസാനിക്കുന്ന ഉപയോക്തൃനാമങ്ങള്‍ വിക്കിപീഡിയയില്‍ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നുമോര്‍ക്കുക.

വിക്കിപീഡിയയില്‍ താങ്കള്‍ ഉപയോഗിക്കുന്ന നാമം ഇംഗ്ലീഷ് ആണെങ്കില്‍ അത് കേസ് സെന്‍സിറ്റീവ്(case sensitive) ആയിരിക്കും, ആദ്യത്തെ അക്ഷരം സ്വതവേ വലിയ അക്ഷരമായി കണക്കാക്കും. താങ്കള്‍ ഉപയോഗിക്കുന്ന ഉപയോക്തൃനാമം സംവാദം താളില്‍ ഒപ്പിടുമ്പോള്‍ സ്വതവേ വരുന്നതായിരിക്കും. കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് വിക്കിപീഡിയ:ഒപ്പ് കാണുക (ഇംഗ്ലീഷ്)

താങ്കളുടെ ഉപയോക്തൃനാമം മറ്റുള്ളവര്‍ തുടര്‍ച്ചയായി അക്ഷരപിശകു വരുത്തി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് താങ്കളുടെ താളിലേക്കുള്ള ഒരു തിരിച്ചുവിടല്‍ താളായി സൃഷ്ടിച്ചേക്കുക.

യഥാര്‍ത്ഥനാമം

യഥാര്‍ത്ഥനാമം ഉപയോക്തൃനാമമായി ഉപയോഗിക്കുന്നത് വ്യക്തിയെ എളുപ്പം തിരിച്ചറിയാന്‍ ഉപകരിക്കുന്നു. ഇത് ചിലപ്പോള്‍ ആക്രമണമുണ്ടാകാനിടയാക്കാറുണ്ട്. താങ്കള്‍ താങ്കളുടെ യഥാര്‍ത്ഥനാമത്തില്‍ തിരുത്തലുകള്‍ നടത്തുന്നതിനുമുമ്പ് അതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിയുക. ഉപയോക്തൃനാമം മാറ്റം വരുത്താന്‍ പിന്നീടു സാധിക്കുമെങ്കിലും പഴയ ഉപയോക്തൃനാമത്തിന്റെ രേഖകള്‍ അവശേഷിക്കും.

വളരെ പ്രശസ്തനായ ഒരു വ്യക്തിയുടെ പേര് താങ്കള്‍ ഉപയോഗിക്കുകയാണെങ്കില്‍ താങ്കളുടെ പേരും കൃത്യം അതു തന്നെയായിരിക്കണം. അങ്ങിനെയുള്ള അംഗത്വങ്ങള്‍ വിക്കിപീഡിയയ്ക്കു ബോദ്ധ്യപ്പെടുന്നതുവരെ തടയപ്പെടാനും സാധ്യതയുണ്ട്.

താങ്കള്‍ ഇത്തരത്തില്‍ തടയപ്പെടുകയാണെങ്കില്‍, അതിനെതിരേ നശീകരണ പ്രവര്‍ത്തനം നടത്തിയല്ല പ്രതികരിക്കേണ്ടത്; ആള്‍മാറാട്ടത്തിനെതിരേയുള്ള മുന്‍‌കരുതല്‍ മാത്രമാണതെന്ന് മനസ്സിലാക്കുക. താങ്കള്‍ താങ്കളുടെ പേരില്‍ തന്നെ തിരുത്തലുകള്‍ നടത്തുന്നതിന് വിക്കിപീഡിയ ഒരിക്കലും എതിരല്ല; താങ്കള്‍ “താങ്കള്‍“ തന്നെയാണെന്നു തെളിയിക്കേണ്ടി വന്നേക്കാം അത്രമാത്രം.

കമ്പനി അഥവാ സംഘത്തിന്റെ നാമം

വിക്കിപീഡിയ ഏതെങ്കിലും കമ്പനിക്കോ വ്യാപാരസ്ഥാപനത്തിനോ പരസ്യപ്രചാരണത്തിനുള്ള വേദിയാക്കാന്‍ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗത്വങ്ങള്‍ തടയപ്പെടും. ഏതെങ്കിലും കമ്പനിയുടെ പേരുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന അംഗത്വം ഉറപ്പായും തടയപ്പെടണമെന്നില്ല. പക്ഷേ അത് പ്രോത്സാഹിപ്പിക്കുന്നുമില്ല.

ഒരു അംഗത്വം ഉപയോഗിച്ച് കമ്പനിക്കോ സംഘത്തിനോ തിരുത്തലുകള്‍ നടത്താനും വിക്കിപീഡിയ അനുവദിക്കില്ല. പങ്ക് അംഗത്വങ്ങള്‍ കാണുക.

മലയാളം - ഇംഗ്ലീഷ് ഇതര ഉപയോക്തൃനാമങ്ങള്‍

ഉപയോക്താക്കള്‍ ഇംഗ്ലീഷോ, മലയാളമോ ഉപയോഗിക്കുന്ന ഉപയോക്തൃനാമങ്ങള്‍ തിരഞ്ഞെടുക്കണം എന്നു നിര്‍ബന്ധമില്ല. പക്ഷേ അപ്രകാരമല്ലാത്തത് (ചൈനീസ്, ഗ്രീക്ക്, സിറിലിക്, അറബി തുടങ്ങിയവ) ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമായിരിക്കും. അതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ അത്തരം അംഗങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള ഒപ്പ് ഉപയോഗിച്ചിരിക്കണം.

ഒരേ പോലുള്ള ഉപയോക്തൃനാമങ്ങള്‍

നിലവിലുള്ള ഉപയോക്തൃനാമങ്ങളോട് വളരെ സാദൃശ്യമുള്ള ഉപയോക്തൃനാമങ്ങള്‍ ഉണ്ടാക്കരുത്. അത്തരത്തിലൊന്ന് താങ്കള്‍ക്ക് ഉണ്ടാക്കിയേ തീരു എങ്കില്‍ വിക്കിപീഡിയ:അംഗത്വം വേണം എന്ന താളില്‍ ഒരു കുറിപ്പിടുക. സജീവമായി പ്രവര്‍ത്തിക്കുന്ന ഉപയോക്താവിന്റെ പേരിനോടോ ഏതെങ്കിലും കാര്യനിര്‍വ്വാഹകരുടെ പേരിനോടോ വളരെ സാദൃശ്യമുള്ള അംഗത്വങ്ങള്‍ ഉപയോഗിക്കാതിരിക്കുക. അത്തരം അംഗത്വങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ അവയുടെ ലക്ഷ്യം ശുഭസൂചകമല്ലങ്കില്‍ തടയപ്പെടുന്നതായിരിക്കും. ഉപയോക്താക്കളുടെ പട്ടികയില്‍ നിന്നും താങ്കള്‍ക്ക് നിലവിലുള്ള ഉപയോക്തൃനാമങ്ങള്‍ പരിശോധിക്കാവുന്നതാണ്.

താങ്കളുടെ ഉപയോക്തൃനാമം മറ്റാരുടേയെങ്കിലും ഉപയോക്തൃനാമത്തോട് വളരെ സാദൃശ്യമുള്ളതെങ്കില്‍ സ്വന്തം താളില്‍ നാനാര്‍ത്ഥങ്ങള്‍ പോലെ എന്തെങ്കിലും ചേര്‍ക്കുക.

അനുയോജ്യമല്ലാത്ത ഉപയോക്തൃനാമങ്ങള്‍

വിക്കിപീഡിയ തെറ്റിദ്ധാരണാജനകങ്ങളായതോ, പരസ്യാര്‍ത്ഥം സൃഷ്ടിച്ചതോ, ആക്രമണ ലക്ഷ്യത്തോടെയുള്ളതോ കുത്തിത്തിരിപ്പു സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ചുള്ളതോ ആയ അംഗത്വങ്ങളെ ഒരു കാരണവശാലും അനുവദിക്കില്ല.

  • തെറ്റിദ്ധാരണാജനകങ്ങളായ നാമങ്ങള്‍: വ്യംഗ്യമായോ അല്ലാതെയോ, ഉപയോക്താവിനെ കുറിച്ച് “ശരി“യല്ലാത്ത കാര്യങ്ങള്‍ നല്‍കുന്നയിനം നാമങ്ങള്‍ (ശരി തെറ്റുകള്‍ സമൂഹം തീരുമാനിക്കും). ഉദാ: വളച്ചൊടിക്കപ്പെട്ട സത്യങ്ങളെ പ്രതിനിധീകരിക്കുന്നയിനം, മേധാവിത്വ സ്വഭാവമുള്ളവ, അല്ലങ്കില്‍ വ്യക്തിയല്ലിതൊരു കൂട്ടമാളുകളാണെന്നു ധ്വനിപ്പിക്കുന്നവ.
  • പ്രചരണാര്‍ത്ഥമുള്ള പേരുകള്‍: എന്തെങ്കിലും വ്യാപാരലക്ഷ്യത്തോടെയോ മറ്റു പരസ്യര്‍ത്ഥമോ സൃഷ്ടിക്കുന്ന നാമങ്ങള്‍
  • പിന്തിരിപ്പന്‍ ലക്ഷ്യങ്ങളോടെയുള്ളവ: ഒത്തൊരുമയോടെയുള്ള തിരുത്തലുകള്‍ക്കു തടസ്സമുണ്ടാക്കുന്നവയോ അസാധ്യമാക്കുന്നവയോ ആയ നാമങ്ങള്‍.
  • ദ്രോഹം ലക്ഷ്യം വച്ചുള്ളവ: കുത്തിത്തിരിപ്പുണ്ടാക്കാന്‍ ലക്ഷ്യം വച്ചുള്ളതോ, വ്യക്ത്യാക്രമണത്തിനെന്നു മനസ്സിലാക്കാന്‍ കഴിയുന്നവയോ അല്ലങ്കില്‍ വിക്കിപീഡിയയെ മോശമായി പ്രതിനിധീകരിക്കുന്നവയോ ആയ ഉപയോക്തൃനാമങ്ങള്‍
  • വിക്കിപീഡിയ ഉപയോഗാനുമതി നല്‍കുന്നില്ലാത്തവ: വിക്കി, പീഡിയ, പീഡിക, പീടിക തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നതോ വിക്കിപീഡിയ എന്ന നാമവുമായി ഏതെങ്കിലും തരത്തില്‍ സാദൃശ്യം തോന്നാവുന്നതോ ആയ ഉപയോക്തൃനാമങ്ങള്‍ ഇവിടെ അനുവദിക്കുന്നില്ല.

ഈ മാനദണ്ഡങ്ങള്‍ ഉപയോക്തൃനാമങ്ങള്‍ക്കും ഒപ്പുകള്‍ക്കും ഒരേ പോലെ ബാധകമാണ്. ഇവിടെ ഏതൊരു ഭാഷയിലും ഇതേ നിയമങ്ങള്‍ ബാധകമായിരിക്കും.

സ്വീകാര്യം അസ്വീകാര്യം എന്നത് മറ്റുപയോക്താക്കളുടെ കൈയിലാണെന്നോര്‍ക്കുക.

അസ്വീകാര്യങ്ങളായ ഉപയോക്തൃനാമങ്ങളെ കൈകാര്യം ചെയ്യല്‍

തികച്ചും അസ്വീകാര്യങ്ങളായ നാമങ്ങളെ താങ്കള്‍ക്ക് വിക്കിപീഡിയ:കാര്യനിര്‍വാഹകര്‍ക്കുള്ള നോട്ടീസ് ബോര്‍ഡ്/ഉപയോക്തൃനാമങ്ങള്‍ എന്ന താളില്‍ വിശദാംശങ്ങളടക്കം അറിയിക്കാവുന്നതാണ്. ഏതെങ്കിലും കാര്യനിര്‍വ്വാഹകനു ബോധ്യപ്പെടുന്ന പക്ഷം അവ തടയപ്പെടുന്നതാണ്.

തികച്ചും അസ്വീകാര്യങ്ങളല്ലാത്തവയും എന്നാല്‍ മേല്‍പ്പറഞ്ഞ നിബന്ധനകള്‍ക്ക് പാലിക്കനിടയില്ലാത്തവയുമായ നാമങ്ങള്‍ ഉടന്‍ തന്നെ തടയപ്പെടണമെന്നില്ല. ഇത്തരം പ്രശ്നം ഉപയോക്താവിനോട് ചോദിക്കുക. മിക്കവാറും അദ്ദേഹം ഈ നയത്തെ കുറിച്ച് അറിവില്ലാതെയായിരിക്കും അങ്ങിനെ ചെയ്തത്. അദ്ദേഹത്തോടാരാഞ്ഞ് അദ്ദേഹം സ്വയം മറ്റൊരംഗത്വമെടുക്കാന്‍ തയ്യാറാണെങ്കില്‍ പ്രശ്നം അതുകൊണ്ടവസാനിക്കും. എന്നാല്‍ സമവായമുണ്ടായില്ലങ്കില്‍ സമൂഹത്തിന്റെ തീരുമാനമനുസരിച്ച് കടുത്ത നടപടികള്‍ എടുക്കേണ്ടി വന്നേക്കാം.

കാര്യനിര്‍വാഹകര്‍ക്ക് താഴെകാണുന്ന സന്ദര്‍ഭങ്ങളില്‍ തടയാനുള്ള അധികാരം ഉപയോഗിക്കാനിടയുണ്ട്:

  • വിക്കിപീഡിയയ്ക്കു തികച്ചും അസ്വീകാര്യങ്ങളായ ഉപയോക്തൃനാമമാണെങ്കില്‍ നാശോന്മുഖങ്ങളായ പ്രവര്‍ത്തനങ്ങളല്ല ലക്ഷ്യമെങ്കിലും അനന്തകാലത്തേക്ക് ഉപയോക്തൃനാമം തടയപ്പെട്ടേയ്ക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ പുതിയ അംഗത്വമെടുക്കാനുള്ള അവകാശം തടയാന്‍ പാടില്ല. ഓട്ടോബ്ലോക്കും പ്രവര്‍ത്തനരഹിതമായിരിക്കണം. താങ്കള്‍ ഇത്തരത്തില്‍ തടയപ്പെടുകയാണെങ്കില്‍ വ്യക്തിപരമായെടുക്കരുതെന്നപേക്ഷിക്കുന്നു. ആ പ്രത്യേക ഉപയോക്തൃനാമത്തെ മാ‍ത്രമാണ് തടഞ്ഞത്, അല്ലാതെ താങ്കളെയല്ല. ഈ താള്‍ മുഴുവനും ശ്രദ്ധയോടെ വായിക്കാനും അനുയോജ്യമായ ഒരു പേര് തിരഞ്ഞെടുക്കാനും താത്പര്യപ്പെടുന്നു.
  • പ്രശ്നം സൃഷ്ടിക്കാനെത്തിയവയെന്നു നൂറുശതമാനം ഉറപ്പുള്ള ഉപയോക്തൃനാമങ്ങള്‍ അനന്തകാലത്തേക്ക് തടയപ്പെട്ടേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ അതേ ഐ.പി.കളില്‍ നിന്നുള്ള അജ്ഞാത തിരുത്തലുകളും പുതിയ അംഗത്വമെടുക്കലും തടയപ്പെട്ടേക്കാം (ഓട്ടോബ്ലോക്ക് പ്രവര്‍ത്തിക്കുന്നുണ്ടാകും, പുതിയ അംഗത്വമെടുക്കാനുള്ള അവകാശം ഉണ്ടാവില്ലതാനും). അത്തരം അംഗത്വങ്ങള്‍ സാധാരണ പീഢനോത്സുകരും വ്യക്ത്യാക്രമണങ്ങള്‍ നടത്താന്‍ മടിയില്ലാത്തവരുമായിരിക്കും.
  • അംഗീകരിക്കാന്‍ പറ്റാത്ത പേരുള്ള ഉപയോക്താവിനെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി കാരണം തടയുകയാണെങ്കില്‍ , തടയല്‍ അനന്തകാലത്തേക്കായിരിക്കും. മര്യാദാപരിപാലന തടയലുകള്‍- കുത്തിനോവിക്കുന്ന തിരുത്തലുകള്‍ നടത്തുന്നതിനോ, മര്യാദകേടിനോ വ്യക്ത്യാക്രമണങ്ങള്‍ക്കോ ആണ് നല്‍കുക.

ഒരു ഉപയോക്താവിന്റെ ഉപയോക്തൃനാമം അസ്വീകാര്യമാണെങ്കില്‍ കൂടി അദ്ദേഹം തിരുത്തലുകള്‍ ഒന്നും നടത്തുന്നില്ലങ്കില്‍ അത് വിളിച്ചു പറയേണ്ട കാര്യമില്ല. പരസ്യപ്പെടുത്തുന്നതു മിക്കവാറും കൂടുതല്‍ പ്രശ്നമുണ്ടാക്കും. രജിസ്റ്റര്‍ ചെയ്യുന്ന ബഹുഭൂരിഭാഗം അംഗത്വങ്ങളും ഒരിക്കലും ഉപയോഗിക്കുന്നില്ലന്നോര്‍ക്കുക.

ചിന്താക്കുഴപ്പമുണ്ടാക്കുന്ന പേരുകള്‍

ഉപയോക്തൃനാമം ആള്‍ക്കാരെ തിരിച്ചറിയാനാണുപയോഗിക്കുന്നത്. താങ്കളുടെ ഉപയോക്തൃനാമമോ ഒപ്പോ അനാവശ്യമായി ചിന്താക്കുഴപ്പമുണ്ടാക്കുന്നതായാല്‍ അതു മാറ്റണമെന്നു മറ്റുള്ളവര്‍ പറയാനിടയുണ്ട്. ചിന്താക്കുഴപ്പമുണ്ടാക്കുന്ന ഉപയോക്തൃനാമങ്ങള്‍ക്കെതിരേ എന്തെങ്കിലും നടപടി ആവശ്യമെങ്കില്‍ - ചര്‍ച്ചക്കു ശേഷം മാത്രമേ അതിനു പാത്രമാകാറുള്ളു.

അനാവശ്യമായ തരത്തില്‍ ചിന്താക്കുഴപ്പമുണ്ടാക്കുന്ന ഉപയോക്തൃനാമങ്ങള്‍ മറ്റുപ്രശ്നങ്ങളുടെ അടയാളമായേക്കാം. ഒരു ഉപയോക്താവ് അത്തരത്തിലൊരു നാമം ഉപയോഗിക്കുകയും ദ്രോഹകരമായ തിരുത്തലുകള്‍ നടത്തുകയും ചെയ്യുന്നുവെങ്കില്‍, ഉപയോക്തൃനാമം പ്രവൃത്തിക്ക് ഉപോല്‍ബലകമാങ്കില്‍ തടയുക എന്നത് ആവശ്യമായി വന്നേക്കാം. എല്ലാ തടയലുകളിലും എടുക്കേണ്ടതു പോലെ ഇക്കാര്യത്തിലും കാര്യനിര്‍വ്വാഹകര്‍ തങ്ങളുടെ വിവേചനബുദ്ധിയും സാമാന്യബുദ്ധിയും ഉപയോഗിക്കുക.

അസാധാരണമായ സന്ദര്‍ഭങ്ങളില്‍ അനുയോജ്യമല്ലാത്ത പേരുപയോഗിക്കുന്നതും എന്നാല്‍ ശുഭപ്രതീക്ഷ തരുന്ന തിരുത്തലുകള്‍ നടത്തുന്നതുമായ ഉപയോക്താവ് നിരന്തരാവശ്യത്തിനു ശേഷവും തന്റെ ഉപയോക്തൃനാമം മാറ്റാനിടയില്ലങ്കില്‍ തടയപ്പെട്ടേക്കാം.

ഉപയോക്തൃനാമം മാറ്റാന്‍

നയം കുറുക്കുവഴി:
WP:UNC

ബ്യൂറോക്രാറ്റുകള്‍ക്ക് ഉപയോക്തൃനാമം മാറ്റിനല്‍കാന്‍ കഴിയും; അതിനായി വിക്കിപീഡിയ:ഉപയോക്തൃനാമം മാറ്റണം എന്നതാളില്‍ ഒരു കുറിപ്പിട്ടാല്‍ മതിയാവും. തിരുത്തലുകളുടെ എണ്ണം വളരെ കുറവാണെങ്കില്‍ പുനര്‍നാമകരണം ചെയ്യുന്നതിലും എളുപ്പം പുതിയൊരു അംഗത്വമെടുക്കുന്നതാവും.

ഒരിക്കല്‍ ഉപയോക്തൃനാമം മാറ്റിയാല്‍ പിന്നെ താങ്കളുടെ അതുവരെയുള്ളതും ശേഷമുള്ളതുമായ തിരുത്തലുകളെല്ലാം പുതിയ പേരിലാവും അറിയപ്പെടുക. സംവാദം താളിലെ ഒപ്പുകളില്‍ സ്വയം മാറ്റമുണ്ടാകില്ല. തന്റെ പഴയ പേരിലുള്ള സകലരേഖകളും മായ്ക്കണമെങ്കില്‍ മാത്രമേ അതു പുതുക്കാവു. എന്നിരുന്നാലും പഴയനാമം സംവാദം താളുകളുടെ പഴയ പതിപ്പുകളില്‍നിന്നും ലഭിക്കുന്നതാണ്.

അംഗത്വം നീക്കംചെയ്യല്‍

അംഗത്വം നീക്കം ചെയ്യുക എന്നത് സാധ്യമല്ല. എല്ലാ പ്രവര്‍ത്തനങ്ങളും സൂക്ഷിച്ചുവെക്കുന്നതുകൊണ്ടാണിതു സാധ്യമല്ലാത്തത്. എന്നിരുന്നാലും ഉപയോക്താവിനുള്ള താളും ബന്ധപ്പെട്ട സംവാദം താളും മായ്ച്ചുകളയാവുന്നതാണ്.

പങ്ക് അംഗത്വങ്ങള്‍

നയം കുറുക്കുവഴി:
WP:NOSHARE

ഒരു അംഗത്വം ഒരു വ്യക്തിയെ മാത്രമേ പ്രതിനിധാനം ചെയ്യാവൂ. ഒരു അംഗത്വമോ അഥവാ രഹസ്യവാക്കോ മറ്റുള്ളവരുമായി പങ്ക് വെക്കുന്നത് അനുവദിക്കില്ല. അത്തരത്തില്‍ ചെയ്യുന്നത് വിലക്കപ്പെടാന്‍ കാരണമാവും.

വിക്കിമീഡിയ ഫൌണ്ടേഷനുമായി ബന്ധപ്പെട്ട അംഗത്വങ്ങള്‍ക്കുമാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനനുവാദമുള്ളു, പക്ഷേ ഇത്തരത്തിലൊന്നുപോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. യന്ത്രങ്ങള്‍ ചിലപ്പോള്‍ ഒന്നിലധികം ഉപയോക്താക്കള്‍ കൈകാര്യം ചെയ്തെന്നു വരാം. പക്ഷേ അത്തരം പ്രവൃത്തി വ്യക്തവും സമവായത്താല്‍ ഉണ്ടായതായിരിക്കണം.

ഒന്നിലധികം അംഗത്വങ്ങള്‍

ഉപയോക്താക്കള്‍ സംശുദ്ധമായ കാരണമില്ലാതെ ഒന്നിലധികം അംഗത്വങ്ങള്‍ എടുക്കരുത്. എന്തെങ്കിലും തരത്തിലുള്ള സ്വയം പ്രവര്‍ത്തിതമായ തിരുത്തലുകള്‍ നടത്താനുദ്ദേശിച്ചുള്ള തിരുത്തലുകള്‍ക്ക് ഒരു യന്ത്ര അംഗത്വമെടുക്കുക. വിവിധ അംഗത്വങ്ങള്‍ താങ്കള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ താങ്കളുടെ സൃഷ്ടിയാണെന്നു കാട്ടുന്നതു നല്ലതായിരിക്കും.

നയങ്ങള്‍ വ്യക്തികള്‍ക്കാണെന്നോര്‍ക്കുക, അംഗത്വങ്ങള്‍ക്കല്ല. നയങ്ങളെ മറികടക്കാനായി മറ്റൊരംഗത്വമെടുത്തു പ്രവര്‍ത്തിക്കുന്ന ഉപയോക്താവിനെ ആയിരിക്കും വിക്കിപീഡിയയില്‍ നിന്നു വിലക്കുക. അതായത് അദ്ദേഹം ഉപയോഗിക്കുന്ന സകല അംഗത്വങ്ങളും വിക്കിപീഡിയയില്‍ നിന്നു വിലക്കപ്പെടും.


അപരമൂര്‍ത്തിത്വം

വിവിധ അംഗത്വങ്ങള്‍ ഉപയോഗിച്ച് പ്രത്യേക വാദത്തിനോ മറ്റോ കൂടുതല്‍ ബലം കൊടുക്കാനുള്ള ശ്രമത്തെ അപരമൂര്‍ത്തിത്വമെന്നു പറയുന്നു, ഇത് ഒരിക്കലും അനുവദിക്കാറില്ല. അതായത് വിവിധ അംഗത്വങ്ങളുപയോഗിച്ചു നിര്‍ദ്ദേശങ്ങളോ അപേക്ഷകളോ വെയ്ക്കരുത്, വോട്ടു ചെയ്യരുത്, തിരുത്തല്‍ യുദ്ധങ്ങളില്‍ പങ്കുകൊള്ളരുത്. അപരമൂര്‍ത്തികളെ ഉപയോഗിച്ചു ഏതെങ്കിലും വാദങ്ങള്‍ ദുര്‍ബലമാക്കാനും ശ്രമിക്കരുത്.

ദോഷകരമായി പ്രവര്‍ത്തിക്കുന്ന ഒന്നിലധികം അംഗത്വങ്ങളെ വിക്കിപീഡിയയില്‍ നിന്നു അനന്തമായി വരെ വിലക്കുന്നതാണ്. അതേ വ്യക്തി ഉപയോഗിക്കുന്ന മറ്റ് അംഗത്വങ്ങളും തടയപ്പെടുന്നതാണ്.

ഇതും കാണുക

ആശയവിനിമയം