കൊച്ചി
| കൊച്ചി | |
| അറബിക്കടലിന്റെ റാണി | |
|
|
|
|
|
|
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല(കൾ) | എറണാകുളം |
| മേയർ | ടോണി ചമ്മിണി |
| ഡെപ്യൂട്ടി മേയർ | ഭദ്ര സതീഷ് |
| ജനസംഖ്യ • ജനസാന്ദ്രത • മെട്രൊ |
564[1] (2001) • 5,951 /km2 (15 /sq mi) • 1[2] (2009) |
| സ്ത്രീപുരുഷ അനുപാതം | 1.017 ♂/♀ |
| സാക്ഷരത | 94.3% |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം • തീരം |
94.88 km2 (37 sq mi) • 0 m (0 ft) • 48 കി.മീ. (30 മൈ.) |
| കാലാവസ്ഥ • Precipitation |
Am (Köppen) • 2,743 mm (108 in) |
| വെബ്‌സൈറ്റ് | www.corporationofcochin.org |
സ്ഥാനം: 9°58′37″N 76°16′12″E / 9.977°N 76.27°E
കേരളത്തിലെ ഒരു നഗരമാണ് കൊച്ചി (ഉച്ചരിക്കുന്നത് [koˈtʃːi] (
listen)). ജനസംഖ്യ കൊണ്ടു കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ (urban agglomeration) കൊച്ചി നഗര സമൂഹത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ് 'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചി. മധ്യകേരളത്തിലെ എറണാകുളം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 220 കിലോമീറ്റർ വടക്കാണ് കൊച്ചിയുടെ സ്ഥാനം.
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്,വൈപ്പിൻഐലൻഡ്, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ് മുമ്പ് കൊച്ചി എന്നറിയപ്പെട്ടിരുന്നത്. ഇന്ന് എറണാകുളവും കൊച്ചിയിൽപ്പെട്ട പ്രദേശങ്ങളും ചേർത്ത് മൊത്തത്തിൽ കൊച്ചി എന്ന പേരിൽ ഭൂമിശാസ്ത്രപരമായി അറിയപ്പെടുന്നു. എന്നിരുന്നാലും കൊച്ചി എന്ന പേരിൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്,വൈപ്പിൻദ്വീപ്, പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട ഒരു താലൂക്ക് നിലവിൽ ഉണ്ട്. ഇന്നത്തെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ ഭാഗങ്ങളുൾക്കൊണ്ട് കൊച്ചി എന്ന പേരിൽ കേരളപ്പിറവിക്കു മുൻപ് ഒരു നാട്ടുരാജ്യവും നിലനിന്നിരുന്നു.
ഇന്ത്യയുടെ പ്രധാനപ്പെട്ട നാവിക താവളവും രാജ്യാന്തര വിമാനത്താവളവും കൊച്ചിയിലുണ്ട്. രാജ്യത്തിന്റെ മറ്റ് പ്രധാന നഗരങ്ങളുമായി ഗതാഗത ബന്ധവുമുണ്ട്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളും കൊച്ചി നഗരത്തിലാണ്. ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു. [3] ഒരു കാലത്ത് ഇന്ത്യൻ സുഗന്ധ വ്യഞ്ജന വ്യാപാര കേന്ദ്രമായിരുന്നു കൊച്ചി. അറബിക്കടലിൽ തീരത്തുള്ള പ്രകൃതിദത്തമായ തുറമുഖമായിരുന്ന് കൊച്ചിയുടെ പ്രശസ്തിക്കു കാരണം. ഈ തുറമുഖം വഴി അറബികൾ, യഹൂദർ, പോർച്ചുഗീസുകാർ, ഡച്ചുകാർ എന്നിങ്ങനെ ധാരാളം സഞ്ചാര വ്യാപാരികൾ ഇവിടെ കടൽ കടന്നെത്തി.
ഉള്ളടക്കം |
നിരുക്തം[തിരുത്തുക]
പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യകാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്. കൊച്ചിയുടെ ആദ്യകാല ആസ്ഥാനം പെരുമ്പടപ്പ് ഗ്രാമത്തിൽപ്പെട്ട ചിത്രകൂടം കൊട്ടാരത്തിലായിരുന്നു. പ്രകൃതിദത്ത തുറമുഖമായ പ്രദേശം കൊച്ചാഴി എന്ന് അറിയപ്പെട്ടു. കൊച്ചാഴി എന്ന വാക്കിൽ നിന്നാണ് കൊച്ചി എന്ന പേരു വന്നത്. പതിനാലാം ശതാബ്ദം മുതലാണ് 'കൊച്ചാഴി' കൊച്ചി എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്. യൂറോപ്യന്മാർ ഉച്ചാരണ സൗകര്യത്തിന് അത് കൊച്ചിൻ (Cochin) എന്നാക്കി പരിഷ്കരിച്ചു. പേരുകൾ മലയാളീകരിക്കുന്നതിന്റെ ഭാഗമായി 1996-ൽ സംസ്ഥാന സർക്കാർ കൊച്ചി എന്ന പേര് പുനഃസ്ഥാപിച്ചു. എന്നിരുന്നാലും പല രാജ്യാന്തര വേദികളിലും കൊച്ചിൻ എന്ന് ഇപ്പോഴും അറിയപ്പെടുന്നു.
ചരിത്രം[തിരുത്തുക]
കൊച്ചിരാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അതിൽ ട്രോപിനാ എന്ന് വിവരിച്ചിട്ടുള്ള പ്രദേശം ദക്ഷിണേന്ത്യയിലെ ഒരു തുറമുഖമാണെന്നും അതിന് ഗംഗാനദിയുടെ മുഖത്തു നിന്നും 1225 മൈൽ ദൂരമുണ്ടെന്നും വിവരിച്ചിരിക്കുന്നു. തൃപ്പൂണിത്തുറയായിരുന്നു കൊടുങ്ങല്ലൂർ കഴിഞ്ഞാൽ അടുത്ത തുറമുഖം. ക്രിസ്തുവിന് മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ് എന്നതിനു തെളിവുകൾ ഉണ്ട്.
എന്നാൽ ആദ്യമായി കൊച്ചിയെപ്പറ്റി വിവരിക്കുന്നത് ചൈനീസ് യാത്രികരായ മഹ്വാനും ഫെയ്‌സീനുമാണ് 15 ആം നൂറ്റാണ്ടിലെ പൂർവ്വാർദ്ധത്തിലാണ് അദ്ദേഹം കൊച്ചി സന്ദർശിച്ചത്. പിന്നീട് യുറോപ്പിൽ നിന്നും വന്ന നിക്കോളോ കോണ്ടിയും കൊച്ചിയെപറ്റി വിവരിച്ചിട്ടുണ്ട്. രണ്ടാം ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തിനു മുന്ന് കൊച്ചി ചേര രാജാവിനു കീഴിലായിരുന്നു. കൊച്ചിയിൽ അന്നും തുറമുഖം ഉണ്ടായിരുന്നു. എന്നാൽ മുസിരിസ് എന്ന തുറമുഖമായിരുന്നു വാണിജ്യപ്രാധാന്യമുൾക്കൊണ്ടിരുന്നത്. കുലശേഖരസാമ്രാജ്യം ശിഥിലമായതോടെ കൊച്ചി പെട്ടെന്ന് ഒരു സ്വതന്ത്രരാജ്യപദവിയിലേക്ക് ഉയർന്നു. പെരുമ്പടപ്പ് സ്വരൂപമാണ് കൊച്ചി രാജ്യമായി അറിയപ്പെട്ടത്. രാമവർമ്മകുലശേഖരന്റെ പുത്രൻ വേണാട്ടു രാജവംശവും സഹോദരീ പുത്രൻ കൊച്ചി രാജവംശവും സ്ഥാപിച്ചു എന്നാണ് ഐതിഹ്യവും ചരിത്രവും കലർന്ന വിശ്വാസം.
13-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പെരുമ്പടപ്പ് സ്വരൂപം ആസ്ഥാനം വന്നേരിയിലെ പെരുമ്പടപ്പ് ഗ്രാമത്തിലെ ചിത്രകൂടത്തിലായിരുന്നു. അവർക്ക് തിരുവഞ്ചിക്കുളത്തിലും കൊട്ടാരം ഉണ്ടായിരുന്നു. പിന്നീട് സാമൂതിരി വള്ളുവനാട് ആക്രമിച്ചപ്പോൾ പെരുമ്പടപ്പ് തിരുവഞ്ചിക്കുളത്തേക്കും 14 ആം നൂറ്റാണ്ടിലെ അവസാനത്തോട് കൂടി സാമൂതിരി തൃക്കണാമതിലകം പിടിച്ചതോടെ സ്വരൂപം അവരുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. 1342 ൽ പെരിയാറിലുണ്ടായ വെള്ളപ്പൊക്കം മുസിരിസിന്റെ സാദ്ധ്യതകൾക്ക് മങ്ങലേല്പിച്ചുകൊണ്ട് വൻ എക്കൽ മലകൾ അഴിമുഖത്ത് അടിക്കുകയും കപ്പലുകൾക്ക് സഞ്ചാരം ബുദ്ധിമുട്ടാക്കുകയും ചെയ്തു. ഇത് തുറമുഖമെന്ന നിലയിൽ കൊച്ചിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഇതേത്തുടർന്ന് കുരുമുളക്, ഏലക്ക, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യപാരത്തിലൂടെ കൊച്ചി വികസിച്ചു.
1965ൽ പ്രസിദ്ധീകരിച്ച എറണാകുളം ജില്ലാ ഗസറ്റിയറിൽ 1341-ലെ പ്രളയത്തെക്കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെക്കുറിച്ചും വിവരിച്ചിരിക്കുന്നു. ശ്രീധരമേനോന്റെ കേരള ചരിത്രത്തിലും ഇത് തന്നെയാണ് പറയുന്നത്.[4] കെ.പി. പത്മനാഭമേനോനും ഇതേ അഭിപ്രായക്കാരനാണ്,[5] എന്നാൽ മറ്റു ചിലർ ഇത് വിശ്വസിക്കുന്നില്ല. ഒരേ വർഷം തന്നെ വെള്ളപ്പൊക്കവും കടൽവയ്പും ഉണ്ടാകുമെന്നത് യുക്തിസഹമല്ല എന്നാണ് കെ. രാമവർമ്മരാജയുടെ അഭിപ്രായം. കൊച്ചു പുഴ എന്നത് പതിക്കുന്നത് സമുദ്രത്തിലാവാൻ നിവൃത്തിയില്ല എന്നാണ് മറ്റു ചിലർ കരുതുന്നത്. വി.വി.കെ.വാലത്തിന്റെ അഭിപ്രായത്തിൽ പണ്ടത്തെ തൃപ്പൂണിത്തുറക്കും കൊടുങ്ങല്ലൂരിനും ഇടക്ക് ജനവാസയോഗ്യമല്ലാത്തതും എന്നാൽ മണൽത്തിട്ടകൾ നിറഞ്ഞതുമായ ഒരു പ്രദേശം ഉണ്ടായിരുന്നിരിക്കണം എന്നാണ്. അത് പഴയ വയ്പ് എന്നറിയപ്പെട്ടിരുന്നു എന്നും വെള്ളപ്പൊക്കം ഇതിനെ കീറി മുറിച്ച് പുതിയ ഒരു ദ്വീപിനും (വൈപ്പിൻ) അഴിമുഖത്തിനും രൂപം കൊടുത്തിരിക്കുവാനുമാണ് സാധ്യത എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. [6]
| കൊച്ചിയുടെ നാഴികക്കല്ലുകൾ | |
| Year | Event |
| ക്രി.വ.1102 | കുലശേഖര സാമ്രാജ്യം അധഃപതിക്കുന്നു, കൊച്ചി നാടുവാഴിത്തത്തിൽ നിന്ന് രാജ വാഴ്ചയിലേക്ക്. |
| ക്രി.വ. 1341/1342? | കൊടുങ്ങല്ലൂർ തുറമുഖം പെരിയാറിലെ വെള്ളപ്പൊക്കം മൂലം നാശോന്മുഖമാകുന്നു. കൊച്ചി തുറമുഖത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു. |
| ക്രി.വ. 1440 | ഇറ്റാലിയൻ യാത്രികനായ നിക്കോളോ ഡ കോണ്ടി കൊച്ചി സന്ദർശിക്കുന്നു. |
| ക്രി.വ. 1500 | പോർത്തുഗീസുകാരനായ അഡ്മിറൽ കബ്രാൾ കൊച്ചിയിലെത്തുന്നു. |
| ക്രി.വ. 1503 [ | പോർട്ടുഗീസുകാർ കൊച്ചി കീഴടക്കുന്നു. |
| ക്രി.വ. 1530 | വി. ഫ്രാൻസിസ് സേവ്യർ കൊച്ചിയിലെത്തി സുവിശേഷം അറിയിക്കുന്നു. |
| ക്രി.വ.1663 | ഡച്ചുകാർ പോർട്ടുഗീസുകാരെ തോല്പിച്ച് കൊച്ചി പിടിച്ചടക്കുന്നു.[[ക്രി.വ. |
| ക്രി.വ. 1773 | മൈസൂർ സുൽത്താൻ, ഹൈദരാലിയുടെ പടയോട്ടം കൊച്ചി രാജ്യം വരെ എത്തുന്നു. |
| ക്രി.വ. 1814 ] | 1814ലെ ആംഗ്ലോ-ഡച്ച് ഉടമ്പടി പ്രകാരം കൊച്ചി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാകുന്നു. |
| ക്രി.വ. 1947 | ഇന്ത്യൻ സ്വാതന്ത്ര്യം, കൊച്ചി ഇന്ത്യൻ യൂണിയനിൽ ചേർന്നു. |
| ക്രി.വ.1956 | കേരള സംസ്ഥാനം രൂപവത്കരിക്കപ്പെടുന്നു. |
| ക്രി.വ. 1967 | കൊച്ചി കോർപ്പറേഷൻ രൂപവത്കരിക്കപ്പെടുന്നു. |
പോർട്ടുഗീസുകാരുടെ വരവിനു മുൻപുള്ള കേരളചരിത്രം തന്നെ അവ്യക്തമാണ്. എന്നാൽ 14-ആം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണിയാടി ചരിത്രം, ശിവവിലാസം, വിടനിദ്രാഭാണം തുടങ്ങിയ കൃതികൾ കൊച്ചി രാജാക്കന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ക്രി.വ. 1225-ൽ ക്രിസ്തീയ വ്യാപാരിയായിരുന്ന ഇരവികോർത്തൻ അന്നത്തെ മഹാരാജാവ് വീരരാഘവൻ കൊടുത്ത വീരരാഘവൻ പട്ടയം അന്നത്തെ രാജാവിനെ പറ്റിയും അന്നത്തെ വ്യാപാരസംഘമായിരുന്ന മണിഗ്രാമത്തെപ്പറ്റിയും രാജാക്കന്മാരുടെ മതസഹിഷ്ണുതയെപ്പറ്റിയും മറ്റും വിവരങ്ങൾ തന്നിട്ടുണ്ട്.
പോർട്ടുഗീസുകാരുടെ വരവിനു മുൻപുതന്നെ ചൈനക്കാരും അറബികളും കൊച്ചിയിലെത്തിയിരുന്നുവെന്നാണ് പൊതുവേയുള്ള വിശ്വാസം. പതിനാലാം നൂറ്റാണ്ടിനൊടുവിൽ ചൈനയിൽ നിലനിന്നിരുന്ന മിംഗ് രാജവംശത്തെ പ്രതിനിധീകരിച്ചാണ് ചൈനീസ് യാത്രികരും വ്യാപാരികളും കൊച്ചിയിലെത്തിയതെന്നു കരുതപ്പെടുന്നു. ചൈനീസ് യാത്രികനായ ഫാഹിയാന്റെ കുറിപ്പുകളിൽ ചിലതും ഇതിലേക്കു വിരൽചൂണ്ടുന്നു.
പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തന്നെ രാഷ്ട്രീയാധിപത്യത്തിനായുള്ള വടംവലികൾ സാമൂതിരിയുടെ ഭാഗത്തുനിന്നും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരുന്നു. ഇക്കാലമായപ്പോഴേക്കും പെരുമ്പടപ്പ് സ്വരൂപം മൂത്തതാവഴി, എളയതാവഴി, പള്ളുരുത്തിതാവഴി, മുരിങ്ങൂർതാവഴി, ചാഴൂർ താവഴി എന്നിങ്ങനെ അഞ്ചു താവഴികളായി പിരിഞ്ഞു. ഒരോ താവഴിയിലേയും മൂത്തവർ അടുത്ത അവകാശിയായിത്തീർന്നിരുന്നു. ഇത് ആഭ്യന്തര കലഹങ്ങൾക്ക് വഴിയൊരുക്കുകയും പോർട്ടുഗീസുകാരുടെ വരവോടെ വളരെ വിഘടിതമായി രൂപപ്പെടുകയും ചെയ്തിരുന്നു.
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് പോർച്ചുഗീസുകാരുടെ വരവ്. അതിനുമുൻപ് വന്നവരിൽ നിന്നും വ്യത്യസ്തമായി വ്യാപാരത്തോടൊപ്പം അധിനിവേശവും ലക്ഷ്യമാക്കിയാണ് പോർച്ചുഗീസുകാരെത്തിയത്. കോഴിക്കോട് സാമൂതിരിക്കെതിരെ ഏറ്റവും മികച്ച കൂട്ടാളി എന്ന നിലയിൽ കൊച്ചി രാജാക്കന്മാർ പോർച്ചുഗീസുകാരെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്തു. ക്രിസ്തു വർഷം 1503ൽ പോർച്ചുഗീസ് വൈസ്രോയി അഫോൻസോ ആൽബ്യുക്കർക്ക് ഇന്ത്യയിലെ ആദ്യത്തെ വിദേശതാവളമെന്നു വിശേഷിപ്പിക്കാവുന്ന ഫോർട്ട് മാനുവൽ(മാനുവൽ കോട്ട) ഇവിടെ പണികഴിച്ചു.
കൊച്ചിയിലെ യഹൂദരുടെ സാന്നിധ്യവും കൊടുങ്ങല്ലൂരിന്റെ തകർച്ചയോടെ തുടങ്ങിയതാണെന്ന് കരുതുന്നു. യഹൂദ വ്യാപാരികൾക്ക് 1565 മുതൽ 1601 വരെ കൊച്ചി ഭരിച്ചിരുന്ന കേശവ രാമവർമ്മ രാജാവിൽ നിന്ന് ഏറെ സഹായവും ലഭിച്ചു.
1653ലാണ് ഡച്ച് അധിനിവേശം ആരംഭിക്കുന്നത്. പത്തുവർഷം കൊണ്ട് ഡച്ചുകാർ പോർച്ചുഗീസുകാർക്കുമേൽ സമ്പൂർണ്ണ ആധിപത്യം നേടി. മാനുവൽ കോട്ടയ്ക്കു പകരം ഡച്ചുകാർ ഇവിടെ ഫോർട്ട് വില്യംസ് പണികഴിപ്പിക്കുകയും ചെയ്തു.
1814-ൽ നിലവിൽ വന്ന ആംഗ്ലോ-ഡച്ച് ഉടമ്പടിയോടെ കൊച്ചി ബ്രിട്ടീഷുകാരുടെ കീഴിലായി. ഇന്തോനേഷ്യയിലെ ബാങ്കാ ദ്വീപിനു പകരമായി കൊച്ചിയുടെ അവകാശം ബ്രിട്ടീഷുകാർക്കു നൽകുന്നതായിരുന്നു പ്രസ്തുത ഉടമ്പടി. ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോ യുടെ കാലത്താണ് വെല്ലിംഗ്‌ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്.
സ്വാതന്ത്ര്യത്തിനു ശേഷം ഈ നഗരം കൊച്ചി, തിരുവതാംകൂർ, മലബാർ എന്നിവയുടെ ഭാഗങ്ങൾ ചേർത്തു രൂപം നൽകിയ എറണാകുളം ജില്ലയുടെ ഭാഗമായി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം,പള്ളൂരുത്തി എന്നീ പ്രദേശങ്ങൾ ചേർത്ത് 1967-ൽ കൊച്ചി കോർപറേഷൻ നിലവിൽ വന്നു.
ഗതാഗതം[തിരുത്തുക]
റോഡുകൾ[തിരുത്തുക]
കൊച്ചി നഗരസഭയിൽ ഉൾപ്പെട്ട ഇടപ്പള്ളിയിലാണ് കേരളത്തിലൂടെ പോകുന്ന ദേശീയപാത 544, ദേശീയപാത 17 എന്നീ രണ്ടു ദേശീയപാതകൾ സംഗമിക്കുന്നത് . കൊച്ചി - മധുര ദേശീയപാത ദേശീയപാത 49 കൊച്ചി കുണ്ടന്നൂരിൽ നിന്നും ആരംഭിക്കുന്നു . ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാതയാണ് NH 47A. വെറും 6 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. പൂർണ്ണമായും എറണാകുളം ജില്ലയിലുള്ള ഈ ദേശീയപാത കുണ്ടന്നൂരിൽ തുടങ്ങി വെല്ലിങ്ങ്‌ടൺ ഐലന്റിൽ അവസാനിക്കുന്നു.[1]. കുണ്ടന്നൂരിലുള്ള ദേശീയ പാത 47 കവലയിൽനിന്നാണ് 47A തുടങ്ങുന്നത്. ദേശീയ പാത 47C, വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനെ ദേശീയ പാത 47-മായി ബന്ധിപ്പിക്കുന്നു. കൊച്ചി നഗരത്തിലെ ഒരു പ്രധാന പാത ആണ് മഹാത്മാ ഗാന്ധി റോഡ് ( MG റോഡ് ) ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളും കടകളും ഈ റോഡിൽ സ്ഥിതി ചെയ്യുന്നു. സഹോദരൻ അയ്യപ്പൻ റോഡ്, ബാനർജി റോഡ് എന്നിവയാണ് നഗര ഹൃദയത്തിലേക്കു പ്രവേശിക്കാനുള്ള പ്രധാന മാർഗ്ഗങ്ങൾ. കലൂർ-കടവന്ത്ര റോഡ് മറ്റൊരു പ്രധാന റോഡ് ആണ്. നാലു സംസ്ഥാന പാതകളും നഗരത്തെ ബന്ധിപ്പിക്കുന്നുണ്ട്.
റെയിൽവേ[തിരുത്തുക]
എറണാകുളം ജങ്ക്ഷൻ (സൗത്ത്), എറണാകുളം ടൗൺ(നോർത്ത്) , ഇടപ്പള്ളി എന്നിവയാണ് റെയിൽവേ സ്റ്റേഷനുകൾ. ആലുവ, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകൾ നഗര പരിസരത്തുള്ള പ്രധാന സ്റ്റേഷനുകളാണ്. കളമശ്ശേരി, നെട്ടൂർ, കുമ്പളം, അരൂർ എന്നീ ചെറിയ സ്റ്റേഷനുകളും നഗര പരിസരത്ത് ഉണ്ട്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽപാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം. 4.62 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച്, വല്ലാർപാടം ദ്വീപും ഇടപ്പള്ളിയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാതയിലാണ് ഈ പാലം ഉൾക്കൊള്ളുന്നത്. പാലമുൾപ്പെടെ ഈ റെയിൽപാതയുടെ ആകെ നീളം 8.86 കിലോമീറ്ററാണ്. വല്ലാർപാടത്തു നിന്നും ഈ പാത ആരംഭിക്കുന്നയിടത്താണ് പാലം സ്ഥിതി ചെയ്യുന്നത്.[1]
പാലമുൾപ്പെടെയുള്ള ഈ റെയിൽപാതയുടെ പണി 2007 ജൂൺ മാസത്തിലാണ് ആരംഭിച്ചത്. 350 കോടി രൂപ മുതൽമുടക്കിൽ നിർമ്മാണം പൂർത്തിയായ ഈ പാതയിലൂടെ 2009 ഏപ്രിലിൽ പരീക്ഷണ ട്രെയിൻ ഓടിച്ചു. റെയിൽ വികാസ് നിഗം ലിമിറ്റെഡ് ആണ് ഈ പാതയുടെ നിർമ്മാണം നടത്തിയത്.
ജലഗതാഗതം[തിരുത്തുക]
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെതന്നെ പ്രധാന തുറമുഖങ്ങളിലൊന്നാണ്. ചരക്കുഗതാഗതത്തിനു പുറമേ ലക്ഷദ്വീപ്, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കപ്പലുകളും ഇവിടെനിന്നും പുറപ്പെടുന്നു. കായലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകൾക്കും, ഉപദ്വീപുകൾക്കും ജല ഗതാഗതം ആണ് പ്രധാന ആശ്രയം. എറണാകുളത്തെ പ്രധാന ബോട്ട് ജെട്ടിയിൽ നിന്നും വെല്ലിങ്ടൺ ദ്വീപ്, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കും, ഹൈക്കോടതി ജെട്ടിയിൽ നിന്നും വൈപ്പിൻ കരയിലേക്കും, വല്ലാർപാടം, പനമ്പുകാട് തുടങ്ങിയ ദ്വീപുകളിലേക്കും ബോട്ടുകൾ ഉണ്ട്. ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിനിലേക്ക് വാഹനങ്ങൾ കൊണ്ടുപോകാവുന്ന ജങ്കാർ സേവനവും ലഭ്യമാണ്.
വിദേശ വിനോദ സഞ്ചാരികളെ വഹിക്കുന്ന ഉല്ലാസ യാത്രക്കപ്പലുകളുടെ ഒരു പ്രധാന താവളമാണ് കൊച്ചി തുറമുഖം. പായ്ക്കപ്പലുകൾക്ക് അടുക്കുവാനും, അറ്റകുറ്റപ്പണികളും മറ്റും നിർവഹിക്കുവാനും, യാത്രികർക്ക് താമസിക്കുവാനും മറ്റും ഉള്ള സൗകര്യങ്ങളോടെ ഒരു മറീനയും ബോൾഗാട്ടി ദ്വീപിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് ഭാരതത്തിലെ ആദ്യത്തെ മറീന ആണ്.
വ്യോമഗതാഗതം[തിരുത്തുക]
കൊച്ചി പട്ടണത്തിൽ നിന്നും 28 കിലോമീറ്റർ വടക്ക് ഉള്ള നെടുമ്പാശ്ശേരിയിൽ ആണ് ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംസ്ഥിതി ചെയ്യുന്നത്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ച ഈ വിമാനത്താവളത്തിന്റെ റൺവേ 3400 മീറ്റർ നീളമുള്ളതാണ്.[7]. അന്താരാഷ്ട്രയാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ് ഈ വിമാനത്താവളം. [8] . ഇതിനു പുറമേ വ്യോമസേനയുടെ കീഴിലുള്ള മറ്റൊരു വിമാനത്താവളവും കൊച്ചിയിലുണ്ട്. ഇത് സൈനിക ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്.
കൊച്ചിയെ പറ്റിയുള്ള പ്രശസ്തരുടെ വാക്കുകൾ[തിരുത്തുക]
| “ | സൂര്യ വംശ ജാതനായ ഇവിടത്തെ രാജാവ് ബുദ്ധമത വിശ്വാസിയാണ്. ദിവസവും ബുദ്ധമതവിഗ്രഹത്തിനുമുന്നിൽ ദണ്ഡനമസ്കാരം ചെയ്തശേഷമേ രാജകാര്യങ്ങൾ ചെയ്യുകയുള്ളൂ.... ധനിക-ദരിദ്ര-രാജ-ഉദ്യോഗസ്ഥ-ആൺ-പെൺ ഭേദമില്ലാതെ എല്ലാവരും അരക്ക് മേല്പോട്ട് വസ്ത്രം ധരിക്കുകയില്ല...വീടുകൾ തെങ്ങോലകൊണ്ട് മേഞ്ഞവയാണ്... | ” |
| “ | ചൈന നിങ്ങൾക്കു കാശുണ്ടാക്കാനുള്ള സ്ഥലമാണെങ്കിൽ കൊച്ചി അത് പൊടിപ്പിക്കാനുള്ളതാണ് | ” |
കൊച്ചി തുറമുഖം[തിരുത്തുക]
ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ് കൊച്ചി തുറമുഖം. ഇതിന് 660 വർഷത്തിലേറെ പഴക്കം ഉണ്ട്. ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന മുസിരിസ് തുറമുഖം 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. വൈപ്പിൻ രൂപം കൊണ്ടു. ബ്രിട്ടിഷ് ആധിപത്യകാലത്ത് 1859 ൽ ക്യാപ്റ്റൻ കാസ്സർ ആണ് കൊച്ചിയിലെ ആദ്യ പോർട്ട് ഓഫീസർ.തുടർന്ന് ഇവിടെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിതമായി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ശ്രമഫലമായി 1919 ൽ സർ ജോൺ വോൾഫ് ബാരി പഠനം നടത്താൻ നിയോഗിക്കപ്പെട്ടു.1920 ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോയെ തുറമുഖത്തിന്റെ ജോലികൾക്കായി നിയോഗിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സമുദ്രത്തിലെ മണ്ണു നീക്കി തുറമുഖത്തിന്റെ ആഴംകൂട്ടി.ഈ മണ്ണ് നിക്ഷേപിച്ചുണ്ടായതാണ് വെല്ലിങ്ങ്‌ടൺ ഐലൻഡ്.ആധുനിക തുറമുഖത്തിന്റെ ഉദ്ഘാടനം 1936 മേയ് 26 നു നടന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപവത്കരിച്ചത് 1964 ൽ ആണ്
കൊച്ചിയെ പറ്റിയുള്ള പഴഞ്ചൊല്ലുകൾ[തിരുത്തുക]
- പഴഞ്ചൊല്ല് : കൊച്ചികണ്ടവനച്ചിവേണ്ട
- പഴഞ്ചൊല്ല് : കൊച്ചിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് (വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നതിനെ സൂചിപ്പിക്കുന്നു.)
ചിത്രശാല[തിരുത്തുക]
- കൊച്ചിയിൽ നിന്നുള്ള വിവിധ ചിത്രങ്ങൾ
-
ഡച്ച് സെമിത്തേരി-ഫോർട്ട് കൊച്ചിയിൽ
|
അവലംബം[തിരുത്തുക]
- ↑ "India:largest cities and towns and statistics of their population". world-gazetteer.com. ശേഖരിച്ചത് 2009-03-13.
- ↑ "India:metropolitan areas". world-gazetteer.com. ശേഖരിച്ചത് 2009-03-13.
- ↑ കൊച്ചിയുടെ ചരിത്രം
- ↑ എ., ശ്രീധരമേനോൻ (1997). കേരള ചരിത്രം. ചെന്നൈ: എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ്.
- ↑ അങ്കമാലി, വർഗീസ്; ഡോ. ജോമോൻ തച്ചിൽ (2002). അങ്കമാലി രേഖകൾ. എറണാകുളം, കേരള: മെറിറ്റ് ബുക്സ്.
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
- ↑ http://www.cochin-airport.in/contents/viewcontent.aspx?linkIdLvl2=6&linkid=91
- ↑ http://www.cochin-airport.in/contents/viewcontent.aspx?linkIdLvl2=81&linkid=109
|
|||||