സൂരത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സൂററ്റ്
India-locator-map-blank.svg
Red pog.svg
സൂററ്റ്
21.17° N 72.83° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം ഗുജറാത്ത്
ഭരണസ്ഥാപനങ്ങള്‍ നഗരസഭ
'
വിസ്തീര്‍ണ്ണം 326.5ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 49,95,174
ജനസാന്ദ്രത 8812/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 

+
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍
സ്ത്രീ- പുരുഷ അനുപാതം - 764/1000 പുരുഷന്‍മാര്‍ക്ക്.
സാക്ഷരത- 82.91%
സ്ത്രീകള്‍- 76%
പുരുഷന്‍മാര്‍ - 88.12

ദക്ഷിണ ഗുജറാത്തിലെ, അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു വ്യാവസായിക നഗരമാണ് സൂററ്റ്. ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന് തുടക്കം കുറിച്ച സ്ഥലം കൂടിയാണ് സൂററ്റ്. വജ്രം, തുണി വ്യവസായങ്ങള്‍ക്ക് പേരുകേട്ട സൂററ്റ് തപി നദിക്കരയിലാണ്‌ സ്ഥിതി ചെയ്യുന്നത്. സൂററ്റ് ജില്ലയുടെ ഭരണസിരാകേന്ദ്രവും കൂടിയാണ് ഈ പട്ടണം. ഗുജറാത്ത് സംസ്ഥാനത്തിലെ ആഭ്യന്തര ഉത്പാദനത്തിന്റെ കണക്കില്‍ അഹമ്മദാബാദ് കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വ്യവസായനഗരമാണ് സൂററ്റ്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വജ്രവ്യാപാരവും തുണിയും അതിന്റെ അനുബന്ധ വ്യവസായങ്ങളുമാണ്‌ സൂററ്റിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. മലിനീകരണം കൊണ്ട് ആളുകള്‍ മരിച്ച ഒരു കറുത്ത കാലഘട്ടവും, ഏറ്റവും വൃത്തിയുള്ള ജില്ല എന്ന സുവര്‍ണ്ണകാലവും സൂററ്റിനുണ്ട്.[അവലംബം ആവശ്യമാണ്]

ഉള്ളടക്കം

[തിരുത്തുക] ഭൂമിശാസ്ത്രം

സൂററ്റ് പട്ടണത്തിന്റെ അക്ഷാംശം 21.17 ഡിഗ്രി വടക്കും, രേഖാംശം 72.83 ഡിഗ്രി കിഴക്കുമാണ്‌. മുംബൈയില്‍ നിന്ന് 256 കിലോമീറ്ററും അഹമ്മദാബാദില്‍ നിന്നും 230 കിലോമീറ്ററുമാണ് സൂററ്റിലേക്കുള്ള ദൂരം.

[തിരുത്തുക] ഗതാഗതം

ഏക തുറമുഖമായ മഗ്ദല്ല തുറമുഖം നഗരത്തില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരത്തില്‍ അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. 2007 മേയ് 6-ന് വീണ്ടും തുറന്ന സൂററ്റ് വിമാനത്തവളം നഗരത്തില്‍ നിന്നും 10 കിലോമീറ്ററിനുള്ളില്‍ മഗ്ദല്ല തുറമുഖത്തിനടുത്തയി 312 ഹെക്ടര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്നു.

[തിരുത്തുക] ചരിത്രം

മുഗള്‍ ഭരണകാലത്ത് സൂരത് പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു. ഓര്‍മുസ് ഗള്‍ഫ് വഴി പശ്ചിമേഷ്യയിലേക്കുള്ള കച്ചവടത്തിന്റെ കവാടമായിരുന്നു ഇത്. അനവധി തീര്‍ത്ഥാടനക്കപ്പലുകള്‍ ഇവിടെ നിന്നും പുറപ്പെട്ടിരുന്നതിനാല്‍ മെക്കയിലേക്കുള്ള കവാടം എന്നും സൂരത് അറിയപ്പെട്ടു[1].

1612-ലാണ്‌‍ ബ്രിട്ടീഷുകാര്‍ ആദ്യമായി ഭാരതത്തില്‍ എത്തിച്ചേരുന്നത്. 1614-ല്‍ തന്നെ‍ ബ്രിട്ടീഷുകാരനായ സര്‍ തമര്‍സോ സൂററ്റില്‍ എത്തുകയും അന്നത്തെ ഭരണാധികാരിയായിരുന്ന ജഹാംഗീറുമായി കൂടിക്കാഴ്ച്ച നടത്തുകയും, അതിലൂടെ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുമായി വ്യാപാര ബന്ധം തുടങ്ങുകയും ചെയ്തു.

പതിനേഴാം നൂടാണ്ടില്‍ ഇംഗ്ലീഷുകാര്‍ക്കു പുറമേ ഡച്ചുകാരും പോര്‍ച്ചുഗീസുകാരും അവരുടെ പാണ്ടികശാലകള്‍ സൂറത്തില്‍ ആരംഭിച്ചു. ഒരേ സമയം വിവിധ രാജ്യങ്ങളുടെ നൂറോളം കപ്പലുകള്‍ സൂറത് തുറമുഖത്ത് നങ്കൂരമിട്ടു കിടക്കാറുള്ളതായി ഇംഗ്ലീഷ് ചരിത്രകാരനായ ഓവിങ്ടന്‍ 1689-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്[1]. പരുത്തി കൊണ്ടുള്ള തുണിത്തരങ്ങള്‍ മൊത്തമായും ചില്ലറയായും വ്യാപാരം നടത്തിയിരുന്ന സ്ഥാപനങ്ങള്‍ അക്കാലത്ത് സൂറത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. കസവ് വച്ച അരികുള്ള ഇവിടത്തെ തുണിത്തരങ്ങള്‍ പശ്ചിമേഷ്യയിലെയും, ആഫ്രിക്കയിലേയും യുറോപ്പിലേയും കമ്പോളങ്ങളില്‍ പ്രിയങ്കരമായിരുന്നു. കത്തിയവാര്‍ സേഠ് അഥവാ മഹാജന്മാര്‍ എന്നറിയപ്പെടുന്ന പണവിനിമയക്കാര്‍ സൂറത്തില്‍ വന്‍‌കിട ധനകാര്യസ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ഹുണ്ടികള്‍ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനങ്ങള്‍ വിദൂരദേശങ്ങളിലെ കമ്പോളങ്ങളില്പ്പോലും പ്രശസ്ഥമായിരുന്നു[1].

1664 ല്‍ മറാഠാ രാജാവായിരുന്ന ശിവജി സൂററ്റിനെ ആക്രമിച്ചു.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്തപ്പോഴേക്കും സൂറത്തിന്റെ പ്രതാപം മങ്ങാനാരംഭിച്ചു. നിരവധി ഘടകങ്ങള്‍ ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുഗള്‍ സാമ്രാജ്യത്തിന്റെ ക്ഷയം മൂലമുള്ള കമ്പോളത്തിന്റേയും ഉല്പ്പാദനക്ഷമതയിലുമുണ്ടായ മാന്ദ്യം, കപ്പല്പ്പാതകളില്‍ പോര്‍ച്ചുഗീസുകാരുടെ ആധിപത്യം, 1668-ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബോംബെയിലേക്ക് അതിന്റെ ആസ്ഥാനം മാറ്റിയതോടെ അവിടെ നിന്നുള്ള മല്‍സരം എന്നിവയൊക്കെ ഇതിന്റെ കാരണങ്ങളായി കരുതുന്നു[1].


1852-ല്‍ ആദ്യത്തെ സൂററ്റില്‍ പെണ്‍കുട്ടികള്‍ക്കുള്ള പ്രാഥമികവിദ്യാലയം ആരംഭിച്ചു. 1857-ല്‍ ആദ്യമായ് ടെലിഗ്രാഫ് സൂററ്റില്‍ എത്തി[അവലംബം ആവശ്യമാണ്]. 1860 ല്‍ സൂററ്റ് റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1863-ല്‍ ആദ്യത്തെ പത്രമായ ഗുജറാത്ത് മിത്ര, സൂററ്റ് മിത്ര എന്ന പേരില്‍ പ്രസിദ്ധീകരണം തുടങ്ങി.

[തിരുത്തുക] ഭരണം

തദ്ദേശ ഭരണ സ്ഥപനമായ സൂററ്റ് നഗരസഭ ഇവിടത്തെ ഭരണ നിര്‍വ്വഹണം നടത്തുന്നത്. വൈദ്യുതി, കുടിവെള്ളം, റോഡുകള്‍, പാലങ്ങള്‍, വഴിവിളക്കുകള്‍, മാലിന്യ സംസ്കരണം,പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജ്ജനം എന്നീ വിഷയങ്ങളില്‍ നഗരസഭ കൈകാര്യം ചെയ്യുന്നു. ഇതില്‍ കുടിവെള്ളം ജനങ്ങള്‍ക്ക് സൗജന്യമാണ്.

[തിരുത്തുക] സൂററ്റ് നഗരസഭയുടെ ചരിത്രം

മുനിസിപ്പാലിറ്റി 1885 ല്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്കായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന പ്രാഥമിക വിദ്യാലയം ആരംഭിച്ചു. 1898 ല്‍ കുടിവെള്ളമെത്തിക്കനായുള്ള പ്രവര്‍ത്തനങ്ങല്‍ ആരംഭിച്ചു. അതിന്റെ ഫലമായി വറാച്ച എന്ന സ്ഥലത്ത് മുനിസിപ്പാലിറ്റി വറാച്ച വാട്ടര്‍ വര്‍ക്സ് എന്ന സ്ഥാപനവും,പൊതു ടാപ്പുകള്‍ നിര്‍മ്മിച്ചു. 1901 ല്‍ മുനിസിപ്പലിറ്റി പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയും, സൗജന്യമായും നിര്‍ബന്ധിതമായും വിദ്യാഭ്യാസം നല്‍കുകയും ചെയ്തു. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നടക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട് മുനിസിപ്പലിറ്റി പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു. 1946 ല്‍ മുനിസിപ്പാലിറ്റി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയും ജനങ്ങളുടെ ആരോഗ്യ രക്ഷക്കായി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തു. പരിസരണ മലിനീകരണം മൂലം കൊതുകുകള്‍ പെരുകയും അസുഖങ്ങള്‍ ഉണ്ടാവുകയും ചെയ്തു. പരമ്പരാഗത വഴികളില്‍ നിന്നും മാറി 1950ല്‍ കൊതുകുകള്‍ക്ക് എതിരായി ഡി.ഡി.റ്റി പ്രയോഗിക്കുകയും ചെയ്തു. 1966 ഒക്ടോബര്‍ 1 ന് മുനിസിപ്പാലിറ്റി നഗരസഭയാക്കി ഉയര്‍ത്തി. വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കുകള്‍ക്ക് പരിഹാരമായി 14.31 കോടി രൂപ ചിലവില്‍ തപി നദിക്ക് കുറുകെ 1991ല്‍ രണ്ടാമത്തെ പാലവും ഏറ്റവും വലുതുമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ബ്രിഡ്ജ് നിര്‍മ്മിച്ചു. 1995-ല്‍ നഗരപ്രാന്ത പ്രദേശമായ ബേസ്തനില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡ്രയിനേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിച്ചു. 1996ല്‍ 15.5 കോടി രൂപ ചിലവിട്ട് മൂന്നാമത്തെ പാലമായ വിവേകാന്ദ പാലം നിര്‍മ്മിച്ചു.

1998-ല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചു. ടെക്സ്റ്റയില്‍ മാര്‍ക്കറ്റിലെ തിരക്ക് ഒഴിവക്കാനായി 2000ല്‍ ഡോ. ബാബാസാഹിബ് അംബേദ്കറിന്റെ പേരില്‍ ഏറ്റവും വലിയ മേല്‍പ്പാലം റിംഗ് റോഡില്‍ 18 കോടി രൂപ മുതല്‍ മുടക്കില്‍ പണികഴിപ്പിച്ചു. 2002 ല്‍ പ്രവര്‍ത്തനത്തിന്റെ 150 വര്‍ഷങ്ങള്‍ ആഘോഷിച്ച നഗരസഭ 2003 ല്‍ 81 ഏക്കര്‍ വിസ്തൃതിയില്‍ സര്‍ത്താന നാച്ചുറല്‍ പാര്‍ക്കും മൃഗശാലയും പണിതു. ആതുര സേവനത്തിലും നഗരസഭ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. അതിന്റെ ഫലമായി 2004 ല്‍ സൂററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് എന്ന ആശുപത്രിയും തുടങ്ങി.

[തിരുത്തുക] പ്ലേഗ് ബാധ

പരിസരമലിനീകരണത്തിനും അവയുടെ ദോഷ ഫലങ്ങള്‍ക്കും ഏറ്റവും നല്ല ഉദാഹരണമായിരുന്നു 1994 ല്‍ സൂററ്റില്‍ പടര്‍ന്ന പ്ലേഗ് എന്ന മാരക രോഗം. ഈ രോഗം മൂലം 60 ലും കൂടുതല്‍ പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള ഔദ്ദ്യോഗിക കണക്ക്. നഗരപ്രാന്തങ്ങളിളിലെ ചേരികളില്‍ താമസിച്ചിരുന്നവര്‍ ആയിരുന്നു മരിച്ചതിലേറയും. കുടിവെള്ളത്തില്‍ കൂടി പകര്‍ന്ന ഒരു രോഗം എന്നായിരുന്നു പ്രാമിക നിഗമനം. കൂടുതല്‍ പരിശോധനയില്‍ മാത്രമാണ് പ്ലേഗ് തിരിച്ചറിഞ്ഞത്. അതിനുശേഷമാണ് മാലിന്യ സംസ്കരണം ഊര്‍ജ്ജിതമായി നടത്തപ്പെടുന്നത്. ആ കാലങ്ങളില്‍ സൂററ്റില്‍ നിന്ന് ആളുകളെ മറ്റ് സ്ഥലങ്ങളിലേക്കൊ, മറ്റുള്ളിടങ്ങളില്‍ നിന്നും സൂററ്റിലേക്കോ കടത്തി വിടില്ലായിരുന്നു. കൂടാതെ സൂററ്റ് വഴി കടന്ന് പോകുന്ന എല്ലാ ട്രയിനുകളും മറ്റ് സ്റ്റേഷനുകളില്‍ ചെല്ലുമ്പോള്‍ ആളുകളെ പരിശോധിച്ചതിനു ശേഷം രോഗമില്ലന്ന് ഉറപ്പ് വരുത്തിയിരുന്നു.

[തിരുത്തുക] പുനര്‍:നിര്‍മ്മാണം

പ്ലേഗ് എന്ന മഹാമാരിക്ക് ശേഷം സൂററ്റ് ഇന്നത്തെ രീതിയില്‍ നിര്‍മ്മിച്ചത് റാവു എന്ന മുനിസിപ്പല്‍ കമ്മീഷണറാണ്. നഗരത്തിന്റെ മുഖഛായ തന്നെ റാവു മാറ്റിയെടുത്തു. പുതിയ റോഡുകള്‍, പാലങ്ങള്‍, മാലിന്യ സംസ്കരണത്തിന് പുതിയ സം വിധാനങ്ങള്‍ ഉപയോഗിച്ചത് അദ്ദേഹമാണ്. ഈ കാലഘട്ടം മുതല്‍ ഇന്നു വരെ മാലിന്യപ്രശ്നങ്ങള്‍ സൂററ്റിനെ അലട്ടിയിട്ടില്ല. ഇത് മൂലം സൂററ്റിനെ ക്ലീന്‍ സിറ്റി എന്ന് വിളിക്കുന്നു[അവലംബം ആവശ്യമാണ്].

[തിരുത്തുക] വ്യവസായങ്ങള്‍

ലോകത്തിലേക്കാവശ്യ മായ വജ്രത്തിന്റെ 42% ത്തോളം വജ്രം മിനുക്കി കൊടുക്കുന്നത് സൂററ്റില്‍ നിന്നുമാണ്. മൊത്തം ആഭ്യന്തര വിപണിയിലേക്കാവശ്യമായ വജ്രത്തിന്റെ ഏകദേശം 70% സൂററ്റില്‍ നിന്നാണ്. ഭാരതത്തിലെ വജ്ര വ്യാപാരത്തിലുള്ളവരില്‍ ഏകദേശം 40% പേര്‍ സൂററ്റിലുള്ളവരാണ്. ഇത് കൊണ്ട് സൂററ്റിനെ ഡയമണ്ട് സിറ്റി എന്ന് വിളിക്കുന്നു. ഇത് സൂററ്റിന്റെ ഏറ്റവും വലിയ വ്യാപാരമാണ്. തുണി, തുണിയോടനുബധിച്ചിട്ടുള്ള വ്യവസായമാണ് സൂററ്റിന്റെ രണ്ടാമത്തെ പ്രധാന വരുമാനം. ഭാരതത്തിലേക്കാവശ്യമായ തുണിയുടെ 40% വിഹിതവും, നൂലിന്റെ 28% വിഹിതവും, അവയുടെ കയറ്റുമതിയില്‍ 18% വിഹിതവും മൊത്തം ആഭ്യന്തരവിപണിയുടെ 12% വിഹിതവും കയ്യാളുന്നത് കൊണ്ട് സൂററ്റിനെ സില്‍ക്ക് സിറ്റി എന്നും വിളിക്കുന്നു.

[തിരുത്തുക] മറ്റ് വ്യവസായങ്ങള്‍

തുണിവ്യവസായത്തിന്റെ ആവശ്യത്തിലേക്കായി നൂലുണ്ടാക്കാനാവശ്യമായ ചിപ്സുകള്‍, നിറം പകരാനയുള്ള രാസവസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കുന്ന വ്യവസായ ശാലകളും സ്ഥി ചെയ്യുന്നു.

[തിരുത്തുക] പ്രധാന വ്യവസായ ശാലകള്‍

റിലയന്‍സ് ഇന്‍ഡസ്ടീസ്, എസ്സാര്‍ സ്റ്റീല്‍സ്, ഓയില്‍ അന്‍ഡ് നാച്യുറല്‍ ഗ്യാസ് കമ്പനി, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, നാഷണല്‍ തെര്‍മല്‍ പവര്‍ കൊര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഷെല്‍, ക്രിബ്കോ, ടോറന്‍റ് പവര്‍, ഗുജറാത്ത് ഗ്യാസ് കമ്പനി, ഗാര്‍ഡന്‍ വറേലി, തുടങ്ങിയവ ഇതില്‍ പ്രധാനികള്‍ ആണ്.

[തിരുത്തുക] പത്രങ്ങള്‍,പ്രസിദ്ധീകരണങ്ങള്‍

ഗുജറാത്ത് മിത്ര,ഗുജറാത്ത് സമാചാര്‍, സന്ദേശ്, നവ് ഗുജറാത്ത് ടൈംസ്,നവ് നിര്‍മാണ്‍, ഗുജറാത്ത് പ്രഭ, ന്യൂ ഗുജറാത്ത് ടൈംസ്, ഗുജറാത്ത് ന്യൂസ്, ലോക് തേജ്, അരുണോദയ്, ഗുജറത്ത് പ്രവാസി, ബുള്‍ഡോസര്‍, സൂററ്റ് ഡൈജസ്റ്റ്,




[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 84-85, ISBN 817450724

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%B8%E0%B5%82%E0%B4%B0%E0%B4%A4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം